അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 10:1-48
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
‘ഇറ്റലിക്കാരുടെ വിഭാഗം’ എന്ന് അറിയപ്പെട്ടിരുന്ന സൈനികവിഭാഗം: ലഗ്യോൻ എന്ന് അറിയപ്പെട്ടിരുന്ന സാധാരണ റോമൻ സൈനികവിഭാഗങ്ങളിൽനിന്ന് വേർതിരിച്ചറിയാനായിരിക്കാം ഇതിന് ഈ പേര് നൽകിയിരുന്നത്. ഈ വിഭാഗത്തിൽ 400 മുതൽ 600 പടയാളികൾവരെ ഉണ്ടാകാം, അതായത് ഒരു ലഗ്യോന്റെ പത്തിലൊന്നോളം. (മത്ത 26:53-ന്റെ പഠനക്കുറിപ്പു കാണുക.) എ.ഡി. 69-ൽ സിറിയയിൽ, ‘റോമൻ പൗര സന്നദ്ധസേവകരുടെ രണ്ടാം ഇറ്റാലിയൻ വിഭാഗം’ (ലത്തീനിൽ, കൊഹോഴ്സ് II ഇറ്റാലിക്കാ വൊളണ്ടേറ്യോറം കീവ്യും റോമാനോറം) എന്നൊരു സൈനികഗണം ഉണ്ടായിരുന്നതിന്റെ തെളിവുകളുണ്ട്. ഈ വാക്യത്തിൽ ‘ഇറ്റലിക്കാരുടെ വിഭാഗം‘ എന്നു പറഞ്ഞിരിക്കുന്നത് ഇതിനെക്കുറിച്ചാണെന്നു ചിലർ അഭിപ്രായപ്പെടുന്നു.
സൈനികവിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു: അഥവാ “സൈനികവിഭാഗത്തിലെ ശതാധിപനായിരുന്നു.” റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവിയായിരുന്നു ശതാധിപൻ.
ഏകദേശം ഒൻപതാം മണി: അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
ശിമോൻ എന്ന തോൽപ്പണിക്കാരൻ: തോൽപ്പണിക്കാരന്റെ ജോലിയിൽ പല കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ആദ്യം അയാൾ ചുണ്ണാമ്പുലായനി ഉപയോഗിച്ച് മൃഗത്തോലിൽനിന്ന് രോമവും മാംസത്തിന്റെയോ കൊഴുപ്പിന്റെയോ അവശിഷ്ടങ്ങളും നീക്കംചെയ്യും. എന്നിട്ട് വീര്യം കൂടിയ ഒരു ദ്രാവകം ഉപയോഗിച്ച് തോൽ സംസ്കരിച്ചിട്ടാണു തുകലുത്പന്നങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇത്തരത്തിൽ മൃഗത്തോൽ സംസ്കരിക്കുമ്പോൾ വല്ലാത്ത ദുർഗന്ധം ഉണ്ടാകും. ഈ പ്രക്രിയയ്ക്കു ധാരാളം വെള്ളവും ആവശ്യമായിരുന്നിരിക്കാം. സാധ്യതയനുസരിച്ച് അതുകൊണ്ടാണു ശിമോൻ കടൽത്തീരത്ത് താമസിച്ചിരുന്നത്. യോപ്പയുടെ തിരക്കുകളിൽനിന്നെല്ലാം അല്പം മാറിയുള്ള ഒരു സ്ഥലമായിരുന്നിരിക്കാം അത്. മൃഗങ്ങളുടെ ജഡവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നവർ മോശയുടെ നിയമമനുസരിച്ച് ആചാരപരമായി അശുദ്ധരായിരുന്നു. (ലേവ 5:2; 11:39) അതുകൊണ്ടുതന്നെ പല ജൂതന്മാരും തോൽപ്പണിക്കാരെ അവജ്ഞയോടെയാണു കണ്ടിരുന്നത്. അവരുടെകൂടെ താമസിക്കാനും പൊതുവേ ജൂതന്മാർക്കു മടിയായിരുന്നു. വാസ്തവത്തിൽ മൃഗങ്ങളുടെ വിസർജ്യം ശേഖരിക്കുന്നതിനെക്കാൾ താഴ്ന്ന ജോലിയായിട്ടാണു പിൽക്കാലത്ത് താൽമൂദ് തോൽപ്പണിയെ വിശേഷിപ്പിച്ചത്. എന്നാൽ പത്രോസ് അത്തരം മുൻവിധിയൊന്നുമില്ലാതെ ശിമോന്റെകൂടെ താമസിച്ചു. പത്രോസിന്റെ ഈ വിശാലമനസ്കത അദ്ദേഹത്തിന് അടുത്തതായി ലഭിക്കാനിരുന്ന നിയമനത്തിലേക്കുള്ള ഒരു ചുവടുവെപ്പായിരുന്നെന്നു പറയാം. കാരണം ജൂതനല്ലാത്ത ഒരാളെ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്ന് കാണുക എന്നതായിരുന്നു ആ നിയമനം. ‘തോൽപ്പണിക്കാരൻ’ എന്നതിന്റെ ഗ്രീക്കുപദം (ബുർസെയൂസ്) ശിമോന്റെ വിളിപ്പേരായിരുന്നെന്നും ചില പണ്ഡിതന്മാർ കരുതുന്നു.
ഏകദേശം ആറാം മണി: അതായത്, പകൽ ഏകദേശം 12 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
വീടിനു മുകളിൽ: ഇസ്രായേല്യരുടെ വീടുകൾക്കു പരന്ന മേൽക്കൂരയാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ സംഭരിക്കുക (യോശ 2:6), വിശ്രമിക്കുക (2ശമു 11:2), ഉറങ്ങുക (1ശമു 9:26), ആരാധനയുടെ ഭാഗമായ ഉത്സവങ്ങൾ കൊണ്ടാടുക (നെഹ 8:16-18), സ്വസ്ഥമായിരുന്ന് പ്രാർഥിക്കുക എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി അത് ഉപയോഗിച്ചിരുന്നു. അന്നത്തെ കപടഭക്തരായ ആളുകളെപ്പോലെ മറ്റുള്ളവരെ കാണിക്കാൻവേണ്ടിയല്ല പത്രോസ് വീടിനു മുകളിൽ പോയി പ്രാർഥിച്ചത്. (മത്ത 6:5) പരന്ന മേൽക്കൂരയ്ക്കു ചുറ്റും കൈമതിൽ കെട്ടിയിരുന്നതുകൊണ്ട് പത്രോസിനെ മറ്റുള്ളവർ കണ്ടിരിക്കാൻ വഴിയില്ല. (ആവ 22:8) വൈകുന്നേരങ്ങളിൽ തെരുവുകളിലെ ഒച്ചയും ബഹളവും ഒന്നും കേൾക്കാതെ സ്വസ്ഥമായിരിക്കാൻ പറ്റിയ ഒരിടവുമായിരുന്നു അത്.—മത്ത 24:17-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു സ്വപ്നാവസ്ഥയിലായി: ഇവിടെ എക്സ്റ്റാസിസ് [എക് (“വ്യത്യസ്തമായി”) എന്നും സ്റ്റാസിസ് (“നിൽക്കുന്ന”) എന്നും ഉള്ള രണ്ടു ഗ്രീക്കുപദങ്ങളിൽനിന്ന് വന്നിരിക്കുന്നത്.] എന്ന ഗ്രീക്കുപദമാണു കാണുന്നത്. അത്ഭുതവും അമ്പരപ്പും കാരണമോ ദൈവത്തിൽനിന്നുള്ള ഒരു ദർശനം കണ്ടിട്ടോ ഒരാൾ പ്രത്യേകമായൊരു മാനസികാവസ്ഥയിലാകുന്നതിനെയാണ് ഇതു കുറിക്കുന്നത്. ഇതേ ഗ്രീക്കുപദത്തെ “സന്തോഷംകൊണ്ട് മതിമറന്നു” (മർ 5:42), ‘വിസ്മയിച്ചു’ (ലൂക്ക 5:26), “അമ്പരന്നു” (മർ 16:8) എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തികളുടെ പുസ്തകത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു ദൈവത്തിന്റെ ഇടപെടലുമായി ബന്ധപ്പെടുത്തിയാണ്. സാധ്യതയനുസരിച്ച് അത്തരം സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ഒരാളുടെ മനസ്സിലേക്ക് ഒരു ദർശനമോ ദൈവോദ്ദേശ്യവുമായി ബന്ധപ്പെട്ട ഒരു ചിത്രമോ നൽകും. ആ സമയത്ത് അയാൾ അങ്ങേയറ്റം ഏകാഗ്രതയിലോ നിദ്രാസമാനമായ ഒരു അവസ്ഥയിലോ ആയിരിക്കും. ഇത്തരത്തിൽ ദർശനം കാണുന്നയാൾ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ബോധവാനായിരിക്കില്ല.—പ്രവൃ 22:17-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവികനിർദേശം ലഭിച്ചു: ഇവിടെ കാണുന്ന ക്രിമാറ്റിസോ എന്ന ഗ്രീക്ക് ക്രിയാപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒൻപത് പ്രാവശ്യം കാണാം. (മത്ത 2:12, 22; ലൂക്ക 2:26; പ്രവൃ 10:22; 11:26; റോമ 7:3; എബ്ര 8:5; 11:7; 12:25) ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്ന കാര്യങ്ങളെ കുറിക്കാനാണു മിക്ക സന്ദർഭങ്ങളിലും ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഇവിടെ ഈ ക്രിയാപദം കാണുന്നതു ‘വിശുദ്ധദൂതൻ’ എന്ന പദപ്രയോഗത്തോടൊപ്പമാണ്. ഇനി, മത്ത 2:12, 22 വാക്യങ്ങളിൽ, ദൈവത്തിൽനിന്ന് ലഭിച്ച സ്വപ്നങ്ങളെക്കുറിച്ച് പറയുന്നിടത്താണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടു ബന്ധമുള്ള ക്രിമാറ്റിസ്മോസ് എന്ന നാമപദം റോമ 11:4-ൽ കാണാം. മിക്ക നിഘണ്ടുക്കളും പരിഭാഷകളും ആ പദം തർജമ ചെയ്തിരിക്കുന്നതു “ദൈവം പ്രഖ്യാപിച്ചത്; ദൈവത്തിന്റെ മറുപടി; ദൈവത്തിന്റെ ഉത്തരം” എന്നൊക്കെയാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഒരു എബ്രായപരിഭാഷയിൽ (അനു. സി4-ൽ J18 എന്നു സൂചിപ്പിച്ചിരിക്കുന്നു.), പ്രവൃ 10:22-ലെ ഈ വാക്യഭാഗം കാണുന്നത് “യഹോവയിൽനിന്നുള്ള കല്പന ലഭിച്ചു” എന്നാണ്.—പ്രവൃ 11:26-ന്റെ പഠനക്കുറിപ്പു കാണുക.
വണങ്ങി: അഥവാ “കുമ്പിട്ട് നമസ്കരിച്ചു; സാഷ്ടാംഗം പ്രണമിച്ചു; ആദരവ് കാണിച്ചു.” താൻ ഭൂമിയിലായിരിക്കെ ആളുകൾ തന്നെ വണങ്ങിയപ്പോൾ യേശു അവരെ ശാസിച്ചില്ല. (ലൂക്ക 5:12; യോഹ 9:38) കാരണം ദാവീദിന്റെ സിംഹാസനത്തിന് അവകാശിയായിരുന്ന യേശുവിന് ഒരു രാജാവിന്റെ ബഹുമതി ലഭിക്കാൻ എന്തുകൊണ്ടും അർഹതയുണ്ടായിരുന്നു. (മത്ത 21:9; യോഹ 12:13-15) ഇനി, പ്രവാചകന്മാരുടെയോ രാജാക്കന്മാരുടെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളുടെയോ മുന്നിൽ ആളുകൾ കുമ്പിട്ടതായി എബ്രായതിരുവെഴുത്തുകളിലും പറഞ്ഞിട്ടുണ്ട്. അവരാരും അതു നിരസിച്ചതായും കാണുന്നില്ല. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) എന്നാൽ കൊർന്നേല്യൊസ് പത്രോസിന്റെ കാൽക്കൽ വീണ് വണങ്ങിയപ്പോൾ “എഴുന്നേൽക്ക്, ഞാനും വെറും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞുകൊണ്ട് പത്രോസ് അതു നിരസിച്ചു. (പ്രവൃ 10:26) എന്തായിരിക്കാം അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്? ഭൂമിയിലെ ദൈവദാസന്മാർ തമ്മിൽത്തമ്മിൽ എങ്ങനെ ഇടപെടണം എന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ യേശുവിന്റെ ഉപദേശങ്ങളിൽനിന്ന് പത്രോസ് പഠിച്ചിരിക്കാം. ഉദാഹരണത്തിന്, യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു, നിങ്ങളോ എല്ലാവരും സഹോദരന്മാർ. . . . ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്; അതു ക്രിസ്തുവാണ്.”—മത്ത 23:8-12.
ഒരു ജൂതൻ അന്യജാതിക്കാരന്റെ അടുത്ത് ചെല്ലുന്നത് . . . ഞങ്ങളുടെ നിയമത്തിനു വിരുദ്ധമാണ്: ജനതകളിൽപ്പെട്ട ഒരാളുടെ വീട്ടിൽ കയറുന്നയാൾ ആചാരപരമായി അശുദ്ധനാകും എന്നാണു പത്രോസിന്റെ കാലത്തെ ജൂതമതനേതാക്കന്മാർ പഠിപ്പിച്ചിരുന്നത്. (യോഹ 18:28) എന്നാൽ ജനതകളിൽപ്പെട്ടവരുമായി ഇത്തരത്തിൽ ഇടപഴകുന്നതിനെ വിലക്കുന്ന പ്രത്യേകമായ കല്പനകളൊന്നും മോശയ്ക്കു കൊടുത്ത നിയമത്തിൽ ഇല്ലായിരുന്നു. മാത്രമല്ല, തന്റെ ജീവൻ മോചനവിലയായി നൽകി പുതിയ ഉടമ്പടി പ്രാബല്യത്തിൽ കൊണ്ടുവന്നതിലൂടെ യേശു ജൂതന്മാരെയും ജനതകളിൽപ്പെട്ടവരെയും വേർതിരിച്ച മതിൽ ഇടിച്ചുകളഞ്ഞിരുന്നു. അങ്ങനെ യേശു ഈ ‘രണ്ടു കൂട്ടരെയും ഒന്നിപ്പിച്ചു.’ (എഫ 2:11-16) എന്നാൽ അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷംപോലും ആദ്യകാലശിഷ്യന്മാർക്കു കഴിഞ്ഞില്ല. കാലങ്ങളായി ജൂതമതനേതാക്കന്മാർ ഉന്നമിപ്പിച്ചിരുന്ന ചിന്താരീതികൾ തങ്ങളുടെ ഹൃദയത്തിൽനിന്ന് പിഴുതെറിയാൻ ജൂതക്രിസ്ത്യാനികൾക്കു വർഷങ്ങൾതന്നെ വേണ്ടിവന്നു. കാരണം അത് അവരുടെ സംസ്കാരത്തോട് അത്രമാത്രം ഇഴുകിച്ചേർന്നിരുന്നു.
ഒൻപതാം മണി: അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവ: മിക്ക ഗ്രീക്കു കൈയെഴുത്തുപ്രതികളിലും ഇവിടെ “കർത്താവ്” (ഗ്രീക്കിൽ, തൗ കിരിയോ) എന്ന പദമാണു കാണുന്നത്. എന്നാൽ അനു. സി-യിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഈ വാക്യത്തിന്റെ മൂലപാഠത്തിൽ ദൈവനാമം ഉണ്ടായിരുന്നെന്നും പിന്നീട് അതിനു പകരമായി “കർത്താവ്” എന്ന സ്ഥാനപ്പേര് ചേർത്തതാണെന്നും വിശ്വസിക്കാൻ പല കാരണങ്ങളുമുണ്ട്. അതുകൊണ്ടാണ് ഇവിടെ യഹോവ എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്.
പക്ഷപാതമുള്ളവനല്ല: ഇവിടെ കാണുന്ന ഗ്രീക്ക് പദപ്രയോഗത്തിന്റെ അക്ഷരാർഥം “മുഖങ്ങൾ കണക്കിലെടുക്കാത്തവൻ (സ്വീകരിക്കാത്തവൻ)” എന്നാണ്. പക്ഷപാതമില്ലാത്ത ദൈവം പുറമേ കാണുന്നതുവെച്ച് ആളുകളെ വിധിക്കുകയോ അവരുടെ വംശം, ദേശം, സാമൂഹികപശ്ചാത്തലം എന്നിവപോലെ ബാഹ്യമായ ഏതെങ്കിലും ഘടകങ്ങളുടെ അടിസ്ഥാനത്തിൽ അവരോടു പ്രീതി കാണിക്കുകയോ ഇല്ല. ദൈവത്തിന്റെ ഈ ഗുണം അനുകരിക്കുന്ന ഒരാൾ പുറമേ കാണുന്നതുവെച്ച് ആരെയും വിധിക്കില്ല. പകരം അവരുടെ വ്യക്തിത്വത്തിനും അവർ സ്വന്തജീവിതത്തിൽ പകർത്തുന്ന ദൈവികഗുണങ്ങൾക്കും ആയിരിക്കും അയാൾ പ്രാധാന്യം കൊടുക്കുന്നത്.
ഇസ്രായേൽമക്കൾ: അഥവാ “ഇസ്രായേൽജനം; ഇസ്രായേല്യർ.”—പദാവലിയിൽ “ഇസ്രായേൽ” കാണുക.
സ്തംഭം: പ്രവൃ 5:30-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവവചനം കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വന്നു: സ്നാനമേൽക്കുന്നതിനു മുമ്പുതന്നെ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് കിട്ടിയതിനെക്കുറിച്ചുള്ള ഒരേ ഒരു ബൈബിൾവിവരണമാണ് ഇത്. ഇനി, കൊർന്നേല്യൊസിനെയും കുടുംബത്തെയും ക്രിസ്ത്യാനികളാക്കുന്നതിൽ പത്രോസിനുണ്ടായിരുന്ന സജീവമായ പങ്കിനെക്കുറിച്ചും ഈ വാക്യത്തിൽ കാണാം. അവർ ആരും ജൂതവംശജരായിരുന്നില്ല. വാസ്തവത്തിൽ പത്രോസ് ഇവിടെ ‘സ്വർഗരാജ്യത്തിന്റെ താക്കോലുകളിൽ’ മൂന്നാമത്തേത് ഉപയോഗിക്കുകയായിരുന്നു. ജനതകളിൽപ്പെട്ടവരിലേക്കു സന്തോഷവാർത്ത എത്താനും അവർക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള പ്രത്യാശ ലഭിക്കാനും ആ താക്കോൽ വഴി തുറന്നു. ജൂതന്മാരും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരും ശമര്യക്കാരും ഒഴികെയുള്ള എല്ലാ മനുഷ്യരും ഉൾപ്പെട്ട വിശാലമായൊരു വയലായിരുന്നു അത്. മുമ്പ് പത്രോസ് ഒന്നാമത്തെ താക്കോൽ ഉപയോഗിച്ച് ജൂതന്മാർക്കും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അതേ പ്രത്യാശ തുറന്നുകൊടുത്തിരുന്നു. പിന്നീട് രണ്ടാമത്തെ താക്കോൽ ശമര്യക്കാർക്കുവേണ്ടിയും ഉപയോഗിച്ചു.—പ്രവൃ 2:22-41; 8:14-17; മത്ത 16:19-ന്റെ പഠനക്കുറിപ്പു കാണുക.
പരിച്ഛേദനയേറ്റ വിശ്വാസികൾ: അഥവാ “പരിച്ഛേദനയേറ്റ വിശ്വസ്തർ.” അതായത്, ജൂതക്രിസ്ത്യാനികൾ.—പ്രവൃ 10:23.
അന്യഭാഷകളിൽ: ദൈവം ജനതകളിൽപ്പെട്ടവർക്കും സ്വർഗീയപ്രത്യാശ നീട്ടിക്കൊടുത്തു എന്നതിന്റെ ദൃശ്യമായ തെളിവായിരുന്നു ഈ അത്ഭുതം. ഈ പുതിയ ക്രമീകരണത്തിനു തന്റെ പിന്തുണയുണ്ടെന്നു വ്യക്തമാക്കാൻ പെന്തിക്കോസ്തിലെപ്പോലെതന്നെ ദൈവം ഇവിടെയും പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. ശക്തമായ ഈ തെളിവ് അവർക്കു കാണാനും കേൾക്കാനും കഴിയുമായിരുന്നു.—പ്രവൃ 2:4-ന്റെ പഠനക്കുറിപ്പു കാണുക.