അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 19:1-41
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
യോഹന്നാന്റെ സ്നാനം: പ്രവൃ 18:25-ന്റെ പഠനക്കുറിപ്പു കാണുക.
മാർഗം: പ്രവൃ 9:2; 19:23 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയും കാണുക.
തുറന്നൊസിന്റെ സ്കൂളിലെ ഹാൾ: അഥവാ “തുറന്നൊസിന്റെ പ്രസംഗഹാൾ.” ആ സ്കൂൾ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം നമുക്ക് അറിയില്ലെങ്കിലും സാധ്യതയനുസരിച്ച് ഓരോ ദിവസവും കുറെ മണിക്കൂറുകൾ അത് ഉപയോഗിക്കാൻ പൗലോസിന് അനുവാദമുണ്ടായിരുന്നു. ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഈ വാക്യഭാഗത്ത് “അഞ്ചാം മണിമുതൽ പത്താംമണിവരെ” (അതായത് രാവിലെ ഏകദേശം 11 മണിമുതൽ വൈകുന്നേരം ഏകദേശം 4 മണിവരെ.) എന്നുകൂടെ കാണുന്നുണ്ട്. എന്നാൽ ഈ വാക്കുകൾ പല പുരാതന കൈയെഴുത്തുപ്രതികളിലും കാണാത്തതുകൊണ്ട് പ്രവൃത്തികളുടെ പുസ്തകം എഴുതിയ സമയത്ത് ഈ വാക്കുകൾ അതിലില്ലായിരുന്നു എന്നുവേണം കരുതാൻ. ഇതു പിന്നീടു കൂട്ടിച്ചേർത്തതായിരിക്കാമെങ്കിലും സമയത്തെക്കുറിച്ചുള്ള ഈ പരാമർശം വിശ്വസനീയമാണെന്നും എഫെസൊസിലായിരുന്നപ്പോൾ പൗലോസ് ദിവസവും ആ സ്കൂളിൽ ഇത്രയും സമയം പ്രസംഗിച്ചിരിക്കാമെന്നും ചിലർ കരുതുന്നു. ഇതു ശരിയെങ്കിൽ ചൂടു കാരണം പലരും പണിയൊക്കെ നിറുത്തിവെച്ച് വിശ്രമിക്കുന്ന ശാന്തമായ ആ സമയം പൗലോസ് ശിഷ്യന്മാരെ പഠിപ്പിക്കാനായി ഉപയോഗപ്പെടുത്തിയതാകാം.
ഏഷ്യ സംസ്ഥാനം: പദാവലിയിൽ “ഏഷ്യ” കാണുക.
തൂവാലയോ വസ്ത്രമോ: ഇവിടെ “തൂവാല” എന്നു പറഞ്ഞിരിക്കുന്നത്, വിയർപ്പു കണ്ണുകളിലേക്ക് ഒഴുകിവീഴാതിരിക്കാൻ പൗലോസ് നെറ്റിയിൽ കെട്ടിയിരുന്ന തുണിയെക്കുറിച്ചാകാം. ഇനി, ‘വസ്ത്രം’ എന്നു പറഞ്ഞിരിക്കുന്നതു ജോലിക്കിടെ വസ്ത്രത്തിൽ അഴുക്കു പിടിക്കാതിരിക്കാൻ പണിക്കാർ ധരിക്കുന്ന ഒരു പ്രത്യേകതരം മേൽവസ്ത്രത്തെക്കുറിച്ചായിരിക്കാൻ (apron) സാധ്യതയുണ്ട്. അതു സൂചിപ്പിക്കുന്നത് ഒഴിവുസമയങ്ങളിൽ, ഒരുപക്ഷേ അതിരാവിലെ, പൗലോസ് തന്റെ തൊഴിലായ കൂടാരപ്പണി ചെയ്തിരിക്കാം എന്നാണ്.—പ്രവൃ 20:34, 35.
മന്ത്രപ്രയോഗം: “ജിജ്ഞാസ” എന്ന് അർഥമുള്ള പെരിയെർഗ എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. ഒരു നിഘണ്ടു ആ പദത്തെ നിർവചിച്ചിരിക്കുന്നതു “മന്ത്രവാദത്തിൽ ഉൾപ്പെട്ടിരിക്കുന്ന തരം . . . അനാവശ്യജിജ്ഞാസ” എന്നാണ്. (പുതിയ നിയമത്തിന്റെയും മറ്റ് ആദിമ ക്രിസ്തീയ സാഹിത്യത്തിന്റെയും ഒരു ഗ്രീക്ക്-ഇംഗ്ലീഷ് നിഘണ്ടു, മൂന്നാം പതിപ്പ്, 2000) ദുഷ്ടാത്മാക്കളുടെ സഹായത്തോടെ വിലക്കപ്പെട്ട കാര്യങ്ങൾ ചുഴിഞ്ഞറിയാൻ ശ്രമിക്കുന്ന വിദ്യയെയാണ് ആ പദം കുറിക്കുന്നത്. എഫെസൊസിലെ ധാരാളം ആളുകൾ മന്ത്രപ്രയോഗത്തിലും ഭൂതവിദ്യയുടെ മറ്റു പല രൂപങ്ങളിലും ഉൾപ്പെട്ടിരുന്നു. പൗലോസ് എഫെസൊസിലുള്ളവർക്കു ദൈവപ്രചോദിതമായി കത്ത് എഴുതിയപ്പോൾ ‘ദുഷ്ടാത്മസേനകളോട്’ എതിർത്തുനിൽക്കാനായി ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പു ധരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു.—എഫ 6:11, 12.
50,000 വെള്ളിക്കാശ്: ഇവിടെ പറഞ്ഞിരിക്കുന്ന “വെള്ളിക്കാശ്” ദ്രഹ്മയോ ദിനാറെയോ ആണെങ്കിൽ ആ തുക സമ്പാദിക്കാൻ ഒരു തൊഴിലാളി 50,000 ദിവസം ജോലി ചെയ്യണമായിരുന്നു. അതിന്റെ അർഥം, ഒരാൾ ആഴ്ചയിലെ ഏഴു ദിവസവും ജോലി ചെയ്താലും അതിന് ഏതാണ്ട് 137 വർഷം എടുക്കുമായിരുന്നു എന്നാണ്.
യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
മാർഗം: പ്രവൃ 9:2-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ, ‘മാർഗം’ എന്നത് ആദ്യകാല ക്രിസ്തീയസഭയെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. യഥാർഥ ക്രിസ്ത്യാനിത്വമെന്നത്, ഔപചാരികമായ കുറെ ആരാധനാരീതികളോ പുറമേ കാണുന്ന എന്തെങ്കിലും കാര്യങ്ങളോ അല്ല. പകരം അത് ഒരു ജീവിതരീതിയാണ്—ദൈവത്തിന്റെ ആരാധനയുമായി ഇഴുകിച്ചേർന്നിരിക്കുന്ന, ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം. (യോഹ 4:23, 24) സുറിയാനി പ്ശീത്തായിൽ ഇവിടെ കാണുന്നതു “ദൈവത്തിന്റെ മാർഗം” എന്നാണ്. ക്ലെമന്റ് പരിഷ്കരിച്ച ലാറ്റിൻ വൾഗേറ്റിൽ “കർത്താവിന്റെ മാർഗം” എന്നും കാണുന്നു. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകളിൽ (അനു. സി4-ൽ J17, 18 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. “യഹോവയുടെ മാർഗം” എന്നാണ് അവയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
അർത്തെമിസ്: ഏഷ്യാമൈനറിലെങ്ങുമുള്ള നഗരങ്ങളിൽ ആരാധിച്ചിരുന്ന ഫലപുഷ്ടിയുടെയും പുനരുത്പാദനത്തിന്റെയും ദേവിയായിരുന്നു എഫെസൊസിലെ അർത്തെമിസ്. (പ്രവൃ 19:27) അർത്തെമിസ് ദേവിയുടെ പ്രതിമകളിൽ ഒരേപോലിരിക്കുന്ന ധാരാളം രൂപങ്ങൾ കണ്ടിരുന്നു. അവ സ്തനങ്ങളാണെന്നും മുട്ടകളാണെന്നും ബലിയർപ്പിച്ച കാളകളുടെ വൃഷണങ്ങളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ആ പ്രതിമകളുടെ അരയ്ക്കു കീഴ്പോട്ടുള്ള ഭാഗം ഈജിപ്ഷ്യൻ മമ്മികളുടേതുപോലെയായിരുന്നു. അതിൽ നിറയെ വ്യത്യസ്തചിഹ്നങ്ങളും മൃഗരൂപങ്ങളും കാണാമായിരുന്നു. ഗ്രീക്കുകാർക്കു അർത്തെമിസ് എന്ന പേരിൽത്തന്നെ മറ്റൊരു കന്യകാദേവതയുമുണ്ടായിരുന്നു. എന്നാൽ ഗ്രീക്ക് ഐതിഹ്യങ്ങളിലെ ഈ നായാട്ടുദേവതയും എഫെസൊസിലെ അർത്തെമിസ് ദേവിയും രണ്ടും രണ്ടാണ്. ഡയാന എന്നാണ് അർത്തെമിസിന്റെ റോമൻ പേര്.
ഉത്സവങ്ങളുടെയും മത്സരങ്ങളുടെയും സംഘാടകരിൽ . . . ചിലർ: അക്ഷ. “ഏഷ്യാർക്കുകളിൽ ചിലർ.” റോമൻ സംസ്ഥാനമായ ഏഷ്യയിലെ ഉന്നതസ്ഥാനീയരായ ഉദ്യോഗസ്ഥരോ പ്രമുഖവ്യക്തികളോ ആയിരുന്നു ഇവർ. അവരുടെ സമ്പത്തും സ്വാധീനവും കാരണമായിരിക്കാം അവരെ ആ സ്ഥാനത്തേക്കു തിരഞ്ഞെടുത്തിരുന്നത്. ആ സംസ്ഥാനത്ത് പൊതുജനങ്ങൾക്കായി നടത്തിയിരുന്ന മത്സരങ്ങൾക്ക് ആധ്യക്ഷ്യം വഹിച്ചിരുന്നതും പണം മുടക്കിയിരുന്നതും ഇവരായിരുന്നു.
നാടുവാഴികൾ: റോമൻ ഭരണസമിതിയുടെ കീഴിലുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാരെയാണു നാടുവാഴി എന്നു വിളിച്ചിരുന്നത്. ഇദ്ദേഹത്തിനു ന്യായം വിധിക്കാനുള്ള അധികാരവും പട്ടാളത്തിന്റെ ചുമതലയും ഉണ്ടായിരുന്നു. റോമൻ ഭരണസമിതിയുടെ അധികാരപരിധിയിൻകീഴിൽ ആയിരുന്നെങ്കിലും ഒരു സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന അധികാരിയായിരുന്നു ഇദ്ദേഹം. ഒരു സംസ്ഥാനത്തിന് ഒരു നാടുവാഴിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഈ വാക്യത്തിൽ ‘നാടുവാഴികൾ’ എന്ന ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നതു പൊതുവായൊരു അർഥത്തിൽ, എല്ലാ നാടുവാഴികളെയും ഉദ്ദേശിച്ചായിരിക്കാം. റോമൻ സംസ്ഥാനമായ ഏഷ്യയുടെ തലസ്ഥാനമായിരുന്നു എഫെസൊസ്. നാടുവാഴിയുടെ വസതി അവിടെയായിരുന്നു.—പദാവലിയിൽ “ഏഷ്യ” കാണുക.
ദൃശ്യാവിഷ്കാരം
എഫെസൊസ് നഗരത്തിലെ വെള്ളിപ്പണിക്കാരെക്കുറിച്ച് പരാമർശമുള്ള ധാരാളം ആലേഖനങ്ങൾ ആ പ്രദേശത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. എ.ഡി. മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള അത്തരമൊരു ആലേഖനമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. നാടുവാഴിയായിരുന്ന വലേറ്യസ് ഫെസ്തൊസ് തങ്ങൾക്കുവേണ്ടിയും എഫെസൊസിലെ തുറമുഖത്തിനുവേണ്ടിയും ചെയ്ത കാര്യങ്ങളോട് ആ വെള്ളിപ്പണിക്കാർക്കുണ്ടായിരുന്ന ആദരവാണ് അതിൽ തെളിഞ്ഞുനിൽക്കുന്നത്. എഫെസൊസിലെ ആ വെള്ളിപ്പണിക്കാർ വലിയ സ്വാധീനശക്തിയുള്ളവരായിരുന്നെന്നും അവർ അവിടെ ഒരു തൊഴിലാളിസംഘടന രൂപീകരിച്ചിരുന്നെന്നും ആ ആലേഖനം തെളിയിക്കുന്നു. “വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രത്തിന്റെ രൂപങ്ങൾ” ഉണ്ടാക്കി വിറ്റിരുന്ന അവരുടെ വരുമാനം നഷ്ടപ്പെടുമെന്നു കണ്ടപ്പോൾ അവർ ഒരു ലഹള ഇളക്കിവിട്ടതായി പ്രവൃത്തികളുടെ പുസ്തകം പറയുന്നുണ്ട്.—പ്രവൃ 19:24.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പ്രദർശനശാല 25,000 പേർക്ക് ഇരിക്കാവുന്നതായിരുന്നു. പൗലോസിന്റെ കാലത്ത് ഏഷ്യാമൈനറിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ പ്രദർശനശാലയായിരുന്നു ഇത്. എഫെസൊസിലെ രണ്ടു പ്രധാനപാതകൾ കൂടിച്ചേരുന്നിടത്ത് സ്ഥിതി ചെയ്തിരുന്നതുകൊണ്ട് ഈ പ്രദർശനശാലയ്ക്ക് അവിടെയുള്ളവരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. റോമൻ പ്രദർശനശാലകൾ നാടകംപോലുള്ള ചില പരിപാടികൾക്കു മാത്രമല്ല സംവാദങ്ങൾ നടത്താനും ഉപയോഗിച്ചിരുന്നു. വെള്ളിപ്പണിക്കാരനായ ദമേത്രിയൊസും മറ്റു ശില്പികളും പൗലോസിനെതിരെ ലഹള ഇളക്കിവിട്ടപ്പോൾ ജനക്കൂട്ടം പൗലോസിന്റെ കൂട്ടാളികളെ വലിച്ചിഴച്ച് കൊണ്ടുവന്നത് ഈ പ്രദർശനശാലയിലേക്കാണ്.—പ്രവൃ 19:23-28.
1. പ്രദർശനശാല
2. ചന്തസ്ഥലം
3. അർക്കേഡിയൻ പാത
4. കായികാഭ്യാസക്കളരി (എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുത്ത് പണിതത്.)