പുറപ്പാട് 32:1-35
32 മോശ പർവതത്തിൽനിന്ന് ഇറങ്ങിവരാൻ+ വളരെ വൈകുന്നെന്നു കണ്ടിട്ട് ജനം അഹരോനു ചുറ്റും കൂടി. അവർ പറഞ്ഞു: “വന്ന്, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക.+ ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്ക്ക് എന്തു പറ്റിയെന്ന് ആർക്ക് അറിയാം.”
2 അപ്പോൾ അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും കാതിലെ സ്വർണക്കമ്മലുകൾ+ ഊരിയെടുത്ത് എന്റെ അടുത്ത് കൊണ്ടുവരുക.”
3 അങ്ങനെ ജനമെല്ലാം അവരുടെ കാതിലെ സ്വർണക്കമ്മലുകൾ ഊരി അഹരോന്റെ അടുത്ത് കൊണ്ടുവന്നു.
4 അഹരോൻ ആ സ്വർണംകൊണ്ട് ഒരു കാളക്കുട്ടിയുടെ പ്രതിമ* കൊത്തുളി ഉപയോഗിച്ച് രൂപപ്പെടുത്തി.+ അപ്പോൾ അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഇസ്രായേലേ, ഇതാണു നിന്റെ ദൈവം, ഈജിപ്ത് ദേശത്തുനിന്ന് നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം.”+
5 ഇതു കണ്ടപ്പോൾ അഹരോൻ അതിനു മുന്നിൽ ഒരു യാഗപീഠം പണിതു. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവമുണ്ട്.”
6 അതുകൊണ്ട് അവർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു. പിന്നെ ജനം ഇരുന്ന് തിന്നുകുടിച്ചു. എന്നിട്ട് എഴുന്നേറ്റ് ആഘോഷിക്കാൻ തുടങ്ങി.+
7 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഇറങ്ങിച്ചെല്ലൂ. ഈജിപ്ത് ദേശത്തുനിന്ന് നീ നയിച്ചുകൊണ്ടുവന്ന നിന്റെ ജനം വഷളായിപ്പോയി.+
8 ഞാൻ അവരോടു കല്പിച്ച പാതയിൽനിന്ന് അവർ എത്ര പെട്ടെന്നാണു മാറിപ്പോയത്!+ അവർ ഒരു കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി, ‘ഇസ്രായേലേ, ഇതാണു നിന്റെ ദൈവം; ഈജിപ്ത് ദേശത്തുനിന്ന് നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം’ എന്നു പറഞ്ഞ് അതിനു മുന്നിൽ കുമ്പിടുകയും അതിനു ബലികൾ അർപ്പിക്കുകയും ചെയ്യുന്നു.”
9 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “ഇവർ ദുശ്ശാഠ്യമുള്ള* ജനമാണെന്ന്+ എനിക്കു മനസ്സിലായി.
10 അതുകൊണ്ട് എന്റെ കോപാഗ്നിയിൽ ഞാൻ ഇപ്പോൾ ഇവരെ തുടച്ചുനീക്കും. എന്നെ തടയരുത്! എന്നിട്ട് നിന്നിൽനിന്ന് ഞാൻ ഒരു മഹാജനതയെ ഉളവാക്കട്ടെ.”+
11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ് ഈജിപ്ത് ദേശത്തുനിന്ന് അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്?+
12 ‘ദുരുദ്ദേശ്യത്തോടെയാണ് അവൻ അവരെ കൊണ്ടുപോയത്. അവരെ പർവതങ്ങളിൽവെച്ച് കൊന്ന് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനായിരുന്നു അവന്റെ പദ്ധതി’ എന്നു വെറുതേ എന്തിന് ഈജിപ്തുകാരെക്കൊണ്ട് പറയിക്കണം?+ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കരുതേ! സ്വന്തം ജനത്തിന്മേൽ ഇങ്ങനെയൊരു ആപത്തു കൊണ്ടുവരാനുള്ള ആ തീരുമാനത്തെക്കുറിച്ച് ഒന്നുകൂടി ആലോചിക്കേണമേ.*
13 അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കേണമേ. അങ്ങയെക്കൊണ്ടുതന്നെ സത്യം ചെയ്ത് അങ്ങ് അവരോട്, ‘ഞാൻ നിങ്ങളുടെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കുകയും+ ഞാൻ കാണിച്ചുതന്ന ഈ ദേശം മുഴുവനും നിങ്ങളുടെ സന്തതി* സ്വന്തമാക്കാൻ അതു സ്ഥിരാവകാശമായി+ അവർക്കു കൊടുക്കുകയും ചെയ്യും’ എന്നു പറഞ്ഞതാണല്ലോ.”
14 ഇതു കേട്ടപ്പോൾ, തന്റെ ജനത്തിന്മേൽ വരുത്തുമെന്നു പറഞ്ഞ ആപത്തിനെക്കുറിച്ച് യഹോവ വീണ്ടും ചിന്തിച്ചു.*+
15 മോശയോ തിരിഞ്ഞ് ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലകകളും+ കൈയിൽ പിടിച്ച് പർവതത്തിൽനിന്ന് ഇറങ്ങി.+ അവയുടെ മുന്നിലും പിന്നിലും ആയി ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16 പലകകൾ ദൈവത്തിന്റെ പണിയും അവയിൽ കൊത്തിയതായി കണ്ടതു ദൈവത്തിന്റെ കൈയെഴുത്തും ആയിരുന്നു.+
17 ജനത്തിന്റെ ആരവം കേട്ടുതുടങ്ങിയപ്പോൾ യോശുവ മോശയോട്, “പാളയത്തിൽ പോരാട്ടത്തിന്റെ ശബ്ദം” എന്നു പറഞ്ഞു.
18 പക്ഷേ മോശ പറഞ്ഞു:
“അത് ഒരു വിജയഗീതമല്ല,തോൽവിയെ ചൊല്ലിയുള്ള വിലാപഗീതവുമല്ല;ഞാൻ കേൾക്കുന്നതു മറ്റൊരുതരം ഗാനാലാപനത്തിന്റെ ശബ്ദമാണ്.”
19 മോശ പാളയത്തിന് അടുത്ത് എത്തിയപ്പോൾ കാളക്കുട്ടിയെയും+ അവിടെ നൃത്തം ചെയ്യുന്നവരെയും കണ്ടു. മോശയ്ക്കു വല്ലാതെ ദേഷ്യം വന്നു. കൈകളിലുണ്ടായിരുന്ന പലകകൾ മോശ പർവതത്തിന്റെ അടിവാരത്തിൽ എറിഞ്ഞ് ഉടച്ചുകളഞ്ഞു.+
20 പിന്നെ മോശ അവർ ഉണ്ടാക്കിയ കാളക്കുട്ടിയെ എടുത്ത് കത്തിച്ചു.+ എന്നിട്ട്, അത് ഇടിച്ചുപൊടിച്ച് വെള്ളത്തിൽ വിതറി+ ഇസ്രായേല്യരെ കുടിപ്പിച്ചു.
21 മോശ അഹരോനോട്, “നീ ഈ ജനത്തിന്മേൽ ഇത്ര വലിയൊരു പാപം വരുത്തിവെക്കാൻ അവർ നിന്നോട് എന്താണു ചെയ്തത്” എന്നു ചോദിച്ചു.
22 അപ്പോൾ അഹരോൻ പറഞ്ഞു: “യജമാനനേ, ദേഷ്യപ്പെടരുതേ. ഈ ജനം തിന്മ ചെയ്യാൻ ചായ്വുള്ളവരാണെന്ന്+ അങ്ങയ്ക്കു നന്നായി അറിയാമല്ലോ.
23 അവർ എന്നോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക. ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്ക്ക് എന്തു പറ്റിയെന്ന് ആർക്ക് അറിയാം.’+
24 അപ്പോൾ ഞാൻ അവരോട്, ‘സ്വർണം കൈവശമുള്ളവർ അത് ഊരിത്തരുക’ എന്നു പറഞ്ഞു. ഞാൻ അതു തീയിലിട്ടു; ഈ കാളക്കുട്ടി പുറത്ത് വരുകയും ചെയ്തു.”
25 അഹരോൻ ജനത്തെ തോന്നിയവാസം കാണിക്കാൻ വിട്ടതുകൊണ്ട് അവർ തന്നിഷ്ടപ്രകാരം നടന്ന് എതിരാളികളുടെ മുമ്പാകെ നിന്ദിതരായിരിക്കുന്നെന്നു മോശ കണ്ടു.
26 പിന്നെ മോശ പാളയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ആരാണ് യഹോവയുടെ പക്ഷത്തുള്ളത്? അവർ എന്റെ അടുത്ത് വരട്ടെ!”+ അപ്പോൾ ലേവ്യരെല്ലാം മോശയ്ക്കു ചുറ്റും ഒന്നിച്ചുകൂടി.
27 മോശ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘നിങ്ങൾ ഓരോരുത്തരും വാൾ അരയ്ക്കു കെട്ടി കവാടങ്ങൾതോറും പോയി പാളയത്തിൽ എല്ലായിടത്തുമുള്ള നിങ്ങളുടെ സഹോദരനെയും അയൽക്കാരനെയും ഉറ്റസ്നേഹിതനെയും കൊല്ലുക.’”+
28 മോശ പറഞ്ഞതുപോലെ ലേവ്യർ ചെയ്തു. അങ്ങനെ ആ ദിവസം ഏകദേശം 3,000 പുരുഷന്മാർ കൊല്ലപ്പെട്ടു.
29 പിന്നെ മോശ പറഞ്ഞു: “ഇന്ന് യഹോവയ്ക്കായി നിങ്ങളെത്തന്നെ വേർതിരിക്കുക. കാരണം നിങ്ങൾ ഓരോരുത്തരും, സ്വന്തം പുത്രനും സ്വന്തം സഹോദരനും എതിരെ ചെന്നിരിക്കുന്നു.+ ഇന്നു ദൈവം നിങ്ങൾക്ക് ഒരു അനുഗ്രഹം തരും.”+
30 പിറ്റേന്നുതന്നെ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു. നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തം+ ചെയ്യാൻ എനിക്കാകുമോ എന്നു നോക്കാൻ ഞാൻ ഇപ്പോൾ യഹോവയുടെ അടുത്തേക്കു കയറിച്ചെല്ലട്ടെ.”
31 അങ്ങനെ മോശ യഹോവയുടെ അടുത്ത് മടങ്ങിച്ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈ ജനം മഹാപാപം ചെയ്തിരിക്കുന്നു! അവർ സ്വർണംകൊണ്ട് ഒരു ദൈവത്തെ ഉണ്ടാക്കി!+
32 എന്നാൽ തിരുഹിതമെങ്കിൽ ഇപ്പോൾ അവരുടെ പാപം പൊറുക്കേണമേ.+ അല്ലാത്തപക്ഷം, അങ്ങ് എഴുതിയ അങ്ങയുടെ പുസ്തകത്തിൽനിന്ന് എന്റെ പേര് ദയവായി മായ്ച്ചുകളഞ്ഞാലും.”+
33 പക്ഷേ യഹോവ മോശയോടു പറഞ്ഞു: “ആരാണോ എനിക്ക് എതിരെ പാപം ചെയ്തത് അവന്റെ പേര് എന്റെ പുസ്തകത്തിൽനിന്ന് ഞാൻ മായ്ച്ചുകളയും.
34 ഇപ്പോൾ നീ പോയി ഞാൻ നിന്നോടു പറഞ്ഞ സ്ഥലത്തേക്കു ജനത്തെ നയിക്കുക. ഇതാ! എന്റെ ദൂതൻ നിനക്കു മുമ്പേ പോകുന്നു.+ ഞാൻ കണക്കു ചോദിക്കുന്ന ദിവസം അവരുടെ പാപം കാരണം ഞാൻ അവരെ ശിക്ഷിക്കും.”
35 ജനം കാളക്കുട്ടിയെ ഉണ്ടാക്കിയതു കാരണം—അതായത് അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടി നിമിത്തം—യഹോവ അവരെ കഷ്ടപ്പെടുത്തി.
അടിക്കുറിപ്പുകള്
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമ.”
^ അക്ഷ. “വഴങ്ങാത്ത കഴുത്തുള്ള.”
^ അഥവാ “ഖേദം തോന്നേണമേ.”
^ അക്ഷ. “വിത്ത്.”
^ അക്ഷ. “വിത്തിനെ.”
^ അഥവാ “യഹോവയ്ക്കു ഖേദം തോന്നി.”