അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 17:1-34
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ന്യായവാദം ചെയ്തു: പൗലോസ് അവരോടു സന്തോഷവാർത്ത വെറുതേ അറിയിച്ചിട്ട് പോരാതെ അതു വിശദീകരിച്ചുകൊടുക്കുകയും തിരുവെഴുത്തുകളിൽനിന്ന് തെളിവുകൾ നിരത്തുകയും ചെയ്തു. ദൈവപ്രചോദിതമായ എബ്രായതിരുവെഴുത്തുകളാണ് അതിനായി അദ്ദേഹം ഉപയോഗിച്ചത്. തിരുവെഴുത്തുകൾ വായിച്ചതിനു പുറമേ അദ്ദേഹം അതിൽനിന്ന് ന്യായവാദം ചെയ്തു. തന്റെ കേൾവിക്കാർക്കു യോജിച്ച രീതിയിൽ ആ വാദമുഖങ്ങൾക്കു വേണ്ട മാറ്റങ്ങളും വരുത്തി. ഈ വാക്യത്തിൽ കാണുന്ന ഡിയാലേഗൊമായ് എന്ന ഗ്രീക്കുക്രിയയെ നിർവചിച്ചിരിക്കുന്നത് “പരസ്പരം ആശയവിനിമയം ചെയ്യുക; തമ്മിൽത്തമ്മിൽ സംസാരിക്കുക; ചർച്ച ചെയ്യുക” എന്നൊക്കെയാണ്. ആളുകളോടു സംസാരിക്കുന്നതും അവർക്കു പറയാനുള്ളതു കേൾക്കുന്നതും ആണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ഗ്രീക്കുപദം പ്രവൃ 17:17; 18:4, 19; 19:8, 9; 20:7, 9 എന്നീ വാക്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.
തിരുവെഴുത്തുകൾ ഉപയോഗിച്ച് തെളിയിക്കുക: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “അരികിൽ (ഒപ്പം) വെക്കുക” എന്നാണ്. സാധ്യതയനുസരിച്ച് ഇതു സൂചിപ്പിക്കുന്നത്, എബ്രായതിരുവെഴുത്തുകളിലെ മിശിഹൈകപ്രവചനങ്ങളെ യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളുമായി പൗലോസ് ശ്രദ്ധാപൂർവം താരതമ്യം ചെയ്തുകാണിച്ചെന്നാണ്. മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിറവേറിയത് എങ്ങനെയെന്നു കേൾവിക്കാർക്ക് അപ്പോൾ വ്യക്തമായിക്കാണും.
നഗരാധിപന്മാർ: ഇവിടെ കാണുന്ന പൊലിറ്റാർഖേസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “പൗരന്മാരുടെ ഭരണാധികാരികൾ” എന്നാണ്. ഗ്രീക്കു സാഹിത്യകൃതികളിൽ ഈ പദം കാണുന്നില്ലെങ്കിലും തെസ്സലോനിക്യയിൽനിന്നും മാസിഡോണിയ സംസ്ഥാനത്തെ മറ്റിടങ്ങളിൽനിന്നും കണ്ടെടുത്ത ചില ആലേഖനങ്ങളിൽ (അവയിൽ ചിലതിനു ബി.സി. ഒന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്.) ഈ സ്ഥാനപ്പേര് കാണുന്നുണ്ട്. പ്രവൃത്തികളുടെ പുസ്തകം ആധികാരികമാണെന്നും ചരിത്രകാരൻ എന്ന നിലയിൽ ലൂക്കോസ് ആശ്രയയോഗ്യനാണെന്നും ഇതു തെളിയിക്കുന്നു.
സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി ക്ലൗദ്യൊസ് ആയിരുന്നു. അദ്ദേഹം എ.ഡി. 41 മുതൽ എ.ഡി. 54 വരെ ഭരണം നടത്തി.—പ്രവൃ 11:28; 18:2; മത്ത 22:17-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
ശ്രദ്ധയോടെ . . . പരിശോധിച്ചു: അഥവാ “വിശദമായി പഠിച്ചു.” ഇവിടെ കാണുന്ന അനാക്രിനൊ എന്ന ഗ്രീക്കുപദം നിർവചിച്ചിരിക്കുന്നത്, “അരിച്ചുപെറുക്കുക; വിഭജിക്കുക; വേർതിരിക്കുക” എന്നൊക്കെയാണ്. നീതിന്യായ വിചാരണയോടു ബന്ധപ്പെട്ടും ഈ പദം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. (ലൂക്ക 23:14; പ്രവൃ 4:9; 28:18; 1കൊ 4:3) അതുകൊണ്ട് നിയമപരമായ നടപടിക്രമങ്ങളുടെ കാര്യത്തിലെന്നപോലെ, ഒരു കാര്യം ശ്രദ്ധയോടെ, വിശദമായി പഠിക്കുന്നതിനെയാണ് ഈ വാക്യത്തിൽ അത് അർഥമാക്കുന്നത്. ബരോവയിലെ ജൂതന്മാർ നടത്തിയത് ഉപരിപ്ലവമായ ഒരു പരിശോധനയായിരുന്നില്ലെന്ന് ഇതു സൂചിപ്പിക്കുന്നു. കാലങ്ങൾക്കു മുമ്പേ വാഗ്ദാനം ചെയ്ത മിശിഹ യേശുവാണെന്നു പൗലോസും ശീലാസും തിരുവെഴുത്തുകളിൽനിന്ന് പഠിപ്പിച്ചപ്പോൾ അതു സത്യംതന്നെയാണോയെന്ന് അവർ വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തി.
ചന്തസ്ഥലം: ആതൻസിലെ ചന്തസ്ഥലമായിരുന്നു (ഗ്രീക്കിൽ, അഗോറ) ഇത്. അക്രോപോളിസിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഈ ചന്തസ്ഥലത്തിന്റെ വിസ്തീർണം ഏതാണ്ട് 12 ഏക്കർ വരുമായിരുന്നു. ഇത് ഒരു കച്ചവടസ്ഥലം മാത്രമായിരുന്നില്ല. ആതൻസുകാരുടെ ജീവിതംതന്നെ, ആ നഗരത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക സിരാകേന്ദ്രംകൂടിയായിരുന്ന ഈ സ്ഥലത്തെ ചുറ്റിപ്പറ്റിയായിരുന്നു. അവിടെ ഒരുമിച്ചുകൂടി, ഗഹനമായ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നത് ആതൻസുകാർക്ക് ഒരു ഹരമായിരുന്നു.
എപ്പിക്കൂര്യർ . . . തത്ത്വചിന്തകർ: ഗ്രീക്ക് തത്ത്വചിന്തകനായ എപ്പിക്യൂറസിന്റെ (ബി.സി. 341-270) അനുയായികളാണ് എപ്പിക്കൂര്യൻ തത്ത്വചിന്തകർ. ജീവിതത്തിന്റെ പരമമായ ലക്ഷ്യം സുഖം അനുഭവിക്കുന്നതാണ് എന്നാണ് അവർ പഠിപ്പിച്ചിരുന്നത്. എപ്പിക്കൂര്യർ ദൈവങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിലും ദൈവങ്ങൾക്കു മനുഷ്യരുടെ കാര്യത്തിൽ ഒരു താത്പര്യവുമില്ലെന്നും ദൈവങ്ങൾ അവരെ അനുഗ്രഹിക്കുകയോ ശിക്ഷിക്കുകയോ ഇല്ലെന്നും ആയിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ട് പ്രാർഥനകളും ബലികളും ആവശ്യമില്ലെന്ന പക്ഷക്കാരായിരുന്നു അവർ. എപ്പിക്കൂര്യരുടെ ചിന്തകളും പ്രവർത്തനങ്ങളും ധാർമികതത്ത്വങ്ങൾ തൊട്ടുതീണ്ടാത്തവയായിരുന്നു. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണമെന്ന് അവർ വാദിച്ചിരുന്നു എന്നതു ശരിയാണ്. പക്ഷേ അത് അമിതത്വത്തിന്റെ ദോഷഫലങ്ങൾ ഭയന്നായിരുന്നെന്നു മാത്രം. ഒരു വ്യക്തി അറിവ് നേടേണ്ടത് മതപരമായ ഭയങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും മോചനം നേടാൻ മാത്രമായിരിക്കണമെന്നും അവർ വാദിച്ചിരുന്നു. എപ്പിക്കൂര്യരും സ്തോയിക്കരും പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല.—ഈ വാക്യത്തിലെ സ്തോയിക്കർ . . . തത്ത്വചിന്തകർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
സ്തോയിക്കർ . . . തത്ത്വചിന്തകർ: ഒരു കൂട്ടം ഗ്രീക്കു തത്ത്വചിന്തകരാണു സ്തോയിക്കർ. സന്തോഷം ലഭിക്കുന്നതു യുക്തിക്കും പ്രകൃതിനിയമങ്ങൾക്കും ചേർച്ചയിൽ ജീവിക്കുമ്പോഴാണെന്ന് അവർ വിശ്വസിച്ചിരുന്നു. അവരുടെ വീക്ഷണത്തിൽ, സുഖദുഃഖങ്ങൾ കാര്യമാക്കാത്ത ആളാണു ശരിക്കും ജ്ഞാനി. എല്ലാ വസ്തുക്കളും വ്യക്തിത്വമില്ലാത്ത ഒരു പരമാത്മാവിന്റെ ഭാഗമാണെന്നും മനുഷ്യന്റെ ആത്മാവ് ഉത്ഭവിച്ചത് ആ ദൈവത്തിൽനിന്നാണെന്നും അവർ വിശ്വസിച്ചിരുന്നു. മനുഷ്യന്റെ ആത്മാവ് ഒരിക്കൽ ഈ പ്രപഞ്ചത്തോടൊപ്പം നശിക്കുമെന്നാണു ചില സ്തോയിക്കർ ചിന്തിച്ചിരുന്നത്. എന്നാൽ മനുഷ്യാത്മാവ് ഒടുവിൽ പരമാത്മാവിൽ ലയിച്ചുചേരുമെന്നു വിശ്വസിച്ചിരുന്ന സ്തോയിക്കരുമുണ്ടായിരുന്നു. എപ്പിക്കൂര്യരും സ്തോയിക്കരും പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല.—ഈ വാക്യത്തിലെ എപ്പിക്കൂര്യർ . . . തത്ത്വചിന്തകർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
വിടുവായൻ: അക്ഷ. “വിത്തു കൊത്തിപ്പെറുക്കുന്നവൻ.” ഇവിടെ കാണുന്ന സ്പെർമൊലോഗൊസ് എന്ന ഗ്രീക്കുപദം, വിത്തുകൾ കൊത്തിപ്പെറുക്കുന്ന ഒരു പക്ഷിയെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഉപയോഗമില്ലാതെ കിടക്കുന്ന ഓരോരോ സാധനങ്ങൾ യാചിച്ചോ മോഷ്ടിച്ചോ എടുക്കുന്ന ആളെയോ, യഥാർഥജ്ഞാനിയല്ലാഞ്ഞിട്ടും എവിടെനിന്നെങ്കിലും വീണുകിട്ടിയ വിവരങ്ങൾ പറഞ്ഞുനടക്കുന്ന വിടുവായന്മാരെയോ കുറിക്കാൻ ഈ പദം മോശമായൊരു ധ്വനിയോടെ ആലങ്കാരികാർഥത്തിലും ഉപയോഗിച്ചിരുന്നു. ചുരുക്കത്തിൽ, തനിക്ക് അറിയില്ലാത്ത കാര്യങ്ങൾ വെറുതേ പറഞ്ഞുനടക്കുന്ന ഒരു വിഡ്ഢിയാണു പൗലോസ് എന്നായിരുന്നു ആ വിദ്യാസമ്പന്നരുടെ ആരോപണം.
അരയോപഗസ്: അഥവാ “ആരീസിന്റെ കുന്ന്.” ആരീസ് ഗ്രീക്കുകാരുടെ യുദ്ധദേവനായിരുന്നു. അക്രോപോളിസിനു വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന അരയോപഗസിലാണ് ആതൻസുകാരുടെ പരമോന്നത ന്യായാധിപസഭ കാലങ്ങളായി കൂടിവന്നിരുന്നത്. “അരയോപഗസ്” എന്ന പദത്തിന് ആ കുന്നിനെതന്നെയോ അവിടെ കൂടിവന്നിരുന്ന ന്യായാധിപസഭയെയോ കുറിക്കാനാകും. (പ്രവൃ 17:34) അതുകൊണ്ടുതന്നെ പൗലോസിനെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നത് ഈ കുന്നിലേക്കോ സമീപപ്രദേശത്തേക്കോ ആണെന്നു ചില പണ്ഡിതന്മാർ കരുതുമ്പോൾ, അതു ന്യായാധിപസഭ കൂടിവന്ന മറ്റൊരു സ്ഥലത്തേക്കാകാമെന്ന് (ഒരുപക്ഷേ ചന്തസ്ഥലത്തേക്ക്.) വേറെ ചിലർ കരുതുന്നു. ആരീസിനു തുല്യനായി റോമാക്കാർ ആരാധിച്ചിരുന്നത് മാഴ്സ് ദേവനെ ആയിരുന്നതുകൊണ്ട് ചില പരിഭാഷകൾ ഈ സ്ഥലത്തെ “മാഴ്സിന്റെ കുന്ന്” എന്നും തർജമ ചെയ്തിട്ടുണ്ട്.
വന്നുതാമസിക്കുന്ന: അഥവാ “സന്ദർശിക്കുന്ന.” ഇവിടെ കാണുന്ന എപിഡെമിയോ എന്ന ഗ്രീക്കുപദത്തിന്, “ഒരു അന്യനാട്ടുകാരൻ ഒരിടത്ത് വന്നുതാമസിക്കുന്നതിനെയോ ഒരാൾ സന്ദർശകനായി ഒരിടത്ത് തങ്ങുന്നതിനെയോ” കുറിക്കാനാകും.
അജ്ഞാതദൈവത്തിന്: ഇവിടെ കാണുന്ന അഗ്നോസ്റ്റോയ് തെയോയ് എന്ന ഗ്രീക്കുപദപ്രയോഗം, ആതൻസിലെ ഒരു ബലിപീഠത്തിൽ ആലേഖനം ചെയ്തിരുന്നതാണ്. ദേവീദേവന്മാരോടുള്ള ഭയഭക്തി കാരണം ആതൻസുകാർ ധാരാളം ക്ഷേത്രങ്ങളും ബലിപീഠങ്ങളും പണികഴിപ്പിച്ചിരുന്നു. പ്രശസ്തി, എളിമ, ഊർജം, പ്രേരണാശക്തി, അലിവ് എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പോലും ദേവതകളായി സങ്കൽപ്പിച്ച് അവർ ബലിപീഠങ്ങൾ നിർമിച്ചിരുന്നു. തങ്ങൾ അറിയാതെ ഏതെങ്കിലും ദേവന്റെ കാര്യം വിട്ടുപോയിട്ട് ആ ദേവൻ കോപിച്ചേക്കുമോ എന്ന ഭയം കാരണം അവർ ‘അജ്ഞാതനായ ദൈവത്തിനുവേണ്ടിപ്പോലും’ ഒരു ബലിപീഠം നീക്കിവെച്ചു. വാസ്തവത്തിൽ ഈ ബലിപീഠം പണിതതിലൂടെ, തങ്ങൾ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു ദൈവമുണ്ടെന്ന് അവർ അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യം വളരെ വിദഗ്ധമായി ഉപയോഗിച്ച പൗലോസ് ആ ബലിപീഠത്തെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ട് അവരോടു പ്രസംഗിച്ചു. അങ്ങനെ അന്നുവരെ അവർക്ക് അജ്ഞാതനായിരുന്ന സത്യദൈവത്തെ പൗലോസ് അവർക്കു പരിചയപ്പെടുത്തി.
ലോകം: ഇവിടെ കാണുന്ന കോസ്മൊസ് എന്ന ഗ്രീക്കുപദം ഗ്രീക്കുസാഹിത്യത്തിലും പ്രത്യേകിച്ച് ബൈബിളിലും മനുഷ്യകുലത്തെയാണു കുറിക്കുന്നത്. (യോഹ 1:10-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ ഈ പദം ചിലപ്പോഴൊക്കെ പ്രപഞ്ചത്തെയും എല്ലാ സൃഷ്ടികളെയും കുറിക്കാനും ഗ്രീക്കുസാഹിത്യകൃതികളിൽ ഉപയോഗിച്ചിട്ടുണ്ട്. തന്റെ കേൾവിക്കാരായ ഗ്രീക്കുകാർക്കുകൂടെ യോജിക്കാൻ കഴിയുന്ന ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുകയായിരുന്ന പൗലോസ് അങ്ങനെയൊരു അർഥത്തിലായിരിക്കാം ഇവിടെ ഈ പദം ഉപയോഗിച്ചത്.
മനുഷ്യർ പണിത ദേവാലയങ്ങൾ: അഥവാ “മനുഷ്യകരങ്ങൾകൊണ്ട് പണിത ദേവാലയങ്ങൾ.” ഇവിടെ കാണുന്ന ഖെയ്റൊപൊയെറ്റൊസ് എന്ന ഗ്രീക്കുപദം പ്രവൃ 7:48-ലും (“മനുഷ്യകരങ്ങൾ നിർമിച്ച”) എബ്ര 9:11-ലും (“കൈകൊണ്ട് പണിത”) 24-ലും (“മനുഷ്യൻ നിർമിച്ച”) ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്കുദേവിയായ അഥീനയുടെയും മറ്റു ദേവീദേവന്മാരുടെയും മഹത്ത്വം മനുഷ്യനിർമിത ക്ഷേത്രങ്ങളെയും യാഗപീഠങ്ങളെയും ആശ്രയിച്ചാണിരുന്നത്. എന്നാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും അധിപനായ പരമാധികാരിയാം ദൈവത്തെ ഭൂമിയിലെ ക്ഷേത്രങ്ങളിൽ ഉൾക്കൊള്ളിക്കാനാകില്ല. (1രാജ 8:27) മനുഷ്യനിർമിത ദേവാലയങ്ങളിലെ ഏതൊരു വിഗ്രഹത്തെക്കാളും മഹത്ത്വമേറിയവനാണു സത്യദൈവം. (യശ 40:18-26) പലപല ദേവീദേവന്മാർക്കു സമർപ്പിച്ചിരുന്ന ധാരാളം ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അവിടെ കണ്ടതുകൊണ്ടാകാം പൗലോസ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്: പൗലോസ് ഇവിടെ ഗ്രീക്കിലെ ഒരു രചനാശൈലി കടമെടുത്തതാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഒരു ആശയം ധ്വനിപ്പിക്കാൻ സമാനാർഥമുള്ള മൂന്നു പദങ്ങൾ ഉപയോഗിക്കുന്ന ഈ ശൈലിക്കു ട്രൈക്കോളൻ എന്നാണു പേര്. തത്ത്വചിന്തകരായ പ്ലേറ്റോ, സോഫോക്ളീസ്, അരിസ്റ്റോട്ടിൽ എന്നിവർ ഈ ശൈലി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഈ വാക്കുകൾ പറഞ്ഞപ്പോൾ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത് ബി.സി. ആറാം നൂറ്റാണ്ടിലെ ക്രേത്തൻ കവിയായ എപ്പിമെനിദീസിന്റെ ഒരു കവിതയായിരിക്കാമെന്നു മറ്റു ചിലർ കരുതുന്നു.
നിങ്ങളുടെ കവികളിൽ ചിലർ: “നമ്മളും അവന്റെ മക്കളാണ്” എന്ന വാക്കുകൾ പൗലോസ് ഉദ്ധരിച്ചതു സ്തോയിക് കവിയായ അരേറ്റസിന്റെ ഫിനോമിന എന്ന കവിതയിൽനിന്നാകാം. സമാനമായ വാക്കുകൾ സ്തോയിക് എഴുത്തുകാരനായ ക്ലീൻതസിന്റെ സീയൂസിനുള്ള കീർത്തനം എന്നതുൾപ്പെടെ മറ്റു ഗ്രീക്കു രചനകളിലും കാണുന്നുണ്ട്. പൊതുവേ വിദ്യാസമ്പന്നർ ഒരു വിഷയത്തെക്കുറിച്ച് പ്രസംഗിക്കുമ്പോൾ സാഹിത്യകൃതികളിൽനിന്ന് ഉദ്ധരിക്കാൻ പ്രതീക്ഷിച്ചിരുന്നതുകൊണ്ടാകാം പൗലോസ് ഇവിടെ ഗ്രീക്കുകവിതകളിൽനിന്ന് ഉദ്ധരിച്ചത്.
ഭൂലോകം: ഇവിടെ “ഭൂലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഒയിക്കൂമെനേ എന്ന ഗ്രീക്കുപദമാണ്. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥലമായി ചിത്രീകരിക്കുന്ന വിശാലമായ അർഥത്തിലാണ് അത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. (ലൂക്ക 4:5; റോമ 10:18; വെളി 12:9; 16:14) ജൂതന്മാർ ചിതറിപ്പാർത്തിരുന്ന വിശാലമായ റോമാസാമ്രാജ്യത്തെ കുറിക്കാനും ഒന്നാം നൂറ്റാണ്ടിൽ ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—പ്രവൃ 24:5.
ഉറപ്പ്: അഥവാ “തെളിവ്.” അക്ഷ. “വിശ്വാസം.” മിക്കപ്പോഴും വിശ്വാസം എന്നു പരിഭാഷ ചെയ്യുന്ന പീസ്റ്റിസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ അത്, വാഗ്ദാനം ചെയ്യപ്പെട്ട ഒരു കാര്യം എന്തായാലും സംഭവിക്കുമെന്നു വിശ്വസിക്കാൻ സഹായിക്കുന്ന തെളിവിനെയാണു കുറിക്കുന്നത്.
അരയോപഗസ് കോടതിയിലെ ഒരു ന്യായാധിപൻ: അഥവാ “ഒരു അരയോപഗക്കാരൻ.” അതായത്, അരയോപഗസിലുണ്ടായിരുന്ന ന്യായാധിപസഭയിലെ അഥവാ കോടതിയിലെ ഒരു അംഗം.—പ്രവൃ 17:19-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
ആതൻസിലെ അരയോപഗസിൽവെച്ച് നടത്തിയ പ്രസംഗത്തിൽ, ‘“അജ്ഞാതദൈവത്തിന്” എന്ന് എഴുതിയിരിക്കുന്ന ഒരു യാഗപീഠത്തെക്കുറിച്ച്’ പൗലോസ് പറഞ്ഞു. (പ്രവൃ 17:23) റോമൻ സാമ്രാജ്യത്തിൽ ഇത്തരം യാഗപീഠങ്ങൾ ഉണ്ടായിരുന്നതായി പുരാവസ്തുതെളിവുകളും ലിഖിതരേഖകളും സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഗ്രീസിൽ അജ്ഞാതദൈവങ്ങൾക്കായി ഉണ്ടാക്കിയിരുന്ന യാഗപീഠങ്ങളെക്കുറിച്ച് എ.ഡി. രണ്ടാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രജ്ഞനായ പോസെയ്നീയസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി, എ.ഡി. രണ്ട്-മൂന്ന് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഫൈലോസ്ട്രാറ്റസ്, ആതൻസിലുണ്ടായിരുന്ന അത്തരം യാഗപീഠങ്ങളെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നതായും കാണാം. എ.ഡി. രണ്ടാം നൂറ്റാണ്ടിൽ പെർഗമൊസിലുണ്ടായിരുന്ന (ഇത് ഇന്നത്തെ തുർക്കിയിലാണ്.) അത്തരമൊരു യാഗപീഠത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങളാണ് ഒന്നാമത്തെ ചിത്രത്തിൽ കാണുന്നത്. യാഗപീഠത്തിന്റെ കുറെ ഭാഗം ഇന്ന് ഇല്ലാത്തതുകൊണ്ട് അതിലെ ആലേഖനം മുഴുവനായി വായിക്കാനാകില്ലെങ്കിലും അതിന്റെ ആദ്യവരി സാധ്യതയനുസരിച്ച് ഇങ്ങനെയായിരുന്നു: “അജ്ഞാതദൈവങ്ങൾക്ക്.” റോമിലെ പാലറ്റൈൻ കുന്നിൽനിന്ന് കണ്ടെടുത്തിട്ടുള്ള ഒരു യാഗപീഠമാണു രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത്. പേരില്ലാത്ത ഒരു ദേവതയ്ക്കു സമർപ്പിച്ചിരിക്കുന്ന ആ യാഗപീഠത്തിന് ഏതാണ്ട് ബി.സി. 100-ഓളം പഴക്കമുണ്ട്. ഇത്തരമൊരു യാഗപീഠത്തെക്കുറിച്ചുള്ള ബൈബിൾപരാമർശം ആധികാരികമാണെന്ന് ഈ ഉദാഹരണങ്ങളെല്ലാം തെളിയിക്കുന്നു.