അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 24:1-27
പഠനക്കുറിപ്പുകൾ
മൂപ്പന്മാർ: ജൂതജനതയുടെ നേതാക്കന്മാരായ ചില മൂപ്പന്മാരാണ് ഇവർ. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്.—മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
അഭിഭാഷകൻ: അഥവാ “പ്രഭാഷകൻ; വക്കീൽ.” തുടക്കത്തിൽ റീടോർ എന്ന ഗ്രീക്കുപദം “പ്രഭാഷകൻ; പ്രസംഗകൻ” എന്നൊക്കെയുള്ള അർഥങ്ങളിലാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് അത്, “കോടതിയിൽ വക്താവായി സംസാരിക്കുന്നയാൾ; വക്കീൽ; അഭിഭാഷകൻ” തുടങ്ങിയ അർഥങ്ങളിലും ഉപയോഗിക്കാൻതുടങ്ങി. പൗലോസിന് എതിരെയുള്ള ജൂതന്മാരുടെ കേസ് കൈസര്യയിൽവെച്ച് ഗവർണറായ ഫേലിക്സിനു മുമ്പാകെ അവതരിപ്പിച്ചതു തെർത്തുല്ലൊസ് ആയിരുന്നു.
ഒഴിയാബാധ: അഥവാ “പ്രശ്നക്കാരൻ.” അക്ഷ. “മാരകമായ പകർച്ചവ്യാധി.” ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ‘മാരകമായ പകർച്ചവ്യാധികൾ’ എന്നതിന്റെ ഗ്രീക്കുപദം ഈ വാക്യത്തിനു പുറമേ ലൂക്ക 21:11-ൽ മാത്രമാണു കാണുന്നത്. അവിടെ അതു കുറിക്കുന്നത് അക്ഷരാർഥത്തിലുള്ള പകർച്ചവ്യാധികളെയാണ്. എന്നാൽ ഇവിടെ പ്രവൃ 24:5-ൽ ആ പദം ആലങ്കാരികാർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. “ഒഴിയാബാധ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ആ പദം ഇവിടെ സൂചിപ്പിക്കുന്നത്, ഒരാൾ പ്രശ്നക്കാരനാണ് അഥവാ പൊതുജനത്തിനു ഭീഷണിയാണ് എന്നാണ്.
ഭൂലോകം: ലൂക്ക 2:1-ന്റെ പഠനക്കുറിപ്പു കാണുക.
നസറെത്തുകാർ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
മതവിഭാഗം: “മതവിഭാഗം” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹൈറെസിസ് എന്ന ഗ്രീക്കുപദം തുടക്കത്തിൽ ഉപയോഗിച്ചിരുന്നത് “ഇഷ്ടമനുസരിച്ചുള്ള” എന്ന അർഥത്തിലായിരിക്കാനാണു സാധ്യത. ഇസ്രായേല്യർ തങ്ങളുടെ “ഇഷ്ടമനുസരിച്ച്” കാഴ്ചകൾ കൊണ്ടുവന്നതിനെക്കുറിച്ച് പറയുന്ന ലേവ 22:18-ൽ സെപ്റ്റുവജിന്റ് ഈ പദം ഉപയോഗിച്ചിരിക്കുന്നതും ഇതേ അർഥത്തിലാണ്. എന്നാൽ, വ്യത്യസ്തമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും വെച്ചുപുലർത്തുന്ന ഒരു കൂട്ടം ആളുകളെ കുറിക്കാനാണു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ജൂതമതത്തിന്റെ രണ്ടു പ്രമുഖവിഭാഗങ്ങളായ പരീശന്മാരെയും സദൂക്യരെയും കുറിക്കാനും അത് ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃ 5:17; 15:5; 26:5) ഇനി, ക്രിസ്ത്യാനികളല്ലാത്തവർ ക്രിസ്ത്യാനിത്വത്തെ ‘ഒരു മതവിഭാഗം’ എന്നും ‘നസറെത്തുകാരുടെ മതവിഭാഗം’ എന്നും വിളിച്ചിരുന്നു. ക്രിസ്ത്യാനികളെ ജൂതമതത്തിൽനിന്ന് തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗമായി കണ്ടതുകൊണ്ടായിരിക്കാം അവർ അവരെ അങ്ങനെ വിളിച്ചത്. (പ്രവൃ 24:5, 14; 28:22) ഇനി, ഹൈറെസിസ് എന്ന ഗ്രീക്കുപദം ക്രിസ്തീയസഭയിൽത്തന്നെ രൂപംകൊണ്ട വ്യത്യസ്തവിഭാഗങ്ങളെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തന്റെ ശിഷ്യന്മാർക്കിടയിൽ യോജിപ്പുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം യേശു ഊന്നിപ്പറയുകയും അതിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു. (യോഹ 17:21) അപ്പോസ്തലന്മാരും ക്രിസ്തീയസഭയിൽ ഐക്യം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. (1കൊ 1:10; യൂദ 17-19) സഭാംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടായാൽ അവരുടെ ഐക്യം തകരുമായിരുന്നു. ഇത്തരം അവാന്തരവിഭാഗങ്ങളും ഭിന്നകക്ഷികളും സഭയുടെ ഐക്യത്തിന് ഒരു ഭീഷണിയായിരുന്നതുകൊണ്ട് അവയെ കുറിക്കാൻ പിൽക്കാലത്ത് ഈ ഗ്രീക്കുപദം നിഷേധാർഥത്തിൽ ഉപയോഗിച്ചുതുടങ്ങി. വിശ്വാസങ്ങളിൽ ഐക്യമില്ലാതായാൽ അതു ശക്തമായ വാദപ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും ശത്രുതയ്ക്കുപോലും വഴിവെച്ചേക്കാം. (പ്രവൃ 23:7-10 താരതമ്യം ചെയ്യുക.) ‘ജഡത്തിന്റെ പ്രവൃത്തികളിൽപ്പെടുന്ന’ വിഭാഗീയത ഒഴിവാക്കേണ്ടത് അതുകൊണ്ടുതന്നെ പ്രധാനമായിരുന്നു.—ഗല 5:19-21; 1കൊ 11:19; 2പത്ര 2:1.
താരതമ്യേന കാലപ്പഴക്കം കുറഞ്ഞ ചില കൈയെഴുത്തുപ്രതികളിലും പരിഭാഷകളിലും 6-8 വരെയുള്ള വാക്യങ്ങളിൽ പിൻവരുന്ന ആശയം ധ്വനിപ്പിക്കുന്ന വാക്കുകൾ കൂട്ടിച്ചേർത്തിരിക്കുന്നതായി കാണാം: “ഞങ്ങളുടെ നിയമമനുസരിച്ച് വിസ്തരിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. (7) എന്നാൽ സൈന്യാധിപനായ ലുസിയാസ് വന്ന് വളരെ ബലം പ്രയോഗിച്ച് ഇവനെ ഞങ്ങളുടെ കൈയിൽനിന്ന് പിടിച്ചുകൊണ്ടുപോയി. (8) എന്നിട്ടു പരാതിക്കാരോട് അങ്ങയുടെ മുന്നിൽ ഹാജരാകാൻ കല്പിച്ചു.” എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. അതുകൊണ്ടുതന്നെ പ്രവൃത്തികളുടെ പുസ്തകം എഴുതിയപ്പോൾ ഈ വാക്കുകൾ അതിലില്ലായിരുന്നെന്നു വേണം കരുതാൻ.—അനു. എ3 കാണുക.
ഞാൻ സേവിക്കുന്നത്: അഥവാ “ഞാൻ ആരാധിക്കുന്നത്.” ഇവിടെ കാണുന്ന ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “സേവിക്കുക” എന്നാണെങ്കിലും ചില സന്ദർഭങ്ങളിൽ “ആരാധിക്കുക” എന്നും അതു പരിഭാഷപ്പെടുത്താം. തിരുവെഴുത്തുകളിൽ ലാറ്റ്രിയോ എന്ന ഗ്രീക്കുപദം പൊതുവേ ഉപയോഗിച്ചിരിക്കുന്നത്, ദൈവത്തിനായി ചെയ്യുന്ന സേവനത്തെയോ ദൈവത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട സേവനങ്ങളെയോ കുറിക്കാനാണ്. (മത്ത 4:10; ലൂക്ക 1:75; 4:8; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) ഇനി, വിശുദ്ധമന്ദിരത്തിലോ ദേവാലയത്തിലോ ആരാധന അർപ്പിക്കുന്നതിനെയോ വിശുദ്ധസേവനം ചെയ്യുന്നതിനെയോ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10) ചില സന്ദർഭങ്ങളിലെങ്കിലും വ്യാജാരാധനയോടു ബന്ധപ്പെട്ടും ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടങ്ങളിൽ ഇതു കുറിക്കുന്നത്, സ്രഷ്ടാവിനു പകരം സൃഷ്ടികൾക്കു സേവനം ചെയ്യുന്നതിനെയാണ്, അഥവാ അവയെ ആരാധിക്കുന്നതിനെയാണ്.—പ്രവൃ 7:42; റോമ 1:25.
പുനരുത്ഥാനം: ഇവിടെ കാണുന്ന അനസ്താസിസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എഴുന്നേൽപ്പിക്കുക; എഴുന്നേറ്റ് നിൽക്കുക” എന്നെല്ലാമാണ്. മരിച്ചവരുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട് ഈ പദം 40-ഓളം പ്രാവശ്യം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. (അതിന് ഉദാഹരണമാണ്, മത്ത 22:31; പ്രവൃ 2:31; 4:2; 17:18, 32; 23:6; 1കൊ 15:12, 13 എന്നീ വാക്യങ്ങൾ.) യശ 26:19-ലെ “നിങ്ങളുടെ മരിച്ചവർ ജീവിക്കും” എന്ന പദപ്രയോഗത്തിലെ “ജീവിക്കുക” എന്ന എബ്രായക്രിയ പരിഭാഷപ്പെടുത്താൻ സെപ്റ്റുവജിന്റൽ ഉപയോഗിച്ചിരിക്കുന്നത് അനസ്താസിസിന്റെ ക്രിയാരൂപമാണ്.—പദാവലി കാണുക.
സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവിയായിരുന്നു ശതാധിപൻ.
ദ്രുസില്ല: പ്രവൃ 12:1-ൽ പറഞ്ഞിരിക്കുന്ന ഹെരോദിന്റെ, അതായത് ഹെരോദ് അഗ്രിപ്പ 1-ാമന്റെ, ഏറ്റവും ഇളയ മകളാണ് ഇത്. ഏതാണ്ട് എ.ഡി. 38-ലാണ് അദ്ദേഹത്തിനു മൂന്നാമത്തെ ഈ മകൾ ജനിക്കുന്നത്. അഗ്രിപ്പ 2-ാമന്റെയും ബർന്നീക്കയുടെയും സഹോദരിയായിരുന്നു ദ്രുസില്ല. (പ്രവൃ 25:13-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ഹെരോദ്” എന്നതും കാണുക.) ഗവർണറായ ഫേലിക്സ് ദ്രുസില്ലയുടെ രണ്ടാമത്തെ ഭർത്താവ് ആയിരുന്നു. തന്റെ ആദ്യഭർത്താവും എമസയിലെ സിറിയൻ രാജാവും ആയ അസിസസിനെ വിവാഹമോചനം ചെയ്ത ദ്രുസില്ല, എ.ഡി. 54-ൽ, ഏകദേശം 16 വയസ്സുള്ളപ്പോഴാണു ഫേലിക്സിനെ വിവാഹം കഴിക്കുന്നത്. പൗലോസ് ഫേലിക്സിന്റെ മുന്നിൽവെച്ച് “നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി” എന്നിവയെക്കുറിച്ച് പറഞ്ഞ സന്ദർഭത്തിൽ ദ്രുസില്ലയും അവിടെയുണ്ടായിരുന്നിരിക്കാം. (പ്രവൃ 24:25) ഫേലിക്സ് തന്റെ ഗവർണർസ്ഥാനം ഫെസ്തൊസിനു കൈമാറിയപ്പോൾ “ജൂതന്മാരുടെ പ്രീതി നേടാൻ” പൗലോസിനെ തടവിൽത്തന്നെ വിട്ടിട്ട് പോയതായി വിവരണം പറയുന്നു. ഫേലിക്സ് അങ്ങനെ ചെയ്തതു ജൂതവംശത്തിൽപ്പെട്ട, ചെറുപ്പക്കാരിയായ തന്റെ ഭാര്യയെ പ്രീതിപ്പെടുത്താനായിരിക്കാമെന്നു ചിലർ കരുതുന്നു.—പ്രവൃ 24:27.
ദൃശ്യാവിഷ്കാരം
മഹാസൻഹെദ്രിൻ എന്ന് അറിയപ്പെട്ടിരുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയിൽ 71 അംഗങ്ങളുണ്ടായിരുന്നു. യരുശലേമിലായിരുന്നു അത്. (പദാവലിയിൽ “സൻഹെദ്രിൻ” കാണുക.) അതിലെ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ, മൂന്നു നിരയായിട്ടാണു ക്രമീകരിച്ചിരുന്നത് എന്നു മിഷ്ന പറയുന്നു. കോടതിവിധികൾ രേഖപ്പെടുത്താൻ രണ്ടു ശാസ്ത്രിമാരും കാണും. ഒന്നാം നൂറ്റാണ്ടിലെ സൻഹെദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടിടത്തിന്റെ (യരുശലേമിൽനിന്ന് കണ്ടെടുത്തത്) വാസ്തുശൈലി അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിലെ ചില ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.—അനുബന്ധം ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.
1. മഹാപുരോഹിതൻ
2. സൻഹെദ്രിനിലെ അംഗങ്ങൾ
3. പ്രതി
4. ഗുമസ്തന്മാർ