അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 8:1-40
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഫിലിപ്പോസ്: ‘യഹൂദ്യയിലേക്കും ശമര്യയിലേക്കും ചിതറിപ്പോയത്’ ‘അപ്പോസ്തലന്മാർ ഒഴികെയുള്ളവർ’ ആണെന്നു പ്രവൃ 8:1-ൽ പറയുന്നു. അതുകൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന ഫിലിപ്പോസ് അപ്പോസ്തലനായ ഫിലിപ്പോസ് അല്ല. (മത്ത 10:3; പ്രവൃ 1:13) പകരം, യരുശലേമിലെ എബ്രായഭാഷക്കാരും ഗ്രീക്കുഭാഷക്കാരും ആയ ക്രിസ്തീയവിധവമാർക്കു ദിവസവും ഭക്ഷണം വിതരണം ചെയ്യാൻ ചുമതലയുണ്ടായിരുന്ന ‘സത്പേരുള്ള ഏഴു പുരുഷന്മാരിൽ’ ഒരാളായിരുന്നിരിക്കണം ഈ ഫിലിപ്പോസ്. (പ്രവൃ 6:1-6) പ്രവൃത്തികൾ 8-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സംഭവത്തിനു ശേഷം അദ്ദേഹത്തെക്കുറിച്ച് പ്രവൃ 21:8-ൽ മാത്രമേ പറഞ്ഞിട്ടുള്ളൂ. അവിടെ അദ്ദേഹത്തെ ‘ഫിലിപ്പോസ് എന്ന സുവിശേഷകൻ’ എന്നാണു വിളിച്ചിരിക്കുന്നത്.—പ്രവൃ 21:8-ന്റെ പഠനക്കുറിപ്പു കാണുക.
ശമര്യ നഗരം: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “ശമര്യയിലെ ഒരു നഗരം” എന്നും കാണുന്നുണ്ട്. ശമര്യ എന്ന റോമൻ ജില്ലയിലെ പ്രധാനനഗരത്തെക്കുറിച്ചായിരിക്കാം ഇവിടെ പറയുന്നത്. പണ്ട് പത്തു-ഗോത്ര രാജ്യമായ ഇസ്രായേലിന്റെ തലസ്ഥാനവും ആ രാജ്യംതന്നെയും അറിയപ്പെട്ടിരുന്നതു ശമര്യ എന്നാണ്. ബി.സി. 740-ൽ അസീറിയക്കാർ ആ രാജ്യം പിടിച്ചടക്കുന്നതുവരെ ശമര്യ നഗരമായിരുന്നു അതിന്റെ തലസ്ഥാനം. പിന്നീട് റോമൻ ഭരണകാലത്തും ആ നഗരം നിലവിലുണ്ടായിരുന്നു. യേശുവിന്റെ കാലത്ത്, വടക്ക് ഗലീലയ്ക്കും തെക്ക് യഹൂദ്യക്കും ഇടയിലുള്ള റോമൻ ജില്ലയുടെ പേരും ശമര്യ എന്നായിരുന്നു. (പദാവലിയിൽ “ശമര്യ” കാണുക.) എന്നാൽ മഹാനായ ഹെരോദ് ശമര്യ നഗരം പുനർനിർമിച്ച്, റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസിന്റെ ബഹുമാനാർഥം അതിനു ശബാസ്റ്റി എന്ന പേര് നൽകി. (അഗസ്റ്റസ് എന്ന ലത്തീൻ പേരിനു ഗ്രീക്കിലുള്ള സ്ത്രീലിംഗരൂപമാണു ശബാസ്റ്റി.) ശബാസ്റ്റിയ എന്നാണ് അറബിയിൽ ഇന്നും ആ സ്ഥലത്തിന്റെ പേര്.
ശമര്യക്കാർ ദൈവവചനം സ്വീകരിച്ചെന്ന്: യേശു ഒരു ശമര്യക്കാരി സ്ത്രീയോടു സാക്ഷീകരിച്ചതിനെ തുടർന്ന് “ധാരാളം ശമര്യക്കാർ” യേശുവിൽ വിശ്വസിച്ചതായി തിരുവെഴുത്തുകളിൽ കാണാം. (യോഹ 4:27-42) ഫിലിപ്പോസ് പ്രസംഗിച്ചപ്പോൾ പല ശമര്യക്കാരും അനുകൂലമായി പ്രതികരിക്കാൻ വഴിയൊരുക്കിയത് ഇതായിരിക്കാം.—പ്രവൃ 8:1, 5-8, 14-17.
ശിമോൻ അവർക്കു പണം വാഗ്ദാനം ചെയ്തു: സ്ഥാനമാനങ്ങൾ—പ്രത്യേകിച്ച് മതപരമായവ—പണത്തിനു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിനെ കുറിക്കുന്ന ഒരു പദം ചില ഭാഷകളിൽ ഉണ്ടായതുതന്നെ ഈ സംഭവത്തിൽനിന്നാണ്. പണമോ മറ്റെന്തെങ്കിലുമോ നൽകി വളഞ്ഞ വഴിയിലൂടെ “അധികാരം” സ്വന്തമാക്കാൻ ക്രിസ്ത്യാനികൾ ശ്രമിക്കരുതെന്നു പ്രവൃ 8:20-24-ൽ പത്രോസ് ശിമോനു നൽകിയ മറുപടി സൂചിപ്പിക്കുന്നു.—പ്രവൃ 8:19; 1പത്ര 5:1-3.
യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുക: “ഉള്ളുരുകി പ്രാർഥിക്കുക” എന്നതിന്റെ ഗ്രീക്കുക്രിയാപദം സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത്, യഹോവയോടുള്ള പ്രാർഥനകളെയും അപേക്ഷകളെയും യാചനകളെയും കുറിച്ച് പറയുന്നിടങ്ങളിലാണ്. ആ തിരുവെഴുത്തുകളുടെ എബ്രായപാഠഭാഗത്ത് മിക്കപ്പോഴും ദൈവനാമം കാണാം. (ഉൽ 25:21; പുറ 32:11; സംഖ 21:7; ആവ 3:23; 1രാജ 8:59; 13:6) ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഈ വാക്യഭാഗത്ത് “കർത്താവ്” (ഗ്രീക്കിൽ, തൗ കിരിയോ) എന്നാണു കാണുന്നതെങ്കിലും പുതിയ ലോക ഭാഷാന്തരം ഇവിടെ യഹോവ എന്ന പേര് ഉപയോഗിക്കാനുള്ള കാരണങ്ങൾ അനു. സി-യിൽ വിശദീകരിച്ചിട്ടുണ്ട്.—“ഉള്ളുരുകി പ്രാർഥിക്കുക” എന്നതിന്റെ ഗ്രീക്കുപദത്തെക്കുറിച്ച് കൂടുതൽ അറിയാൻ പ്രവൃ 4:31-ന്റെ പഠനക്കുറിപ്പു കാണുക.
കൊടുംവിഷം: അക്ഷ. “കയ്പുള്ള പിത്തം.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖോലെ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “പിത്തരസം” എന്നാണ്. കരൾ ഉത്പാദിപ്പിക്കുന്ന, ദഹനസഹായിയായ ഈ ദ്രാവകം പിത്താശയത്തിൽ സംഭരിക്കപ്പെടുന്നു. മഞ്ഞയോ പച്ചയോ നിറമുള്ള ഈ ദ്രാവകത്തിനു ഭയങ്കര കയ്പാണ്. പിൽക്കാലത്ത് ഈ വാക്ക് കയ്പിന്റെയും വിഷത്തിന്റെയും പര്യായമായി ഉപയോഗിച്ചുതുടങ്ങി. അങ്ങനെയൊരു അർഥത്തിലാണ് ഈ വാക്യഭാഗത്തും ആ പദം ഉപയോഗിച്ചിരിക്കുന്നത്.—മത്ത 27:34-ന്റെ പഠനക്കുറിപ്പു കാണുക.
എനിക്കുവേണ്ടി യഹോവയോടു പ്രാർഥിക്കണേ: പ്രവൃ 8:22-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ വചനം: പല ഗ്രീക്കു കൈയെഴുത്തുപ്രതികളിലും ഇവിടെ “കർത്താവിന്റെ വചനം” എന്നാണു കാണുന്നത്. എന്നാൽ ഈ പദപ്രയോഗം ഉത്ഭവിച്ചത് എബ്രായതിരുവെഴുത്തുകളിൽനിന്നാണ്. അവിടെ ഈ പദപ്രയോഗം വരുന്നിടങ്ങളിൽ “വചനം” എന്നതിന്റെ എബ്രായപദത്തോടൊപ്പം ദൈവനാമവും കാണാം. “യഹോവയുടെ വചനം” എന്ന പദപ്രയോഗവും സമാനാർഥമുള്ള “യഹോവയുടെ വാക്ക്,” “യഹോവയുടെ സന്ദേശം,” “യഹോവ പറഞ്ഞത്” എന്നീ പദപ്രയോഗങ്ങളും എബ്രായതിരുവെഴുത്തുകളിൽ 200-ഓളം വാക്യങ്ങളിൽ കാണുന്നുണ്ട്. (2ശമു 12:9; 24:11; 2രാജ 7:1; 20:16; 24:2; യശ 1:10; 2:3; 28:14; 38:4; യിര 1:4; 2:4; യഹ 1:3; 6:1; ഹോശ 1:1; മീഖ 1:1; സെഖ 9:1 എന്നിവ ചില ഉദാഹരണങ്ങളാണ്.) ഇസ്രായേലിൽ ചാവുകടലിന് അടുത്ത് യഹൂദ്യ മരുഭൂമിയിലുള്ള നഹൽ ഹെവറിലെ ഒരു ഗുഹയിൽനിന്ന് കണ്ടെടുത്ത സെപ്റ്റുവജിന്റിന്റെ ഒരു ആദ്യകാലപ്രതിയിൽ ഈ പദപ്രയോഗം വരുന്ന സെഖ 9:1-ൽ ലോഗൊസ് എന്ന ഗ്രീക്കുവാക്കിനു ശേഷം പുരാതന എബ്രായലിപിയിൽ ദൈവനാമം എഴുതിയിട്ടുണ്ട് (). ഈ തുകൽച്ചുരുൾ ബി.സി. 50-നും എ.ഡി. 50-നും ഇടയ്ക്കുള്ളതാണെന്നു കരുതപ്പെടുന്നു. ഇപ്പോഴുള്ള പല ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും പ്രവൃ 8:25-ൽ “കർത്താവിന്റെ വചനം” എന്നാണു കാണുന്നതെങ്കിലും പുതിയ ലോക ഭാഷാന്തരം അവിടെ “യഹോവയുടെ വചനം” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണങ്ങൾ അനു. സി-യിൽ വിശദമായി വിവരിച്ചിട്ടുണ്ട്.
യഹോവയുടെ ദൂതൻ: പ്രവൃ 5:19-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
കന്ദക്ക: സാധ്യതയനുസരിച്ച് ഇത് ഒരാളുടെ പേരല്ല, പകരം ഫറവോൻ, സീസർ എന്നിവപോലുള്ള ഒരു സ്ഥാനപ്പേര് മാത്രമാണ്. സ്ട്രെബോ, പ്ലിനി ദി എൽഡർ, യൂസേബിയസ് തുടങ്ങിയ പുരാതന എഴുത്തുകാർ എത്യോപ്യയിലെ രാജ്ഞിമാരെ കുറിക്കാൻ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പ്ലിനി ദി എൽഡർ (ഏ. എ.ഡി. 23-79) ഇങ്ങനെ എഴുതി: “ഏതാനും കെട്ടിടങ്ങളുള്ള ഒരു നഗരമാണ് (മോരെ, പുരാതന എത്യോപ്യയുടെ തലസ്ഥാനം.) അത്. കന്ദക്ക എന്നൊരു സ്ത്രീയാണ് അവിടം ഭരിക്കുന്നത് എന്ന് അവർ പറഞ്ഞു. പരമ്പരാഗതമായി അവിടത്തെ രാജ്ഞിമാർക്കു നൽകിപ്പോരുന്ന ഒരു പേരാണു കന്ദക്ക.”—പ്രകൃതിശാസ്ത്രം (ഇംഗ്ലീഷ്), VI, XXXV, 186.
എത്യോപ്യക്കാരൻ: അക്കാലത്ത് എത്യോപ്യ എന്ന് അറിയപ്പെട്ടിരുന്നത് ഈജിപ്തിനു തെക്കുള്ള ഒരു പ്രദേശമാണ്. അവിടെനിന്നുള്ള ആളായിരുന്നു ഈ വ്യക്തി. പുരാതനഗ്രീക്കുകാർ “എത്യോപ്യ” എന്നതിന്റെ ഗ്രീക്കുപദം (ഐത്യോപ്യ, അർഥം: “പൊള്ളിയ മുഖങ്ങളുടെ നാട്.”) ഉപയോഗിച്ചിരുന്നത് ഈജിപ്തിനു തെക്കുള്ള ആഫ്രിക്കൻ പ്രദേശത്തെ കുറിക്കാനാണ്. ഏതാണ്ട് ഈ പ്രദേശംതന്നെയാണ് എബ്രായഭാഷയിൽ കൂശ് എന്ന് അറിയപ്പെട്ടിരുന്നതും. പ്രധാനമായും ആധുനിക ഈജിപ്തിന്റെ തെക്കൻ ഭാഗങ്ങളും ഇന്നത്തെ സുഡാനും ഉൾക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു കൂശ്. “കൂശ്” എന്ന എബ്രായപദം പരിഭാഷപ്പെടുത്താൻ സെപ്റ്റുവജിന്റിൽ മിക്കവാറും എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് “എത്യോപ്യ” എന്ന ഗ്രീക്കുപദമാണ്. അതിന് ഉദാഹരണമാണ് യശ 11:11. ബാബിലോൺകാർ യഹൂദാദേശം പിടിച്ചടക്കിയപ്പോൾ ജൂതന്മാർ ചിതറിപ്പോയ ദേശങ്ങളിലൊന്ന് “കൂശ്” (LXX-ൽ “എത്യോപ്യ.”) ആണെന്ന് അവിടെ പറയുന്നു. അതുകൊണ്ട് എത്യോപ്യക്കാരനായ ഈ ഉദ്യോഗസ്ഥനു സ്വന്തനാട്ടിലുണ്ടായിരുന്ന ജൂതന്മാരെ പരിചയമുണ്ടായിരുന്നിരിക്കണം. ഇനി, ധാരാളം ജൂതന്മാർ താമസിച്ചിരുന്ന ഈജിപ്തിൽവെച്ചും അദ്ദേഹം ജൂതവംശജരുമായി ഇടപഴകിയിട്ടുണ്ടാകാം.
ഷണ്ഡൻ: ഇവിടെ കാണുന്ന യൂനൂഖൊസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “പുനരുത്പാദനശേഷി ഇല്ലാതാക്കപ്പെട്ട പുരുഷൻ” എന്നാണ്. ഇത്തരം പുരുഷന്മാരെ പണ്ട് മധ്യപൂർവദേശത്തും ആഫ്രിക്കയുടെ വടക്കൻ ഭാഗങ്ങളിലും രാജകൊട്ടാരങ്ങളിലെ പല തസ്തികകളിൽ നിയമിക്കാറുണ്ടായിരുന്നു. പ്രധാനമായും രാജ്ഞിയുടെയും രാജാവിന്റെ ഉപപത്നിമാരുടെയും പരിചാരകരും ഭൃത്യരും ആയിട്ടാണ് ഇവർ സേവിച്ചിരുന്നത്. എന്നാൽ “ഷണ്ഡൻ” എന്ന പദം ഉപയോഗിച്ചിരുന്നതു പുനരുത്പാദനശേഷി ഇല്ലാതാക്കിയ പുരുഷന്മാരെ കുറിക്കാൻ മാത്രമല്ല. പിൽക്കാലത്ത് രാജകൊട്ടാരങ്ങളിൽ വിവിധ ഔദ്യോഗികചുമതലകൾ വഹിച്ചിരുന്ന പുരുഷന്മാരെ കുറിക്കാൻ വിശാലമായൊരു അർഥത്തിലും ഈ പദം ഉപയോഗിച്ചുതുടങ്ങി. “ഷണ്ഡൻ” എന്നതിന്റെ ഗ്രീക്കുപദംപോലെതന്നെ അതിന്റെ എബ്രായപദത്തിനും (സാറീസ്) കൊട്ടാരോദ്യോഗസ്ഥനെ സൂചിപ്പിക്കാനാകും. ഉദാഹരണത്തിന്, വിവാഹിതനായിരുന്ന പോത്തിഫറിനെ ‘ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥൻ (അക്ഷ. “ഷണ്ഡൻ.”)’ എന്നാണു വിളിച്ചിരിക്കുന്നത്. (ഉൽ 39:1) പ്രവൃത്തികളുടെ പുസ്തകത്തിലെ വിവരണത്തിൽ, രാജഖജനാവിന്റെ മേൽനോട്ടക്കാരനായ എത്യോപ്യക്കാരനെ “ഷണ്ഡൻ” എന്നു വിളിച്ചിരിക്കുന്നതും അദ്ദേഹം ഒരു കൊട്ടാരോദ്യോഗസ്ഥനാണ് എന്ന അർഥത്തിലായിരിക്കാം. അദ്ദേഹം ആരാധനയ്ക്കുവേണ്ടി യരുശലേമിൽ പോയിട്ട് വരുകയായിരുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് അദ്ദേഹം ജനതകളിൽപ്പെട്ടവനായിരുന്നെങ്കിലും പരിച്ഛേദനയേറ്റ് ജൂതമതം സ്വീകരിച്ചിരുന്നു അഥവാ യഹോവയുടെ ആരാധകനായിത്തീർന്നിരുന്നു എന്നാണ്. (പദാവലിയിൽ “ജൂതമതം സ്വീകരിച്ചയാൾ” കാണുക.) വൃഷണം ഉടയ്ക്കപ്പെട്ട ഒരാൾ ഇസ്രായേൽസഭയിൽ വരുന്നതിനെ മോശയുടെ നിയമം വിലക്കിയിരുന്നതുകൊണ്ട് (ആവ 23:1) അദ്ദേഹം എന്തായാലും അക്ഷരാർഥത്തിലുള്ള ഒരു ഷണ്ഡനായിരുന്നില്ല എന്നു വ്യക്തം. ഈ എത്യോപ്യക്കാരൻ ജൂതമതം സ്വീകരിച്ചിരുന്നതുകൊണ്ട് ന്യായമായും അദ്ദേഹത്തെ ജനതകളിൽപ്പെട്ട ഒരാളായിട്ടല്ല കണ്ടിരുന്നത്. അതുകൊണ്ട്, പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽനിന്ന് ക്രിസ്ത്യാനിയായിത്തീർന്ന ആദ്യത്തെ വ്യക്തി കൊർന്നേല്യൊസുതന്നെയാണ്.—പ്രവൃ 10:1, 44-48; “ഷണ്ഡൻ” എന്ന പദം ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ വിശദീകരണത്തിനായി മത്ത 19:12-ന്റെ പഠനക്കുറിപ്പു കാണുക.
അർഥം മനസ്സിലാകുന്നുണ്ടോ: അഥവാ “അർഥം അറിയാമോ?” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗിനോസ്കൊ എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “അറിയുക” എന്നാണെങ്കിലും അതിനു കുറെക്കൂടെ വിശാലമായ അർഥമുണ്ട്. അതുകൊണ്ട് ഈ പദം “മനസ്സിലാകുക; ഗ്രഹിക്കുക” എന്നൊക്കെയും പരിഭാഷപ്പെടുത്താനാകും.
അവന്റെ ഉത്ഭവത്തെക്കുറിച്ച്: ഇത് യശ 53:8-ൽനിന്നുള്ള ഉദ്ധരണിയാണ്. ഇവിടെ കാണുന്ന ‘ഉത്ഭവം’ എന്ന പദം സാധ്യതയനുസരിച്ച് ഒരാളുടെ ‘വംശപരമ്പരയെയോ’ ‘കുടുംബചരിത്രത്തെയോ’ ഒക്കെയാണു കുറിക്കുന്നത്. യേശുവിനെ വിചാരണ ചെയ്തപ്പോൾ സൻഹെദ്രിനിലെ അംഗങ്ങൾ യേശുവിന്റെ പശ്ചാത്തലം കണക്കിലെടുത്തില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, വാഗ്ദാനം ചെയ്യപ്പെട്ട മിശിഹയെക്കുറിച്ച് പറഞ്ഞതൊക്കെ യേശുവിൽ നിറവേറിയെന്ന കാര്യം അവർ അവഗണിച്ചു.
സ്നാനമേൽക്കാൻ: അഥവാ “നിമജ്ജനം ചെയ്യാൻ.” ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്ത്തുക” എന്നൊക്കെയാണ്. സ്നാനപ്പെടുന്നയാൾ വെള്ളത്തിൽ പൂർണമായി മുങ്ങണമെന്നു വാക്യസന്ദർഭം സൂചിപ്പിക്കുന്നു. സ്നാനപ്പെടാൻ ഒരാളുടെ മേൽ വെള്ളം ഒഴിക്കുകയോ തളിക്കുകയോ ചെയ്താൽ മതിയായിരുന്നെങ്കിൽ ഷണ്ഡനു സ്നാനമേൽക്കാൻ ഒരു ജലാശയത്തിന്റെ ആവശ്യം വരില്ലായിരുന്നു. എന്നാൽ അദ്ദേഹം തന്റെ രഥം ഒരു “ജലാശയത്തിന്റെ അടുത്ത്” നിറുത്തി എന്നാണു നമ്മൾ വായിക്കുന്നത്. ഈ ജലാശയം ഒരു നദിയായിരുന്നോ അരുവിയായിരുന്നോ കുളമായിരുന്നോ എന്നൊന്നും അറിയില്ലെങ്കിലും “ഫിലിപ്പോസും ഷണ്ഡനും വെള്ളത്തിൽ ഇറങ്ങി” എന്നു വിവരണം പറയുന്നുണ്ട്. (പ്രവൃ 8:38) സ്നാനപ്പെടുമ്പോൾ ഒരാൾ വെള്ളത്തിൽ പൂർണമായി മുങ്ങണമെന്ന വസ്തുതയെ മറ്റു ബൈബിൾഭാഗങ്ങളും ശരിവെക്കുന്നു. ഉദാഹരണത്തിന്, യേശു സ്നാനപ്പെട്ടത് ഒരു നദിയിലാണ്, യോർദാനിൽ. ഇനി, സ്നാപകയോഹന്നാൻ ആളുകളെ സ്നാനപ്പെടുത്താനായി ഒരിക്കൽ യോർദാൻ താഴ്വരയിൽ ശലേമിന് അടുത്തുള്ള ഒരു സ്ഥലം തിരഞ്ഞെടുത്തത് ‘അവിടെ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടാണ്’ എന്നു തിരുവെഴുത്തുകൾ പറയുന്നു. (യോഹ 3:23) 2രാജ 5:14-ൽ നയമാൻ “യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി” എന്നു പറയുന്നിടത്ത് സെപ്റ്റുവജിന്റിൽ കാണുന്നതും ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദംതന്നെയാണ്. ഇനി, തിരുവെഴുത്തുകളിൽ സ്നാനത്തെ ശവം അടക്കുന്നതിനോടു താരതമ്യം ചെയ്തിരിക്കുന്നതായും കാണാം. സ്നാനമേൽക്കുന്ന ഒരാൾ പൂർണമായി മുങ്ങണമെന്നാണ് ഇതും സൂചിപ്പിക്കുന്നത്.—റോമ 6:4-6; കൊലോ 2:12.
താരതമ്യേന കാലപ്പഴക്കം കുറഞ്ഞ ചില കൈയെഴുത്തുപ്രതികളിലും പരിഭാഷകളിലും പിൻവരുന്ന ആശയം ധ്വനിപ്പിക്കുന്ന വാക്കുകൾ ഇവിടെ കൂട്ടിച്ചേർത്തിരിക്കുന്നതായി കാണാം: “അതിനു ഫിലിപ്പോസ് അവനോട്, ‘നീ മുഴുഹൃദയത്തോടെ വിശ്വസിക്കുന്നെങ്കിൽ ആകാം’ എന്നു പറഞ്ഞു. അപ്പോൾ അവൻ, ‘യേശുക്രിസ്തു ദൈവപുത്രനാണ് എന്നു ഞാൻ വിശ്വസിക്കുന്നു’ എന്നു പറഞ്ഞു.” എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. അതുകൊണ്ടുതന്നെ പ്രവൃത്തികളുടെ പുസ്തകം എഴുതിയ സമയത്ത് ഈ വാക്കുകൾ അതിലില്ലായിരുന്നു എന്നു നമുക്ക് അനുമാനിക്കാം.—അനു. എ3 കാണുക.
യഹോവയുടെ ആത്മാവ്: പ്രവൃ 5:9-ന്റെ പഠനക്കുറിപ്പു കാണുക.
അസ്തോദ്: എ.ഡി. ഒന്നാം നൂറ്റാണ്ടിൽ അസോത്തസ് എന്ന ഗ്രീക്കുപേരിൽ അറിയപ്പെട്ടിരുന്ന സ്ഥലത്തിന്റെ എബ്രായപേരാണ് ഇത്.—യോശ 11:22; 15:46; അനു. ബി6-ഉം ബി10-ഉം കാണുക.
ദൃശ്യാവിഷ്കാരം
“ഫിലിപ്പോസ് എന്ന സുവിശേഷകന്റെ” തീക്ഷ്ണമായ പ്രവർത്തനത്തിന്റെ ചില വിശദാംശങ്ങൾ ബൈബിളിലുണ്ട്. (പ്രവൃ 21:8) യരുശലേമിലെ ഗ്രീക്കുഭാഷക്കാരായ ശിഷ്യന്മാർക്കും എബ്രായഭാഷക്കാരായ ശിഷ്യന്മാർക്കും ഭക്ഷണം വിതരണം ചെയ്തിരുന്ന ‘സത്പേരുള്ള ഏഴു പുരുഷന്മാരിൽ’ ഒരാളായിരുന്നു അദ്ദേഹം. (പ്രവൃ 6:1-6) സ്തെഫാനൊസിന്റെ മരണശേഷം ‘അപ്പോസ്തലന്മാർ ഒഴികെ എല്ലാവരും ചിതറിപ്പോയപ്പോൾ’ ഫിലിപ്പോസ് ശമര്യയിലേക്കു പോയി. അവിടെ അദ്ദേഹം സന്തോഷവാർത്ത പ്രസംഗിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. (പ്രവൃ 8:1, 4-7) പിന്നീട് യഹോവയുടെ ദൂതൻ ഫിലിപ്പോസിനോട്, യരുശലേമിൽനിന്ന് ഗസ്സയിലേക്കു പോകുന്ന, മരുപ്രദേശത്തുകൂടെയുള്ള വഴിയിലേക്കു ചെല്ലാൻ പറഞ്ഞു. (പ്രവൃ 8:26) ആ വഴിയിൽവെച്ച് എത്യോപ്യക്കാരനായ ഒരു ഷണ്ഡനെ കണ്ട ഫിലിപ്പോസ് അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. (പ്രവൃ 8:27-38) തുടർന്ന് യഹോവയുടെ ആത്മാവ് ഫിലിപ്പോസിനെ അവിടെനിന്ന് കൊണ്ടുപോകുകയും (പ്രവൃ 8:39) അദ്ദേഹം അസ്തോദിലും തീരപ്രദേശത്തുള്ള മറ്റു നഗരങ്ങളിലും പ്രസംഗിച്ചുകൊണ്ട് കൈസര്യയിൽ എത്തിച്ചേരുകയും ചെയ്തു. (പ്രവൃ 8:40) വർഷങ്ങൾക്കു ശേഷം ലൂക്കോസും പൗലോസും കൈസര്യയിൽ ഫിലിപ്പോസിന്റെ വീട്ടിൽ താമസിച്ചതായി രേഖയുണ്ട്. ആ സമയത്ത് ഫിലിപ്പോസിന്, ‘പ്രവചിക്കുന്നവരും’ ‘അവിവാഹിതരും ആയ നാലു പെൺമക്കളുണ്ടായിരുന്നു.’—പ്രവൃ 21:8, 9.
1. യരുശലേം: കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു.—പ്രവൃ 6:5
2. ശമര്യ: സന്തോഷവാർത്ത പ്രസംഗിക്കുന്നു.—പ്രവൃ 8:5
3. മരുപ്രദേശത്തുകൂടെ ഗസ്സയിലേക്കു പോകുന്ന വഴി: എത്യോപ്യക്കാരൻ ഷണ്ഡനു തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുക്കുന്നു, അദ്ദേഹത്തെ സ്നാനപ്പെടുത്തുന്നു.—പ്രവൃ 8:26-39
4. തീരപ്രദേശം: എല്ലാ നഗരങ്ങളിലും സന്തോഷവാർത്ത അറിയിക്കുന്നു.—പ്രവൃ 8:40
5. കൈസര്യ: ഫിലിപ്പോസ് പൗലോസിനെ വീട്ടിൽ സ്വീകരിക്കുന്നു.—പ്രവൃ 21:8, 9
1. റോമൻ പ്രദർശനശാല
2. കൊട്ടാരം
3. കുതിരപ്പന്തയശാല
4. ക്ഷേത്രം
5. തുറമുഖം
കൈസര്യ നഗരത്തിന്റെ നാശാവശിഷ്ടങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. അന്നത്തെ ചില പ്രധാനകെട്ടിടങ്ങളുടെ ത്രിമാനരൂപം ഇതിൽ പുനഃസൃഷ്ടിച്ചിട്ടുമുണ്ട്. അവയുടെ ഏകദേശരൂപം എങ്ങനെയായിരുന്നെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് മഹാനായ ഹെരോദാണു കൈസര്യ നഗരവും അവിടത്തെ തുറമുഖവും പണിതത്. അഗസ്റ്റസ് സീസറിന്റെ ബഹുമാനാർഥം ഹെരോദ് അതിനു കൈസര്യ എന്ന പേര് നൽകുകയായിരുന്നു. യരുശലേമിന് ഏതാണ്ട് 87 കി.മീ. വടക്കുപടിഞ്ഞാറായി, മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരം അന്നത്തെ സമുദ്രഗതാഗതം നിയന്ത്രിച്ചിരുന്ന ഒരു പ്രധാനകേന്ദ്രമായി മാറി. ആ നഗരത്തിൽ ഒരു റോമൻ പ്രദർശനശാലയും (1) കടലിലേക്ക് ഇറക്കിപ്പണിത ഒരു കൊട്ടാരവും (2) 30,000-ത്തോളം കാണികൾക്ക് ഇരിക്കാവുന്ന, കുതിരപ്പന്തയം നടക്കുന്ന ഒരു സ്റ്റേഡിയവും (3) ഒരു ക്ഷേത്രവും (4) ആരെയും അതിശയിപ്പിക്കുന്ന നിർമാണവൈദഗ്ധ്യമുള്ള മനുഷ്യനിർമിതമായ ഒരു തുറമുഖവും (5) ഉണ്ടായിരുന്നു. നഗരത്തിലേക്കു ശുദ്ധജലം എത്തിക്കാനുള്ള ഒരു നീർപ്പാത്തിയും നഗരത്തിലെ മലിനജലം പുറന്തള്ളാനുള്ള ഒരു ഭൂഗർഭസംവിധാനവും കൈസര്യക്കുണ്ടായിരുന്നു. പൗലോസ് അപ്പോസ്തലനും മറ്റു ക്രിസ്ത്യാനികളും കപ്പൽമാർഗം കൈസര്യയിൽ വന്നുപോയിരുന്നതായി രേഖയുണ്ട്. (പ്രവൃ 9:30; 18:21, 22; 21:7, 8, 16) പൗലോസ് കൈസര്യ നഗരത്തിൽ രണ്ടു വർഷം തടവിൽ കഴിഞ്ഞിട്ടുമുണ്ട്. (പ്രവൃ 24:27) ഇനി, സുവിശേഷകനായ ഫിലിപ്പോസ് ഒരു പ്രസംഗപര്യടനത്തിന്റെ ഒടുവിൽ കൈസര്യയിൽ എത്തിയതായും നമ്മൾ വായിക്കുന്നു. സാധ്യതയനുസരിച്ച് അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. (പ്രവൃ 8:40; 21:8) പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽനിന്ന് ആദ്യം ക്രിസ്ത്യാനിയായിത്തീർന്ന കൊർന്നേല്യൊസ് ഈ നഗരത്തിലായിരുന്നു താമസം. (പ്രവൃ 10:1, 24, 34, 35, 45-48) ഇനി, ലൂക്കോസ് തന്റെ സുവിശേഷം എഴുതിയതും കൈസര്യയിൽവെച്ചായിരിക്കാം.