മത്തായി എഴുതിയത്‌ 10:1-42

10  പിന്നെ യേശു തന്റെ 12 ശിഷ്യന്മാരെ വിളിച്ച്‌ അശുദ്ധാത്മാക്കളെ* പുറത്താക്കാനും+ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്താനും അധികാരം കൊടുത്തു. 2  12 അപ്പോസ്‌തലന്മാരുടെ പേരുകൾ:+ പത്രോസ്‌+ എന്നും പേരുള്ള ശിമോൻ, ശിമോന്റെ സഹോദരനായ അന്ത്രയോസ്‌,+ സെബെദിയുടെ മകനായ യാക്കോബ്‌, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ,+ 3  ഫിലിപ്പോസ്‌,+ ബർത്തൊലൊമായി, തോമസ്‌,+ നികുതിപിരിവുകാരനായ മത്തായി,+ അൽഫായിയുടെ മകനായ യാക്കോബ്‌, തദ്ദായി, 4  കനാനേയനായ ശിമോൻ, യേശുവിനെ പിന്നീട്‌ ഒറ്റിക്കൊടുത്ത യൂദാസ്‌ ഈസ്‌കര്യോത്ത്‌.+ 5  ഈ 12 പേരെ യേശു അയച്ചു. അവർക്ക്‌ ഈ നിർദേശങ്ങളും കൊടുത്തു:+ “ജൂതന്മാരല്ലാത്തവരുടെ പ്രദേശത്തേക്കു പോകുകയോ ശമര്യയിലെ ഏതെങ്കിലും നഗരത്തിൽ കടക്കുകയോ അരുത്‌;+ 6  പകരം ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്ത്‌ മാത്രം പോകുക.+ 7  നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പ്രസംഗിക്കണം.+ 8  രോഗികളെ സുഖപ്പെടുത്തുക;+ മരിച്ചവരെ ഉയിർപ്പിക്കുക; കുഷ്‌ഠരോഗികളെ ശുദ്ധരാക്കുക; ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക.+ 9  നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+ 10  വേറെ വസ്‌ത്രമോ ചെരിപ്പോ വടിയോ യാത്രയ്‌ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്‌;+ വേലക്കാരൻ ആഹാരത്തിന്‌ അർഹനാണല്ലോ.+ 11  “നിങ്ങൾ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ ചെല്ലുമ്പോൾ അവിടെ അർഹതയുള്ളയാൾ ആരെന്ന്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുക; അവിടം വിട്ട്‌ പോകുന്നതുവരെ അയാളുടെകൂടെ താമസിക്കുക.+ 12  നിങ്ങൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടുകാരെ അഭിവാദനം ചെയ്യണം. 13  ആ വീടിന്‌ അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിന്മേൽ വരട്ടെ.+ അതിന്‌ അർഹതയില്ലെങ്കിലോ, ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. 14  ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ ആ വീടോ നഗരമോ വിട്ട്‌ പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.+ 15  ന്യായവിധിദിവസം സൊദോമിനും ഗൊമോറയ്‌ക്കും+ ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും അവരുടേത്‌ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 16  “ഇതാ, ഞാൻ നിങ്ങളെ അയയ്‌ക്കുന്നു; ചെന്നായ്‌ക്കൾക്കിടയിൽ ചെമ്മരിയാടുകളെപ്പോലെയാണു+ നിങ്ങൾ. അതുകൊണ്ട്‌ പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും ആയിരിക്കുക.+ 17  മനുഷ്യരെ സൂക്ഷിച്ചുകൊള്ളുക; അവർ നിങ്ങളെ കോടതിയിൽ ഹാജരാക്കുകയും+ അവരുടെ സിനഗോഗുകളിൽവെച്ച്‌ നിങ്ങളെ ചാട്ടയ്‌ക്ക്‌ അടിക്കുകയും ചെയ്യും.+ 18  എന്നെപ്രതി നിങ്ങളെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കും.+ അങ്ങനെ അവരോടും ജനതകളോടും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ പറയാൻ നിങ്ങൾക്ക്‌ അവസരം കിട്ടും.+ 19  എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച്‌ ഉത്‌കണ്‌ഠപ്പെടേണ്ടാ. പറയാനുള്ളത്‌ ആ സമയത്ത്‌ നിങ്ങൾക്കു കിട്ടിയിരിക്കും;+ 20  കാരണം സംസാരിക്കുന്നതു നിങ്ങൾ ഒറ്റയ്‌ക്കല്ല. നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.+ 21  കൂടാതെ, സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ്‌ അവരെ കൊല്ലിക്കും.+ 22  എന്റെ പേര്‌ നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.+ 23  ഒരു നഗരത്തിൽ അവർ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊന്നിലേക്ക്‌ ഓടിപ്പോകുക.+ കാരണം, മനുഷ്യപുത്രൻ വരുന്നതിനു മുമ്പ്‌ നിങ്ങൾ ഇസ്രായേൽപട്ടണങ്ങൾ മുഴുവനും ഒരു കാരണവശാലും സഞ്ചരിച്ചുതീർക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 24  “വിദ്യാർഥി അധ്യാ​പക​നെ​ക്കാൾ വലിയ​വനല്ല; അടിമ യജമാ​നനെ​ക്കാൾ വലിയ​വ​നു​മല്ല.+ 25  വിദ്യാർഥി അധ്യാ​പക​നെ​പ്പോലെയായാൽ മതി; അടിമ യജമാനനെപ്പോലെയും.+ ആളുകൾ കുടുംബനാഥനെ ബയെത്‌സെബൂബ്‌+ എന്നു വിളിച്ചെങ്കിൽ വീട്ടുകാരുടെ കാര്യം പറയാനുണ്ടോ! 26  അതുകൊണ്ട്‌ അവരെ പേടിക്കേണ്ടാ. മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നും മറഞ്ഞിരിക്കില്ല. രഹസ്യമായതൊന്നും വെളിച്ചത്ത്‌ വരാതിരിക്കുകയുമില്ല.+ 27  ഞാൻ ഇരുട്ടത്ത്‌ നിങ്ങളോടു പറയുന്നതു നിങ്ങൾ വെളിച്ചത്ത്‌ പറയുക; ചെവിയിൽ സ്വകാര്യമായി പറയുന്നതു പുരമുകളിൽനിന്ന്‌ വിളിച്ചുപറയുക.+ 28  ദേഹിയെ കൊല്ലാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ.+ പകരം, ദേഹിയെയും ശരീരത്തെയും ഗീഹെന്നയിൽ നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.+ 29  നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ രണ്ടു കുരുവികളെ വിൽക്കുന്നത്‌? എങ്കിലും അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ്‌ അറിയാതെ നിലത്ത്‌ വീഴില്ല.+ 30  എന്നാൽ നിങ്ങളുടെ കാര്യമോ, നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.+ 31  അതുകൊണ്ട്‌ പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!+ 32  “മറ്റുള്ളവരുടെ മുന്നിൽ എന്നെ അംഗീകരിക്കുന്ന ഏതൊരാളെയും+ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും അംഗീകരിക്കും.+ 33  മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പറയുന്നവരെയോ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും തള്ളിപ്പറയും.+ 34  ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത്‌ എന്നു വിചാരിക്കേണ്ടാ. സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്‌.+ 35  മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും+ ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്‌. 36  ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും. 37  എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ സ്‌നേഹിക്കുന്നവൻ എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല. എന്നെക്കാൾ അധികം മകനെയോ മകളെയോ സ്‌നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.+ 38  സ്വന്തം ദണ്ഡനസ്‌തംഭം എടുത്ത്‌ എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.+ 39  തന്റെ ദേഹിയെ കണ്ടെത്തുന്നവന്‌ അതു നഷ്ടമാകും. എനിക്കുവേണ്ടി ദേഹിയെ നഷ്ടപ്പെടുത്തുന്നവനോ അതു തിരികെ കിട്ടും.+ 40  “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.+ 41  പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം കിട്ടും.+ നീതിമാനാണെന്ന ഒറ്റ കാരണത്താൽ ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം കിട്ടും. 42  ഈ ചെറിയവരിൽ ഒരാൾക്ക്‌, അയാൾ എന്റെ ഒരു ശിഷ്യനാണെന്ന കാരണത്താൽ അൽപ്പം വെള്ളമെങ്കിലും കുടിക്കാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+

അടിക്കുറിപ്പുകള്‍

ഭൂതങ്ങളെ കുറിക്കുന്നു.

പഠനക്കുറിപ്പുകൾ

അപ്പോ​സ്‌ത​ല​ന്മാർ: അഥവാ “അയയ്‌ക്ക​പ്പെ​ട്ടവർ.” അപ്പോ​സ്‌തൊ​ലൊസ്‌ എന്ന പദത്തിന്റെ ഉത്ഭവം, “പറഞ്ഞയ​യ്‌ക്കുക” എന്ന്‌ അർഥം​വ​രുന്ന അപ്പോ​സ്‌തെ​ലൊ എന്ന ഗ്രീക്കു​ക്രി​യ​യിൽനി​ന്നാണ്‌. (മത്ത 10:5; ലൂക്ക 11:49; 14:32) ഈ പദത്തിന്റെ അടിസ്ഥാ​നാർഥം യോഹ 13:16-ലെ യേശു​വി​ന്റെ വാക്കുകൾ വ്യക്തമാ​ക്കു​ന്നു. അവിടെ അത്‌ “അയയ്‌ക്ക​പ്പെ​ട്ടവൻ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

പത്രോസ്‌ എന്നും പേരുള്ള ശിമോൻ: തിരു​വെ​ഴു​ത്തു​ക​ളിൽ പത്രോ​സി​ന്റെ അഞ്ച്‌ പേരുകൾ കാണാം: (1) “ശിമ്യോൻ.” ശിമെ​യോൻ എന്ന എബ്രാ​യ​പേ​രി​നോ​ടു വളരെ സാമ്യ​മുള്ള ഗ്രീക്കു​രൂ​പം; (2) “ശിമോൻ” എന്ന ഗ്രീക്കു​പേര്‌. (ശിമ്യോൻ, ശിമോൻ എന്നീ പേരു​ക​ളു​ടെ ഉത്ഭവം “കേൾക്കുക; ശ്രദ്ധി​ക്കുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രാ​യ​ക്രി​യ​യിൽനി​ന്നാണ്‌.); (3) “പത്രോസ്‌.” (“പാറക്ക​ഷണം” എന്ന്‌ അർഥം വരുന്ന ഗ്രീക്കു​പേര്‌. തിരു​വെ​ഴു​ത്തു​ക​ളിൽ മറ്റാർക്കും ഈ പേരില്ല.); (4) “കേഫ.” പത്രോസ്‌ എന്നതിനു തത്തുല്യ​മായ അരമാ​യ​പേര്‌. [ഇയ്യ 30:6; യിര 4:29 എന്നീ വാക്യ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കെഫിം (പാറകൾ) എന്ന എബ്രാ​യ​പ​ദ​ത്തോട്‌ ഈ പേരിനു ബന്ധമു​ണ്ടാ​കാം.]; (5) ശിമോൻ, പത്രോസ്‌ എന്നീ പേരുകൾ ചേർന്ന “ശിമോൻ പത്രോസ്‌.”​—പ്രവൃ 15:14; യോഹ 1:42; മത്ത 16:16.

ബർത്തൊ​ലൊ​മാ​യി: അർഥം: “തൊൽമാ​യി​യു​ടെ മകൻ.” യോഹ​ന്നാൻ പറഞ്ഞ നഥന​യേൽത​ന്നെ​യാണ്‌ ഇതെന്നു കരുത​പ്പെ​ടു​ന്നു. (യോഹ 1:45, 46) മത്തായി​യും ലൂക്കോ​സും ബർത്തൊ​ലൊ​മാ​യി​യെ ഫിലി​പ്പോ​സു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കുന്ന അതേ വിധത്തി​ലാ​ണു യോഹ​ന്നാൻ നഥന​യേ​ലി​നെ ഫിലി​പ്പോ​സു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെന്നു സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ താരത​മ്യം ചെയ്യു​മ്പോൾ മനസ്സി​ലാ​കും.​—മത്ത 10:3; ലൂക്ക 6:14.

നികു​തി​പി​രി​വു​കാ​രൻ: ഈ സുവി​ശേഷം എഴുതിയ മത്തായി മുമ്പ്‌ ഒരു നികു​തി​പി​രി​വു​കാ​ര​നാ​യി​രു​ന്ന​തു​കൊണ്ട്‌ സംഖ്യ​ക​ളെ​ക്കു​റി​ച്ചും തുകക​ളെ​ക്കു​റി​ച്ചും ധാരാളം പരാമർശങ്ങൾ നടത്തി​യി​ട്ടുണ്ട്‌. (മത്ത 17:27; 26:15; 27:3) മത്തായി പലപ്പോ​ഴും സംഖ്യകൾ കൃത്യ​മാ​യി എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹം യേശു​വി​ന്റെ വംശാ​വലി 14 തലമു​റകൾ വീതമുള്ള മൂന്നു ഭാഗങ്ങ​ളാ​യി തിരി​ച്ചി​ട്ടുണ്ട്‌. (മത്ത 1:1-17) കൂടാതെ, കർത്താ​വി​ന്റെ പ്രാർഥ​ന​യി​ലെ ഏഴ്‌ അപേക്ഷകൾ, (മത്ത 6:9-13) മത്ത 13-ാം അധ്യാ​യ​ത്തി​ലെ ഏഴു ദൃഷ്ടാ​ന്തങ്ങൾ, മത്ത 23:13-36 വരെയുള്ള വാക്യ​ങ്ങ​ളി​ലെ “നിങ്ങളു​ടെ കാര്യം കഷ്ടം” എന്ന ശൈലി​യി​ലുള്ള ഏഴു പ്രസ്‌താ​വ​നകൾ എന്നിവ​യും അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. “നികു​തി​പി​രി​വു​കാ​രൻ” എന്ന പദത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ മത്ത 5:46-ന്റെ പഠനക്കു​റി​പ്പു കാണുക.

മത്തായി: ലേവി എന്നും അറിയ​പ്പെ​ട്ടി​രു​ന്നു.​—ലൂക്ക 5:27.

അൽഫാ​യി​യു​ടെ മകനായ യാക്കോബ്‌: മർ 3:18-ന്റെ പഠനക്കു​റി​പ്പു കാണുക.

തദ്ദായി: അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പേരുകൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ലൂക്ക 6:16-ലും പ്രവൃ 1:13-ലും തദ്ദായി​യു​ടെ പേരു കാണു​ന്നില്ല. പകരം “യാക്കോ​ബി​ന്റെ മകനായ യൂദാസ്‌” എന്നാണു കാണു​ന്നത്‌. ഇതിൽനിന്ന്‌ “യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ അല്ലാത്ത മറ്റേ യൂദാസ്‌” എന്ന്‌ യോഹ​ന്നാൻ വിളിച്ച അപ്പോ​സ്‌ത​ലന്റെ മറ്റൊരു പേരാണ്‌ തദ്ദായി എന്നു നമുക്കു നിഗമനം ചെയ്യാം. (യോഹ 14:22) ഈ യൂദാ​സി​നെ ഒറ്റുകാ​ര​നായ യൂദാസ്‌ ഈസ്‌ക​ര്യോ​ത്താ​യി തെറ്റി​ദ്ധ​രി​ച്ചേ​ക്കും എന്നതു​കൊ​ണ്ടാ​യി​രി​ക്കാം തദ്ദായി എന്ന പേര്‌ ചിലയി​ട​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

കനാ​നേ​യൻ: അപ്പോ​സ്‌ത​ല​നായ ശിമോ​നെ അപ്പോ​സ്‌ത​ല​നായ ശിമോൻ പത്രോ​സിൽനിന്ന്‌ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന ഒരു വിശേ​ഷണം. (മർ 3:18) “തീവ്ര​നി​ല​പാ​ടു​കാ​രൻ; ഉത്സാഹി” എന്നൊക്കെ അർഥമുള്ള ഒരു എബ്രായ അല്ലെങ്കിൽ അരമായ പദത്തിൽനി​ന്നാ​യി​രി​ക്കാം ഇതിന്റെ ഉത്ഭവം. “തീക്ഷ്‌ണ​ത​യു​ള്ളവൻ” എന്നു ശിമോ​നെ വിശേ​ഷി​പ്പി​ക്കാൻ ലൂക്കോസ്‌ ഉപയോ​ഗിച്ച സെലോ​റ്റേസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​നും “തീവ്ര​നി​ല​പാ​ടു​കാ​രൻ; ഉത്സാഹി” എന്നൊ​ക്കെ​യാണ്‌ അർഥം. (ലൂക്ക 6:15; പ്രവൃ 1:13) മുമ്പ്‌ ശിമോൻ, റോമാ​ക്കാ​രെ എതിർത്തി​രുന്ന തീവ്ര​നി​ല​പാ​ടു​കാ​രായ ഒരു ജൂതവി​ഭാ​ഗ​ത്തിൽപ്പെട്ട ആളായി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ തീക്ഷ്‌ണ​ത​യും ഉത്സാഹ​വും കാരണ​മാ​യി​രി​ക്കാം ഇങ്ങനെ​യൊ​രു പേരു കിട്ടി​യത്‌.

ഈസ്‌ക​ര്യോത്ത്‌: “കെരീ​യോ​ത്തിൽനി​ന്നുള്ള മനുഷ്യൻ” എന്നായി​രി​ക്കാം അർഥം. യൂദാ​സി​ന്റെ അപ്പനായ ശിമോ​നെ​യും “ഈസ്‌ക​ര്യോത്ത്‌” എന്നു വിളി​ച്ചി​ട്ടുണ്ട്‌. (യോഹ 6:71) ശിമോ​നും യൂദാ​സും യഹൂദ്യ​യി​ലെ കെരീ​യോത്ത്‌-ഹെ​സ്രോൻ എന്ന പട്ടണത്തിൽനി​ന്നു​ള്ള​വ​രാ​ണെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു. (യോശ 15:25) ഇതു സത്യമാ​ണെ​ങ്കിൽ 12 അപ്പോ​സ്‌ത​ല​ന്മാ​രിൽ യൂദാസ്‌ മാത്ര​മാണ്‌ യഹൂദ്യ​യിൽനി​ന്നു​ള്ളത്‌. മറ്റെല്ലാ​വ​രും ഗലീല​ക്കാ​രാ​യി​രു​ന്നു.

സ്വർഗ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു: മത്ത 4:17-ന്റെ പഠനക്കു​റി​പ്പു കാണുക.

പ്രസം​ഗി​ക്കു​ക: അതായത്‌, എല്ലാവ​രും അറിയാൻ പരസ്യ​മാ​യി ഘോഷി​ക്കുക.​—മത്ത 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

കുഷ്‌ഠ​രോ​ഗി​കൾ: മത്ത 8:2-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “കുഷ്‌ഠം; കുഷ്‌ഠ​രോ​ഗി” എന്നതും കാണുക.

അഭിവാ​ദ​നം: ജൂതന്മാർക്കി​ട​യി​ലെ സർവസാ​ധാ​ര​ണ​മായ ഒരു അഭിവാ​ദ​ന​മാ​യി​രു​ന്നു “നിങ്ങൾക്കു സമാധാ​നം” എന്നത്‌.​—ന്യായ 19:20; മത്ത 10:13; ലൂക്ക 10:5.

നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക: ദൈവം വരുത്താൻപോ​കുന്ന കാര്യ​ങ്ങൾക്ക്‌ ഇനി തങ്ങൾ ഉത്തരവാ​ദി​ക​ള​ല്ലെന്നു ശിഷ്യ​ന്മാ​രു​ടെ ഈ പ്രവൃത്തി സൂചി​പ്പി​ക്കു​മാ​യി​രു​ന്നു. മർ 6:11-ലും ലൂക്ക 9:5-ലും ഇതേ പദപ്ര​യോ​ഗം കാണാം. എന്നാൽ മർക്കോ​സും ലൂക്കോ​സും “അത്‌ അവർക്ക്‌ (അഥവാ “അവർക്കെ​തി​രെ”) ഒരു തെളി​വാ​കട്ടെ” എന്നുകൂ​ടി കൂട്ടി​ച്ചേർത്തി​ട്ടുണ്ട്‌. പൗലോ​സും ബർന്നബാ​സും പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽവെച്ച്‌ ഇങ്ങനെ ചെയ്‌ത​താ​യി കാണാം. (പ്രവൃ 13:51) കൊരി​ന്തിൽവെച്ച്‌ പൗലോസ്‌ തന്റെ ‘വസ്‌ത്രം കുടഞ്ഞ​തും’ ഇതി​നോ​ടു സമാന​മാ​യൊ​രു കാര്യ​മാ​യി​രു​ന്നു. “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാ​രനല്ല” എന്നൊരു വിശദീ​ക​ര​ണ​വും പൗലോസ്‌ അതോ​ടൊ​പ്പം നൽകി. (പ്രവൃ 18:6) ഇത്തരം രീതികൾ ശിഷ്യ​ന്മാർക്കു സുപരി​ചി​ത​മാ​യി​രു​ന്നി​രി​ക്കണം. കാരണം മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ച്ചി​ട്ടു ജൂതന്മാ​രു​ടെ പ്രദേ​ശ​ത്തേക്കു വീണ്ടും കടക്കു​ന്ന​തി​നു മുമ്പ്‌ മതഭക്ത​രായ ജൂതന്മാർ ചെരി​പ്പി​ലെ പൊടി തട്ടിക്ക​ള​യു​മാ​യി​രു​ന്നു. ആ പൊടി അശുദ്ധ​മാ​യാണ്‌ അവർ കണ്ടിരു​ന്നത്‌. എന്നാൽ ശിഷ്യ​ന്മാർക്കു നിർദേശം കൊടു​ത്ത​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്തായാ​ലും ഇതായി​രു​ന്നില്ല.

ഇതാ: മത്ത 1:23-ന്റെ പഠനക്കു​റി​പ്പു കാണുക.

പാമ്പു​ക​ളെ​പ്പോ​ലെ ജാഗ്ര​ത​യു​ള്ളവർ: ജാഗ്ര​ത​യു​ള്ളവർ എന്ന്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം വിവേ​ക​മു​ള്ളവർ, വകതി​രി​വു​ള്ളവർ, സൂക്ഷ്‌മ​ബു​ദ്ധി​യു​ള്ളവർ എന്നൊ​ക്കെ​യാണ്‌. അപകടങ്ങൾ തിരി​ച്ച​റിഞ്ഞ്‌ അവ ഒഴിവാ​ക്കാൻ മിക്ക പാമ്പു​കൾക്കും പ്രത്യേ​ക​സാ​മർഥ്യ​മു​ണ്ടെ​ന്നാ​ണു ജന്തുശാ​സ്‌ത്ര​ജ്ഞ​രു​ടെ അഭി​പ്രാ​യം. ആക്രമി​ക്കു​ന്ന​തി​നെ​ക്കാൾ ഓടി​യൊ​ളി​ക്കാ​നാണ്‌ അവയുടെ പ്രവണത. സമാന​മാ​യി തന്റെ ശിഷ്യ​ന്മാ​രും പ്രസം​ഗ​പ്ര​വർത്തനം നടത്തു​മ്പോൾ എതിരാ​ളി​ക​ളെ​ക്കു​റിച്ച്‌ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും അപകടങ്ങൾ മുൻകൂ​ട്ടി​ക്കണ്ട്‌ അവ ഒഴിവാ​ക്ക​ണ​മെ​ന്നും പറയു​ക​യാ​യി​രു​ന്നു യേശു.

കോടതി: സുനേ​ദ്രി​ഒൻ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ “കോടതി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഈ പദം ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു യരുശ​ലേ​മിൽ സ്ഥിതി​ചെ​യ്യുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യായ സൻഹെ​ദ്രി​നെ കുറി​ക്കാ​നാണ്‌. (പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” എന്നതും മത്ത 5:22; 26:59 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും കാണുക.) എന്നാൽ കുറെ​ക്കൂ​ടെ വിശാ​ല​മായ ഒരർഥ​ത്തിൽ, ആളുക​ളു​ടെ ഒരു കൂടി​വ​ര​വി​നെ​യോ യോഗ​ത്തെ​യോ കുറി​ക്കാ​നും ഇത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. ഇവിടെ അതു സിന​ഗോ​ഗു​ക​ളോ​ടു ചേർന്ന്‌ പ്രവർത്തി​ച്ചി​രുന്ന പ്രാ​ദേ​ശി​ക​കോ​ട​തി​കളെ കുറി​ക്കു​ന്നു. ആളുകളെ മതഭ്ര​ഷ്ട​രാ​ക്കാ​നും ചാട്ടയ്‌ക്ക​ടി​പ്പി​ക്കാ​നും ഇത്തരം കോട​തി​കൾക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു.​—മത്ത 23:34; മർ 13:9; ലൂക്ക 21:12; യോഹ 9:22; 12:42; 16:2.

സഹിച്ചു​നിൽക്കു​ന്നവൻ: അഥവാ “സഹിച്ചു​നി​ന്നവൻ.”—മത്ത 24:13-ന്റെ പഠനക്കു​റി​പ്പു കാണുക.

ബയെത്‌സെ​ബൂബ്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ “ഈച്ചക​ളു​ടെ നാഥൻ (ദേവൻ)” എന്ന്‌ അർഥം​വ​രുന്ന ബാൽസെ​ബൂബ്‌ എന്നതിന്റെ മറ്റൊരു രൂപം. എക്രോ​നി​ലെ ഫെലി​സ്‌ത്യർ ആരാധി​ച്ചി​രു​ന്നതു ബാൽസെ​ബൂബ്‌ എന്ന ഈ ബാൽദേ​വ​നെ​യാണ്‌. (2രാജ 1:3) ചില ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ബീൽസെ​ബൗൽ, ബീസെ​ബൗൽ എന്നിങ്ങ​നെ​യുള്ള മറ്റു രൂപങ്ങ​ളാ​ണു കാണു​ന്നത്‌. [സാധ്യ​ത​യ​നു​സ​രിച്ച്‌ അർഥം: ഉന്നതമായ വാസസ്ഥാ​ന​ത്തി​ന്റെ (തിരു​നി​വാ​സ​ത്തി​ന്റെ) നാഥൻ (ദേവൻ).] ഇനി ഈ പേര്‌ ബൈബി​ളേതര എബ്രാ​യ​പ​ദ​മായ സെവലിൽനിന്ന്‌ (കാഷ്‌ഠം) വന്നതാ​ണെ​ങ്കിൽ, അതിന്റെ അർഥം “കാഷ്‌ഠ​ത്തി​ന്റെ നാഥൻ (ദേവൻ)” എന്നാണ്‌. മത്ത 12:24-ൽ കാണു​ന്ന​തു​പോ​ലെ, ഭൂതങ്ങ​ളു​ടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറി​ക്കാ​നാണ്‌ ഈ പേര്‌ പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌.

പറയാ​നു​ണ്ടോ!: അക്ഷ. “എത്രയ​ധി​കം.” മത്ത 7:11-ന്റെ പഠനക്കു​റി​പ്പു കാണുക.

വെളി​ച്ചത്ത്‌: അതായത്‌, എല്ലാവ​രും അറിയും​വി​ധം പരസ്യ​മാ​യി.

പുരമു​ക​ളിൽനിന്ന്‌ വിളി​ച്ചു​പ​റ​യുക: “പരസ്യ​മാ​യി പ്രഖ്യാ​പി​ക്കുക” എന്ന്‌ അർഥം വരുന്ന ഒരു പ്രയോ​ഗം. ബൈബിൾക്കാ​ല​ങ്ങ​ളിൽ, വീടു​കൾക്കു പരന്ന മേൽക്കൂ​ര​യാ​ണു​ണ്ടാ​യി​രു​ന്നത്‌. അവി​ടെ​നിന്ന്‌ അറിയി​പ്പു​കൾ നടത്താ​നാ​കു​മാ​യി​രു​ന്നു. അവി​ടെ​വെച്ച്‌ ചെയ്യുന്ന ചില കാര്യങ്ങൾ എല്ലാവ​രും അറിയു​ക​യും ചെയ്‌തി​രു​ന്നു.​—2ശമു 16:22.

ദേഹി: അഥവാ, “ജീവൻ.” അതായത്‌, ഒരാൾക്കു പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ലഭിക്കുന്ന ഭാവി​ജീ​വി​തം. സൈക്കി എന്ന ഗ്രീക്കു​പ​ദ​വും അതിന്റെ തത്തുല്യ എബ്രാ​യ​പ​ദ​മായ നെഫെ​ഷും (കാലങ്ങ​ളാ​യി “ദേഹി” എന്നു തർജമ ചെയ്‌തു​പോ​രുന്ന വാക്കുകൾ.) അടിസ്ഥാ​ന​പ​ര​മാ​യി അർഥമാ​ക്കു​ന്നത്‌ (1) ആളുക​ളെ​യോ (2) ജന്തുക്ക​ളെ​യോ (3) ആളുക​ളു​ടെ അല്ലെങ്കിൽ ജന്തുക്ക​ളു​ടെ ജീവ​നെ​യോ ആണ്‌. (ഉൽ 1:20; 2:7; സംഖ 31:28; 1പത്ര 3:20; അടിക്കുറിപ്പുകൾ) “ഒരാളു​ടെ ജീവൻ” എന്ന അർഥത്തിൽ സൈക്കി എന്ന ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌ മത്ത 6:25; 10:39; 16:25, 26; മർ 8:35-37; ലൂക്ക 12:20; യോഹ 10:11, 15; 12:25; 13:37, 38; 15:13; പ്രവൃ 20:10 എന്നീ വാക്യങ്ങൾ. മത്ത 10:28-ലെ യേശു​വി​ന്റെ വാക്കു​ക​ളു​ടെ അർഥം കൃത്യ​മാ​യി മനസ്സി​ലാ​ക്കാൻ ഇതു​പോ​ലുള്ള വാക്യങ്ങൾ സഹായി​ക്കു​ന്നു.​—പദാവലി കാണുക.

ദേഹി​യെ​യും ശരീര​ത്തെ​യും . . . നശിപ്പി​ക്കാൻ കഴിയു​ന്നവൻ: ഒരാളു​ടെ “ദേഹിയെ” (അയാൾ വീണ്ടും ജീവി​ക്കാ​നുള്ള സാധ്യ​ത​യെ​യാണ്‌ ഇവിടെ കുറി​ക്കു​ന്നത്‌.) നശിപ്പി​ക്കാ​നോ നിത്യ​മായ ജീവി​ത​ത്തി​ലേക്ക്‌ അയാളെ ഉയിർപ്പി​ക്കാ​നോ കഴിയു​ന്നതു ദൈവ​ത്തി​നു മാത്ര​മാണ്‌. “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം, മർത്യ​മാ​യ​തും നശിപ്പി​ക്ക​പ്പെ​ടാ​വു​ന്ന​തും എന്ന അർഥത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌ ഇത്‌. മർ 3:4; ലൂക്ക 17:33; യോഹ 12:25; പ്രവൃ 3:23 എന്നിവ മറ്റു ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.

ഗീഹെന്ന: നിത്യ​മായ നാശത്തെ കുറി​ക്കു​ന്നു.​—മത്ത 5:22-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യും കാണുക.

നിസ്സാ​ര​വി​ല​യു​ള്ള ഒരു നാണയ​ത്തുട്ട്‌: അക്ഷ. “ഒരു അസ്സാറി​യൊൻ.” 45 മിനിട്ട്‌ ജോലി ചെയ്യു​ന്ന​തിന്‌ ഒരാൾക്കു കിട്ടി​യി​രുന്ന കൂലി. (അനു. ബി14 കാണുക.) ഗലീല​യിൽ മൂന്നാം പര്യടനം നടത്തുന്ന ഈ സന്ദർഭ​ത്തിൽ, ഒരു അസ്സാറി​യൊ​നി​നു രണ്ടു കുരു​വി​കളെ വാങ്ങാ​മെന്നു യേശു പറഞ്ഞു. തെളി​വ​നു​സ​രിച്ച്‌ ഒരു വർഷത്തി​നു ശേഷം യഹൂദ്യ​യി​ലെ ശുശ്രൂ​ഷ​യു​ടെ സമയത്ത്‌, അതിന്റെ ഇരട്ടി വിലയ്‌ക്ക്‌ അഞ്ചു കുരു​വി​കളെ കിട്ടു​മെന്നു യേശു പറഞ്ഞു. (ലൂക്ക 12:6) ഈ രണ്ടു വിവര​ണങ്ങൾ താരത​മ്യം ചെയ്‌താൽ ഒരു കാര്യം വ്യക്തം: വ്യാപാ​രി​കൾ കുരു​വി​കളെ തീരെ വിലയി​ല്ലാ​ത്ത​താ​യാ​ണു കണ്ടിരു​ന്നത്‌. കാരണം അഞ്ചാമത്തെ കുരു​വി​യെ അവർ സൗജന്യ​മാ​യി കൊടു​ത്തി​രു​ന്നു.

കുരു​വി​കൾ: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്‌റ്റ്രുതീ​യൊൻ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അൽപ്പതാ​വാ​ചി​രൂ​പം (diminutive form) സൂചി​പ്പി​ക്കു​ന്നത്‌ ഈ പദത്തിന്‌ ഏതൊരു ചെറിയ പക്ഷി​യെ​യും കുറി​ക്കാ​നാ​കും എന്നാണ്‌. പക്ഷേ ഇതു മിക്ക​പ്പോ​ഴും കുരു​വി​ക​ളെ​യാണ്‌ അർഥമാ​ക്കി​യി​രു​ന്നത്‌. ഭക്ഷ്യ​യോ​ഗ്യ​മായ പക്ഷിക​ളിൽ ഏറ്റവും വില കുറഞ്ഞ​വ​യാ​യി​രു​ന്നു ഇവ.

നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: ഒരു മനുഷ്യ​ന്റെ തലയിൽ ശരാശരി 1,00,000-ത്തിലേറെ മുടി​യി​ഴ​ക​ളു​ണ്ടെ​ന്നാ​ണു കണക്കാ​ക്കു​ന്നത്‌. അത്ര സൂക്ഷ്‌മ​മായ വിശദാം​ശ​ങ്ങൾപോ​ലും യഹോ​വ​യ്‌ക്കു നന്നായി അറിയാം എന്നത്‌ ഒരു കാര്യ​ത്തിന്‌ ഉറപ്പേ​കു​ന്നു: ക്രിസ്‌തു​വി​ന്റെ ഓരോ അനുഗാ​മി​യു​ടെ​യും കാര്യ​ത്തിൽ യഹോ​വ​യ്‌ക്ക്‌ ആഴമായ താത്‌പ​ര്യ​മുണ്ട്‌.

ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തം​ഭം.” സ്റ്റോ​റോസ്‌ എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നി​ടം. ഗ്രീക്കു സാഹി​ത്യ​ഭാ​ഷ​യിൽ അതു പ്രധാ​ന​മാ​യും കുത്ത​നെ​യുള്ള ഒരു സ്‌തം​ഭത്തെ അഥവാ തൂണിനെ കുറി​ക്കു​ന്നു. യേശു​വി​ന്റെ അനുഗാ​മി​യാ​യ​തി​ന്റെ പേരിൽ ഒരാൾക്കു നേരി​ടേ​ണ്ടി​വ​രുന്ന യാതന​യെ​യും അപമാ​ന​ത്തെ​യും പീഡന​ത്തെ​യും, എന്തിന്‌ മരണ​ത്തെ​പ്പോ​ലും കുറി​ക്കാൻ ആലങ്കാ​രി​കാർഥ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—പദാവലി കാണുക.

എടുക്കുക: ഇവിടെ ഇത്‌ ആലങ്കാ​രി​കമായ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യേശു​വി​ന്റെ ശിഷ്യ​നാ​കുന്ന ഒരാൾ ഏറ്റെടു​ക്കേ​ണ്ടി​വ​രുന്ന ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​യും അയാൾക്കു നേരി​ടേ​ണ്ടി​വ​ന്നേ​ക്കാ​വുന്ന ഭവിഷ്യ​ത്തു​ക​ളെ​യും ആണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌.

ദേഹി: അഥവാ “ജീവൻ.” പദാവലി കാണുക.

പ്രവാ​ച​ക​നാ​ണെന്ന ഒറ്റ കാരണ​ത്താൽ: അക്ഷ. “ഒരു പ്രവാ​ച​കന്റെ നാമത്തിൽ.” ഒരു പ്രവാ​ച​കന്റെ സ്ഥാന​ത്തെ​യും പ്രവർത്ത​ന​ത്തെ​യും അംഗീ​ക​രി​ക്കു​ന്ന​തി​നെ​യാ​ണു “നാമത്തിൽ” എന്ന ഗ്രീക്കു​പ്ര​യോ​ഗം ഇവിടെ സൂചി​പ്പി​ക്കു​ന്നത്‌.​—മത്ത 28:19-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

പ്രവാ​ച​ക​ന്റെ പ്രതി​ഫലം: ദൈവ​ത്തി​ന്റെ യഥാർഥ​പ്ര​വാ​ച​ക​ന്മാ​രെ സ്വീക​രി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​ന്ന​വർക്കു സമൃദ്ധ​മായ പ്രതി​ഫലം കിട്ടും. 1രാജ 17-ലെ വിധവ​യു​ടെ വിവരണം ഇതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌.

ദൃശ്യാവിഷ്കാരം

വടിയും ഭക്ഷണസ​ഞ്ചി​യും
വടിയും ഭക്ഷണസ​ഞ്ചി​യും

വടി കൈയിൽ കൊണ്ടു​ന​ട​ക്കു​ന്നതു പണ്ട്‌ എബ്രാ​യ​രു​ടെ​ഒരു രീതി​യാ​യി​രു​ന്നു. പലതാ​യി​രു​ന്നു അതിന്റെ ഉപയോ​ഗങ്ങൾ: ഊന്നി​ന​ട​ക്കാ​നും (പുറ 12:11; സെഖ 8:4; എബ്ര 11:21) പ്രതി​രോ​ധ​ത്തി​നോ സ്വയര​ക്ഷ​യ്‌ക്കോ വേണ്ടി​യും (2ശമു 23:21) മെതി​ക്കാ​നും (യശ 28:27) ഒലിവു​കാ​യ്‌കൾ പറിക്കാ​നും (ആവ 24:20; യശ 24:13) മറ്റ്‌ അനേകം കാര്യ​ങ്ങൾക്കും അത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. ഭക്ഷണസഞ്ചി സാധാ​ര​ണ​യാ​യി തുകൽകൊ​ണ്ടാണ്‌ ഉണ്ടാക്കി​യി​രു​ന്നത്‌. സഞ്ചാരി​ക​ളും ഇടയന്മാ​രും കർഷക​രും മറ്റുള്ള​വ​രും പൊതു​വേ ഭക്ഷണവും വസ്‌ത്ര​വും മറ്റു വസ്‌തു​ക്ക​ളും കൊണ്ടു​പോ​കാൻ ഉപയോ​ഗി​ച്ചി​രുന്ന ഈ സഞ്ചി തോളി​ലാണ്‌ ഇട്ടിരു​ന്നത്‌. യേശു അപ്പോ​സ്‌ത​ല​ന്മാ​രെ പ്രസം​ഗ​പ​ര്യ​ട​ന​ത്തിന്‌ അയയ്‌ച്ച​പ്പോൾ അവർക്കു നൽകിയ നിർദേ​ശ​ങ്ങ​ളു​ടെ കൂട്ടത്തിൽ വടി, ഭക്ഷണസഞ്ചി എന്നിവ​യെ​ക്കു​റി​ച്ചും പറഞ്ഞു. അപ്പോ​സ്‌ത​ല​ന്മാർ കൂടു​ത​ലാ​യി എന്തെങ്കി​ലും എടുക്കാൻ തുനി​ഞ്ഞാൽ അവരുടെ ശ്രദ്ധ പതറു​മാ​യി​രു​ന്ന​തു​കൊണ്ട്‌ അതിനു നിൽക്കാ​തെ അങ്ങനെ​തന്നെ പോകാ​നാ​യി​രു​ന്നു നിർദേശം. കാരണം യഹോവ എന്തായാ​ലും അവർക്കു​വേണ്ടി കരുതു​മാ​യി​രു​ന്നു.—യേശു നൽകിയ നിർദേ​ശ​ങ്ങ​ളു​ടെ അർഥം കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ ലൂക്ക 9:3; 10:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ചെന്നായ്‌
ചെന്നായ്‌

ഇസ്രാ​യേ​ലി​ലെ ചെന്നാ​യ്‌ക്കൾ പ്രധാ​ന​മാ​യും രാത്രി​യി​ലാണ്‌ ഇര പിടി​ക്കാ​റു​ള്ളത്‌. (ഹബ 1:8) ഭക്ഷണ​ത്തോട്‌ ആർത്തി​യുള്ള ഇക്കൂട്ടം ക്രൗര്യ​ത്തി​നും ധൈര്യ​ത്തി​നും പേരു​കേ​ട്ട​വ​യാണ്‌. അത്യാ​ഗ്ര​ഹി​ക​ളായ ഇവ പലപ്പോ​ഴും തങ്ങൾക്കു തിന്നാ​നാ​കു​ന്ന​തി​ലും കൂടുതൽ ആടുകളെ കൊല്ലാ​റുണ്ട്‌. മിക്ക​പ്പോ​ഴും ഇത്‌ അവയ്‌ക്കു കടിച്ച്‌ വലിച്ചു​കൊ​ണ്ടു​പോ​കാൻപോ​ലും പറ്റാത്ത​ത്ര​യാ​യി​രി​ക്കും. ബൈബി​ളിൽ മിക്കയി​ട​ങ്ങ​ളി​ലും മൃഗങ്ങ​ളെ​ക്കു​റി​ച്ചും അവയുടെ നല്ലതും മോശ​വും ആയ പ്രത്യേ​ക​തകൾ, ശീലങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മരണശ​യ്യ​യിൽ വെച്ച്‌ യാക്കോബ്‌ നടത്തിയ പ്രവച​ന​ത്തിൽ ബന്യാ​മീൻ ഗോ​ത്രത്തെ ചെന്നാ​യെ​പ്പോ​ലുള്ള (കാനിസ്‌ ലൂപുസ്‌) ഒരു പോരാ​ളി​യാ​യി വർണി​ച്ചി​രി​ക്കു​ന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളി​ലും ക്രൗര്യം, അത്യാർത്തി, അക്രമ​സ്വ​ഭാ​വം, കുടിലത എന്നീ മോശം ഗുണങ്ങ​ളു​ടെ പ്രതീ​ക​മാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും (മത്ത 7:15) ക്രിസ്‌തീ​യ​ശു​ശ്രൂ​ഷയെ ക്രൂര​മാ​യി എതിർക്കു​ന്ന​വ​രെ​യും (മത്ത 10:16; ലൂക്ക 10:3) ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​ള്ളിൽനിന്ന്‌ അതിനെ അപകട​പ്പെ​ടു​ത്താൻ നോക്കുന്ന വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളെ​യും (പ്രവൃ 20:29, 30) ചെന്നാ​യ്‌ക്ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ചെന്നാ​യ്‌ക്കൾ എത്രമാ​ത്രം അപകട​കാ​രി​ക​ളാ​ണെന്ന്‌ ഇടയന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. “ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യുന്ന” ‘കൂലി​ക്കാ​ര​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുക​ളെ​ക്കു​റിച്ച്‌ ചിന്തയി​ല്ലാത്ത’ ആ കൂലി​ക്കാ​ര​നെ​പ്പോ​ലെയല്ല. യേശു ‘ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ത്തു.’—യോഹ 10:11-13.

ദണ്ഡിപ്പി​ക്കാ​നുള്ള ചാട്ട
ദണ്ഡിപ്പി​ക്കാ​നുള്ള ചാട്ട

ആളുകൾ ഏറ്റവും ഭയന്നി​രുന്ന ഈ ദണ്ഡനോ​പ​ക​രണം ഫ്‌ലാ​ഗെ​ല്ലും എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. ഈ ചാട്ടയു​ടെ പിടി​യിൽ നിരവധി വള്ളിക​ളോ കെട്ടു​ക​ളുള്ള തോൽവാ​റു​ക​ളോ പിടി​പ്പി​ച്ചി​രു​ന്നു. വേദന​യു​ടെ കാഠി​ന്യം കൂട്ടാൻ ആ തോൽവാ​റു​ക​ളിൽ കൂർത്ത എല്ലിൻക​ഷ​ണ​ങ്ങ​ളോ ലോഹ​ക്ക​ഷ​ണ​ങ്ങ​ളോ പിടി​പ്പി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു.

പരന്ന മേൽക്കൂ​ര​യുള്ള വീടുകൾ
പരന്ന മേൽക്കൂ​ര​യുള്ള വീടുകൾ

കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പല പ്രവർത്ത​ന​ങ്ങൾക്കാ​യി ഉപയോ​ഗി​ച്ചി​രുന്ന ഇടമാണു വീടിന്റെ മേൽക്കൂര. യഹോ​വ​യെ​ക്കു​റിച്ച്‌ കുടും​ബാം​ഗ​ങ്ങ​ളോ​ടു സംസാ​രി​ക്കാൻ കുടും​ബ​നാ​ഥൻ അവരെ പുരമു​ക​ളിൽ വിളി​ച്ചു​കൂ​ട്ടി​യി​രു​ന്നു. ഫലശേ​ഖ​ര​ത്തി​ന്റെ ഉത്സവത്തി​നു പുരമു​ക​ളിൽ കൂടാരം കെട്ടുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. (ലേവ 23:41, 42; ആവ 16:13-15) ഫ്‌ളാ​ക്‌സ്‌ ചെടി​ത്ത​ണ്ടു​കൾ ഉണക്കു​ന്ന​തു​പോ​ലുള്ള ജോലി​കൾ ഇവി​ടെ​വെ​ച്ചാ​ണു ചെയ്‌തി​രു​ന്നത്‌. (യോശ 2:6) ചില​പ്പോ​ഴൊ​ക്കെ ആളുകൾ പുരമു​ക​ളിൽ കിടന്ന്‌ ഉറങ്ങു​ക​പോ​ലും ചെയ്‌തി​രു​ന്നു. (1ശമു 9:25, 26) അവി​ടെ​വെച്ച്‌ ചെയ്യുന്ന ഏതൊരു കാര്യ​വും പെട്ടെന്നു മറ്റുള്ള​വ​രു​ടെ കണ്ണിൽപ്പെ​ടു​മാ​യി​രു​ന്നു. (2ശമു 16:22) പുരമു​ക​ളിൽ നിന്ന്‌ നടത്തുന്ന ഒരു അറിയിപ്പ്‌ അയൽക്കാർക്കും വഴി​പോ​ക്കർക്കും എളുപ്പം കേൾക്കാ​മാ​യി​രു​ന്നു.

ഹിന്നോം താഴ്‌വര (ഗീഹെന്ന)
ഹിന്നോം താഴ്‌വര (ഗീഹെന്ന)

ഗ്രീക്കിൽ ഗീഹെന്ന എന്നു വിളി​ക്കുന്ന ഹിന്നോം താഴ്‌വര പുരാ​ത​ന​യ​രു​ശേ​ല​മി​നു തെക്കും തെക്കു​പ​ടി​ഞ്ഞാ​റും ആയി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഒരു താഴ്‌വ​ര​യാണ്‌. യേശു​വി​ന്റെ കാലത്ത്‌, അവിടം ചപ്പുച​വ​റു​കൾ കത്തിക്കുന്ന ഒരു സ്ഥലമാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ആ പദം സമ്പൂർണ​നാ​ശത്തെ കുറി​ക്കാൻ എന്തു​കൊ​ണ്ടും യോജി​ക്കും.

കുരുവി
കുരുവി

ഭക്ഷ്യ​യോ​ഗ്യ​മായ പക്ഷിക​ളിൽ ഏറ്റവും വില കുറഞ്ഞ​വ​യാ​യി​രു​ന്നു കുരു​വി​കൾ. ഒരാൾ 45 മിനിട്ട്‌ പണി എടുത്താൽ കിട്ടുന്ന കൂലി​കൊണ്ട്‌ രണ്ടു കുരു​വി​കളെ വാങ്ങാ​മാ​യി​രു​ന്നു. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌, ഇന്നും ഇസ്രാ​യേ​ലിൽ ധാരാ​ള​മാ​യി കാണുന്ന അങ്ങാടി​ക്കു​രു​വി (പാസെർ ഡൊമസ്റ്റിക്കസ്‌) സ്‌പാ​നിഷ്‌ കുരുവി (പാസെർ ഹിസ്‌പാ​ന്യോ​ലെൻസിസ്‌) എന്നിവ​പോ​ലുള്ള പലതരം ചെറിയ പക്ഷികളെ കുറി​ക്കാ​നാ​കും.