അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 4:1-37
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
അവർ രണ്ടും: അക്ഷ. “അവർ.” അതായത്, പത്രോസും യോഹന്നാനും.
ദേവാലയത്തിലെ കാവൽക്കാരുടെ മേധാവി: പ്രവൃ 5:24, 26 വാക്യങ്ങളിലും ഈ മേധാവിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും പുരോഹിതന്മാരാണ് ഈ ഔദ്യോഗികസ്ഥാനം വഹിച്ചിരുന്നത്. ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിയായി നിയമിക്കപ്പെടുന്ന പുരോഹിതനായിരുന്നു മഹാപുരോഹിതൻ കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം. ദേവാലയത്തിൽ സേവിച്ചിരുന്ന പുരോഹിതന്മാരുടെ മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു. ദേവാലയത്തിനുള്ളിലും ദേവാലയപരിസരത്തും ക്രമസമാധാനം നിലനിറുത്താനായി ഇദ്ദേഹത്തിനു കീഴിൽ ‘ദേവാലയ പോലീസ് സേന’ എന്നു വിളിക്കാവുന്ന ഒരു കൂട്ടം ലേവ്യരുണ്ടായിരുന്നു. ദേവാലയകവാടങ്ങൾ രാവിലെ തുറക്കാനും രാത്രിയിൽ അടയ്ക്കാനും നിയോഗിച്ചിരുന്ന ലേവ്യരുടെ മേൽനോട്ടത്തിനായി ഈ മേധാവിക്കു കീഴിൽ ഉപമേധാവികളും കാണും. ദേവാലയഖജനാവ് സംരക്ഷിക്കുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, പ്രവേശനം നിരോധിച്ചിരുന്ന സ്ഥലങ്ങളിലേക്ക് ആരും കടക്കാതെ നോക്കുക എന്നീ ഉത്തരവാദിത്വങ്ങളെല്ലാം ലേവ്യരായ ഈ കാവൽക്കാരുടേതായിരുന്നു. ലേവ്യരെ 24 ഗണങ്ങളായി തിരിച്ചിരുന്നു. ഓരോ ഗണവും ഊഴമനുസരിച്ച് വർഷത്തിൽ രണ്ടു പ്രാവശ്യം ഓരോ ആഴ്ച വീതം ആലയത്തിൽ സേവിക്കും. സാധ്യതയനുസരിച്ച് ഓരോ ഗണത്തിന്റെയും മേൽനോട്ടത്തിനായി ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിക്കു കീഴിൽ ഒരു ഉപമേധാവിയുണ്ടായിരുന്നു. വലിയ സ്വാധീനശക്തിയുള്ളവരായിരുന്നു ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികൾ. യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ മുഖ്യപുരോഹിതന്മാരോടൊപ്പം ഇവരും ഉണ്ടായിരുന്നു. യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ ഇവർ തങ്ങളുടെ കീഴിലുള്ള ഭടന്മാരോടൊപ്പം യേശുവിനെ അറസ്റ്റ് ചെയ്യാൻ വന്നതായി ബൈബിൾ പറയുന്നു.—ലൂക്ക 22:4 (പഠനക്കുറിപ്പു കാണുക), 52.
മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
മുഖ്യപുരോഹിതനായ അന്നാസ്: സിറിയയിലെ റോമൻ ഗവർണറായിരുന്ന കുറേന്യൊസ് ഏതാണ്ട് എ.ഡി. 6-ലോ 7-ലോ മഹാപുരോഹിതനായി നിയമിച്ച അന്നാസ്, ഏകദേശം എ.ഡി. 15 വരെ ആ സ്ഥാനത്ത് തുടർന്നു. റോമാക്കാർ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കിയതോടെ അദ്ദേഹത്തിനു മഹാപുരോഹിതൻ എന്ന ഔദ്യോഗികസ്ഥാനപ്പേര് നഷ്ടമായെങ്കിലും അദ്ദേഹം മുൻമഹാപുരോഹിതനും ജൂതപുരോഹിതന്മാരുടെ മുഖ്യവക്താവും എന്ന നിലയിൽ തുടർന്നും വലിയ അധികാരവും സ്വാധീനവും ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് ആൺമക്കൾ മഹാപുരോഹിതന്മാരായി സേവിച്ചിട്ടുണ്ട്. മരുമകനായ കയ്യഫയും ഏകദേശം എ.ഡി. 18 മുതൽ എ.ഡി. 36 വരെയുള്ള കാലത്ത് മഹാപുരോഹിതനായിരുന്നു. (ലൂക്ക 3:2-ന്റെ പഠനക്കുറിപ്പു കാണുക.) യോഹ 18:13, 19 വാക്യങ്ങളിൽ അന്നാസിനെ “മുഖ്യപുരോഹിതൻ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. എന്നാൽ അവിടെ കാണുന്ന ഗ്രീക്കുപദത്തിനു (അർഖീയറിയൂസ്) നിലവിലുള്ള മഹാപുരോഹിതനെയും മുൻമഹാപുരോഹിതന്മാർ ഉൾപ്പെടെ പുരോഹിതഗണത്തിലെ ഏതൊരു പ്രമുഖവ്യക്തിയെയും കുറിക്കാനാകും.—പദാവലിയിൽ “മുഖ്യപുരോഹിതൻ” കാണുക.
കയ്യഫ: റോമാക്കാർ നിയമിച്ച ഈ മഹാപുരോഹിതൻ വിദഗ്ധനായ ഒരു നയതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിനു തൊട്ടുമുമ്പുണ്ടായിരുന്ന മഹാപുരോഹിതന്മാരെക്കാളെല്ലാം കൂടുതൽ കാലം അദ്ദേഹം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമിതനായ കയ്യഫ ഏതാണ്ട് എ.ഡി. 36 വരെ ആ സ്ഥാനത്ത് തുടർന്നു. യേശുവിനെ ചോദ്യം ചെയ്തിട്ട് പീലാത്തൊസിനു കൈമാറിയത് അദ്ദേഹമാണ്. (മത്ത 26:3, 57; യോഹ 11:49; 18:13, 14, 24, 28) പ്രവൃത്തികളുടെ പുസ്തകത്തിൽ ഇവിടെ മാത്രമാണ് അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞിരിക്കുന്നത്. ഈ പുസ്തകത്തിൽ മറ്റെല്ലായിടത്തും അദ്ദേഹത്തെക്കുറിച്ച് “മഹാപുരോഹിതൻ” എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.—പ്രവൃ 5:17, 21, 27; 7:1; 9:1.
സ്തംഭത്തിൽ തറച്ചുകൊല്ലുകയും: അഥവാ “സ്തംഭത്തിൽ (തൂണിൽ) ബന്ധിച്ച.”—മത്ത 20:19-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദണ്ഡനസ്തംഭം;” “സ്തംഭം” എന്നതും കാണുക.
നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
മുഖ്യ മൂലക്കല്ല്: മത്ത 21:42-ന്റെ പഠനക്കുറിപ്പു കാണുക.
ധൈര്യം: ഇവിടെ കാണുന്ന പർറേസീയ എന്ന ഗ്രീക്കുപദം, ഒരു കാര്യം തീർച്ചയായും നടക്കും എന്ന അർഥത്തിൽ “ഉറപ്പാണ്” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (1യോഹ 5:14) ഈ നാമപദവും അതിനോടു ബന്ധപ്പെട്ട പർറേസീയസോമായ് എന്ന ക്രിയാപദവും (‘ധൈര്യത്തോടെ സംസാരിക്കുക’ എന്നു പലപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്നു.) പ്രവൃത്തികളുടെ പുസ്തകത്തിൽ പല തവണ കാണാം. ധൈര്യം എന്ന ഗുണം ആദ്യകാലക്രിസ്ത്യാനികളുടെ പ്രസംഗപ്രവർത്തനത്തിന്റെ ഒരു പ്രധാനസവിശേഷതയായിരുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്.—പ്രവൃ 4:29, 31; 9:27, 28; 13:46; 14:3; 18:26; 19:8; 26:26.
പഠിപ്പില്ലാത്തവരും: അഥവാ “നിരക്ഷരരും.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന് (അഗ്രമേറ്റോസ്) അക്ഷരാഭ്യാസമില്ലാത്തവർ എന്നും അർഥം വരാമെങ്കിലും ഇവിടെ അത് അർഥമാക്കുന്നതു റബ്ബിമാരുടെ വിദ്യാലയങ്ങളിൽ പഠിച്ചിട്ടില്ലാത്തവർ എന്നായിരിക്കാം. സാധ്യതയനുസരിച്ച് ഒന്നാം നൂറ്റാണ്ടിലെ മിക്ക ജൂതന്മാർക്കും എഴുതാനും വായിക്കാനും അറിയാമായിരുന്നു. അതിന്റെ ഒരു കാരണം പല സിനഗോഗുകളിലും ആളുകൾക്കു വിദ്യാഭ്യാസം നൽകുന്ന രീതിയുണ്ടായിരുന്നു എന്നതാണ്. എന്നാൽ പത്രോസും യോഹന്നാനും യേശുവിനെപ്പോലെതന്നെ റബ്ബിമാരുടെ വിദ്യാലയങ്ങളിൽ പഠിച്ചിട്ടില്ലായിരുന്നു. (യോഹ 7:15 താരതമ്യം ചെയ്യുക.) മതവിദ്യാഭ്യാസം നേടാൻ പറ്റിയ ഒരേ ഒരു സ്ഥലം ഇത്തരം വിദ്യാലയങ്ങളാണ് എന്നായിരുന്നു യേശുവിന്റെ കാലത്തെ ശ്രേഷ്ഠരായ മതനേതാക്കന്മാരുടെ ചിന്ത. അതുകൊണ്ടാണ് ആളുകളെ ദൈവനിയമം പഠിപ്പിക്കാനോ അവർക്ക് അതു വിശദീകരിച്ചുകൊടുക്കാനോ പത്രോസിനും യോഹന്നാനും യോഗ്യതയില്ലെന്നു സദൂക്യരും പരീശന്മാരും ചിന്തിച്ചത്. അതിനു പുറമേ, പത്രോസും യോഹന്നാനും ഗലീലക്കാരാണ് എന്നതും ഒരു ഘടകമായിരുന്നു. ഗലീലക്കാർ പൊതുവേ കൃഷിക്കാരും ആട്ടിടയന്മാരും മീൻപിടുത്തക്കാരും ഒക്കെയായിരുന്നു. അതുകൊണ്ടുതന്നെ ആ പ്രദേശത്തുനിന്നുള്ള ആളുകളെ, യരുശലേമിൽനിന്നും യഹൂദ്യയിൽനിന്നും ഉള്ള മതനേതാക്കന്മാരും മറ്റുള്ളവരും തരംതാഴ്ന്നവരായാണു കണക്കാക്കിയിരുന്നത്. അവർ പത്രോസിനെയും യോഹന്നാനെയും “പഠിപ്പില്ലാത്തവരും” “സാധാരണക്കാരും” ആയി കണ്ടതിൽ അതിശയമില്ല. (യോഹ 7:45-52; പ്രവൃ 2:7) എന്നാൽ ദൈവം അവരെ ആ രീതിയിലല്ല വീക്ഷിച്ചത്. (1കൊ 1:26-29; 2കൊ 3:5, 6; യാക്ക 2:5) മരണത്തിനു മുമ്പ് യേശു ഇവരെയും മറ്റു ശിഷ്യന്മാരെയും മികച്ച രീതിയിൽ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. (മത്ത 10:1-42; മർ 6:7-13; ലൂക്ക 8:1; 9:1-5; 10:1-42; 11:52) പുനരുത്ഥാനശേഷവും യേശു പരിശുദ്ധാത്മാവിലൂടെ ആ ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടിരുന്നു.—യോഹ 14:26; 16:13; 1യോഹ 2:27.
സൻഹെദ്രിൻ ഹാൾ: അഥവാ “സൻഹെദ്രിൻ.”—ലൂക്ക 22:66-ന്റെ പഠനക്കുറിപ്പു കാണുക.
അത്ഭുതകരമായി: സേമെയ്ഓൻ എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. പലപ്പോഴും “അടയാളം” എന്നു പരിഭാഷപ്പെടുത്താറുള്ള ഈ പദം ഇവിടെ കുറിക്കുന്നത്, ദൈവശക്തിയാൽ നടന്നതെന്നു വ്യക്തമായ ഒരു അത്ഭുതത്തെയാണ്.
പരമാധികാരിയായ കർത്താവേ: ഡെസ്പോട്ടസ് എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “കർത്താവ്; യജമാനൻ; നാഥൻ” എന്നൊക്കെയാണ്. (1തിമ 6:1; തീത്ത 2:9; 1പത്ര 2:18) എന്നാൽ ദൈവത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ഈ വാക്യത്തിലും ലൂക്ക 2:29; വെളി 6:10 എന്നീ വാക്യങ്ങളിലും ആ പദപ്രയോഗത്തെ ‘പരമാധികാരിയായ കർത്താവ്’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്, ദൈവം എത്ര ശ്രേഷ്ഠനായ കർത്താവാണെന്നു സൂചിപ്പിക്കാനാണ്. മറ്റു പരിഭാഷകൾ ഈ പദപ്രയോഗത്തെ “കർത്താവ്,” “യജമാനൻ,” “പരമാധികാരി,” “എല്ലാത്തിന്റെയും (യജമാനൻ; കർത്താവ്) അധിപൻ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അഥോനായ് (പരമാധികാരിയായ കർത്താവ്) എന്ന എബ്രായപദമാണ്. അത്തരം പരിഭാഷകളിൽ ഒരെണ്ണമെങ്കിലും ഇവിടെ ദൈവനാമം (ചതുരക്ഷരി) ഉപയോഗിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
യഹോവ: ഇതു സങ്ക 2:2-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ദൈവത്തിന്റെ അഭിഷിക്തൻ: അഥവാ “ദൈവത്തിന്റെ ക്രിസ്തു; ദൈവത്തിന്റെ മിശിഹ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്രിസ്തോസ് എന്ന ഗ്രീക്കുപദത്തിൽനിന്നാണ് “ക്രിസ്തു” എന്ന സ്ഥാനപ്പേര് വന്നിരിക്കുന്നത്. ഈ വാക്യം സങ്ക 2:2-ൽനിന്നുള്ള ഉദ്ധരണിയാണ്. ക്രിസ്തോസ് എന്നതിന്റെ തത്തുല്യ എബ്രായപദമായ മാഷിയാക് (അഭിഷിക്തൻ) ആണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. “മിശിഹ” എന്ന സ്ഥാനപ്പേര് ഉത്ഭവിച്ചത് ആ പദത്തിൽനിന്നാണ്.—ലൂക്ക 2:26; യോഹ 1:41; പ്രവൃ 4:27 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അങ്ങ് അഭിഷേകം ചെയ്ത: അഥവാ “അങ്ങ് ക്രിസ്തു (മിശിഹ) ആക്കിയ.” ക്രിസ്തോസ് (ക്രിസ്തു) എന്ന സ്ഥാനപ്പേരിന് ആധാരമായ ക്രിയോ എന്ന ഗ്രീക്കുക്രിയയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അക്ഷരാർഥം “ഒരാളുടെ മേൽ തൈലം ഒഴിക്കുക” എന്നാണ്. എന്നാൽ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ അത് ആലങ്കാരികമായി, പാവനമായൊരു അർഥത്തിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ മേൽനോട്ടത്തിൽ ഒരു പ്രത്യേകനിയമനം ചെയ്യാൻ ദൈവം ഒരാളെ വേർതിരിക്കുന്നതിനെയാണു തിരുവെഴുത്തുകളിൽ ആ പദം കുറിക്കുന്നത്. ലൂക്ക 4:18; പ്രവൃ 10:38; 2കൊ 1:21; എബ്ര 1:9 എന്നിവിടങ്ങളിലും ഈ ഗ്രീക്കുക്രിയ കാണാം. ഇതിനോടു സമാനമായ മറ്റൊരു ഗ്രീക്കുപദമാണ് അലൈഫോ. അക്ഷരാർഥത്തിൽ ഒരാളുടെ ദേഹത്ത് എണ്ണയോ ലേപനിയോ തേക്കുന്നതിനെയാണ് അതു കുറിക്കുന്നത്. കാലും മറ്റും കഴുകിയതിനു ശേഷമോ, ഒരു മരുന്നായോ, ശവസംസ്കാരത്തിനായി മൃതദേഹം ഒരുക്കാനോ ഒക്കെ ഇത്തരത്തിൽ എണ്ണയോ ലേപനിയോ തേക്കുന്ന രീതിയുണ്ടായിരുന്നു.—മത്ത 6:17; മർ 6:13; 16:1; ലൂക്ക 7:38, 46; യാക്ക 5:14.
യഹോവ: ‘പരമാധികാരിയാം കർത്താവിനോടുള്ള’ പ്രാർഥനയുടെ ഒരു ഭാഗമാണ് ഇവിടെ കാണുന്നത്. (പ്രവൃ 4:24ബി) ‘പരമാധികാരിയാം കർത്താവ്’ എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം ഡെസ്പോട്ടസ് ആണ്. ലൂക്ക 2:29-ലെ പ്രാർഥനയിലും ദൈവത്തെ അഭിസംബോധന ചെയ്യാൻ ഇതേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രവൃത്തികളുടെ പുസ്തകത്തിൽ കാണുന്ന ഈ പ്രാർഥനയിൽ യേശുവിനെ വിളിച്ചിരിക്കുന്നത് ‘അങ്ങയുടെ വിശുദ്ധദാസൻ’ എന്നാണ്. (പ്രവൃ 4:27, 30) ശിഷ്യന്മാരുടെ ഈ പ്രാർഥനയിൽ ഉദ്ധരിച്ചിരിക്കുന്ന സങ്ക 2:1, 2-ലും ദൈവനാമം കാണാം. (പ്രവൃ 4:26-ന്റെ പഠനക്കുറിപ്പു കാണുക.) ഇനി, യഹോവേ, അവരുടെ (അതായത്, സൻഹെദ്രിന്റെ) ഭീഷണികൾ ശ്രദ്ധിക്കേണമേ എന്ന അപേക്ഷയ്ക്ക് എബ്രായതിരുവെഴുത്തുകളിലെ ചില പ്രാർഥനകളിൽ കാണുന്ന പദപ്രയോഗങ്ങളുമായും സമാനതയുണ്ട്. (2രാജ 19:16, 19; യശ 37:17, 20 എന്നിവ ഉദാഹരണങ്ങളാണ്.) ആ എബ്രായ തിരുവെഴുത്തുഭാഗങ്ങളിൽ ദൈവനാമം കാണുന്നുണ്ടുതാനും.—അനു. സി കാണുക.
അത്ഭുതങ്ങൾ: പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.
ഉള്ളുരുകി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ: അഥവാ “ആത്മാർഥമായി (യാചനാസ്വരത്തിൽ) പ്രാർഥിച്ചുകഴിഞ്ഞപ്പോൾ.” ഇവിടെ കാണുന്ന ഡെവൊമായി എന്ന ഗ്രീക്കുക്രിയ വികാരതീവ്രതയോടെ, ആത്മാർഥമായി പ്രാർഥിക്കുന്നതിനെയാണു കുറിക്കുന്നത്. ഇതിനോടു ബന്ധമുള്ള ഡെയീസിസ് എന്ന നാമത്തെ “ഉള്ളുരുകിയുള്ള പ്രാർഥന” എന്നു പരിഭാഷപ്പെടുത്താം. “താഴ്മയോടെയുള്ള, ആത്മാർഥമായ യാചന” എന്നാണ് ഈ പദത്തിന്റെ നിർവചനം. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവത്തെ അഭിസംബോധന ചെയ്യുന്ന ഭാഗങ്ങളിൽ മാത്രമേ ഈ നാമപദം ഉപയോഗിച്ചിട്ടുള്ളൂ. യേശുപോലും “ഉറക്കെ നിലവിളിച്ചും കണ്ണീരൊഴുക്കിയും കൊണ്ട്, മരണത്തിൽനിന്ന് തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും അപേക്ഷിക്കുകയും ചെയ്തു.” (എബ്ര 5:7) ആ വാക്യത്തിൽ, ‘ഉള്ളുരുകി പ്രാർഥിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം മൂലപാഠത്തിൽ ബഹുവചനരൂപത്തിലാണു കാണുന്നത്. അതു സൂചിപ്പിക്കുന്നതു യേശു യഹോവയോട് ഒന്നിലധികം പ്രാവശ്യം യാചിച്ചു എന്നാണ്. ഉദാഹരണത്തിന്, ഗത്ത്ശെമന തോട്ടത്തിൽവെച്ച് യേശു തീവ്രമായി, പലവട്ടം പ്രാർഥിച്ചു.—മത്ത 26:36-44; ലൂക്ക 22:32.
ദൈവവചനം: ഈ പദപ്രയോഗം പ്രവൃത്തികളുടെ പുസ്തകത്തിൽ പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃ 6:2, 7; 8:14; 11:1; 13:5, 7, 46; 17:13; 18:11) ഇവിടെ “ദൈവവചനം” എന്ന പദം കുറിക്കുന്നതു ദൈവമായ യഹോവയിൽനിന്ന് വരുന്ന ക്രിസ്തീയസന്ദേശത്തെയാണ്. പ്രധാനമായും, ദൈവോദ്ദേശ്യം നടപ്പാക്കുന്നതിൽ യേശുക്രിസ്തുവിനുള്ള സുപ്രധാനമായ പങ്കിനെക്കുറിച്ചുള്ളതാണ് ആ സന്ദേശം.
ഒരേ മനസ്സും ഹൃദയവും ഉള്ളവരായിരുന്നു: അക്ഷ. “ഒരേ ദേഹിയും ഹൃദയവും ഉള്ളവരായിരുന്നു.” അനേകംവരുന്ന വിശ്വാസികളുടെ ഇടയിൽ അന്നുണ്ടായിരുന്ന ഐക്യത്തെയും യോജിപ്പിനെയും ആണ് ഈ പദപ്രയോഗം വർണിക്കുന്നത്. ഫിലി 1:27-ന്റെ മൂലപാഠത്തിലെ “ഒരേ ദേഹിയോടെ” എന്ന പദപ്രയോഗത്തെയാണ് അവിടെ “ഒരേ മനസ്സോടെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആ പദപ്രയോഗത്തെ “ഒരേ ലക്ഷ്യത്തോടെ” എന്നും “ഒറ്റ വ്യക്തിയെന്നപോലെ” എന്നും പരിഭാഷപ്പെടുത്താം. എബ്രായതിരുവെഴുത്തുകളിൽ, 1ദിന 12:38-ന്റെയും 2ദിന 30:12-ന്റെയും അടിക്കുറിപ്പുകളിൽ കാണുന്ന ‘ഏകഹൃദയം’ എന്ന പദപ്രയോഗം, ആഗ്രഹങ്ങളിലെയും പ്രവർത്തനങ്ങളിലെയും ഐക്യത്തെയാണു സൂചിപ്പിക്കുന്നത്. ഇനി, പലപ്പോഴും “ഹൃദയം,” “ദേഹി” എന്നീ പദപ്രയോഗങ്ങൾ ഒന്നിച്ച് ഉപയോഗിക്കുന്നത്, ഒരാളുടെ ഉള്ളിന്റെ ഉള്ളിലെ വ്യക്തിയെ മുഴുവനായി കുറിക്കാനാണ്. (ആവ 4:29; 6:5; 10:12; 11:13; 26:16; 30:2, 6, 10) ഈ വാക്യത്തിന്റെ മൂലപാഠത്തിലെ ഗ്രീക്ക് പദപ്രയോഗത്തിനും (“ഒരേ ദേഹിയും ഹൃദയവും”) സമാനമായൊരു അർഥമാണുള്ളത്. അതുകൊണ്ടുതന്നെ ആ പദപ്രയോഗത്തെ, “അവരുടെ ചിന്തകളും ലക്ഷ്യവും എല്ലാ അർഥത്തിലും ഒന്നുതന്നെയായിരുന്നു” എന്നും പരിഭാഷപ്പെടുത്താനാകും. തന്റെ അനുഗാമികൾ പല സാമൂഹിക പശ്ചാത്തലങ്ങളിൽനിന്നുള്ളവരാണെങ്കിലും അവർക്കിടയിൽ ഇത്തരം ഐക്യമുണ്ടായിരിക്കണമെന്നാണു യേശു പ്രാർഥിച്ചതും.—യോഹ 17:21.
ആശ്വാസപുത്രൻ: അഥവാ “പ്രോത്സാഹനപുത്രൻ.” “യോസേഫ്” (പ്രവൃ 4:36) എന്ന ശിഷ്യനു ലഭിച്ച ബർന്നബാസ് എന്ന വിളിപ്പേരിന്റെ പരിഭാഷയാണ് ഇത്. യോസേഫ് എന്ന പേര് ജൂതന്മാരുടെ ഇടയിൽ സർവസാധാരണമായിരുന്നതുകൊണ്ട് പ്രായോഗികബുദ്ധിമുട്ടുകൾ ഒഴിവാക്കാനായിരിക്കാം അപ്പോസ്തലന്മാർ അദ്ദേഹത്തിനു ബർന്നബാസ് എന്ന പേര് നൽകിയത്. (പ്രവൃ 1:23 താരതമ്യം ചെയ്യുക.) ഈ വാക്യത്തിലെ പുത്രൻ എന്നതിന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഒരാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന ഒരു പ്രമുഖഗുണത്തെയോ സ്വഭാവസവിശേഷതയെയോ കുറിക്കാൻ “പുത്രൻ” എന്ന പദം ഉപയോഗിച്ചിരുന്നു. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും യോസേഫിനു പ്രത്യേകമായൊരു കഴിവുണ്ടായിരുന്നതുകൊണ്ടാകാം അദ്ദേഹത്തിന് ആശ്വാസപുത്രൻ എന്ന വിളിപ്പേര് ലഭിച്ചത്. യോസേഫിനെ (ബർന്നബാസിനെ) സിറിയയിലെ അന്ത്യോക്യയിലുള്ള സഭയിലേക്ക് അയച്ചപ്പോൾ അദ്ദേഹം അവിടെയുള്ള സഹവിശ്വാസികളെ ‘പ്രോത്സാഹിപ്പിച്ചതായി’ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (പ്രവൃ 11:22, 23) ആ തിരുവെഴുത്തുഭാഗത്ത്, “പ്രോത്സാഹിപ്പിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന് (പാരാകാലേഓ) പ്രവൃ 4:37-ലെ ‘ആശ്വാസം’ എന്നതിന്റെ ഗ്രീക്കുപദവുമായി (പരാക്ലേസിസ്) ബന്ധമുണ്ട്.—ഈ വാക്യത്തിലെ പുത്രൻ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
പുത്രൻ: എബ്രായ, അരമായ, ഗ്രീക്ക് ഭാഷകളിൽ “പുത്രൻ,” “പുത്രന്മാർ,” “മക്കൾ” എന്നീ പദപ്രയോഗങ്ങൾക്ക്, ഒരാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന ഒരു പ്രമുഖഗുണത്തെയോ സ്വഭാവസവിശേഷതയെയോ കുറിക്കാനാകും. ഇനി, ഒരു കൂട്ടം ആളുകളുടെ ഏതെങ്കിലുമൊരു പ്രത്യേകതയെ വർണിക്കാനും ആ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ആവ 3:18-ന്റെ കാര്യമെടുക്കുക. അവിടെ ‘വീരന്മാർ’ അഥവാ ധീരരായ പോരാളികൾ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാ പദപ്രയോഗത്തിന്റെ അക്ഷരാർഥം “കരുത്തിന്റെ പുത്രന്മാർ” എന്നാണ്. ഇനി, ഇയ്യ 1:3-ൽ “പൗരസ്ത്യദേശത്തെ (ആളുകൾ)” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാ പദപ്രയോഗത്തിന്റെ അക്ഷരാർഥമാകട്ടെ, “പൗരസ്ത്യദേശത്തിന്റെ പുത്രന്മാർ” എന്നാണ്. 1ശമു 25:17-ൽ “നികൃഷ്ടൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാ പദപ്രയോഗത്തിന്റെ അക്ഷരാർഥം “ബലീയാലിന്റെ പുത്രൻ” അഥവാ “നികൃഷ്ടതയുടെ പുത്രൻ” എന്നാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിലും, ഒരു പ്രത്യേക ജീവിതപാത തിരഞ്ഞെടുത്തവരെയോ ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ളവരെയോ കുറിക്കാൻ “പുത്രൻ,” “പുത്രന്മാർ,” “മക്കൾ” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് ‘അത്യുന്നതന്റെ പുത്രന്മാർ,’ ‘വെളിച്ചത്തിന്റെയും പകലിന്റെയും മക്കൾ,’ ‘അനുസരണക്കേടിന്റെ മക്കൾ’ എന്നതുപോലുള്ള പദപ്രയോഗങ്ങൾ.—ലൂക്ക 6:35; 1തെസ്സ 5:5; എഫ 2:2.
ദൃശ്യാവിഷ്കാരം
മഹാസൻഹെദ്രിൻ എന്ന് അറിയപ്പെട്ടിരുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയിൽ 71 അംഗങ്ങളുണ്ടായിരുന്നു. യരുശലേമിലായിരുന്നു അത്. (പദാവലിയിൽ “സൻഹെദ്രിൻ” കാണുക.) അതിലെ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ, മൂന്നു നിരയായിട്ടാണു ക്രമീകരിച്ചിരുന്നത് എന്നു മിഷ്ന പറയുന്നു. കോടതിവിധികൾ രേഖപ്പെടുത്താൻ രണ്ടു ശാസ്ത്രിമാരും കാണും. ഒന്നാം നൂറ്റാണ്ടിലെ സൻഹെദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടിടത്തിന്റെ (യരുശലേമിൽനിന്ന് കണ്ടെടുത്തത്) വാസ്തുശൈലി അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിലെ ചില ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.—അനുബന്ധം ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.
1. മഹാപുരോഹിതൻ
2. സൻഹെദ്രിനിലെ അംഗങ്ങൾ
3. പ്രതി
4. ഗുമസ്തന്മാർ