പുറപ്പാട് 9:1-35
9 അതുകൊണ്ട് യഹോവ മോശയോടു പറഞ്ഞു: “ഫറവോന്റെ അടുത്ത് ചെന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “എന്നെ സേവിക്കാൻ എന്റെ ജനത്തെ വിടുക.+
2 എന്നാൽ അവരെ വിടാൻ കൂട്ടാക്കാതെ നീ ഇനിയും അവരെ പിടിച്ചുവെച്ചാൽ,
3 ഓർക്കുക! യഹോവയുടെ കൈ+ വയലിലുള്ള നിന്റെ മൃഗങ്ങളുടെ മേൽ വരും; കുതിരകളെയും കഴുതകളെയും ഒട്ടകങ്ങളെയും ആടുമാടുകളെയും മാരകമായ ഒരു പകർച്ചവ്യാധി പിടികൂടും.+
4 ഇസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജിപ്തുകാരുടെ മൃഗങ്ങൾക്കും തമ്മിൽ പ്രകടമായ ഒരു വ്യത്യാസം വെക്കും; ഇസ്രായേല്യരുടേതൊന്നും ചത്തുപോകില്ല.”’”+
5 “നാളെ ഈ ദേശത്ത് യഹോവ ഇങ്ങനെ ചെയ്യും” എന്നു പറഞ്ഞുകൊണ്ട് യഹോവ അതിനുവേണ്ടി ഒരു സമയവും നിശ്ചയിച്ചു.
6 പിറ്റേന്നുതന്നെ യഹോവ അങ്ങനെ ചെയ്‌തു. ഈജിപ്തുകാരുടെ എല്ലാ തരം മൃഗങ്ങളും ചത്തുതുടങ്ങി.+ എന്നാൽ, ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒന്നുപോലും ചത്തില്ല.
7 ഫറവോൻ അന്വേഷിച്ചപ്പോൾ ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒന്നുപോലും ചത്തിട്ടില്ല! എന്നിട്ടും ഫറവോന്റെ ഹൃദയത്തിന് ഒരു കുലുക്കവും തട്ടിയില്ല; ഫറവോൻ ജനത്തെ വിട്ടില്ല.+
8 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “ചൂളയിലെ പുകക്കരി രണ്ടു കൈയും നിറയെ വാരുക. മോശ അതു ഫറവോന്റെ മുന്നിൽവെച്ച് വായുവിലേക്ക് എറിയണം.
9 അത് ഈജിപ്‌ത് ദേശം മുഴുവൻ പൊടിയായി വ്യാപിച്ച് അവിടെയെങ്ങുമുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും മേൽ പഴുത്ത് വീങ്ങുന്ന പരുവായിത്തീരും.”
10 അങ്ങനെ അവർ ഒരു ചൂളയിൽനിന്ന് പുകക്കരിയും എടുത്ത് ഫറവോന്റെ മുന്നിൽ ചെന്ന് നിന്നു. മോശ അതു വായുവിലേക്ക് എറിഞ്ഞു. അതു മനുഷ്യന്റെയും മൃഗത്തിന്റെയും മേൽ, പഴുത്ത് വീങ്ങുന്ന പരുക്കളായി മാറി.
11 പരുക്കൾ മൂലം മന്ത്രവാദികൾക്കു മോശയുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ല.+ അവർക്കും എല്ലാ ഈജിപ്തുകാർക്കും പരുക്കൾ വന്നു.
12 എന്നാൽ യഹോവ മോശയോടു പറഞ്ഞതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമാകാൻ യഹോവ അനുവദിച്ചു.+ ഫറവോൻ അവർക്കു ചെവി കൊടുത്തില്ല.
13 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ സന്നിധിയിൽ ചെന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “എന്നെ സേവിക്കാൻ എന്റെ ജനത്തെ വിടുക.
14 ഭൂമിയിൽ ഒരിടത്തും എന്നെപ്പോലെ മറ്റാരുമില്ലെന്നു നീ അറിയാൻ,+ ഞാൻ ഇപ്പോൾ എന്റെ ബാധകളെല്ലാം അയയ്ക്കുന്നു. അവ നിന്റെ ഹൃദയത്തെയും നിന്റെ ദാസരെയും നിന്റെ ജനത്തെയും പ്രഹരിക്കും.
15 എനിക്ക് ഇതിനോടകംതന്നെ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധിയാൽ പ്രഹരിക്കാമായിരുന്നു, ഈ ഭൂമുഖത്തുനിന്ന് നിന്നെ ഇല്ലാതാക്കാമായിരുന്നു.
16 എന്നാൽ എന്റെ ശക്തി നിന്നെ കാണിക്കാനും ഭൂമിയിലെങ്ങും എന്റെ പേര് പ്രസിദ്ധമാക്കാനും വേണ്ടി മാത്രമാണു നിന്നെ ജീവനോടെ വെച്ചിരിക്കുന്നത്.+
17 എന്റെ ജനത്തെ വിട്ടയയ്ക്കാതിരുന്നുകൊണ്ട് നീ ഇനിയും അവരോടു ഗർവം കാണിക്കുകയാണോ?
18 നാളെ ഏതാണ്ട് ഇതേ സമയത്ത് ഇവിടെ അതിശക്തമായി ആലിപ്പഴം പെയ്യാൻ ഞാൻ ഇടയാക്കും. ഈജിപ്‌ത് സ്ഥാപിതമായ ദിവസംമുതൽ ഇന്നുവരെ പെയ്തിട്ടില്ലാത്തത്ര ശക്തമായി ആലിപ്പഴം പെയ്യും.
19 അതുകൊണ്ട് ആളയച്ച്, മൃഗങ്ങളടക്കം വയലിൽ നിനക്കുള്ളതെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുക. വീട്ടിലേക്കു കൊണ്ടുവരാതെ, വയലിൽ പെട്ടുപോകുന്ന ഏതു മനുഷ്യനും മൃഗവും ആലിപ്പഴം വീണ് ചാകും.”’”
20 ഫറവോന്റെ ദാസരിൽ യഹോവയുടെ വാക്കുകളെ ഭയപ്പെട്ടവരെല്ലാം അവരുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു.
21 എന്നാൽ യഹോവയുടെ വാക്കുകൾ കാര്യമായെടുക്കാതിരുന്നവർ അവരുടെ ദാസരെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടു.
22 യഹോവ മോശയോടു പറഞ്ഞു: “നിന്റെ കൈ ആകാശത്തേക്കു നീട്ടുക. അങ്ങനെ ഈജിപ്‌ത് ദേശം മുഴുവൻ, ഈജിപ്‌ത് ദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും സസ്യജാലങ്ങളുടെയും മേൽ, ആലിപ്പഴം പെയ്യട്ടെ.”+
23 അപ്പോൾ മോശ വടി ആകാശത്തേക്കു നീട്ടി. യഹോവ ഇടിമുഴക്കവും ആലിപ്പഴവും അയച്ചു; തീയും* ഭൂമിയിൽ വന്നുവീണു. ഈജിപ്‌ത് ദേശത്തിന്മേൽ യഹോവ ആലിപ്പഴം പെയ്യിച്ചുകൊണ്ടിരുന്നു.
24 ആലിപ്പഴം പെയ്യുന്നതോടൊപ്പം തീയും മിന്നുന്നുണ്ടായിരുന്നു. അതു വളരെ ശക്തമായിരുന്നു. ഈജിപ്‌ത് ഒരു ജനതയായിത്തീർന്നതുമുതൽ അന്നുവരെ ആ ദേശത്ത് അങ്ങനെയൊന്നു സംഭവിച്ചിട്ടേ ഇല്ല.+
25 ഈജിപ്‌ത് ദേശത്ത് അങ്ങോളമിങ്ങോളം മനുഷ്യൻമുതൽ മൃഗംവരെ വെളിയിലുള്ള എല്ലാത്തിന്മേലും ആലിപ്പഴം പതിച്ചു. അതു സസ്യജാലങ്ങളെ നശിപ്പിച്ചു, എല്ലാ മരങ്ങളും തകർത്തുകളഞ്ഞു.+
26 പക്ഷേ ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെൻ ദേശത്തു മാത്രം ആലിപ്പഴം പെയ്‌തില്ല.+
27 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ച് വരുത്തി, അവരോടു പറഞ്ഞു: “ഇപ്രാവശ്യം ഞാൻ പാപം ചെയ്തിരിക്കുന്നു. യഹോവ നീതിമാനാണ്. ഞാനും എന്റെ ജനവും ആണ് തെറ്റുകാർ.
28 ഇടിമുഴക്കവും ആലിപ്പഴവർഷവും അവസാനിപ്പിക്കാൻ യഹോവയോടു യാചിക്കൂ. എങ്കിൽ ഞാൻ നിങ്ങളെ വിട്ടയയ്ക്കാം, ഒട്ടും കാലതാമസം വരുത്തില്ല.”
29 അപ്പോൾ മോശ ഫറവോനോടു പറഞ്ഞു: “നഗരത്തിൽനിന്ന് പുറത്ത് കടന്നാൽ ഉടൻ ഞാൻ യഹോവയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിച്ച് പ്രാർഥിക്കും. ഇടിമുഴക്കം നിന്നുപോകും, ആലിപ്പഴം പെയ്യുന്നതും നിൽക്കും. ഭൂമി യഹോവയുടേതാണെന്ന് അങ്ങനെ ഫറവോൻ അറിയും.+
30 എന്നാൽ ഇത്രയൊക്കെയായാലും ഫറവോനും ദാസരും ദൈവമായ യഹോവയെ ഭയപ്പെടില്ലെന്ന് എനിക്ക് ഇപ്പോൾത്തന്നെ അറിയാം.”
31 ബാർളി കതിരിടുകയും ഫ്‌ളാക്‌സ്* മൊട്ടിടുകയും ചെയ്തിരുന്നതുകൊണ്ട് ഈ ബാധ ഉണ്ടായപ്പോൾ അവ രണ്ടും നശിച്ചുപോയി.
32 എന്നാൽ ഗോതമ്പും വരകും* വൈകിയുള്ള വിളകളായതിനാൽ അവ നശിച്ചില്ല.
33 മോശ ഫറവോന്റെ അടുത്തുനിന്ന് പോയി, നഗരത്തിനു വെളിയിൽ ചെന്ന് യഹോവയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിച്ച് പ്രാർഥിച്ചു. അപ്പോൾ മഴയും ഇടിമുഴക്കവും ആലിപ്പഴവർഷവും നിന്നു.+
34 മഴയും ഇടിമുഴക്കവും ആലിപ്പഴവർഷവും നിന്നെന്നു കണ്ടപ്പോൾ ഫറവോൻ വീണ്ടും പാപം ചെയ്‌ത് ഹൃദയം കഠിനമാക്കി.+ ഫറവോന്റെ ദാസന്മാരും അങ്ങനെ ചെയ്‌തു.
35 മോശയിലൂടെ യഹോവ പറഞ്ഞതുപോലെ, ഫറവോന്റെ ഹൃദയം കഠിനമായിത്തന്നെയിരുന്നു, ഫറവോൻ ഇസ്രായേല്യരെ വിട്ടയച്ചില്ല.+
അടിക്കുറിപ്പുകള്‍
^ ഇതു ശക്തമായ മിന്നലായിരിക്കാം.
^ പുരാതനകാലംമുതൽ കൃഷി ചെയ്തിരുന്ന ഒരുതരം ചെടി. ഇതിന്റെ നാരു ലിനൻതുണി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.
^ ഇതിന്റെ എബ്രായപദം, പുരാതനകാലത്ത് ഈജിപ്തിൽ കൃഷി ചെയ്തിരുന്ന താണ തരം ഗോതമ്പിനെ കുറിക്കുന്നു.