അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 18:1-28
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
കൊരിന്ത്: പുരാതന ഗ്രീസിലെ ഏറ്റവും പഴക്കമുള്ള ഒരു പ്രമുഖനഗരമായിരുന്നു ഇത്. ഇന്നത്തെ കൊരിന്തിന് ഏതാണ്ട് 5 കി.മീ. തെക്കുപടിഞ്ഞാറായാണ് ഇതു സ്ഥിതി ചെയ്തിരുന്നത്. കൊരിന്തിന് ഇത്രയേറെ പ്രാധാന്യവും സമ്പത്തും നേടിക്കൊടുത്തത് അതിന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ്. മധ്യഗ്രീസിനെ, ഗ്രീസിന്റെ തെക്കൻ ഉപദ്വീപായ പെലൊപൊനീസുമായി ബന്ധിപ്പിക്കുന്ന കരയിടുക്കിലാണ് അതു സ്ഥിതി ചെയ്തിരുന്നത്. വടക്കൻഗ്രീസിൽനിന്ന് തെക്കൻഗ്രീസിലേക്കും തിരിച്ചും ചരക്കുകൾ കൊണ്ടുപോയിരുന്നതു കൊരിന്തിലൂടെയായിരുന്നു. ഇനി, കിഴക്കൻ ദേശങ്ങളെയും പടിഞ്ഞാറൻ ദേശങ്ങളെയും ബന്ധിപ്പിക്കുന്ന, മെഡിറ്ററേനിയൻ കടലിലൂടെയുള്ള സമുദ്രഗതാഗതം നിയന്ത്രിച്ചിരുന്നതും കൊരിന്താണ്. കാരണം കപ്പലുകൾ ഗ്രീസിനെ ചുറ്റിവളഞ്ഞ് പോകുന്നതിനെക്കാൾ സുരക്ഷിതം കൊരിന്ത്യൻകരയിടുക്കിലൂടെയുള്ള കര-നാവിക മാർഗമായിരുന്നു. ഗ്രീസിലെ മാസിഡോണിയ ഒഴിച്ചുള്ള പ്രദേശത്തെ റോമാക്കാർ വിളിച്ചിരുന്നത് അഖായ എന്നാണ്. അഗസ്റ്റസ് സീസറിന്റെ ഭരണകാലത്ത് അഖായയെ റോമൻ ഭരണസമിതിയുടെ കീഴിലുള്ള ഒരു സംസ്ഥാനമായി പ്രഖ്യാപിക്കുകയും കൊരിന്തിനെ അതിന്റെ തലസ്ഥാനമാക്കുകയും ചെയ്തു. (പ്രവൃ 18:12-ന്റെ പഠനക്കുറിപ്പു കാണുക.) ധാരാളം ജൂതന്മാർ കുടിയേറിപ്പാർത്തിരുന്ന കൊരിന്തിൽ അവർ ഒരു സിനഗോഗ് സ്ഥാപിച്ചിരുന്നു. അങ്ങനെ ചില ഗ്രീക്കുകാർപോലും ജൂതമതവിശ്വാസികളായി. (പ്രവൃ 18:4) പുരാതനകൊരിന്തിൽ ജൂതന്മാർ താമസിച്ചിരുന്നതായി ഒന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ ഫൈലോയും ലഖായം തുറമുഖത്തിന് അഭിമുഖമായുള്ള ഒരു കവാടത്തിന് അടുത്തുനിന്ന് കണ്ടെത്തിയ മാർബിൾ ലിന്റലിലെ ആലേഖനവും സാക്ഷ്യപ്പെടുത്തുന്നു. പുരാതന ഗ്രീക്കിലുള്ള “(സുന)ഗോഗേ ഹെബ്രാ(യോൻ)” എന്ന ആ ആലേഖനത്തിന്റെ അർഥം “എബ്രായരുടെ സിനഗോഗ്” എന്നാണ്. ഈ ലിന്റൽ പൗലോസിന്റെ കാലത്തേതാണെന്നു ചിലർ അഭിപ്രായപ്പെടുന്നെങ്കിലും അതിന് അത്രത്തോളം പഴക്കമില്ലെന്നാണു മിക്കവരുടെയും പക്ഷം.
അക്വില: വിശ്വസ്തനായ ഒരു ക്രിസ്ത്യാനിയായിരുന്നു അക്വില. അദ്ദേഹത്തെയും വിശ്വസ്തയായ ഭാര്യ പ്രിസ്കില്ലയെയും (പ്രിസ്ക എന്നും വിളിച്ചിരുന്നു.) പൗലോസിന്റെ ‘സഹപ്രവർത്തകർ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. (റോമ 16:3) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മൊത്തം ആറു സ്ഥലങ്ങളിൽ ഇവരെക്കുറിച്ച് പറയുന്നതായി കാണാം. (പ്രവൃ 18:18, 26; 1കൊ 16:19; 2തിമ 4:19) അവിടെയെല്ലാം അവരെക്കുറിച്ച് ഒരുമിച്ചാണു പറഞ്ഞിരിക്കുന്നത്. പ്രിസ്ക എന്ന പേരിന്റെ അൽപ്പതാവാചി രൂപമാണു പ്രിസ്കില്ല. പൗലോസ് തന്റെ കത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതു പ്രിസ്ക എന്ന ഹ്രസ്വരൂപമാണെങ്കിൽ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നതു താരതമ്യേന ദൈർഘ്യമേറിയ പ്രിസ്കില്ല എന്ന രൂപമാണ്. റോമൻ പേരുകൾക്ക് ഇത്തരത്തിൽ പല രൂപങ്ങൾ കാണുന്നതു സാധാരണമായിരുന്നു. ജൂതന്മാരെ റോമിൽനിന്ന് പുറത്താക്കാൻ എ.ഡി. 49-ലോ എ.ഡി. 50-ന്റെ തുടക്കത്തിലോ ക്ലൗദ്യൊസ് ചക്രവർത്തി ഉത്തരവിട്ടതിനെത്തുടർന്ന് അവിടെനിന്ന് നാടുകടത്തപ്പെട്ട അക്വിലയും പ്രിസ്കില്ലയും കൊരിന്തിൽ വന്ന് താമസമാക്കി. എ.ഡി. 50-ലെ ശരത്കാലത്ത് (ഒക്ടോബറിനോട് അടുത്ത്.) പൗലോസും കൊരിന്തിൽ എത്തി. കൂടാരപ്പണിക്കാരനായിരുന്ന അദ്ദേഹം അതേ തൊഴിൽ ചെയ്തിരുന്ന ഈ ദമ്പതികളോടൊപ്പം ജോലി ചെയ്തു. അവിടെ ഒരു പുതിയ സഭ സ്ഥാപിക്കാൻ അക്വിലയും പ്രിസ്കില്ലയും പൗലോസിനെ സഹായിച്ചു എന്നതിൽ സംശയമില്ല. വടക്കൻ ഏഷ്യാമൈനറിൽ കരിങ്കടലിനോടു ചേർന്നുകിടക്കുന്ന പൊന്തൊസായിരുന്നു അക്വിലയുടെ സ്വദേശം.
കൂടാരപ്പണിക്കാർ: പൗലോസിന്റെയും അക്വിലയുടെയും പ്രിസ്കില്ലയുടെയും തൊഴിലിനെ കുറിക്കാൻ സ്ക്കീനൊപോയിയൊസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതു കൃത്യമായി ഏതു തൊഴിലിനെയാണു കുറിക്കുന്നത് എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് (കൂടാരപ്പണി, അലങ്കാരപ്പണിയുള്ള തുണിയുടെ നെയ്ത്ത്, കയറുനിർമാണം എന്നിവയെല്ലാം സാധ്യതകളാണ്.). എന്നാൽ ഇതു ‘കൂടാരപ്പണിയെത്തന്നെയാണു’ കുറിക്കുന്നതെന്നു പല പണ്ഡിതന്മാരും കരുതുന്നു. പൗലോസിന്റെ സ്വദേശമായ കിലിക്യയിലെ തർസൊസ്, കോലാട്ടുരോമംകൊണ്ട് ഉണ്ടാക്കുന്ന സിലിഷ്യം എന്ന കൂടാരത്തുണിക്കു പേരുകേട്ടതായിരുന്നു. (പ്രവൃ 21:39) ജൂതന്മാരായ ചെറുപ്പക്കാർ ഉന്നതവിദ്യാഭ്യാസം നേടാനിരിക്കുന്നവരാണെങ്കിൽപ്പോലും അവർ ഒരു കൈത്തൊഴിൽ പഠിക്കുന്നതു വളരെ ആദരണീയമായ ഒരു കാര്യമായിട്ടാണു എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ജൂതസമൂഹം കണ്ടിരുന്നത്. അതുകൊണ്ട് പൗലോസ് ചെറുപ്പത്തിൽത്തന്നെ കൂടാരം ഉണ്ടാക്കാനുള്ള പരിശീലനം നേടിയിരിക്കാം. എന്നാൽ ഈ പണി അത്ര എളുപ്പമായിരുന്നില്ല. കാരണം സിലിഷ്യം പൊതുവേ നല്ല കട്ടിയുള്ള, പരുക്കൻ തുണിയായിരുന്നെന്നു പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അതു മുറിച്ച്, തുന്നിയെടുക്കാൻ നല്ല കഷ്ടപ്പാടായിരുന്നു.
പ്രസംഗിച്ചു: അഥവാ “ന്യായവാദം ചെയ്തു.” ഡിയാലേഗൊമായ് എന്ന ഗ്രീക്കുക്രിയയെ നിർവചിച്ചിരിക്കുന്നതു “തമ്മിൽത്തമ്മിൽ സംസാരിക്കുക; ചർച്ച ചെയ്യുക” എന്നൊക്കെയാണ്. ഒരു കൂട്ടത്തിനു മുമ്പാകെ പ്രസംഗം നടത്തുന്നതിനെ മാത്രമല്ല ആ പദം കുറിക്കുന്നത്. അവർക്കു പറയാനുള്ളതുംകൂടെ കേട്ടുകൊണ്ട് പരസ്പരം അഭിപ്രായങ്ങൾ കൈമാറുന്നതും അതിൽ ഉൾപ്പെടുന്നു. ഇതേ ഗ്രീക്കുപദം പ്രവൃ 17:2, 17; 18:19; 19:8, 9; 20:7, 9 എന്നീ വാക്യങ്ങളിലും കാണാം.
ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി: ഈ സമയംമുതൽ പൗലോസ് പ്രസംഗപ്രവർത്തനത്തിനുവേണ്ടി തന്റെ സമയം മുഴുവനായി നീക്കിവെച്ചു എന്നാണ് ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്.
പൗലോസ് വസ്ത്രം കുടഞ്ഞിട്ട്: ക്രിസ്തുവിനെക്കുറിച്ചുള്ള ജീവരക്ഷാകരമായ സന്ദേശം സ്വീകരിക്കാൻ വിസമ്മതിച്ച കൊരിന്തിലെ ജൂതന്മാരുടെ കാര്യത്തിൽ തനിക്ക് ഇനി ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണു പൗലോസിന്റെ ഈ പ്രവൃത്തി സൂചിപ്പിച്ചത്. അവരോടുള്ള തന്റെ കടമ നിറവേറ്റിക്കഴിഞ്ഞിരുന്നതുകൊണ്ട് പൗലോസ് ഇനി അവരുടെ ജീവനു കണക്കു ബോധിപ്പിക്കേണ്ടതില്ലായിരുന്നു. (ഈ വാക്യത്തിലെ നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ എന്നതിന്റെ പഠനക്കുറിപ്പു കാണുക.) തിരുവെഴുത്തുകളിൽ, ഇതിനു മുമ്പും ചിലർ ഇങ്ങനെയൊരു കാര്യം ചെയ്തതായി രേഖയുണ്ട്. ഉദാഹരണത്തിന് യരുശലേമിലേക്കു മടങ്ങിവന്ന ജൂതന്മാരോടു സംസാരിച്ചപ്പോൾ നെഹമ്യ തന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞതായി നമ്മൾ വായിക്കുന്നു. വാക്കു പാലിക്കാത്തവരെയെല്ലാം ദൈവം തള്ളിക്കളയുമെന്നു സൂചിപ്പിക്കാനാണു നെഹമ്യ അങ്ങനെ ചെയ്തത്. (നെഹ 5:13) ഇനി, പിസിദ്യയിലെ അന്ത്യോക്യയിൽവെച്ച് തന്നെ എതിർത്തവർക്കു നേരെ പൗലോസ് ‘കാലിലെ പൊടി തട്ടിക്കളഞ്ഞതിന്റെ’ അർഥവും ഏതാണ്ട് ഇതുതന്നെയായിരുന്നു.—പ്രവൃ 13:51; ലൂക്ക 9:5 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ: മിശിഹയായ യേശുവിനെക്കുറിച്ചുള്ള സന്ദേശം സ്വീകരിക്കാത്തതുകൊണ്ട് ജൂതന്മാർക്ക് എന്തെങ്കിലും ഭവിഷ്യത്തുകൾ നേരിട്ടാൽ അതിനു താൻ ഉത്തരവാദിയായിരിക്കില്ലെന്നു സൂചിപ്പിക്കാനാണു പൗലോസ് ഇങ്ങനെ പറഞ്ഞത്. ഒരാൾ മരണശിക്ഷ അർഹിക്കുന്ന തെറ്റായ ഒരു പാത തിരഞ്ഞെടുത്താൽ അയാളുടെ മരണത്തിന് അയാൾതന്നെയായിരിക്കും ഉത്തരവാദിയെന്നു സൂചിപ്പിക്കുന്ന സമാനമായ പ്രസ്താവനകൾ എബ്രായ തിരുവെഴുത്തുഭാഗങ്ങളിലുമുണ്ട്. (യോശ 2:19; 2ശമു 1:16; 1രാജ 2:37; യഹ 33:2-4; മത്ത 27:25-ന്റെ പഠനക്കുറിപ്പു കാണുക.) “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ” എന്നു പറഞ്ഞശേഷം, ഞാൻ കുറ്റക്കാരനല്ല, അഥവാ “ഞാൻ നിരപരാധിയാണ് (ശുദ്ധനാണ്; ഉത്തരവാദിയല്ല.)” എന്നും പൗലോസ് കൂട്ടിച്ചേർക്കുന്നു.—പ്രവൃ 20:26-ന്റെ പഠനക്കുറിപ്പു കാണുക.
അവിടം വിട്ട്: അതായത് സിനഗോഗ് വിട്ട്. പൗലോസ് അപ്പോസ്തലൻ സിനഗോഗിൽനിന്ന് തീസിയോസ് യുസ്തൊസിന്റെ വീട്ടിലേക്കു പോയതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവിടെ ചെന്ന പൗലോസ് തന്റെ പ്രസംഗപ്രവർത്തനം തുടർന്നു. കൊരിന്തിൽ പൗലോസ് താമസിച്ചിരുന്നത് അക്വിലയുടെയും പ്രിസ്കില്ലയുടെയും വീട്ടിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗപ്രവർത്തനം യുസ്തൊസിന്റെ വീടു കേന്ദ്രീകരിച്ചായിരുന്നെന്നു തോന്നുന്നു.—പ്രവൃ 18:3.
തീസിയോസ് യുസ്തൊസ്: കൊരിന്തുകാരനായ ഈ വിശ്വാസിയെ ദൈവഭക്തൻ എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഈ പദപ്രയോഗം, അദ്ദേഹം ജൂതമതത്തിലേക്കു പരിവർത്തനം ചെയ്ത ആളായിരുന്നെന്നു സൂചിപ്പിക്കുന്നു.—പ്രവൃ 13:43; 16:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അഖായ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ അഖായ എന്നു പറഞ്ഞിരിക്കുന്നതു ഗ്രീസിന്റെ തെക്കൻഭാഗത്തുള്ള റോമൻ സംസ്ഥാനത്തെക്കുറിച്ചാണ്. കൊരിന്തായിരുന്നു തലസ്ഥാനം. ബി.സി. 27-ൽ അഗസ്റ്റസ് സീസർ ഗ്രീസിന്റെ രണ്ടു സംസ്ഥാനങ്ങളായ മാസിഡോണിയയും അഖായയും പുനഃസംഘടിപ്പിച്ചു. പെലൊപൊനീസ് മുഴുവനും മധ്യഗ്രീസിന്റെ ഒരു ഭാഗവും ഉൾപ്പെട്ടതായിരുന്നു അഖായ. ഈ സംസ്ഥാനം റോമൻ ഭരണസമിതിയുടെ കീഴിലായിരുന്നു. തലസ്ഥാനമായ കൊരിന്തിൽനിന്ന് ഒരു നാടുവാഴിയാണ് അവിടം ഭരിച്ചിരുന്നത്. (2കൊ 1:1) അഖായ സംസ്ഥാനത്തിലെ മറ്റു നഗരങ്ങളായ ആതൻസിനെയും കെംക്രെയയെയും കുറിച്ചും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ 18:1, 18; റോമ 16:1) അഖായയെ അതിന്റെ വടക്കുള്ള സംസ്ഥാനമായ മാസിഡോണിയയോടൊപ്പമാണു മിക്കപ്പോഴും പരാമർശിച്ചിരിക്കുന്നത്.—പ്രവൃ 19:21; റോമ 15:26; 1തെസ്സ 1:7, 8; അനു. ബി13 കാണുക.
നാടുവാഴി: റോമൻ ഭരണസമിതിയുടെ കീഴിലുള്ള ഒരു സംസ്ഥാനത്തിന്റെ ഗവർണർ. ഗല്ലിയോൻ അഖായ സംസ്ഥാനത്തിന്റെ നാടുവാഴിയായിരുന്നെന്നു വാക്യം സൂചിപ്പിക്കുന്നു. ലൂക്കോസ് ഉപയോഗിച്ച ആ സ്ഥാനപ്പേര് വളരെ കൃത്യമാണുതാനും. കാരണം ബി.സി. 27 മുതൽ എ.ഡി. 15 വരെയും എ.ഡി. 44-നു ശേഷവും അഖായ, റോമൻ ഭരണസമിതിയുടെ കീഴിലുള്ള ഒരു സംസ്ഥാനമായിരുന്നു. (പ്രവൃ 13:7-ന്റെ പഠനക്കുറിപ്പു കാണുക.) നാടുവാഴിയായ ഗല്ലിയോനെക്കുറിച്ച് പരാമർശമുള്ള ഒരു ആലേഖനം ഡെൽഫിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതു ലൂക്കോസിന്റെ വിവരണത്തിന്റെ കൃത്യതയെ പിന്താങ്ങുകയും ഗല്ലിയോൻ അധികാരത്തിലിരുന്ന കാലം നിർണയിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കെംക്രെയ: കൊരിന്തുനഗരത്തിന്റെ തുറമുഖങ്ങളിൽ ഒന്ന്. സറോണിക് ഉൾക്കടലിന് അഭിമുഖമായുള്ള ഈ തുറമുഖം കൊരിന്തുനഗരത്തിന് ഏതാണ്ട് 11 കി.മീ. കിഴക്കായി ഒരു കരയിടുക്കിലാണു സ്ഥിതി ചെയ്തിരുന്നത്. കൊരിന്തുകാർക്കു ഗ്രീസിൽനിന്ന് കിഴക്കൻ രാജ്യങ്ങളിലേക്കു പോകാനുള്ള തുറമുഖം കെംക്രെയ ആയിരുന്നെങ്കിൽ ഗ്രീസിൽനിന്ന് ഇറ്റലി ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലേക്കു കൊരിന്തുകാർ പോയിരുന്നതു ആ കരയിടുക്കിന്റെ മറുവശത്തുണ്ടായിരുന്ന ലഖായം തുറമുഖത്തുനിന്നാണ്. ആ പ്രദേശത്തെ കെട്ടിടങ്ങളുടെയും പുലിമുട്ടുകളുടെയും (അതായത്, കടൽത്തിരകളെ പ്രതിരോധിക്കാനായി കടലിലേക്കു തള്ളിനിൽക്കുന്ന മതിലുകൾ.) നാശാവശിഷ്ടങ്ങൾ ഇന്നത്തെ കെഹ്റിയെസ് (കെക്രിയൈസ്) ഗ്രാമത്തിനടുത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കെംക്രെയയിൽ ഒരു ക്രിസ്തീയസഭയുണ്ടായിരുന്നെന്നു റോമ 16:1 സൂചിപ്പിക്കുന്നു.
യഹോവയുടെ ഇഷ്ടമെങ്കിൽ: എന്തെങ്കിലും ചെയ്യുമ്പോഴോ ചെയ്യാൻ പദ്ധതിയിടുമ്പോഴോ ദൈവത്തിന്റെ ഇഷ്ടംകൂടെ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യം എടുത്തുകാട്ടുന്ന പദപ്രയോഗം. ഈ തത്ത്വം എപ്പോഴും ഓർത്തിരുന്ന ആളായിരുന്നു അപ്പോസ്തലനായ പൗലോസ്. (1കൊ 4:19; 16:7; എബ്ര 6:3) “യഹോവയ്ക്ക് ഇഷ്ടമെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും” എന്നു പറയാൻ ശിഷ്യനായ യാക്കോബും പ്രോത്സാഹിപ്പിച്ചു. (യാക്ക 4:15) ഒരിക്കലും ഇത്തരം കാര്യങ്ങൾ വെറുംവാക്കായി പറയരുത്. “യഹോവയുടെ ഇഷ്ടമെങ്കിൽ” എന്ന് ഒരാൾ പറയുന്നത് ആത്മാർഥമായിട്ടാണെങ്കിൽ അയാൾ യഹോവയുടെ ഇഷ്ടമനുസരിച്ച് കാര്യങ്ങൾ ചെയ്യാനും ശ്രമിക്കണം. ഇത് എപ്പോഴും മറ്റുള്ളവർ കേൾക്കെ പറയണമെന്നില്ല; മിക്കപ്പോഴും ഇക്കാര്യം മനസ്സിൽ പറഞ്ഞാൽ മതിയാകും.—പ്രവൃ 21:14; 1കൊ 4:19; യാക്ക 4:15 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.
ചെന്ന്: അക്ഷ. “കയറിച്ചെന്ന്.” ഗ്രീക്കുപാഠത്തിൽ ഇവിടെ യരുശലേമിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും സാധ്യതയനുസരിച്ച് പൗലോസ് ആ നഗരത്തിലേക്കാണു പോയത്. സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 750 മീ. (2,500 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് യരുശലേം. തിരുവെഴുത്തുകളുടെ മൂലപാഠത്തിൽ പലയിടത്തും ആരാധകർ “യരുശലേമിലേക്കു കയറിപ്പോയി” എന്നു പറഞ്ഞിരിക്കുന്നതായി കാണാം. വാസ്തവത്തിൽ യരുശലേമിലേക്കുള്ള യാത്രയെക്കുറിച്ച് പറയുന്ന ധാരാളം സ്ഥലങ്ങളിൽ ഗ്രീക്ക് മൂലപാഠം അനാബൈനൊ (“കയറിപ്പോകുക”) എന്ന ക്രിയ ഉപയോഗിച്ചിട്ടുണ്ട്. (മത്ത 20:17; മർ 10:32; ലൂക്ക 18:31; യോഹ 2:13; 5:1; 11:55; പ്രവൃ 21:12, 15; 24:11; 25:1; ഗല 2:1) ഇനി, ഈ വാക്യത്തിൽ “പോയി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കറ്റാബൈനൊ എന്ന ഗ്രീക്കുക്രിയ (അക്ഷ. “ഇറങ്ങിപ്പോകുക.”) പലപ്പോഴും ഉപയോഗിച്ചിരിക്കുന്നത് യരുശലേമിൽനിന്ന് പോകുന്നതിനെ കുറിക്കാനാണ്. അതിന് ഒരു ഉദാഹരണമാണു ലൂക്ക 10:30, 31.
അപ്പൊല്ലോസ്: ഒരു ജൂതക്രിസ്ത്യാനിയായിരുന്ന ഇദ്ദേഹം അലക്സാൻഡ്രിയ നഗരത്തിലായിരിക്കാം വളർന്നത്. ഈജിപ്ത് എന്ന റോമൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു അലക്സാൻഡ്രിയ. ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമായിരുന്ന ഈ നഗരത്തിലെ വലിയ ഗ്രന്ഥശാല ലോകപ്രശസ്തമായിരുന്നു. റോമൻ സാമ്രാജ്യത്തിൽ റോം കഴിഞ്ഞാൽ ഏറ്റവും വലിയ നഗരമായിരുന്നു ഇത്. ധാരാളം ജൂതന്മാർ താമസിച്ചിരുന്ന ഈ നഗരത്തെ ജൂതന്മാരും ഗ്രീക്കുകാരും പ്രമുഖ സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നായിട്ടാണു കണ്ടിരുന്നത്. എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്കുപരിഭാഷയായ സെപ്റ്റുവജിന്റ് തയ്യാറാക്കിയത് അവിടെവെച്ചാണ്. അപ്പൊല്ലോസ് തിരുവെഴുത്തുകളെക്കുറിച്ച് (അതായത്, ദൈവപ്രചോദിതമായ എബ്രായതിരുവെഴുത്തുകളെക്കുറിച്ച്) നല്ല അറിവുള്ള (അക്ഷ. “തിരുവെഴുത്തുകളിൽ ശക്തനായ.”) ആളായിരുന്നതിന്റെ കാരണം ഇതായിരിക്കാം.
യഹോവയുടെ മാർഗം: ഈ പദപ്രയോഗത്തോടു സമാനാർഥമുള്ള ‘ദൈവത്തിന്റെ മാർഗം’ എന്നൊരു പദപ്രയോഗം അടുത്ത വാക്യത്തിൽ കാണാം. ക്രിസ്തീയമാർഗം എന്നത് ഏകസത്യദൈവമായ യഹോവയുടെ ആരാധനയെയും ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെയും കേന്ദ്രീകരിച്ചുള്ള ഒരു ജീവിതമാണ്. പ്രവൃത്തികളുടെ പുസ്തകം ക്രിസ്തീയജീവിതത്തെ “മാർഗം” എന്നു മാത്രവും വിളിച്ചിട്ടുണ്ട്. (പ്രവൃ 19:9, 23; 22:4; 24:22; പ്രവൃ 9:2-ന്റെ പഠനക്കുറിപ്പു കാണുക.) “യഹോവയുടെ മാർഗം” എന്ന പദപ്രയോഗം സുവിശേഷവിവരണങ്ങളിൽ നാലു പ്രാവശ്യം കാണുന്നു. അവിടെയെല്ലാം അത് യശ 40:3-ൽനിന്നുള്ള ഉദ്ധരണിയുടെ ഭാഗമാണ്. (മത്ത 3:3; മർ 1:3; ലൂക്ക 3:4; യോഹ 1:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യശ 40:3-ന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമം (ചതുരക്ഷരി) കാണാം. “യഹോവയുടെ വഴി (അഥവാ “മാർഗം”)” എന്ന പദപ്രയോഗം ന്യായ 2:22; യിര 5:4, 5 എന്നിവിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.—പ്രവൃ 19:23-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
പരിശീലനം ലഭിക്കുക: ഇവിടെ കാണുന്ന കറ്റേഖീയൊ എന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “പറഞ്ഞുപതിപ്പിക്കുക” എന്നാണ്. കാര്യങ്ങൾ വാമൊഴിയായി പഠിപ്പിക്കുന്നത് അതിൽ ഉൾപ്പെട്ടേക്കാം. ദൈവവചനത്തിലെ സത്യങ്ങൾ ആവർത്തിച്ചുപറഞ്ഞ് ഒരു വിദ്യാർഥിയുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിച്ചാൽ മറ്റുള്ളവരെ പഠിപ്പിക്കാൻ അദ്ദേഹവും പ്രാപ്തനാകും.—ഇതേ ഗ്രീക്കുപദം രണ്ടു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ഗല 6:6 താരതമ്യം ചെയ്യുക.
ദൈവാത്മാവിൽ ജ്വലിച്ച്: അക്ഷ. “തിളയ്ക്കുന്ന ആത്മാവോടെ.” ‘ജ്വലിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “തിളയ്ക്കുക” എന്നാണെങ്കിലും ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നതു തീക്ഷ്ണതയും ഉത്സാഹവും നിറഞ്ഞുകവിയുക അഥവാ പ്രസരിക്കുക എന്ന അർഥത്തിൽ ആലങ്കാരികമായിട്ടാണ്. എന്നാൽ സാധ്യതയനുസരിച്ച് ഇവിടെ “ആത്മാവ്” എന്നതിന്റെ ഗ്രീക്കുപദം (ന്യൂമ) ദൈവത്തിന്റെ പരിശുദ്ധാത്മാവിനെയാണു കുറിക്കുന്നത്. യഹോവയുടെ ഇഷ്ടമനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കാനുള്ള ശക്തി അതിനുണ്ട്. (മർ 1:12-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ ന്യൂമ എന്ന പദത്തിന് ഒരാളുടെ ആലങ്കാരികഹൃദയത്തിൽനിന്ന് ഉത്ഭവിക്കുന്ന പ്രേരകശക്തിയെയും കുറിക്കാനാകും. എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ അയാളെ തോന്നിപ്പിക്കുന്ന ഒരു ശക്തിയാണ് അത്. ഈ വാക്യത്തിൽ മേൽപ്പറഞ്ഞ രണ്ട് ആശയവും അടങ്ങിയിരിക്കാം. ദൈവാത്മാവിന്റെ വഴിനടത്തിപ്പുള്ളതുകൊണ്ട് ഒരാൾ ശരിയായ കാര്യങ്ങൾ ചെയ്യാൻ തീക്ഷ്ണതയും ഉത്സാഹവും കാണിക്കുന്നതിനെക്കുറിച്ചായിരിക്കാം ഇവിടെ പറയുന്നത്. എന്നാൽ ഇവിടെ ഈ പദപ്രയോഗം വലിയ ആവേശത്തെയും ഉത്സാഹത്തെയും സൂചിപ്പിക്കുന്ന ഒരു ഭാഷാശൈലി മാത്രമാണെന്ന ഒരു അഭിപ്രായവുമുണ്ട്. ഇവിടെ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത് അങ്ങനെയൊരു അർഥത്തിലുമാകാം. കാരണം യേശുവിന്റെ നാമത്തിലുള്ള സ്നാനത്തെക്കുറിച്ച് അപ്പൊല്ലോസ് അതേവരെ കേട്ടിരുന്നില്ലല്ലോ. വസ്തുത ഇതിൽ ഏതായാലും, അപ്പൊല്ലോസ് ശരിയായ കാര്യങ്ങൾ ചെയ്യാൻ ഉത്സാഹം കാണിക്കുകയും കൂടുതൽ കൃത്യതയുള്ള ഉപദേശങ്ങൾ സ്വീകരിക്കാൻ മനസ്സുകാണിക്കുകയും ചെയ്തത് ദൈവാത്മാവിന്റെ വഴിനടത്തിപ്പ് ഉണ്ടായിരുന്നതുകൊണ്ടാണെന്നു വ്യക്തം.—പദാവലിയിൽ “ആത്മാവ്” കാണുക.
യോഹന്നാന്റെ സ്നാനം: യഹോവ മോശയ്ക്കു കൊടുത്ത നിയമത്തിന് എതിരായി ചെയ്യുന്ന പാപങ്ങളെക്കുറിച്ച് ഒരാൾ പശ്ചാത്തപിക്കുന്നു എന്നതിന്റെ പരസ്യപ്രകടനമായിരുന്നു യോഹന്നാന്റെ സ്നാനം. വാസ്തവത്തിൽ, ആ നിയമം അനുസരിച്ചുകൊള്ളാമെന്നു ജൂതന്മാർ സമ്മതിച്ചിരുന്നതാണ്. (പുറ 24:7, 8) എന്നാൽ എ.ഡി. 33-ലെ പെന്തിക്കോസ്തിൽ നിയമയുടമ്പടി അവസാനിച്ചതോടെ യോഹന്നാന്റെ സ്നാനത്തിനു പ്രസക്തിയില്ലാതായി. (റോമ 10:4; ഗല 3:13; എഫ 2:13-15; കൊലോ 2:13, 14) യേശു ശിഷ്യന്മാരോടു നിർദേശിച്ച സ്നാനത്തിനു മാത്രമേ പിന്നീട് യഹോവയുടെ അംഗീകാരമുണ്ടായിരുന്നുള്ളൂ. (മത്ത 28:19, 20) ഇവിടെ വിവരിച്ചിരിക്കുന്ന, അപ്പൊല്ലോസ് ഉൾപ്പെട്ട സംഭവങ്ങൾ നടന്നത് ഏതാണ്ട് എ.ഡി. 52-ലാണ്.
ദൈവത്തിന്റെ അനർഹദയയാൽ: അക്ഷ. “അനർഹദയയാൽ.” മൂല ഗ്രീക്കുപാഠത്തിൽ ഇവിടെ “ദൈവത്തിന്റെ” എന്ന പദം കാണുന്നില്ലെങ്കിലും അതാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തമാണെന്നു പല പണ്ഡിതന്മാരും സമ്മതിക്കുന്നു. പ്രവൃത്തികളുടെ പുസ്തകത്തിൽ “അനർഹദയ” എന്ന പദപ്രയോഗം ഒട്ടുമിക്ക സന്ദർഭങ്ങളിലും ‘ദൈവവുമായി’ ബന്ധപ്പെടുത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്.—പ്രവൃ 11:23; 13:43; 14:26; 20:24, 32.
ദൃശ്യാവിഷ്കാരം
റോമൻ ചക്രവർത്തിയായ ക്ലൗദ്യൊസിന്റെ പേര് പ്രവൃത്തികളുടെ പുസ്തകത്തിൽ രണ്ടു പ്രാവശ്യം കാണാം. (പ്രവൃ 11:28; 18:2) തന്റെ സഹോദരപുത്രനായ കാലിഗുലയ്ക്കു ശേഷം (എ.ഡി. 37 മുതൽ 41 വരെ ഭരണം നടത്തിയ ഈ വ്യക്തിയെക്കുറിച്ച് തിരുവെഴുത്തുകളിൽ പരാമർശമൊന്നുമില്ല.) ക്ലൗദ്യൊസ് റോമിലെ നാലാമത്തെ ചക്രവർത്തിയായി ഭരണം ഏറ്റെടുത്തു. എ.ഡി. 41 മുതൽ 54 വരെ അദ്ദേഹം റോമിന്റെ ഭരണാധികാരിയായിരുന്നു. എല്ലാ ജൂതന്മാരും റോം വിട്ടുപോകണമെന്ന് എ.ഡി. 49-ലോ 50-ലോ ക്ലൗദ്യൊസ് ഒരു കല്പന പുറപ്പെടുവിച്ചു. അതെത്തുടർന്നാണ് അക്വിലയും പ്രിസ്കില്ലയും അവിടെനിന്ന് കൊരിന്തിലേക്കു പോയത്. അവിടെവെച്ച് അവർ പൗലോസ് അപ്പോസ്തലനെ കണ്ടുമുട്ടി. എ.ഡി. 54-ൽ ക്ലൗദ്യൊസിന്റെ നാലാമത്തെ ഭാര്യ വിഷക്കൂണുകൾ നൽകി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നു പറയപ്പെടുന്നു. തുടർന്ന് ചക്രവർത്തിയായി നീറോ അധികാരത്തിൽ വന്നു.
ഗ്രീസിലെ ഡെൽഫിയിൽനിന്ന് കണ്ടെടുത്ത ഒരു ആലേഖനമാണ് ഇത്. ഏതാണ്ട് എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ മധ്യകാലത്തേതെന്നു കരുതപ്പെടുന്ന ഈ ലിഖിതത്തിൽ നാടുവാഴിയായ ഗല്ലിയോനെക്കുറിച്ച് പറയുന്നുണ്ട്. (അദ്ദേഹത്തിന്റെ പേര് പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു.) കൊരിന്തിലെ ജൂതന്മാർ അപ്പോസ്തലനായ പൗലോസിനെ വിചാരണയ്ക്കായി കൊണ്ടുപോയതിനെക്കുറിച്ച് പറയുന്ന പ്രവൃ 18:12-ൽ ഗല്ലിയോനെ “അഖായയുടെ നാടുവാഴി” എന്നു വിളിച്ചിരിക്കുന്നതു കൃത്യമാണെന്ന് ഇതു തെളിയിക്കുന്നു.
കൊരിന്തിലുണ്ടായിരുന്ന ‘ന്യായാസനത്തിന്റെ’ അഥവാ പ്രസംഗവേദിയുടെ നാശാവശിഷ്ടങ്ങളാണ് ഈ ഫോട്ടോയിൽ കാണുന്നത്. പൊതുജനത്തോടു സംസാരിക്കാനായി ഉപയോഗിച്ചിരുന്ന ഉയർത്തിക്കെട്ടിയ, വലിയ ഒരു വേദിയായിരുന്നു ഇത്. കൊരിന്തിലെ ന്യായാസനം, നഗരത്തിലെ ചന്തസ്ഥലത്തിന്റെ മധ്യഭാഗത്തായിട്ടാണു സ്ഥിതി ചെയ്തിരുന്നത്. ധാരാളം ആളുകൾ വന്നുപോയിരുന്ന വിശാലമായ ഒരു പൊതുസ്ഥലമായിരുന്നു അത്. വിധി പ്രഖ്യാപിക്കാൻ മജിസ്റ്റ്രേട്ടുമാർ ഈ വേദി ഉപയോഗിച്ചിരുന്നു. വെള്ളയും നീലയും നിറമുള്ള മാർബിൾകൊണ്ട് ഉണ്ടാക്കിയ ന്യായാസനത്തിൽ മനോഹരമായ അലങ്കാരപ്പണികളുമുണ്ടായിരുന്നു. ഇനി, മജിസ്റ്റ്രേട്ടിനെ കാണാൻവരുന്ന ആളുകൾക്കായി വേദിയോടു ചേർത്ത് കാത്തിരിപ്പുമുറികൾ പണിതിരുന്നു. നാനാവർണത്തിലുള്ള കല്ലുകളും മറ്റും പതിപ്പിച്ച തറയും ബെഞ്ചുകളും ഒക്കെയുള്ള മുറികളായിരുന്നു അവ. ഒന്നാം നൂറ്റാണ്ടിൽ കൊരിന്തിലുണ്ടായിരുന്ന ന്യായാസനത്തിന്റെ രൂപം ഒരു കലാകാരൻ ഭാവനയിൽ കണ്ട് വരച്ചതാണ് ഈ ചിത്രം. ജൂതന്മാർ പൗലോസിനെ നാടുവാഴിയായ ഗല്ലിയോന്റെ മുന്നിൽ ഹാജരാക്കാൻ കൊണ്ടുവന്നത് ഇവിടേക്കായിരിക്കാം.
1. റോമൻ പ്രദർശനശാല
2. കൊട്ടാരം
3. കുതിരപ്പന്തയശാല
4. ക്ഷേത്രം
5. തുറമുഖം
കൈസര്യ നഗരത്തിന്റെ നാശാവശിഷ്ടങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. അന്നത്തെ ചില പ്രധാനകെട്ടിടങ്ങളുടെ ത്രിമാനരൂപം ഇതിൽ പുനഃസൃഷ്ടിച്ചിട്ടുമുണ്ട്. അവയുടെ ഏകദേശരൂപം എങ്ങനെയായിരുന്നെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് മഹാനായ ഹെരോദാണു കൈസര്യ നഗരവും അവിടത്തെ തുറമുഖവും പണിതത്. അഗസ്റ്റസ് സീസറിന്റെ ബഹുമാനാർഥം ഹെരോദ് അതിനു കൈസര്യ എന്ന പേര് നൽകുകയായിരുന്നു. യരുശലേമിന് ഏതാണ്ട് 87 കി.മീ. വടക്കുപടിഞ്ഞാറായി, മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരം അന്നത്തെ സമുദ്രഗതാഗതം നിയന്ത്രിച്ചിരുന്ന ഒരു പ്രധാനകേന്ദ്രമായി മാറി. ആ നഗരത്തിൽ ഒരു റോമൻ പ്രദർശനശാലയും (1) കടലിലേക്ക് ഇറക്കിപ്പണിത ഒരു കൊട്ടാരവും (2) 30,000-ത്തോളം കാണികൾക്ക് ഇരിക്കാവുന്ന, കുതിരപ്പന്തയം നടക്കുന്ന ഒരു സ്റ്റേഡിയവും (3) ഒരു ക്ഷേത്രവും (4) ആരെയും അതിശയിപ്പിക്കുന്ന നിർമാണവൈദഗ്ധ്യമുള്ള മനുഷ്യനിർമിതമായ ഒരു തുറമുഖവും (5) ഉണ്ടായിരുന്നു. നഗരത്തിലേക്കു ശുദ്ധജലം എത്തിക്കാനുള്ള ഒരു നീർപ്പാത്തിയും നഗരത്തിലെ മലിനജലം പുറന്തള്ളാനുള്ള ഒരു ഭൂഗർഭസംവിധാനവും കൈസര്യക്കുണ്ടായിരുന്നു. പൗലോസ് അപ്പോസ്തലനും മറ്റു ക്രിസ്ത്യാനികളും കപ്പൽമാർഗം കൈസര്യയിൽ വന്നുപോയിരുന്നതായി രേഖയുണ്ട്. (പ്രവൃ 9:30; 18:21, 22; 21:7, 8, 16) പൗലോസ് കൈസര്യ നഗരത്തിൽ രണ്ടു വർഷം തടവിൽ കഴിഞ്ഞിട്ടുമുണ്ട്. (പ്രവൃ 24:27) ഇനി, സുവിശേഷകനായ ഫിലിപ്പോസ് ഒരു പ്രസംഗപര്യടനത്തിന്റെ ഒടുവിൽ കൈസര്യയിൽ എത്തിയതായും നമ്മൾ വായിക്കുന്നു. സാധ്യതയനുസരിച്ച് അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. (പ്രവൃ 8:40; 21:8) പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽനിന്ന് ആദ്യം ക്രിസ്ത്യാനിയായിത്തീർന്ന കൊർന്നേല്യൊസ് ഈ നഗരത്തിലായിരുന്നു താമസം. (പ്രവൃ 10:1, 24, 34, 35, 45-48) ഇനി, ലൂക്കോസ് തന്റെ സുവിശേഷം എഴുതിയതും കൈസര്യയിൽവെച്ചായിരിക്കാം.
സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
1. സിറിയയിലെ അന്തോക്യയിൽനിന്ന് പൗലോസ് ഗലാത്യയിലും ഫ്രുഗ്യയിലും ചെന്ന് അവിടത്തെ സഭകളിലുള്ള ശിഷ്യന്മാരെ ബലപ്പെടുത്തുന്നു (പ്രവൃ 18:23)
2. പൗലോസ് ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് എഫെസൊസിൽ എത്തുന്നു; അവിടെ ചിലരെ വീണ്ടും സ്നാനപ്പെടുത്തുന്നു, അവർക്കു പരിശുദ്ധാത്മാവ് കിട്ടുന്നു (പ്രവൃ 19:1, 5-7)
3. പൗലോസ് എഫെസൊസിലെ സിനഗോഗിൽ ചെന്ന് പ്രസംഗിക്കുന്നു, എന്നാൽ ചില ജൂതന്മാർ വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല; പൗലോസ് തുറന്നൊസിന്റെ സ്കൂളിലെ ഹാളിൽ ചെന്ന് ദിവസവും പ്രസംഗിക്കുന്നു (പ്രവൃ 19:8, 9)
4. പൗലോസ് എഫെസൊസിൽ നടത്തിയ ശുശ്രൂഷയ്ക്കു പ്രയോജനമുണ്ടാകുന്നു (പ്രവൃ 19:18-20)
5. എഫെസൊസിലെ പ്രദർശനശാലയിൽ വലിയ ലഹളയുണ്ടാകുന്നു (പ്രവൃ 19:29-34)
6. പൗലോസ് എഫെസൊസിൽനിന്ന് മാസിഡോണിയയിലേക്കും അവിടെനിന്ന് ഗ്രീസിലേക്കും പോകുന്നു (പ്രവൃ 20:1, 2)
7. ഗ്രീസിൽ മൂന്നു മാസം താമസിച്ചിട്ട് പൗലോസ് മാസിഡോണിയ വഴി മടങ്ങിപ്പോകുന്നു (പ്രവൃ 20:3)
8. ഫിലിപ്പിയിൽനിന്ന് പൗലോസ് ത്രോവാസിലേക്കു പോകുന്നു; അവിടെവെച്ച് യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു (പ്രവൃ 20:5-11)
9. പൗലോസിന്റെ കൂട്ടാളികൾ കപ്പലിൽ അസ്സൊസിൽ എത്തുന്നു, എന്നാൽ പൗലോസ് കരമാർഗം വന്ന് അവിടെവെച്ച് അവരുമായി കൂടിക്കാണുന്നു (പ്രവൃ 20:13, 14)
10. പൗലോസും കൂട്ടാളികളും കപ്പലിൽ മിലേത്തൊസിൽ എത്തുന്നു; അവിടെവെച്ച് പൗലോസ് എഫെസൊസിൽനിന്നുള്ള മൂപ്പന്മാരുമായി കൂടിക്കാണുന്നു, അവർക്കു കുറെ ഉപദേശങ്ങൾ കൊടുക്കുന്നു (പ്രവൃ 20:14-20)
11. പൗലോസ് ആ മൂപ്പന്മാരോടൊപ്പം പ്രാർഥിക്കുന്നു; അവർ ഇനി ഒരിക്കലും തന്നെ കാണില്ലെന്നു പറയുന്നു; മൂപ്പന്മാർ പൗലോസിന്റെകൂടെ കപ്പലിന്റെ അടുത്തുവരെ ചെല്ലുന്നു (പ്രവൃ 20:36-38)
12. മിലേത്തൊസിൽനിന്ന് പൗലോസും കൂട്ടാളികളും കപ്പലിൽ കോസിലേക്കും അവിടെനിന്ന് രൊദൊസ്, പത്തര എന്നിവിടങ്ങളിലേക്കും പോകുന്നു; പത്തരയിൽനിന്ന് സിറിയയിലേക്കുള്ള കപ്പലിൽ കയറുന്നു; കപ്പൽ സൈപ്രസിന്റെ തെക്കുപടിഞ്ഞാറെ അറ്റത്തോടു ചേർന്ന് യാത്ര ചെയ്ത് സോരിൽ എത്തുന്നു (പ്രവൃ 21:1-3)
13. യരുശലേമിലേക്കു പോകരുതെന്നു സോരിലെ ശിഷ്യന്മാർ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലോസിന് ആവർത്തിച്ച് മുന്നറിയിപ്പു കൊടുക്കുന്നു (പ്രവൃ 21:4, 5)
14. പൗലോസ് കൈസര്യയിൽ എത്തുന്നു; യരുശലേമിൽ ചെല്ലുമ്പോൾ ഉപദ്രവം നേരിടേണ്ടിവരുമെന്ന് അഗബൊസ് പ്രവാചകൻ പൗലോസിനോടു പറയുന്നു (പ്രവൃ 21:8-11)
15. പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞിട്ടും പൗലോസ് യരുശലേമിൽ എത്തുന്നു (പ്രവൃ 21:12-15, 17)