പുറപ്പാട് 29:1-46
29 “അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ യോഗ്യരാകേണ്ടതിന് അവരെ വിശുദ്ധീകരിക്കാൻ ചെയ്യേണ്ടത് ഇതാണ്: ഒരു കാളക്കുട്ടിയെയും ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടിനെയും എടുക്കുക.+
2 ഒപ്പം പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേർത്ത, വളയാകൃതിയിലുള്ള പുളിപ്പില്ലാത്ത അപ്പങ്ങളും കനം കുറച്ച് മൊരിച്ചെടുത്ത, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അപ്പങ്ങളും വേണം.+ അവ നേർത്ത ഗോതമ്പുപൊടികൊണ്ട് ഉണ്ടാക്കി,
3 കൊട്ടയിലാക്കി, ആ കൊട്ടയിൽവെച്ചുതന്നെ കാഴ്ചയർപ്പിക്കണം.+ അവയോടൊപ്പം ആ കാളയെയും രണ്ട് ആൺചെമ്മരിയാടിനെയും കാഴ്ചവെക്കണം.
4 “നീ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഹാജരാക്കി,+ അവരെ വെള്ളംകൊണ്ട് കഴുകണം.+
5 പിന്നെ നീ വസ്ത്രങ്ങൾ+ എടുക്കണം. നീളൻ കുപ്പായം, ഏഫോദിന്റെ ഉള്ളിൽ ധരിക്കുന്ന കൈയില്ലാത്ത അങ്കി, ഏഫോദ്, മാർച്ചട്ട എന്നിവ അഹരോനെ ധരിപ്പിച്ച് ഏഫോദിന്റെ ഭാഗമായ നെയ്തെടുത്ത അരപ്പട്ട അവന്റെ അരയ്ക്കു ചുറ്റും മുറുക്കിക്കെട്ടണം.+
6 നീ അവന്റെ തലയിൽ തലപ്പാവും അതിൽ സമർപ്പണത്തിന്റെ വിശുദ്ധചിഹ്നവും*+ വെക്കണം.
7 എന്നിട്ട്, അഭിഷേകതൈലം+ എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യണം.+
8 “പിന്നെ അവന്റെ പുത്രന്മാരെ കൊണ്ടുവന്ന് അവരെ നീളൻ കുപ്പായം ധരിപ്പിക്കുക.+
9 അഹരോന്റെയും പുത്രന്മാരുടെയും അരയിൽ നടുക്കെട്ടുകൾ കെട്ടുകയും വേണം. അവരുടെ തലേക്കെട്ട് അവരെ അണിയിക്കുക. അങ്ങനെ പൗരോഹിത്യം ഒരു സ്ഥിരനിയമമായി അവരുടേതാകും.+ ഇങ്ങനെയായിരിക്കണം പുരോഹിതശുശ്രൂഷ ചെയ്യാൻ നീ അഹരോനെയും പുത്രന്മാരെയും അവരോധിക്കേണ്ടത്.+
10 “ഇതിനു ശേഷം നീ കാളയെ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവരുക. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെക്കണം.+
11 യഹോവയുടെ മുന്നിൽ, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്, കാളയെ അറുക്കുക.+
12 കാളയുടെ രക്തത്തിൽ അൽപ്പം വിരലിൽ എടുത്ത് യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടുക.+ ബാക്കിയുള്ള രക്തം മുഴുവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.+
13 എന്നിട്ട്, കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പു+ മുഴുവനും, കരളിന്മേലുള്ള കൊഴുപ്പും, വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴുപ്പും എടുത്ത് യാഗപീഠത്തിൽവെച്ച് പുക ഉയരുംവിധം ദഹിപ്പിക്കുക.+
14 എന്നാൽ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയിൽവെച്ച് തീയിലിട്ട് ചുട്ടുകളയണം. ഇതൊരു പാപയാഗമാണ്.
15 “പിന്നെ, ഒരു ആൺചെമ്മരിയാടിനെ എടുക്കുക. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെച്ചശേഷം+
16 അതിനെ അറുത്ത് അതിന്റെ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുക.+
17 ആൺചെമ്മരിയാടിനെ മുറിച്ച് കഷണങ്ങളാക്കി അതിന്റെ കുടലുകളും കണങ്കാലുകളും കഴുകി+ തലയോടുകൂടെ കഷണങ്ങളെല്ലാം ക്രമത്തിൽ ചേർത്തുവെക്കുക.
18 എന്നിട്ട്, അതിനെ മുഴുവനായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിൽനിന്ന് പുക ഉയരട്ടെ. ഇതു യഹോവയ്ക്കുള്ള ദഹനയാഗം, ദൈവത്തെ പ്രസാദിപ്പിക്കുന്ന* സുഗന്ധം.+ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമാണ് ഇത്.
19 “അടുത്തതായി, നീ മറ്റേ ആൺചെമ്മരിയാടിനെ എടുക്കുക. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെച്ചശേഷം+
20 അതിനെ അറുത്ത് അതിന്റെ രക്തം കുറച്ച് എടുത്ത് അഹരോന്റെയും പുത്രന്മാരുടെയും വലത്തെ കീഴ്ക്കാതിലും അവരുടെ വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടണം. രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുകയും വേണം.
21 എന്നിട്ട്, അൽപ്പം അഭിഷേകതൈലവും+ യാഗപീഠത്തിലുള്ള കുറച്ച് രക്തവും എടുത്ത് അഹരോന്റെ മേലും അവന്റെ വസ്ത്രങ്ങളിലും അവന്റെ പുത്രന്മാരുടെ മേലും അവരുടെ വസ്ത്രങ്ങളിലും തളിക്കുക. അങ്ങനെ, അവനും അവന്റെ വസ്ത്രങ്ങളും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രങ്ങളും വിശുദ്ധിയുള്ളതാകും.+
22 “പിന്നെ ആ ആൺചെമ്മരിയാടിന്റെ കൊഴുപ്പും, അതായത് കൊഴുത്ത വാലും കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും കരളിന്മേലുള്ള കൊഴുപ്പും വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴുപ്പും,+ വലങ്കാലും എടുക്കുക. കാരണം ഇതു സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടാണ്.+
23 കൂടാതെ യഹോവയുടെ സന്നിധിയിൽ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്ന്, വട്ടത്തിലുള്ള ഒരു അപ്പവും എണ്ണ ചേർത്ത വളയാകൃതിയിലുള്ള ഒരു അപ്പവും കനം കുറച്ച് മൊരിച്ചെടുത്ത ഒരു അപ്പവും എടുക്കുക.
24 ഇവയെല്ലാം നീ അഹരോന്റെ കൈകളിലും അവന്റെ പുത്രന്മാരുടെ കൈകളിലും വെച്ചുകൊടുക്കണം. യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* നീ അവ അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം.
25 പിന്നെ അവ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിൽ ദഹനയാഗമൃഗത്തിന്മേൽവെച്ച് യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി ദഹിപ്പിക്കണം. യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ് ഇത്.
26 “തുടർന്ന്, അഹരോനുവേണ്ടി അർപ്പിച്ച സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിന്റെ നെഞ്ച്+ എടുത്ത് യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടുക. അതു നിന്റെ ഓഹരിയായിരിക്കും.
27 അഹരോനും പുത്രന്മാർക്കും വേണ്ടി അർപ്പിച്ച സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിൽനിന്ന്+ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി ദോളനയാഗമായി അർപ്പിച്ച നെഞ്ചും, അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയ വിശുദ്ധയോഹരിയായ കാലും നീ വിശുദ്ധീകരിക്കണം.
28 ഇത് ഒരു വിശുദ്ധമായ ഓഹരിയായതുകൊണ്ട് ഇസ്രായേല്യർ സ്ഥിരമായി പാലിക്കേണ്ട ചട്ടമെന്ന നിലയിൽ ഇത് അഹരോനും പുത്രന്മാർക്കും അവകാശപ്പെട്ടതാകും. ഇസ്രായേല്യർ നൽകേണ്ട വിശുദ്ധമായ ഓഹരിയായിരിക്കണം+ ഇത്, അവരുടെ സഹഭോജനബലിയിൽനിന്ന് യഹോവയ്ക്കുള്ള അവരുടെ വിശുദ്ധമായ ഓഹരി.+
29 “അഹരോന്റെ പിൻഗാമികളായ അവന്റെ പുത്രന്മാരെ പുരോഹിതന്മാരായി അഭിഷേകം ചെയ്ത് അവരോധിക്കുമ്പോൾ അവർ അവന്റെ വിശുദ്ധവസ്ത്രങ്ങൾ ധരിക്കും.+
30 അവന്റെ പുത്രന്മാരിൽ അവനു പിൻഗാമിയായി വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ സാന്നിധ്യകൂടാരത്തിൽ കടക്കുന്ന പുരോഹിതൻ ഏഴു ദിവസത്തേക്ക്+ അവ ധരിക്കണം.
31 “നീ സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിനെ എടുത്ത് അതിന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് വേവിക്കണം.+
32 അഹരോനും പുത്രന്മാരും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് ആൺചെമ്മരിയാടിന്റെ മാംസവും കൊട്ടയിലെ അപ്പവും കഴിക്കും.+
33 അവരെ പുരോഹിതന്മാരായി അവരോധിക്കാനും വിശുദ്ധീകരിക്കാനും വേണ്ടി അവർക്കു പാപപരിഹാരം വരുത്താൻ ഉപയോഗിച്ച വസ്തുക്കൾ അവർ കഴിക്കണം. എന്നാൽ, അർഹതയില്ലാത്ത ആരും* അവ കഴിക്കരുത്. കാരണം, അവ വിശുദ്ധമാണ്.+
34 അപ്പത്തിൽനിന്നോ സ്ഥാനാരോഹണബലിയുടെ മാംസത്തിൽനിന്നോ എന്തെങ്കിലും രാവിലെവരെ ശേഷിച്ചിട്ടുണ്ടെങ്കിൽ അതു കത്തിച്ചുകളയണം.+ അതു കഴിക്കരുത്. കാരണം, അതു വിശുദ്ധമാണ്.
35 “ഞാൻ നിന്നോടു കല്പിച്ച എല്ലാ കാര്യങ്ങൾക്കും ചേർച്ചയിൽ ഇങ്ങനെയൊക്കെ അഹരോനോടും പുത്രന്മാരോടും ചെയ്യണം. അവരെ പുരോഹിതന്മാരായി അവരോധിക്കാൻ നീ ഏഴു ദിവസം എടുക്കും.+
36 പാപപരിഹാരത്തിനുവേണ്ടി പാപയാഗത്തിന്റെ കാളയെ നീ ദിവസേന അർപ്പിക്കണം. യാഗപീഠത്തിനുവേണ്ടി പാപപരിഹാരം ചെയ്ത് നീ അതിനു പാപശുദ്ധി വരുത്തുകയും അത് അഭിഷേകം ചെയ്ത് വിശുദ്ധീകരിക്കുകയും+ വേണം.
37 യാഗപീഠത്തിനു പാപപരിഹാരം വരുത്താൻ നീ ഏഴു ദിവസം എടുക്കും. അത് ഒരു അതിവിശുദ്ധയാഗപീഠമാകാൻ നീ അതു വിശുദ്ധീകരിക്കണം.+ യാഗപീഠത്തെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം.
38 “നീ യാഗപീഠത്തിൽ അർപ്പിക്കേണ്ടത് ഇവയാണ്: ഓരോ ദിവസവും മുടക്കം കൂടാതെ+ ഒരു വയസ്സുള്ള രണ്ട് ആൺചെമ്മരിയാട്.
39 ഒരു ആൺചെമ്മരിയാടിനെ രാവിലെയും മറ്റേതിനെ സന്ധ്യക്കും* അർപ്പിക്കുക.+
40 ഒന്നാമത്തെ ആൺചെമ്മരിയാട്ടിൻകുട്ടിയോടൊപ്പം, ഇടിച്ചെടുത്ത കാൽ ഹീൻ* എണ്ണ ചേർത്ത നേർത്ത ധാന്യപ്പൊടി ഒരു ഏഫായുടെ* പത്തിലൊന്നും പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും അർപ്പിക്കണം.
41 രണ്ടാമത്തെ ആൺചെമ്മരിയാട്ടിൻകുട്ടിയെ രാവിലെത്തേതുപോലുള്ള ധാന്യയാഗത്തോടും പാനീയയാഗത്തോടും കൂടെ സന്ധ്യക്കു* നീ അർപ്പിക്കണം. പ്രസാദിപ്പിക്കുന്ന ഒരു സുഗന്ധമായി, അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമായി, നീ ഇത് യഹോവയ്ക്ക് അർപ്പിക്കണം.
42 നിങ്ങളുടെ തലമുറകളിലുടനീളം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് യഹോവയുടെ മുമ്പാകെ ക്രമമായി അർപ്പിക്കേണ്ട ഒരു ദഹനയാഗമാണ് ഇത്. നിന്നോടു സംസാരിക്കാൻ ഞാൻ നിങ്ങളുടെ മുന്നിൽ സന്നിഹിതനാകുന്നത് അവിടെയായിരിക്കുമല്ലോ.+
43 “അവിടെയായിരിക്കും ഞാൻ ഇസ്രായേല്യരുടെ മുന്നിൽ സന്നിഹിതനാകുന്നത്. എന്റെ തേജസ്സുകൊണ്ട്+ അവിടം വിശുദ്ധമായിത്തീരും.
44 ഞാൻ സാന്നിധ്യകൂടാരവും യാഗപീഠവും വിശുദ്ധീകരിക്കും. കൂടാതെ, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി ഞാൻ അഹരോനെയും പുത്രന്മാരെയും വിശുദ്ധീകരിക്കും.+
45 ഞാൻ ഇസ്രായേൽ ജനത്തിന്റെ ഇടയിൽ കഴിയും. ഞാൻ അവരുടെ ദൈവമായിരിക്കും.+
46 അവരുടെ ഇടയിൽ കഴിയാൻവേണ്ടി ഈജിപ്ത് ദേശത്തുനിന്ന് അവരെ വിടുവിച്ച് കൊണ്ടുവന്ന ഞാൻ അവരുടെ ദൈവമായ യഹോവയാണെന്ന് അവർ അറിയും;+ ഞാൻ അവരുടെ ദൈവമായ യഹോവയാണ്.
അടിക്കുറിപ്പുകള്
^ അഥവാ “അതിന്മേൽ വിശുദ്ധരാജമുടിയും.”
^ അഥവാ “ദൈവത്തിനു പ്രീതികരമായ; ദൈവത്തിന്റെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “ദൈവത്തെ ശാന്തമാക്കുന്ന.”
^ അക്ഷ. “ഒരു അന്യനും.” അതായത്, അഹരോന്റെ കുടുംബത്തിൽപ്പെടാത്തവൻ.
^ അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിലും.”
^ അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”