പുറപ്പാട് 35:1-35
35 പിന്നീട് മോശ ഇസ്രായേൽസമൂഹത്തെ മുഴുവൻ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “യഹോവ നിങ്ങളോടു ചെയ്യാൻ കല്പിച്ചിരിക്കുന്ന കാര്യങ്ങൾ ഇവയാണ്:+
2 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായിരിക്കും, യഹോവയ്ക്കുള്ള സമ്പൂർണവിശ്രമത്തിന്റെ ശബത്ത്.+ ആരെങ്കിലും അന്നു ജോലി ചെയ്താൽ അവനെ കൊന്നുകളയും.+
3 നിങ്ങൾ താമസിക്കുന്ന ഒരു സ്ഥലത്തും ശബത്തുദിവസം തീ കത്തിക്കരുത്.”
4 പിന്നെ മോശ ഇസ്രായേൽസമൂഹത്തിലെ എല്ലാവരോടും പറഞ്ഞു: “യഹോവ കല്പിച്ചിരിക്കുന്നത് ഇതാണ്:
5 ‘നിങ്ങൾ യഹോവയ്ക്കുവേണ്ടി ഒരു സംഭാവന നീക്കിവെക്കണം.+ മനസ്സൊരുക്കമുള്ള+ എല്ലാവരും യഹോവയ്ക്കുള്ള സംഭാവനയായി സ്വർണം, വെള്ളി, ചെമ്പ്,
6 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ, കോലാട്ടുരോമം,+
7 ചുവപ്പുചായം പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോൽ, കടൽനായ്ത്തോൽ, കരുവേലത്തടി,
8 ദീപങ്ങൾക്കുള്ള എണ്ണ, അഭിഷേകതൈലവും സുഗന്ധദ്രവ്യവും ഉണ്ടാക്കാനുള്ള സുഗന്ധക്കറ,+
9 ഏഫോദിലും മാർച്ചട്ടയിലും+ പതിപ്പിക്കാനുള്ള നഖവർണിക്കല്ലുകൾ,+ മറ്റു കല്ലുകൾ എന്നിവ കൊണ്ടുവരട്ടെ.
10 “‘നിങ്ങളുടെ ഇടയിലുള്ള നിപുണരായ*+ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കട്ടെ.
11 വിശുദ്ധകൂടാരം അതിന്റെ എല്ലാ ഭാഗങ്ങളും അതിന്റെ ആവരണവും സഹിതം അവർ ഉണ്ടാക്കട്ടെ. അതിന്റെ കൊളുത്തുകളും ചട്ടങ്ങളും കഴകളും തൂണുകളും ചുവടുകളും,
12 പെട്ടകവും+ അതിന്റെ തണ്ടുകളും,+ മൂടിയും+ മറയ്ക്കുന്ന തിരശ്ശീലയും,+
13 മേശയും+ അതിന്റെ തണ്ടുകളും അതിന്റെ എല്ലാ ഉപകരണങ്ങളും, കാഴ്ചയപ്പവും,+
14 വെളിച്ചത്തിനുള്ള തണ്ടുവിളക്കും+ അതിന്റെ എല്ലാ ഉപകരണങ്ങളും അതിന്റെ ദീപങ്ങളും അവയ്ക്കുള്ള എണ്ണയും,+
15 സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠവും+ അതിന്റെ തണ്ടുകളും, അഭിഷേകതൈലവും സുഗന്ധദ്രവ്യവും,+ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിലിടാനുള്ള യവനികയും,*
16 ദഹനയാഗത്തിനുള്ള യാഗപീഠവും+ അതിന്റെ ചെമ്പുജാലവും അതിന്റെ തണ്ടുകളും അതിന്റെ എല്ലാ ഉപകരണങ്ങളും, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും,+
17 മുറ്റത്തിന്റെ മറശ്ശീലകളും അതിന്റെ തൂണുകളും ചുവടുകളും, മുറ്റത്തിന്റെ+ പ്രവേശനകവാടത്തിലിടാനുള്ള യവനികയും,*
18 വിശുദ്ധകൂടാരത്തിന്റെ കുറ്റികളും മുറ്റത്തിന്റെ കുറ്റികളും അവയുടെ കയറുകളും,+
19 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി നെയ്തെടുത്ത മേത്തരം വസ്ത്രങ്ങളും+ പുരോഹിതനായ അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങളും+ പുരോഹിതശുശ്രൂഷ ചെയ്യാൻ അവന്റെ പുത്രന്മാർക്കുള്ള വസ്ത്രങ്ങളും അവർ ഉണ്ടാക്കട്ടെ.’”
20 ഇസ്രായേൽസമൂഹം മുഴുവൻ മോശയുടെ മുന്നിൽനിന്ന് പിരിഞ്ഞുപോയി.
21 ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവരും സ്വമനസ്സാലെ സാന്നിധ്യകൂടാരത്തിന്റെയും ആരാധനയ്ക്കുവേണ്ടി അത് ഒരുക്കാനുള്ള എല്ലാത്തിന്റെയും വിശുദ്ധവസ്ത്രങ്ങളുടെയും ആവശ്യത്തിലേക്കായി യഹോവയ്ക്കുള്ള സംഭാവനയുമായി എത്തി.
22 മനസ്സൊരുക്കമുള്ള എല്ലാവരും സ്ത്രീപുരുഷവ്യത്യാസമില്ലാതെ, സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മറ്റ് ആഭരണങ്ങളും സ്വർണംകൊണ്ടുള്ള എല്ലാ തരം ഉരുപ്പടികളും കൊണ്ടുവന്നുകൊണ്ടേയിരുന്നു. അവരെല്ലാം സ്വർണംകൊണ്ടുള്ള കാഴ്ചകൾ* യഹോവയ്ക്ക് അർപ്പിച്ചു.+
23 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ, കോലാട്ടുരോമം, ചുവപ്പുചായം പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോൽ, കടൽനായ്ത്തോൽ എന്നിവ കൈവശമുള്ളവരെല്ലാം അവയും കൊണ്ടുവന്നു.
24 വെള്ളിയും ചെമ്പും സംഭാവന ചെയ്യാൻ തീരുമാനിച്ചവരെല്ലാം അവയും യഹോവയ്ക്കുള്ള സംഭാവനയായി കൊണ്ടുവന്നു. ഏതെങ്കിലും പണിക്ക് ഉപകരിക്കുന്ന കരുവേലത്തടി ഉണ്ടായിരുന്നവരെല്ലാം അതും കൊണ്ടുവന്ന് കൊടുത്തു.
25 നിപുണരായ സ്ത്രീകളെല്ലാം+ കൈകൊണ്ട് നൂൽ നൂറ്റ് നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവ കൊണ്ടുവന്നു.
26 ഹൃദയത്തിൽ പ്രേരണ തോന്നിയ നിപുണരായ സ്ത്രീകളെല്ലാം കോലാട്ടുരോമവും നൂറ്റെടുത്തു.
27 തലവന്മാരോ ഏഫോദിലും മാർച്ചട്ടയിലും+ പതിക്കാനുള്ള നഖവർണിക്കല്ലുകളും മറ്റു കല്ലുകളും
28 ദീപങ്ങൾക്കും അഭിഷേകതൈലത്തിനും+ സുഗന്ധദ്രവ്യത്തിനും+ വേണ്ട എണ്ണയും സുഗന്ധക്കറയും കൊണ്ടുവന്നു.
29 ഹൃദയത്തിൽ പ്രേരണ തോന്നിയ എല്ലാ പുരുഷന്മാരും സ്ത്രീകളും മോശ മുഖാന്തരം യഹോവ കല്പിച്ച പണിക്കുവേണ്ടി എന്തെങ്കിലുമൊക്കെ കൊണ്ടുവന്നു. സ്വമനസ്സാലെ യഹോവയ്ക്കു നൽകുന്ന കാഴ്ചയായിട്ടാണ് ഇസ്രായേല്യർ അവ കൊണ്ടുവന്നത്.+
30 പിന്നെ മോശ ഇസ്രായേല്യരോടു പറഞ്ഞു: “ഇതാ, യഹൂദാഗോത്രത്തിലെ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേലിനെ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.+
31 ദൈവം ബസലേലിൽ തന്റെ ആത്മാവ് നിറച്ച് എല്ലാ തരം ശില്പവിദ്യയെക്കുറിച്ചുമുള്ള അറിവും ജ്ഞാനവും ഗ്രാഹ്യവും ബസലേലിനു കൊടുത്തിട്ടുണ്ട്.
32 അങ്ങനെ ബസലേലിനെ കലാഭംഗിയുള്ള വസ്തുക്കൾക്കു രൂപം നൽകാനും സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ട് പണിയാനും
33 രത്നക്കല്ലുകൾ ചെത്തിയെടുത്ത് പതിപ്പിക്കാനും തടികൊണ്ട് കലാഭംഗിയുള്ള എല്ലാ തരം ഉരുപ്പടികളും ഉണ്ടാക്കാനും പ്രാപ്തനാക്കിയിരിക്കുന്നു.
34 ബസലേലിന്റെയും ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബിന്റെയും ഹൃദയത്തിൽ പഠിപ്പിക്കാനുള്ള പ്രാപ്തി ദൈവം നിക്ഷേപിച്ചിട്ടുണ്ട്.+
35 നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്നവനും തറിയിൽ വേല ചെയ്യുന്നവനും ശില്പവിദ്യക്കാരനും ചെയ്യുന്ന എല്ലാ പണികളും ചെയ്യാനും അതുപോലെ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരൻ ചെയ്യുന്ന എല്ലാ പണികളും ചെയ്യാനും വേണ്ട നൈപുണ്യം* ദൈവം അവരിൽ നിറച്ചിരിക്കുന്നു.+ ഈ പുരുഷന്മാർ സകലവിധ പണികളും ചെയ്യുകയും എല്ലാ തരം വസ്തുക്കൾക്കും രൂപം നൽകുകയും ചെയ്യും.
അടിക്കുറിപ്പുകള്
^ അക്ഷ. “ജ്ഞാനഹൃദയമുള്ള.”
^ അഥവാ “തിരശ്ശീലയും.”
^ അഥവാ “തിരശ്ശീലയും.”
^ അഥവാ “ദോളനയാഗങ്ങൾ.”
^ അക്ഷ. “ഹൃദയജ്ഞാനം.”