പുറപ്പാട് 8:1-32
8 പിന്നെ യഹോവ മോശയോടു പറഞ്ഞു: “നീ ഫറവോന്റെ അടുത്ത് ചെന്ന് പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “എന്നെ സേവിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.+
2 അവരെ വിട്ടയയ്ക്കാൻ നീ ഇനിയും വിസമ്മതിച്ചാൽ ഞാൻ തവളകളെ+ അയച്ച് നിന്റെ ദേശത്തുള്ളവരെയെല്ലാം കഷ്ടപ്പെടുത്തും.
3 നൈൽ നദിയിൽ തവളകൾ പെരുകിയിട്ട് അവ കയറിവന്ന് നിന്റെ വീട്ടിലും കിടപ്പറയിലും കിടക്കയിലും നിന്റെ ദാസരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും നിന്റെ അടുപ്പുകളിലും മാവ് കുഴയ്‌ക്കുന്ന പാത്രങ്ങളിലും കയറും.+
4 തവളകൾ നിന്റെ മേലും നിന്റെ ജനത്തിന്റെ മേലും നിന്റെ എല്ലാ ദാസരുടെ മേലും കയറും.”’”
5 പിന്നീട് യഹോവ മോശയോടു പറഞ്ഞു: “അഹരോനോട് ഇങ്ങനെ പറയുക: ‘നിന്റെ വടി കൈയിലെടുത്ത് നദികളുടെയും നൈലിന്റെ കനാലുകളുടെയും ചതുപ്പുനിലങ്ങളുടെയും മീതെ നീട്ടുക, ഈജിപ്ത് ദേശത്തേക്കു തവളകൾ കയറിവരട്ടെ.’”
6 അങ്ങനെ അഹരോൻ ഈജിപ്തിലെ വെള്ളത്തിന്മേൽ കൈ നീട്ടി; തവളകൾ കയറിവന്ന് ഈജിപ്ത് ദേശം മുഴുവൻ നിറഞ്ഞു.
7 എന്നാൽ മന്ത്രവാദികളും അവരുടെ ഗൂഢവിദ്യയാൽ അതുതന്നെ ചെയ്‌തു. ഈജിപ്ത് ദേശത്ത് അവരും തവളകളെ വരുത്തി.+
8 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “എന്റെയും എന്റെ ജനത്തിന്റെയും ഇടയിൽനിന്ന് തവളകളെ നീക്കിത്തരാൻ യഹോവയോടു യാചിക്കൂ.+ യഹോവയ്ക്കു ബലി അർപ്പിക്കാൻവേണ്ടി ജനത്തെ വിട്ടയയ്ക്കാൻ ഞാൻ തയ്യാറാണ്.”
9 അപ്പോൾ മോശ ഫറവോനോടു പറഞ്ഞു: “തവളകൾ അങ്ങയെയും അങ്ങയുടെ ദാസരെയും ജനത്തെയും വീടുകളെയും വിട്ട് പോകാൻ ഞാൻ എപ്പോഴാണു യാചിക്കേണ്ടതെന്ന് അങ്ങുതന്നെ എന്നോടു പറഞ്ഞാലും. പിന്നെ നൈൽ നദിയിലല്ലാതെ വേറെങ്ങും അവയെ കാണില്ല.”
10 അപ്പോൾ ഫറവോൻ, “നാളെ” എന്നു പറഞ്ഞു. മറുപടിയായി മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ മറ്റാരുമില്ലെന്ന്+ അങ്ങ് അറിയാൻ അങ്ങയുടെ വാക്കുപോലെതന്നെ സംഭവിക്കും.
11 തവളകൾ അങ്ങയെയും അങ്ങയുടെ വീടുകളെയും ദാസരെയും ജനത്തെയും വിട്ട് പോകും. പിന്നെ നൈൽ നദിയിലല്ലാതെ വേറെങ്ങും അവയെ കാണില്ല.”+
12 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുത്തുനിന്ന് പോയി. യഹോവ ഫറവോന്റെ മേൽ വരുത്തിയ തവളകൾ നീങ്ങിക്കിട്ടാൻ മോശ ദൈവത്തോടു യാചിച്ചു.+
13 മോശ അപേക്ഷിച്ചതുപോലെ യഹോവ ചെയ്‌തു. വീടുകളിലും മുറ്റങ്ങളിലും വയലുകളിലും ഉള്ള തവളകൾ ചത്തുതുടങ്ങി.
14 അവർ അവയെ കൂമ്പാരംകൂമ്പാരമായി കൂട്ടിക്കൊണ്ടിരുന്നു, എണ്ണമറ്റ കൂമ്പാരങ്ങൾ! ദേശം നാറാൻതുടങ്ങി.
15 എന്നാൽ സ്വസ്ഥത വന്നെന്നു കണ്ടപ്പോൾ, യഹോവ പറഞ്ഞിരുന്നതുപോലെതന്നെ ഫറവോൻ ഹൃദയം കഠിനമാക്കി.+ ഫറവോൻ അവർക്കു ചെവി കൊടുക്കാൻ വിസമ്മതിച്ചു.
16 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “അഹരോനോട് ഇങ്ങനെ പറയുക: ‘നിന്റെ വടി നീട്ടി നിലത്തെ പൊടിയിൽ അടിക്കുക. അപ്പോൾ അതു കൊതുകുകളായി* ഈജിപ്ത് ദേശത്തെല്ലാം നിറയും.’”
17 അവർ അങ്ങനെ ചെയ്‌തു. അഹരോൻ കൈയിലിരുന്ന വടി നീട്ടി നിലത്തെ പൊടിയിൽ അടിച്ചു. അപ്പോൾ കൊതുകുകൾ വന്ന് മനുഷ്യരെയും മൃഗങ്ങളെയും പൊതിഞ്ഞു. നിലത്തെ പൊടി മുഴുവൻ ഈജിപ്ത് ദേശത്തെങ്ങും കൊതുകുകളായി മാറി.+
18 മന്ത്രവാദികൾ അവരുടെ ഗൂഢവിദ്യ ഉപയോഗിച്ച്+ അതുപോലെതന്നെ കൊതുകുകളെ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അവർക്കു സാധിച്ചില്ല. കൊതുകുകൾ വന്ന് മനുഷ്യരെയും മൃഗങ്ങളെയും പൊതിഞ്ഞു.
19 അതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട്, “ഇതു ദൈവത്തിന്റെ വിരലാണ്!”+ എന്നു പറഞ്ഞു. പക്ഷേ യഹോവ പറഞ്ഞതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തന്നെയിരുന്നു. ഫറവോൻ അവർക്കു ചെവി കൊടുത്തില്ല.
20 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുന്നിൽ ചെന്ന് നിൽക്കുക. അതാ, അവൻ വെള്ളത്തിന്റെ അടുത്തേക്കു വരുന്നു! നീ അവനോടു പറയണം: ‘യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “എന്നെ സേവിക്കാൻ എന്റെ ജനത്തെ വിടുക.
21 എന്നാൽ നീ എന്റെ ജനത്തെ വിടുന്നില്ലെങ്കിൽ ഞാൻ നിന്റെ മേലും നിന്റെ ദാസരുടെ മേലും നിന്റെ ജനത്തിന്റെ മേലും നിന്റെ വീടുകളിലും രക്തം കുടിക്കുന്ന ഈച്ചയെ അയയ്‌ക്കും. ഈജിപ്തിലെ വീടുകളിലെല്ലാം അവ നിറയും. ഈജിപ്തുകാരുടെ പ്രദേശത്ത് കാലു കുത്താൻപോലും ഇടമില്ലാത്ത വിധം അവ നിലം മുഴുവൻ മൂടിക്കളയും.
22 എന്റെ ജനം വസിക്കുന്ന ഗോശെൻ ദേശം ഞാൻ അന്നേ ദിവസം നിശ്ചയമായും ഒഴിച്ചുനിറുത്തും. ആ ഈച്ചകളിൽ ഒരെണ്ണംപോലും അവിടെ കാണില്ല.+ അങ്ങനെ യഹോവ എന്ന ഞാൻ ഇവിടെ ഈ ദേശത്തുണ്ടെന്നു നീ അറിയും.+
23 ഞാൻ എന്റെ ജനത്തിനും നിന്റെ ജനത്തിനും തമ്മിൽ പ്രകടമായ ഒരു വ്യത്യാസം വെക്കും. ഈ അടയാളം നാളെ സംഭവിക്കും.”’”
24 യഹോവ അങ്ങനെതന്നെ ചെയ്‌തു. രക്തം കുടിക്കുന്ന ഈച്ചകൾ വലിയ കൂട്ടങ്ങളായി വന്ന് ഫറവോന്റെ കൊട്ടാരത്തിലും ഫറവോന്റെ ദാസരുടെ വീടുകളിലും ഈജിപ്ത് ദേശത്ത് എല്ലായിടത്തും ആക്രമണം തുടങ്ങി.+ ഈച്ചകൾ ദേശം നശിപ്പിച്ചു.+
25 ഒടുവിൽ ഫറവോൻ മോശയെയും അഹരോനെയും വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “പൊയ്ക്കൊള്ളൂ. ഈ ദേശത്ത് എവിടെയെങ്കിലുംവെച്ച് നിങ്ങളുടെ ദൈവത്തിനു ബലി അർപ്പിച്ചുകൊള്ളൂ.”
26 എന്നാൽ മോശ പറഞ്ഞു: “അതു ശരിയാകില്ല. കാരണം ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കുന്ന ബലികൾ ഈജിപ്തുകാർക്ക് അറപ്പാണ്.+ ഈജിപ്തുകാരുടെ കൺമുന്നിൽവെച്ച് അവർക്ക് അറപ്പു തോന്നുന്ന ബലി അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയില്ലേ?
27 ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു പറഞ്ഞതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ യാത്രപോയി വിജനഭൂമിയിൽവെച്ച് ദൈവത്തിനു ബലി അർപ്പിക്കും.”+
28 അപ്പോൾ ഫറവോൻ പറഞ്ഞു: “വിജനഭൂമിയിൽവെച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കാൻ ഞാൻ നിങ്ങളെ വിടാം. എന്നാൽ നിങ്ങൾ വളരെ ദൂരേക്കു പോകരുതെന്നു മാത്രം. എനിക്കുവേണ്ടി നിങ്ങളുടെ ദൈവത്തോടു യാചിക്കൂ.”+
29 അപ്പോൾ മോശ പറഞ്ഞു: “ഇപ്പോൾ ഞാൻ പോകുന്നു. ഞാൻ യഹോവയോടു യാചിക്കും. രക്തം കുടിക്കുന്ന ഈച്ചകൾ നാളെ ഫറവോനെയും ദാസരെയും ജനത്തെയും വിട്ട് പോകുകയും ചെയ്യും. എന്നാൽ യഹോവയ്ക്കു ബലി അർപ്പിക്കാൻ ജനത്തെ വിടാതിരുന്നുകൊണ്ട് ഞങ്ങളെ പറ്റിക്കുന്നതു ഫറവോൻ നിറുത്തണമെന്നു മാത്രം.”+
30 അതിനു ശേഷം മോശ ഫറവോന്റെ അടുത്തുനിന്ന് പോയി യഹോവയോടു യാചിച്ചു.+
31 അങ്ങനെ യഹോവ മോശ പറഞ്ഞതുപോലെ ചെയ്‌തു. ആ ഈച്ചകൾ ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ദാസരെയും ജനത്തെയും വിട്ട് പോയി.
32 എന്നാൽ ഫറവോൻ വീണ്ടും ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടില്ല.
അടിക്കുറിപ്പുകള്‍
^ ഈജിപ്‌തിൽ സർവസാധാരണമായി കണ്ടിരുന്ന കൊതുകിനെപ്പോലുള്ള ഒരു ചെറുപ്രാണിയായിരുന്നു ഇത്.