മത്തായി എഴുതിയത് 11:1-30
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
മറ്റു നഗരങ്ങൾ: തെളിവനുസരിച്ച് ആ പ്രദേശത്തെ (ഗലീലയിലെ) ജൂതനഗരങ്ങൾ.
പഠിപ്പിക്കുകയും . . . പ്രസംഗിക്കുകയും: മത്ത 4:23-ന്റെ പഠനക്കുറിപ്പു കാണുക.
ക്രിസ്തു: “അഭിഷിക്തൻ” എന്ന് അർഥമുള്ള “ക്രിസ്തു” എന്ന സ്ഥാനപ്പേരിനു മുമ്പ് ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം (definite article) ഉപയോഗിച്ചിട്ടുണ്ട്. മുൻകൂട്ടിപ്പറഞ്ഞ മിശിഹ അഥവാ അഭിഷിക്തൻ യേശുവാണെന്ന് അതു സൂചിപ്പിക്കുന്നു. ഒരു പ്രത്യേകസ്ഥാനം വഹിക്കാൻ അഭിഷേകം ചെയ്യപ്പെട്ടവനായിരുന്നു യേശു.— മത്ത 1:1; 2:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വരാനിരിക്കുന്നയാൾ: അതായത്, മിശിഹ.—സങ്ക 118:26; മത്ത 3:11; 21:9; 23:39.
കുഷ്ഠരോഗികൾ: മത്ത 8:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കുഷ്ഠം; കുഷ്ഠരോഗി” എന്നതും കാണുക.
സ്നാപകൻ: അഥവാ “നിമജ്ജനം ചെയ്യുന്നവൻ; മുക്കുന്നവൻ.”—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
എന്ന ലക്ഷ്യത്തിൽ എത്താനാണു . . . പരിശ്രമിക്കുന്നത്, വിടാതെ പരിശ്രമിക്കുന്നവർ: പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു ഗ്രീക്കുപദങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അവ അടിസ്ഥാനപരമായി തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതിനെയോ ശക്തി പ്രയോഗിക്കുന്നതിനെയോ കുറിക്കുന്നു. ചില ബൈബിൾപരിഭാഷകർ ഈ പദങ്ങളെ നിഷേധാർഥത്തിലാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (ആക്രമിക്കുക, അക്രമപ്രവർത്തനത്തിന് ഇരയാകുക എന്നൊക്കെയുള്ള അർഥത്തിൽ.) എന്നാൽ ഈ വാക്യത്തിന്റെ സന്ദർഭവും ഇതേ ഗ്രീക്കുക്രിയ പ്രത്യക്ഷപ്പെടുന്ന ലൂക്ക 16:16-ഉം (ബൈബിളിൽ ഈ രണ്ടു വാക്യങ്ങളിൽ മാത്രമേ ഈ ഗ്രീക്കുക്രിയ ഉപയോഗിച്ചിട്ടുള്ളൂ.) പരിശോധിച്ചാൽ ഈ പദങ്ങൾ നിഷേധാർഥത്തിലല്ല മനസ്സിലാക്കേണ്ടതെന്ന സൂചനയാണു കിട്ടുന്നത്. “ആവേശത്തോടെ ഒരു കാര്യത്തിനായി പരിശ്രമിക്കുക; ഉത്സാഹത്തോടെ അന്വേഷിക്കുക” എന്നൊക്കെയായിരിക്കണം അവയുടെ അർഥം. സ്നാപകയോഹന്നാന്റെ പ്രസംഗപ്രവർത്തനത്തോടു പ്രതികരിച്ച വ്യക്തികളുടെ തീക്ഷ്ണതയോടെയുള്ള, ശക്തമായ പ്രവർത്തനത്തെയായിരിക്കാം ഈ വാക്കുകൾ കുറിക്കുന്നത്. അവരുടെ ആ പ്രവർത്തനം ദൈവരാജ്യത്തിന്റെ അംഗങ്ങളാകാനുള്ളവരുടെ നിരയിലേക്ക് അവരെയും ചേർത്തു.
പ്രവാചകന്മാരും നിയമവും: സാധാരണ കാണുന്നതു ‘നിയമവും പ്രവാചകന്മാരും’ (മത്ത 5:17; 7:12; 22:40; ലൂക്ക 16:16) എന്ന ക്രമത്തിലാണ്. എന്നാൽ ഇവിടെ മാത്രം അതു നേരെ തിരിച്ചാണ്. തെളിവനുസരിച്ച് രണ്ടിന്റെയും അടിസ്ഥാനാർഥം ഒന്നുതന്നെയാണെങ്കിലും, (മത്ത 5:17-ന്റെ പഠനക്കുറിപ്പു കാണുക.) ഈ വാക്യത്തിൽ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾക്കു കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നതായി തോന്നുന്നു. ഇനി, നിയമംപോലും പ്രവചിച്ചതായി പറഞ്ഞിരിക്കുന്നു. മോശയിലൂടെ കൊടുത്ത നിയമത്തിന്റെ പ്രവചനസ്വഭാവത്തിന് ഊന്നൽ നൽകുന്ന വാക്കുകളാണ് അവ.
ഏലിയ: “എന്റെ ദൈവം യഹോവയാണ്” എന്ന് അർഥമുള്ള ഒരു എബ്രായപേരിൽനിന്ന് വന്നത്.
നെഞ്ചത്തടിക്കുക: ഒരാൾ ആവർത്തിച്ച് നെഞ്ചത്തടിക്കുന്നത് അങ്ങേയറ്റത്തെ സങ്കടമോ കുറ്റബോധമോ മനപ്രയാസമോ കാണിക്കാനായിരുന്നു.—യശ 32:12; നഹൂ 2:7; ലൂക്ക 23:48.
തിന്നാത്തവനും കുടിക്കാത്തവനും ആയി: തെളിവനുസരിച്ച് യോഹന്നാൻ നയിച്ച, ആത്മപരിത്യാഗത്തിന്റേതായ ജീവിതത്തെയാണ് ഇതു കുറിക്കുന്നത്. അതിൽ ഉപവസിക്കുന്നതും ഒരു നാസീർവ്രതക്കാരനെന്ന നിലയിൽ ലഹരിപാനീയങ്ങൾ ഒഴിവാക്കുന്നതും ഉൾപ്പെട്ടിരുന്നു.—സംഖ 6:2-4; മത്ത 9:14, 15; ലൂക്ക 1:15; 7:33.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
നികുതിപിരിവുകാർ: മത്ത 5:46-ന്റെ പഠനക്കുറിപ്പു കാണുക.
കഫർന്നഹൂം: മത്ത 4:13-ന്റെ പഠനക്കുറിപ്പു കാണുക.
ആകാശം: ഏറെ പ്രീതി ലഭിച്ച ഒരവസ്ഥയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന രൂപകാലങ്കാരപ്രയോഗം.
ശവക്കുഴി: അഥവാ “ഹേഡിസ്.” അതായത്, മനുഷ്യവർഗത്തിന്റെ ശവക്കുഴി. (പദാവലി കാണുക.) കഫർന്നഹൂമിനു വരാനിരുന്ന അധമാവസ്ഥയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന ആലങ്കാരികപ്രയോഗം.
നിന്റേത്: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘നീ’ എന്ന സർവനാമം ഗ്രീക്കിൽ ഏകവചനമാണ്. തെളിവനുസരിച്ച് അത് ആ നഗരത്തെ കുറിക്കുന്നു.
കുട്ടികൾ: അഥവാ “കുട്ടികളെപ്പോലുള്ളവർ.” അതായത് താഴ്മയുള്ള, മറ്റുള്ളവരിൽനിന്ന് പഠിക്കാൻ മനസ്സുള്ള വ്യക്തികൾ.
ഭാരങ്ങൾ ചുമന്ന് വലയുന്നവർ: ഉത്കണ്ഠയുടെയും കഷ്ടപ്പാടിന്റെയും ‘ഭാരങ്ങൾ ചുമന്ന് വലഞ്ഞവരെയാണ് ’ യേശു തന്റെ അടുക്കലേക്കു ക്ഷണിച്ചത്. മോശയ്ക്കു കൊടുത്ത നിയമത്തോടു മനുഷ്യപാരമ്പര്യങ്ങൾ കൂട്ടിച്ചേർത്തതുകൊണ്ട് യഹോവയെ ആരാധിക്കുന്നത് അവർക്ക് ഒരു ഭാരമായിത്തീർന്നു. (മത്ത 23:4) ഉന്മേഷം പകരേണ്ടിയിരുന്ന ശബത്തുപോലും അവർക്ക് ഒരു ഭാരമായി മാറി.—പുറ 23:12; മർ 2:23-28; ലൂക്ക 6:1-11.
ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം: നഷ്ടമായ ശക്തി വീണ്ടെടുക്കാനായി വിശ്രമിക്കാൻ അനുവദിക്കുന്നതിനെയും (മത്ത 26:45; മർ 6:31) കഷ്ടപ്പാടുകളിൽനിന്ന് മോചിപ്പിക്കുന്നതിനെയും ആണ് ‘ഉന്മേഷം പകരുക’ എന്നതിന്റെ ഗ്രീക്കുപദം കുറിക്കുന്നത്. (2കൊ 7:13; ഫിലേ 7) എന്നാൽ യേശുവിന്റെ “നുകം” (മത്ത 11:29) വഹിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതു വിശ്രമമല്ല സേവനമാണ് എന്ന് ഈ വാക്യത്തിന്റെ സന്ദർഭം സൂചിപ്പിക്കുന്നു. യേശു ചെയ്യുന്ന പ്രവൃത്തിയെ കുറിക്കുന്ന ഗ്രീക്കുക്രിയാപദം സൂചിപ്പിക്കുന്നത്, ക്ഷീണിതരായവർക്കു യേശു ഓജസ്സും നവചൈതന്യവും പകരുന്നതുകൊണ്ട് യേശുവിന്റെ മൃദുവും ഭാരം കുറഞ്ഞതും ആയ നുകം വഹിക്കാൻ അവർക്കു സ്വാഭാവികമായും ആഗ്രഹം തോന്നും എന്നാണ്.
എന്റെ നുകം വഹിക്കൂ: യേശു ഇവിടെ “നുകം” എന്നു പറഞ്ഞിരിക്കുന്നത് ആലങ്കാരികമായിട്ടാണ്. അധികാരത്തിനും മാർഗനിർദേശത്തിനും കീഴ്പെടുന്നതിനെ അതു സൂചിപ്പിക്കുന്നു. യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു ദൈവം യേശുവിന്റെ തോളിൽ വെച്ചുകൊടുത്ത നുകമായിരുന്നെങ്കിൽ (അതായത് ഒരു ഇരട്ടനുകം.) തന്നോടൊപ്പം ആ നുകത്തിൻകീഴിൽ വരാനാണ് യേശു ശിഷ്യന്മാരെ ക്ഷണിക്കുന്നത്; ആ നുകം വഹിക്കാൻ യേശുവും ഒരു വശത്തുള്ളതുകൊണ്ട് അത് അവർക്ക് ഒരു സഹായമാകുമായിരുന്നു. യേശു ഉദ്ദേശിച്ചത് ഇതാണെങ്കിൽ, “എന്നോടൊപ്പം എന്റെ നുകത്തിൻകീഴിൽ വരുക” എന്നും അതു പരിഭാഷപ്പെടുത്താനാകും. എന്നാൽ ഇതു യേശുതന്നെ മറ്റുള്ളവരുടെ മേൽ വെക്കുന്ന ഒരു നുകമാണെങ്കിൽ, ക്രിസ്തുശിഷ്യർ ക്രിസ്തുവിന്റെ അധികാരത്തിനും മാർഗനിർദേശത്തിനും കീഴ്പെടുന്നതിനെയാണ് അത് അർഥമാക്കുന്നത്.—പദാവലിയിൽ “നുകം” കാണുക.
സൗമ്യൻ: മത്ത 5:5-ന്റെ പഠനക്കുറിപ്പു കാണുക.
താഴ്മയുള്ളവൻ: “താഴ്മ” എന്നതിന്റെ ഗ്രീക്കുപദം ഹൃദയത്തിൽ എളിമയുള്ളവരായിരിക്കുന്നതിനെ, ഉന്നതഭാവം ഇല്ലാതിരിക്കുന്നതിനെ ആണ് സൂചിപ്പിക്കുന്നത്. ഇതേ പദംതന്നെയാണു യാക്ക 4:6-ലും 1പത്ര 5:5-ലും ഉപയോഗിച്ചിരിക്കുന്നത്. ഒരാളുടെ പ്രകൃതത്തിൽനിന്നും ദൈവത്തോടും മറ്റു മനുഷ്യരോടും ഉള്ള മനോഭാവത്തിൽനിന്നും ആ വ്യക്തിയുടെ ആലങ്കാരികഹൃദയം എങ്ങനെയുള്ളതാണെന്നു വായിച്ചെടുക്കാം.
നിങ്ങൾക്ക്: അഥവാ “നിങ്ങളുടെ ദേഹികൾക്ക്.” പദാവലിയിൽ “ദേഹി” കാണുക.
ദൃശ്യാവിഷ്കാരം
‘രാജകൊട്ടാരങ്ങളിൽ’ (മത്ത 11:8; ലൂക്ക 7:25) താമസിക്കുന്നവരെക്കുറിച്ച് യേശു പറയുന്നതു കേട്ടപ്പോൾ ആളുകളുടെ മനസ്സിലേക്കു വന്നതു മഹാനായ ഹെരോദ് നിർമിച്ച ആഡംബരപൂർണമായ അനേകം കൊട്ടാരങ്ങളായിരിക്കാം. ചിത്രത്തിൽ കാണിച്ചിരിക്കുന്ന നാശാവശിഷ്ടങ്ങൾ ഹെരോദ് ശൈത്യകാലവസതിയായി യരീഹൊയിൽ പണിത കൊട്ടാരസമുച്ചയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. ഈ കെട്ടിടത്തിൽ ഒരു വലിയ വിരുന്നുശാല ഉണ്ടായിരുന്നു. പ്രൗഢഗംഭീരമായ തൂണുകളാൽ അലങ്കൃതമായ അതിന്റെ നീളം 29 മീറ്ററും (95 അടി) വീതി 19 മീറ്ററും (62 അടി) ആയിരുന്നു. തൂണുകളുള്ള നടുമുറ്റവും അതിനു ചുറ്റുമായി പണിത മുറികളും, തണുപ്പിക്കാനും ചൂടാക്കാനും ഉള്ള സംവിധാനങ്ങളോടുകൂടിയ സ്നാനഗൃഹവും ഈ കൊട്ടാരത്തിന്റെ ഭാഗമായിരുന്നു. ഈ കൊട്ടാരത്തോടു ചേർന്ന് പല തട്ടുകളായി പണിത ഒരു പൂന്തോട്ടവും ഉണ്ടായിരുന്നു. യോഹന്നാൻ സ്നാപകൻ ശുശ്രൂഷ തുടങ്ങുന്നതിന് ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പുണ്ടായ കലാപത്തിൽ ഈ കൊട്ടാരം ചുട്ടെരിച്ചതായി കരുതപ്പെടുന്നു. ഹെരോദിന്റെ മകൻ അർക്കെലയൊസാണ് അതു പുതുക്കിപ്പണിതത്.
ബൈബിൾക്കാലങ്ങളിൽ ഈറ്റകൊണ്ടും മുളകൊണ്ടും മാത്രമല്ല എല്ല്, ആനക്കൊമ്പ് എന്നിവകൊണ്ടുപോലും കുഴൽ ഉണ്ടാക്കിയിരുന്നു. അക്കാലത്ത് ഏറ്റവും പ്രചാരത്തിലിരുന്ന വാദ്യോപകരണങ്ങളിൽ ഒന്നായിരുന്നു ഇത്. വിരുന്നും വിവാഹവും പോലുള്ള സന്തോഷവേളകളിൽ കുഴൽ വായിക്കുന്ന രീതിയുണ്ടായിരുന്നു. (1രാജ 1:40; യശ 5:12; 30:29) ഇത് അനുകരിച്ച് കുട്ടികളും ചിലപ്പോഴൊക്കെ പൊതുസ്ഥലങ്ങളിൽവെച്ച് കുഴൽ വായിച്ചിരുന്നു. ദുഃഖവേളകളിലും ആളുകൾ കുഴൽ ഊതുമായിരുന്നു. വിലപിക്കാൻ കൂലിക്കു വിളിച്ചിരുന്നവരോടൊപ്പം, ദുഃഖസാന്ദ്രമായ സംഗീതം വായിക്കാൻ പലപ്പോഴും കുഴലൂത്തുകാരും കാണും. യരുശലേമിൽ ഉത്ഖനനം നടത്തിയപ്പോൾ മണ്ണിന് അടിയിൽനിന്ന് കിട്ടിയ ഒരു കുഴലിന്റെ ഭാഗമാണു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. റോമാക്കാർ ദേവാലയം നശിപ്പിച്ച കാലത്തെ നാശാവശിഷ്ടങ്ങൾക്കിടയിലാണ് അതു കിടന്നിരുന്നത്. ഏതാണ്ട് 15 സെ.മീ. (6 ഇഞ്ച്) നീളമുള്ള ഈ കുഴൽ സാധ്യതയനുസരിച്ച് പശുവിന്റെ മുൻകാലിലെ എല്ലുകൊണ്ട് ഉണ്ടാക്കിയതാണ്.
ഇവിടെ കാണിച്ചിരിക്കുന്നതുപോലെ, ചിലപ്പോഴൊക്കെ റോഡിന്റെ ഇരുവശത്തുമായിട്ടായിരുന്നു ചന്തകൾ. മിക്കപ്പോഴും വ്യാപാരികൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചിരുന്നതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികൾക്കു വീട്ടുസാധനങ്ങളും കളിമൺപാത്രങ്ങളും വിലകൂടിയ ചില്ലുപാത്രങ്ങളും നല്ല പച്ചക്കറികളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമായിരുന്നു ഇത്. അക്കാലത്ത് ഭക്ഷണം ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാഞ്ഞതുകൊണ്ട് ഓരോ ദിവസത്തേക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടിക്കുന്നതായിരുന്നു രീതി. അവിടെ ചെല്ലുന്നവർക്കു കച്ചവടക്കാരിൽനിന്നും മറ്റു സന്ദർശകരിൽനിന്നും പുതിയപുതിയ വാർത്തകൾ കേൾക്കാമായിരുന്നു. കുട്ടികൾ അവിടെ കളിച്ചിരുന്നു. തങ്ങളെ കൂലിക്കു വിളിക്കുന്നതും പ്രതീക്ഷിച്ച് ആളുകൾ അവിടെ കാത്തിരിക്കാറുമുണ്ടായിരുന്നു. ചന്തസ്ഥലത്തുവെച്ച് യേശു ആളുകളെ സുഖപ്പെടുത്തിയതായും പൗലോസ് മറ്റുള്ളവരോടു പ്രസംഗിച്ചതായും നമ്മൾ വായിക്കുന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാരികളായ ശാസ്ത്രിമാരും പരീശന്മാരും ഇത്തരം പൊതുസ്ഥലങ്ങളിൽവെച്ച്, ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാനും അവരുടെ അഭിവാദനങ്ങൾ ഏറ്റുവാങ്ങാനും ആഗ്രഹിച്ചു.
കോരസീൻ, ബേത്ത്സയിദ എന്നീ പട്ടണങ്ങൾ കഫർന്നഹൂം നഗരത്തിന് അടുത്തായിരുന്നു. സാധ്യതയനുസരിച്ച്, ഗലീലയിലെ രണ്ടു വർഷം നീണ്ട വിപുലമായ ശുശ്രൂഷയുടെ സമയത്ത് യേശുവിന്റെ പ്രധാനതാവളമായിരുന്നു ഈ നഗരം. സോരിലെയും സീദോനിലെയും വിഗ്രഹാരാധികളായ ജനങ്ങളെപ്പോലും പശ്ചാത്താപത്തിലേക്കു നയിക്കാൻപോന്ന വലിയ അത്ഭുതപ്രവൃത്തികൾ യേശു ചെയ്യുന്നത് ആ പട്ടണങ്ങളിലെ ജൂതന്മാർ നേരിട്ട് കണ്ടതാണ്. ഉദാഹരണത്തിന്, യേശു 5,000-ത്തിലധികം ആളുകൾക്ക് അത്ഭുതകരമായി ഭക്ഷണം കൊടുത്തതും പിന്നീട് ഒരു അന്ധനെ സുഖപ്പെടുത്തിയതും ബേത്ത്സയിദ പ്രദേശത്തുവെച്ചായിരുന്നു.—മത്ത 14:13-21; മർ 8:22; ലൂക്ക 9:10-17.
ഈ വീഡിയോയിലെ വിശാലമായ ദൃശ്യം ഗലീലക്കടലിന്റെ വടക്കുകിഴക്കേ തീരത്തിന് അടുത്തുള്ള ഓഫിറിലെ നിരീക്ഷണകേന്ദ്രത്തിൽനിന്ന് പകർത്തിയതാണ്. യേശു രണ്ടു വർഷത്തിലേറെ ഗലീലയിൽ വിപുലമായ ശുശ്രൂഷ നടത്തിയപ്പോൾ സാധ്യതയനുസരിച്ച് കഫർന്നഹൂം ആയിരുന്നു താവളം. പുരാതന കഫർന്നഹൂം നഗരം സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന സ്ഥലത്തുനിന്ന് (1) കോരസീനിലേക്ക് (2) ഏതാണ്ട് 3 കി.മീ. ദൂരമേ ഉണ്ടായിരുന്നുള്ളൂ. അപ്പോസ്തലന്മാരായ പത്രോസും അന്ത്രയോസും കഫർന്നഹൂമിലാണു താമസിച്ചിരുന്നത്. മത്തായി നികുതി പിരിച്ചിരുന്ന ഓഫീസും കഫർന്നഹൂമിലോ അതിന് അടുത്തോ ആയിരുന്നു. (മർ 1:21, 29; 2:1, 13, 14; 3:16; ലൂക്ക 4:31, 38) വാസ്തവത്തിൽ അതിന് അടുത്തുള്ള ബേത്ത്സയിദ (3) നഗരത്തിൽനിന്നുള്ളവരായിരുന്നു പത്രോസും അന്ത്രയോസും. ഫിലിപ്പോസും അന്നാട്ടുകാരനായിരുന്നു. (യോഹ 1:44) യേശു ഈ മൂന്നു നഗരങ്ങളിലും അവയുടെ സമീപപ്രദേശങ്ങളിലും വെച്ച് ധാരാളം അത്ഭുതപ്രവൃത്തികൾ ചെയ്തു.—അനുബന്ധം എ7-ഡി-യിലെ ഭൂപടം 3ബി-യും എ7-ഇ-യിലെ ഭൂപടം 4-ഉം കാണുക.
തടികൊണ്ടുള്ള രണ്ടു തരം നുകങ്ങളുണ്ടായിരുന്നു. ആളുകളുടെ ചുമലിൽ വെക്കുന്നതായിരുന്നു അതിൽ ഒന്ന്. ദണ്ഡിന്റെയോ ചട്ടക്കൂടിന്റെയോ രൂപത്തിലുള്ള ഇത്തരം നുകങ്ങൾ ഒരാളുടെ ചുമലിൽ വെച്ചിട്ട് അതിന്റെ ഇരുവശത്തും ചുമടു തൂക്കിയിടുന്നതായിരുന്നു രീതി. മറ്റൊരു തരം നുകം ചുമട്ടുമൃഗങ്ങളുടെ കഴുത്തിൽ വെക്കുന്നവയായിരുന്നു. ദണ്ഡിന്റെയോ ചട്ടക്കൂടിന്റെയോ രൂപത്തിലുള്ള ആ നുകം ഉപയോഗിച്ച് രണ്ടു മൃഗങ്ങൾ ഒരുമിച്ചാണു ഭാരം വലിച്ചിരുന്നത്.