പുറപ്പാട് 36:1-38
36 “ബസലേലിന്റെകൂടെ ഒഹൊലിയാബും നിപുണരായ* മറ്റു പുരുഷന്മാരും ജോലി ചെയ്യും. വിശുദ്ധസേവനവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും യഹോവ കല്‌പിച്ച അതേ വിധത്തിൽ ചെയ്യാൻവേണ്ട ജ്ഞാനവും ഗ്രാഹ്യവും യഹോവ അവർക്കു കൊടുത്തിട്ടുണ്ട്.”+
2 പിന്നെ, ഹൃദയത്തിൽ ജ്ഞാനം നൽകി യഹോവ അനുഗ്രഹിച്ച,+ ജോലി ചെയ്യാൻ ഹൃദയത്തിൽ പ്രേരണ തോന്നി സ്വമനസ്സാലെ മുന്നോട്ടു വന്ന,+ നിപുണരായ എല്ലാ പുരുഷന്മാരെയും ബസലേലിനെയും ഒഹൊലിയാബിനെയും മോശ വിളിച്ചു.
3 അവർ വന്ന് വിശുദ്ധസേവനവുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇസ്രായേല്യർ കൊണ്ടുവന്ന സംഭാവനകളെല്ലാം+ മോശയിൽനിന്ന് വാങ്ങി. പക്ഷേ ജനം പിന്നെയും രാവിലെതോറും സ്വമനസ്സാലെയുള്ള കാഴ്‌ചകൾ മോശയുടെ അടുത്ത് കൊണ്ടുവന്നുകൊണ്ടിരുന്നു.
4 അവർ വിശുദ്ധമായ ആ ജോലി തുടങ്ങിയശേഷം, നിപുണരായ ജോലിക്കാരെല്ലാം ഒന്നിനു പുറകേ ഒന്നായി വന്ന്
5 മോശയോടു പറഞ്ഞു: “യഹോവ കല്‌പിച്ച ജോലി ചെയ്യാൻ വേണ്ടതിനെക്കാൾ വളരെയേറെ സാധനങ്ങളാണു ജനം കൊണ്ടുവരുന്നത്.”
6 അതുകൊണ്ട് പാളയത്തിൽ എല്ലായിടത്തും ഇങ്ങനെയൊരു അറിയിപ്പു നടത്താൻ മോശ കല്പിച്ചു: “പുരുഷന്മാരേ, സ്ത്രീകളേ, വിശുദ്ധസംഭാവനയായി ഇനി സാധനങ്ങളൊന്നും കൊണ്ടുവരരുത്.” അങ്ങനെ, സാധനങ്ങൾ കൊണ്ടുവരുന്നതു നിറുത്തലാക്കി.
7 കിട്ടിയ സാധനങ്ങൾ പണി മുഴുവൻ ചെയ്തുതീർക്കാൻ ആവശ്യമായതിലും കൂടുതലായിരുന്നു.
8 പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു കൂടാരത്തുണി ഉപയോഗിച്ച് നിപുണരായ ജോലിക്കാരെല്ലാം+ ചേർന്ന് വിശുദ്ധകൂടാരം+ ഉണ്ടാക്കി. നൂലുകൊണ്ടുള്ള ചിത്രപ്പണിയായി കെരൂബുകളുടെ രൂപങ്ങൾ സഹിതമാണ് അവ ഉണ്ടാക്കിയത്.+
9 ഓരോ കൂടാരത്തുണിക്കും 28 മുഴം* നീളവും 4 മുഴം വീതിയും ഉണ്ടായിരുന്നു. എല്ലാ കൂടാരത്തുണികൾക്കും ഒരേ വലുപ്പമായിരുന്നു.
10 കൂടാരത്തുണികളിൽ അഞ്ചെണ്ണം ഒന്നോടൊന്നു യോജിപ്പിച്ചു. മറ്റേ അഞ്ചു കൂടാരത്തുണികളും ഒന്നോടൊന്നു യോജിപ്പിച്ചു.
11 അതിനു ശേഷം, ഒരു നിരയുടെ അറ്റത്തുള്ള കൂടാരത്തുണിയുടെ വിളുമ്പിൽ, അതു മറ്റേ നിരയുമായി ചേരുന്ന ഭാഗത്ത്, നീലനൂലുകൊണ്ട് കണ്ണികൾ ഉണ്ടാക്കി. മറ്റേ നിരയുടെ ഏറ്റവും അറ്റത്തുള്ള കൂടാരത്തുണിയുടെ വിളുമ്പിൽ നിരകൾ തമ്മിൽ ചേരുന്ന ഭാഗത്തും ഇങ്ങനെതന്നെ ചെയ്‌തു.
12 ഒരു കൂടാരത്തുണിയിൽ 50 കണ്ണി ഉണ്ടാക്കി. അതു മറ്റേ നിരയുമായി ചേരുന്നിടത്തെ കൂടാരത്തുണിയുടെ വിളുമ്പിലും നേർക്കുനേർ വരുന്ന രീതിയിൽ 50 കണ്ണി ഉണ്ടാക്കി.
13 ഒടുവിൽ, സ്വർണംകൊണ്ട് 50 കൊളുത്ത് ഉണ്ടാക്കി, അവകൊണ്ട് കൂടാരത്തുണികൾ തമ്മിൽ യോജിപ്പിച്ചു. അങ്ങനെ അത് ഒരൊറ്റ വിശുദ്ധകൂടാരമായി.
14 പിന്നെ വിശുദ്ധകൂടാരത്തിനു മീതെ ആവരണമായി ഇടാൻ കോലാട്ടുരോമംകൊണ്ടുള്ള കൂടാരത്തുണികളും ഉണ്ടാക്കി. മൊത്തം 11 കൂടാരത്തുണി ഉണ്ടാക്കി.+
15 ഓരോ കൂടാരത്തുണിക്കും 30 മുഴം നീളവും 4 മുഴം വീതിയും ഉണ്ടായിരുന്നു. 11 കൂടാരത്തുണിക്കും ഒരേ വലുപ്പമായിരുന്നു.
16 പിന്നെ, ആ കൂടാരത്തുണികളിൽ അഞ്ചെണ്ണം ഒന്നോടൊന്നു യോജിപ്പിച്ചു. മറ്റേ ആറു കൂടാരത്തുണിയും ഒന്നോടൊന്നു യോജിപ്പിച്ചു.
17 അടുത്തതായി, ആ നിരകൾ തമ്മിൽ ചേരുന്നിടത്തെ ഒരു കൂടാരത്തുണിയുടെ വിളുമ്പിൽ 50 കണ്ണി ഉണ്ടാക്കി. ഇതുമായി ചേരുന്ന മറ്റേ കൂടാരത്തുണിയുടെ വിളുമ്പിലും 50 കണ്ണി ഉണ്ടാക്കി.
18 ചെമ്പുകൊളുത്ത് 50 എണ്ണം ഉണ്ടാക്കി അവകൊണ്ട് നിരകൾ രണ്ടും ചേർത്ത് ഒരൊറ്റ ആവരണമാക്കി.
19 ആ ആവരണത്തിനു മീതെ ഇടാൻ ആൺചെമ്മരിയാടിന്റെ തോലുകൊണ്ടുള്ള, ചുവപ്പുചായം പിടിപ്പിച്ച ഒരു ആവരണവും അതിനു മീതെ ഇടാൻ കടൽനായ്ത്തോലുകൾകൊണ്ടുള്ള മറ്റൊരു ആവരണവും ഉണ്ടാക്കി.+
20 പിന്നെ വിശുദ്ധകൂടാരത്തിനു കരുവേലത്തടികൊണ്ട്+ ലംബമായി നിൽക്കുന്ന ചട്ടങ്ങൾ ഉണ്ടാക്കി.+
21 ഓരോ ചട്ടവും പത്തു മുഴം ഉയരവും ഒന്നര മുഴം വീതിയും ഉള്ളതായിരുന്നു.
22 ഓരോ ചട്ടത്തിനും പരസ്‌പരം ബന്ധിച്ചിരുന്ന രണ്ടു കുടുമ* വീതമുണ്ടായിരുന്നു. ഈ രീതിയിലാണു വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങളെല്ലാം ഉണ്ടാക്കിയത്.
23 അങ്ങനെ വിശുദ്ധകൂടാരത്തിന്റെ തെക്കുവശത്തിനുവേണ്ടി 20 ചട്ടം ഉണ്ടാക്കി.
24 എന്നിട്ട് ആ 20 ചട്ടം ഉറപ്പിക്കാൻ അവയ്‌ക്കു കീഴെ വെക്കാൻ വെള്ളികൊണ്ട് 40 ചുവട് ഉണ്ടാക്കി. ഒരു ചട്ടത്തിന്റെ കീഴെ അതിന്റെ രണ്ടു കുടുമയ്ക്കുവേണ്ടി രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ അതിന്റെ രണ്ടു കുടുമയ്ക്കു രണ്ടു ചുവട്.+
25 വിശുദ്ധകൂടാരത്തിന്റെ മറുവശത്തിനുവേണ്ടി, അതായത് വടക്കുവശത്തിനുവേണ്ടി, 20 ചട്ടവും
26 അവയുടെ 40 വെള്ളിച്ചുവടും ഉണ്ടാക്കി. ഒരു ചട്ടത്തിന്റെ അടിയിൽ രണ്ടു ചുവടുണ്ടായിരുന്നു; അതുപോലെ, മറ്റെല്ലാ ചട്ടങ്ങളുടെ അടിയിലും ഈരണ്ടു ചുവട്.
27 വിശുദ്ധകൂടാരത്തിന്റെ പിൻവശത്തിനുവേണ്ടി, അതായത് പടിഞ്ഞാറുവശത്തിനുവേണ്ടി, ആറു ചട്ടം ഉണ്ടാക്കി.+
28 വിശുദ്ധകൂടാരത്തിന്റെ പിൻവശത്തെ രണ്ടു മൂലയ്‌ക്കും ഓരോ മൂലക്കാലായി നിൽക്കാൻ രണ്ടു ചട്ടം ഉണ്ടാക്കി.
29 ആ ചട്ടങ്ങളുടെ വശങ്ങൾ താഴെ അകന്നും മുകളിൽ, അതായത് ആദ്യത്തെ വളയത്തിന് അടുത്ത്, യോജിച്ചും ഇരുന്നു. രണ്ടു മൂലക്കാലുകളുടെ കാര്യത്തിലും ഇതുതന്നെയാണു ചെയ്‌തത്.
30 അങ്ങനെ, ആകെ എട്ടു ചട്ടവും ഓരോ ചട്ടത്തിന്റെയും കീഴെ അത് ഉറപ്പിക്കാനുള്ള ഈരണ്ടു ചുവടു വീതം 16 വെള്ളിച്ചുവടും ഉണ്ടായിരുന്നു.
31 പിന്നെ കരുവേലത്തടികൊണ്ട് കഴകൾ ഉണ്ടാക്കി. വിശുദ്ധകൂടാരത്തിന്റെ ഒരു വശത്തുള്ള ചട്ടങ്ങൾക്ക് അഞ്ചു കഴയും+
32 വിശുദ്ധകൂടാരത്തിന്റെ മറുവശത്തുള്ള ചട്ടങ്ങൾക്ക് അഞ്ചു കഴയും വിശുദ്ധകൂടാരത്തിന്റെ പിൻവശത്തുള്ള, അതായത് പടിഞ്ഞാറുവശത്തുള്ള, ചട്ടങ്ങൾക്ക് അഞ്ചു കഴയും ഉണ്ടാക്കി.
33 എന്നാൽ നടുവിലുള്ള കഴ ചട്ടങ്ങളുടെ നടുഭാഗത്തുകൂടി ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്ന രീതിയിലാണ് ഉണ്ടാക്കിയത്.
34 ചട്ടങ്ങൾ സ്വർണംകൊണ്ട് പൊതിയുകയും കഴകൾ പിടിപ്പിക്കാനുള്ള അവയിലെ വളയങ്ങൾ സ്വർണംകൊണ്ട് ഉണ്ടാക്കുകയും ചെയ്‌തു. കഴകളും സ്വർണംകൊണ്ട് പൊതിഞ്ഞു.+
35 തുടർന്ന്, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല+ ഉണ്ടാക്കി. കെരൂബുകളുടെ+ രൂപങ്ങൾ നൂലുകൊണ്ടുള്ള ചിത്രപ്പണിയായി അതിലുണ്ടായിരുന്നു.+
36 പിന്നെ അതിനുവേണ്ടി നാലു കരുവേലത്തൂൺ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിഞ്ഞു. സ്വർണംകൊണ്ടുള്ള കൊളുത്തുകളും ഉണ്ടാക്കി. തൂണുകൾ ഉറപ്പിക്കാൻ വെള്ളികൊണ്ട് നാലു ചുവടും വാർത്തുണ്ടാക്കി.
37 അടുത്തതായി കൂടാരത്തിന്റെ പ്രവേശനകവാടത്തിനുവേണ്ടി നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവ ഉപയോഗിച്ച് നെയ്‌ത ഒരു യവനികയും*+
38 അതിന് അഞ്ചു തൂണും അവയ്‌ക്കു കൊളുത്തുകളും ഉണ്ടാക്കി. അവയുടെ മുകൾഭാഗവും സംയോജകങ്ങളും* സ്വർണംകൊണ്ട് പൊതിഞ്ഞു. എന്നാൽ, അവ ഉറപ്പിക്കാനുള്ള അഞ്ചു ചുവടു ചെമ്പുകൊണ്ടുള്ളതായിരുന്നു.
അടിക്കുറിപ്പുകള്‍
^ അക്ഷ. “ജ്ഞാനഹൃദയമുള്ള.”
^ അഥവാ “ലംബമായ രണ്ടു കാൽ.”
^ അഥവാ “തിരശ്ശീലയും.”
^ അഥവാ (ബന്ധിപ്പിക്കുന്നതിനുള്ള) “വളയങ്ങളും; പട്ടകളും.”