അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 20:1-38
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഞങ്ങൾ: ഇവിടെ ലൂക്കോസ്, “ഞങ്ങൾ” എന്ന ഉത്തമപുരുഷ സർവനാമം ഉപയോഗിച്ചിരിക്കുന്നതിൽനിന്ന് അദ്ദേഹം ഫിലിപ്പിയിൽവെച്ച് വീണ്ടും പൗലോസിനോടൊപ്പം ചേർന്നു എന്നു മനസ്സിലാക്കാം. മുമ്പ് ഫിലിപ്പിയിൽവെച്ച് ഇവർ പിരിഞ്ഞിരുന്നു. (പ്രവൃ 16:10-17, 40) ഇപ്പോൾ അവർ ഫിലിപ്പിയിൽനിന്ന് യരുശലേമിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുകയാണ്. യരുശലേമിൽവെച്ച് പൗലോസ് പിന്നീട് അറസ്റ്റിലാകുകയും ചെയ്തു. (പ്രവൃ 20:5–21:18, 33) പ്രവൃത്തികളുടെ പുസ്തകത്തിൽ, ലൂക്കോസ് തന്നെയുംകൂടെ ഉൾപ്പെടുത്തി കാര്യങ്ങൾ വിവരിക്കുന്ന രണ്ടാമത്തെ ഭാഗമാണ് ഇത്.—പ്രവൃ 16:10; 27:1 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഭക്ഷണം കഴിക്കാൻ: അക്ഷ. “അപ്പം നുറുക്കാൻ (ഒടിക്കാൻ).” പുരാതന മധ്യപൂർവദേശത്തെ പ്രധാനപ്പെട്ട ആഹാരമായിരുന്നു അപ്പം. പിൽക്കാലത്ത് എല്ലാ തരം ഭക്ഷണവും ഈ പേരിൽ അറിയപ്പെടാൻതുടങ്ങി. ആളുകൾ മിക്കപ്പോഴും പരന്ന അപ്പമാണ് ഉണ്ടാക്കിയിരുന്നത്. അതു നല്ല കട്ടിയാകുന്നതുവരെ ചുടും. അതുകൊണ്ട് അതു കത്തികൊണ്ട് മുറിക്കുന്നതിനു പകരം കൈകൊണ്ട് ഒടിച്ചെടുക്കുകയാണു ചെയ്തിരുന്നത്. ഇക്കാരണത്താൽത്തന്നെ കഴിക്കുന്നതിനു മുമ്പ് അപ്പം ഒടിക്കുന്നത് അഥവാ നുറുക്കുന്നത് അന്നത്തെ ഒരു സാധാരണരീതിയായിരുന്നു. യേശുവും പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്. (മത്ത 14:19-ന്റെ പഠനക്കുറിപ്പു കാണുക; മത്ത 15:36-ഉം ലൂക്ക 24:30-ഉം കൂടെ കാണുക.) യേശു കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയപ്പോൾ അപ്പം എടുത്ത് നുറുക്കിയതായി നമ്മൾ വായിക്കുന്നു. യേശു ആ ചെയ്തതിന് ആത്മീയതലത്തിലുള്ള എന്തെങ്കിലും നിഗൂഢാർഥമൊന്നുമുണ്ടായിരുന്നില്ല. കാരണം അത് എല്ലാവരും ചെയ്തിരുന്ന കാര്യമാണ്. (മത്ത 26:26-ന്റെ പഠനക്കുറിപ്പു കാണുക.) പ്രവൃത്തികളുടെ പുസ്തകത്തിൽ അപ്പം നുറുക്കുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന ചില സ്ഥലങ്ങളിൽ അതു കർത്താവിന്റെ അത്താഴത്തെയാണു കുറിക്കുന്നതെന്നു ചിലർ അവകാശപ്പെടുന്നു. (പ്രവൃ 2:42, 46; 20:7, 11) എന്നാൽ സാധാരണഗതിയിൽ കർത്താവിന്റെ അത്താഴത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നിടത്തെല്ലാം അപ്പം നുറുക്കുന്നതിനൊപ്പം പാനപാത്രത്തിൽനിന്ന് വീഞ്ഞു കുടിക്കുന്നതിനെക്കുറിച്ചുംകൂടെ പറയാറുണ്ട്. (മത്ത 26:26-28; മർ 14:22-25; ലൂക്ക 22:19, 20; 1കൊ 10:16-21; 11:23-26) ഈ രണ്ടു കാര്യവും ഒരുപോലെ പ്രധാനമാണ്. അതുകൊണ്ട് പാനപാത്രത്തിൽനിന്ന് വീഞ്ഞു കുടിക്കുന്നതിനെക്കുറിച്ച് പറയാതെ അപ്പം നുറുക്കുന്നതിനെക്കുറിച്ച് മാത്രം പറഞ്ഞിരിക്കുന്നിടത്ത് അതു കർത്താവിന്റെ അത്താഴത്തെയല്ല മറിച്ച് ഒരു സാധാരണ ഭക്ഷണത്തെ മാത്രമാണു കുറിക്കുന്നത്. മാത്രമല്ല, തന്റെ മരണത്തിന്റെ ഓർമ വർഷത്തിൽ ഒന്നിലധികം പ്രാവശ്യം ആചരിക്കാൻ യേശു പ്രതീക്ഷിച്ചുമില്ല. കാരണം വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ആഘോഷിച്ചിരുന്ന പെസഹയുടെ സ്ഥാനത്താണ് യേശു അത് ഏർപ്പെടുത്തിയത്.
ഇവന് ഇപ്പോൾ ജീവനുണ്ട്: അഥവാ “അവന്റെ ദേഹി (അതായത്, “ജീവൻ”) അവനിലുണ്ട്.” മറ്റു വാക്കുകളിൽ പറഞ്ഞാൽ ആ ചെറുപ്പക്കാരന് അവന്റെ ജീവൻ തിരിച്ചുകിട്ടി. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പലയിടത്തും സൈക്കി എന്ന ഗ്രീക്കുപദത്തിന് “ഒരാളുടെ ജീവൻ” എന്നാണ് അർഥം. ഇവിടെയും ആ പദത്തിന്റെ അർഥം അതുതന്നെയാണ്.—മത്ത 6:25; 10:39; 16:25, 26; ലൂക്ക 12:20; യോഹ 10:11, 15; 13:37, 38; 15:13.
ഭക്ഷണം കഴിച്ചു: അക്ഷ. “അപ്പം നുറുക്കി കഴിച്ചു.”—പ്രവൃ 20:7-ന്റെ പഠനക്കുറിപ്പു കാണുക.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം പ്രധാനമായും കുറിക്കുന്നത്, ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്. പുരാതന ഇസ്രായേലിലെ നഗരങ്ങളിൽ, നേതൃത്വമെടുക്കാനും ഭരണകാര്യങ്ങൾ നോക്കിനടത്താനും ആത്മീയാർഥത്തിൽ പ്രായമേറിയ, അഥവാ ആത്മീയപക്വതയുള്ള, പുരുഷന്മാരുടെ സംഘങ്ങൾ ഉണ്ടായിരുന്നു. അതുപോലെ എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭകളിലും ആത്മീയാർഥത്തിൽ പ്രായമേറിയ, അഥവാ ആത്മീയപക്വതയുള്ള, പുരുഷന്മാർ സേവിച്ചിരുന്നു. എഫെസൊസിലെ മൂപ്പന്മാരുമായി പൗലോസ് കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള ഈ വിവരണത്തിൽനിന്ന്, ആ സഭയിൽ ഒന്നിലധികം മൂപ്പന്മാരുണ്ടായിരുന്നെന്നു മനസ്സിലാക്കാം. ഓരോ സഭയിലെയും മൂപ്പന്മാരുടെ എണ്ണം അവിടെ ആത്മീയപക്വതയുള്ളവരായി യോഗ്യത നേടുന്ന പുരുഷന്മാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുമായിരുന്നു. (1തിമ 3:1-7; തീത്ത 1:5-8) പൗലോസ് തിമൊഥെയൊസിന് എഴുതിയ ആദ്യത്തെ കത്തിൽ (സാധ്യതയനുസരിച്ച് തിമൊഥെയൊസ് അപ്പോൾ എഫെസൊസിലായിരുന്നു.) ‘മൂപ്പന്മാരുടെ സംഘത്തെക്കുറിച്ച്’ പറയുന്നതായി കാണാം.—1തിമ 1:3; 4:14; അനു. ബി13 കാണുക.
താഴ്മ: അഹങ്കാരവും ഗർവും ഇല്ലാതിരിക്കുന്നതാണു താഴ്മ. ദൈവത്തോടും മറ്റുള്ളവരോടും ഉള്ള താരതമ്യത്തിൽ ഒരാൾ തന്നെത്തന്നെ എങ്ങനെ കാണുന്നു എന്നതാണു താഴ്മയുടെ അളവുകോൽ. അതൊരു ബലഹീനതയല്ല, പകരം ദൈവം ഇഷ്ടപ്പെടുന്ന ഒരു മാനസികഭാവമാണ്. ക്രിസ്ത്യാനികൾ ശരിക്കും താഴ്മയുള്ളവരാണെങ്കിൽ അവർക്കു മറ്റുള്ളവരുമായി യോജിച്ചുപോകാനാകും. (എഫ 4:2; ഫിലി 2:3; കൊലോ 3:12; 1പത്ര 5:5) റ്റപെനൊഫ്രൊസൂനെ എന്ന ഗ്രീക്കുപദമാണ് ഇവിടെ “താഴ്മ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പലയിടത്തും കാണുന്ന ഈ പദം “എളിയതാക്കുക” എന്ന് അർഥമുള്ള റ്റപെനോ എന്ന പദത്തിൽനിന്നും “മനസ്സ്” എന്ന് അർഥമുള്ള ഫ്രെൻ എന്ന പദത്തിൽനിന്നും വന്നിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ പദത്തിന്റെ അക്ഷരാർഥം “എളിയ മനസ്സുള്ള” എന്നാണ്. ഇതിനോടു ബന്ധമുള്ള റ്റപെനൊസ് എന്ന പദത്തെയും ‘താഴ്മയുള്ള’ (മത്ത 11:29; യാക്ക 4:6; 1പത്ര 5:5) എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—മത്ത 11:29-ന്റെ പഠനക്കുറിപ്പു കാണുക.
വീടുതോറും: അഥവാ “പലപല വീടുകളിൽ.” പൗലോസ് അവരുടെ വീടുകളിൽ ചെന്നത് “മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുന്നതിനെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കുന്നതിനെക്കുറിച്ചും” അവരെ പഠിപ്പിക്കാനായിരുന്നെന്നു തൊട്ടടുത്ത വാക്യം സൂചിപ്പിക്കുന്നു. (പ്രവൃ 20:21) അതിനോടകം വിശ്വാസികളായിത്തീർന്ന സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കാനായി പൗലോസ് നടത്തിയ സൗഹൃദസന്ദർശനങ്ങൾ മാത്രമായിരുന്നോ അത്? അല്ല. കാരണം, ക്രിസ്ത്യാനികളായിത്തീർന്നവരെല്ലാം അതിനോടകം മാനസാന്തരപ്പെട്ട് യേശുവിൽ വിശ്വാസമർപ്പിച്ചിരുന്നു. പുതിയ നിയമത്തിലെ വാങ്മയചിത്രങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. എ. ടി. റോബർട്ട്സൺ പ്രവൃ 20:20-നെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “സുവിശേഷകരിൽ പ്രമുഖനായ ഇദ്ദേഹം വീടുകളിൽ പോയതു വെറുമൊരു സൗഹൃദസന്ദർശനത്തിനായിരുന്നില്ല, പകരം സുവിശേഷം അറിയിക്കാനായിരുന്നു.” (1930, വാല്യം III, പേ. 349-350) ഇനി, പ്രവൃ 20:20-ലെ പൗലോസിന്റെ വാക്കുകളെക്കുറിച്ച് വ്യാഖ്യാനത്തോടുകൂടിയ പ്രവൃത്തികളുടെ പുസ്തകം (ഇംഗ്ലീഷ്) (1844) എന്ന ഗ്രന്ഥത്തിൽ അബിയേൽ അബൊട്ട് ലിവർമോർ പറഞ്ഞത് ഇതാണ്: “പൊതുസദസ്സുകളിൽ മാത്രം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആളല്ലായിരുന്നു അദ്ദേഹം. . . . തനിക്കു ചെയ്യാനുള്ള മഹത്തായ വേല അദ്ദേഹം തീക്ഷ്ണതയോടെ വീടുതോറും കയറിയിറങ്ങിയും ചെയ്തു. അക്ഷരാർഥത്തിൽ അദ്ദേഹം എഫെസൊസുകാരുടെ വീടുകളിലും ഹൃദയങ്ങളിലും സ്വർഗീയസത്യങ്ങൾ എത്തിച്ചു.” (പേ. 270)—കറ്റൊയ്കോസ് (അക്ഷ. “വീടുകളനുസരിച്ച്.”) എന്ന ഗ്രീക്കു പദപ്രയോഗത്തിന്റെ വിശദീകരണത്തിനായി പ്രവൃ 5:42-ന്റെ പഠനക്കുറിപ്പു കാണുക.
നിർബന്ധിച്ചിട്ട്: അഥവാ “ബന്ധിതനായി.” യരുശലേമിലേക്കു പോകാൻ ദൈവാത്മാവ് പ്രേരിപ്പിച്ചപ്പോൾ അതിനു വഴങ്ങാൻ പൗലോസിനു കടപ്പാടും മനസ്സൊരുക്കവും തോന്നി.
എന്റെ ജീവൻ: അഥവാ “എന്റെ ദേഹി.” സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ഒരാളുടെ ജീവനെയാണു കുറിക്കുന്നത്.—പദാവലിയിൽ “ദേഹി” കാണുക.
ദൈവരാജ്യം: അക്ഷ. “രാജ്യം.” മുഴുബൈബിളിന്റെയും കേന്ദ്രവിഷയമായ ദൈവരാജ്യം, പ്രവൃത്തികളുടെ പുസ്തകത്തിലുടനീളം തെളിഞ്ഞുനിൽക്കുന്നതായി കാണാം. (പ്രവൃ 1:3; 8:12; 14:22; 19:8; 20:25; 28:23, 31) ലാറ്റിൻ വൾഗേറ്റും സുറിയാനി പ്ശീത്തായും പോലുള്ള ചില ആദ്യകാല പരിഭാഷകളിലും ഇവിടെ കാണുന്നതു “ദൈവരാജ്യം” എന്നാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഒരു എബ്രായപരിഭാഷയിൽ (അനു. സി4-ൽ J17 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. ആ പദപ്രയോഗത്തെ “യഹോവയുടെ രാജ്യം” എന്നു പരിഭാഷപ്പെടുത്താം.
പ്രസംഗിച്ച: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട് അതു പ്രസിദ്ധമാക്കുക” എന്നാണ്. സന്ദേശം അറിയിക്കുന്ന രീതിക്കാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. ഒരിടത്ത് കൂടിവന്നിരിക്കുന്ന ഒരു പ്രത്യേകസദസ്സിനെ മാത്രം അഭിസംബോധന ചെയ്ത് നടത്തുന്ന പ്രഭാഷണത്തെക്കാൾ, ഒരു കാര്യം പരസ്യമായി എല്ലാവരെയും അറിയിക്കുന്നതിനെയാണ് ഇതു പൊതുവേ അർഥമാക്കുന്നത്. ക്രിസ്ത്യാനികൾ ആളുകളെ അറിയിച്ചുകൊണ്ടിരുന്ന സന്ദേശത്തിന്റെ കേന്ദ്രവിഷയം അപ്പോഴും ‘ദൈവരാജ്യം’തന്നെയായിരുന്നു.—പ്രവൃ 28:31.
ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല: പൗലോസ് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താഞ്ഞതുകൊണ്ട് അദ്ദേഹം ദൈവമുമ്പാകെ ആരുടെയും രക്തം സംബന്ധിച്ച് കുറ്റക്കാരനല്ലായിരുന്നു. സന്തോഷവാർത്തയിൽ അടങ്ങിയിരുന്ന ജീവരക്ഷാകരമായ വിവരങ്ങൾ അദ്ദേഹം ആരിൽനിന്നും മറച്ചുവെച്ചില്ല. (പ്രവൃ 18:6; യഹ 33:6-8 താരതമ്യം ചെയ്യുക.) ദൈവത്തിന്റെ ന്യായവിധിദിവസത്തിൽ എഫെസൊസിലെ ശിഷ്യന്മാരിൽ ആരുടെയും ജീവൻ നഷ്ടപ്പെടരുതെന്ന് ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് പൗലോസ് ‘ദൈവത്തിന്റെ ഉദ്ദേശ്യം മുഴുവനും’ അവരെ അറിയിച്ചു. (പ്രവൃ 20:27) ഒരു ക്രിസ്ത്യാനി കൊലപാതകം നടത്തുകയോ മറ്റ് ഏതെങ്കിലും വിധത്തിൽ ഒരാളുടെ ജീവഹാനിക്കു കാരണക്കാരനാകുകയോ ചെയ്താലും അയാൾ ദൈവമുമ്പാകെ രക്തച്ചൊരിച്ചിലിന്റെ കുറ്റം ഏൽക്കേണ്ടിവരും. അതിൽ ‘ബാബിലോൺ എന്ന മഹതി’പോലുള്ള സംഘടനകളുടെയോ (വെളി 17:6; 18:2, 4) നിരപരാധികളുടെ രക്തം ചൊരിഞ്ഞിട്ടുള്ള മറ്റു സംഘടനകളുടെയോ (വെളി 16:5, 6; യശ 26:20, 21 താരതമ്യം ചെയ്യുക.) പ്രവർത്തനങ്ങളെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നതും ഉൾപ്പെട്ടേക്കാം. ഇനി, രക്തം ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുന്നതും നമ്മളെ ദൈവമുമ്പാകെ രക്തം സംബന്ധിച്ച് കുറ്റക്കാരാക്കും.—പ്രവൃ 15:20.
ദൈവത്തിന്റെ ഉദ്ദേശ്യം മുഴുവൻ: അഥവാ “ദൈവത്തിന്റെ ഉപദേശം മുഴുവൻ.” ദൈവം തന്റെ രാജ്യത്തിലൂടെ ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളെയുംകുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. മനുഷ്യർക്കു രക്ഷ നേടാൻ ആവശ്യമെന്നു ദൈവം കണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ഈ ഉപദേശത്തിൽ ഉൾപ്പെടും. (പ്രവൃ 20:25) ഇവിടെ കാണുന്ന ബോലെ എന്ന ഗ്രീക്കുപദത്തെ ലൂക്ക 7:30-ന്റെ അടിക്കുറിപ്പിൽ ‘ഉപദേശം’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—അനു. ബി13 കാണുക.
ശ്രദ്ധയുള്ളവരായിരിക്കുക: അഥവാ “ജാഗ്രതയുള്ളവരായിരിക്കുക.” തന്റെ ആട്ടിൻകൂട്ടത്തിലെ ഓരോ ആടും യഹോവയ്ക്കു പ്രിയപ്പെട്ടതാണ്. കാരണം ‘സ്വന്തം പുത്രന്റെ രക്തംകൊണ്ടാണ്’ ദൈവം അവരെ വിലയ്ക്കു വാങ്ങിയത്. അതിലും വലിയൊരു വില നൽകാൻ യഹോവയ്ക്കാകുമായിരുന്നില്ല. യഹോവ തന്റെ ആടുകളെ ഇത്രയേറെ സ്നേഹിക്കുന്നെന്ന് അറിയാവുന്നതുകൊണ്ട് താഴ്മയുള്ള മേൽവിചാരകന്മാർ ആട്ടിൻകൂട്ടത്തിലെ ഓരോ ആടിന്റെയും ആവശ്യങ്ങളെക്കുറിച്ച് ശ്രദ്ധയുള്ളവരായിരിക്കും.—1പത്ര 5:1-3.
സ്വന്തം പുത്രന്റെ രക്തംകൊണ്ട്: അക്ഷ. “സ്വന്തം (ആയവന്റെ) രക്തംകൊണ്ട്.” ഇവിടെ കാണുന്ന പദപ്രയോഗത്തെ ഗ്രീക്കുവ്യാകരണമനുസരിച്ച് “സ്വന്തം രക്തംകൊണ്ട്” എന്നും പരിഭാഷപ്പെടുത്താം. എന്നാൽ ഇവിടെ വാക്യസന്ദർഭവും കണക്കിലെടുക്കേണ്ടതുണ്ട്. ഗ്രീക്കിൽ ഹോ ഇഡിയൊസ് (“സ്വന്തം.”) എന്ന പദപ്രയോഗത്തോടൊപ്പം ഒരു നാമമോ സർവനാമമോ ഉപയോഗിച്ചില്ലെങ്കിൽപ്പോലും അത് ആരെയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാകും. ആ പദം അത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണ് യോഹ 1:11 (‘സ്വന്തം വീട്’); യോഹ 13:1 (“സ്വന്തമായുള്ള”) എന്നീ തിരുവെഴുത്തുഭാഗങ്ങൾ. ബൈബിളേതര ഗ്രീക്കു പപ്പൈറസ് രേഖകളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു വളരെ അടുപ്പമുള്ള ഉറ്റ ബന്ധുക്കളെ കുറിക്കാനാണ്. ഈ വാക്യത്തിന്റെ ഗ്രീക്കുപാഠം വായിക്കുന്ന ഒരാൾക്കു “സ്വന്തം” എന്ന പദത്തിനു ശേഷം ഏകവചനത്തിലുള്ള ഒരു നാമം വരേണ്ടതുണ്ടെന്നു വാക്യസന്ദർഭത്തിൽനിന്നുതന്നെ വ്യക്തമാകും. ആ നാമപദം ദൈവത്തിന്റെ ഏകജാതമകനായ യേശുക്രിസ്തുവിനെയാണു കുറിക്കുന്നതെന്നും അവർക്കു മനസ്സിലാകും. കാരണം രക്തം ചൊരിഞ്ഞയാൾ യേശുവാണ്. അതുകൊണ്ട്, ഗ്രീക്കുപാഠത്തിൽ ഇവിടെ “പുത്രൻ” എന്നൊരു വാക്ക് ഇല്ലെങ്കിലും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതു പുത്രനെത്തന്നെയാണെന്നും അതിനാൽത്തന്നെ ഈ ഭാഗം “സ്വന്തം പുതന്റെ രക്തംകൊണ്ട്” എന്നു പരിഭാഷപ്പെടുത്താമെന്നും പല പണ്ഡിതന്മാരും പരിഭാഷകരും അഭിപ്രായപ്പെടുന്നു.
ദൈവം: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ “കർത്താവ്” എന്നാണു കാണുന്നത്. എന്നാൽ “ദൈവം” എന്ന പദം ഉപയോഗിക്കുന്നതിനെയാണു കൂടുതൽ കൈയെഴുത്തുപ്രതികളും പിന്തുണയ്ക്കുന്നത്. മൂലപാഠത്തിലുണ്ടായിരുന്നതു “ദൈവം” എന്ന പദംതന്നെയാണ് എന്നതിനോടു പല പണ്ഡിതന്മാരും യോജിക്കുന്നു.
മേൽവിചാരകന്മാർ: “മേൽവിചാരകൻ” എന്ന് അർഥമുള്ള എപീസ്കൊപൊസ് എന്ന ഗ്രീക്കുപദത്തിന്, “ജാഗ്രതയോടെ ശ്രദ്ധിക്കുക” (എബ്ര 12:15-ൽ “ഉറപ്പു വരുത്തുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) എന്ന് അർഥമുള്ള എപീസ്കൊപെയോ എന്ന ക്രിയയുമായും എപീസ്കൊപെ എന്ന നാമവുമായും ബന്ധമുണ്ട്. എപീസ്കൊപെ എന്ന നാമപദത്തിന്റെ അർഥം “പരിശോധന” (ലൂക്ക 19:44; 1പത്ര 2:12), ‘മേൽവിചാരകനായിരിക്കൽ’ (1തിമ 3:1), “മേൽവിചാരകസ്ഥാനം” (പ്രവൃ 1:20) എന്നൊക്കെയാണ്. അതിൽനിന്ന് ഒരു മേൽവിചാരകൻ സഭാംഗങ്ങളെ സന്ദർശിച്ച്, കാര്യങ്ങൾ പരിശോധിച്ച്, അവർക്കു നിർദേശങ്ങൾ നൽകിയിരുന്ന വ്യക്തിയാണെന്നു മനസ്സിലാക്കാം. “സംരക്ഷണമേകുക എന്ന ലക്ഷ്യത്തിൽ മേൽനോട്ടം വഹിക്കുക” എന്നാണ് ഈ ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം. സഹവിശ്വാസികൾക്ക് ആത്മീയസഹായം നൽകാനുള്ള ഉത്തരവാദിത്വം ക്രിസ്തീയസഭയിലെ മേൽവിചാരകന്മാർക്കുണ്ട്. എഫെസൊസ് സഭയിലെ ‘മൂപ്പന്മാരോടു’ സംസാരിച്ച ഈ സന്ദർഭത്തിൽ പൗലോസ് ‘മേൽവിചാരകന്മാർ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. (പ്രവൃ 20:17) ഇനി, പൗലോസ് തീത്തോസിന് എഴുതിയ കത്തിൽ, ക്രിസ്തീയസഭയിലെ മൂപ്പന്മാർക്കു വേണ്ട യോഗ്യതകളെക്കുറിച്ച് പറയുമ്പോഴും “മേൽവിചാരകൻ” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (തീത്ത 1:5, 7) അതുകൊണ്ട്, ഈ രണ്ടു പദങ്ങളും ഒരേ സ്ഥാനത്തെയാണു കുറിക്കുന്നതെന്നു നമുക്കു മനസ്സിലാക്കാം. പ്രെസ്ബൂറ്റെറൊസ് (“മൂപ്പൻ”) എന്ന പദം നിയമിതസ്ഥാനങ്ങളിലുള്ളവരുടെ മികച്ച ആത്മീയഗുണങ്ങൾക്ക് ഊന്നൽ നൽകുമ്പോൾ എപീസ്കൊപൊസ് (“മേൽവിചാരകൻ”) എന്ന പദം നിയമിതസ്ഥാനങ്ങളിലുള്ളവരുടെ ഉത്തരവാദിത്വങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. എഫെസൊസ് സഭയിൽ ഒന്നിലധികം മേൽവിചാരകന്മാരുണ്ടായിരുന്നെന്ന്, അവിടത്തെ മൂപ്പന്മാരുമായി പൗലോസ് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഈ വിവരണത്തിൽനിന്ന് മനസ്സിലാക്കാം. ഓരോ സഭയിലെയും മൂപ്പന്മാരുടെ എണ്ണത്തിന് ഒരു നിശ്ചിതപരിധിയൊന്നും വെച്ചിരുന്നില്ല. ആത്മീയപക്വതയുള്ളവരായി യോഗ്യത നേടുന്ന എല്ലാ പുരുഷന്മാർക്കും മൂപ്പന്മാരായി സേവിക്കാമായിരുന്നു. ഇനി, ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്കു കത്ത് എഴുതിയപ്പോഴും പൗലോസ് ‘മേൽവിചാരകന്മാർ’ എന്ന പദപ്രയോഗം ഉപയോഗിച്ചു. (ഫിലി 1:1) അതു സൂചിപ്പിക്കുന്നത്, ആ സഭയുടെ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ മൂപ്പന്മാരുടെ ഒരു സംഘമുണ്ടായിരുന്നെന്നാണ്.—പ്രവൃ 1:20-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവം: ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “കർത്താവ്” എന്നാണു കാണുന്നതെങ്കിലും ഭൂരിഭാഗം കൈയെഴുത്തുപ്രതികളിലും കാണുന്നതു “ദൈവം” എന്നാണ്.
കർത്താവായ യേശു പറഞ്ഞത്: ഈ വാക്യത്തിൽ കാണുന്ന, “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്ന ആശയം വരുന്ന വാക്കുകൾ സുവിശേഷങ്ങളിലും മറ്റു ബൈബിൾഭാഗങ്ങളിലും കാണുന്നുണ്ടെങ്കിലും ഇതു യേശുവിന്റെ വാക്കുകളായി ഉദ്ധരിച്ചിരിക്കുന്നതു പൗലോസ് അപ്പോസ്തലൻ മാത്രമാണ്. (സങ്ക 41:1; സുഭ 11:25; 19:17; മത്ത 10:8; ലൂക്ക 6:38) ഒരുപക്ഷേ ഈ വാക്കുകൾ പൗലോസിനു വാമൊഴിയായി ലഭിച്ചതായിരിക്കാം. ഒന്നുകിൽ യേശുവിന്റെ ആ വാക്കുകൾ കേട്ട ആരെങ്കിലും പൗലോസിനോട് അതു പറഞ്ഞുകാണും. അല്ലെങ്കിൽ, പൗലോസുതന്നെ അതു പുനരുത്ഥാനപ്പെട്ട യേശുവിൽനിന്ന് നേരിട്ട് കേട്ടതായിരിക്കാം. അതുമല്ലെങ്കിൽ ഒരു ദിവ്യവെളിപാടിലൂടെയായിരിക്കാം അദ്ദേഹം അത് അറിഞ്ഞത്.—പ്രവൃ 22:6-15; 1കൊ 15:6, 8.
പൗലോസിനെ കെട്ടിപ്പിടിച്ച്: അക്ഷ. “പൗലോസിന്റെ കഴുത്തിൽ വീണ്.” കരഞ്ഞുകൊണ്ട് ഒരാളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതു ഗാഢമായ സ്നേഹത്തിന്റെ തെളിവായിട്ടാണു തിരുവെഴുത്തുകൾ വരച്ചുകാട്ടുന്നത്. ആ മൂപ്പന്മാർക്കു പൗലോസിനോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു.—ഉൽ 33:4; 45:14, 15; 46:29; ലൂക്ക 15:20 കൂടെ കാണുക.
സ്നേഹത്തോടെ ചുംബിച്ചു: അഥവാ “ആർദ്രതയോടെ ചുംബിച്ചു.” പൗലോസ് സഹോദരന്മാരെ ആത്മാർഥമായി സ്നേഹിച്ചതുകൊണ്ട് അവർക്കും പൗലോസിനെ വളരെ ഇഷ്ടമായിരുന്നു. ബൈബിൾക്കാലങ്ങളിൽ മിക്കപ്പോഴും അത്തരം സൗഹൃദം പ്രകടിപ്പിച്ചിരുന്നതു ചുംബിച്ചുകൊണ്ടാണ്. (ഉൽ 27:26; 2ശമു 19:39) ചിലപ്പോഴൊക്കെ ചുംബിക്കുന്നതോടൊപ്പം കെട്ടിപ്പിടിച്ച് കരയുകയും ചെയ്തിരുന്നു. (ഉൽ 33:4; 45:14, 15; ലൂക്ക 15:20) “സ്നേഹത്തോടെ ചുംബിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, ഫിലീയോ എന്ന ഗ്രീക്കുക്രിയയുടെ തീവ്രമായ ഒരു രൂപമാണെന്നു കരുതപ്പെടുന്നു. ചിലപ്പോഴൊക്കെ അതിനെ ‘ചുംബിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും (മത്ത 26:48; മർ 14:44; ലൂക്ക 22:47) മിക്ക സ്ഥലങ്ങളിലും “ഇഷ്ടം തോന്നുക,” “പ്രിയം തോന്നുക” എന്നീ അർഥങ്ങളിലാണ് അത് ഉപയോഗിച്ചിരിക്കുന്നത് (യോഹ 5:20; 11:3; 16:27).—മത്ത 26:49-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം, യേശുവിന്റെ ശിഷ്യന്മാർ കൂടുതൽ ഉത്സാഹത്തോടെ ആളുകളുടെ വീടുകളിൽ ചെന്ന് സന്തോഷവാർത്ത അറിയിച്ചു. മേലാൽ ഇങ്ങനെ “സംസാരിക്കരുതെന്ന്” ശിഷ്യന്മാരെ വിലക്കിയിരുന്നെങ്കിലും “അവർ ദിവസവും ദേവാലയത്തിലും വീടുതോറും ക്രിസ്തുവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത നിറുത്താതെ പഠിപ്പിക്കുകയും അറിയിക്കുകയും ചെയ്തു” എന്നാണു ദൈവപ്രചോദിതമായ രേഖ പറയുന്നത്. (പ്രവൃ 5:40-42) ഏതാണ്ട് എ.ഡി. 56-ൽ അപ്പോസ്തലനായ പൗലോസ് എഫെസൊസിലെ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞു: “പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ . . . പരസ്യമായും വീടുതോറും (ഞാൻ) നിങ്ങളെ പഠിപ്പിച്ചു.” (പ്രവൃ 20:20) പൗലോസ് ഇവിടെ പറയുന്നത്, അവർ വിശ്വാസികളാകുന്നതിനു മുമ്പ് അവരോടു പ്രസംഗിക്കാൻ താൻ ചെയ്ത ശ്രമങ്ങളെക്കുറിച്ചാണ്. ‘മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയേണ്ടതിനെക്കുറിച്ചോ കർത്താവായ യേശുവിൽ വിശ്വസിക്കേണ്ടതിനെക്കുറിച്ചോ’ അവർക്ക് അറിയാത്ത ഒരു സമയമായിരുന്നു അത്. (പ്രവൃ 20:21) ആത്മീയകാര്യങ്ങളോടു താത്പര്യമുള്ളവരെ കണ്ടെത്തിയപ്പോൾ അവരെ കൂടുതലായി പഠിപ്പിക്കാൻ പൗലോസ് എന്തായാലും അവരുടെ വീടുകളിൽ മടങ്ങിച്ചെന്നിട്ടുമുണ്ടാകും. ഇനി, അവർ ക്രിസ്ത്യാനികളായിത്തീർന്നശേഷവും അവരെ വിശ്വാസത്തിൽ ബലപ്പെടുത്താൻവേണ്ടി പൗലോസ് അവരുടെ വീടുകൾ വീണ്ടും സന്ദർശിച്ചിരിക്കാം.—പ്രവൃ 5:42; 20:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഇസ്രായേലിലെ ചെന്നായ്ക്കൾ പ്രധാനമായും രാത്രിയിലാണ് ഇര പിടിക്കാറുള്ളത്. (ഹബ 1:8) ഭക്ഷണത്തോട് ആർത്തിയുള്ള ഇക്കൂട്ടം ക്രൗര്യത്തിനും ധൈര്യത്തിനും പേരുകേട്ടവയാണ്. അത്യാഗ്രഹികളായ ഇവ പലപ്പോഴും തങ്ങൾക്കു തിന്നാനാകുന്നതിലും കൂടുതൽ ആടുകളെ കൊല്ലാറുണ്ട്. മിക്കപ്പോഴും ഇത് അവയ്ക്കു കടിച്ച് വലിച്ചുകൊണ്ടുപോകാൻപോലും പറ്റാത്തത്രയായിരിക്കും. ബൈബിളിൽ മിക്കയിടങ്ങളിലും മൃഗങ്ങളെക്കുറിച്ചും അവയുടെ നല്ലതും മോശവും ആയ പ്രത്യേകതകൾ, ശീലങ്ങൾ എന്നിവയെക്കുറിച്ചും പരാമർശിച്ചിരിക്കുന്നത് ആലങ്കാരികാർഥത്തിലാണ്. ഉദാഹരണത്തിന്, മരണശയ്യയിൽ വെച്ച് യാക്കോബ് നടത്തിയ പ്രവചനത്തിൽ ബന്യാമീൻ ഗോത്രത്തെ ചെന്നായെപ്പോലുള്ള (കാനിസ് ലൂപുസ്) ഒരു പോരാളിയായി വർണിച്ചിരിക്കുന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളിലും ക്രൗര്യം, അത്യാർത്തി, അക്രമസ്വഭാവം, കുടിലത എന്നീ മോശം ഗുണങ്ങളുടെ പ്രതീകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കള്ളപ്രവാചകന്മാരെയും (മത്ത 7:15) ക്രിസ്തീയശുശ്രൂഷയെ ക്രൂരമായി എതിർക്കുന്നവരെയും (മത്ത 10:16; ലൂക്ക 10:3) ക്രിസ്തീയസഭയ്ക്കുള്ളിൽനിന്ന് അതിനെ അപകടപ്പെടുത്താൻ നോക്കുന്ന വ്യാജോപദേഷ്ടാക്കളെയും (പ്രവൃ 20:29, 30) ചെന്നായ്ക്കളോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. ചെന്നായ്ക്കൾ എത്രമാത്രം അപകടകാരികളാണെന്ന് ഇടയന്മാർക്ക് അറിയാമായിരുന്നു. “ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിക്കളയുന്ന” ‘കൂലിക്കാരനെക്കുറിച്ച്’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുകളെക്കുറിച്ച് ചിന്തയില്ലാത്ത’ ആ കൂലിക്കാരനെപ്പോലെയല്ല. യേശു ‘ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുത്തു.’—യോഹ 10:11-13.