അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 11:1-30
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
അന്ത്യോക്യ: സിറിയയിലെ ഓറന്റീസ് നദിയുടെ തീരത്തുള്ള ഒരു നഗരം. മെഡിറ്ററേനിയൻ തുറമുഖനഗരമായ സെലൂക്യയിൽനിന്ന് ഏതാണ്ട് 32 കി.മീ. മാറിയായിരുന്നു ഇതിന്റെ സ്ഥാനം. എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിലെ നഗരങ്ങളിൽ വലുപ്പത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ റോമും അലക്സാൻഡ്രിയയും കഴിഞ്ഞാൽ ഏറ്റവും വലുത് അന്ത്യോക്യയായിരുന്നു. ജൂതവംശജരുടെ വലിയൊരു കൂട്ടം പണ്ടുമുതലേ ആ നഗരത്തിലുണ്ടായിരുന്നു. ഈ സമയത്ത് ജൂതന്മാരും ജനതകളിൽപ്പെട്ടവരും തമ്മിൽ വലിയ ശത്രുതയൊന്നുമുണ്ടായിരുന്നില്ല. തികച്ചും പുതിയൊരു പ്രവർത്തനത്തിനു തുടക്കമിടാൻ എന്തുകൊണ്ടും യോജിച്ച അന്തരീക്ഷമായിരുന്നു അത്. അങ്ങനെ ശിഷ്യന്മാർ ജൂതന്മാരോടു മാത്രമല്ല പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽപ്പെട്ടവരോടും പ്രസംഗിക്കാൻതുടങ്ങി. (ഈ വാക്യത്തിലെ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.) ഈ അന്ത്യോക്യയും ഏഷ്യാമൈനറിലുള്ള പിസിദ്യയിലെ അന്ത്യോക്യയും ഒന്നല്ല.—പ്രവൃ 6:5; 13:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ: അക്ഷ. “ഗ്രീക്കുഭാഷക്കാർ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (ഹെല്ലനിസ്റ്റിസ്) അർഥം മനസ്സിലാക്കേണ്ടതു സന്ദർഭം നോക്കിയാണ്. പ്രവൃ 6:1-ൽ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാരെ’ കുറിക്കാനാണു സാധ്യതയനുസരിച്ച് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. (പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ടുതന്നെ ഈ വാക്യത്തിൽ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ’ എന്നു വിളിച്ചിരിക്കുന്നതും, ജൂതന്മാരെയോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരെയോ ആണെന്നു ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു. എന്നാൽ സാധ്യതയനുസരിച്ച് ഇവിടെ പറഞ്ഞിരിക്കുന്നത് അന്ത്യോക്യയിലുണ്ടായ പുതിയ ഒരു സംഭവവികാസത്തെക്കുറിച്ചാണെന്ന് ഓർക്കുക. പ്രവൃ 11:19 പറയുന്നതനുസരിച്ച്, മുമ്പ് അന്ത്യോക്യയിൽ ജൂതന്മാരോടു മാത്രമേ ദൈവവചനം പ്രസംഗിച്ചിരുന്നുള്ളൂ. എന്നാൽ തെളിവനുസരിച്ച് ഇപ്പോൾ അവിടെ താമസിക്കുന്ന ജൂതന്മാരല്ലാത്തവരിലേക്കും ആ സന്ദേശം എത്താൻതുടങ്ങി. ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന ഈ പുതുശിഷ്യരെ പ്രോത്സാഹിപ്പിക്കാനായിരിക്കണം ബർന്നബാസിനെ അന്ത്യോക്യയിലേക്ക് അയച്ചത്. (പ്രവൃ 11:22, 23) പുരാതനമായ ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഹെല്ലനിസ്റ്റിസ് എന്ന പദത്തിനു പകരം ഹെല്ലനസ് (അർഥം “ഗ്രീക്കുകാർ;” പ്രവൃ 16:3 കാണുക.) എന്ന പദമാണു കാണുന്നത്. അതുകൊണ്ടുതന്നെ പല പരിഭാഷകളും അതിനെ “ഗ്രീക്കുകാർ” എന്നോ “ജനതകളിൽപ്പെട്ടവർ” എന്നോ ആണ് തർജമ ചെയ്തിരിക്കുന്നത്. അന്ത്യോക്യയിൽ ശിഷ്യന്മാർ സന്തോഷവാർത്ത അറിയിച്ചത് ജൂതമതത്തിൽപ്പെട്ടവരോടല്ലായിരുന്നു എന്ന സൂചനയാണ് ആ പദപ്രയോഗങ്ങൾ നൽകുന്നത്. എന്നാൽ ഈ വാക്യത്തിൽ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ’ എന്നു പറഞ്ഞിരിക്കുന്നത്, ജനതകളിൽപ്പെട്ടവർക്കു പുറമേ ജൂതന്മാരെയുംകൂടെ ഉദ്ദേശിച്ചായിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ഈ പരിഭാഷയിൽ ഇവിടെ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ’ എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. സാധ്യതയനുസരിച്ച് മറ്റു ദേശങ്ങളിൽനിന്ന് അന്ത്യോക്യയിലേക്കു വന്ന ഇവർ ഗ്രീക്കുഭാഷയും ഒരുപക്ഷേ ഗ്രീക്കുകാരുടെ ആചാരങ്ങളും സ്വീകരിച്ചവരായിരുന്നു.
യഹോവയുടെ കൈ: “കൈ” എന്നതിന്റെ എബ്രായപദവും ദൈവനാമവും (ചതുരക്ഷരി) ഒരുമിച്ച് ഉപയോഗിക്കുന്ന ഈ രീതി എബ്രായതിരുവെഴുത്തുകളിൽ സാധാരണമാണ്. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത് 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; യഹ 1:3 എന്നിവ ചില ഉദാഹരണങ്ങളാണ്.) ബൈബിളിൽ “കൈ” എന്ന പദം പലപ്പോഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. ഒരാൾക്കു കൈകൊണ്ട് ശക്തി പ്രയോഗിക്കാമെന്നതുകൊണ്ട് “കൈ” എന്ന പദത്തിനു “പ്രയോഗിച്ച ശക്തി” എന്നും അർഥം വരാം. “യഹോവയുടെ കൈ” എന്നതിന്റെ ഗ്രീക്കുപദപ്രയോഗം ലൂക്ക 1:66-ലും പ്രവൃ 13:11-ലും കാണുന്നുണ്ട്.—ലൂക്ക 1:6, 66 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.
ദൈവഹിതമനുസരിച്ച് . . . വിളിച്ചത്: മിക്ക ബൈബിൾ ഭാഷാന്തരങ്ങളും ഇവിടെ “ദൈവഹിതമനുസരിച്ച്” എന്നത് ഒഴിവാക്കി “വിളിച്ചത്” എന്നു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാൽ “വിളിച്ചു” എന്നു സാധാരണ പരിഭാഷപ്പെടുത്താറുള്ള ഗ്രീക്കുപദങ്ങളൊന്നുമല്ല ഇവിടെ കാണുന്നത്. (മത്ത 1:16; 2:23; ലൂക്ക 1:32; പ്രവൃ 1:19) പകരം ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നതു ക്രിമാറ്റിസോ എന്ന ഗ്രീക്കുപദമാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒൻപത് പ്രാവശ്യം കാണുന്ന ഈ പദം മിക്ക സന്ദർഭങ്ങളിലും കുറിക്കുന്നതു ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്ന കാര്യങ്ങളെയാണ്. (മത്ത 2:12, 22; ലൂക്ക 2:26; പ്രവൃ 10:22; 11:26; റോമ 7:3; എബ്ര 8:5; 11:7; 12:25) ഉദാഹരണത്തിന്, പ്രവൃ 10:22-ൽ ഈ പദം കാണുന്നതു ‘വിശുദ്ധദൂതൻ’ എന്ന പദപ്രയോഗത്തോടൊപ്പമാണ്. ഇനി, മത്ത 2:12, 22 വാക്യങ്ങളിൽ, ദൈവത്തിൽനിന്ന് ലഭിച്ച സ്വപ്നങ്ങളെക്കുറിച്ച് പറയുന്നിടത്താണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടു ബന്ധമുള്ള ക്രിമാറ്റിസ്മോസ് എന്ന നാമപദം റോമ 11:4-ൽ കാണാം. മിക്ക നിഘണ്ടുക്കളും ബൈബിൾപരിഭാഷകളും ആ പദം തർജമ ചെയ്തിരിക്കുന്നതു “ദൈവം പ്രഖ്യാപിച്ചത്; ദൈവത്തിന്റെ മറുപടി; ദൈവത്തിന്റെ ഉത്തരം” എന്നൊക്കെയാണ്. അതുകൊണ്ട് “ക്രിസ്ത്യാനികൾ” എന്ന പേര് ഉപയോഗിക്കാൻ യഹോവ ഇവിടെ ശൗലിനെയും ബർന്നബാസിനെയും പ്രചോദിപ്പിച്ചതായിരിക്കാം. പക്ഷേ യേശുവിന്റെ അനുഗാമികളെ കളിയാക്കാനോ പുച്ഛിക്കാനോ വേണ്ടി അന്ത്യോക്യയിലുണ്ടായിരുന്ന ജനതകളിൽപ്പെട്ടവർ നൽകിയ വിളിപ്പേരായിരുന്നു ഇതെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ “ക്രിസ്ത്യാനികൾ” എന്ന പേര് വരാൻ ഇടയാക്കിയതു ദൈവംതന്നെയാണെന്ന് ഇവിടെ കാണുന്ന ക്രിമാറ്റിസോ എന്ന ഗ്രീക്കുപദത്തിൽനിന്ന് വ്യക്തമാണ്. ഇനി, അന്നത്തെ ജൂതജനതയും യേശുവിന്റെ അനുഗാമികളെ “ക്രിസ്ത്യാനികൾ” (ഗ്രീക്കിൽനിന്ന് വന്നത്.) എന്നോ “മിശിഹാക്കാർ” (എബ്രായയിൽനിന്ന് വന്നത്.) എന്നോ വിശേഷിപ്പിക്കാൻ ഒരു സാധ്യതയുമില്ല. കാരണം അവർ യേശുവിനെ മിശിഹ അഥവാ ക്രിസ്തു ആയി അംഗീകരിച്ചിരുന്നില്ല. അവർ യേശുവിന്റെ അനുഗാമികളെ “ക്രിസ്ത്യാനികൾ” എന്നു വിളിച്ചാൽ യേശുവിനെ അഭിഷിക്തൻ അഥവാ ക്രിസ്തു ആയി അംഗീകരിക്കുന്നതുപോലെ വരുമായിരുന്നു.
ക്രിസ്ത്യാനികൾ: “ക്രിസ്തുവിന്റെ അനുഗാമി” എന്ന അർഥംവരുന്ന ക്രിസ്തിയനോസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ പദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യമേ കാണുന്നുള്ളൂ. (പ്രവൃ 11:26; 26:28; 1പത്ര 4:16) ക്രിസ്തു അഥവാ അഭിഷിക്തൻ എന്ന് അർഥമുള്ള ക്രിസ്തോസ് എന്ന പദത്തിൽനിന്നാണ് ഇതു വന്നിരിക്കുന്നത്. യേശുവിന്റെ, അഥവാ യഹോവയുടെ അഭിഷിക്തനായ ‘ക്രിസ്തുവിന്റെ,’ മാതൃകയും ഉപദേശങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണു ക്രിസ്ത്യാനികൾ. (ലൂക്ക 2:26, അടിക്കുറിപ്പ്; 4:18) ഈ വാക്യത്തിലെ സംഭവങ്ങൾ നടന്ന എ.ഡി. 44-ലായിരിക്കാം അവർക്കു “ദൈവഹിതമനുസരിച്ച്” “ക്രിസ്ത്യാനികൾ” എന്ന പേര് ലഭിച്ചത്. തെളിവുകൾ സൂചിപ്പിക്കുന്നത് ആ പേര് ആളുകൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു എന്നാണ്. കാരണം പൗലോസിനെ ഹെരോദ് അഗ്രിപ്പ രണ്ടാമന്റെ മുന്നിൽ ഹാജരാക്കിയ സമയമായപ്പോഴേക്കും (ഏകദേശം എ.ഡി. 58) ക്രിസ്ത്യാനികളെക്കുറിച്ച് ആ രാജാവിന് അറിയാമായിരുന്നു. (പ്രവൃ 26:28) ഏതാണ്ട് എ.ഡി. 64 ആയപ്പോൾ റോമിലെ ആളുകളിൽ മിക്കവരും “ക്രിസ്ത്യാനി” എന്ന പേര് ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ റ്റാസിറ്റസ് സൂചിപ്പിക്കുന്നുണ്ട്. ഇനി, എ.ഡി. 62-നും 64-നും ഇടയ്ക്ക് എപ്പോഴോ പത്രോസ് റോമാസാമ്രാജ്യത്തിലെങ്ങും ചിതറിപ്പാർക്കുന്ന ക്രിസ്ത്യാനികൾക്കു തന്റെ ആദ്യത്തെ കത്ത് എഴുതുന്നതായി കാണാം. സാധ്യതയനുസരിച്ച് അപ്പോഴേക്കും വ്യാപകപ്രചാരം നേടിയിരുന്ന “ക്രിസ്ത്യാനി” എന്ന പേര് അവരെ മറ്റെല്ലാ വിഭാഗങ്ങളിൽനിന്നും വേർതിരിച്ചുകാട്ടിയിരുന്നു. (1പത്ര 1:1, 2; 4:16) യേശുവിന്റെ അനുഗാമികൾക്കു ദൈവത്തിൽനിന്ന് ഇങ്ങനെയൊരു പേര് ലഭിച്ചതുകൊണ്ട്, അവർ ജൂതമതത്തിന്റെ ഏതോ ഉപവിഭാഗമാണെന്ന് ആരും തെറ്റിദ്ധരിക്കില്ലായിരുന്നു.
വലിയൊരു ക്ഷാമം: ഏതാണ്ട് എ.ഡി. 46-ൽ സംഭവിച്ച ഈ ദുരന്തത്തെക്കുറിച്ച് ജോസീഫസും രേഖപ്പെടുത്തിയിട്ടുണ്ട്. റോമൻ ചക്രവർത്തിയായ ക്ലൗദ്യൊസിന്റെ കാലത്ത് ഉണ്ടായ “വലിയൊരു ക്ഷാമത്തെക്കുറിച്ച്” അദ്ദേഹത്തിന്റെ രേഖകളിൽ കാണാം. പാവപ്പെട്ടവർക്കു പൊതുവേ പണമോ ഭക്ഷ്യവസ്തുക്കളോ കരുതിവെക്കാൻ വകയില്ലാത്തതുകൊണ്ട് ക്ഷാമം ഏറ്റവും അധികം വലച്ചിരുന്നത് അവരെയായിരുന്നു. അതുകൊണ്ടാണ് യഹൂദ്യയിൽ ദാരിദ്ര്യത്തിന്റെ പിടിയിലായ സഹോദരങ്ങൾക്ക് അന്ത്യോക്യയിലെ ക്രിസ്ത്യാനികൾ ദുരിതാശ്വാസ സംഭാവന അയച്ചുകൊടുത്തത്.
ക്ലൗദ്യൊസിന്റെ ഭരണകാലത്ത്: എ.ഡി. 41 മുതൽ എ.ഡി. 54 വരെ അധികാരത്തിലിരുന്ന റോമൻ ചക്രവർത്തിയായ ക്ലൗദ്യൊസ് ആദ്യമൊക്കെ ജൂതന്മാരുമായി വളരെ സൗഹൃദത്തിലായിരുന്നു. എന്നാൽ ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കും ആ ബന്ധം വഷളായി. അതോടെ അദ്ദേഹം ജൂതന്മാരെയെല്ലാം റോമിൽനിന്ന് ഓടിച്ചു. (പ്രവൃ 18:2) ക്ലൗദ്യോസിന്റെ നാലാമത്തെ ഭാര്യ വിഷക്കൂണുകൾ നൽകി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നു പറയപ്പെടുന്നു. തുടർന്ന് നീറോ അധികാരത്തിലെത്തി.
സഹായം: അഥവാ “ദുരിതാശ്വാസം.” ലോകത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന സഹക്രിസ്ത്യാനികൾക്കുവേണ്ടി സഹോദരങ്ങൾ ദുരിതാശ്വാസസഹായം എത്തിക്കുന്നതിനെക്കുറിച്ച് ആദ്യമായി കാണുന്നത് ഇവിടെയാണ്. മിക്കപ്പോഴും “ശുശ്രൂഷ” എന്നു പരിഭാഷപ്പെടുത്താറുള്ള ഡയകൊനിയ എന്ന ഗ്രീക്കുപദം പ്രവൃ 12:25-ൽ “ദുരിതാശ്വാസപ്രവർത്തനങ്ങൾ” എന്നും 2കൊ 8:4-ൽ “ദുരിതാശ്വാസശുശ്രൂഷ” എന്നും അർഥംവരുന്ന രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഡയകൊനിയ എന്ന പദം ഉപയോഗിച്ചിരിക്കുന്ന രീതി പരിശോധിച്ചാൽ ക്രിസ്ത്യാനികളുടെ ശുശ്രൂഷയ്ക്കു രണ്ടു വശങ്ങളുണ്ടെന്നു മനസ്സിലാകും. ഒന്ന് “അനുരഞ്ജനത്തിന്റെ ശുശ്രൂഷ (ഡയകൊനിയയുടെ ഒരു രൂപം.)” ആണ്. പ്രസംഗ-പഠിപ്പിക്കൽ വേലയാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. (2കൊ 5:18-20; 1തിമ 2:3-6) മറ്റേതാകട്ടെ, ഈ വാക്യത്തിൽ കാണുന്നതുപോലെ സഹവിശ്വാസികൾക്കുവേണ്ടിയുള്ള ശുശ്രൂഷയും. “ശുശ്രൂഷകൾ (ഡയകൊനിയയുടെ ബഹുവചനരൂപം.) പലവിധമുണ്ട്. എന്നാൽ കർത്താവ് ഒന്നുതന്നെയാണ്” എന്നു പൗലോസ് പറഞ്ഞു. (1കൊ 12:4-6, 11) ക്രിസ്തീയശുശ്രൂഷയുടെ എല്ലാ വശവും “വിശുദ്ധസേവനം” ആണെന്നും അദ്ദേഹം വ്യക്തമാക്കി.—റോമ 12:1, 6-8.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതു പ്രായമേറിയ പുരുഷന്മാരെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. (മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.) പുരാതന ഇസ്രായേൽ ജനതയിലെ മൂപ്പന്മാർ അവരുടെ ഇടയിൽ നേതൃത്വമെടുക്കുകയും ഭരണസംബന്ധമായ കാര്യങ്ങൾ നോക്കിനടത്തുകയും ചെയ്തിരുന്നു. പലർ ചേർന്നാണ് ഈ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്നത്. പ്രാദേശികതലത്തിലും (ആവ 25:7-9; യോശ 20:4; രൂത്ത് 4:1-12) ദേശീയതലത്തിലും (ന്യായ 21:16; 1ശമു 4:3; 8:4; 1രാജ 20:7) ഇവരുടെ സേവനം ലഭ്യമായിരുന്നു. ക്രിസ്തീയസഭയോടുള്ള ബന്ധത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഈ വാക്യത്തിലാണ്. പുരാതന ഇസ്രായേൽജനതയുടെ കാര്യത്തിലെന്നപോലെതന്നെ ആത്മീയ ഇസ്രായേലിലെ മൂപ്പന്മാർക്കും സഭയ്ക്കു വഴികാട്ടാനുള്ള ഉത്തരവാദിത്വമുണ്ടായിരുന്നു. ഇവിടെ ദുരിതാശ്വാസ സംഭാവന മൂപ്പന്മാരെ ഏൽപ്പിക്കുന്നതായാണു നമ്മൾ വായിക്കുന്നത്. അത് അവരുടെ മേൽനോട്ടത്തിൽ യഹൂദ്യയിലെ സഭകൾക്കു വിതരണം ചെയ്യുകയും ചെയ്തു.
ദൃശ്യാവിഷ്കാരം
മെഡിറ്ററേനിയൻ തീരത്തുള്ള യോപ്പ എന്ന തുറമുഖനഗരമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കർമേൽ പർവതത്തിനും ഗസ്സയ്ക്കും ഇടയിൽ, ഏതാണ്ട് മധ്യഭാഗത്തായിട്ടാണ് അതിന്റെ സ്ഥാനം. ആധുനിക യാഫോയെ (അറബിയിൽ, ജാഫ.) 1950-ൽ ടെൽ അവീവിന്റെ ഭാഗമാക്കിയതുകൊണ്ട് പണ്ടത്തെ യോപ്പ നഗരത്തിന്റെ സ്ഥാനത്ത് ഇന്നുള്ളതു ടെൽ അവീവ്-യാഫോ ആണ്. പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിൻമുകളിൽ ഏതാണ്ട് 35 മീ. (115 അടി) ഉയരത്തിലാണു യോപ്പ സ്ഥിതി ചെയ്തിരുന്നത്. അതിന്റെ തീരത്തുനിന്ന് ഏതാണ്ട് 100 മീ. (330 അടി) മാറി, പാറകൊണ്ടുള്ള ഒരു വരമ്പുണ്ട്. അധികം ഉയരമില്ലാത്ത ആ പാറക്കെട്ടുകൾ അവിടെ ഒരു സ്വാഭാവികതുറമുഖം തീർത്തിരിക്കുന്നു. ശലോമോന്റെ ദേവാലയം പണിയുന്നതിനു സോരിലുള്ളവർ ലബാനോൻ കാടുകളിലെ തടി ചങ്ങാടങ്ങളാക്കി ഒഴുക്കിക്കൊണ്ടുവന്നതു യോപ്പയിലേക്കായിരുന്നു. (2ദിന 2:16) പിൽക്കാലത്ത്, തനിക്കു കിട്ടിയ നിയമനത്തിൽനിന്ന് ഓടിയൊളിക്കാൻ ആഗ്രഹിച്ച യോന പ്രവാചകൻ തർശീശിലേക്കുള്ള കപ്പലിൽ കയറിയതും യോപ്പയിൽനിന്നാണ്. (യോന 1:3) എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യോപ്പയിൽ ഒരു ക്രിസ്തീയസഭ ഉണ്ടായിരുന്നു. ആ സഭയിലെ ഒരംഗമായിരുന്നു പത്രോസ് ഉയിർപ്പിച്ച ഡോർക്കസ് (തബീഥ). (പ്രവൃ 9:36-42) ഇനി, ജനതകളിൽപ്പെട്ട കൊർന്നേല്യൊസിനോടു സന്തോഷവാർത്ത അറിയിക്കാൻ പത്രോസിനെ ഒരുക്കിയ ദിവ്യദർശനം അദ്ദേഹത്തിനു ലഭിച്ചതും യോപ്പയിൽവെച്ചാണ്. അദ്ദേഹം അപ്പോൾ അവിടെ തോൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.—പ്രവൃ 9:43; 10:6, 9-17.
റോമൻ ചക്രവർത്തിയായ ക്ലൗദ്യൊസിന്റെ പേര് പ്രവൃത്തികളുടെ പുസ്തകത്തിൽ രണ്ടു പ്രാവശ്യം കാണാം. (പ്രവൃ 11:28; 18:2) തന്റെ സഹോദരപുത്രനായ കാലിഗുലയ്ക്കു ശേഷം (എ.ഡി. 37 മുതൽ 41 വരെ ഭരണം നടത്തിയ ഈ വ്യക്തിയെക്കുറിച്ച് തിരുവെഴുത്തുകളിൽ പരാമർശമൊന്നുമില്ല.) ക്ലൗദ്യൊസ് റോമിലെ നാലാമത്തെ ചക്രവർത്തിയായി ഭരണം ഏറ്റെടുത്തു. എ.ഡി. 41 മുതൽ 54 വരെ അദ്ദേഹം റോമിന്റെ ഭരണാധികാരിയായിരുന്നു. എല്ലാ ജൂതന്മാരും റോം വിട്ടുപോകണമെന്ന് എ.ഡി. 49-ലോ 50-ലോ ക്ലൗദ്യൊസ് ഒരു കല്പന പുറപ്പെടുവിച്ചു. അതെത്തുടർന്നാണ് അക്വിലയും പ്രിസ്കില്ലയും അവിടെനിന്ന് കൊരിന്തിലേക്കു പോയത്. അവിടെവെച്ച് അവർ പൗലോസ് അപ്പോസ്തലനെ കണ്ടുമുട്ടി. എ.ഡി. 54-ൽ ക്ലൗദ്യൊസിന്റെ നാലാമത്തെ ഭാര്യ വിഷക്കൂണുകൾ നൽകി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നു പറയപ്പെടുന്നു. തുടർന്ന് ചക്രവർത്തിയായി നീറോ അധികാരത്തിൽ വന്നു.