അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 2:1-47
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പെന്തിക്കോസ്ത്: ഇവിടെ ഉപയോഗിച്ചിരിക്കുന്നതു പെന്തിക്കോസ്തെ [അർഥം, “50-ാമത്തെ (ദിവസം)”] എന്ന ഗ്രീക്കുപദമാണ്. എബ്രായതിരുവെഴുത്തുകളിൽ “വിളവെടുപ്പുത്സവം” എന്നും (പുറ 23:16) “വാരോത്സവം” എന്നും (പുറ 34:22) വിളിച്ചിരിക്കുന്ന ആഘോഷത്തെ കുറിക്കാൻ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് ഇത്. ആദ്യം ബാർളിക്കൊയ്ത്തും പിന്നീടു ഗോതമ്പുകൊയ്ത്തും നടക്കുന്ന ഏഴ് ആഴ്ചത്തെ വിളവെടുപ്പുകാലത്തിന് ഒടുവിലായിരുന്നു ഈ ഉത്സവം. ബാർളിക്കൊയ്ത്തിന്റെ ആദ്യഫലമായി കറ്റ അർപ്പിക്കുന്ന നീസാൻ 16-ാം തീയതിയുടെ 50-ാം പക്കമായിരുന്നു പെന്തിക്കോസ്ത് ഉത്സവം ആചരിച്ചിരുന്നത്. (ലേവ 23:15, 16) എബ്രായകലണ്ടറനുസരിച്ച് ഈ ഉത്സവം സീവാൻ 6-ാം തീയതിയാണ്. (അനു. ബി15 കാണുക.) ഈ ഉത്സവത്തെക്കുറിച്ചുള്ള നിർദേശങ്ങൾ ലേവ 23:15-21; സംഖ 28:26-31; ആവ 16:9-12 എന്നിവിടങ്ങളിൽ കാണാം. പെന്തിക്കോസ്ത് ഉത്സവത്തിൽ പങ്കെടുക്കാൻ ജൂതന്മാരുടെയും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരുടെയും വലിയൊരു കൂട്ടം ദൂരദേശങ്ങളിൽനിന്നുപോലും യരുശലേമിൽ എത്തുമായിരുന്നു. ആളുകളുടെ സാമൂഹികനിലയോ പശ്ചാത്തലമോ കണക്കിലെടുക്കാതെ എല്ലാവരോടും ആതിഥ്യവും ദയയും കാണിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ ഉത്സവത്തിന്റെ ഉദ്ദേശ്യം. സ്വതന്ത്രർക്കും അടിമകൾക്കും ദരിദ്രർക്കും അനാഥർക്കും വിധവമാർക്കും ലേവ്യർക്കും വിദേശികൾക്കും എല്ലാം അതിന്റെ പ്രയോജനം ലഭിച്ചിരുന്നു. (ആവ 16:10, 11) ഇക്കാരണത്താൽത്തന്നെ എ.ഡി. 33-ൽ യരുശലേമിൽവെച്ച് നടന്ന പെന്തിക്കോസ്ത് ഉത്സവം ക്രിസ്തീയസഭയുടെ ജനനത്തിന് എന്തുകൊണ്ടും അനുയോജ്യമായ സന്ദർഭമായിരുന്നു. കാരണം “ദൈവത്തിന്റെ മഹാകാര്യങ്ങൾ” എല്ലാ ആളുകളോടും അറിയിക്കുക എന്നതായിരുന്നു ക്രിസ്തീയസഭയുടെ ദൗത്യം. (പ്രവൃ 1:8; 2:11) പണ്ട് സീനായ് പർവതത്തിൽവെച്ച് ദൈവം ഇസ്രായേല്യർക്കു നിയമസംഹിത നൽകി അവരെ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായി വേർതിരിച്ച സമയത്തോടു പെന്തിക്കോസ്തുദിവസം ഒത്തുവരുന്നതായി ജൂതന്മാർ വിശ്വസിച്ചുപോരുന്നു. ഇസ്രായേല്യർ സീനായ് പർവതത്തിന് അടുത്ത് ഒരുമിച്ചുകൂടുകയും അവർക്കു നിയമം ലഭിക്കുകയും ചെയ്തതു മൂന്നാം മാസമായ സീവാന്റെ ആദ്യഭാഗത്തായിരുന്നു. (പുറ 19:1) ഇസ്രായേല്യരെ നിയമയുടമ്പടിയിലേക്കു കൊണ്ടുവരാൻ മോശ മധ്യസ്ഥനായിരുന്നതുപോലെ ആത്മീയ ഇസ്രായേൽ എന്ന പുതിയ ജനതയെ പുതിയ ഉടമ്പടിയിലേക്കു കൊണ്ടുവരാനുള്ള മധ്യസ്ഥൻ യേശുക്രിസ്തുവായിരുന്നു.
ഭാഷകളിൽ: ഗ്ലോസ്സാ എന്ന ഗ്രീക്കുവാക്കു ബൈബിളിൽ ‘നാവിനെ’ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. (മർ 7:33; ലൂക്ക 1:64; 16:24) എന്നാൽ അത് ഒരു ഭാഷയെ കുറിക്കാനോ ഒരു പ്രത്യേകഭാഷ സംസാരിക്കുന്നവരെ കുറിക്കാനോ ആലങ്കാരികാർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. (വെളി 5:9; 7:9; 13:7) “നാക്കിന്റെ രൂപത്തിൽ തീനാളങ്ങൾ” പ്രത്യക്ഷമായതിനെക്കുറിച്ച് പറയുന്ന പ്രവൃ 2:3-ലും ഇതേ ഗ്രീക്കുപദമാണു കാണുന്നത്. ശിഷ്യന്മാരിൽ ഓരോരുത്തരുടെയും മേൽ വന്നുനിന്ന ഈ ‘നാവുകളും’ അവരുടെ നാവുകളിൽനിന്ന് വന്ന വ്യത്യസ്തഭാഷകളും, അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു എന്നതിനു തെളിവേകി.
നമ്മുടെ സ്വന്തം ഭാഷ: അക്ഷ. “നമ്മൾ ജനിച്ച ഭാഷ.” ഡിയാലെക്റ്റോസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ “ഭാഷ” എന്നു തർജമ ചെയ്തിരിക്കുന്നത്. (പ്രവൃ 2:4-ന്റെ പഠനക്കുറിപ്പു കാണുക.) അന്നു ശിഷ്യന്മാരുടെ വാക്കുകൾ കേട്ട മിക്കവരും ഒരു അന്താരാഷ്ട്രഭാഷ (സാധ്യതയനുസരിച്ച്, ഗ്രീക്ക്) സംസാരിച്ചിരുന്നവരായിരിക്കണം. ഇനി അവർ “ഭക്തരായ ജൂതന്മാർ” ആയിരുന്നതുകൊണ്ട് യരുശലേമിലെ ദേവാലയത്തിൽ എബ്രായഭാഷയിൽ നടത്തിയിരുന്ന ശുശ്രൂഷകളും സാധ്യതയനുസരിച്ച് അവർക്കു മനസ്സിലാകുമായിരുന്നു. (പ്രവൃ 2:5) എന്നാൽ കുട്ടിക്കാലംമുതൽ അറിയാവുന്ന ഒരു ഭാഷയിൽ ഇപ്പോൾ സന്തോഷവാർത്ത കേട്ടപ്പോൾ അതു വളരെ പെട്ടെന്ന് അവരുടെ ശ്രദ്ധ പിടിച്ചെടുത്തു.
ഏഷ്യ സംസ്ഥാനം: പദാവലിയിൽ “ഏഷ്യ” കാണുക.
ജൂതമതം സ്വീകരിച്ചവർ: മത്ത 23:15-ന്റെ പഠനക്കുറിപ്പു കാണുക.
വീഞ്ഞ്: അഥവാ “പുതുവീഞ്ഞ്.” അക്ഷ. “മധുരമുള്ള വീഞ്ഞ്.” ഗ്ലൂകൊസ് എന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. പുളിക്കുന്ന പ്രക്രിയ പൂർത്തിയാകാത്ത, മധുരമുള്ള പുതുവീഞ്ഞിനെയാണ് അതു കുറിക്കുന്നത്.
മൂന്നാം മണി: അതായത്, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാണ്ടിൽ ജൂതന്മാർ 12 മണിക്കൂറായാണു പകൽസമയത്തെ വിഭാഗിച്ചിരുന്നത്. രാവിലെ ഏകദേശം 6 മണിക്കു സൂര്യോദയത്തോടെയായിരുന്നു അതിന്റെ തുടക്കം. (യോഹ 11:9) അതുകൊണ്ട് മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമയവും ഒൻപതാം മണി വൈകുന്നേരം ഏകദേശം 3 മണിയും ആയിരുന്നു. ആളുകളുടെ കൈയിൽ കൃത്യസമയം കാണിക്കുന്ന ഘടികാരങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് ഒരു സംഭവം നടക്കുന്ന ഏകദേശസമയം മാത്രമേ അക്കാലത്ത് പൊതുവേ രേഖപ്പെടുത്തിയിരുന്നുള്ളൂ.—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.
അവസാനകാലത്ത്: ഇതു യോവേൽപ്രവചനത്തിൽനിന്നുള്ള ഒരു ഉദ്ധരണിയാണ്. ആ പ്രവചനത്തിന്റെ മൂല എബ്രായപാഠത്തിലും സെപ്റ്റുവജിന്റിലും “അവസാനകാലത്ത്” എന്നതിനു പകരം “അതിനു ശേഷം” എന്നാണു കാണുന്നതെങ്കിലും പത്രോസ് ആ വാക്യം ഉദ്ധരിച്ചപ്പോൾ ദൈവപ്രചോദിതനായി “അവസാനകാലത്ത്” എന്ന പദപ്രയോഗമാണ് ഉപയോഗിച്ചത്. (യോവ 2:28; 3:1, LXX) പെന്തിക്കോസ്തിൽ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചപ്പോഴാണ് യോവേലിന്റെ ആ പ്രവചനം നിറവേറിയത്. അതിൽനിന്ന്, പത്രോസ് ‘അവസാനകാലം’ എന്നു വിളിച്ച ആ പ്രത്യേകകാലഘട്ടം അതിനോടകം തുടങ്ങിയെന്നു മനസ്സിലാക്കാം. ഇനി, പത്രോസ് “അവസാനകാലം” എന്ന പദപ്രയോഗം ഉപയോഗിച്ചതിൽനിന്ന് ആ കാലഘട്ടം തുടങ്ങുന്നത് ‘യഹോവയുടെ ഭയങ്കരവും ഉജ്ജ്വലവും ആയ ദിവസത്തിനു’ മുമ്പായിരിക്കുമെന്നും അനുമാനിക്കാം. സാധ്യതയനുസരിച്ച് ആ കാലഘട്ടം ‘യഹോവയുടെ ആ ദിവസത്തോടെ’ അവസാനിക്കുകയും ചെയ്യുമായിരുന്നു. (പ്രവൃ 2:20) പത്രോസ് അപ്പോൾ സംസാരിച്ചുകൊണ്ടിരുന്നതു ജൂതന്മാരോടും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരോടും ആയിരുന്നതുകൊണ്ട് ദൈവപ്രചോദിതമായ ഈ വാക്കുകൾക്ക് അക്കൂട്ടർ ഉൾപ്പെട്ട ഒരു ആദ്യനിവൃത്തിയുണ്ടായിരുന്നിരിക്കണം. യരുശലേം കേന്ദ്രീകരിച്ച് ആരാധന നടത്തിയിരുന്ന ആ വ്യവസ്ഥിതിയുടെ ‘അവസാനകാലത്താണ്’ ആ ജൂതന്മാർ ജീവിച്ചിരുന്നത് എന്നായിരിക്കാം പത്രോസിന്റെ ഈ പ്രസ്താവന സൂചിപ്പിച്ചത്. യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിക്കപ്പെടുമെന്നു മുമ്പ് യേശുതന്നെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ലൂക്ക 19:41-44; 21:5, 6) എ.ഡി. 70-ൽ ആ നാശം സംഭവിക്കുകയും ചെയ്തു.
എല്ലാ തരം ആളുകളുടെ മേലും: അക്ഷ. “എല്ലാ മാംസത്തിന്റെ മേലും.” സാർക്സ് (“മാംസം” എന്നും “ജഡം” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.) എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള മനുഷ്യരെയാണു കുറിക്കുന്നത്. അതുകൊണ്ടുതന്നെ മൂലപാഠത്തിലെ “എല്ലാ മാംസത്തിന്റെ” എന്ന പദപ്രയോഗം ന്യായമായും മനുഷ്യകുലത്തെ ഒന്നടങ്കം കുറിക്കേണ്ടതാണ്. (യോഹ 17:2-ന്റെ പഠനക്കുറിപ്പു കാണുക.) പക്ഷേ “എല്ലാ മാംസത്തിന്റെ” എന്നതിന്റെ ഗ്രീക്ക് പദപ്രയോഗം ഇവിടെ എല്ലാ മനുഷ്യരെയും കുറിക്കുന്നില്ല. കാരണം ദൈവം ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും മേൽ അന്നു തന്റെ ആത്മാവിനെ പകർന്നില്ല. ഇസ്രായേലിലുണ്ടായിരുന്ന എല്ലാവരുടെയും മേൽപോലും ദൈവം അന്നു തന്റെ ആത്മാവിനെ പകർന്നില്ല എന്നതാണു വസ്തുത. അതുകൊണ്ടുതന്നെ “എല്ലാ മാംസത്തിന്റെ” എന്ന പദപ്രയോഗം ഇവിടെ കുറിക്കുന്നതു മനുഷ്യകുലത്തിലെ എല്ലാവരെയുമല്ല, മറിച്ച് എല്ലാ തരം മനുഷ്യരെയുമാണ്. ദൈവം തന്റെ പരിശുദ്ധാത്മാവിനെ പകർന്നത് ‘ആൺമക്കൾ പെൺമക്കൾ, ചെറുപ്പക്കാർ പ്രായമായവർ, ദാസന്മാർ ദാസിമാർ’ എന്നിങ്ങനെ എല്ലാ തരത്തിലുംപെട്ട ആളുകളുടെ മേലായിരുന്നു. (പ്രവൃ 2:17, 18) “എല്ലാ” എന്നതിന്റെ ഗ്രീക്കുപദം (പാസ്) സമാനമായൊരു അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 1തിമ 2:3, 4-ൽ കാണുന്നത് ‘എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടാൻ’ ദൈവം ആഗ്രഹിക്കുന്നു എന്നാണ്.—യോഹ 12:32-ന്റെ പഠനക്കുറിപ്പു കാണുക.
എന്റെ ആത്മാവ്: ന്യൂമ എന്ന ഗ്രീക്കുപദം ഇവിടെ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അഥവാ ചലനാത്മകശക്തിയെ കുറിക്കുന്നു. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന യോവ 2:28-ൽ കാണുന്നത് അതിന്റെ തത്തുല്യ എബ്രായപദമായ റുവാക്ക് ആണ്. ആ എബ്രായപദത്തിന്റെയും ഗ്രീക്കുപദത്തിന്റെയും അടിസ്ഥാനാർഥം ഒന്നുതന്നെയാണ്. മനുഷ്യനേത്രങ്ങൾക്കു കാണാൻ കഴിയാത്ത ഒന്നിനെയാണ് അവ രണ്ടും കുറിക്കുന്നതെങ്കിലും അത്തരമൊരു ശക്തി പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവുകൾ മനുഷ്യർക്കു മനസ്സിലാക്കാനാകും.—പദാവലിയിൽ “ആത്മാവ്” കാണുക.
പ്രവചിക്കും: പ്രോഫെറ്റിയോ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിസ്സങ്കോചം കാര്യങ്ങൾ പറയുക” എന്നാണ്. ദൈവികമായ ഒരു ഉറവിൽനിന്നുള്ള സന്ദേശങ്ങൾ ആളുകളെ അറിയിക്കുക എന്ന അർഥത്തിലാണു തിരുവെഴുത്തുകളിൽ അത് ഉപയോഗിച്ചിരിക്കുന്നത്. പലപ്പോഴും ഈ പദത്തിനു ഭാവി മുൻകൂട്ടിപ്പറയുക എന്നൊരു അർഥം വന്നേക്കാമെങ്കിലും അതിന്റെ അടിസ്ഥാനാർഥം അതല്ല. ദൈവത്തിൽനിന്നുള്ള വെളിപാടിന്റെ സഹായത്താൽ ഒരു കാര്യം മനസ്സിലാക്കിയെടുക്കുക എന്നൊരു അർഥവും അതിനുണ്ട്. (മത്ത 26:68; മർ 14:65; ലൂക്ക 22:64 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഈ തിരുവെഴുത്തുഭാഗത്ത് ദൈവാത്മാവിന്റെ പ്രചോദനത്താൽ ചിലർ പ്രവചിച്ചതായി പറഞ്ഞിരിക്കുന്നു. യഹോവ അതുവരെ ചെയ്തതും തുടർന്ന് ചെയ്യാനിരിക്കുന്നതും ആയ ‘മഹാകാര്യങ്ങളെക്കുറിച്ച്’ മറ്റുള്ളവരെ അറിയിച്ചുകൊണ്ട് അവർ അത്യുന്നതന്റെ വക്താക്കളായി സേവിക്കുമായിരുന്നു. (പ്രവൃ 2:11) “പ്രവചിക്കുക” എന്നതിന്റെ എബ്രായപദത്തിനും സമാനമായൊരു അർഥമാണുള്ളത്. ഉദാഹരണത്തിന്, പുറ 7:1-ൽ അഹരോനെ മോശയുടെ ‘പ്രവാചകൻ’ എന്നു വിളിച്ചിരിക്കുന്നത് അദ്ദേഹം മോശയുടെ വക്താവായിത്തീർന്നു എന്ന അർഥത്തിലാണ്, അല്ലാതെ അഹരോൻ ഭാവിസംഭവങ്ങൾ മുൻകൂട്ടിപ്പറഞ്ഞു എന്ന അർഥത്തിലല്ല.
പ്രായമായവർ: അഥവാ “പ്രായക്കൂടുതലുള്ള പുരുഷന്മാർ; മൂപ്പന്മാർ.” പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, ഈ വാക്യത്തിൽത്തന്നെ മുമ്പ് പരാമർശിച്ചിരിക്കുന്ന “ചെറുപ്പക്കാർ” എന്ന പദപ്രയോഗത്തിന്റെ വിപരീതാർഥത്തിലാണ്. വളരെ പ്രായമുള്ള പുരുഷന്മാരെയാണ് ഇവിടെ അതു കുറിക്കുന്നത്. എന്നാൽ മറ്റു സന്ദർഭങ്ങളിൽ ഇതേ പദം ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരപദവിയും ഉത്തരവാദിത്വസ്ഥാനവും ഉള്ള ആളുകളെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്.—പ്രവൃ 4:5; 11:30; 14:23; 15:2; 20:17; മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
അത്ഭുതങ്ങൾ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ റ്റേറസ് എന്ന ഗ്രീക്കുപദം എപ്പോഴും സേമെയ്ഓൻ (“അടയാളം”) എന്ന പദത്തോടൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ടു പദങ്ങളും എപ്പോഴും കാണുന്നതു ബഹുവചനരൂപത്തിലാണുതാനും. (മത്ത 24:24; യോഹ 4:48; പ്രവൃ 7:36; 14:3; 15:12; 2കൊ 12:12) അത്ഭുതമോ അതിശയമോ തോന്നിപ്പിക്കുന്ന എന്തിനെയെങ്കിലും കുറിക്കാനാണു റ്റേറസ് എന്ന പദം സാധാരണയായി ഉപയോഗിക്കാറുള്ളത്.
യഹോവയുടെ: ഇതു യോവ 2:31-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
യഹോവയുടെ: ഇതു യോവ 2:32-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
നസറെത്തുകാരനായ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
അത്ഭുതങ്ങൾ: ദൈവത്തിന്റെ ശക്തിയാൽ യേശു ചെയ്ത അത്ഭുതങ്ങൾ, ദൈവമാണു യേശുവിനെ അയച്ചതെന്നു തെളിയിച്ചു. യേശു അത്ഭുതകരമായി ആളുകളെ സുഖപ്പെടുത്തിയതും പുനരുത്ഥാനപ്പെടുത്തിയതും ഒക്കെ താൻ ഭാവിയിൽ കൂടുതൽ വിപുലമായ രീതിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ സൂചനകളുമായിരുന്നു.—പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.
ഉദ്ദേശ്യത്തിന്: അഥവാ “ഉപദേശത്തിന്.” ഇവിടെ കാണുന്ന ബോലെ എന്ന ഗ്രീക്കുപദത്തെ ‘ഉപദേശം’ എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.—ലൂക്ക 7:30, അടിക്കുറിപ്പ്; പ്രവൃ 20:27-ന്റെ പഠനക്കുറിപ്പു കാണുക.
മരണത്തിന്റെ വേദന: മരണശേഷം ഒരാൾ ഒന്നും അറിയുന്നില്ലെന്നും അയാൾക്കു വേദനയൊന്നും അനുഭവപ്പെടുന്നില്ലെന്നും ബൈബിൾ വ്യക്തമാക്കുന്നുണ്ടെങ്കിലും (സങ്ക 146:4; സഭ 9:5, 10) ‘മരണത്തിന്റെ വേദനയെക്കുറിച്ച്’ ഇവിടെ പറഞ്ഞിരിക്കുന്നതു ശ്രദ്ധേയമാണ്. ഒരുപക്ഷേ ഇവിടെ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതു മരണം ഉളവാക്കുന്ന ബുദ്ധിമുട്ടിനെയും വിഷമത്തെയും ഉദ്ദേശിച്ചായിരിക്കാം. (1ശമു 15:32; സങ്ക 55:4; സഭ 7:26) മരണത്തോട് അടുക്കുമ്പോൾ ആളുകൾക്കു പലപ്പോഴും വേദന അനുഭവപ്പെടുന്നതുകൊണ്ട് മാത്രമല്ല ഇങ്ങനെ പറഞ്ഞിരിക്കുന്നത്. (സങ്ക 73:4, 5) മരണത്തോടെ അവർ ഒന്നും ചെയ്യാനാകാത്ത, നിഷ്ക്രിയാവസ്ഥയിലാകുന്നതുകൊണ്ടും കൂടെയാണ്. (സങ്ക 6:5; 88:10) പുനരുത്ഥാനത്തോടെ യേശു “മരണത്തിന്റെ വേദനയിൽനിന്ന്” വിടുവിക്കപ്പെട്ടു എന്നു പറഞ്ഞിരിക്കുന്നത് ഈ അർഥത്തിലായിരിക്കാം. കാരണം പുനരുത്ഥാനപ്പെട്ടതോടെ ദുഃഖം വരുത്തിവെക്കുന്ന, സ്വാതന്ത്ര്യം കവർന്നെടുക്കുന്ന മരണത്തിന്റെ പിടിയിൽനിന്ന് യേശുവിനു മോചനം കിട്ടി. ഇവിടെ “വേദന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു (ഓദീൻ) പ്രസവവേദനയെയും കുറിക്കാനാകുമെങ്കിലും (1തെസ്സ 5:3) അതിനു വേദന, ദുരിതം, യാതന എന്നൊക്കെയുള്ള വിശാലമായ അർഥവുമുണ്ട്. (മത്ത 24:8) എബ്രായയിലുള്ള മാസൊരിറ്റിക്ക് പാഠത്തിൽ 2ശമു 22:6-ലും സങ്ക 18:4-ലും (സെപ്റ്റുവജിന്റിൽ 17:5) കാണുന്നതു “ശവക്കുഴിയുടെ കയറുകൾ,” “മരണത്തിന്റെ കയറുകൾ” എന്നീ പദപ്രയോഗങ്ങളാണെങ്കിലും സെപ്റ്റുവജിന്റ് ഭാഷാന്തരം അവയ്ക്കു പകരം ഉപയോഗിച്ചിരിക്കുന്നതു “മരണത്തിന്റെ വേദന” എന്ന പദപ്രയോഗമാണ്. പുരാതന എബ്രായകൈയെഴുത്തുപ്രതികളിൽ വാക്കുകൾ എഴുതിയിരുന്നതു സ്വരാക്ഷരങ്ങൾ ഒഴിവാക്കി വ്യഞ്ജനാക്ഷരങ്ങൾ മാത്രം ഉപയോഗിച്ചായിരുന്നെന്ന് ഓർക്കുക. അതുകൊണ്ടുതന്നെ അവയിൽ “കയർ” (ഹെവെൽ) എന്നതിന്റെയും “വേദന” എന്നതിന്റെയും എബ്രായപദങ്ങൾ എഴുതിയിരിക്കുന്നതു കണ്ടാൽ ഒരുപോലിരിക്കുമായിരുന്നു. സെപ്റ്റുവജിന്റിലെ പദപ്രയോഗത്തിന് എബ്രായ കൈയെഴുത്തുപ്രതികളിലെ പദപ്രയോഗവുമായി ഇങ്ങനെയൊരു വ്യത്യാസം വരാനുള്ള കാരണം ഇതായിരിക്കാം. എന്തുതന്നെയായാലും “മരണത്തിന്റെ വേദന,” “മരണത്തിന്റെ കയറുകൾ” എന്നീ പദപ്രയോഗങ്ങളുടെ ആകമാന ആശയം ഒന്നുതന്നെയാണ്. മരണം ഉളവാക്കുന്ന ബുദ്ധിമുട്ടിനെയും വിഷമത്തെയും ആണ് അവ രണ്ടും കുറിക്കുന്നത്.
യഹോവയെ: ഇതു സങ്ക 16:8-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ഞാൻ: അക്ഷ. “എന്റെ മാംസം.” 16-ാം സങ്കീർത്തനത്തിൽനിന്ന് ഈ വാക്കുകൾ ഉദ്ധരിച്ച പത്രോസ് ആ ഭാഗം പരിചയപ്പെടുത്തുന്നത്, “ദാവീദ് (മിശിഹയായ) യേശുവിനെക്കുറിച്ച് ഇങ്ങനെ പറയുന്നു” എന്ന വാക്കുകളോടെയാണ്. (പ്രവൃ 2:25) ഈ വാക്യത്തിന്റെയും (പ്രവൃ 2:26) സങ്ക 16:9-ന്റെയും എബ്രായ, ഗ്രീക്ക് പാഠങ്ങളിൽ കാണുന്ന “മാംസം” എന്ന പദത്തിന് ഒരു വ്യക്തിയുടെ ശരീരത്തെയോ ആ വ്യക്തിയെത്തന്നെയോ കുറിക്കാനാകും. തന്റെ ജീവൻ ഒരു മോചനവിലയായി അർപ്പിക്കേണ്ടിവരുമെന്നും താൻ വധിക്കപ്പെടുമെന്നും യേശുവിന് അറിയാമായിരുന്നെങ്കിലും യേശു പ്രത്യാശയോടെ കഴിഞ്ഞു. കാരണം പിതാവ് തന്നെ ഉയിർപ്പിക്കുമെന്നും തന്റെ ബലി മനുഷ്യകുലത്തിനുള്ള മോചനവിലയായി ഉപകരിക്കുമെന്നും തന്റെ മാംസം അഥവാ ശരീരം ജീർണിക്കില്ലെന്നും യേശുവിന് അറിയാമായിരുന്നു.—പ്രവൃ 2:27, 31.
എന്നെ: അഥവാ “എന്റെ ദേഹിയെ.” സങ്ക 16:10-ൽനിന്നുള്ള ഈ ഉദ്ധരണിയിൽ നെഫെഷ് എന്ന എബ്രായപദത്തെ പരിഭാഷപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം സൈക്കി ആണ്. കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിപ്പോരുന്ന പദങ്ങളാണ് ഇവ രണ്ടും. ഇവിടെ സങ്കീർത്തനക്കാരൻ “ദേഹി” എന്നു പറഞ്ഞതു തന്നെക്കുറിച്ചുതന്നെയാണ്. പെന്തിക്കോസ്ത് ദിവസം ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ജൂതന്മാരോടു സംസാരിച്ച പത്രോസ്, ദാവീദിന്റെ ഈ സങ്കീർത്തനം യേശുവിൽ നിറവേറിയതായി വിശദീകരിച്ചു.—പ്രവൃ 2:24, 25; പദാവലിയിൽ “ദേഹി” കാണുക.
ശവക്കുഴി: ഇവിടെ കാണുന്ന ഹേഡിസ് എന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പത്തു തവണ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ അക്ഷരാർഥം “കണ്ടിട്ടില്ലാത്ത സ്ഥലം” എന്നായിരിക്കാം. (മത്ത 11:23; 16:18; ലൂക്ക 10:15; 16:23; പ്രവൃ 2:27, 31; വെളി 1:18; 6:8; 20:13, 14 എന്നിവ കാണുക.) ഈ വാക്യത്തിൽ ഉദ്ധരിച്ചിരിക്കുന്ന സങ്ക 16:10-ന്റെ മൂലപാഠത്തിൽ കാണുന്ന ഷീയോൾ എന്ന എബ്രായപദത്തിനു ഹേഡിസിന്റെ അതേ അർഥമാണുള്ളത്. അതും പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ശവക്കുഴി” എന്നുതന്നെയാണ്. ഷീയോൾ എന്ന പദം പരിഭാഷപ്പെടുത്താൻ സെപ്റ്റുവജിന്റ് പൊതുവേ ഉപയോഗിച്ചിരിക്കുന്നതും ഹേഡിസ് എന്ന ഗ്രീക്കുപദമാണ്. തിരുവെഴുത്തുകളിൽ ഈ രണ്ടു പദങ്ങളും മനുഷ്യവർഗത്തിന്റെ ശവക്കുഴിയെയാണു കുറിക്കുന്നത്. ഇങ്ങനെ പൊതുവായ അർഥത്തിലല്ലാതെ ഓരോ വ്യക്തിയുടെയും ശവക്കുഴിയെക്കുറിച്ച് പറയുന്നിടത്ത് മൂലഭാഷകളിൽ ഉപയോഗിച്ചിരിക്കുന്നതു മറ്റു പദങ്ങളാണ്. എന്നാൽ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകൾ (അനു. സി-ൽ J7, 8, 11-18, 22 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നതു ഷീയോൾ എന്ന പദമാണ്.—അനു. എ2 കാണുക.
അങ്ങയുടെ സന്നിധിയിൽവെച്ച്: അക്ഷ. “അങ്ങയുടെ മുഖം നിമിത്തം (മുഖത്തിനു മുന്നിൽവെച്ച്).” ഇതു സങ്ക 16:11-ൽനിന്നുള്ള ഉദ്ധരണിയാണ്. എബ്രായയിലുള്ള ആ വാക്യത്തിന്റെ പദാനുപദപരിഭാഷയാണു പ്രവൃ 2:28-ന്റെ ഗ്രീക്കുപാഠത്തിൽ കാണുന്നത്. “മുഖം നിമിത്തം” എന്ന എബ്രായപദപ്രയോഗം ഒരു ഭാഷാശൈലിയാണ്. “ഒരാളുടെ സന്നിധിയിൽ” എന്നാണ് അതിന്റെ അർഥം.
ദാവീദിന്റെ സന്തതികളിൽ ഒരാളെ: തന്റെ പിൻതലമുറക്കാരിൽ ഒരാൾ ഉൽ 3:15-ൽ മുൻകൂട്ടിപ്പറഞ്ഞ മിശിഹൈക “സന്തതി” ആയിത്തീരുമെന്നു ദാവീദിനു വാഗ്ദാനം ലഭിച്ചു. (2ശമു 7:12, 13; സങ്ക 89:3, 4; 132:11) ഈ വാഗ്ദാനം യേശുവിൽ നിറവേറി. കാരണം യേശുവിന്റെ അമ്മയും വളർത്തച്ഛനും ദാവീദ് രാജാവിന്റെ പിൻതലമുറക്കാരായിരുന്നു. ഇവിടെ “സന്തതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദപ്രയോഗത്തിന്, “ഒരാളുടെ അരയുടെ ഫലം” എന്ന് അക്ഷരാർഥമുള്ള ഒരു എബ്രായശൈലിയുമായി ബന്ധമുണ്ട്. മനുഷ്യശരീരത്തിൽ പ്രത്യുത്പാദന അവയവങ്ങളുള്ളത് അരഭാഗത്താണ്. (ഉൽ 35:11, അടിക്കുറിപ്പ്) മനുഷ്യരുടെ സന്തതികളെ തിരുവെഴുത്തുകളിൽ “ഗർഭഫലം (അഥവാ “ശരീരത്തിന്റെ ഫലം”)” എന്നും വിളിച്ചിരിക്കുന്നതായി കാണാം. “ഫലം” എന്ന വാക്ക് മനുഷ്യസന്തതിയെ കുറിക്കുന്ന സമാനമായ മറ്റു പദപ്രയോഗങ്ങളുമുണ്ട്.—ഉൽ 30:2, അടിക്കുറിപ്പ്; ആവ 7:13, അടിക്കുറിപ്പ്; സങ്ക 127:3.
ദൈവം: ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികൾ “ദൈവം” എന്ന് അർഥമുള്ള തെയോസ് എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകൾ (അനു. സി-ൽ J7, 8, 10 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ തെയോസ് എന്നതിന്റെ സ്ഥാനത്ത് ചതുരക്ഷരി (ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായാക്ഷരങ്ങൾ) ഉപയോഗിച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്.
ശവക്കുഴി: അതായത്, മനുഷ്യവർഗത്തിന്റെ ശവക്കുഴി.—പ്രവൃ 2:27-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ശവക്കുഴി” എന്നതും കാണുക.
ക്രിസ്തുവിന്റെ ശരീരം ജീർണിക്കില്ല: യേശുവിനെ മുൻനിഴലാക്കിയ മോശയുടെയും ദാവീദിന്റെയും ശരീരങ്ങൾ ജീർണിച്ച് മണ്ണോടു ചേർന്നെങ്കിലും യേശുവിന്റെ ഭൗതികശരീരം ജീർണിച്ചുപോകാൻ യഹോവ അനുവദിച്ചില്ല. (ആവ 34:5, 6; പ്രവൃ 2:27; 13:35, 36) യേശുവിന് “അവസാനത്തെ ആദാം” ആകാൻ കഴിയണമെങ്കിൽ (1കൊ 15:45) യേശുവിന്റെ ഭൗതികശരീരം ഒരു യഥാർഥ മനുഷ്യശരീരം ആയിരിക്കണമായിരുന്നു. അത്തരം ഒരു ശരീരമുണ്ടെങ്കിലേ മനുഷ്യകുലത്തിനുവേണ്ടി “തത്തുല്യമായ ഒരു മോചനവില” നൽകാനും (1തിമ 2:5, 6; മത്ത 20:28) യേശുവിനു കഴിയുമായിരുന്നുള്ളൂ. ആദാം നഷ്ടപ്പെടുത്തിയതു തിരികെ വാങ്ങാനുള്ള വിലയായി അത് യഹോവയ്ക്കു സമർപ്പിക്കേണ്ടിയിരുന്നതുകൊണ്ട് അതിനു കുറവുകളൊന്നും ഉണ്ടായിരിക്കാനും പാടില്ലായിരുന്നു. (എബ്ര 9:14; 1പത്ര 1:18, 19) ആദാമിന്റെ അപൂർണരായ പിൻതലമുറക്കാർക്കൊന്നും ആ മോചനവില നൽകാൻ സാധിക്കുമായിരുന്നില്ല. (സങ്ക 49:7-9) അതുകൊണ്ടുതന്നെ യേശുവിന്റെ ജീവൻ ഗർഭത്തിൽ ഉരുവായതു സാധാരണരീതിയിലല്ല, മറിച്ച് യഹോവ യേശുവിനായി ‘ഒരു ശരീരം ഒരുക്കുകയായിരുന്നു.’ (എബ്ര 10:5) ബലിയായി നൽകാനുള്ള തന്റെ പൂർണമനുഷ്യശരീരത്തെക്കുറിച്ചുള്ള ഈ വാക്കുകൾ തന്റെ സ്നാനസമയത്തായിരിക്കാം യേശു പിതാവിനോടു പറഞ്ഞത്. യേശുവിന്റെ മരണശേഷം ശവക്കല്ലറയിൽ ചെന്ന ശിഷ്യന്മാർ യേശുവിന്റെ ശരീരം അപ്രത്യക്ഷമായതായി മനസ്സിലാക്കി. എങ്കിലും ശരീരം പൊതിഞ്ഞിരുന്ന ലിനൻതുണികൾ അവിടെ കിടക്കുന്നത് അവർ കണ്ടു. തന്റെ പ്രിയപുത്രന്റെ ഭൗതികശരീരം ജീർണിച്ചുതുടങ്ങുന്നതിനു മുമ്പേ യഹോവ അത് ഇല്ലാതാക്കിയിരിക്കാം.—ലൂക്ക 24:3-6; യോഹ 20:2-9.
യഹോവ: ഇതു സങ്ക 110:1-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. എന്നാൽ അനു. എ5-ൽ വിശദീകരിച്ചിരിക്കുന്നതുപോലെ, പുതിയനിയമം എന്നു പൊതുവേ അറിയപ്പെടുന്ന തിരുവെഴുത്തുഭാഗത്ത് മിക്ക ബൈബിൾ പരിഭാഷകളും ദൈവനാമം ഉപയോഗിച്ചിട്ടില്ല. എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിൽപ്പോലും അവർ അത് ഒഴിവാക്കിയിരിക്കുന്നു. എന്നാൽ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിന്റെ 17-ാം നൂറ്റാണ്ടിലെ ചില പതിപ്പുകളുടെ കാര്യമെടുക്കുക. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ സങ്ക 110:1 ഉദ്ധരിച്ചിരിക്കുന്ന ഈ വാക്യത്തിലും മറ്റ് മൂന്ന് ഇടങ്ങളിലും (മത്ത 22:44; മർ 12:36; ലൂക്ക 20:42) അവയിൽ കർത്താവ് എന്ന് ഇംഗ്ലീഷിൽ വല്യക്ഷരത്തിലാണു (“the LORD”) കൊടുത്തിരിക്കുന്നത് (ചില സ്ഥലങ്ങളിൽ വലുപ്പം കുറഞ്ഞ വല്യക്ഷരത്തിൽ.). പിൽക്കാലത്ത് പുറത്തിറങ്ങിയ പതിപ്പുകളും ഇതേ രീതി പിന്തുടർന്നു. ആ ഭാഷാന്തരത്തിൽ എബ്രായതിരുവെഴുത്തുഭാഗത്ത് കർത്താവ് എന്നു വല്യക്ഷരത്തിൽ (“the LORD”) കൊടുത്തിരിക്കുന്നതു മൂല എബ്രായപാഠത്തിൽ ദൈവനാമം വരുന്ന സ്ഥലങ്ങളിലാണ് എന്നതു ശ്രദ്ധിക്കുക. അതുകൊണ്ട് അതേ പരിഭാഷയുടെ ഗ്രീക്കുതിരുവെഴുത്തുഭാഗത്ത് കർത്താവ് എന്നു വല്യക്ഷരത്തിൽ (“the LORD”) കൊടുത്തിരിക്കുന്നതും യഹോവയെ കുറിക്കാനാണെന്നു ന്യായമായും നിഗമനം ചെയ്യാം. 1979-ൽ ആദ്യമായി പുറത്തിറങ്ങിയ ജയിംസ് രാജാവിന്റെ പുതിയ ഭാഷാന്തരത്തിൽ ഈ രീതി കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിൽ ദൈവനാമം വരുന്നിടത്തെല്ലാം, ആ ഭാഷാന്തരം കർത്താവ് എന്നു വല്യക്ഷരത്തിലാണു (“the LORD”) കൊടുത്തിരിക്കുന്നത്.
സ്തംഭത്തിൽ തറച്ചുകൊന്ന: അഥവാ “സ്തംഭത്തിൽ (തൂണിൽ) ബന്ധിച്ച.”—മത്ത 20:19-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദണ്ഡനസ്തംഭം;” “സ്തംഭം” എന്നതും കാണുക.
മാനസാന്തരപ്പെടൂ: ഇവിടെ കാണുന്ന മെറ്റാനോയ്യ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റുക” എന്നാണ്. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെയാണ് ഇത് അർഥമാക്കുന്നത്. ‘പാപങ്ങളുടെ ക്ഷമയ്ക്കായുള്ള മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനത്തെക്കുറിച്ച്’ സ്നാപകയോഹന്നാൻ മുമ്പ് പ്രസംഗിച്ചിരുന്നു. (മർ 1:4-ന്റെ പഠനക്കുറിപ്പു കാണുക.) വാസ്തവത്തിൽ ആ സ്നാനം പ്രതീകപ്പെടുത്തിയതു മോശയുടെ നിയമത്തിലെ കല്പനകൾ അനുസരിക്കാത്തത് ഓർത്തുള്ള മാനസാന്തരത്തെയാണ്. ആ മാനസാന്തരമാകട്ടെ, വരാനിരിക്കുന്നതിനായി ദൈവജനത്തെ ഒരുക്കുകയാണു ചെയ്തത്. (മർ 1:2-4) എന്നാൽ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ അവർ മത്ത 28:19-ലെ യേശുവിന്റെ കല്പനയനുസരിച്ച്, മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽക്കണം എന്നാണു പത്രോസ് ഇവിടെ പറയുന്നത്. ജൂതന്മാർ യേശുവിനെ മിശിഹയായി അംഗീകരിക്കാതിരുന്നതുകൊണ്ട് ദൈവത്തിന്റെ ക്ഷമ കിട്ടാൻ അവർ വളരെ പ്രധാനപ്പെട്ട പുതിയൊരു കാര്യം ചെയ്യണമായിരുന്നു—അവർ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിക്കണമായിരുന്നു. യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേറ്റുകൊണ്ട് തങ്ങളുടെ വിശ്വാസത്തിനു പരസ്യമായി തെളിവേകാനും അവർക്കാകുമായിരുന്നു. ക്രിസ്തുവിലൂടെ തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുന്നതിന്റെ പ്രതീകമായിരുന്നു വെള്ളത്തിൽ മുങ്ങിയുള്ള ഈ സ്നാനം.—മത്ത 3:8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “മാനസാന്തരം” കാണുക.
യഹോവ: ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഇവിടെ “കർത്താവ്” (ഗ്രീക്കിൽ, കിരിയോസ്) എന്ന പദമാണു കാണുന്നത്. എന്നാൽ അനു. സി-യിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഈ വാക്യത്തിന്റെ മൂലപാഠത്തിൽ ദൈവനാമം ഉണ്ടായിരുന്നെന്നും പിന്നീട് അതിനു പകരമായി “കർത്താവ്” എന്ന സ്ഥാനപ്പേര് ചേർത്തതാണെന്നും വിശ്വസിക്കാൻ തക്കതായ കാരണമുണ്ട്. അതുകൊണ്ടാണ് ഈ വാക്യത്തിൽ യഹോവ എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. ഇനി, ഇവിടെ വാഗ്ദാനം എന്നു പത്രോസ് പറഞ്ഞത്, പരിശുദ്ധാത്മാവിനെ പകരുമെന്ന യോവ 2:28-32-ലെ വാഗ്ദാനം മനസ്സിൽവെച്ചാണെന്നു പ്രവൃ 2:33-38 സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ദൈവമായ യഹോവ തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവരും എന്ന വാക്കുകൾ പറഞ്ഞപ്പോൾ പത്രോസിന്റെ മനസ്സിലുണ്ടായിരുന്നതു യോവ 2:32-ന്റെ അവസാനഭാഗമായിരിക്കാം. ആ വാക്യത്തിന്റെ എബ്രായപാഠത്തിൽ ദൈവനാമം മൂന്നു പ്രാവശ്യം കാണാം. ആളുകളെ തന്റെ അടുത്തേക്കു വിളിക്കുന്നത് യഹോവതന്നെയാണെന്ന് ഇതു വ്യക്തമാക്കുന്നു.
പേർ: അഥവാ “ദേഹികൾ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
ഒരുമിച്ചുകൂടി: അഥവാ “ഉള്ളതെല്ലാം പങ്കു വെച്ചു.” കൊയ്നൊണീയ എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “പങ്കു വെക്കൽ; കൂട്ടായ്മ” എന്നൊക്കെയാണ്. പൗലോസ് തന്റെ കത്തുകളിൽ ഈ പദം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. (1കൊ 1:9; 10:16; 2കൊ 6:14; 13:14) ഈ കൂട്ടായ്മ വെറുമൊരു പരിചയത്തിനും അപ്പുറമുള്ള, ഉറ്റ സുഹൃദ്ബന്ധത്തെയാണു കുറിക്കുന്നതെന്നു വാക്യസന്ദർഭം സൂചിപ്പിക്കുന്നു.
ഭക്ഷണം കഴിക്കുക: അക്ഷ. “അപ്പം നുറുക്കുക.”—പ്രവൃ 20:7-ന്റെ പഠനക്കുറിപ്പു കാണുക.
എല്ലാവരിലും: അഥവാ “എല്ലാ ദേഹിയിലും.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
അത്ഭുതങ്ങൾ: പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.
പലപല വീടുകളിൽവെച്ച്: അഥവാ “വീടുതോറും പോയി.” കറ്റൊയ്കോൻ (അക്ഷ. “വീടുകളനുസരിച്ച്”) എന്ന ഗ്രീക്ക് പദപ്രയോഗത്തിലെ കറ്റാ എന്ന പദം “ഓരോന്നായി” എന്ന അർഥത്തിലാണു മനസ്സിലാക്കേണ്ടത്. സാധ്യതയനുസരിച്ച് ഈ അവശ്യഘട്ടത്തിൽ, ശിഷ്യന്മാർ യരുശലേമിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്ന ഓരോരോ സഹവിശ്വാസികളുടെ വീടുകളിൽ കൂടിവന്ന്, ഒരുമിച്ച് ഭക്ഷണം കഴിച്ചു.—പ്രവൃ 5:42; 20:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യഹോവ: ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഇവിടെ “കർത്താവ്” എന്നാണു (ഗ്രീക്കിൽ, കിരിയോസ്) കാണുന്നത്. എന്നാൽ അനു. സി-യിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഈ വാക്യത്തിന്റെ മൂലപാഠത്തിൽ ദൈവനാമം ഉണ്ടായിരുന്നെന്നും പിന്നീട് അതിനു പകരമായി “കർത്താവ്” എന്ന സ്ഥാനപ്പേര് ചേർത്തതാണെന്നും വിശ്വസിക്കാൻ അനേകം കാരണങ്ങളുണ്ട്. അതുകൊണ്ടാണ് ഈ വാക്യത്തിൽ യഹോവ എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്.
ദൃശ്യാവിഷ്കാരം
ഇവിടെ കാണുന്ന തിയോഡോട്ടസ് ലിഖിതം 72 സെ.മീ. (28 ഇഞ്ച്) നീളവും 42 സെ.മീ. (17 ഇഞ്ച്) വീതിയും ഉള്ള ഒരു ചുണ്ണാമ്പുകല്ലിൽ കൊത്തിയുണ്ടാക്കിയതാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, യരുശലേമിലെ ഓഫേൽ കുന്നിൽനിന്നാണ് ഇതു കണ്ടെടുത്തത്. ഗ്രീക്കു ഭാഷയിലുള്ള ഈ ലിഖിതത്തിൽ, “(മോശയുടെ) നിയമം വായിക്കാനും ദൈവകല്പനകൾ പഠിപ്പിക്കാനും വേണ്ടിയുള്ള ഒരു സിനഗോഗ് പണിത” തിയോഡോട്ടസ് എന്നൊരു പുരോഹിതനെക്കുറിച്ച് പറയുന്നുണ്ട്. എ.ഡി. 70-ൽ യരുശലേം നശിപ്പിക്കപ്പെടുന്നതിനു മുമ്പുള്ള കാലത്തേതാണ് ഈ ലിഖിതമെന്നു കരുതപ്പെടുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാർ യരുശലേമിലുണ്ടായിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. (പ്രവൃ 6:1) ഈ ലിഖിതത്തിൽ “സിനഗോഗ്” എന്നു പറഞ്ഞിരിക്കുന്നതു ‘വിമോചിതരുടെ സിനഗോഗിനെക്കുറിച്ചാണെന്നു’ ചിലർ കരുതുന്നു. (പ്രവൃ 6:9) ഇനി, തിയോഡോട്ടസിനും അദ്ദേഹത്തിന്റെ പിതാവിനും മുത്തശ്ശനും ആർഖീ സുനഗോഗൊസ് (‘സിനഗോഗിലെ അധ്യക്ഷൻ’) എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നതായി ഈ ലിഖിതത്തിൽ പറഞ്ഞിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പല തവണ കാണുന്ന ഒരു സ്ഥാനപ്പേരാണ് ഇത്. (മർ 5:35; ലൂക്ക 8:49; പ്രവൃ 13:15; 18:8, 17) പുറംനാടുകളിൽനിന്ന് യരുശലേം സന്ദർശിക്കാൻ വരുന്നവർക്കായി തിയോഡോട്ടസ് താമസസ്ഥലങ്ങൾ പണിതതായും ലിഖിതം പറയുന്നു. യരുശലേം സന്ദർശിക്കാൻ വന്നിരുന്ന ജൂതന്മാർ, പ്രത്യേകിച്ച് വാർഷികോത്സവങ്ങൾക്കായി അവിടേക്കു വന്നിരുന്നവർ, ഈ താമസസ്ഥലങ്ങൾ ഉപയോഗിച്ചിരുന്നിരിക്കാം.—പ്രവൃ 2:5.
എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ‘ആകാശത്തിനു കീഴെയുള്ള എല്ലാ രാജ്യങ്ങളിൽനിന്നും വന്ന ജൂതന്മാർ യരുശലേമിലുണ്ടായിരുന്നു.’ (പ്രവൃ 2:5) അവരെല്ലാം പല ഭാഷക്കാരായിരുന്നു. എന്നാൽ പരിശുദ്ധാത്മാവ് ലഭിച്ച ക്രിസ്തുശിഷ്യന്മാർക്ക് ആ ഭാഷകൾ സംസാരിക്കാനുള്ള അത്ഭുതകരമായ കഴിവ് കിട്ടി. (പ്രവൃ 2:4, 8) സന്ദർശകരുടെ മാതൃഭാഷകളിൽ അവർ സംസാരിച്ചത് എല്ലാവരെയും അതിശയിപ്പിച്ചുകളഞ്ഞു! 15 വ്യത്യസ്തദേശക്കാരായിരുന്നു ആ സന്ദർശകരെന്നു പ്രവൃ 2:9-11 സൂചിപ്പിക്കുന്നു. വിശ്വാസികളായിത്തീർന്ന അവരിൽ പലരും സ്വന്തനാടുകളിലേക്കു മടങ്ങിപ്പോയപ്പോൾ അവിടെയെല്ലാം സന്തോഷവാർത്ത അറിയിച്ചു എന്നതിനു സംശയമില്ല. ആ പ്രദേശങ്ങളാണ് ഇവിടെ ഭൂപടത്തിൽ കാണിച്ചിരിക്കുന്നത്. അത് അടയാളപ്പെടുത്തിയിരിക്കുന്നതു പ്രവൃ 2:9-11-ൽ പറഞ്ഞിരിക്കുന്ന അതേ ക്രമത്തിലാണ്.—പ്രവൃ 2:41, 44, 47.