ഫിലിപ്പിയിലുള്ളവർക്ക് എഴുതിയ കത്ത് 2:1-30
2 അതുകൊണ്ട് നിങ്ങൾക്കിടയിൽ ക്രിസ്തീയപ്രോത്സാഹനമുണ്ടെങ്കിൽ, സ്നേഹത്താലുള്ള സാന്ത്വനമുണ്ടെങ്കിൽ, ആത്മീയകൂട്ടായ്മയുണ്ടെങ്കിൽ,* ആർദ്രപ്രിയമോ അനുകമ്പയോ ഉണ്ടെങ്കിൽ
2 ഒരേ മനസ്സും ഒരേ സ്നേഹവും ഉള്ളവരായി ഒരേ ചിന്തയോടെ+ നല്ല ഒരുമയുള്ളവരായിരിക്കുക. അങ്ങനെ എന്റെ സന്തോഷം പൂർണമാക്കുക.
3 വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ+ ദുരഭിമാനത്തോടെയോ+ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.+
4 നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ+ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.+
5 ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവംതന്നെയാണു നിങ്ങൾക്കും വേണ്ടത്.+
6 ക്രിസ്തു ദൈവസ്വരൂപത്തിലായിരുന്നിട്ടും+ ദൈവത്തോടു തുല്യനാകാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ+
7 തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഒരു അടിമയുടെ രൂപം എടുത്ത്+ മനുഷ്യനായിത്തീർന്നു.*+
8 ഇനി, മനുഷ്യനായിത്തീർന്നശേഷവും ക്രിസ്തു തന്നെത്തന്നെ താഴ്ത്തി അനുസരണമുള്ളവനായി ജീവിച്ചു. മരണത്തോളം,+ ദണ്ഡനസ്തംഭത്തിലെ* മരണത്തോളംപോലും,+ ക്രിസ്തു അനുസരണമുള്ളവനായിരുന്നു.
9 അതുകൊണ്ടുതന്നെ ദൈവം ക്രിസ്തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി+ മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര് കനിഞ്ഞുനൽകി.+
10 സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും ഉള്ള എല്ലാവരും യേശുവിന്റെ പേരിനു മുന്നിൽ മുട്ടുകുത്താനും+
11 എല്ലാ നാവും യേശുക്രിസ്തു കർത്താവാണെന്നു+ പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി പരസ്യമായി സമ്മതിച്ചുപറയാനും വേണ്ടിയാണു ദൈവം ഇതു ചെയ്തത്.
12 അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങൾ എപ്പോഴും അനുസരിക്കാറുള്ളതുപോലെ, അതായത് എന്റെ സാന്നിധ്യത്തിലും അതിനെക്കാൾ മനസ്സോടെ ഇപ്പോൾ എന്റെ അസാന്നിധ്യത്തിലും അനുസരിക്കുന്നതുപോലെ, ഭയത്തോടും വിറയലോടും കൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക.
13 നിങ്ങൾക്ക് ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും തന്നുകൊണ്ട് തന്റെ ഇഷ്ടമനുസരിച്ച് നിങ്ങൾക്ക് ഊർജം പകരുന്നതു ദൈവമാണ്.
14 എല്ലാ കാര്യങ്ങളും പിറുപിറുപ്പും+ വാഗ്വാദവും+ കൂടാതെ ചെയ്യുക.
15 എങ്കിൽ, ഈ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന+ നിങ്ങൾ, വക്രതയുള്ളതും വഴിപിഴച്ചതും ആയ ഒരു തലമുറയിൽ+ കുറ്റമറ്റവരും നിഷ്കളങ്കരും ആയി കറ പുരളാത്ത ദൈവമക്കളായിരിക്കും.+
16 അങ്ങനെ നിങ്ങൾ തുടർന്നും ജീവന്റെ വചനം+ മുറുകെ പിടിക്കുന്നെങ്കിൽ, ഞാൻ ഓടിയതും അധ്വാനിച്ചതും വെറുതേയായിപ്പോയില്ലെന്ന് ഓർത്ത് ക്രിസ്തുവിന്റെ ദിവസത്തിൽ എനിക്കു സന്തോഷിക്കാം.
17 എന്റെ കാര്യമെടുത്താൽ, വിശ്വാസത്താൽ പ്രേരിതരായി നിങ്ങൾ ചെയ്യുന്ന വിശുദ്ധസേവനത്തിന്മേലും* നിങ്ങൾ അർപ്പിക്കുന്ന ബലിയുടെ മേലും+ ഞാൻ എന്നെ ഒരു പാനീയയാഗമായി ചൊരിയുകയാണ്.+ എങ്കിൽപ്പോലും എനിക്കു സന്തോഷമേ ഉള്ളൂ. നിങ്ങളുടെ എല്ലാവരുടെയുംകൂടെ ഞാൻ ആഹ്ലാദിക്കുന്നു.
18 അങ്ങനെതന്നെ, നിങ്ങളും സന്തോഷത്തോടിരുന്ന് എന്റെകൂടെ ആഹ്ലാദിക്കുക.
19 കർത്താവായ യേശുവിന് ഇഷ്ടമെങ്കിൽ തിമൊഥെയൊസിനെ+ വേഗം നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. അപ്പോൾ നിങ്ങളുടെ വിവരങ്ങൾ അറിഞ്ഞ് എനിക്കു പ്രോത്സാഹനം കിട്ടും.
20 നിങ്ങളുടെ കാര്യത്തിൽ ഇത്ര ആത്മാർഥമായ താത്പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റാരും ഇവിടെയില്ല.
21 മറ്റുള്ളവരെല്ലാം യേശുക്രിസ്തുവിന്റെ താത്പര്യമല്ല, സ്വന്തം താത്പര്യമാണു നോക്കുന്നത്.
22 പക്ഷേ തിമൊഥെയൊസ്, ഒരു മകൻ+ അപ്പന്റെകൂടെ എന്നപോലെ എന്റെകൂടെ സന്തോഷവാർത്തയുടെ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ചുകൊണ്ട് യോഗ്യത തെളിയിച്ചതു നിങ്ങൾക്ക് അറിയാമല്ലോ.
23 അതുകൊണ്ടാണ് തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാനിരിക്കുന്നത്. എന്റെ കാര്യങ്ങൾ എങ്ങനെയാകുമെന്ന് അറിഞ്ഞാൽ ഉടനെ ഞാൻ അവനെ അയയ്ക്കും.
24 കർത്താവിന് ഇഷ്ടമെങ്കിൽ എനിക്കും ഉടൻതന്നെ അവിടേക്കു വരാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.+
25 പക്ഷേ ഇപ്പോൾ, എന്റെ സഹോദരനും സഹപ്രവർത്തകനും സഹഭടനും എന്റെ കാര്യങ്ങൾ നോക്കാനുള്ള സഹായിയായി നിങ്ങൾ അയച്ച പ്രതിനിധിയും ആയ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുത്തേക്കു തിരിച്ചയയ്ക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നുന്നു.+
26 കാരണം എപ്പഫ്രൊദിത്തൊസിനു നിങ്ങളെ എല്ലാവരെയും വന്നുകാണാൻ വലിയ ആഗ്രഹമുണ്ട്. തന്റെ രോഗവിവരം നിങ്ങൾ അറിഞ്ഞത് ഓർത്ത് ആൾ ആകെ നിരാശയിലുമാണ്.
27 വാസ്തവത്തിൽ രോഗം മൂർച്ഛിച്ച് അദ്ദേഹം മരിക്കാറായതാണ്. പക്ഷേ ദൈവം കരുണ കാണിച്ചു. എപ്പഫ്രൊദിത്തൊസിനോടു മാത്രമല്ല, എന്നോടും. അല്ലെങ്കിൽ എനിക്കു ദുഃഖത്തിന്മേൽ ദുഃഖം ഉണ്ടായേനേ.
28 അതുകൊണ്ട് ഞാൻ എപ്പഫ്രൊദിത്തൊസിനെ എത്രയും പെട്ടെന്ന് അവിടേക്ക് അയയ്ക്കുകയാണ്. വീണ്ടും അദ്ദേഹത്തെ കാണുമ്പോൾ നിങ്ങൾക്കു സന്തോഷമാകും. എന്റെ ഉത്കണ്ഠയും അൽപ്പമൊന്നു കുറയും.
29 കർത്താവിന്റെ അനുഗാമികളെ നിങ്ങൾ സാധാരണ സ്വീകരിക്കാറുള്ളതുപോലെ നിറഞ്ഞ സന്തോഷത്തോടെ എപ്പഫ്രൊദിത്തൊസിനെയും സ്വീകരിക്കുക. ഇങ്ങനെയുള്ളവരെ വളരെ വിലപ്പെട്ടവരായി കാണണം.+
30 ക്രിസ്തുവിനുവേണ്ടി* പണി ചെയ്യാൻ മരണത്തിന്റെ വക്കോളം പോയതാണല്ലോ എപ്പഫ്രൊദിത്തൊസ്. നിങ്ങൾക്ക് ഇവിടെ വന്ന് ചെയ്തുതരാൻ+ കഴിയാതെപോയ സഹായം എനിക്കു ചെയ്തുതരാൻ സ്വന്തം ജീവൻപോലും എപ്പഫ്രൊദിത്തൊസ് അപകടത്തിലാക്കി.
അടിക്കുറിപ്പുകള്
^ അക്ഷ. “ആത്മാവിനെ പങ്കുവെക്കുന്നുണ്ടെങ്കിൽ.”
^ അക്ഷ. “മനുഷ്യസാദൃശ്യത്തിലായി.”
^ അഥവാ “പൊതുജനസേവനത്തിന്മേലും.”
^ മറ്റൊരു സാധ്യത “കർത്താവിനുവേണ്ടി.”