ഫിലിപ്പിയിലുള്ളവർക്ക് എഴുതിയ കത്ത് 4:1-23
4 അതുകൊണ്ട് ഞാൻ സ്നേഹിക്കുകയും കാണാൻ കൊതിക്കുകയും ചെയ്യുന്ന എന്റെ പ്രിയസഹോദരങ്ങളേ, എന്റെ സന്തോഷവും എന്റെ കിരീടവും+ ആയവരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുക.+
2 കർത്താവിൽ ഒരേ മനസ്സുള്ളവരായിരിക്കാൻ+ യുവൊദ്യയെയും സുന്തുകയെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു.
3 എന്റെ വിശ്വസ്തനായ സഹപ്രവർത്തകനെന്ന നിലയിൽ, ഈ സ്ത്രീകൾക്കു സഹായമായിരിക്കണമെന്നു ഞാൻ താങ്കളോടും അഭ്യർഥിക്കുന്നു. ക്ലേമന്തിന്റെയും ജീവപുസ്തകത്തിൽ പേരുള്ള+ എന്റെ മറ്റു സഹപ്രവർത്തകരുടെയും കൂടെ സന്തോഷവാർത്തയ്ക്കുവേണ്ടി ഇവർ എന്റെകൂടെനിന്ന് പോരാടിയവരാണല്ലോ.*
4 കർത്താവിൽ എപ്പോഴും സന്തോഷിക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോഷിക്കുക!+
5 വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത*+ എല്ലാവരും അറിയട്ടെ. കർത്താവ് അടുത്തെത്തിയിരിക്കുന്നു.
6 ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ.+ കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക.+
7 അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം+ നിങ്ങളുടെ ഹൃദയത്തെയും+ മനസ്സിനെയും* ക്രിസ്തുയേശു മുഖാന്തരം കാക്കും.
8 അവസാനമായി സഹോദരങ്ങളേ, സത്യമായതും ഗൗരവം അർഹിക്കുന്നതും നീതിനിഷ്ഠമായതും നിർമലമായതും* സ്നേഹം ജനിപ്പിക്കുന്നതും സത്കീർത്തിയുള്ളതും അത്യുത്തമമായതും പ്രശംസനീയമായതും ആയ കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക.*+
9 നിങ്ങൾ എന്നിൽ കാണുകയും എന്നിൽനിന്ന് പഠിക്കുകയും സ്വീകരിക്കുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക.+ അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.
10 നിങ്ങൾ എന്നോടു പഴയതുപോലെ വീണ്ടും കരുതൽ കാണിക്കാൻ തുടങ്ങിയല്ലോ+ എന്ന് ഓർത്ത് ഞാൻ കർത്താവിൽ ഒരുപാടു സന്തോഷിക്കുന്നു. നിങ്ങൾ എപ്പോഴും കരുതലുള്ളവരായിരുന്നെങ്കിലും അതു കാണിക്കാൻ നിങ്ങൾക്ക് ഇടക്കാലത്ത് അവസരം കിട്ടിയില്ലെന്നേ ഉള്ളൂ.
11 എനിക്ക് ഇപ്പോൾ എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല ഞാൻ ഇതു പറയുന്നത്. ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ* എനിക്ക് അറിയാം.+
12 ഇല്ലായ്മയിൽ കഴിയാനും+ സമൃദ്ധിയിൽ കഴിയാനും ഞാൻ പഠിച്ചിരിക്കുന്നു. ഏതു കാര്യത്തിലും ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാനോ വിശന്നിരിക്കാനോ സമൃദ്ധിയിൽ കഴിയാനോ ദാരിദ്ര്യത്തിൽ കഴിയാനോ ഉള്ള വിദ്യ എനിക്ക് അറിയാം.
13 എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.+
14 എന്തായാലും എന്റെ കഷ്ടങ്ങളിൽ പങ്കുചേരാൻ നിങ്ങൾ മനസ്സു കാട്ടിയല്ലോ.
15 ഫിലിപ്പിക്കാരേ, നിങ്ങൾക്ക് അറിയാവുന്നതുപോലെ നിങ്ങളോട് ആദ്യമായി സന്തോഷവാർത്ത അറിയിച്ച കാലത്ത്, ഞാൻ മാസിഡോണിയയിൽനിന്ന് പോന്നപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും കൊടുക്കൽവാങ്ങലുകളിൽ എന്റെകൂടെ കൂടിയില്ല.+
16 കാരണം ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യം എന്റെ ആവശ്യങ്ങൾക്കായി നിങ്ങൾ സഹായം എത്തിച്ചുതന്നു.
17 എന്തെങ്കിലും കിട്ടാൻ പ്രതീക്ഷിച്ചാണു ഞാൻ ഇതു പറയുന്നതെന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളുടെ പേരിലുള്ള നിക്ഷേപത്തുക വർധിക്കാൻ ഇടയാക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാകണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.
18 എനിക്ക് ഇപ്പോൾ എല്ലാം ആവശ്യത്തിനും അതിൽക്കൂടുതലും ഉണ്ട്. എപ്പഫ്രൊദിത്തൊസിന്റെ+ കൈവശം നിങ്ങൾ കൊടുത്തയച്ചതു കിട്ടിയതുകൊണ്ട് എനിക്ക് ഇപ്പോൾ ഒന്നിനും കുറവില്ല. അവ ദൈവത്തെ പ്രസാദിപ്പിക്കുന്ന സുഗന്ധവും+ ദൈവത്തിനു സ്വീകാര്യമായ ബലിയും ആയിരുന്നു.
19 അതുകൊണ്ട് എന്റെ ദൈവം തന്റെ സമൃദ്ധമായ മഹത്ത്വത്തിനു യോജിച്ച രീതിയിൽ ക്രിസ്തുയേശുവിലൂടെ നിങ്ങളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റിത്തരും.+
20 നമ്മുടെ പിതാവായ ദൈവത്തിന് എന്നുമെന്നേക്കും മഹത്ത്വം. ആമേൻ.
21 ക്രിസ്തുയേശുവിനോടു യോജിപ്പിലായ എല്ലാ വിശുദ്ധരെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക. എന്റെകൂടെയുള്ള സഹോദരങ്ങളും അവരുടെ സ്നേഹം നിങ്ങളെ അറിയിക്കുന്നു.
22 വിശുദ്ധരെല്ലാവരും, പ്രത്യേകിച്ച് സീസറിന്റെ അരമനയിലുള്ളവർ,+ നിങ്ങളെ അന്വേഷണം അറിയിക്കുന്നു.
23 സഹോദരങ്ങളേ, നിങ്ങൾ കാണിക്കുന്ന നല്ല മനസ്സു കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയയാൽ അനുഗൃഹീതമായിരിക്കട്ടെ.
അടിക്കുറിപ്പുകള്
^ അഥവാ “അധ്വാനിച്ചവരാണല്ലോ.”
^ അഥവാ “നിങ്ങൾ ന്യായബോധമുള്ളവരാണെന്ന്; നിങ്ങൾ വഴക്കമുള്ളവരാണെന്ന്.”
^ അഥവാ “മാനസികപ്രാപ്തികളെയും; ചിന്തകളെയും.”
^ അഥവാ “അതിനെപ്പറ്റിയെല്ലാം തുടർന്നും ധ്യാനിച്ചുകൊണ്ടിരിക്കുക.”
^ അഥവാ “ശുദ്ധമായതും.”
^ അഥവാ “ഉള്ളതുകൊണ്ട് ജീവിക്കാൻ.”