പുറപ്പാട് 6:1-30
6 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും.+ അവരെ വിട്ടയയ്ക്കാൻ ശക്തമായ ഒരു കൈ അവനെ നിർബന്ധിക്കും. ആ കൈ കാരണം അവന് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാതെ നിവൃത്തിയില്ലെന്നാകും.”+
2 പിന്നെ ദൈവം മോശയോടു പറഞ്ഞു: “ഞാൻ യഹോവയാണ്.
3 യഹോവ എന്ന എന്റെ പേര്+ ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വെളിപ്പെടുത്തിയില്ലെങ്കിലും+ സർവശക്തനായ ദൈവമായി+ ഞാൻ അവർക്കു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
4 അവർ പരദേശികളായി താമസിച്ചിരുന്ന കനാൻ ദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരുമായി ഉടമ്പടിയും ചെയ്തിരുന്നു.+
5 ഈജിപ്‌തുകാർ അടിമകളാക്കിയിരിക്കുന്ന ഇസ്രായേൽ ജനത്തിന്റെ ദീനരോദനം ഞാൻ കേട്ടിരിക്കുന്നു. ഞാൻ എന്റെ ഉടമ്പടിയും ഓർക്കുന്നു.+
6 “അതുകൊണ്ട് ഇസ്രായേല്യരോടു പറയുക: ‘ഞാൻ യഹോവയാണ്. ഈജിപ്‌തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിക്കും. അവരുടെ അടിമത്തത്തിൽനിന്ന് ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.+ നീട്ടിയ* കൈകൊണ്ടും മഹാന്യായവിധികൾകൊണ്ടും ഞാൻ നിങ്ങളെ വീണ്ടെടുക്കും.+
7 ഞാൻ നിങ്ങളെ എന്റെ ജനമായി കൈക്കൊള്ളുകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കുകയും+ ചെയ്യും. ഈജിപ്‌തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് നിങ്ങളെ വിടുവിക്കുന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തീർച്ചയായും അറിയും.
8 അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ ആണയിട്ട്* പറഞ്ഞ ദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരും. അതു ഞാൻ നിങ്ങൾക്ക് അവകാശമായി തരും.+ ഞാൻ യഹോവയാണ്.’”+
9 പിന്നീട് മോശ ഈ വിവരം ഇസ്രായേല്യരെ അറിയിച്ചു. പക്ഷേ നിരുത്സാഹവും കഠിനമായ അടിമപ്പണിയും കാരണം അവർ മോശ പറഞ്ഞതു കേൾക്കാൻ കൂട്ടാക്കിയില്ല.+
10 തുടർന്ന് യഹോവ മോശയോട്,
11 “ഈജിപ്‌ത് രാജാവായ ഫറവോന്റെ അടുത്ത് ചെന്ന് ഇസ്രായേല്യരെ ആ ദേശത്തുനിന്ന് വിട്ടയയ്ക്കണമെന്നു പറയുക” എന്നു പറഞ്ഞു.
12 എന്നാൽ മോശ യഹോവയോടു പറഞ്ഞു: “ഇസ്രായേല്യർപോലും ഞാൻ പറഞ്ഞതു കേട്ടില്ല.+ പിന്നെ ഫറവോൻ എങ്ങനെ കേൾക്കാനാണ്, പോരെങ്കിൽ ഞാൻ തപ്പിത്തടഞ്ഞാണു സംസാരിക്കുന്നതും.”*+
13 എന്നാൽ ഈജിപ്‌ത് ദേശത്തുനിന്ന് ഇസ്രായേല്യരെ വിടുവിക്കാൻ ഇസ്രായേല്യർക്കും ഈജിപ്തിലെ രാജാവായ ഫറവോനും എന്തെല്ലാം ആജ്ഞകൾ കൊടുക്കണമെന്ന് യഹോവ വീണ്ടും മോശയോടും അഹരോനോടും പറഞ്ഞു.
14 ഇസ്രായേല്യരുടെ പിതൃഭവനത്തലവന്മാർ* ഇവരാണ്: ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ+ പുത്രന്മാർ: ഹാനോക്ക്, പല്ലു, ഹെസ്രോൻ, കർമ്മി.+ ഇവയാണു രൂബേന്റെ കുടുംബങ്ങൾ.
15 ശിമെയോന്റെ പുത്രന്മാർ: യമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാൻകാരിയുടെ പുത്രനായ ശാവൂൽ.+ ഇവയാണു ശിമെയോന്റെ കുടുംബങ്ങൾ.
16 ലേവിയുടെ+ പുത്രന്മാർ: ഗർശോൻ, കൊഹാത്ത്, മെരാരി.+ അവരിൽനിന്ന് അവരുടെ സന്തതിപരമ്പര ഉത്ഭവിച്ചു. ലേവി 137 വർഷം ജീവിച്ചു.
17 ഗർശോന്റെ പുത്രന്മാർ: അവരുടെ കുടുംബപ്രകാരം ലിബ്‌നി, ശിമെയി.+
18 കൊഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്‌ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.+ കൊഹാത്ത് 133 വർഷം ജീവിച്ചു.
19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
ലേവ്യരുടെ പുത്രന്മാരിൽനിന്ന് ഉത്ഭവിച്ച കുടുംബങ്ങൾ ഇവയാണ്.+
20 അമ്രാം ഭാര്യയായി സ്വീകരിച്ചതു പിതൃസഹോദരിയായ യോഖേബെദിനെയാണ്.+ യോഖേബെദിൽ അമ്രാമിന് അഹരോനും മോശയും ജനിച്ചു.+ അമ്രാം 137 വർഷം ജീവിച്ചു.
21 യിസ്‌ഹാരിന്റെ പുത്രന്മാർ: കോരഹ്,+ നേഫെഗ്, സിക്രി.
22 ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ,+ സിത്രി.
23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു.
24 കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാന, അബിയാസാഫ്.+ കോരഹ്യരുടെ കുടുംബങ്ങൾ+ ഇവയായിരുന്നു.
25 അഹരോന്റെ മകൻ എലെയാസർ+ പൂത്തിയേലിന്റെ ഒരു മകളെ ഭാര്യയായി സ്വീകരിച്ചു. അവളിൽ എലെയാസരിനു ഫിനെഹാസ്+ ജനിച്ചു.
കുടുംബംകുടുംബമായി ലേവ്യരുടെ പിതൃഭവനത്തലവന്മാർ ഇവരാണ്.+
26 ഈ അഹരോനോടും മോശയോടും ആണ്, “ഈജിപ്‌ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ ഗണംഗണമായി* വിടുവിച്ച് കൊണ്ടുവരുക” എന്ന് യഹോവ പറഞ്ഞത്.+
27 ഇതേ മോശയും അഹരോനും ആണ് ഈജിപ്തിൽനിന്ന് ഇസ്രായേൽ ജനത്തെ വിടുവിക്കാൻവേണ്ടി+ ഈജിപ്‌ത് രാജാവായ ഫറവോനോടു സംസാരിച്ചത്.
28 ഈജിപ്‌ത് ദേശത്തുവെച്ച് യഹോവ മോശയോടു സംസാരിച്ച ദിവസം
29 യഹോവ പറഞ്ഞു: “ഞാൻ യഹോവയാണ്. ഞാൻ നിന്നോടു സംസാരിക്കുന്നതെല്ലാം ഈജിപ്‌ത് രാജാവായ ഫറവോനോടു പറയണം.”
30 അപ്പോൾ മോശ യഹോവയോടു ചോദിച്ചു: “ഞാൻ തപ്പിത്തടഞ്ഞ് സംസാരിക്കുന്നവനല്ലേ? ആ സ്ഥിതിക്ക്, ഞാൻ പറയുന്നതു ഫറവോൻ കേൾക്കുമോ?”+
അടിക്കുറിപ്പുകള്‍
^ അഥവാ “ശക്തമായ.”
^ അക്ഷ. “കൈ ഉയർത്തി.”
^ അക്ഷ. “ഞാൻ പരിച്ഛേദന നടത്താത്ത ചുണ്ടുകളുള്ളവനുമാണ്.”
^ പദാവലിയിൽ “പിതൃഭവനം” കാണുക.
^ അക്ഷ. “സൈന്യംസൈന്യമായി.”