പുറപ്പാട് 31:1-18
31 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു:
2 “ഇതാ, യഹൂദാഗോത്രത്തിലെ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേലിനെ+ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു.*+
3 ഞാൻ അവനിൽ ദൈവാത്മാവ് നിറച്ച് എല്ലാ തരം ശില്പവിദ്യയെക്കുറിച്ചുമുള്ള അറിവും ജ്ഞാനവും ഗ്രാഹ്യവും കൊടുക്കും.
4 അങ്ങനെ ഞാൻ അവനെ കലാഭംഗിയുള്ള വസ്തുക്കൾക്കു രൂപം നൽകാനും സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ട് പണിയാനും
5 രത്‌നക്കല്ലുകൾ ചെത്തിയെടുത്ത് പതിപ്പിക്കാനും+ തടികൊണ്ടുള്ള എല്ലാ തരം ഉരുപ്പടികളും ഉണ്ടാക്കാനും+ പ്രാപ്തനാക്കും.
6 കൂടാതെ അവനെ സഹായിക്കാൻ ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബിനെയും+ ഞാൻ നിയമിച്ചിരിക്കുന്നു. നിപുണരായ* എല്ലാവരുടെ ഹൃദയങ്ങളിലും ഞാൻ ജ്ഞാനം നൽകുന്നു. അങ്ങനെ, ഞാൻ നിന്നോടു കല്പിച്ചതെല്ലാം അവർ ഉണ്ടാക്കട്ടെ.+
7 അതിൽ സാന്നിധ്യകൂടാരം,+ സാക്ഷ്യപ്പെട്ടകവും+ അതിന്മേലുള്ള മൂടിയും,+ കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും,
8 മേശയും+ അതിന്റെ ഉപകരണങ്ങളും, തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും,+ സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം,+
9 ദഹനയാഗത്തിനുള്ള യാഗപീഠവും+ അതിന്റെ എല്ലാ ഉപകരണങ്ങളും, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും,+
10 നെയ്‌തെടുത്ത മേത്തരം വസ്‌ത്രങ്ങൾ, പുരോഹിതനായ അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങൾ, പുരോഹിതശുശ്രൂഷ ചെയ്യാൻ അവന്റെ പുത്രന്മാർക്കുള്ള വസ്‌ത്രങ്ങൾ,+
11 അഭിഷേകതൈലം, വിശുദ്ധമന്ദിരത്തിനുവേണ്ടിയുള്ള സുഗന്ധദ്രവ്യം+ എന്നിവയെല്ലാം ഉൾപ്പെടും. ഞാൻ നിന്നോടു കല്പിച്ചതെല്ലാം അവർ ചെയ്യട്ടെ.”
12 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു:
13 “നീ ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ എന്റെ ശബത്തുകൾ നിശ്ചയമായും ആചരിക്കണം.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്നെന്നു നിങ്ങൾ അറിയാൻ ഇതു നിങ്ങളുടെ തലമുറകളിലുടനീളം എനിക്കും നിങ്ങൾക്കും ഇടയിൽ ഒരു അടയാളമാണ്.
14 നിങ്ങൾ ശബത്ത് ആചരിക്കണം. കാരണം ഇതു നിങ്ങൾക്കു വിശുദ്ധമാണ്.+ ശബത്തുനിയമം ലംഘിക്കുന്നവരെയെല്ലാം കൊന്നുകളയണം. ശബത്തിൽ ആരെങ്കിലും എന്തെങ്കിലും ജോലി ചെയ്‌താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.+
15 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്.+ അത് യഹോവയ്ക്കു വിശുദ്ധമാണ്. ആരെങ്കിലും ശബത്തുദിവസം ജോലി ചെയ്‌താൽ അവനെ കൊന്നുകളയണം.
16 ഇസ്രായേല്യർ ശബത്താചരണം മുടക്കരുത്. അവരുടെ എല്ലാ തലമുറകളിലും അവർ ശബത്ത് ആചരിക്കണം. ഇതു ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയാണ്.
17 ഇത് എനിക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ ദീർഘകാലത്തേക്കുള്ള ഒരു അടയാളമാണ്.+ കാരണം ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും ഉണ്ടാക്കി. ഏഴാം ദിവസമോ ദൈവം ആത്മസംതൃപ്തിയോടെ വിശ്രമിച്ചു.’”+
18 സീനായ് പർവതത്തിൽവെച്ച് മോശയോടു സംസാരിച്ചുതീർന്ന ഉടൻ ദൈവം മോശയ്ക്കു ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക കൊടുത്തു.+ അതു ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായിരുന്നു.+