അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 7:1-60
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
മഹാപുരോഹിതൻ: അതായത്, കയ്യഫ.—പ്രവൃ 4:6-ന്റെ പഠനക്കുറിപ്പു കാണുക.
നിന്റെ ദേശത്തെ . . . വിട്ട്: ‘അബ്രാഹാം ഹാരാനിൽ വന്ന് താമസിക്കുന്നതിനു മുമ്പ് മെസൊപ്പൊത്താമ്യയിൽ’ ആയിരുന്നപ്പോഴാണു “തേജോമയനായ ദൈവം അബ്രാഹാമിനു പ്രത്യക്ഷനായി” ഈ കല്പന നൽകിയത് എന്നാണു സ്തെഫാനൊസ് സൻഹെദ്രിനോടു പറഞ്ഞത്. (പ്രവൃ 7:2) അബ്രാഹാം (ആദ്യം അബ്രാം എന്നാണ് അറിയപ്പെട്ടിരുന്നത്.) കൽദയനഗരമായ ഊരിൽനിന്നുള്ള ആളായിരുന്നു. സ്തെഫാനൊസ് സൂചിപ്പിച്ചതുപോലെ, സ്വന്തദേശം വിട്ട് പോകാൻ അബ്രാഹാമിനോട് ആദ്യമായി പറയുന്നതു സാധ്യതയനുസരിച്ച് അവിടെവെച്ചാണ്. (ഉൽ 11:28, 29, 31; 15:7; 17:5; നെഹ 9:7) എന്നാൽ ഉൽ 11:31–12:3-ലെ വിവരണം വായിക്കുമ്പോൾ, പിതാവായ തേരഹിന്റെ മരണശേഷമാണ് അബ്രാഹാമിന് ഈ കല്പന ആദ്യമായി ലഭിച്ചതെന്നു തോന്നാം. അബ്രാഹാം ഹാരാനിൽ താത്കാലികമായി താമസിക്കുന്ന സമയമായിരുന്നു അത്. എന്നാൽ ആ വിവരണവും സ്തെഫാനൊസിന്റെ പ്രസ്താവനയും കൂട്ടിവായിക്കുമ്പോൾ, യഹോവ അബ്രാഹാമിന് ആ കല്പന ആദ്യമായി നൽകിയത് ഊർ ദേശത്തുവെച്ചായിരുന്നെന്നും പിന്നീട് ഹാരാനിൽവെച്ച് അത് ആവർത്തിക്കുകയായിരുന്നെന്നും നമുക്കു ന്യായമായും നിഗമനം ചെയ്യാം.
ദൈവം: അക്ഷ. “അവൻ.” 2-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന “തേജോമയനായ ദൈവം” ആണ് ഇത്.
സന്തതിക്കും: അക്ഷ. “വിത്തിനും.”
സന്തതി: അക്ഷ. “വിത്ത്.”
അവരെ . . . 400 വർഷം കഷ്ടപ്പെടുത്തുമെന്നും: ഉൽ 15:13-ൽനിന്നുള്ള ഉദ്ധരണിയാണ് ഇത്. അബ്രാമിന്റെ (അബ്രാഹാമിന്റെ) സന്തതി അടിമത്തത്തിലാകുമെന്നും 400 വർഷം കഷ്ടപ്പെടുമെന്നും ദൈവം അവിടെ അദ്ദേഹത്തോടു പറയുന്നതായി കാണാം. ബി.സി. 1513 നീസാൻ 14-ന് യഹോവ ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽനിന്ന് വിടുവിച്ചപ്പോഴാണ് ഈ കാലഘട്ടം അവസാനിച്ചത്. അതുകൊണ്ട് അതു തുടങ്ങിയതു ന്യായമായും ബി.സി. 1913-ലായിരിക്കണം. ആ വർഷം മുതൽ, അബ്രാഹാമിന്റെ സന്തതിയായ യിസ്ഹാക്ക്—അന്ന് യിസ്ഹാക്കിന് ഏതാണ്ട് അഞ്ചു വയസ്സായിരുന്നു—തന്റെ അർധസഹോദരനായ യിശ്മായേലിന്റെ കളിയാക്കലിനും ദ്രോഹത്തിനും ഇരയാകാൻതുടങ്ങിയതായി ബൈബിൾ കാലക്കണക്കുകൾ സൂചിപ്പിക്കുന്നു. സാറായിയുടെ (സാറയുടെ) ദാസിയായ ഈജിപ്തുകാരി ഹാഗാറിനു യിശ്മായേൽ ജനിച്ചത് ഇതിന് ഏതാണ്ട് 19 വർഷം മുമ്പാണ്. യിശ്മായേലാണ് ആദ്യം ജനിച്ചതെങ്കിലും മൂത്ത മകന്റെ അവകാശം ലഭിക്കാൻപോകുന്നതു തന്നെക്കാൾ ഇളയവനായ യിസ്ഹാക്കിനായതുകൊണ്ടായിരിക്കാം യിശ്മായേൽ അവനെ അപമാനിച്ചത്. (ഉൽ 16:1-4; 21:8-10) യിസ്ഹാക്കിനോടുള്ള യിശ്മായേലിന്റെ പെരുമാറ്റത്തെ പൗലോസ് പിന്നീടു വിളിച്ചത് ‘ഉപദ്രവം’ എന്നാണ്. (ഗല 4:29) അതു വളരെയധികം കഠിനമായിരുന്നതുകൊണ്ടാകാം, യിശ്മായേലിനെയും അവന്റെ അമ്മയെയും പുറത്താക്കണമെന്നു സാറ അബ്രാഹാമിനോട് ആവശ്യപ്പെട്ടപ്പോൾ യഹോവ അത് അംഗീകരിച്ചുകൊടുത്തത്. (ഉൽ 21:11-13) അതുകൊണ്ട്, മുൻകൂട്ടിപ്പറഞ്ഞ ആ കഷ്ടപ്പാട് അബ്രാഹാമിന്റെ സന്തതിയിൽ ആദ്യമായി അനുഭവിച്ചതു യിസ്ഹാക്കാണെന്നു പറയാം. ചുരുക്കത്തിൽ, ദൈവവചനത്തിൽ വിശദമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവമായിരിക്കാം മുൻകൂട്ടിപ്പറഞ്ഞ 400 വർഷത്തെ കഷ്ടപ്പാടിനു തുടക്കംകുറിച്ചത്. ഈജിപ്തിൽനിന്ന് ഇസ്രായേല്യർ വിടുവിക്കപ്പെട്ടപ്പോൾ അത് അവസാനിക്കുകയും ചെയ്തു.
എന്നെ ആരാധിക്കും: അക്ഷ. “എനിക്കു വിശുദ്ധസേവനം അർപ്പിക്കും.” ഇവിടെ കാണുന്ന ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “സേവിക്കുക” എന്നാണെങ്കിലും ചില സന്ദർഭങ്ങളിൽ “ആരാധിക്കുക” എന്നും അതു പരിഭാഷപ്പെടുത്താം. ഈ വാക്യത്തിന്റെ രണ്ടാം ഭാഗം പുറ 3:12-ലേക്കാണു വിരൽ ചൂണ്ടുന്നത്. അവിടെ കാണുന്ന എബ്രായക്രിയയെയും “സേവിക്കുക” എന്നും “ആരാധിക്കുക” എന്നും പരിഭാഷപ്പെടുത്താനാകും. (പുറ 3:12, അടിക്കുറിപ്പ്) തിരുവെഴുത്തുകളിൽ ലാറ്റ്രിയോ എന്ന ഗ്രീക്കുപദം പൊതുവേ ഉപയോഗിച്ചിരിക്കുന്നത്, ദൈവത്തിനായി ചെയ്യുന്ന സേവനത്തെയോ ദൈവത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട സേവനങ്ങളെയോ കുറിക്കാനാണ്. (മത്ത 4:10; ലൂക്ക 1:75; 4:8; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) ഇനി, വിശുദ്ധമന്ദിരത്തിലോ ദേവാലയത്തിലോ ആരാധന അർപ്പിക്കുന്നതിനെയോ വിശുദ്ധസേവനം ചെയ്യുന്നതിനെയോ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10) ചില സന്ദർഭങ്ങളിലെങ്കിലും വ്യാജാരാധനയോടു ബന്ധപ്പെട്ടും ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടങ്ങളിൽ ഇതു കുറിക്കുന്നത്, സ്രഷ്ടാവിനു പകരം സൃഷ്ടികൾക്കു സേവനം ചെയ്യുന്നതിനെയാണ്, അഥവാ അവയെ ആരാധിക്കുന്നതിനെയാണ്.—പ്രവൃ 7:42; റോമ 1:25.
യിസ്ഹാക്കിനു യാക്കോബും . . . ജനിച്ചു: ഈ വാചകത്തിന്റെ ഗ്രീക്കുപാഠത്തിൽ ക്രിയകളൊന്നും കാണുന്നില്ല. എന്നാൽ ഗ്രീക്കിലെ വാചകഘടനയനുസരിച്ച്, ആശയം പൂർത്തിയാക്കാൻ തൊട്ടുമുമ്പുള്ള വാചകത്തിലെ ‘ജനിച്ചു,’ “പരിച്ഛേദന ചെയ്തു” എന്നീ രണ്ടു ക്രിയകളിൽ ഏതെങ്കിലുമോ അവ രണ്ടുമോ ഇവിടെ ചേർക്കാവുന്നതാണ്. അതുകൊണ്ടുതന്നെ, ഈ വാചകം ഇങ്ങനെയും പരിഭാഷപ്പെടുത്താം: “യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് 12 ഗോത്രപിതാക്കന്മാരെയും അങ്ങനെതന്നെ (അതായത്, പരിച്ഛേദന.) ചെയ്തു.”
ഗോത്രപിതാക്കന്മാർ: അഥവാ “കുടുംബത്തലവന്മാർ.” ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പാത്രിയാർക്കിസ് എന്ന ഗ്രീക്കുപദം നാലു തവണ കാണാം. ഇവിടെ അതു യാക്കോബിന്റെ 12 പുത്രന്മാരെയാണു കുറിക്കുന്നത്. (ഉൽ 35:23-26) ദാവീദിനെയും (പ്രവൃ 2:29) അബ്രാഹാമിനെയും (എബ്ര 7:4) കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.
മൊത്തം 75 പേരുണ്ടായിരുന്നു: ഈജിപ്തിലേക്കു പോയ യാക്കോബിന്റെ കുടുംബത്തിൽ മൊത്തം 75 പേരുണ്ടായിരുന്നു എന്നു സ്തെഫാനൊസ് പറഞ്ഞെങ്കിലും സാധ്യതയനുസരിച്ച് അദ്ദേഹം അത് എബ്രായതിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചതല്ല. കാരണം, എബ്രായതിരുവെഴുത്തുകളുടെ മാസൊരിറ്റിക്ക് പാഠത്തിൽ ഈ സംഖ്യ കാണുന്നില്ല. “യാക്കോബിനോടൊപ്പം ഈജിപ്തിലേക്കു പോയ മക്കൾ ആകെ 66 പേരായിരുന്നു. ഇതിൽ യാക്കോബിന്റെ ആൺമക്കളുടെ ഭാര്യമാരെ കൂട്ടിയിട്ടില്ല” എന്നാണ് ഉൽ 46:26 പറയുന്നത്. തുടർന്ന് 27-ാം വാക്യത്തിൽ, “ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബത്തിൽ ആകെ 70 പേർ” ഉണ്ടായിരുന്നെന്നും കാണുന്നു. ഇവിടെ ആളുകളുടെ എണ്ണം കണക്കുകൂട്ടിയിരിക്കുന്നതു രണ്ടു വിധത്തിലാണ്. ആദ്യത്തെ സംഖ്യയിൽ യാക്കോബിന്റെ പിൻതലമുറക്കാർ മാത്രവും രണ്ടാമത്തേതിൽ ഈജിപ്തിലേക്കു പോയ മുഴുവൻ ആളുകളുടെ എണ്ണവും ആയിരിക്കാം ഉൾപ്പെടുത്തിയത്. ഇനി യാക്കോബിന്റെ പിൻതലമുറക്കാരുടെ സംഖ്യ “70” ആയിരുന്നെന്നാണു പുറ 1:5; ആവ 10:22 എന്നീ വാക്യങ്ങൾ പറയുന്നത്. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു സംഖ്യയാണു സ്തെഫാനൊസ് പറഞ്ഞത്. സാധ്യതയനുസരിച്ച് യാക്കോബിന്റെ ബന്ധുക്കളിൽപ്പെട്ട മറ്റു ചിലരെക്കൂടി ഉൾപ്പെടുത്തിയ സംഖ്യയായിരുന്നിരിക്കാം അത്. യോസേഫിന്റെ മക്കളായ മനശ്ശെയുടെയും എഫ്രയീമിന്റെയും മക്കളെയും കൊച്ചുമക്കളെയും ഒക്കെ ആ സംഖ്യയിൽ കൂട്ടിയിരിക്കാം എന്നു ചിലർ അഭിപ്രായപ്പെടുന്നു. യാക്കോബിന്റെ പിൻതലമുറക്കാരായ അവരെക്കുറിച്ച് ഉൽ 46:20-ന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ പരാമർശമുണ്ട്. എന്നാൽ, ഉൽ 46:26-ലെ സംഖ്യയിൽ ഉൾപ്പെടുത്താത്ത യാക്കോബിന്റെ പുത്രഭാര്യമാരെയുംകൂടെ ചേർത്താണു “75” എന്നു കണക്കുകൂട്ടിയതെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും “75” എന്നതു മൊത്തത്തിലുള്ള ഒരു സംഖ്യയായിരിക്കാം. ഒന്നാം നൂറ്റാണ്ടിൽ പ്രചാരത്തിലിരുന്ന എബ്രായ തിരുവെഴുത്തുകളുടെ പകർപ്പുകളിൽ ഈ സംഖ്യ ഉണ്ടായിരുന്നിരിക്കാനും സാധ്യതയുണ്ട്. ഉദാഹരണത്തിന്, സെപ്റ്റുവജിന്റ് പരിഭാഷയിൽ ഉൽ 46:27-ലും പുറ 1:5-ലും “75” എന്ന സംഖ്യയാണുണ്ടായിരുന്നതെന്നു പല പണ്ഡിതന്മാരും വർഷങ്ങളായി അംഗീകരിക്കുന്നു. ഇനി, 20-ാം നൂറ്റാണ്ടിൽ കണ്ടെത്തിയ ചാവുകടൽ ചുരുളിന്റെ രണ്ടു ശകലങ്ങളിലും പുറ 1:5-ന്റെ എബ്രായപാഠത്തിൽ “75” എന്ന സംഖ്യയാണു കാണുന്നത്. ഈ പുരാതനരേഖകളിൽ ഏതിന്റെയെങ്കിലും ചുവടുപിടിച്ചായിരിക്കാം സ്തെഫാനൊസ് “75” എന്ന സംഖ്യ ഉപയോഗിച്ചത്. ചുരുക്കത്തിൽ, യാക്കോബിന്റെ പിൻതലമുറക്കാരുടെ എണ്ണം പല വിധത്തിൽ കണക്കുകൂട്ടാം. സ്തെഫാനൊസ് അതിൽ ഒരു സംഖ്യ ഉപയോഗിച്ചെന്നു മാത്രം.
പേരുണ്ടായിരുന്നു: അഥവാ “ദേഹികളുണ്ടായിരുന്നു.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
വളരെ സുന്ദരനായിരുന്നു: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദപ്രയോഗത്തിന്റെ അക്ഷരാർഥം “ദൈവത്തിന്റെ കണ്ണിൽ സുന്ദരനായിരുന്നു” എന്നാണ്. “ഏറ്റവും മികച്ചത്” എന്ന് അർഥം വരുന്ന ഒരു സെമിറ്റിക്ക് ഭാഷാശൈലിയിൽനിന്നാണ് ഈ പദപ്രയോഗം വന്നിരിക്കുന്നത്. ഈ വാക്യത്തിൽ ആ പദപ്രയോഗത്തിന് “അതീവസുന്ദരനാണ്,” “ദൈവത്തിന്റെ കണ്ണിൽ സുന്ദരനാണ്” എന്നീ രണ്ട് അർഥങ്ങളും വരാം. (പുറ 2:2 താരതമ്യം ചെയ്യുക.) അതിന് ഒരാളുടെ പുറമേയുള്ള സൗന്ദര്യത്തെ മാത്രമല്ല, അയാളിൽ ദൈവം കാണുന്ന ആന്തരികഗുണങ്ങളെയും സൂചിപ്പിക്കാനാകുമെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതുപോലൊരു വ്യാകരണഘടന യോന 3:3-ലും കാണാം. അവിടെ കാണുന്ന എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥപരിഭാഷ “(നിനെവെ) ദൈവത്തിന് ഒരു മഹാനഗരമായിരുന്നു” എന്നാണെങ്കിലും നിനെവെ “വളരെ വലിയ ഒരു നഗരമായിരുന്നു” എന്നു മാത്രമാണ് അതിന്റെ അർഥം.—മറ്റ് ഉദാഹരണങ്ങൾക്കായി ഉൽ 23:6, അടിക്കുറിപ്പ്; സങ്ക 36:6, അടിക്കുറിപ്പ് എന്നിവ കാണുക.
ഈജിപ്തിലെ സകല ജ്ഞാനത്തിലും പരിശീലനം ലഭിച്ചു: ജൂതചരിത്രത്തെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിൽ കാണാത്ത പല വിശദാംശങ്ങളും സൻഹെദ്രിന്റെ മുന്നിൽവെച്ച് സ്തെഫാനൊസ് നടത്തിയ പ്രസംഗത്തിലുണ്ട്. ഉദാഹരണത്തിന്, മോശയ്ക്ക് ഈജിപ്തിൽവെച്ച് ലഭിച്ച വിദ്യാഭ്യാസത്തെക്കുറിച്ച് സ്തെഫാനൊസ് മാത്രമേ പറഞ്ഞിട്ടുള്ളൂ. സ്തെഫാനൊസ് തന്റെ പ്രസംഗത്തിൽ, എബ്രായതിരുവെഴുത്തുകളിലില്ലാത്ത ചില വിശദാംശങ്ങൾ ഉൾപ്പെടുത്തിയതിന്റെ മറ്റ് ഉദാഹരണങ്ങൾക്കായി പ്രവൃ 7:23, 30, 53 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
40 വയസ്സായപ്പോൾ: ജൂതചരിത്രത്തെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിൽ കാണാത്ത പല വിശദാംശങ്ങളും സൻഹെദ്രിന്റെ മുന്നിൽവെച്ച് സ്തെഫാനൊസ് നടത്തിയ പ്രസംഗത്തിലുണ്ട്. ഉദാഹരണത്തിന്, ഈജിപ്തിൽനിന്ന് ഓടിപ്പോയപ്പോൾ മോശയ്ക്കു 40 വയസ്സായിരുന്നെന്നു സ്തെഫാനൊസ് മാത്രമേ പറഞ്ഞിട്ടുള്ളൂ. സ്തെഫാനൊസ് തന്റെ പ്രസംഗത്തിൽ, എബ്രായതിരുവെഴുത്തുകളിലില്ലാത്ത ചില വിശദാംശങ്ങൾ ഉൾപ്പെടുത്തിയതിന്റെ മറ്റ് ഉദാഹരണങ്ങൾക്കായി പ്രവൃ 7:22, 30, 53 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഇസ്രായേൽമക്കൾ: അഥവാ “ഇസ്രായേൽജനം; ഇസ്രായേല്യർ.”—പദാവലിയിൽ “ഇസ്രായേൽ” കാണുക.
മോശ തീരുമാനിച്ചു: അഥവാ “മോശയ്ക്കു ഹൃദയത്തിൽ തോന്നി; മോശയ്ക്കു ചിന്ത വന്നു.” ഈ ഗ്രീക്കു പദപ്രയോഗം ഒരു എബ്രായ ഭാഷാശൈലിയിൽനിന്ന് വന്നിരിക്കുന്നതാണ്.—യശ 65:17; യിര 3:16 എന്നിവ താരതമ്യം ചെയ്യുക.
40 വർഷം: മോശ മിദ്യാനിൽ എത്ര വർഷം താമസിച്ചെന്ന് എബ്രായതിരുവെഴുത്തുകൾ വ്യക്തമായി പറയുന്നില്ല. പക്ഷേ ജൂതചരിത്രത്തെക്കുറിച്ച് തിരുവെഴുത്തുകളിൽ മുമ്പ് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലാത്ത ചില വസ്തുതകൾ സ്തെഫാനൊസ് ഇവിടെ വെളിപ്പെടുത്തുന്നുണ്ട്. മിദ്യാനിലേക്ക് ഓടിപ്പോയപ്പോൾ മോശയ്ക്കു 40 വയസ്സായിരുന്നെന്നും (പുറ 2:11; പ്രവൃ 7:23) പിന്നെ ഏതാണ്ട് 40 വർഷം അദ്ദേഹം അവിടെ താമസിച്ചെന്നും സ്തെഫാനൊസ് പറയുന്നു. അതുകൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്നത് ഏതാണ്ട് ബി.സി. 1553 മുതൽ ബി.സി. 1513 വരെ ഉള്ള കാലഘട്ടത്തെക്കുറിച്ചായിരിക്കാം. മോശ ഫറവോനോടു സംസാരിച്ച് ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ചപ്പോൾ അദ്ദേഹത്തിന് 80 വയസ്സായിരുന്നെന്ന വിശദാംശത്തോടു (പുറ 7:7) സ്തെഫാനൊസിന്റെ ഈ വിവരണം യോജിക്കുന്നു. ഇനി, 40 വർഷം വിജനഭൂമിയിൽ കഴിഞ്ഞശേഷം മരിക്കുമ്പോൾ മോശയ്ക്കു 120 വയസ്സായിരുന്നെന്ന വസ്തുതയെയും ഈ വിവരണം ശരിവെക്കുന്നുണ്ട്.—ആവ 34:7; പ്രവൃ 7:36.
ഒരു ദൈവദൂതൻ: സ്തെഫാനൊസ് ഇവിടെ പരാമർശിച്ച പുറ 3:2-ന്റെ മൂല എബ്രായപാഠത്തിൽ “യഹോവയുടെ ദൂതൻ” എന്നാണു കാണുന്നത്. മിക്ക ഗ്രീക്കു കൈയെഴുത്തുപ്രതികളിലും ഇവിടെ “ഒരു ദൈവദൂതൻ” എന്ന പദപ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ചുരുക്കം ചില കൈയെഴുത്തുപ്രതികളിലും പുരാതനമായ ഏതാനും ചില പരിഭാഷകളിലും “കർത്താവിന്റെ (അഥവാ “യഹോവയുടെ”) ദൂതൻ” എന്നു കാണുന്നുണ്ട്. എന്നാൽ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളിലും (അനു. സി4-ൽ J7, 8, 10-17, 28 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന എബ്രായചതുരക്ഷരി ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതു പരിഭാഷപ്പെടുത്തിയാൽ “യഹോവയുടെ ദൂതൻ” എന്നു വരും.
യഹോവയുടെ ശബ്ദം: സ്തെഫാനൊസിന്റെ പ്രസംഗത്തിലെ ഈ ഭാഗം (പ്രവൃ 7:30-33) പുറ 3:2-10-ലെ വിവരണത്തിൽനിന്നുള്ളതാണ്. അവിടെ 4-ാം വാക്യത്തിൽ ഒരു ദൂതനിലൂടെ മോശയെ വിളിക്കുന്നത് ‘യഹോവയാണ്.’ ഇനി പ്രവൃ 7:32-ൽ ഉദ്ധരിച്ചിരിക്കുന്ന 6-ാം വാക്യത്തിലെ വാക്കുകളും ‘യഹോവയുടേതാണ്.’ എബ്രായതിരുവെഴുത്തുകളിൽ പലപ്പോഴും കാണുന്ന “യഹോവയുടെ ശബ്ദം (അഥവാ “വാക്ക്”)” എന്ന പദപ്രയോഗത്തിൽ “ശബ്ദം” അഥവാ “വാക്ക്” എന്നതിന്റെ എബ്രായപദത്തോടൊപ്പം ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന എബ്രായചതുരക്ഷരി ഉപയോഗിച്ചിരിക്കുന്നതായി കാണാം. (അതിനു ചില ഉദാഹരണങ്ങളാണ് ഉൽ 3:8; പുറ 15:26; ആവ 5:25; 8:20; 15:5; 18:16; 26:14; 27:10; 28:1, 62; യോശ 5:6; 1ശമു 12:15; 1രാജ 20:36; സങ്ക 106:25; യശ 30:31; യിര 3:25; ദാനി 9:10; സെഖ 6:15 എന്നിവ.) ഇനി, ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ ഒരു ആദ്യകാലശകലത്തിൽ (ഫൗവാദ് പപ്പൈറസ് Inv. 266) ആവ 26:14; 27:10; 28:1, 62 എന്നീ വാക്യങ്ങളിൽ, “യഹോവയുടെ വാക്ക്” എന്ന പദപ്രയോഗം വരുന്നിടത്ത്, ഗ്രീക്കുപദങ്ങൾക്കിടയിൽ ചതുരാകൃതിയിലുള്ള എബ്രായാക്ഷരങ്ങൾ ഉപയോഗിച്ച് ദൈവനാമം എഴുതിയിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. ഈ ശകലം ബി.സി. ഒന്നാം നൂറ്റാണ്ടിലേതാണെന്നു കണക്കാക്കപ്പെടുന്നു. ഇപ്പോഴത്തെ ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ പ്രവൃ 7:31-ൽ “കർത്താവിന്റെ ശബ്ദം” എന്നാണു കാണുന്നതെങ്കിലും പുതിയ ലോക ഭാഷാന്തരത്തിൽ “യഹോവയുടെ ശബ്ദം” എന്ന് ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണങ്ങൾ അനു. സി-യിൽ വിശദമായി വിവരിച്ചിട്ടുണ്ട്.
യഹോവ . . . പറഞ്ഞു: സ്തെഫാനൊസ് ഇവിടെ പുറ 3:2-10-ലെ വിവരണത്തെക്കുറിച്ചാണു സംസാരിക്കുന്നത്. അവിടെ ഒരു ദൂതനിലൂടെ സംസാരിക്കുന്നത് യഹോവയാണെന്നു സന്ദർഭം വ്യക്തമാക്കുന്നു. ഈ വാക്യത്തിന്റെ മിക്ക ഭാഗങ്ങളും പുറ 3:5-ൽനിന്നുള്ളതാണെങ്കിലും ഇതിന്റെ ആദ്യഭാഗത്തുള്ള, “യഹോവ . . . പറഞ്ഞു” എന്നതിനോടു സമാനമായൊരു പദപ്രയോഗം പുറ 3:7-ൽ കാണാം. അതു വായിക്കുന്നത് “യഹോവ ഇങ്ങനെയും പറഞ്ഞു” എന്നാണ്.—അനു. സി കാണുക.
വിമോചകൻ: അഥവാ “വീണ്ടെടുക്കുന്നവൻ; വിടുവിക്കുന്നവൻ.” ഇവിടെ കാണുന്ന ലൂട്രൊടിസ് എന്ന ഗ്രീക്കുപദം വന്നിരിക്കുന്നതു “സ്വതന്ത്രമാക്കുക; മോചിപ്പിക്കുക” എന്നൊക്കെ അർഥമുള്ള ലൂട്രൊമായി എന്ന ക്രിയയിൽനിന്നാണ്. “മോചനവില” എന്ന് അർഥംവരുന്ന ലൂട്രൊൻ എന്ന നാമപദവുമായും ഇതിനു ബന്ധമുണ്ട്. (മത്ത 20:28-ന്റെ പഠനക്കുറിപ്പു കാണുക.) മോശയെപ്പോലുള്ള ഒരു പ്രവാചകനെന്നു തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ (ആവ 18:15; പ്രവൃ 7:37) യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന മോചനത്തെക്കുറിച്ച് പറയുന്നിടത്ത് ലൂട്രൊമായി എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. (ലൂക്ക 24:21; തീത്ത 2:14, അടിക്കുറിപ്പ്; 1പത്ര 1:18, അടിക്കുറിപ്പ്) ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ചുകൊണ്ട് മോശ അവരുടെ വിമോചകനായതുപോലെ യേശുക്രിസ്തു തന്റെ ജീവൻ മോചനവിലയായി നൽകിക്കൊണ്ട് മനുഷ്യകുലത്തിന്റെ വിമോചകനായിത്തീർന്നു.
40 വർഷം: ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്ന ബി.സി. 1513 മുതൽ അവർ വാഗ്ദത്തദേശത്ത് പ്രവേശിച്ച ബി.സി. 1473 വരെ ഉള്ള കാലഘട്ടത്തെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഈ 40 വർഷക്കാലത്തും അതിനു മുമ്പും മോശ പല അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചു. ഉദാഹരണത്തിന്, ഈജിപ്തിലേക്കു തിരിച്ചു ചെന്ന മോശ ആദ്യം ഇസ്രായേൽമൂപ്പന്മാരുടെയെല്ലാം മുന്നിൽവെച്ച് അടയാളങ്ങൾ കാണിച്ചു. (പുറ 4:30, 31) പിന്നെ ആ ജനത്തെ വിടുവിക്കുന്ന സമയംവരെ ഫറവോന്റെയും ഈജിപ്തിലെ എല്ലാ ആളുകളുടെയും മുന്നിൽവെച്ചും യഹോവ മോശയിലൂടെ വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തു. പിന്നീട്, ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽവെച്ച് ഉന്മൂലനം ചെയ്തതിലും മോശയ്ക്ക് ഒരു പങ്കുണ്ടായിരുന്നു. (പുറ 14:21-31; 15:4; ആവ 11:2-4) മോശയുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ഒരു അത്ഭുതം, ഇസ്രായേല്യർക്കു വിജനഭൂമിയിൽ ദിവസവും മന്ന ലഭിച്ചതായിരുന്നു. ബി.സി. 1473-ന്റെ തുടക്കത്തിൽ അവർ കനാൻദേശത്തെ വിളവുകൾ ഭക്ഷിക്കുന്നതുവരെ 40 വർഷക്കാലം അവർക്ക് അത്ഭുതകരമായി മന്ന കിട്ടി.—പുറ 16:35; യോശ 5:10-12.
അത്ഭുതങ്ങളും: പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവം: സ്തെഫാനൊസ് ഈ ഭാഗം ആവ 18:15-ൽനിന്ന് ഉദ്ധരിച്ചതാണ്. അതിന്റെ മൂല എബ്രായപാഠത്തിലാകട്ടെ, ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) അടങ്ങിയ “നിങ്ങളുടെ ദൈവമായ യഹോവ” എന്ന പദപ്രയോഗമാണു കാണുന്നത്. പക്ഷേ സ്തെഫാനൊസ് ആ ഭാഗം ഉദ്ധരിച്ചപ്പോൾ അതു ചുരുക്കി “ദൈവം” എന്നു മാത്രമേ പറഞ്ഞുള്ളൂ. എന്നാൽ പ്രവൃ 3:22-ൽ പത്രോസ് ഇതേ വാക്യം ഉദ്ധരിച്ചപ്പോൾ “നിങ്ങളുടെ ദൈവമായ യഹോവ” എന്ന പദപ്രയോഗം മുഴുവനായി ഉപയോഗിച്ചു. (പ്രവൃ 3:22-ന്റെ പഠനക്കുറിപ്പു കാണുക.) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകളിൽ ഈ വാക്യഭാഗത്ത് ദൈവനാമം കാണുന്നുണ്ട്. “നിങ്ങളുടെ ദൈവമായ യഹോവ” (J7, 8, 10-17) എന്നോ “ദൈവമായ യഹോവ” (J28) എന്നോ ആണ് ആ പരിഭാഷകളിൽ കാണുന്നത്. (അനു. സി4 കാണുക.) ഇനി, ചില ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഈ വാക്യഭാഗത്ത് കാണുന്നതു “കർത്താവായ ദൈവം” എന്നോ “ദൈവമായ യഹോവ” എന്നോ പരിഭാഷപ്പെടുത്താവുന്ന പദപ്രയോഗങ്ങളാണ് (ആ പദപ്രയോഗങ്ങളെ “ദൈവമായ യഹോവ” എന്നു പരിഭാഷപ്പെടുത്താവുന്നതിന്റെ കാരണങ്ങൾ അനു. സി-യിൽ വിശദീകരിച്ചിട്ടുണ്ട്.). എന്നാൽ ഭൂരിഭാഗം ഗ്രീക്കു കൈയെഴുത്തുപ്രതികളും മറ്റു പരിഭാഷകളും ഇവിടെ “ദൈവം” എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.
ഇസ്രായേൽമക്കൾ: അഥവാ “ഇസ്രായേൽജനം; ഇസ്രായേല്യർ.”—പദാവലിയിൽ “ഇസ്രായേൽ” കാണുക.
വിജനഭൂമിയിലെ സഭ: ഈജിപ്തിൽനിന്ന് വിടുവിച്ച ഇസ്രായേൽ ജനത്തെ ഇവിടെ “സഭ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. പുതിയ ലോക ഭാഷാന്തരത്തിൽ എബ്രായ തിരുവെഴുത്തുഭാഗത്ത് പൊതുവേ “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഖാഹാൽ എന്ന എബ്രായപദം വന്നിരിക്കുന്നത്, “വിളിച്ചുകൂട്ടുക; കൂട്ടിവരുത്തുക” എന്നൊക്കെ അർഥമുള്ള ഒരു പദത്തിൽനിന്നാണ്. (സംഖ 20:8; ആവ 4:10) ഇസ്രായേല്യർ ഒരു സംഘടിതകൂട്ടമായിരുന്നെന്നു സൂചിപ്പിക്കാൻ പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് “ഇസ്രായേൽസഭ” (ലേവ 16:17; യോശ 8:35; 1രാജ 8:14), “സത്യദൈവത്തിന്റെ സഭ” (നെഹ 13:1), “യഹോവയുടെ സഭ” (സംഖ 20:4; ആവ 23:2, 3; മീഖ 2:5), “ദൈവത്തിന്റെ സഭ” (1ദിന 28:8) എന്നീ പദപ്രയോഗങ്ങൾ. ഖാഹാൽ എന്ന എബ്രായപദം പരിഭാഷപ്പെടുത്താൻ പൊതുവേ ഗ്രീക്കു സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്ന എക്ലേസിയ എന്ന പദംതന്നെയാണു [ഉദാഹരണത്തിന്, സങ്ക 22:22 (21:23, LXX)] ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതും.—മത്ത 16:18; പ്രവൃ 5:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മാതൃക: അഥവാ “രൂപം; രീതി.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ടുപൊസ് എന്ന ഗ്രീക്കുപദംതന്നെയാണ് എബ്ര 8:5-ലും സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ പുറ 25:40-ലും കാണുന്നത്. ഈ സ്ഥലങ്ങളിലെല്ലാം അത് ഒരേ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
സാക്ഷ്യകൂടാരം: അഥവാ “സാക്ഷ്യത്തിന്റെ കൂടാരം.” ‘സാന്നിധ്യകൂടാരം’ എന്നതിന്റെ എബ്രായപദം പരിഭാഷപ്പെടുത്താൻ സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗമാണ് ഇത്. അതിന്റെ ചുവടുപിടിച്ചായിരിക്കാം ലൂക്കോസ് ഇവിടെ ‘സാന്നിധ്യകൂടാരത്തെ’ “സാക്ഷ്യകൂടാരം” എന്നു വിളിച്ചത്. (പുറ 27:21; 28:43; സംഖ 1:1) ഇസ്രായേല്യർ വിജനഭൂമിയിലൂടെ യാത്ര ചെയ്തപ്പോൾ ഉടമ്പടിപ്പെട്ടകം സൂക്ഷിച്ചിരുന്നത് ഈ കൂടാരത്തിലായിരുന്നു. “‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക” ആയിരുന്നു ആ പെട്ടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കൾ. ഇസ്രായേല്യരുടെ ആ യാത്രയെക്കുറിച്ച് വിവരിക്കുന്ന തിരുവെഴുത്തുഭാഗങ്ങളിൽ “സാക്ഷ്യം” എന്ന പദം പൊതുവേ സൂചിപ്പിക്കുന്നതു കൽപ്പലകകളിൽ എഴുതിയ പത്തു കല്പനകളെയാണ്. (പുറ 25:16, 21, 22; 31:18; 32:15) “സാക്ഷ്യം” എന്നതിന്റെ എബ്രായപദത്തെ “ഓർമിപ്പിക്കൽ” എന്നും പരിഭാഷപ്പെടുത്താം. ഒരു “ഓർമിപ്പിക്കൽ” അഥവാ “സാക്ഷ്യം” ആയിരുന്ന ആ വിശുദ്ധ കൽപ്പലകകൾ ഭദ്രമായി സൂക്ഷിച്ചുവെക്കാനുള്ള ഇടമായിരുന്നു ഉടമ്പടിപ്പെട്ടകം.—പദാവലിയിൽ “അതിവിശുദ്ധം”; “ഉടമ്പടിപ്പെട്ടകം” എന്നിവ കാണുക.
യോശുവ: ഇസ്രായേല്യരെ വാഗ്ദത്തദേശത്തേക്കു നയിച്ച അവരുടെ നേതാവിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. (ആവ 3:28; 31:7; യോശ 1:1, 2) യഹോശുവ എന്ന എബ്രായപേരിന്റെ ഹ്രസ്വരൂപമാണു യോശുവ. ഈ രണ്ടു പേരിന്റെയും അർഥം “യഹോവ രക്ഷയാണ്” എന്നാണ്. അതിന്റെ ഗ്രീക്കുരൂപമായ യീസോസ് എന്ന പേരാണു ലൂക്കോസ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതേ പേരിന്റെ ലത്തീൻ രൂപമാണു യേസുസ് (യേശു). (അനു. എ4 കാണുക.) ബൈബിൾക്കാലങ്ങളിൽ ജൂതന്മാർക്കു സാധാരണയായുണ്ടായിരുന്ന ഒരു പേരാണ് ഇത്. യീസോസ് എന്ന ഗ്രീക്കുപേരുണ്ടായിരുന്ന നാലു പേരെക്കുറിച്ച് ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പറയുന്നുണ്ട്: നൂന്റെ മകനും മോശയുടെ പിൻഗാമിയും ആയിരുന്ന യോശുവ (പ്രവൃ 7:45; എബ്ര 4:8); യേശുക്രിസ്തുവിന്റെ ഒരു പൂർവികൻ (ലൂക്ക 3:29); യേശുക്രിസ്തു (മത്ത 1:21); പിന്നെ പൗലോസിന്റെ സഹപ്രവർത്തകനായിരുന്ന ഒരു ക്രിസ്ത്യാനിയും. സാധ്യതയനുസരിച്ച് ഇദ്ദേഹം ഒരു ജൂതനായിരുന്നു. (കൊലോ 4:11) ഇവർക്കു പുറമേ ഇതേ പേരുള്ള മറ്റു പലരെയും കുറിച്ച് ജോസീഫസ് പറഞ്ഞിട്ടുണ്ട്.
മനുഷ്യകരങ്ങൾ നിർമിച്ച ദേവാലയങ്ങൾ: അഥവാ “മനുഷ്യകരങ്ങൾ നിർമിച്ച സ്ഥലങ്ങൾ (വസ്തുക്കൾ).” ഇവിടെ കാണുന്ന ഖെയ്റൊപൊയെറ്റൊസ് എന്ന ഗ്രീക്കുപദം പ്രവൃ 17:24-ലും (“മനുഷ്യർ പണിത”) എബ്ര 9:11-ലും (“കൈകൊണ്ട് പണിത”) 24-ലും (“മനുഷ്യൻ നിർമിച്ച”) ഉപയോഗിച്ചിട്ടുണ്ട്.
യഹോവ: ഇത് യശ 66:1-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ, ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. ഈ വാക്യത്തിലെ, യഹോവ ഇങ്ങനെ പറയുന്നു എന്ന പദപ്രയോഗത്തോടു സമാനമായൊരു പദപ്രയോഗം യശ 66:1-ന്റെ തുടക്കത്തിലും (“യഹോവ ഇങ്ങനെ പറയുന്നു”) അടുത്ത വാക്യത്തിന്റെ മധ്യഭാഗത്തും (“യഹോവ പ്രഖ്യാപിക്കുന്നു”) കാണുന്നുണ്ട്.—യശ 66:2; അനു. സി കാണുക.
ദുശ്ശാഠ്യക്കാർ: അക്ഷ. “വഴങ്ങാത്ത കഴുത്തുള്ളവർ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മറ്റ് എങ്ങും കാണുന്നില്ല. എന്നാൽ സമാനാർഥമുള്ള ഒരു എബ്രായപദപ്രയോഗം പരിഭാഷ ചെയ്യാൻ സെപ്റ്റുവജിന്റിൽ ചിലപ്പോഴൊക്കെ ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—പുറ 33:3, അടിക്കുറിപ്പ്; 33:5; 34:9; ആവ 9:6; സുഭ 29:1, അടിക്കുറിപ്പ്.
ഹൃദയങ്ങളും കാതുകളും പരിച്ഛേദന ചെയ്യാത്തവർ: മാറ്റം വരുത്താൻ കൂട്ടാക്കാത്ത, ദുശ്ശാഠ്യക്കാരായ ആളുകളെ കുറിക്കുന്ന ഈ അലങ്കാരപ്രയോഗം എബ്രായതിരുവെഴുത്തുകളിൽനിന്ന് ഉത്ഭവിച്ച ഒരു ഭാഷാശൈലിയാണ്. (ലേവ 26:41, അടിക്കുറിപ്പ്; യിര 9:25, 26; യഹ 44:7, 9) ‘ചെവിയുടെ അഗ്രചർമം പരിച്ഛേദന നടത്തിയിട്ടില്ലാത്ത’ (യിര 6:10, അടിക്കുറിപ്പ്) എന്ന് അർഥം വരുന്ന എബ്രായപദപ്രയോഗത്തെ യിര 6:10-ൽ, ‘ചെവി അടഞ്ഞിരിക്കുന്ന’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഹൃദയങ്ങളും കാതുകളും പരിച്ഛേദന ചെയ്തിട്ടില്ല എന്നു പറഞ്ഞിരിക്കുന്നത്, അവ ദൈവത്തിന്റെ നിർദേശങ്ങളോടു പ്രതികരിക്കുന്നില്ല എന്ന അർഥത്തിലാണ്.
ദൈവദൂതന്മാരിലൂടെ . . . ലഭിച്ചിട്ടും: ജൂതചരിത്രത്തെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിൽ കാണാത്ത പല വിശദാംശങ്ങളും സൻഹെദ്രിന്റെ മുന്നിൽവെച്ച് സ്തെഫാനൊസ് വിവരിക്കുന്നതായി കാണാം. ഇസ്രായേല്യർക്കു നിയമസംഹിത നൽകാൻ ദൂതന്മാരെ ഉപയോഗിച്ചു എന്ന കാര്യം അതിനൊരു ഉദാഹരണമാണ്. (ഗല 3:19; എബ്ര 2:1, 2) സ്തെഫാനൊസ് തന്റെ പ്രസംഗത്തിൽ, എബ്രായതിരുവെഴുത്തുകളിലില്ലാത്ത ചില വിശദാംശങ്ങൾ ഉൾപ്പെടുത്തിയതിന്റെ മറ്റ് ഉദാഹരണങ്ങൾക്കായി പ്രവൃ 7:22, 23, 30 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അവർക്കു ദേഷ്യം അടക്കാൻ പറ്റിയില്ല: അഥവാ “അവർക്കു മുറിവേറ്റതുപോലെ തോന്നി.” ഇവിടെയും പ്രവൃ 5:33-ലും മാത്രമാണ് ഈ ഗ്രീക്ക് പദപ്രയോഗം കാണുന്നത്. അതിന്റെ അക്ഷരാർഥം “അറുത്തുമുറിക്കുക” എന്നാണെങ്കിലും ആ രണ്ടു വാക്യങ്ങളിലും അത് ആലങ്കാരികാർഥത്തിൽ, ശക്തമായ വൈകാരികപ്രതികരണത്തെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.
പല്ലിറുമ്മി: അഥവാ “പല്ലുകടിച്ചു.” ഈ പ്രയോഗത്തിനു സങ്കടത്തെയും നിരാശയെയും ദേഷ്യത്തെയും ഒക്കെ സൂചിപ്പിക്കാനാകും. അതു വാക്കുകളിലൂടെയും അക്രമാസക്തമായ പ്രവർത്തനങ്ങളിലൂടെയും പുറത്തുവരുകയും ചെയ്തേക്കാം. ആ പദപ്രയോഗം ഇവിടെ അർഥമാക്കുന്നത് അടക്കാനാകാത്ത ദേഷ്യത്തെയാണെന്നു വ്യക്തം.—ഇയ്യ 16:9; മത്ത 8:12-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവത്തിന്റെ വലതുഭാഗത്ത് യേശു നിൽക്കുന്നതും: യേശു സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതു (സങ്ക 110:1-ൽ ഇതു മുൻകൂട്ടിപ്പറഞ്ഞിരുന്നു.) കണ്ടെന്ന് ആദ്യമായി സാക്ഷ്യപ്പെടുത്തിയതു സ്തെഫാനൊസാണ്. “വലതുഭാഗം” എന്ന പദപ്രയോഗം പൊതുവേ ഉപയോഗിച്ചിരുന്നത്, “വളരെയധികം പ്രാധാന്യമുള്ള” എന്ന അർഥത്തിലാണ്. ഒരു ഭരണാധികാരിയുടെ വലതുഭാഗത്തായിരിക്കുക എന്നതിന്റെ അർഥം, ഭരണാധികാരി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിക്കുക എന്നോ (റോമ 8:34; 1പത്ര 3:22) അദ്ദേഹത്തിന്റെ പ്രീതിയുണ്ടായിരിക്കുക എന്നോ ആണ്.—മത്ത 25:33; മർ 10:37; ലൂക്ക 22:69 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ശൗൽ: അർഥം: “(ദൈവത്തോടു) ചോദിച്ച; (ദൈവത്തോട്) അന്വേഷിച്ച.” ‘ബന്യാമീൻ ഗോത്രക്കാരനും എബ്രായരിൽനിന്ന് ജനിച്ച എബ്രായനും’ ആയിരുന്ന ശൗലിന് പൗലോസ് എന്നൊരു റോമൻ പേരുമുണ്ടായിരുന്നു. (ഫിലി 3:5) ശൗൽ ഒരു റോമൻ പൗരനായി ജനിച്ചതുകൊണ്ട് (പ്രവൃ 22:28) അദ്ദേഹത്തിന്റെ ജൂത മാതാപിതാക്കൾ അദ്ദേഹത്തിന് പോളസ് അഥവാ പൗലോസ് എന്ന റോമൻ പേരുകൂടെ നൽകിയതായിരിക്കണം. “ചെറിയ” എന്നാണ് ആ പേരിന്റെ അർഥം. കുട്ടിക്കാലംമുതലേ അദ്ദേഹത്തിന് ഈ രണ്ടു പേരും ഉണ്ടായിരുന്നെന്നുവേണം കരുതാൻ. മാതാപിതാക്കൾ അദ്ദേഹത്തിനു ശൗൽ എന്ന പേര് നൽകാൻ പല കാരണങ്ങളുണ്ടായിരിക്കാം: ബന്യാമീൻ ഗോത്രക്കാരുടെ ഇടയിൽ കാലങ്ങളായി വളരെ പ്രാധാന്യമുള്ള ഒരു പേരായിരുന്നു ശൗൽ. കാരണം, മുഴു ഇസ്രായേലിനെയും ഭരിച്ച ആദ്യത്തെ രാജാവ് ബന്യാമീൻ ഗോത്രക്കാരനായ ശൗൽ ആയിരുന്നു. (1ശമു 9:2; 10:1; പ്രവൃ 13:21) ഇനി, ആ പേരിന്റെ അർഥംവെച്ചായിരിക്കാം മാതാപിതാക്കൾ അദ്ദേഹത്തിന് ആ പേര് നൽകിയത്. അതുമല്ലെങ്കിൽ, അദ്ദേഹത്തിന്റെ അപ്പന്റെ പേര് ശൗൽ എന്നായിരുന്നിരിക്കാം. മകന് അപ്പന്റെ പേര് നൽകുന്ന ഒരു രീതി അന്നുണ്ടായിരുന്നു. (ലൂക്ക 1:59 താരതമ്യം ചെയ്യുക.) കാരണം എന്തുതന്നെയായാലും മറ്റു ജൂതന്മാരോടൊപ്പമായിരുന്നപ്പോൾ, പ്രത്യേകിച്ച് ഒരു പരീശനാകാൻ പഠിക്കുകയും ഒരു പരീശനായി ജീവിക്കുകയും ചെയ്ത കാലത്ത്, അദ്ദേഹം ഉപയോഗിച്ചിരുന്നതു ശൗൽ എന്ന ഈ എബ്രായപേരായിരിക്കാം. (പ്രവൃ 22:3) ഒരു ക്രിസ്ത്യാനിയായിത്തീർന്ന് ഒരു ദശാബ്ദത്തിലേറെ കടന്നുപോയിട്ടും സാധ്യതയനുസരിച്ച് ഈ എബ്രായപേരിൽത്തന്നെയാണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്.—പ്രവൃ 11:25, 30; 12:25; 13:1, 2, 9.
“കർത്താവായ യേശുവേ” . . . എന്ന് അപേക്ഷിച്ചു: “ആകാശങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതും” സ്തെഫാനൊസ് ഒരു ദർശനത്തിൽ കണ്ടതായി 55, 56 വാക്യങ്ങൾ പറയുന്നുണ്ട്. അതുകൊണ്ട് യഹോവയും യേശുവും രണ്ടാണെന്നു സ്തെഫാനൊസിനു വ്യക്തമായിരുന്നു. എന്നാൽ താൻ ദർശനത്തിൽ കണ്ട യേശുവിനു മരിച്ചവരെ ഉയിർപ്പിക്കാനുള്ള അധികാരം യഹോവ നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടാകാം, തന്റെ ജീവൻ സ്വീകരിക്കണമെന്നു സ്തെഫാനൊസ് യേശുവിനോടു നേരിട്ട് അപേക്ഷിച്ചത്. (യോഹ 5:27-29) സ്തെഫാനൊസ് ഇവിടെ യേശുവിനെ “കർത്താവായ യേശുവേ (ഗ്രീക്കിൽ, കിരിയീ യീസോ)” എന്നു വിളിച്ചിരിക്കുന്നതായി കാണാം. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ കിരിയോസ് എന്ന പദത്തിനു ദൈവമായ യഹോവയെയോ യേശുക്രിസ്തുവിനെയോ കുറിക്കാനാകുമെങ്കിലും ഇവിടെ അതു യേശുവിനെത്തന്നെ ഉദ്ദേശിച്ചാണു പറഞ്ഞിരിക്കുന്നതെന്നു സന്ദർഭം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ വാക്യത്തിൽ “അപേക്ഷിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തെ, പല ബൈബിൾഭാഷാന്തരങ്ങളും പരിഭാഷപ്പെടുത്തിയിരിക്കുന്നത് “പ്രാർഥിച്ചു” എന്നാണ്. അതുകൊണ്ടുതന്നെ സ്തെഫാനൊസ് ഇവിടെ യേശുവിനോടു പ്രാർഥിച്ചു എന്നൊരു തെറ്റിദ്ധാരണയുണ്ടാകാം. പക്ഷേ “അപേക്ഷിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ആ ഗ്രീക്കുപദത്തിനു “പ്രാർഥിക്കുക” എന്നൊരു അർഥമില്ല. “പ്രാർഥിക്കുക” എന്നതിനു പൊതുവേ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതു മറ്റൊരു പദമാണ്. മാത്രമല്ല, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (എപികലെയൊ) അർഥം “ആവശ്യപ്പെടുക; അപേക്ഷിക്കുക; ഒരു അധികാരിയോട് അഭ്യർഥിക്കുക” എന്നൊക്കെ മാത്രമാണെന്ന് ആധികാരികമായ ചില ഗ്രന്ഥങ്ങളും സൂചിപ്പിക്കുന്നു. മിക്ക സ്ഥലങ്ങളിലും അത് അങ്ങനെതന്നെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നതും. (പ്രവൃ 2:21; 9:14; റോമ 10:13; 2തിമ 2:22) “ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു” എന്ന പൗലോസിന്റെ വാക്കുകളിലും ഇതേ ഗ്രീക്കുപദമാണു കാണുന്നത്. (പ്രവൃ 25:11) അതുകൊണ്ട് സ്തെഫാനൊസ് യേശുവിനോടു പ്രാർഥിക്കുകയായിരുന്നു എന്നു ചിന്തിക്കാൻ കാരണങ്ങളൊന്നുമില്ല. അദ്ദേഹം യേശുവിനോട് ഒരു അപേക്ഷ നടത്തുക മാത്രമായിരുന്നു. ആ ദർശനം കണ്ടപ്പോൾ യേശുവിനോട് ഇങ്ങനെയൊരു അപേക്ഷ നടത്താൻ സ്വാഭാവികമായും അദ്ദേഹത്തിനു തോന്നിക്കാണും.—പ്രവൃ 7:60-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവേ: ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഇവിടെ “കർത്താവ്” (കിരിയോസ്) എന്ന പദമാണു കാണുന്നത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ സ്ഥാനപ്പേരിനു സന്ദർഭമനുസരിച്ച് ദൈവമായ യഹോവയെയോ യേശുക്രിസ്തുവിനെയോ കുറിക്കാനാകും. എന്നാൽ ഇവിടെ അതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു പറയാൻ ന്യായമായ കാരണങ്ങളുണ്ട്. അവ ഇതാണ്: സ്തെഫാനൊസിന്റെ വാക്കുകൾക്കു “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ലാത്തതുകൊണ്ട് ഇവരോടു ക്ഷമിക്കേണമേ” (ലൂക്ക 23:34) എന്ന യേശുവിന്റെ വാക്കുകളോടു സമാനതയുണ്ട്; യേശുവിന്റെ ആ വാക്കുകളാകട്ടെ പിതാവായ യഹോവയോടുള്ളതായിരുന്നു. ഇനി, പ്രവൃ 7:2-53-ലെ സ്തെഫാനൊസിന്റെ പ്രസംഗത്തിൽ കിരിയോസ് എന്ന പദം ഉപയോഗിച്ചിരിക്കുന്ന മൂന്നു സന്ദർഭങ്ങളിലും അദ്ദേഹം ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്തതു ദൈവത്തെക്കുറിച്ച് പറയുന്ന എബ്രായതിരുവെഴുത്തുഭാഗങ്ങളാണ്. (പ്രവൃ 7:31, 33, 49 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഈ വാക്യങ്ങളിലെല്ലാം കിരിയോസ് യഹോവയെയാണു കുറിക്കുന്നതെന്നു പല പണ്ഡിതന്മാരും പരിഭാഷകരും സമ്മതിക്കുന്നുമുണ്ട്. (അനു. സി കാണുക.) എന്നാൽ പ്രവൃ 7:59-ലും കിരിയോസ് എന്ന പദം കാണുന്നുണ്ടെങ്കിലും അവിടെ സ്തെഫാനൊസ് വിളിക്കുന്നതു “കർത്താവായ യേശുവേ” എന്നായതുകൊണ്ട് ആ കിരിയോസ് യേശുവാണെന്നു വ്യക്തം. ഇതുവെച്ച് പ്രവൃ 7:60-ൽ കിരിയോസ് എന്ന് അഭിസംബോധന ചെയ്തിരിക്കുന്നതും യേശുവിനെയാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും ആ വാദം ശരിയല്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? 59-ാം വാക്യത്തിൽ സ്തെഫാനൊസ് പറഞ്ഞ വാക്കുകളുടെ തുടർച്ചയല്ല 60-ാം വാക്യത്തിൽ കാണുന്നത്. കാരണം അത്രയും നേരം നിന്നുകൊണ്ട് സംസാരിക്കുകയായിരുന്ന സ്തെഫാനൊസ് ഇപ്പോൾ മുട്ടുകുത്തി നിന്നതായി 60-ാം വാക്യം പറയുന്നു. യഹോവയോടു പ്രാർഥിക്കാനായിരിക്കാം സ്തെഫാനൊസ് ശത്രുക്കളുടെ മുന്നിൽവെച്ച് അങ്ങനെ ചെയ്തത്. (മുട്ടുകുത്തി നിൽക്കുന്നതിനെ ദൈവത്തോടുള്ള പ്രാർഥനയുമായി ബന്ധിപ്പിച്ചിരിക്കുന്ന ലൂക്ക 22:41; പ്രവൃ 9:40; 20:36; 21:5 എന്നിവ താരതമ്യം ചെയ്യുക.) അതുകൊണ്ട് സാധ്യതയനുസരിച്ച് സ്തെഫാനൊസ് പറഞ്ഞ അവസാനവാക്കുകൾ സർവശക്തനാം ദൈവമായ യഹോവയോടുള്ള പ്രാർഥനയായിരുന്നു. കൂടാതെ, “ആകാശങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതും” സ്തെഫാനൊസ് കണ്ടതായി പ്രവൃ 7:56-ൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സ്തെഫാനൊസ് യേശുവിനോടും (59-ാം വാക്യം) യഹോവയോടും വെവ്വേറെ സംസാരിച്ചതിൽ (60-ാം വാക്യം) അതിശയിക്കാനില്ല. ഇനി, ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളും (അനു. സി4-ൽ J17, 18, 22, 23 എന്നു സൂചിപ്പിച്ചിരിക്കുന്നു.) 60-ാം വാക്യത്തിൽ ദൈവനാമം (ചതുരക്ഷരി) ഉപയോഗിച്ചിട്ടുണ്ടെങ്കിലും 59-ാം വാക്യത്തിൽ (“കർത്താവായ യേശുവേ” എന്നു കാണുന്നിടത്ത്) അത് ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.—അനു. സി കാണുക.
മരിച്ചു: അക്ഷ. “ഉറങ്ങി.” തിരുവെഴുത്തുകളിൽ “ഉറക്കം,” “നിദ്ര” എന്നീ പദങ്ങൾ അക്ഷരാർഥത്തിലുള്ള ഉറക്കത്തെയോ (മത്ത 28:13; ലൂക്ക 22:45; യോഹ 11:12; പ്രവൃ 12:6) മരണമെന്ന ഉറക്കത്തെയോ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. (യോഹ 11:11; പ്രവൃ 7:60, അടിക്കുറിപ്പ്; 13:36, അടിക്കുറിപ്പ്; 1കൊ 7:39, അടിക്കുറിപ്പ്; 15:6, അടിക്കുറിപ്പ്; 15:51; 2പത്ര 3:4, അടിക്കുറിപ്പ്) ഈ പദങ്ങൾ ശരിക്കും മരണത്തെ കുറിക്കുന്ന സന്ദർഭങ്ങളിൽ, വായനക്കാർക്കു കാര്യം കൃത്യമായി മനസ്സിലാകാൻ ബൈബിൾപരിഭാഷകർ അതിനെ ‘മരണത്തിൽ നിദ്രകൊണ്ടു’ എന്നോ “മരിച്ചു” എന്നോ ആണ് പരിഭാഷപ്പെടുത്താറുള്ളത്. “ഉറക്കം” എന്ന പദം ബൈബിളിൽ ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ആദാമിൽനിന്ന് പാപവും മരണവും കൈമാറിക്കിട്ടിയതിന്റെ ഫലമായി മരിക്കുന്നവരെക്കുറിച്ച് പറയുമ്പോഴാണ്.—മർ 5:39; യോഹ 11:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.