പുറപ്പാട് 3:1-22
3 മോശ, മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായിയപ്പനും ആയ യിത്രൊയുടെ+ ആട്ടിൻപറ്റത്തിന്റെ ഇടയനായി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാറുവശത്തേക്ക് ആടുകളെയുംകൊണ്ട് പോയ മോശ ഒടുവിൽ സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.
2 അവിടെവെച്ച് യഹോവയുടെ ദൂതൻ ഒരു മുൾച്ചെടിയുടെ+ നടുവിൽ അഗ്നിജ്വാലയിൽ മോശയ്ക്കു പ്രത്യക്ഷനായി. മോശ നോക്കിനിൽക്കുമ്പോൾ അതാ, മുൾച്ചെടി കത്തുന്നു! പക്ഷേ അത് എരിഞ്ഞുതീരുന്നില്ല!
3 അപ്പോൾ മോശ പറഞ്ഞു: “ഇത് ഒരു അസാധാരണമായ കാഴ്ചയാണല്ലോ. ഞാൻ ഒന്ന് അടുത്ത് ചെന്ന് നോക്കട്ടെ. എന്തായിരിക്കും ഈ മുൾച്ചെടി എരിഞ്ഞുതീരാത്തത്?”
4 മോശ അതു നോക്കാൻ വരുന്നതു കണ്ടപ്പോൾ യഹോവ മുൾച്ചെടിയിൽനിന്ന്, “മോശേ! മോശേ!” എന്നു വിളിച്ചു. മറുപടിയായി മോശ, “ഞാൻ ഇതാ” എന്നു പറഞ്ഞു.
5 അപ്പോൾ ദൈവം പറഞ്ഞു: “ഇനിയും അടുത്തേക്കു വരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധമായതുകൊണ്ട് നിന്റെ കാലിൽനിന്ന് ചെരിപ്പ് ഊരിമാറ്റുക.”
6 ദൈവം ഇങ്ങനെയും പറഞ്ഞു: “ഞാൻ നിന്റെ പൂർവികരുടെ* ദൈവമാണ്. അബ്രാഹാമിന്റെ ദൈവവും+ യിസ്ഹാക്കിന്റെ ദൈവവും+ യാക്കോബിന്റെ ദൈവവും+ ആണ് ഞാൻ.” അപ്പോൾ, സത്യദൈവത്തെ നോക്കാൻ ഭയന്ന മോശ മുഖം മറച്ചു.
7 യഹോവ ഇങ്ങനെയും പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവരെക്കൊണ്ട് നിർബന്ധിച്ച് പണിയെടുപ്പിക്കുന്നവർ കാരണം അവർ നിലവിളിക്കുന്നതു ഞാൻ കേട്ടു. അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം.+
8 അവരെ ഈജിപ്തുകാരുടെ+ കൈയിൽനിന്ന് രക്ഷിച്ച് ആ ദേശത്തുനിന്ന് നല്ലതും വിശാലവും ആയ ഒരു ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന+ ഒരു ദേശത്തേക്ക്, ഞാൻ കൊണ്ടുവരും. അവരെ വിടുവിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരുടെ പ്രദേശത്തേക്കു കൊണ്ടുവരാൻ ഞാൻ ഇറങ്ങിച്ചെല്ലും.
9 ഇപ്പോൾ ഇതാ! ഇസ്രായേൽ ജനത്തിന്റെ നിലവിളി എന്റെ അടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാർ അവരെ വല്ലാതെ ദ്രോഹിക്കുന്നതും+ ഞാൻ കണ്ടു.
10 അതുകൊണ്ട് വരൂ, ഞാൻ നിന്നെ ഫറവോന്റെ അടുത്തേക്ക് അയയ്ക്കും. നീ എന്റെ ജനമായ ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവരും.”+
11 എന്നാൽ മോശ സത്യദൈവത്തോട്, “ഫറവോന്റെ അടുത്ത് പോയി ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവരാൻ എന്തു യോഗ്യതയാണ് എനിക്കുള്ളത്” എന്നു ചോദിച്ചു.
12 അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ നിന്റെകൂടെയുണ്ടായിരിക്കും.+ ഞാനാണു നിന്നെ അയച്ചത് എന്നതിനു നിനക്കുള്ള അടയാളം ഇതാണ്: ഈജിപ്തിൽനിന്ന് നീ ജനത്തെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഈ പർവതത്തിൽ+ നിങ്ങൾ സത്യദൈവത്തെ സേവിക്കും.”*
13 എന്നാൽ മോശ സത്യദൈവത്തോടു പറഞ്ഞു: “ഞാൻ ഇസ്രായേല്യരുടെ അടുത്ത് ചെന്ന്, ‘നിങ്ങളുടെ പൂർവികരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു പറയുന്നെന്നിരിക്കട്ടെ. അപ്പോൾ അവർ, ‘ആ ദൈവത്തിന്റെ പേരെന്താണ്’+ എന്നു ചോദിച്ചാൽ ഞാൻ അവരോട് എന്തു പറയണം?”
14 ദൈവം പറഞ്ഞു: “ഞാൻ എന്ത് ആയിത്തീരാൻ തീരുമാനിച്ചാലും* അങ്ങനെ ആയിത്തീരും.”*+ ദൈവം ഇങ്ങനെയും പറഞ്ഞു: “ഇസ്രായേല്യരോടു നീ പറയേണ്ടത് ഇതാണ്, ‘ഞാൻ ആയിത്തീരും എന്നവൻ+ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.’”
15 തുടർന്ന് ദൈവം ഒരിക്കൽക്കൂടി മോശയോടു പറഞ്ഞു:
“നീ ഇസ്രായേല്യരോടു പറയേണ്ടത് ഇതാണ്: ‘നിങ്ങളുടെ പൂർവികരായ അബ്രാഹാമിന്റെയും+ യിസ്ഹാക്കിന്റെയും+ യാക്കോബിന്റെയും+ ദൈവമായ യഹോവയാണ് എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്!’ ഇത് എന്നേക്കുമുള്ള എന്റെ പേരാണ്.+ തലമുറതലമുറയോളം എന്നെ ഓർക്കേണ്ടതും ഇങ്ങനെയാണ്.
16 ഇപ്പോൾ പോയി ഇസ്രായേൽമൂപ്പന്മാരെ* വിളിച്ചുകൂട്ടി അവരോട് ഇങ്ങനെ പറയുക: ‘നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എനിക്കു പ്രത്യക്ഷനായി. ആ ദൈവം ഇങ്ങനെ പറയുന്നു: “നിങ്ങളുടെ അവസ്ഥയും ഈജിപ്തുകാർ നിങ്ങളോടു ചെയ്യുന്നതും ഞാൻ ശ്രദ്ധിച്ചിരിക്കുന്നു.+
17 അതുകൊണ്ട് ഈജിപ്തിൽ നിങ്ങൾ അനുഭവിക്കുന്ന യാതനകളിൽനിന്ന് നിങ്ങളെ വിടുവിച്ച്+ കനാന്യർ, ഹിത്യർ, അമോര്യർ,+ പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരുടെ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന+ ഒരു ദേശത്തേക്ക്, നിങ്ങളെ കൊണ്ടുവരുമെന്നു ഞാൻ പ്രഖ്യാപിക്കുന്നു.”’
18 “അവർ തീർച്ചയായും നിന്റെ വാക്കു ശ്രദ്ധിക്കും.+ നീയും ഇസ്രായേൽമൂപ്പന്മാരും ഈജിപ്തിലെ രാജാവിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറയണം: ‘എബ്രായരുടെ+ ദൈവമായ യഹോവ ഞങ്ങളോടു സംസാരിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു വിജനഭൂമിയിൽവെച്ച് ബലി അർപ്പിക്കുന്നതിനു+ മൂന്നു ദിവസത്തെ യാത്ര പോകാൻ ദയവായി അനുവദിച്ചാലും.’
19 എന്നാൽ കരുത്തുറ്റ ഒരു കൈ നിർബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവ് നിങ്ങളെ പോകാൻ അനുവദിക്കില്ലെന്ന്+ എനിക്കു നന്നായി അറിയാം.
20 അതുകൊണ്ട് എനിക്ക് എന്റെ കൈ നീട്ടി ഈജിപ്തിനെ പ്രഹരിക്കേണ്ടിവരും. അവിടെ ചെയ്യാനിരിക്കുന്ന സകല തരം അത്ഭുതപ്രവൃത്തികളിലൂടെയും ഞാൻ ഈജിപ്തിനെ അടിക്കും. അതിനു ശേഷം അവൻ നിങ്ങളെ പറഞ്ഞയയ്ക്കും.+
21 ഈജിപ്തുകാർക്ക് ഈ ജനത്തോടു പ്രീതി തോന്നാൻ ഞാൻ ഇടയാക്കും. നിങ്ങൾ അവിടെനിന്ന് പോരുമ്പോൾ, ഒരു കാരണവശാലും വെറുംകൈയോടെ പോരേണ്ടിവരില്ല.+
22 സ്ത്രീകളെല്ലാം അയൽവാസിയോടും വീട്ടിൽ വന്നുതാമസിക്കുന്നവളോടും സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ഉരുപ്പടികളും വസ്ത്രങ്ങളും ചോദിച്ച് വാങ്ങണം. അവ നിങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും അണിയിക്കണം. അങ്ങനെ നിങ്ങൾ ഈജിപ്തുകാരെ കൊള്ളയടിക്കും.”+