പുറപ്പാട് 5:1-23
5 അതിനു ശേഷം മോശയും അഹരോനും ഫറവോന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘വിജനഭൂമിയിൽവെച്ച് എനിക്ക് ഒരു ഉത്സവം ആഘോഷിക്കാൻവേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക.’”
2 എന്നാൽ ഫറവോൻ പറഞ്ഞു: “ഇസ്രായേലിനെ വിട്ടയയ്ക്കണമെന്ന യഹോവയുടെ വാക്കു ഞാൻ കേൾക്കാൻമാത്രം അവൻ ആരാണ്?+ ഞാൻ യഹോവയെ അറിയുകയേ ഇല്ല. മാത്രമല്ല ഞാൻ ഇസ്രായേലിനെ വിട്ടയയ്ക്കാനുംപോകുന്നില്ല.”+
3 എന്നാൽ അവർ ഇങ്ങനെ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങളോടു സംസാരിച്ചു. ഞങ്ങൾ മൂന്നു ദിവസത്തെ യാത്ര പോയി വിജനഭൂമിയിൽ ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കാൻ ആഗ്രഹിക്കുന്നു. ദയവായി അതിന് അനുവദിച്ചാലും.+ അല്ലെങ്കിൽ ദൈവം ഞങ്ങളെ രോഗംകൊണ്ടോ വാളുകൊണ്ടോ പ്രഹരിക്കും.”
4 അപ്പോൾ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ, നിങ്ങൾ ഈ ആളുകളുടെ പണി മിനക്കെടുത്താൻ നോക്കുന്നത് എന്തിനാണ്? പോയി നിങ്ങളെ ഏൽപ്പിച്ച പണി+ ചെയ്യാൻ നോക്ക്!”
5 ഫറവോൻ ഇങ്ങനെയും പറഞ്ഞു: “എത്ര ആളുകളാണു ദേശത്തുള്ളതെന്ന് അറിയാമോ? ഇവരുടെയെല്ലാം പണി മിനക്കെടുത്തുകയാണു നിങ്ങൾ.”
6 അടിമപ്പണി ചെയ്യിക്കുന്ന അധികാരികളോടും അവരുടെ കീഴിലുള്ള അധികാരികളോടും അന്നുതന്നെ ഫറവോൻ ഇങ്ങനെ കല്പിച്ചു:
7 “നിങ്ങൾ ഇനി ജനത്തിന് ഇഷ്ടിക ഉണ്ടാക്കാനുള്ള വയ്‌ക്കോൽ കൊടുക്കരുത്.+ അവർതന്നെ പോയി വയ്‌ക്കോൽ ശേഖരിക്കട്ടെ.
8 എന്നാൽ മുമ്പ് ഉണ്ടാക്കിയിരുന്ന അത്രയുംതന്നെ ഇഷ്ടികകൾ നിങ്ങൾ അവരെക്കൊണ്ട് ഉണ്ടാക്കിക്കണം. അതിന് ഒരു കുറവും വരുത്താൻ സമ്മതിക്കരുത്, കാരണം അവർ മടിയന്മാരാണ്. അതുകൊണ്ടാണ് അവർ ‘ഞങ്ങൾക്കു പോകണം, ഞങ്ങൾക്കു ഞങ്ങളുടെ ദൈവത്തിനു ബലി അർപ്പിക്കണം!’ എന്നു പറഞ്ഞ് മുറവിളികൂട്ടുന്നത്.
9 അവരെ വെറുതേ ഇരിക്കാൻ വിടാതെ അവരുടെ ജോലി കൂടുതൽ കഠിനമാക്കണം. അല്ലെങ്കിൽ അവർ നുണകൾക്കു ചെവി കൊടുക്കും.”
10 അപ്പോൾ, അടിമപ്പണി ചെയ്യിക്കുന്ന അധികാരികളും+ അവരുടെ കീഴിലുള്ളവരും പുറത്ത് ചെന്ന് ജനത്തോടു പറഞ്ഞു: “ഫറവോൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഇനിമുതൽ ഞാൻ നിങ്ങൾക്കു വയ്‌ക്കോൽ തരില്ല.
11 നിങ്ങൾതന്നെ പോയി എവിടെനിന്നെങ്കിലും വയ്‌ക്കോൽ സംഘടിപ്പിച്ചുകൊള്ളണം. പക്ഷേ നിങ്ങളുടെ പണിക്ക് ഒട്ടും ഇളവ് കിട്ടില്ല.’”
12 വയ്‌ക്കോൽ കിട്ടാതായപ്പോൾ ജനം വയ്ക്കോൽക്കുറ്റി തേടി ഈജിപ്ത് ദേശത്തിന്റെ നാനാഭാഗത്തേക്കും പോയി.
13 അടിമപ്പണി ചെയ്യിക്കുന്ന അധികാരികളാണെങ്കിൽ, “വയ്‌ക്കോൽ തന്നിരുന്ന സമയത്ത് ചെയ്തിരുന്നതുപോലെ ഓരോ ദിവസത്തെയും പണി ചെയ്തുതീർക്കണം” എന്നു പറഞ്ഞ് അവരുടെ മേൽ സമ്മർദം ചെലുത്തിക്കൊണ്ടുമിരുന്നു.
14 അടിമപ്പണി ചെയ്യിക്കാൻ ഫറവോൻ ആക്കിയിരുന്ന അധികാരികൾ, ഇസ്രായേല്യരുടെ മേൽ അവർ നിയമിച്ച അധികാരികളെ മർദിക്കുകയും ചെയ്‌തു.+ അവർ അവരോടു ചോദിച്ചു: “ഉണ്ടാക്കാൻ പറഞ്ഞിരുന്നത്രയും ഇഷ്ടികകൾ നിങ്ങൾ ഇപ്പോൾ ഉണ്ടാക്കാത്തത് എന്താണ്? ഇന്നും ഇന്നലെയും ഇതുതന്നെ സംഭവിച്ചു.”
15 അതുകൊണ്ട് ഇസ്രായേല്യകീഴധികാരികൾ ഫറവോന്റെ അടുത്ത് ചെന്ന് ഇങ്ങനെ പരാതിപ്പെട്ടു: “അങ്ങ് എന്താണ് അങ്ങയുടെ ദാസരോട് ഇങ്ങനെ പെരുമാറുന്നത്?
16 ഞങ്ങൾക്കു വയ്‌ക്കോൽ തരുന്നില്ല. എന്നിട്ടും ‘ഇഷ്ടിക ഉണ്ടാക്ക്’ എന്ന് അവർ ഞങ്ങളോടു പറയുന്നു. അങ്ങയുടെ ഈ ദാസരെ അവർ മർദിക്കുന്നു. പക്ഷേ കുറ്റം അങ്ങയുടെ ആളുകളുടെ ഭാഗത്താണ്.”
17 അപ്പോൾ ഫറവോൻ പറഞ്ഞു: “നിങ്ങൾ മടിയന്മാരാണ്, മടിയന്മാർ!+ അതുകൊണ്ടാണ് ‘ഞങ്ങൾക്കു പോകണം, യഹോവയ്ക്കു ബലി അർപ്പിക്കണം!’ എന്നൊക്കെ നിങ്ങൾ പറയുന്നത്.+
18 പോ! പോയി പണി ചെയ്യ്! നിങ്ങൾക്കു വയ്‌ക്കോൽ തരില്ല. പക്ഷേ ഉണ്ടാക്കേണ്ട ഇഷ്ടികകളുടെ എണ്ണത്തിൽ ഒരു ഇളവുമില്ല. അത്രയുംതന്നെ നിങ്ങൾ ഇനിയും ഉണ്ടാക്കണം.”
19 “ഓരോ ദിവസവും ഉണ്ടാക്കേണ്ട ഇഷ്ടികകളുടെ എണ്ണത്തിൽ ഒരു കുറവും വരുത്തരുത്” എന്ന കല്‌പന തങ്ങളെ ആകപ്പാടെ കഷ്ടത്തിലാക്കിയിരിക്കുന്നെന്ന് ഇസ്രായേല്യകീഴധികാരികൾ മനസ്സിലാക്കി.
20 അവർ ഫറവോന്റെ അടുത്തുനിന്ന് പുറത്ത് വന്നപ്പോൾ മോശയും അഹരോനും അവരെ കാത്തുനിൽക്കുന്നതു കണ്ടു.
21 മോശയെയും അഹരോനെയും കണ്ട മാത്രയിൽ അവർ പറഞ്ഞു: “ഫറവോന്റെയും ദാസന്മാരുടെയും മുന്നിൽ ഞങ്ങളെ നാറ്റിച്ച് ഞങ്ങളെ കൊല്ലാൻ അവരുടെ കൈയിൽ വാൾ നൽകിയ നിങ്ങളെ യഹോവ ന്യായം വിധിക്കട്ടെ.”+
22 അപ്പോൾ മോശ യഹോവയുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “യഹോവേ, എന്തിനാണ് ഈ ജനത്തെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്? എന്തിനാണ് എന്നെ അയച്ചത്?
23 അങ്ങയുടെ നാമത്തിൽ സംസാരിക്കാൻ+ ഞാൻ ഫറവോന്റെ മുന്നിൽ ചെന്നതുമുതൽ അവൻ ഈ ജനത്തോട് അങ്ങേയറ്റം മോശമായിട്ടാണു പെരുമാറുന്നത്.+ അങ്ങാകട്ടെ അങ്ങയുടെ ഈ ജനത്തെ ഇതുവരെ രക്ഷിച്ചിട്ടുമില്ല.”+