അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 1:1-26
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ: ഈ പുസ്തകത്തിന്റെ എ.ഡി. രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള ചില കൈയെഴുത്തുപ്രതികളിൽ, ഗ്രീക്കുഭാഷയിലുള്ള പ്രാക്സൈസ് അപൊസ്റ്റൊലോൻ എന്ന തലക്കെട്ട് കാണാം. എന്നാൽ ഈ പുസ്തകം എഴുതിയ സമയത്ത് അതിന് ഇത്തരം ഒരു തലക്കെട്ട് ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല. ലൂക്കോസ് എഴുതിയ സുവിശേഷത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. (പ്രവൃ 1:1-ന്റെ പഠനക്കുറിപ്പു കാണുക.) പത്രോസിന്റെയും പൗലോസിന്റെയും പ്രവർത്തനങ്ങളാണു പ്രധാനമായും ഇതിൽ വിവരിച്ചിരിക്കുന്നത്. മറ്റ് അപ്പോസ്തലന്മാർ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഇതിൽ അധികമൊന്നും പറഞ്ഞിട്ടില്ല. ക്രിസ്തീയസഭയുടെ ഗംഭീരമായ തുടക്കത്തെയും ത്വരിതഗതിയിലുള്ള വളർച്ചയെയും കുറിച്ചുള്ള ആശ്രയയോഗ്യവും സമഗ്രവും ആയ ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ആദ്യം ജൂതന്മാരുടെ ഇടയിലും പിന്നീട് ശമര്യക്കാരുടെ ഇടയിലും അതിനു ശേഷം മറ്റു ജനതകളിൽപ്പെട്ടവരുടെ ഇടയിലും സഭകൾ സ്ഥാപിതമായതിനെക്കുറിച്ച് ഇതിൽ കാണാം. (മത്ത 16:19-ന്റെ പഠനക്കുറിപ്പു കാണുക.) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിലെ, ദൈവപ്രചോദിതമായ കത്തുകളുടെ ചരിത്രപശ്ചാത്തലവും ഈ പുസ്തകം നൽകുന്നുണ്ട്.
തെയോഫിലൊസ്: ലൂക്കോസിന്റെ സുവിശേഷവും അപ്പോസ്തലന്മാരുടെ പ്രവൃത്തികളും ഇദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണു തുടങ്ങുന്നത്. ലൂക്ക 1:1-ൽ അദ്ദേഹത്തിന്റെ പേരിനു മുമ്പായി “ബഹുമാനപ്പെട്ട” എന്നൊരു വിശേഷണവുംകൂടെ ചേർത്തിട്ടുണ്ട്.—ഈ പ്രയോഗത്തെക്കുറിച്ചും തെയോഫിലൊസിന്റെ പശ്ചാത്തലത്തെക്കുറിച്ചും കൂടുതൽ അറിയാൻ ലൂക്ക 1:1-ന്റെ പഠനക്കുറിപ്പു കാണുക.
ആദ്യവിവരണം: യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള തന്റെ സുവിശേഷവിവരണത്തെക്കുറിച്ചാണു ലൂക്കോസ് ഇവിടെ പറയുന്നത്. സുവിശേഷത്തിൽ അദ്ദേഹം പ്രധാനമായും എഴുതിയതു ‘യേശു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയും’ കുറിച്ചാണ്. ആ സുവിശേഷം എഴുതിനിറുത്തിയിടത്തുനിന്നാണ് അദ്ദേഹം പ്രവൃത്തികളുടെ പുസ്തകം തുടങ്ങുന്നത്; യേശുവിന്റെ അനുഗാമികൾ പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങളാണ് അദ്ദേഹം ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു വിവരണങ്ങളിലെയും എഴുത്തിന്റെ ശൈലിയും പദപ്രയോഗങ്ങളും സമാനതയുള്ളതാണ്. ഇനി, രണ്ടും തെയോഫിലൊസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് എഴുതിയിരിക്കുന്നതും. തെയോഫിലൊസ് ഒരു ക്രിസ്തുശിഷ്യനായിരുന്നോ എന്ന കാര്യം വിവരണം വ്യക്തമാക്കുന്നില്ല. (ലൂക്ക 1:1-ന്റെ പഠനക്കുറിപ്പു കാണുക.) തന്റെ സുവിശേഷത്തിന്റെ അവസാനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന പല സംഭവങ്ങളുടെയും ഒരു സംഗ്രഹത്തോടെയാണു ലൂക്കോസ് പ്രവൃത്തികളുടെ പുസ്തകം തുടങ്ങുന്നത്. ആദ്യവിവരണമായ സുവിശേഷത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. എന്നാൽ ഈ സംഗ്രഹത്തിൽ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങൾക്കു കുറച്ചൊക്കെ വ്യത്യാസം കാണാം. കൂടുതലായ ചില വിശദാംശങ്ങളും അദ്ദേഹം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.—ലൂക്ക 24:49-നെ പ്രവൃ 1:1-12-മായി താരതമ്യം ചെയ്യുക.
ദൈവരാജ്യം: മുഴുബൈബിളിന്റെയും മുഖ്യപ്രതിപാദ്യവിഷയമായ ദൈവരാജ്യമാണു പ്രവൃത്തികളുടെ പുസ്തകത്തിലെ പ്രധാന ചർച്ചാവിഷയം. (പ്രവൃ 8:12; 14:22; 19:8; 20:25; 28:31) യഹോവയുടെ ആ രാജ്യത്തെക്കുറിച്ച് അപ്പോസ്തലന്മാർ “സമഗ്രമായ സാക്ഷ്യം നൽകി” എന്നും അവർ ശുശ്രൂഷ നന്നായി ചെയ്തുതീർത്തെന്നും ഈ പുസ്തകം എടുത്തുപറയുന്നു.—പ്രവൃ 2:40; 5:42; 8:25; 10:42; 20:21, 24; 23:11; 26:22; 28:23.
പിതാവിന്റെ അധികാരപരിധിയിൽപ്പെട്ട: അഥവാ “പിതാവിന്റെ അധികാരത്തിലുള്ള.” തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റേണ്ട ‘കാലങ്ങളും സമയങ്ങളും’ നിശ്ചയിക്കാനുള്ള അവകാശം യഹോവ തനിക്കായി മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്. സമയം നിശ്ചയിക്കുകയും പാലിക്കുകയും ചെയ്യുന്നതിൽ ഏറ്റവും മികച്ച മാതൃകയാണ് യഹോവ. അന്ത്യം വരുന്ന “ആ ദിവസവും മണിക്കൂറും” ഏതാണെന്നു “പിതാവിനല്ലാതെ ആർക്കും,” പുത്രനുപോലും അറിയില്ലെന്നു യേശു തന്റെ മരണത്തിനു മുമ്പ് പറഞ്ഞു.—മത്ത 24:36; മർ 13:32.
സമയങ്ങളെയും കാലങ്ങളെയും: ഈ രണ്ടു പദങ്ങൾ സമയത്തിന്റെ രണ്ടു വ്യത്യസ്തവശങ്ങളെക്കുറിച്ചാണു പറയുന്നത്. സമയങ്ങൾ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നതു ഖ്റോണൊസ് എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപമാണ്. ആ പദത്തിന്, കൃത്യമായ സമയദൈർഘ്യം നിശ്ചയിച്ചിട്ടില്ലാത്ത, ഹ്രസ്വമോ ദീർഘമോ ആയ ഒരു കാലഘട്ടത്തെ കുറിക്കാനാകും. കയ്റോസ് എന്ന ഗ്രീക്കുപദമാകട്ടെ (ഇതിനെ ചിലപ്പോഴൊക്കെ “നിശ്ചിതസമയം” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്; അതിന്റെ ബഹുവചനരൂപത്തെയാണ് ഇവിടെ കാലങ്ങൾ എന്നു തർജമ ചെയ്തിരിക്കുന്നത്.) പലപ്പോഴും ദൈവത്തിന്റെ ക്രമീകരണത്തിന് അഥവാ സമയപ്പട്ടികയ്ക്ക് ഉള്ളിലുള്ള, ഭാവികാലഘട്ടങ്ങളെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമായും ക്രിസ്തുവിന്റെ സാന്നിധ്യം, രാജ്യം എന്നിവയുമായി ബന്ധപ്പെട്ടാണു കയ്റോസ് എന്ന പദം കാണുന്നത്.—പ്രവൃ 3:19; 1തെസ്സ 5:1; മർ 1:15; ലൂക്ക 21:24 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
പരിശുദ്ധാത്മാവ്: അഥവാ “പരിശുദ്ധമായ ചലനാത്മകശക്തി.” പ്രവൃത്തികളുടെ പുസ്തകത്തിന്റെ മൂലപാഠത്തിൽ “പരിശുദ്ധാത്മാവ്” എന്ന പദപ്രയോഗം 41 തവണ കാണുന്നു. ഇനി, “ആത്മാവ്” (ഗ്രീക്കിൽ, ന്യൂമ) എന്ന പദവും ഇതേ അർഥത്തിൽ 15 തവണയെങ്കിലും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. (ഇവയുടെ ഉദാഹരണങ്ങൾക്കായി പ്രവൃ 2:4, 17, 18; 5:9 എന്നീ വാക്യങ്ങൾ കാണുക; പദാവലിയിൽ “ആത്മാവ്” എന്നതും കാണുക.) യേശുവിന്റെ അനുഗാമികൾ ലോകവ്യാപകമായി ചെയ്യേണ്ട പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിനു ദൈവത്തിന്റെ ചലനാത്മകശക്തിയുടെ പിന്തുണ കൂടിയേ തീരൂ എന്നാണ് ഇതു വ്യക്തമാക്കുന്നത്.—മർ 1:12-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും: അഥവാ “ഭൂമിയുടെ അറ്റങ്ങൾ (അതിരുകൾ) വരെയും.” ഈ വാക്യത്തിലെ അതേ ഗ്രീക്ക് പദപ്രയോഗം പ്രവൃ 13:47-ലും കാണാം. അവിടെ കാണുന്ന പ്രവചനം യശ 49:6-ൽനിന്നുള്ള ഉദ്ധരണിയാണ്. യശ 49:6-ന്റെ ഗ്രീക്ക് സെപ്റ്റുവജിന്റ് പരിഭാഷയിലും ഇതേ പദപ്രയോഗംതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രവൃ 1:8-ലെ യേശുവിന്റെ പ്രസ്താവന യശയ്യയുടെ ആ പ്രവചനം നമ്മുടെ ഓർമയിലേക്കു കൊണ്ടുവന്നേക്കാം. യഹോവയുടെ ദാസൻ ‘ജനതകൾക്ക് ഒരു വെളിച്ചം’ ആയിരിക്കുമെന്നും അങ്ങനെ ‘ഭൂമിയുടെ അറ്റംവരെ രക്ഷ എത്തുമെന്നും’ അവിടെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. തന്റെ അനുഗാമികൾ താൻ ചെയ്തതിലും ‘വലിയ പ്രവൃത്തികൾ’ ചെയ്യുമെന്നു യേശു മുമ്പ് പറഞ്ഞതുമായി ഇതു ചേരുന്നുണ്ട്. (യോഹ 14:12-ന്റെ പഠനക്കുറിപ്പു കാണുക.) ക്രിസ്തീയ പ്രസംഗപ്രവർത്തനം ലോകവ്യാപകമായി നടക്കുമെന്ന യേശുവിന്റെ വാക്കുകളുമായും ഇതു യോജിക്കുന്നു.—മത്ത 24:14; 26:13; 28:19 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
എന്റെ സാക്ഷികളായിരിക്കും: യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാരെല്ലാം വിശ്വസ്തരായ ജൂതന്മാരായിരുന്നതുകൊണ്ട് അവർ അപ്പോൾത്തന്നെ യഹോവയുടെ സാക്ഷികൾ ആയിരുന്നു. യഹോവ മാത്രമാണു സത്യദൈവമെന്ന് അവർ സാക്ഷ്യപ്പെടുത്തി. (യശ 43:10-12; 44:8) എന്നാൽ ഇപ്പോൾ അവർ യഹോവയുടെ മാത്രമല്ല യേശുവിന്റെയുംകൂടെ സാക്ഷികളായിരിക്കണമായിരുന്നു. മിശിഹൈകരാജ്യത്തിലൂടെ യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നതിൽ യേശുവിനു വലിയൊരു പങ്കുണ്ടെന്ന കാര്യം അവർ എല്ലാവരെയും അറിയിക്കേണ്ടിയിരുന്നു. പുതുതായി ദൈവോദ്ദേശ്യത്തിന്റെ ഭാഗമായിത്തീർന്ന ഒന്നായിരുന്നു ആ മിശിഹൈകരാജ്യം. “സാക്ഷി” (മാർട്ടുസ്), “സാക്ഷ്യപ്പെടുത്തുന്നു” (മാർട്ടുറേഓ), “സമഗ്രമായി അറിയിക്കുന്നു” (ഡിയാമാർട്ടുറോമായ്) എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദപ്രയോഗങ്ങളും അവയോടു ബന്ധപ്പെട്ട പദങ്ങളും, യോഹന്നാന്റെ സുവിശേഷം കഴിഞ്ഞാൽ ഏറ്റവും അധികം കാണുന്നത് ഈ ബൈബിൾപുസ്തകത്തിലാണ്. (യോഹ 1:7-ന്റെ പഠനക്കുറിപ്പു കാണുക.) ദൈവരാജ്യം, യേശു വഹിക്കുന്ന സുപ്രധാനമായ പങ്ക് എന്നിവ ഉൾപ്പെടെ ദൈവോദ്ദേശ്യത്തിന്റെ ഭാഗമായ കാര്യങ്ങൾ ഒരു സാക്ഷിയെന്ന നിലയിൽ സമഗ്രമായി മറ്റുള്ളവരെ അറിയിക്കുക എന്നൊരു കേന്ദ്രവിഷയം പ്രവൃത്തികളുടെ പുസ്തകത്തിൽ ഉടനീളം കാണാം. (പ്രവൃ 2:32, 40; 3:15; 4:33; 5:32; 8:25; 10:39; 13:31; 18:5; 20:21, 24; 22:20; 23:11; 26:16; 28:23) യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുമായി ബന്ധപ്പെട്ട ചില ചരിത്രവസ്തുതകൾക്കു ദൃക്സാക്ഷികളായ ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ, അക്കാര്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചതാണെന്നു സ്ഥിരീകരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞു. (പ്രവൃ 1:21, 22; 10:40, 41) പിൽക്കാലത്ത് യേശുവിൽ വിശ്വസിച്ചവരാകട്ടെ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചുകൊണ്ടാണ് യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞത്.—പ്രവൃ 22:15; യോഹ 18:37-ന്റെ പഠനക്കുറിപ്പു കാണുക.
വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ: ഇതു ദൈവദൂതന്മാരെയാണു കുറിക്കുന്നത്. (ലൂക്ക 24:4, 23 താരതമ്യം ചെയ്യുക.) പ്രവൃത്തികളുടെ പുസ്തകത്തിന്റെ മൂലപാഠത്തിൽ “ദൈവദൂതൻ” എന്നതിന്റെ ഗ്രീക്കുപദമായ ആൻഗലൊസ് 21 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് പ്രവൃ 5:19-ലാണു കാണുന്നത്.
ആകാശത്തേക്ക്: ഈ വാക്യത്തിൽ മൂന്നു പ്രാവശ്യം കാണുന്ന ഊറാനോസ് എന്ന ഗ്രീക്കുപദത്തിന് അക്ഷരാർഥത്തിലുള്ള ആകാശത്തെയോ ആത്മവ്യക്തികൾ വസിക്കുന്ന സ്വർഗത്തെയോ കുറിക്കാനാകും.
അതേ വിധത്തിൽത്തന്നെ വരും: “വരുക” എന്നതിന്റെ ഗ്രീക്കുപദം (എർക്കോമയി) തിരുവെഴുത്തുകളിൽ പലപ്പോഴും വ്യത്യസ്തരീതികളിൽ ഉപയോഗിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ അതു സൂചിപ്പിക്കുന്നത്, മഹാകഷ്ടതയുടെ സമയത്ത് ന്യായവിധി പ്രസ്താവിച്ച് അതു നടപ്പാക്കാൻവേണ്ടി യേശു ഒരു ന്യായാധിപനായി വരുന്നതിനെയാണ്. (മത്ത 24:30; മർ 13:26; ലൂക്ക 21:27) എന്നാൽ ഇതേ ഗ്രീക്കുപദം യേശുവിനോടുള്ള ബന്ധത്തിൽ മറ്റു സന്ദർഭങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. (മത്ത 16:28; 21:5, 9; 23:39; ലൂക്ക 19:38) അതുകൊണ്ട് ‘വരുക’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണെന്നു സന്ദർഭം നോക്കിയാണു തീരുമാനിക്കേണ്ടത്. യേശു സ്വർഗത്തിലേക്കു പോയ അതേ “വിധത്തിൽത്തന്നെ” (ഗ്രീക്കിൽ, ട്രോപൊസ്) മടങ്ങി“വരും” എന്നാണു ദൂതന്മാർ പറഞ്ഞത്. ഇവിടെ കാണുന്ന ട്രോപൊസ് എന്ന ഗ്രീക്കുപദം അതേ രൂപത്തെയോ ആകൃതിയെയോ ശരീരത്തെയോ അല്ല, പകരം അതേ വിധത്തെയാണു സൂചിപ്പിക്കുന്നത്. യേശു എങ്ങനെയാണു പോയതെന്നു ലോകത്തിലെ ഭൂരിഭാഗം ആളുകളും കണ്ടില്ലെന്നു സന്ദർഭം സൂചിപ്പിക്കുന്നു. യേശു ഭൂമി വിട്ട്, സ്വർഗത്തിൽ പിതാവിന്റെ അടുത്തേക്കു പോയ കാര്യം അപ്പോസ്തലന്മാർ മാത്രമേ അറിഞ്ഞുള്ളൂ. താൻ ‘ദൈവരാജ്യത്തിന്റെ’ രാജാവായി മടങ്ങിവരുന്നത് എല്ലാവർക്കും വ്യക്തമായി തിരിച്ചറിയാവുന്ന വിധത്തിലായിരിക്കില്ലെന്നും ശിഷ്യന്മാർ മാത്രമേ അക്കാര്യം അറിയൂ എന്നും യേശു മുമ്പ് സൂചിപ്പിച്ചിരുന്നു. (ലൂക്ക 17:20; പഠനക്കുറിപ്പു കാണുക.) എന്നാൽ വെളി 1:7-ൽ “വരുന്നു” എന്നു പറഞ്ഞിരിക്കുന്നതു മറ്റൊരു അർഥത്തിലാണ്. ആ സന്ദർഭത്തിൽ “എല്ലാ കണ്ണുകളും യേശുവിനെ കാണും.” (വെളി 1:7) അതുകൊണ്ട് പ്രവൃ 1:11-ൽ “വരും” എന്നു പറഞ്ഞിരിക്കുന്നതു സാധ്യതയനുസരിച്ച് യേശു തന്റെ സാന്നിധ്യത്തിന്റെ ആരംഭത്തിൽ രാജ്യാധികാരത്തോടെ അദൃശ്യനായി വരുന്നതിനെക്കുറിച്ചാണ്.—മത്ത 24:3.
ഒരു ശബത്തുദിവസത്തെ വഴിദൂരം: അതായത്, ശബത്തുദിവസം ഒരു ഇസ്രായേല്യനു യാത്ര ചെയ്യാൻ അനുവദിച്ചിരുന്ന ദൂരം. ഒലിവുമലയും യരുശലേം നഗരവും തമ്മിലുള്ള ദൂരവുമായി ബന്ധപ്പെടുത്തിയാണ് ഈ പദപ്രയോഗം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ശബത്തിൽ യാത്ര ചെയ്യുന്നതിനു ദൈവനിയമം നിയന്ത്രണം വെച്ചിരുന്നെങ്കിലും അന്നേ ദിവസം യാത്ര ചെയ്യാവുന്ന ദൂരത്തെക്കുറിച്ചൊന്നും അതിൽ പറഞ്ഞിരുന്നില്ല. (പുറ 16:29) പക്ഷേ കാലം കടന്നുപോയപ്പോൾ, ശബത്തുദിവസം ഒരു ജൂതനു യാത്ര ചെയ്യാവുന്ന ദൂരം ഏതാണ്ട് 2,000 മുഴമാണെന്നു (890 മീ; 2,920 അടി) റബ്ബിമാർ നിശ്ചയിച്ചതായി ലിഖിതങ്ങൾ സൂചിപ്പിക്കുന്നു. ‘നഗരത്തിനു വെളിയിൽ 2,000 മുഴം അളന്ന് വേർതിരിക്കണം’ (സംഖ 35:5) എന്നും ‘ഉടമ്പടിപ്പെട്ടകത്തിൽനിന്ന്’ ഇസ്രായേല്യർ 2,000 മുഴം അകലം പാലിക്കണം (യോശ 3:3, 4) എന്നും ഉള്ള തിരുവെഴുത്തുനിർദേശങ്ങളായിരുന്നു അവരുടെ ആ വ്യാഖ്യാനത്തിന് അടിസ്ഥാനം. ശബത്തുദിവസം വിശുദ്ധകൂടാരത്തിൽ ആരാധന നടത്തുന്നതിന് ഒരു ഇസ്രായേല്യനു കുറഞ്ഞത് അത്രയും ദൂരം യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നല്ലോ എന്നതായിരുന്നു റബ്ബിമാരുടെ വാദം. (സംഖ 28:9, 10) ഒലിവുമലയും യരുശലേമും തമ്മിലുള്ള അകലം 925 മീ. (3,034 അടി) ആണെന്ന് ഒരിടത്തും 1,110 മീ. (3,640 അടി) ആണെന്നു മറ്റൊരിടത്തും ജോസീഫസ് പറഞ്ഞിട്ടുണ്ട്. എവിടെനിന്ന് അളന്നു എന്നതായിരിക്കാം ഈ വ്യത്യാസത്തിന്റെ കാരണം. കൃത്യമായ അകലം ഇതിൽ ഏതായാലും, ഒരു ശബത്തുദിവസത്തെ വഴിദൂരമായി റബ്ബിമാർ കണക്കാക്കിയിരുന്ന ദൂരവുമായി ഇവയ്ക്കു വലിയ വ്യത്യാസമില്ല. ലൂക്കോസിന്റെ വിവരണം ഇതുമായി യോജിക്കുകയും ചെയ്യുന്നു.
തീക്ഷ്ണതയുള്ള: അപ്പോസ്തലനായ ശിമോനെ, അപ്പോസ്തലനായ ശിമോൻ പത്രോസിൽനിന്ന് വേർതിരിച്ചുകാണിക്കുന്ന ഒരു വിശേഷണം. (ലൂക്ക 6:14, 15) ഈ വാക്യത്തിലും ലൂക്ക 6:15-ലും കാണുന്ന സെലോറ്റേസ് എന്ന ഗ്രീക്കുപദത്തിനു “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നൊക്കെയാണ് അർഥം. മത്ത 10:4; മർ 3:18 എന്നീ വാക്യങ്ങളിലെ വിവരണത്തിൽ കാണുന്ന ‘കനാനേയൻ’ (ഒരു എബ്രായ അല്ലെങ്കിൽ അരമായ പദത്തിൽനിന്ന് ഉത്ഭവിച്ചത്.) എന്ന പദത്തിനും “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നുതന്നെയാണ് അർഥം. മുമ്പ് ശിമോൻ, റോമാക്കാരെ എതിർത്തിരുന്ന തീവ്രനിലപാടുകാരായ ഒരു ജൂതവിഭാഗത്തിൽപ്പെട്ട ആളായിരിക്കാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീക്ഷ്ണതയും ഉത്സാഹവും കാരണമായിരിക്കാം ഇങ്ങനെയൊരു പേര് കിട്ടിയത്.
യേശുവിന്റെ സഹോദരന്മാർ: അതായത്, യേശുവിന്റെ അർധസഹോദരന്മാർ. നാലു സുവിശേഷങ്ങളിലും അപ്പോസ്തലന്മാരുടെ പ്രവൃത്തികളിലും പൗലോസിന്റെ രണ്ടു കത്തുകളിലും ‘കർത്താവിന്റെ സഹോദരന്മാർ,’ ‘കർത്താവിന്റെ സഹോദരൻ,’ ‘ഇയാളുടെ (യേശുവിന്റെ) സഹോദരന്മാർ,’ ‘ഇയാളുടെ (യേശുവിന്റെ) സഹോദരിമാർ’ എന്നൊക്കെയുള്ള പദപ്രയോഗങ്ങളും യാക്കോബ്, യോസേഫ്, ശിമോൻ, യൂദാസ് എന്നിങ്ങനെ യേശുവിന്റെ നാലു ‘സഹോദരന്മാരുടെ’ പേരുകളും കാണാം. (1കൊ 9:5; ഗല 1:19; മത്ത 12:46; 13:55, 56; മർ 3:31; ലൂക്ക 8:19; യോഹ 2:12) യേശുവിന്റെ അത്ഭുതകരമായ ജനനത്തിനു ശേഷമാണ് ഈ കൂടപ്പിറപ്പുകളെല്ലാം ജനിക്കുന്നത്. യേശുവിനു കുറഞ്ഞതു നാലു സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നെന്നും അവരെല്ലാം യോസേഫിനും മറിയയ്ക്കും സ്വാഭാവികമായി ജനിച്ച മക്കളാണെന്നും ഉള്ളതിന്റെ തെളിവ് മിക്ക ബൈബിൾ പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ട്.—മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.
സഹോദരന്മാർ: ബൈബിളിൽ ചിലപ്പോഴൊക്കെ ക്രിസ്തീയ വിശ്വാസത്തിൽപ്പെട്ട പുരുഷനെ ‘സഹോദരൻ’ എന്നും സ്ത്രീയെ “സഹോദരി” എന്നും വിളിച്ചിട്ടുണ്ട്. (1കൊ 7:14, 15) മറ്റു ചിലപ്പോൾ ഇവിടെ കാണുന്നതുപോലെ പുരുഷന്മാരെയും സ്ത്രീകളെയും കുറിക്കാൻ ‘സഹോദരന്മാർ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. (പ്രവൃ 1:13, 14) “സഹോദരന്മാരേ” എന്ന സംബോധന പുരുഷന്മാരെ ഉദ്ദേശിച്ച് മാത്രമല്ല പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന കൂട്ടത്തെ കുറിക്കാൻ പൊതുവേ ഉപയോഗിച്ചിരുന്നു. (റോമ 15:30; 1കൊ 1:11) ബൈബിളിലെ ദൈവപ്രചോദിതമായി എഴുതിയ കത്തുകളിൽ മിക്കതിലും ഇതേ അർഥത്തിലാണ് ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തൊട്ടുമുമ്പുള്ള വാക്യത്തിൽ (പ്രവൃ 1:14) അഡെൽഫോസ് എന്നതിന്റെ ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത്, യേശുവിന്റെ അർധസഹോദരന്മാരെ, അതായത് യോസേഫിന്റെയും മറിയയുടെയും ഇളയ ആൺമക്കളെ, കുറിക്കാനാണ്.—മത്ത 13:55; പ്രവൃ 1:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
പേരുണ്ടായിരുന്നു: അക്ഷ. “പേരുകളുടെ കൂട്ടമുണ്ടായിരുന്നു.” ഈ വാക്യത്തിൽ ‘പേര്’ എന്നതിന്റെ ഗ്രീക്കുപദം (ഓനൊമ) ആളുകളെയാണു കുറിക്കുന്നത്. വെളി 3:4-ന്റെ അടിക്കുറിപ്പിൽ ആ പദം ഉപയോഗിച്ചിരിക്കുന്നതും ഇതേ അർഥത്തിൽത്തന്നെയാണ്.
സഹോദരന്മാരേ: അക്ഷ. “പുരുഷന്മാരേ, സഹോദരന്മാരേ.” മുൻവാക്യത്തിലേതിൽനിന്ന് വ്യത്യസ്തമായി ഇവിടെ “സഹോദരന്മാരേ” എന്ന പദപ്രയോഗം “പുരുഷന്മാർ; ആണുങ്ങൾ” എന്നതിനുള്ള ഗ്രീക്ക് പദപ്രയോഗത്തോടൊപ്പമാണു (അനേർ) മൂലപാഠത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നതു യൂദാസ് ഈസ്കര്യോത്തിനു പകരം അപ്പോസ്തലനായി ആരെ തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കുന്ന സന്ദർഭത്തെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ മൂലഭാഷയിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതു സഭയിലെ പുരുഷന്മാരെ മാത്രം അഭിസംബോധന ചെയ്യാനായിരിക്കണം.
തലകീഴായി താഴേക്കു വീണു, ശരീരം പിളർന്നു: യൂദാസിന്റെ മരണത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിൽ കാണുന്നതു യൂദാസ് “തൂങ്ങിമരിച്ചു” എന്നാണ്. അയാൾ ആത്മഹത്യ ചെയ്തത് എങ്ങനെയാണ് എന്നാണു മത്തായി വിവരിക്കുന്നത്. (മത്ത 27:5) എന്നാൽ ലൂക്കോസിന്റെ ഈ വിവരണത്തിൽ കാണുന്നത്, യൂദാസിന് അവസാനം എന്തു സംഭവിച്ചു എന്നാണ്. ഈ രണ്ടു വിവരണങ്ങളും കൂട്ടിവായിക്കുമ്പോൾ നമുക്കു കിട്ടുന്ന ചിത്രം ഇതാണ്: സാധ്യതയനുസരിച്ച് യൂദാസ് കീഴ്ക്കാന്തൂക്കായ ഒരു പാറയുടെ മുകളിലുള്ള ഒരു സ്ഥലത്ത് കെട്ടിത്തൂങ്ങി. പിന്നീട് ആ കയറ് പൊട്ടുകയോ മരക്കമ്പ് ഒടിയുകയോ ചെയ്തപ്പോൾ അയാളുടെ ശരീരം താഴെയുള്ള പാറക്കെട്ടിൽ വീണ് പിളർന്നുപോയി. യരുശലേമിന്റെ പരിസരപ്രദേശത്തെ ഭൂപ്രകൃതിയും ഇങ്ങനെയൊരു നിഗമനത്തെ ശരിവെക്കുന്നു. കാരണം കുത്തനെ ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകളുള്ള ഒരു പ്രദേശമാണ് അത്.
അവന്റെ മേൽവിചാരകസ്ഥാനം: അഥവാ “മേൽവിചാരകനായുള്ള അവന്റെ നിയമനം.” എപീസ്കൊപെ എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. “മേൽവിചാരകൻ” എന്നതിന്റെ ഗ്രീക്കുപദമായ എപീസ്കൊപൊസ് എന്ന നാമപദത്തോടും എബ്ര 12:15-ൽ “ഉറപ്പു വരുത്തുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എപീസ്കൊപെയോ എന്ന ഗ്രീക്ക് ക്രിയാപദത്തോടും ബന്ധമുള്ള ഒരു പദമാണ് ഇത്. അവിശ്വസ്തനായിത്തീർന്ന യൂദാസിന്റെ സ്ഥാനത്തേക്കു മറ്റൊരാൾ വരണമെന്ന തന്റെ നിർദേശത്തെ പിന്തുണയ്ക്കാൻ പത്രോസ് ഇവിടെ സങ്ക 109:8-ൽനിന്ന് ഉദ്ധരിക്കുകയായിരുന്നു. ആ തിരുവെഴുത്തിന്റെ എബ്രായപാഠത്തിൽ കാണുന്നതു പെക്യുഡാ എന്ന വാക്കാണ്. ആ പദത്തെ “മേൽവിചാരകസ്ഥാനം; മേൽവിചാരണ; മേൽവിചാരകന്മാർ” എന്നൊക്കെ തർജമ ചെയ്യാനാകും. (സംഖ 4:16; യശ 60:17) സങ്ക 109:8-ന്റെ സെപ്റ്റുവജിന്റ് പരിഭാഷയിൽ (108:8, LXX) ആ എബ്രായപദത്തിന്റെ സ്ഥാനത്ത്, പ്രവൃ 1:20-ൽ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്കുപദം കാണാം. ദൈവപ്രചോദിതനായി പത്രോസ് നടത്തിയ ഈ പ്രസ്താവനയിൽനിന്ന്, ഓരോ അപ്പോസ്തലനും മേൽവിചാരകൻ എന്ന സ്ഥാനം, അഥവാ നിയമനം, ഉണ്ടായിരുന്നെന്നു വ്യക്തമാണ്. അവരെ യേശു നേരിട്ട് നിയമിക്കുകയായിരുന്നു. (മർ 3:14) അതുകൊണ്ടുതന്നെ എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ക്രിസ്തീയസഭ സ്ഥാപിതമായപ്പോൾ അതിനു 12 മേൽവിചാരകന്മാരാണ് ഉണ്ടായിരുന്നത്. ആ ഒരൊറ്റ ദിവസംകൊണ്ട് സഭയുടെ അംഗസംഖ്യ ഏതാണ്ട് 120-ൽനിന്ന് 3,000-ത്തോളം ആയി ഉയർന്നു. (പ്രവൃ 1:15; 2:41) അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സഭയെ പരിപാലിക്കുന്നതിനുവേണ്ടി തുടർന്ന് മറ്റുള്ളവരെയും മേൽവിചാരകന്മാരായി നിയമിച്ചു. എങ്കിലും അപ്പോസ്തലന്മാരുടെ മേൽവിചാരകസ്ഥാനത്തിന് അപ്പോഴും ഒരു പ്രത്യേകതയുണ്ടായിരുന്നു. കാരണം ഭാവിയിൽ പുതിയ യരുശലേമിന്റെ ‘12 അടിസ്ഥാനശിലകളാകേണ്ടത്’ ഈ 12 അപ്പോസ്തലന്മാരായിരിക്കണം എന്നതായിരുന്നു സാധ്യതയനുസരിച്ച് യഹോവയുടെ ഉദ്ദേശ്യം.—വെളി 21:14; പ്രവൃ 20:28-ന്റെ പഠനക്കുറിപ്പു കാണുക.
യേശു ഞങ്ങൾക്കിടയിൽ പ്രവർത്തിച്ചു: അക്ഷ. “ഞങ്ങൾക്കിടയിൽ പോകുകയും വരുകയും ചെയ്തു.” ഇതൊരു സെമിറ്റിക്ക് ഭാഷാശൈലിയാണ്. മറ്റ് ആളുകളോടൊപ്പം അനുദിനജീവിതത്തിലെ ഓരോരോ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെയാണ് ഇതു കുറിക്കുന്നത്. “ഞങ്ങൾക്കിടയിൽ താമസിച്ചു” എന്നും ഇതു പരിഭാഷപ്പെടുത്താം.—ആവ 28:6, 19; സങ്ക 121:8, അടിക്കുറിപ്പ് എന്നിവ താരതമ്യം ചെയ്യുക.
മത്ഥിയാസ്: മത്ഥ്യാസ് എന്ന ഗ്രീക്കുപേര് മത്ഥഥ്യാസ് എന്നതിന്റെ ഒരു ഹ്രസ്വരൂപമായിരിക്കാം. “യഹോവയുടെ സമ്മാനം” എന്ന് അർഥമുള്ള “മത്ഥിഥ്യ” (1ദിന 15:18) എന്ന എബ്രായപേരിൽനിന്ന് വന്നിട്ടുള്ളതാണ് ഇത്. യേശുവിന്റെ മൂന്നരവർഷക്കാലത്തെ ശുശ്രൂഷയിൽ ഉടനീളം മത്ഥിയാസ് ക്രിസ്തുവിന്റെ അനുഗാമിയായി ഉണ്ടായിരുന്നെന്നു പത്രോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. (പ്രവൃ 1:21, 22) അദ്ദേഹം അപ്പോസ്തലന്മാരുമായി വളരെ അടുത്ത് പ്രവർത്തിച്ച ആളും സർവസാധ്യതയുമനുസരിച്ച്, യേശു പ്രസംഗപ്രവർത്തനത്തിനായി അയച്ച 70 ശിഷ്യന്മാരിൽ ഒരാളും ആയിരുന്നു. (ലൂക്ക 10:1) മത്ഥിയാസിനെ തിരഞ്ഞെടുത്തശേഷം അദ്ദേഹത്തെ ‘11 അപ്പോസ്തലന്മാരുടെകൂടെ കൂട്ടിയതായി’ തിരുവെഴുത്തുകൾ പറയുന്നു. (പ്രവൃ 1:26) തുടർന്നങ്ങോട്ട് പ്രവൃത്തികളുടെ പുസ്തകത്തിൽ, “അപ്പോസ്തലന്മാർ” എന്നോ “12 അപ്പോസ്തലന്മാർ” എന്നോ പറഞ്ഞിരിക്കുന്നതു മത്ഥിയാസിനെയുംകൂടെ ഉൾപ്പെടുത്തിയാണ്.—പ്രവൃ 2:37, 43; 4:33, 37; 5:12, 29; 6:2, 6; 8:1, 14.
എല്ലാവരുടെയും ഹൃദയങ്ങളെ അറിയുന്ന: ദൈവമായ യഹോവയ്ക്കു ഹൃദയം വായിക്കാൻ കഴിവുള്ളതായി എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. (ആവ 8:2; 1ശമു 16:7; 1രാജ 8:39; 1ദിന 28:9; സങ്ക 44:21; യിര 11:20; 17:10) അതുകൊണ്ടുതന്നെ എബ്രായഭാഷക്കാരായ ആ ജൂതന്മാർ ദൈവത്തോടു പ്രാർഥിച്ച ഈ സന്ദർഭത്തിൽ സ്വാഭാവികമായും ദൈവത്തിന്റെ പേര് ഉപയോഗിച്ചിട്ടുണ്ടാകണം. ഈ വാക്യത്തിൽ “ഹൃദയങ്ങളെ അറിയുന്ന” എന്നു പരിഭാഷ ചെയ്തിരിക്കുന്നതു കാർഡിയോഗ്നോസ്റ്റിസ് (അക്ഷ. “ഹൃദയങ്ങളെ അറിയുന്നവൻ”) എന്ന ഗ്രീക്കുപദമാണ്. ഇവിടെയും പ്രവൃ 15:8-ലും മാത്രമേ ഈ പദം കാണുന്നുള്ളൂ. “ഹൃദയങ്ങളെ അറിയുന്ന ദൈവം” എന്നാണ് ആ വാക്യത്തിൽ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
യഹോവേ: ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഇവിടെ ‘കർത്താവ്’ (ഗ്രീക്കിൽ, കിരിയോസ്) എന്ന പദമാണു കാണുന്നത്. എന്നാൽ അനു. സി-യിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഈ വാക്യത്തിന്റെ മൂലപാഠത്തിൽ ദൈവനാമം ഉണ്ടായിരുന്നെന്നും പിന്നീട് അതിനു പകരമായി “കർത്താവ്” എന്ന സ്ഥാനപ്പേര് ചേർത്തതാണെന്നും വിശ്വസിക്കാൻ തക്കതായ കാരണമുണ്ട്. അതുകൊണ്ടാണ് ഇവിടെ യഹോവ എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്.
നറുക്കിട്ടു: ക്രിസ്തുവിനു മുമ്പുള്ള കാലങ്ങളിൽ ദൈവദാസന്മാർ തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയുടെ ഇഷ്ടം എന്താണെന്ന് ഉറപ്പുവരുത്താൻ പലപ്പോഴും നറുക്കിടാറുണ്ടായിരുന്നു. (ലേവ 16:8; സംഖ 33:54; 1ദിന 25:8; സുഭ 16:33; 18:18; പദാവലിയിൽ “നറുക്ക്” കാണുക.) യേശുവിന്റെ അനുഗാമികൾ ഇത്തരത്തിൽ നറുക്കിട്ടതിനെക്കുറിച്ച് ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ ഒരൊറ്റ തവണയേ പറഞ്ഞിട്ടുള്ളൂ. യൂദാസ് ഈസ്കര്യോത്തിനു പകരം നിയമിക്കാനായി നിർദേശിക്കപ്പെട്ട രണ്ടു പേരിൽ ആരെ തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാനാണു ശിഷ്യന്മാർ നറുക്കിട്ടത്. ഇക്കാര്യത്തിൽ യഹോവയുടെ മാർഗനിർദേശം തങ്ങൾക്ക് ആവശ്യമാണെന്ന് അവർക്ക് അറിയാമായിരുന്നു. 12 അപ്പോസ്തലന്മാരിൽ ഓരോരുത്തരെയും യേശുപോലും നിയമിച്ചത് ഒരു രാത്രി മുഴുവൻ പിതാവിനോടു പ്രാർഥിച്ചശേഷമാണ്. (ലൂക്ക 6:12, 13) അതുകൊണ്ടുതന്നെ ‘നറുക്ക് മത്ഥിയാസിനു വീഴുന്നതിനു’ മുമ്പായി ശിഷ്യന്മാർ പല തിരുവെഴുത്തുകളും പരിശോധിക്കുകയും യഹോവ ആരെയാണു തിരഞ്ഞെടുത്തിരിക്കുന്നതെന്നു ‘കാണിച്ചുതരാൻ’ പ്രത്യേകമായി പ്രാർഥിക്കുകയും ചെയ്തു എന്നതു ശ്രദ്ധേയമാണ്. (പ്രവൃ 1:20, 23-25) എന്നാൽ എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം ഒരിക്കൽപ്പോലും മേൽവിചാരകന്മാരെയും അവരുടെ സഹായികളെയും തിരഞ്ഞെടുക്കുന്നതിനോ സുപ്രധാനകാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനോ നറുക്കിട്ടതായി ബൈബിളിൽ രേഖയില്ല. ക്രിസ്തീയസഭയുടെ മേൽ പരിശുദ്ധാത്മാവ് സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഇങ്ങനെ നറുക്കിടേണ്ട ആവശ്യമില്ലാതായി. (പ്രവൃ 6:2-6; 13:2; 20:28; 2തിമ 3:16, 17) അതിനു ശേഷം മേൽവിചാരകന്മാരെ നിയമിച്ചിരുന്നതു നറുക്കിട്ടല്ല, ജീവിതത്തിൽ അവർ പരിശുദ്ധാത്മാവിന്റെ ഫലം പ്രകടിപ്പിക്കുന്നുണ്ടോ എന്നു നോക്കിയാണ്. (1തിമ 3:1-13; തീത്ത 1:5-9) നറുക്കിടുന്ന രീതി മറ്റു സംസ്കാരങ്ങളിലും ഉണ്ടായിരുന്നു. (എസ്ഥ 3:7; യോവ 3:3; ഓബ 11) ഉദാഹരണത്തിന്, സങ്ക 22:18-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ റോമൻ പടയാളികൾ യേശുവിന്റെ വസ്ത്രത്തിനുവേണ്ടി നറുക്കിട്ടു. എന്നാൽ അവർ അതു ചെയ്തതു ബൈബിൾപ്രവചനം നിറവേറ്റാനായിരുന്നില്ല, പകരം സ്വന്തം നേട്ടത്തിനുവേണ്ടിയായിരുന്നു.—യോഹ 19:24; മത്ത 27:35-ന്റെ പഠനക്കുറിപ്പു കാണുക.
അപ്പോസ്തലന്മാരുടെകൂടെ കൂട്ടി: അഥവാ “അപ്പോസ്തലന്മാരുടെകൂടെ എണ്ണി.” അതായത്, മറ്റ് 11 അപ്പോസ്തലന്മാരെപ്പോലെതന്നെ കണക്കാക്കി. അതുകൊണ്ടുതന്നെ പെന്തിക്കോസ്ത് ഉത്സവത്തിന്റെ സമയമായപ്പോൾ ആത്മീയ ഇസ്രായേലിന്റെ അടിസ്ഥാനമാകാൻ അപ്പോസ്തലന്മാരായി 12 പേരുണ്ടായിരുന്നു. പുനരുത്ഥാനശേഷം യേശു ആളുകൾക്കു പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളിൽ സന്നിഹിതരായിരുന്ന ‘12 അപ്പോസ്തലന്മാരിൽ’ ഒരാൾ മത്ഥിയാസായിരുന്നിരിക്കാം. (1കൊ 15:4-8, അടിക്കുറിപ്പ്) ഇനി, ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർക്കിടയിലുണ്ടായ പ്രശ്നം പരിഹരിക്കുന്നതിലും മത്ഥിയാസ് മറ്റ് അപ്പോസ്തലന്മാരോടൊപ്പം ഉണ്ടായിരുന്നിരിക്കണം.—പ്രവൃ 6:1, 2.
ദൃശ്യാവിഷ്കാരം
സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
1. ഒലിവുമലയിലെ ബഥാന്യക്ക് അടുത്തുവെച്ച് യേശു ശിഷ്യന്മാരോട്, “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ” തന്നെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ ആവശ്യപ്പെടുന്നു (പ്രവൃ 1:8)
2. പെന്തിക്കോസ്ത് ഉത്സവത്തിന്റെ ദിവസം ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകരുന്നു; അവർ വ്യത്യസ്തഭാഷകളിൽ സാക്ഷ്യം നൽകുന്നു (പ്രവൃ 2:1-6)
3. ദേവാലയത്തിന്റെ സുന്ദരകവാടത്തിന് അടുത്തുവെച്ച് മുടന്തനെ സുഖപ്പെടുത്തുന്നു (പ്രവൃ 3:1-8)
4. സൻഹെദ്രിന്റെ മുന്നിൽവെച്ച് അപ്പോസ്തലന്മാർ “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്” എന്നു പറയുന്നു (പ്രവൃ 5:27-29)
5. യരുശലേമിനു വെളിയിൽവെച്ച് സ്തെഫാനൊസിനെ കല്ലെറിഞ്ഞ് കൊല്ലുന്നു (പ്രവൃ 7:54-60)
6. ശിഷ്യന്മാർ ചിതറിക്കപ്പെട്ടപ്പോൾ ഫിലിപ്പോസ് ശമര്യയിൽ ചെന്ന് പ്രസംഗിക്കാൻ തുടങ്ങുന്നു; സ്നാനമേറ്റവർക്കു പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിനു പത്രോസിനെയും യോഹന്നാനെയും ശമര്യയിലേക്ക് അയയ്ക്കുന്നു (പ്രവൃ 8:4, 5, 14, 17)
7. യരുശലേമിൽനിന്ന് ഗസ്സയിലേക്കു പോകുന്ന വഴിയിൽവെച്ച് ഫിലിപ്പോസ് ഒരു എത്യോപ്യക്കാരൻ ഷണ്ഡനോടു പ്രസംഗിക്കുന്നു; അദ്ദേഹത്തെ സ്നാനപ്പെടുത്തുന്നു.—“സുവിശേഷകനായ ഫിലിപ്പോസിന്റെ പ്രവർത്തനം” എന്ന ഭൂപടം കാണുക (പ്രവൃ 8:26-31, 36-38)
8. ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് യേശു ശൗലിനു പ്രത്യക്ഷനാകുന്നു (പ്രവൃ 9:1-6)
9. നേർവീഥി എന്ന തെരുവിലേക്കു ചെന്ന് ശൗലിനെ സഹായിക്കാൻ യേശു അനന്യാസിനോടു പറയുന്നു; ശൗൽ സ്നാനപ്പെടുന്നു (പ്രവൃ 9:10, 11, 17, 18)
10. ഡോർക്കസ് മരിച്ചപ്പോൾ ശിഷ്യന്മാർ സമീപപ്രദേശമായ ലുദ്ദയിൽനിന്ന് പത്രോസിനെ വിളിപ്പിക്കുന്നു; അദ്ദേഹം യോപ്പയിലേക്കു ചെന്ന് ഡോർക്കസിനെ ഉയിർപ്പിക്കുന്നു (പ്രവൃ 9:36-41)
11. യോപ്പയിൽ താമസിക്കുമ്പോൾ, ശുദ്ധീകരിക്കപ്പെട്ട മൃഗങ്ങളെക്കുറിച്ചുള്ള ഒരു ദർശനം പത്രോസ് കാണുന്നു (പ്രവൃ 9:43; 10:9-16)
12. പത്രോസ് കൈസര്യയിൽ ചെന്ന് കൊർന്നേല്യൊസിനോടും ജനതകളിൽപ്പെട്ട, പരിച്ഛേദനയേറ്റിട്ടില്ലാത്ത മറ്റുള്ളവരോടും പ്രസംഗിക്കുന്നു; അവർ വിശ്വസിക്കുന്നു, അവർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നു, അവർ സ്നാനമേൽക്കുന്നു (പ്രവൃ 10:23, 24, 34-48)
13. സിറിയയിലെ അന്ത്യോക്യയിൽവെച്ച് ശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കുന്നു (പ്രവൃ 11:26)
14 ഹെരോദ് യാക്കോബിനെ വധിക്കുന്നു, പത്രോസിനെ തടവിലാക്കുന്നു; പത്രോസിനെ ദൈവദൂതൻ സ്വതന്ത്രനാക്കുന്നു (പ്രവൃ 12:2-4, 6-10)
15. ബർന്നബാസിന്റെയും യോഹന്നാൻ മർക്കോസിന്റെയും കൂടെ പൗലോസ് ഒന്നാം മിഷനറിയാത്ര തുടങ്ങുന്നു.—“പൗലോസിന്റെ ഒന്നാം മിഷനറിയാത്ര” എന്ന ഭൂപടം കാണുക (പ്രവൃ 12:25; 13:4, 5)
16. അന്ത്യോക്യയിൽവെച്ച് പരിച്ഛേദനയെക്കുറിച്ച് തർക്കമുണ്ടായപ്പോൾ പൗലോസും ബർന്നബാസും ആ പ്രശ്നവുമായി യരുശലേമിലെ അപ്പോസ്തലന്മാരെയും മൂപ്പന്മാരെയും സമീപിക്കുന്നു; ആ യോഗത്തിനു ശേഷം അന്ത്യോക്യയിലേക്കു മടങ്ങുന്നു (പ്രവൃ 15:1-4, 6, 22-31)
17. പൗലോസിന്റെ രണ്ടാം മിഷനറിയാത്ര തുടങ്ങുന്നു.—“പൗലോസിന്റെ രണ്ടാം മിഷനറിയാത്ര” എന്ന ഭൂപടം കാണുക
18. പൗലോസിന്റെ മൂന്നാം മിഷനറിയാത്ര തുടങ്ങുന്നു.—“പൗലോസിന്റെ മൂന്നാം മിഷനറിയാത്ര” എന്ന ഭൂപടം കാണുക
19. പൗലോസ് യരുശലേമിലായിരിക്കുമ്പോൾ ദേവാലയത്തിൽവെച്ച് ഒരു ലഹള ഉണ്ടാകുന്നു; പൗലോസിനെ അറസ്റ്റ് ചെയ്യുന്നു; അന്റോണിയ കോട്ടയുടെ പടവുകളിൽവെച്ച് അദ്ദേഹം ജനത്തോടു സംസാരിക്കുന്നു (പ്രവൃ 21:27-40)
20. പൗലോസിനെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നത് അറിഞ്ഞപ്പോൾ സൈനിക അകമ്പടിയോടെ അദ്ദേഹത്തെ അന്തിപത്രിസിലേക്ക് അയയ്ക്കുന്നു; അവിടെനിന്ന് കൈസര്യയിലേക്കു കൊണ്ടുപോകുന്നു (പ്രവൃ 23:12-17, 23, 24, 31-35)
21. പൗലോസിനെ ഫെസ്തൊസിന്റെ മുന്നിൽവെച്ച് വിചാരണ ചെയ്യുന്നു; സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാനുള്ള ആഗ്രഹം പൗലോസ് അറിയിക്കുന്നു (പ്രവൃ 25:8-12)
22. റോമിലേക്കുള്ള പൗലോസിന്റെ യാത്രയുടെ ആദ്യഘട്ടം.—“റോമിലേക്കുള്ള പൗലോസിന്റെ യാത്ര” എന്ന ഭൂപടം കാണുക
കിഴക്കുനിന്ന് യരുശലേമിലേക്ക് എത്തുന്ന വഴിയാണ് ഈ ഹ്രസ്വവീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇന്ന് എറ്റ്-റ്റർ എന്ന് അറിയപ്പെടുന്ന ഗ്രാമത്തിൽനിന്ന് (ബൈബിളിൽ പറഞ്ഞിരിക്കുന്ന ബേത്ത്ഫാഗയാണ് ഇതെന്നു കരുതപ്പെടുന്നു.) ഒലിവുമലയിലെ ഉയരമേറിയ ഒരു ഭാഗംവരെ ഈ വീഡിയോ നമ്മളെ കൊണ്ടുപോകുന്നു. ഒലിവുമലയുടെ കിഴക്കേ ചെരിവിലായി ബേത്ത്ഫാഗയുടെ കിഴക്കുവശത്താണു ബഥാന്യ സ്ഥിതി ചെയ്യുന്നത്. യരുശലേമിൽ എത്തുമ്പോഴൊക്കെ യേശുവും ശിഷ്യന്മാരും രാത്രി തങ്ങിയിരുന്നതു ബഥാന്യയിലാണ്. ഇന്ന് എൽ-അസറിയാഹ് (എൽ ഐസറിയ) എന്നാണ് ആ പട്ടണം അറിയപ്പെടുന്നത്. അറബിയിലുള്ള ഈ പേരിന്റെ അർഥം ‘ലാസറിന്റെ സ്ഥലം’ എന്നാണ്. യേശു അവിടെ താമസിച്ചിരുന്നതു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട്ടിലാണ് എന്നതിനു സംശയമില്ല. (മത്ത 21:17; മർ 11:11; ലൂക്ക 21:37; യോഹ 11:1) അവരുടെ വീട്ടിൽനിന്ന് യരുശലേമിലേക്ക് യാത്ര ചെയ്തിരുന്നപ്പോൾ, വീഡിയോയിൽ കാണുന്നതുപോലുള്ള ഒരു വഴിയിലൂടെയായിരിക്കാം യേശു പോയിരുന്നത്. എ.ഡി. 33 നീസാൻ 9-ന് യേശു ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി യരുശലേം നഗരത്തിലേക്കു വന്നതു ബേത്ത്ഫാഗയിൽനിന്നായിരിക്കാം. യേശു വന്നത്, ബേത്ത്ഫാഗയിൽനിന്ന് ഒലിവുമല കടന്ന് യരുശലേമിലേക്കുള്ള വഴിയിലൂടെയായിരിക്കാം.
1. ബഥാന്യയിൽനിന്ന് ബേത്ത്ഫാഗയിലേക്കുള്ള വഴി
2. ബേത്ത്ഫാഗ
3. ഒലിവുമല
4. കിദ്രോൻ താഴ്വര
5. ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലം
ഇസ്രായേലിലെ ചില വീടുകൾക്കു രണ്ടാംനിലയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അകത്തുനിന്നോ പുറത്തുനിന്നോ ഒരു ഏണിവെച്ചാണ് അവിടേക്കു കയറിയിരുന്നത്. ചിലർ അതിനായി വീടിനുള്ളിൽ തടികൊണ്ടുള്ള ഗോവണിപ്പടികൾ പണിതിരുന്നു. രണ്ടാം നിലയിലേക്കു പുറത്തുകൂടെ കൽപ്പടികൾ കെട്ടുന്ന രീതിയും ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരോടൊപ്പം അവസാനത്തെ പെസഹ ആഘോഷിച്ചതും കർത്താവിന്റെ സന്ധ്യാഭക്ഷണം തുടർന്നും ആചരിക്കാൻ നിർദേശിച്ചതും ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലുള്ള വിശാലമായൊരു മേൽമുറിയിൽവെച്ചായിരിക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ഏതാണ്ട് 120 ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ അവർ സാധ്യതയനുസരിച്ച് യരുശലേമിലെ ഒരു വീടിന്റെ മുകളിലത്തെ മുറിയിലായിരുന്നു.—പ്രവൃ 1:15; 2:1-4.