അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 9:1-43

9  കർത്താ​വി​ന്റെ ശിഷ്യ​ന്മാർക്കെ​തി​രെ അപ്പോ​ഴും ഭീഷണി ഉയർത്തി​ക്കൊ​ണ്ടി​രുന്ന ശൗൽ അവരെ ഇല്ലാതാ​ക്കാ​നുള്ള അടങ്ങാത്ത ആഗ്രഹത്തോടെ+ മഹാപു​രോ​ഹി​തന്റെ അടുത്ത്‌ ചെന്നു. 2  കർത്താ​വി​ന്റെ മാർഗക്കാരായ+ വല്ല സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​യും ദമസ്‌കൊ​സിൽ കണ്ടാൽ അവരെ പിടി​ച്ചു​കെട്ടി യരുശ​ലേ​മി​ലേക്കു കൊണ്ടു​വ​രാ​നാ​യി അവി​ടെ​യുള്ള സിന​ഗോ​ഗു​ക​ളി​ലേക്കു കത്തുകൾ തന്നയയ്‌ക്കാൻ ശൗൽ ആവശ്യ​പ്പെട്ടു. 3  ശൗൽ യാത്ര ചെയ്‌ത്‌ ദമസ്‌കൊ​സിൽ എത്താറാ​യ​പ്പോൾ പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു വെളിച്ചം ശൗലിനു ചുറ്റും മിന്നി;+ 4  ശൗൽ നിലത്ത്‌ വീണു. “ശൗലേ, ശൗലേ, നീ എന്തിനാണ്‌ എന്നെ ഉപദ്ര​വി​ക്കു​ന്നത്‌” എന്ന്‌ ആരോ ചോദി​ക്കു​ന്ന​തും കേട്ടു. 5  “കർത്താവേ, അങ്ങ്‌ ആരാണ്‌” എന്നു ശൗൽ ചോദി​ച്ച​പ്പോൾ, “നീ ഉപദ്രവിക്കുന്ന+ യേശു​വാ​ണു ഞാൻ.+ 6  എഴു​ന്നേറ്റ്‌ നഗരത്തി​ലേക്കു ചെല്ലുക; നീ എന്തു ചെയ്യണ​മെന്ന്‌ അവി​ടെ​വെച്ച്‌ നിനക്കു പറഞ്ഞു​ത​രും” എന്നു യേശു പറഞ്ഞു. 7  ശൗലി​ന്റെ​കൂ​ടെ യാത്ര ചെയ്‌തി​രുന്ന പുരു​ഷ​ന്മാർ ആ ശബ്ദം കേട്ടെ​ങ്കി​ലും ആരെയും കണ്ടില്ല.+ അവർ സ്‌തബ്ധ​രാ​യി നിന്നു. 8  ശൗൽ നിലത്തു​നിന്ന്‌ എഴു​ന്നേറ്റു. കണ്ണുകൾ തുറന്നാ​ണി​രു​ന്ന​തെ​ങ്കി​ലും ശൗലിന്‌ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവർ ശൗലിനെ കൈയിൽ പിടിച്ച്‌ ദമസ്‌കൊ​സി​ലേക്കു കൊണ്ടു​പോ​യി. 9  മൂന്നു ദിവസം ശൗലിനു കാഴ്‌ച​യി​ല്ലാ​യി​രു​ന്നു;+ ശൗൽ ഒന്നും കഴിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്‌തില്ല. 10  ദമസ്‌കൊ​സിൽ അനന്യാസ്‌+ എന്നൊരു ശിഷ്യ​നു​ണ്ടാ​യി​രു​ന്നു. കർത്താവ്‌ ഒരു ദിവ്യ​ദർശ​ന​ത്തിൽ അദ്ദേഹത്തെ, “അനന്യാ​സേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ,” അനന്യാസ്‌ വിളി​കേട്ടു. 11  കർത്താവ്‌ അനന്യാ​സി​നോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ നേർവീ​ഥി എന്ന തെരു​വി​ലേക്കു ചെല്ലുക. അവിടെ യൂദാ​സി​ന്റെ വീട്ടിൽ ചെന്ന്‌ തർസൊസുകാരനായ+ ശൗൽ എന്ന ആളെ അന്വേ​ഷി​ക്കുക. അവൻ ഇപ്പോൾ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 12  അനന്യാസ്‌ എന്നൊ​രാൾ വന്ന്‌ തന്റെ മേൽ കൈകൾ വെക്കു​മെ​ന്നും അങ്ങനെ തനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടു​മെ​ന്നും അവൻ ഒരു ദർശന​ത്തിൽ കണ്ടിരി​ക്കു​ന്നു.”+ 13  എന്നാൽ അനന്യാസ്‌ പറഞ്ഞു: “കർത്താവേ, അയാൾ യരുശ​ലേ​മി​ലുള്ള അങ്ങയുടെ വിശു​ദ്ധരെ വളരെ​യ​ധി​കം ദ്രോ​ഹി​ച്ച​താ​യി പലരും പറഞ്ഞ്‌ ഞാൻ കേട്ടി​ട്ടുണ്ട്‌. 14  ഈ പ്രദേ​ശത്ത്‌ അങ്ങയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രെ​യെ​ല്ലാം അറസ്റ്റു ചെയ്യാൻ അയാൾക്കു മുഖ്യ​പു​രോ​ഹി​ത​ന്മാ​രിൽനിന്ന്‌ അധികാ​ര​വും കിട്ടി​യി​ട്ടുണ്ട്‌.”+ 15  എന്നാൽ കർത്താവ്‌ അനന്യാ​സി​നോ​ടു പറഞ്ഞു: “നീ ചെല്ലുക; ജനതകളുടെയും+ രാജാക്കന്മാരുടെയും+ ഇസ്രാ​യേൽമ​ക്ക​ളു​ടെ​യും മുമ്പാകെ എന്റെ പേര്‌ വഹിക്കാൻ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഒരു പാത്രമാണ്‌* ആ മനുഷ്യൻ.+ 16  എന്റെ പേരി​നു​വേണ്ടി അവൻ എന്തെല്ലാം സഹി​ക്കേ​ണ്ട​താ​ണെന്നു ഞാൻ അവനു വ്യക്തമാ​യി കാണി​ച്ചു​കൊ​ടു​ക്കും.”+ 17  അങ്ങനെ അനന്യാസ്‌ ആ വീട്ടി​ലേക്കു പോയി. അനന്യാസ്‌ ചെന്ന്‌ ശൗലിന്റെ മേൽ കൈകൾ വെച്ച്‌, “ശൗലേ, സഹോ​ദരാ, ഇങ്ങോട്ടു വരുന്ന വഴിക്കു നിനക്കു പ്രത്യ​ക്ഷ​നായ, കർത്താ​വായ യേശു​വാണ്‌ എന്നെ അയച്ചത്‌. നിനക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടാ​നും നിന്നിൽ പരിശു​ദ്ധാ​ത്മാവ്‌ നിറയാ​നും വേണ്ടി​യാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌”+ എന്നു പറഞ്ഞു. 18  പെട്ടെന്നു ചെതു​മ്പൽപോ​ലുള്ള എന്തോ ശൗലിന്റെ കണ്ണുക​ളിൽനിന്ന്‌ വീണു; ശൗലിനു കാഴ്‌ച തിരി​ച്ചു​കി​ട്ടി. ശൗൽ എഴു​ന്നേറ്റ്‌ സ്‌നാ​ന​മേറ്റു; 19  ഭക്ഷണം കഴിച്ച്‌ ആരോ​ഗ്യം വീണ്ടെ​ടു​ത്തു. കുറച്ച്‌ ദിവസം ശൗൽ ദമസ്‌കൊ​സി​ലെ ശിഷ്യ​ന്മാ​രോ​ടൊ​പ്പം താമസി​ച്ചു.+ 20  വൈകാ​തെ​തന്നെ, ശൗൽ സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ യേശു ദൈവ​പു​ത്ര​നാ​ണെന്നു പ്രസം​ഗി​ക്കാൻതു​ടങ്ങി. 21  എന്നാൽ ശൗലിന്റെ പ്രസംഗം കേട്ടവ​രെ​ല്ലാം അതിശ​യ​ത്തോ​ടെ, “യരുശ​ലേ​മിൽ ഈ പേര്‌ വിളി​ച്ച​പേ​ക്ഷി​ച്ച​വരെ ക്രൂര​മാ​യി ഉപദ്ര​വി​ച്ചി​രു​ന്നത്‌ ഇയാളല്ലേ?+ അങ്ങനെ​യു​ള്ള​വരെ പിടിച്ച്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ അടുക്കൽ കൊണ്ടുപോകാനല്ലേ* ഇയാൾ ഇവി​ടെ​യും വന്നത്‌”+ എന്നു പറഞ്ഞു. 22  എന്നാൽ ശൗൽ കൂടു​തൽക്കൂ​ടു​തൽ ശക്തി പ്രാപി​ച്ചു. യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു​വെന്നു യുക്തി​സ​ഹ​മാ​യി തെളിയിച്ചുകൊണ്ട്‌+ ശൗൽ ദമസ്‌കൊ​സിൽ താമസി​ച്ചി​രുന്ന ജൂതന്മാ​രെ നിശ്ശബ്ദ​രാ​ക്കി. 23  കുറെ ദിവസം കഴിഞ്ഞ​പ്പോൾ ജൂതന്മാർ ഒരുമി​ച്ചു​കൂ​ടി ശൗലിനെ കൊല്ലാൻ പദ്ധതി​യി​ട്ടു.+ 24  എന്നാൽ ശൗൽ അവരുടെ ഗൂഢാ​ലോ​ച​ന​യെ​ക്കു​റിച്ച്‌ അറിഞ്ഞു. ശൗലിനെ കൊല്ലാ​നാ​യി അവർ രാവും പകലും നഗരക​വാ​ട​ങ്ങ​ളിൽ ശക്തമായ കാവൽ ഏർപ്പെ​ടു​ത്തി. 25  അതു​കൊണ്ട്‌ ശൗലിന്റെ ശിഷ്യ​ന്മാർ രാത്രി​യിൽ ശൗലിനെ ഒരു കൊട്ട​യി​ലാ​ക്കി നഗരമ​തി​ലി​ന്റെ കിളി​വാ​തി​ലി​ലൂ​ടെ താഴേക്ക്‌ ഇറക്കി.+ 26  യരുശ​ലേ​മിൽ എത്തിയപ്പോൾ+ ശൗൽ ശിഷ്യ​ന്മാ​രോ​ടൊ​പ്പം ചേരാൻ ശ്രമിച്ചു. പക്ഷേ അവർക്കെ​ല്ലാം ശൗലിനെ പേടി​യാ​യി​രു​ന്നു. കാരണം, ശൗൽ ഒരു ശിഷ്യ​നാ​യെന്ന്‌ അവർ വിശ്വ​സി​ച്ചില്ല. 27  അപ്പോൾ ബർന്നബാസ്‌+ ശൗലിന്റെ സഹായ​ത്തിന്‌ എത്തി. ബർന്നബാസ്‌ ശൗലിനെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ കൂട്ടി​ക്കൊ​ണ്ടു​പോ​യി; ശൗൽ വഴിയിൽവെച്ച്‌ കർത്താ​വി​നെ കണ്ടതും+ കർത്താവ്‌ ശൗലി​നോ​ടു സംസാ​രി​ച്ച​തും ദമസ്‌കൊ​സിൽ ശൗൽ യേശു​വി​ന്റെ നാമത്തിൽ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ച​തും അവരോ​ടു വിശദ​മാ​യി പറഞ്ഞു.+ 28  അങ്ങനെ ശൗൽ അവരോ​ടൊ​പ്പം താമസിച്ച്‌, കർത്താ​വി​ന്റെ നാമത്തിൽ ധൈര്യ​ത്തോ​ടെ സംസാ​രി​ച്ചു​കൊണ്ട്‌ യരുശ​ലേ​മിൽ യഥേഷ്ടം സഞ്ചരിച്ചു. 29  ശൗൽ ഗ്രീക്കു​ഭാ​ഷ​ക്കാ​രായ ജൂതന്മാ​രോ​ടു സംസാ​രി​ക്കു​ക​യും അവരു​മാ​യി ചൂടു​പി​ടിച്ച ചർച്ചകൾ നടത്തു​ക​യും ചെയ്‌തു​പോ​ന്നു. എന്നാൽ അവർ ശൗലിനെ വകവരു​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു.+ 30  ഇക്കാര്യം അറിഞ്ഞ സഹോ​ദ​ര​ന്മാർ ശൗലിനെ കൈസ​ര്യ​യി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​വ​ന്നിട്ട്‌ തർസൊ​സി​ലേക്ക്‌ അയച്ചു.+ 31  അതിനു ശേഷം യഹൂദ്യ, ഗലീല, ശമര്യ+ എന്നിവി​ട​ങ്ങ​ളി​ലെ​ല്ലാം സഭയ്‌ക്കു കുറച്ച്‌ കാല​ത്തേക്കു സമാധാ​നം ഉണ്ടായി; സഭ ശക്തി​പ്പെട്ടു. യഹോ​വ​യു​ടെ വഴിയിൽ നടക്കു​ക​യും പരിശു​ദ്ധാ​ത്മാ​വിൽനി​ന്നുള്ള ആശ്വാസം+ സ്വീക​രി​ക്കു​ക​യും ചെയ്‌ത​പ്പോൾ സഭയുടെ അംഗസം​ഖ്യ വർധി​ച്ചു​വന്നു. 32  ദേശ​ത്തെ​ല്ലാം സഞ്ചരി​ക്കു​ക​യാ​യി​രുന്ന പത്രോസ്‌ ലുദ്ദയിൽ+ താമസി​ച്ചി​രുന്ന വിശു​ദ്ധ​രു​ടെ അടുത്തും ചെന്നു. 33  എട്ടു വർഷമാ​യി ശരീരം തളർന്ന്‌ കിടപ്പി​ലാ​യി​രുന്ന ഐനെ​യാസ്‌ എന്നൊ​രാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 34  പത്രോസ്‌ അയാളെ കണ്ട്‌, “ഐനെ​യാ​സേ, ഇതാ യേശു​ക്രി​സ്‌തു നിന്നെ സുഖ​പ്പെ​ടു​ത്തു​ന്നു.+ എഴു​ന്നേറ്റ്‌ നിന്റെ കിടക്ക വിരി​ക്കുക”+ എന്നു പറഞ്ഞു. ഉടനടി അയാൾ എഴു​ന്നേറ്റു. 35  അയാളെ കണ്ടപ്പോൾ ലുദ്ദയി​ലും ശാരോൻ സമതല​ത്തി​ലും താമസി​ച്ചി​രുന്ന എല്ലാവ​രും കർത്താ​വി​ലേക്കു തിരിഞ്ഞു. 36  യോപ്പ​യിൽ തബീഥ എന്നു പേരുള്ള ഒരു ശിഷ്യ​യു​ണ്ടാ​യി​രു​ന്നു. തബീഥ എന്നതിന്റെ ഗ്രീക്കു​പ​ദ​മാ​ണു ഡോർക്കസ്‌. ഡോർക്കസ്‌ ധാരാളം നല്ല കാര്യ​ങ്ങ​ളും ദാനധർമ​ങ്ങ​ളും ചെയ്‌തു​പോ​ന്നു. 37  ആ ഇടയ്‌ക്കു ഡോർക്കസ്‌ രോഗം ബാധിച്ച്‌ മരിച്ചു. അവർ ഡോർക്ക​സി​നെ കുളി​പ്പിച്ച്‌ മുകളി​ലത്തെ മുറി​യിൽ കിടത്തി. 38  യോപ്പ​യു​ടെ അടുത്തുള്ള നഗരമായ ലുദ്ദയിൽ പത്രോ​സു​ണ്ടെന്നു കേട്ട​പ്പോൾ ശിഷ്യ​ന്മാർ രണ്ടു പേരെ അവി​ടേക്ക്‌ അയച്ചു. “അങ്ങ്‌ എത്രയും പെട്ടെന്നു ഞങ്ങളുടെ അടുത്ത്‌ വരേണമേ”* എന്ന്‌ അവർ പത്രോ​സി​നോട്‌ അപേക്ഷി​ച്ചു. 39  പത്രോസ്‌ അവരോ​ടൊ​പ്പം ചെന്നു. അവിടെ എത്തിയ​പ്പോൾ അവർ പത്രോ​സി​നെ മുകളി​ലത്തെ മുറി​യി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി. വിധവ​മാ​രെ​ല്ലാം അവിടെ വന്ന്‌ ഡോർക്കസ്‌ അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​പ്പോൾ ഉണ്ടാക്കിയ നിരവധി കുപ്പാ​യ​ങ്ങ​ളും വസ്‌ത്ര​ങ്ങ​ളും പത്രോ​സി​നെ കാണിച്ച്‌ കരഞ്ഞു. 40  പത്രോസ്‌ എല്ലാവ​രെ​യും പുറത്ത്‌ ഇറക്കിയിട്ട്‌+ മുട്ടു​കു​ത്തി പ്രാർഥി​ച്ചു. എന്നിട്ട്‌ മൃതശ​രീ​ര​ത്തി​നു നേരെ തിരിഞ്ഞ്‌, “തബീഥേ, എഴു​ന്നേൽക്ക്‌” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോ​സി​നെ കണ്ടപ്പോൾ തബീഥ എഴു​ന്നേ​റ്റി​രു​ന്നു.+ 41  പത്രോസ്‌ തബീഥയെ കൈപി​ടിച്ച്‌ എഴു​ന്നേൽപ്പി​ച്ചു. എന്നിട്ട്‌ വിശു​ദ്ധ​രെ​യും വിധവ​മാ​രെ​യും വിളിച്ച്‌, ജീവൻ തിരി​ച്ചു​കി​ട്ടിയ തബീഥയെ കാണി​ച്ചു​കൊ​ടു​ത്തു.+ 42  യോപ്പ മുഴുവൻ ഈ സംഭവം അറിഞ്ഞു; ധാരാളം പേർ കർത്താ​വിൽ വിശ്വ​സി​ച്ചു.+ 43  പത്രോസ്‌ കുറെ നാൾ തോൽപ്പ​ണി​ക്കാ​ര​നായ ശിമോ​ന്റെ​കൂ​ടെ യോപ്പ​യിൽ താമസി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “ഉപകര​ണ​മാണ്‌.”
അക്ഷ. “ബന്ധിച്ച്‌ കൊണ്ടു​പോ​കാ​നല്ലേ.”
അഥവാ “അങ്ങ്‌ ഞങ്ങളുടെ അടുത്ത്‌ വരാൻ വൈക​രു​തേ.”

പഠനക്കുറിപ്പുകൾ

ശൗൽ: പ്രവൃ 7:58-ന്റെ പഠനക്കു​റി​പ്പു കാണുക.

മഹാപു​രോ​ഹി​തൻ: അതായത്‌, കയ്യഫ.—പ്രവൃ 4:6-ന്റെ പഠനക്കു​റി​പ്പു കാണുക.

മാർഗം: പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ കാണുന്ന ഒരു പദപ്ര​യോ​ഗം. ഒരു ക്രിസ്‌ത്യാ​നി​യാ​യുള്ള ജീവി​ത​ത്തെ​യും ആദ്യകാല ക്രിസ്‌തീ​യ​സ​ഭ​യെ​യും കുറി​ക്കാ​നാണ്‌ ഇത്‌ ഈ പുസ്‌ത​ക​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ പദപ്ര​യോ​ഗം വന്നിരി​ക്കു​ന്നത്‌, “ഞാൻത​ന്നെ​യാ​ണു വഴി (അഥവാ “മാർഗം”)” എന്ന യോഹ 14:6-ലെ യേശു​വി​ന്റെ വാക്കു​ക​ളിൽനി​ന്നാ​യി​രി​ക്കാം. യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യവർ യേശു​വി​ന്റേ​തു​പോ​ലുള്ള ഒരു ജീവി​ത​രീ​തി പിന്തു​ടർന്ന​തു​കൊ​ണ്ടാണ്‌ അവരെ ‘മാർഗ​ക്കാർ’ എന്നു വിളി​ച്ചത്‌. (പ്രവൃ 19:9) യേശു​വി​ന്റെ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം ഏകസത്യ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കു​ന്ന​തി​നാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​ക​ളാ​കട്ടെ അതോ​ടൊ​പ്പം യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​നും ജീവി​ത​ത്തിൽ പ്രധാ​ന​സ്ഥാ​നം നൽകുന്നു. ഏതാണ്ട്‌ എ.ഡി. 44-നു ശേഷം സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽവെ​ച്ചാ​ണു യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ ‘ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ച്ചത്‌.’ (പ്രവൃ 11:26) എന്നാൽ ആ പേര്‌ ലഭിച്ചു​ക​ഴി​ഞ്ഞും ലൂക്കോസ്‌ ക്രിസ്‌തീ​യ​സ​ഭയെ ‘ഈ മാർഗം’ എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം.—പ്രവൃ 19:23; 22:4; 24:22; പ്രവൃ 18:25; 19:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ദമസ്‌കൊസ്‌: ഇന്ന്‌ ഈ നഗരം സ്ഥിതി ചെയ്യു​ന്നത്‌ ആധുനിക സിറി​യ​യി​ലാണ്‌. സ്ഥാപി​ത​മായ സമയം​മു​തൽ എന്നും ആൾപ്പാർപ്പു​ണ്ടാ​യി​രുന്ന അതിപു​രാ​ത​ന​മായ നഗരങ്ങ​ളി​ലൊ​ന്നാണ്‌ ഇത്‌. ഗോ​ത്ര​പി​താ​വായ അബ്രാ​ഹാം തെക്ക്‌ കനാനി​ലേക്കു പോകുന്ന വഴി ഈ നഗരത്തി​ലൂ​ടെ​യോ അതിന്‌ അടുത്തു​കൂ​ടെ​യോ കടന്നു​പോ​യി​ട്ടു​ണ്ടാ​കാം. അബ്രാ​ഹാം തന്റെ ദാസനാ​യി തിര​ഞ്ഞെ​ടുത്ത എലീയേസെർ ‘ദമസ്‌കൊ​സു​കാ​ര​നാ​യി​രു​ന്നു.’ (ഉൽ 15:2) പിന്നെ ഏതാണ്ട്‌ ആയിരം വർഷത്തി​നു ശേഷമാ​ണു ദമസ്‌കൊ​സി​ന്റെ പേര്‌ ബൈബിൾരേ​ഖ​ക​ളിൽ വീണ്ടും കാണു​ന്നത്‌. (പദാവ​ലി​യിൽ “അരാം; അരാമ്യർ” കാണുക.) സിറി​യ​ക്കാ​രും (അരാമ്യർ) ഇസ്രാ​യേ​ല്യ​രും തമ്മിലുള്ള ഒരു യുദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള​താണ്‌ ആ ഭാഗം. അതോടെ ആ രണ്ടു രാഷ്‌ട്രങ്ങളും ശത്രു​ക്ക​ളാ​യി മാറു​ക​യും ചെയ്‌തു. (1രാജ 11:23-25) ഒന്നാം നൂറ്റാ​ണ്ടിൽ റോമൻ സംസ്ഥാ​ന​മായ സിറി​യ​യു​ടെ ഭാഗമാ​യി​രു​ന്നു ദമസ്‌കൊസ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ആ സമയത്ത്‌ അവിടെ ഏതാണ്ട്‌ 20,000 ജൂതന്മാ​രും അനേകം സിന​ഗോ​ഗു​ക​ളും ഉണ്ടായി​രു​ന്നു. ആ നഗരം അന്നത്തെ പ്രധാന സഞ്ചാര​പാ​ത​ക​ളു​ടെ ഒരു സംഗമ​സ്ഥാ​ന​മാ​യി​രു​ന്ന​തു​കൊണ്ട്‌ ക്രിസ്‌തീ​യോ​പ​ദേ​ശങ്ങൾ അവി​ടെ​നിന്ന്‌ എളുപ്പ​ത്തിൽ മറ്റു സ്ഥലങ്ങളി​ലേക്കു വ്യാപി​ക്കു​മെന്നു ശൗൽ ഭയന്നു​കാ​ണും. ദമസ്‌കൊ​സി​ലെ ക്രിസ്‌ത്യാ​നി​കളെ ശൗൽ പ്രത്യേ​കം നോട്ട​മി​ടാ​നുള്ള കാരണ​വും അതായി​രി​ക്കാം.

കത്തുകൾ: ഒരു അപരി​ചി​തനെ പരിച​യ​പ്പെ​ടു​ത്താ​നും അയാൾ ആരാ​ണെ​ന്നോ അയാളു​ടെ അധികാ​രം എന്താ​ണെ​ന്നോ സാക്ഷ്യ​പ്പെ​ടു​ത്താ​നും എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ആളുകൾ ആശ്രയ​യോ​ഗ്യ​മായ ഉറവിൽനി​ന്നുള്ള കത്തുകൾ ഉപയോ​ഗി​ച്ചി​രു​ന്നു. (റോമ 16:1; 2കൊ 3:1-3) ഈ ആശയവി​നി​മ​യ​രീ​തി​യെ​ക്കു​റിച്ച്‌ റോമി​ലുള്ള ജൂതന്മാർ പരാമർശി​ച്ച​താ​യി രേഖയുണ്ട്‌. (പ്രവൃ 28:21) ദമസ്‌കൊ​സി​ലെ സിന​ഗോ​ഗു​ക​ളി​ലേക്കു കത്തുകൾ തന്നയയ്‌ക്കാൻ ശൗൽ മഹാപു​രോ​ഹി​ത​നോട്‌ അപേക്ഷി​ക്കു​ന്ന​താ​യി ഈ വാക്യ​ത്തിൽ കാണാം. ആ നഗരത്തി​ലെ ജൂത​ക്രി​സ്‌ത്യാ​നി​കളെ ഉപദ്ര​വി​ക്കാൻ തന്നെ അധികാ​ര​പ്പെ​ടു​ത്തുന്ന കത്തുക​ളാ​ണു ശൗൽ ആവശ്യ​പ്പെ​ട്ടത്‌. (പ്രവൃ 9:1, 2) ക്രിസ്‌ത്യാ​നി​കൾക്കെ​തി​രെ​യുള്ള പോരാ​ട്ട​ത്തിൽ ദമസ്‌കൊ​സി​ലെ സിന​ഗോ​ഗു​ക​ളും ശൗലി​നോ​ടു സഹകരി​ക്ക​ണ​മെന്ന നിർദേ​ശ​മാ​യി​രി​ക്കാം ആ കത്തുക​ളി​ലു​ണ്ടാ​യി​രു​ന്നത്‌.

ശബ്ദം കേട്ടെ​ങ്കി​ലും: ദമസ്‌കൊ​സി​ലേ​ക്കുള്ള വഴിയിൽവെച്ച്‌ തനിക്കു​ണ്ടായ ഈ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ പൗലോ​സു​തന്നെ പ്രവൃ 22:6-11-ൽ വിവരി​ക്കു​ന്നുണ്ട്‌. പൗലോ​സി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ “ശബ്ദം കേട്ടില്ല” എന്നാണ്‌ അവിടെ പറയു​ന്ന​തെ​ങ്കി​ലും ഇവിടെ പറയു​ന്നത്‌ അവർ ‘ആ ശബ്ദം കേട്ടു’ എന്നാണ്‌. രണ്ടു വിവര​ണ​ത്തി​ലും ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം ഒന്നാ​ണെ​ങ്കി​ലും അതിന്റെ വ്യാക​ര​ണ​രൂ​പം രണ്ടിട​ത്തും രണ്ടാണ്‌. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഫൊണേ എന്ന ഗ്രീക്കു​പ​ദ​ത്തി​നു വെറു​മൊ​രു ശബ്ദം കേൾക്കു​ന്ന​തി​നെ​യും വാക്കുകൾ വ്യക്തമാ​യി കേൾക്കു​ന്ന​തി​നെ​യും കുറി​ക്കാ​നാ​കും. ഈ വാക്യ​ത്തി​ലെ വ്യാക​ര​ണ​രൂ​പം​വെച്ച്‌ ആ പദത്തിന്‌ വെറു​മൊ​രു ശബ്ദം കേൾക്കുക എന്നാണ്‌ അർഥം. (എന്നാൽ പ്രവൃ 22:9-ൽ ആ പദത്തിന്റെ വ്യാക​ര​ണ​രൂ​പം മറ്റൊ​ന്നാണ്‌. “സംസാ​രി​ച്ച​യാ​ളു​ടെ വാക്കുകൾ വ്യക്തമാ​യി കേട്ടില്ല” എന്നൊരു അർഥമാണ്‌ അവിടെ ആ പദത്തി​നു​ള്ളത്‌.) അതു​കൊണ്ട്‌ പൗലോ​സി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ എന്തോ ഒരു ശബ്ദം കേട്ടെ​ങ്കി​ലും അവർക്ക്‌ അതിലെ വാക്കുകൾ വ്യക്തമാ​കാ​ഞ്ഞ​തു​കൊണ്ട്‌ അതു മനസ്സി​ലാ​യി​ക്കാ​ണില്ല. ചുരു​ക്ക​ത്തിൽ, പൗലോസ്‌ കേട്ടതു​പോ​ലെയല്ല അവർ ആ ശബ്ദം കേട്ടത്‌.—പ്രവൃ 26:14; പ്രവൃ 22:9-ന്റെ പഠനക്കു​റി​പ്പു കാണുക.

നേർവീ​ഥി എന്ന തെരുവ്‌: ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പേര്‌ എടുത്തു​പ​റ​ഞ്ഞി​രി​ക്കുന്ന ഒരേ ഒരു തെരുവ്‌ ഇതാണ്‌. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ദമസ്‌കൊസ്‌ നഗരത്തി​നു നെടു​കെ​യും കുറു​കെ​യും ധാരാളം പാതക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നഗരത്തി​ലെ ഏറ്റവും പ്രധാ​ന​പാത ഇതായി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു. നഗരത്തി​ന്റെ കിഴക്കേ അറ്റംമു​തൽ പടിഞ്ഞാ​റേ അറ്റംവരെ നീണ്ടു​കി​ടന്ന ഈ പാതയ്‌ക്ക്‌ ഏതാണ്ട്‌ 1.5 കി.മീ. നീളവും 26 മീ. (85 അടി) വീതി​യും ഉണ്ടായി​രു​ന്നു. ഈ പാതയിൽ കാൽന​ട​യാ​ത്ര​ക്കാർക്കു​വേണ്ടി പ്രത്യേ​ക​മാ​യൊ​രു ഭാഗവും വേർതി​രി​ച്ചി​രു​ന്നു. നടപ്പാ​ത​യു​ടെ വശങ്ങളിൽ തൂണു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യും പറയ​പ്പെ​ടു​ന്നു. ആ പഴയ റോമൻ നഗരത്തി​ന്റെ കുറച്ച്‌ ഭാഗങ്ങളേ ഇപ്പോൾ അവശേ​ഷി​ക്കു​ന്നു​ള്ളൂ എങ്കിലും പണ്ടത്തെ നേർവീ​ഥി (അഥവാ റോമൻ വിയാ റെക്‌റ്റാ) കടന്നു​പോ​യി​രുന്ന അതേ സ്ഥലങ്ങളി​ലൂ​ടെ പോകുന്ന ഒരു പ്രധാ​ന​പാത ഇന്നും അവി​ടെ​യുണ്ട്‌.

ഒരു ദർശന​ത്തിൽ: പല പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഈ വാക്കുകൾ കാണു​ന്നുണ്ട്‌.

അറസ്റ്റു ചെയ്യാൻ: അഥവാ “തടവി​ലാ​ക്കാൻ.” അക്ഷ. “ബന്ധിക്കാൻ; ബന്ധനത്തി​ലാ​ക്കാൻ.” തടവറ​യിൽ ബന്ധനത്തി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറയു​ന്നത്‌.—കൊലോ 4:3 താരത​മ്യം ചെയ്യുക.

ഇസ്രാ​യേൽമക്കൾ: അഥവാ “ഇസ്രാ​യേൽജനം; ഇസ്രാ​യേ​ല്യർ.”—പദാവ​ലി​യിൽ “ഇസ്രാ​യേൽ” കാണുക.

ഒരു കൊട്ട: ലൂക്കോസ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്‌ഫു​റീസ്‌ എന്ന ഗ്രീക്കു​പദം മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളി​ലും കാണാം. യേശു 4,000 പുരു​ഷ​ന്മാ​രെ പോഷി​പ്പി​ച്ച​പ്പോൾ മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ട​യെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്താണ്‌ അവർ ആ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (മത്ത 15:37-ന്റെ പഠനക്കു​റി​പ്പു കാണുക.) ഈ പദം കുറി​ക്കു​ന്നതു വലിയ കൊട്ട​യെ​യാണ്‌. എന്നാൽ താൻ രക്ഷപ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​ക​ളോ​ടു വിവരി​ച്ച​പ്പോൾ പൗലോസ്‌ അപ്പോ​സ്‌തലൻ ഉപയോ​ഗി​ച്ചതു സർഗാനെ എന്ന ഗ്രീക്കു​പ​ദ​മാണ്‌. ആ പദം കുറി​ക്കു​ന്നതു കയറോ കമ്പുക​ളോ ‘നെയ്‌തു​ണ്ടാ​ക്കിയ കൊട്ട​യെ​യാണ്‌.’ എങ്കിലും ഈ രണ്ടു ഗ്രീക്കു​പ​ദ​വും വലിയ കൊട്ട​യെ​ത്ത​ന്നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌.—2കൊ 11:32, 33, അടിക്കു​റിപ്പ്‌.

യഥേഷ്ടം സഞ്ചരിച്ചു: അഥവാ “സ്വച്ഛമായ ജീവിതം നയിച്ചു.” അക്ഷ. “പോകു​ക​യും വരുക​യും ചെയ്‌തു.” ഈ പദപ്ര​യോ​ഗം ഒരു സെമി​റ്റിക്ക്‌ ഭാഷാ​ശൈ​ലി​യിൽനിന്ന്‌ വന്നതാണ്‌. ജീവിതം തടസ്സങ്ങ​ളൊ​ന്നു​മി​ല്ലാ​തെ മുന്നോ​ട്ടു പോകു​ന്ന​തി​നെ കുറി​ക്കാ​നും യാതൊ​രു തടസ്സവും കൂടാതെ മറ്റുള്ള​വ​രു​മാ​യി ഇടപഴ​കു​ന്ന​തി​നെ കുറി​ക്കാ​നും ഈ പദപ്ര​യോ​ഗ​ത്തി​നാ​കും.—ആവ 28:6, 19; സങ്ക 121:8, അടിക്കു​റിപ്പ്‌ എന്നിവ താരത​മ്യം ചെയ്യുക; പ്രവൃ 1:21-ന്റെ പഠനക്കു​റി​പ്പു കാണുക.

ഗ്രീക്കു​ഭാ​ഷ​ക്കാ​രായ ജൂതന്മാർ: ഇവിടെ കാണുന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “ഗ്രീക്കു​ഭാ​ഷ​ക്കാർ” എന്നു മാത്ര​മാ​ണെ​ങ്കി​ലും സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ ഈ വാക്യ​ത്തിൽ അതു കുറി​ക്കു​ന്നത്‌ ഗ്രീക്കു​ഭാ​ഷ​ക്കാ​രിൽത്ത​ന്നെ​യുള്ള ജൂതവം​ശ​ജ​രെ​യാണ്‌. റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ വിവി​ധ​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു വന്നവരാ​യി​രു​ന്നി​രി​ക്കാം അവർ. പ്രവൃ 6:1-ൽ ഈ പദം ക്രിസ്‌ത്യാ​നി​കളെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇവിടെ പ്രവൃ 9:29-ൽ പറഞ്ഞി​രി​ക്കുന്ന ഗ്രീക്കു​ഭാ​ഷ​ക്കാ​രായ ജൂതന്മാർ ക്രിസ്‌ത്യാ​നി​ക​ള​ല്ലാ​യി​രു​ന്നെന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നു. ഗ്രീക്കു​ഭാ​ഷ​ക്കാ​രായ അനേകം ജൂതന്മാർ യരുശ​ലേ​മി​ലേക്കു വന്നിരു​ന്നെന്ന വസ്‌തു​തയെ യരുശ​ലേ​മി​ലെ ഓഫേൽ കുന്നിൽനിന്ന്‌ കണ്ടെടുത്ത തിയോ​ഡോ​ട്ടസ്‌ ലിഖിതം ശരി​വെ​ക്കു​ന്നുണ്ട്‌.—പ്രവൃ 6:1-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹോ​വ​യു​ടെ വഴിയിൽ: അഥവാ “യഹോ​വ​യോ​ടുള്ള ഭയത്തിൽ.” “ഭയം” എന്നതിന്റെ എബ്രാ​യ​പ​ദ​വും എബ്രാ​യ​ച​തു​ര​ക്ഷ​രി​യും (ദൈവ​നാ​മത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു.) ചേർന്ന “യഹോ​വ​യോ​ടുള്ള ഭയത്തിൽ” എന്ന പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും കാണാം. (2ദിന 19:7, 9; സങ്ക 19:9; 111:10; സുഭ 2:5; 8:13; 9:10; 10:27; 19:23; യശ 11:2, 3 എന്നിവ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.) അതേസ​മയം “കർത്താ​വി​നോ​ടുള്ള ഭയത്തിൽ” എന്ന പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ എവി​ടെ​യും കാണു​ന്നു​മില്ല. ഇപ്പോ​ഴുള്ള മിക്ക ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഇവിടെ “കർത്താ​വി​നോ​ടുള്ള ഭയത്തിൽ” എന്നാണു കാണു​ന്ന​തെ​ങ്കി​ലും പുതിയ ലോക ഭാഷാ​ന്തരം “കർത്താവ്‌” എന്നതിനു പകരം “യഹോവ” എന്ന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ അനു. സി-യിൽ വിശദ​മാ​യി വിവരി​ച്ചി​ട്ടുണ്ട്‌.

തബീഥ: തബീഥ എന്ന അരമാ​യ​പേ​രി​ന്റെ അർഥം “ഗസൽമാൻ” എന്നാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ സെവീയാ എന്ന എബ്രാ​യ​പ​ദ​ത്തോ​ടു തത്തുല്യ​മായ ഒരു പേരാണ്‌ ഇത്‌. “പെൺ ഗസൽമാൻ” എന്നാണ്‌ സെവീ​യാ​യു​ടെ അർഥം. (ഉത്ത 4:5; 7:3) ഡോർക്കസ്‌ എന്ന ഗ്രീക്കു​പേ​രി​ന്റെ അർഥവും “ഗസൽമാൻ” എന്നുത​ന്നെ​യാണ്‌. യോപ്പ ഒരു തുറമു​ഖ​ന​ഗ​ര​മാ​യി​രു​ന്ന​തു​കൊണ്ട്‌ അവിടെ ജൂതന്മാ​രും ജനതക​ളിൽപ്പെ​ട്ട​വ​രും താമസി​ച്ചി​രു​ന്നു. ഓരോ ഭാഷക്കാ​രും തബീഥയെ തങ്ങളുടെ ഭാഷയി​ലുള്ള പേര്‌ വിളി​ച്ചി​രി​ക്കാം എന്നതു​കൊണ്ട്‌ തബീഥ ഈ രണ്ടു പേരി​ലും അറിയ​പ്പെ​ട്ടി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. അതല്ലെ​ങ്കിൽ ജനതക​ളിൽപ്പെട്ട വായന​ക്കാർക്കു​വേണ്ടി ലൂക്കോസ്‌ ഈ പേര്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യ​തു​മാ​കാം.

കുപ്പാ​യങ്ങൾ: അഥവാ “പുറങ്കു​പ്പാ​യങ്ങൾ.” ഗ്രീക്കു​പാ​ഠ​ത്തിൽ ഇവിടെ ഹിമാ​റ്റി​യോൺ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ അയഞ്ഞ ഒരു പുറങ്കു​പ്പാ​യ​ത്തെ​യാ​യി​രി​ക്കാം. എന്നാൽ മിക്ക​പ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​രു​ന്നതു ദീർഘ​ച​തു​രാ​കൃ​തി​യി​ലുള്ള ഒരു തുണിയെ കുറി​ക്കാ​നാണ്‌.

തബീഥേ, എഴു​ന്നേൽക്ക്‌: യേശു യായീ​റൊ​സി​ന്റെ മകളെ ഉയിർപ്പി​ച്ച​പ്പോൾ ചെയ്‌ത​തു​പോ​ലുള്ള കാര്യ​ങ്ങ​ളാ​ണു പത്രോ​സും ഇവിടെ ചെയ്യു​ന്നത്‌. (മർ 5:38-42; ലൂക്ക 8:51-55) ബൈബിൾരേ​ഖ​യ​നു​സ​രിച്ച്‌, ഒരു അപ്പോ​സ്‌തലൻ ഉയിർപ്പി​ക്കുന്ന ആദ്യത്തെ ആളാണ്‌ ഇത്‌. ആ സംഭവ​ത്തോ​ടെ യോപ്പ​യിൽ അനേകം ആളുകൾ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു.—പ്രവൃ 9:39-42.

തോൽപ്പ​ണി​ക്കാ​ര​നായ ശിമോൻ: പ്രവൃ 10:6-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൃശ്യാവിഷ്കാരം

ശൗലും ദമസ്‌കൊസും
ശൗലും ദമസ്‌കൊസും

എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ലെ ദമസ്‌കൊസ്‌ നഗരം ഏതാണ്ട്‌ ഈ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. ഒരു പ്രധാന വാണി​ജ്യ​കേ​ന്ദ്ര​മാ​യി​രു​ന്നു അത്‌. അടുത്തുള്ള ബെരാദാ നദിയിൽനിന്ന്‌ (2രാജ 5:12-ലെ അബാന നദിയാണ്‌ ഇത്‌.) വെള്ളം ലഭിച്ചി​രു​ന്ന​തു​കൊണ്ട്‌ നഗരത്തി​നു ചുറ്റു​മുള്ള ഭാഗം സമീപ​പ്ര​ദേ​ശ​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ ഒരു മരുപ്പ​ച്ച​പോ​ലെ​യാ​യി​രു​ന്നു. ധാരാളം സിന​ഗോ​ഗു​ക​ളുള്ള ഒരു സ്ഥലമാ​യി​രു​ന്നു ദമസ്‌കൊസ്‌. ശൗൽ ആ നഗരത്തി​ലേക്കു വന്നതു ‘മാർഗ​ക്കാർ’ എന്നും അറിയ​പ്പെ​ട്ടി​രുന്ന ക്രിസ്‌തു​ശി​ഷ്യ​രിൽ ആരെ​യെ​ങ്കി​ലും കണ്ടാൽ അറസ്റ്റ്‌ ചെയ്യാ​നാ​യി​രു​ന്നു. (പ്രവൃ 9:2; 19:9, 23; 22:4; 24:22) എന്നാൽ അദ്ദേഹം ദമസ്‌കൊ​സി​ലേക്കു പോകു​മ്പോൾ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു അദ്ദേഹ​ത്തി​നു പ്രത്യ​ക്ഷ​നാ​യി. തുടർന്ന്‌ കുറച്ച്‌ നാൾ അദ്ദേഹം ദമസ്‌കൊ​സി​ലെ നേർവീ​ഥി എന്ന തെരു​വി​ലുള്ള യൂദാ​സി​ന്റെ വീട്ടിൽ താമസി​ച്ചു. (പ്രവൃ 9:11) അങ്ങനെ​യി​രി​ക്കെ യേശു ഒരു ദർശന​ത്തിൽ തന്റെ ശിഷ്യ​നായ അനന്യാ​സി​നോട്‌, ആ വീട്ടിൽ ചെന്ന്‌ ശൗലിന്റെ കാഴ്‌ച തിരികെ കൊടു​ക്കാൻ ആവശ്യ​പ്പെട്ടു. പിന്നീട്‌ ശൗൽ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. അങ്ങനെ, ജൂത​ക്രി​സ്‌ത്യാ​നി​കളെ അറസ്റ്റ്‌ ചെയ്യാൻ ചെന്ന ശൗൽ അവരിൽ ഒരാളാ​യി​ത്തീർന്നു. മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​യി ജീവിതം ഉഴിഞ്ഞു​വെച്ച അദ്ദേഹം ആ പ്രവർത്ത​ന​ത്തി​നു തുടക്കം കുറി​ച്ചതു ദമസ്‌കൊ​സി​ലെ സിന​ഗോ​ഗു​ക​ളി​ലാണ്‌. അറേബ്യ​യി​ലേക്കു പോയിട്ട്‌ ദമസ്‌കൊ​സിൽ തിരികെ എത്തിയ ശൗൽ എ.ഡി. 36-ഓടെ യരുശ​ലേ​മി​ലേക്കു മടങ്ങി​യി​രി​ക്കാം.—പ്രവൃ 9:1-6, 19-22; ഗല 1:16, 17.

എ. ദമസ്‌കൊസ്‌

1. യരുശ​ലേ​മി​ലേ​ക്കുള്ള വഴി

2. നേർവീ​ഥി എന്ന തെരുവ്‌

3. ചന്തസ്ഥലം

4. ജൂപ്പി​റ്റ​റി​ന്റെ ക്ഷേത്രം

5. പ്രദർശ​ന​ശാ​ല

6. സംഗീ​ത​പ​രി​പാ​ടി​കൾക്കുള്ള വേദി (?)

ബി. യരുശലേം

തർസൊസിലെ റോമൻ പാത
തർസൊസിലെ റോമൻ പാത

ശൗലിന്റെ (പിന്നീട്‌, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എന്ന്‌ അറിയ​പ്പെട്ടു.) ജന്മസ്ഥല​മാ​യി​രു​ന്നു തർസൊസ്‌. ഏഷ്യാ​മൈ​ന​റി​ന്റെ തെക്കു​കി​ഴക്കൻ കോണി​ലുള്ള കിലിക്യ പ്രദേ​ശത്തെ ഒരു പ്രധാ​ന​ന​ഗ​ര​മാ​യി​രുന്ന ഇത്‌ ഇപ്പോൾ തുർക്കി​യു​ടെ ഭാഗമാണ്‌. (പ്രവൃ 9:11; 22:3) തർസൊസ്‌ അതിസ​മ്പ​ന്ന​മായ ഒരു വലിയ വ്യാപാ​ര​ന​ഗ​ര​മാ​യി​രു​ന്നു. റ്റോറസ്‌ മലനി​ര​ക​ളി​ലൂ​ടെ​യും ‘സിലി​ഷ്യൻ കവാടങ്ങൾ’ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന മലയി​ടു​ക്കി​ലൂ​ടെ​യും (ഈ മലയി​ടു​ക്കിൽ, പാറ വെട്ടി​യു​ണ്ടാ​ക്കിയ ഒരു പാതയു​ണ്ടാ​യി​രു​ന്നു.) കടന്നു​പോ​യി​രുന്ന ഒരു പ്രമുഖ, കിഴക്കു​പ​ടി​ഞ്ഞാ​റൻ വാണി​ജ്യ​പാ​ത​യ്‌ക്ക്‌ അടുത്താ​യി​രു​ന്ന​തു​കൊ​ണ്ടു​തന്നെ ഇതിന്റെ സ്ഥാനം വളരെ തന്ത്ര​പ്ര​ധാ​ന​മാ​യി​രു​ന്നു. സിഡ്‌നസ്‌ നദി മെഡി​റ്റ​റേ​നി​യൻ കടലിൽ പതിക്കു​ന്നി​ടത്ത്‌ ഉണ്ടായി​രുന്ന തുറമു​ഖ​ത്തി​ന്റെ നിയ​ന്ത്ര​ണ​വും ഈ നഗരത്തി​നാ​യി​രു​ന്നു. ഗ്രീക്ക്‌ സംസ്‌കാ​ര​ത്തി​ന്റെ കേന്ദ്ര​മാ​യി​രുന്ന തർസൊ​സിൽ ധാരാളം ജൂതന്മാർ താമസി​ച്ചി​രു​ന്നു. ഇന്നും തർസൊസ്‌ എന്ന പേരിൽത്തന്നെ അറിയ​പ്പെ​ടുന്ന ആ സ്ഥലത്തെ പുരാതന നാശാ​വ​ശി​ഷ്ട​ങ്ങ​ളാണ്‌ ഈ ഫോ​ട്ടോ​യിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. സിഡ്‌നസ്‌ നദി മെഡി​റ്റ​റേ​നി​യൽ കടലിൽ പതിക്കു​ന്നി​ട​ത്തു​നിന്ന്‌ ഏതാണ്ട്‌ 16 കി.മീ. മാറി​യാണ്‌ അതു സ്ഥിതി ചെയ്യു​ന്നത്‌. മാർക്ക്‌ ആന്റണി​യും ക്ലിയോ​പാ​ട്ര​യും ജൂലി​യസ്‌ സീസറും പോലുള്ള പല പ്രമു​ഖ​വ്യ​ക്തി​ക​ളും ചില ചക്രവർത്തി​മാ​രും തർസൊസ്‌ സന്ദർശി​ച്ച​താ​യി രേഖയുണ്ട്‌. റോമൻ രാജ്യ​ത​ന്ത്ര​ജ്ഞ​നും എഴുത്തു​കാ​ര​നും ആയ സിസറോ ബി.സി. 51 മുതൽ ബി.സി. 50 വരെ ആ നഗരത്തി​ന്റെ ഗവർണ​റാ​യി​രു​ന്നു. എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു പ്രമുഖ വിദ്യാ​ഭ്യാ​സ​കേ​ന്ദ്ര​മാ​യി​രുന്ന ഈ നഗരം അക്കാര്യ​ത്തിൽ ആതൻസി​നെ​യും അലക്‌സാൻഡ്രി​യ​യെ​യും പോലും കടത്തി​വെ​ട്ടി​യ​താ​യി ഗ്രീക്ക്‌ ഭൂമി​ശാ​സ്‌ത്ര​ജ്ഞ​നായ സ്‌​ട്രെ​ബോ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. പൗലോസ്‌ തർസൊ​സി​നെ ഒരു ‘പ്രധാ​ന​ന​ഗരം’ എന്നു വിളി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല.—പ്രവൃ 21:39.

ഒരു റോമൻ പാതയുടെ നിർമാണം
ഒരു റോമൻ പാതയുടെ നിർമാണം

റോമൻ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും ധാരാളം റോഡു​കൾ പണിതി​രു​ന്ന​തു​കൊണ്ട്‌ ആദ്യകാല ക്രിസ്‌ത്യാ​നി​കൾക്ക്‌ ആ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും സന്തോ​ഷ​വാർത്ത എത്തിക്കാ​നാ​യി. പൗലോസ്‌ അപ്പോ​സ്‌ത​ല​നും ആ വഴിക​ളി​ലൂ​ടെ കിലോ​മീ​റ്റ​റു​ക​ളോ​ളം യാത്ര ചെയ്‌തി​ട്ടു​ണ്ടെ​ന്ന​തി​നു സംശയ​മില്ല. (കൊലോ 1:23) കല്ലു പാകിയ റോമൻ പാതക​ളു​ടെ നിർമാ​ണ​മാണ്‌ ഇവിടെ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. ആദ്യം, പാത പോകേണ്ട സ്ഥലങ്ങൾ അടയാ​ള​പ്പെ​ടു​ത്തും. തുടർന്ന്‌ അവി​ടെ​നിന്ന്‌ മണ്ണ്‌ എടുത്തു​മാ​റ്റും. എന്നിട്ട്‌ അവിടെ കല്ലും അതിനു മുകളിൽ സിമന്റും അതിനും മുകളി​ലാ​യി മണലും നിരത്തും. ഏറ്റവും മുകളിൽ പരന്ന, വലിയ കല്ലുകൾ പാകും. പാകിയ കല്ലുക​ളും മറ്റും ഇളകി​പ്പോ​കാ​തി​രി​ക്കാൻ റോഡി​ന്റെ ഇരുവ​ശ​ങ്ങ​ളി​ലും പ്രത്യേ​കം കല്ലുക​ളും നാട്ടും. നിർമാ​ണ​വ​സ്‌തു​ക്ക​ളു​ടെ പ്രത്യേ​ക​ത​കൊ​ണ്ടും റോഡി​ന്റെ നടുഭാ​ഗം അൽപ്പം ഉയർത്തി​പ്പ​ണി​തി​രു​ന്ന​തു​കൊ​ണ്ടും വെള്ളം റോഡിൽനിന്ന്‌ എളുപ്പം വാർന്നു​പോ​കു​മാ​യി​രു​ന്നു. അതു റോഡി​ന്റെ ഇരുവ​ശ​ത്തും നിർമി​ച്ചി​രുന്ന ചാലു​ക​ളി​ലേക്ക്‌ ഒഴുകി​പ്പോ​കാ​നാ​യി, വശങ്ങളി​ലെ കല്ലുകൾക്കി​ട​യിൽ അവിട​വി​ടെ വിടവു​ക​ളും നൽകി​യി​രു​ന്നു. ഇത്തരം റോഡു​ക​ളു​ടെ പണി വളരെ മേന്മയു​ള്ള​താ​യി​രു​ന്ന​തു​കൊണ്ട്‌ അവയിൽ ചിലത്‌ കാലത്തെ അതിജീ​വിച്ച്‌ ഇന്നോളം നിലനി​ന്നി​രി​ക്കു​ന്നു. എന്നാൽ റോമൻ സാമ്രാ​ജ്യ​ത്തി​ലെ മിക്ക റോഡു​ക​ളു​ടെ​യും നിർമാ​ണം ഇത്ര സങ്കീർണ​മാ​യി​രു​ന്നില്ല. അവയിൽ പലതും വെറുതേ ചരൽ നിരത്തി ഉണ്ടാക്കി​യ​താ​യി​രു​ന്നു.

ഗ്രീക്കുഭാഷക്കാരായ ജൂതന്മാർക്കുള്ള തിയോഡോട്ടസ്‌ ലിഖിതം
ഗ്രീക്കുഭാഷക്കാരായ ജൂതന്മാർക്കുള്ള തിയോഡോട്ടസ്‌ ലിഖിതം

ഇവിടെ കാണുന്ന തിയോ​ഡോ​ട്ടസ്‌ ലിഖിതം 72 സെ.മീ. (28 ഇഞ്ച്‌) നീളവും 42 സെ.മീ. (17 ഇഞ്ച്‌) വീതി​യും ഉള്ള ഒരു ചുണ്ണാ​മ്പു​ക​ല്ലിൽ കൊത്തി​യു​ണ്ടാ​ക്കി​യ​താണ്‌. 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ, യരുശ​ലേ​മി​ലെ ഓഫേൽ കുന്നിൽനി​ന്നാണ്‌ ഇതു കണ്ടെടു​ത്തത്‌. ഗ്രീക്കു ഭാഷയി​ലുള്ള ഈ ലിഖി​ത​ത്തിൽ, “(മോശ​യു​ടെ) നിയമം വായി​ക്കാ​നും ദൈവ​ക​ല്‌പ​നകൾ പഠിപ്പി​ക്കാ​നും വേണ്ടി​യുള്ള ഒരു സിന​ഗോഗ്‌ പണിത” തിയോ​ഡോ​ട്ടസ്‌ എന്നൊരു പുരോ​ഹി​ത​നെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. എ.ഡി. 70-ൽ യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പുള്ള കാല​ത്തേ​താണ്‌ ഈ ലിഖി​ത​മെന്നു കരുത​പ്പെ​ടു​ന്നു. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ, ഗ്രീക്കു ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാർ യരുശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നെ​ന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. (പ്രവൃ 6:1) ഈ ലിഖി​ത​ത്തിൽ “സിന​ഗോഗ്‌” എന്നു പറഞ്ഞി​രി​ക്കു​ന്നതു ‘വിമോ​ചി​ത​രു​ടെ സിന​ഗോ​ഗി​നെ​ക്കു​റി​ച്ചാ​ണെന്നു’ ചിലർ കരുതു​ന്നു. (പ്രവൃ 6:9) ഇനി, തിയോ​ഡോ​ട്ട​സി​നും അദ്ദേഹ​ത്തി​ന്റെ പിതാ​വി​നും മുത്തശ്ശ​നും ആർഖീ സുന​ഗോ​ഗൊസ്‌ (‘സിന​ഗോ​ഗി​ലെ അധ്യക്ഷൻ’) എന്ന സ്ഥാന​പ്പേര്‌ ഉണ്ടായി​രു​ന്ന​താ​യി ഈ ലിഖി​ത​ത്തിൽ പറഞ്ഞി​ട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ കാണുന്ന ഒരു സ്ഥാന​പ്പേ​രാണ്‌ ഇത്‌. (മർ 5:35; ലൂക്ക 8:49; പ്രവൃ 13:15; 18:8, 17) പുറം​നാ​ടു​ക​ളിൽനിന്ന്‌ യരുശ​ലേം സന്ദർശി​ക്കാൻ വരുന്ന​വർക്കാ​യി തിയോ​ഡോ​ട്ടസ്‌ താമസ​സ്ഥ​ലങ്ങൾ പണിത​താ​യും ലിഖിതം പറയുന്നു. യരുശ​ലേം സന്ദർശി​ക്കാൻ വന്നിരുന്ന ജൂതന്മാർ, പ്രത്യേ​കിച്ച്‌ വാർഷി​കോ​ത്സ​വ​ങ്ങൾക്കാ​യി അവി​ടേക്കു വന്നിരു​ന്നവർ, ഈ താമസ​സ്ഥ​ലങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നി​രി​ക്കാം.—പ്രവൃ 2:5.

യോപ്പ
യോപ്പ

മെഡി​റ്റ​റേ​നി​യൻ തീരത്തുള്ള യോപ്പ എന്ന തുറമു​ഖ​ന​ഗ​ര​മാണ്‌ ഈ വീഡി​യോ​യിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. കർമേൽ പർവത​ത്തി​നും ഗസ്സയ്‌ക്കും ഇടയിൽ, ഏതാണ്ട്‌ മധ്യഭാ​ഗ​ത്താ​യി​ട്ടാണ്‌ അതിന്റെ സ്ഥാനം. ആധുനിക യാഫോ​യെ (അറബി​യിൽ, ജാഫ.) 1950-ൽ ടെൽ അവീവി​ന്റെ ഭാഗമാ​ക്കി​യ​തു​കൊണ്ട്‌ പണ്ടത്തെ യോപ്പ നഗരത്തി​ന്റെ സ്ഥാനത്ത്‌ ഇന്നുള്ളതു ടെൽ അവീവ്‌-യാഫോ ആണ്‌. പാറ​ക്കെ​ട്ടു​കൾ നിറഞ്ഞ ഒരു കുന്നിൻമു​ക​ളിൽ ഏതാണ്ട്‌ 35 മീ. (115 അടി) ഉയരത്തി​ലാ​ണു യോപ്പ സ്ഥിതി ചെയ്‌തി​രു​ന്നത്‌. അതിന്റെ തീരത്തു​നിന്ന്‌ ഏതാണ്ട്‌ 100 മീ. (330 അടി) മാറി, പാറ​കൊ​ണ്ടുള്ള ഒരു വരമ്പുണ്ട്‌. അധികം ഉയരമി​ല്ലാത്ത ആ പാറ​ക്കെ​ട്ടു​കൾ അവിടെ ഒരു സ്വാഭാ​വി​ക​തു​റ​മു​ഖം തീർത്തി​രി​ക്കു​ന്നു. ശലോ​മോ​ന്റെ ദേവാ​ലയം പണിയു​ന്ന​തി​നു സോരി​ലു​ള്ളവർ ലബാ​നോൻ കാടു​ക​ളി​ലെ തടി ചങ്ങാട​ങ്ങ​ളാ​ക്കി ഒഴുക്കി​ക്കൊ​ണ്ടു​വ​ന്നതു യോപ്പ​യി​ലേ​ക്കാ​യി​രു​ന്നു. (2ദിന 2:16) പിൽക്കാ​ലത്ത്‌, തനിക്കു കിട്ടിയ നിയമ​ന​ത്തിൽനിന്ന്‌ ഓടി​യൊ​ളി​ക്കാൻ ആഗ്രഹിച്ച യോന പ്രവാ​ചകൻ തർശീ​ശി​ലേ​ക്കുള്ള കപ്പലിൽ കയറി​യ​തും യോപ്പ​യിൽനി​ന്നാണ്‌. (യോന 1:3) എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ യോപ്പ​യിൽ ഒരു ക്രിസ്‌തീ​യസഭ ഉണ്ടായി​രു​ന്നു. ആ സഭയിലെ ഒരംഗ​മാ​യി​രു​ന്നു പത്രോസ്‌ ഉയിർപ്പിച്ച ഡോർക്കസ്‌ (തബീഥ). (പ്രവൃ 9:36-42) ഇനി, ജനതക​ളിൽപ്പെട്ട കൊർന്നേ​ല്യൊ​സി​നോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ പത്രോ​സി​നെ ഒരുക്കിയ ദിവ്യ​ദർശനം അദ്ദേഹ​ത്തി​നു ലഭിച്ച​തും യോപ്പ​യിൽവെ​ച്ചാണ്‌. അദ്ദേഹം അപ്പോൾ അവിടെ തോൽപ്പ​ണി​ക്കാ​ര​നായ ശിമോ​ന്റെ വീട്ടിൽ താമസി​ക്കു​ക​യാ​യി​രു​ന്നു.—പ്രവൃ 9:43; 10:6, 9-17.

മുകളി​ലത്തെ മുറി
മുകളി​ലത്തെ മുറി

ഇസ്രാ​യേ​ലി​ലെ ചില വീടു​കൾക്കു രണ്ടാം​നി​ല​യു​ണ്ടാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ അകത്തു​നി​ന്നോ പുറത്തു​നി​ന്നോ ഒരു ഏണി​വെ​ച്ചാണ്‌ അവി​ടേക്കു കയറി​യി​രു​ന്നത്‌. ചിലർ അതിനാ​യി വീടി​നു​ള്ളിൽ തടി​കൊ​ണ്ടുള്ള ഗോവ​ണി​പ്പ​ടി​കൾ പണിതി​രു​ന്നു. രണ്ടാം നിലയി​ലേക്കു പുറത്തു​കൂ​ടെ കൽപ്പടി​കൾ കെട്ടുന്ന രീതി​യും ഉണ്ടായി​രു​ന്നു. യേശു ശിഷ്യ​ന്മാ​രോ​ടൊ​പ്പം അവസാ​നത്തെ പെസഹ ആഘോ​ഷി​ച്ച​തും കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം തുടർന്നും ആചരി​ക്കാൻ നിർദേ​ശി​ച്ച​തും ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള വിശാ​ല​മാ​യൊ​രു മേൽമു​റി​യിൽവെ​ച്ചാ​യി​രി​ക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ഏതാണ്ട്‌ 120 ശിഷ്യ​ന്മാ​രു​ടെ മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​പ്പോൾ അവർ സാധ്യ​ത​യ​നു​സ​രിച്ച്‌ യരുശ​ലേ​മി​ലെ ഒരു വീടിന്റെ മുകളി​ലത്തെ മുറി​യി​ലാ​യി​രു​ന്നു.—പ്രവൃ 1:15; 2:1-4.