മത്തായി എഴുതിയത് 17:1-27
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഉയരമുള്ള ഒരു മല: സാധ്യതയനുസരിച്ച് ഹെർമോൻ പർവതം. കൈസര്യഫിലിപ്പിക്ക് അടുത്താണ് ഇത്. (മത്ത 16:13-ന്റെ പഠനക്കുറിപ്പു കാണുക.) സമുദ്രനിരപ്പിൽനിന്ന് 2,814 മീ. (9,232 അടി) ആണ് അതിന്റെ ഉയരം. ഹെർമോൻ പർവതത്തിലെ നിരപ്പായ ഏതെങ്കിലും ഒരു സ്ഥലത്തുവെച്ചായിരിക്കാം യേശു രൂപാന്തരപ്പെട്ടത്.—അനു. ബി10 കാണുക.
യേശു . . . രൂപാന്തരപ്പെട്ടു: അഥവാ “രൂപം മാറി; ആകാരത്തിനു മാറ്റം വന്നു.” ഇതേ ഗ്രീക്കുക്രിയ (മെറ്റാമോർഫോ) റോമ 12:2-ലും കാണാം.
ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു: അഥവാ “ഇവനെ ഞാൻ അംഗീകരിച്ചിരിക്കുന്നു.” മത്ത 3:17; 12:18 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഒരു ശബ്ദം: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാവുന്ന രീതിയിൽ യഹോവ സംസാരിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്. അതിൽ രണ്ടാമത്തേതാണ് ഇത്.—മത്ത 3:17; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
മുട്ടുകുത്തി: പുരാതനകാലത്തെ മധ്യപൂർവദേശത്ത്, ആരുടെയെങ്കിലും മുന്നിൽ മുട്ടുകുത്തുന്നത് ആദരവിനെ സൂചിപ്പിച്ചു. പ്രത്യേകിച്ച് ഉന്നതസ്ഥാനത്തുള്ളവരോട് അപേക്ഷിക്കുമ്പോഴാണ് ഇങ്ങനെ ചെയ്തിരുന്നത്.
അപസ്മാരം: മത്ത 4:24-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങളുടെ വിശ്വാസക്കുറവ്: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദപ്രയോഗത്തോടു സമാനമായൊരു പദപ്രയോഗമാണു മത്ത 6:30; 8:26; 14:31; 16:8; ലൂക്ക 12:28 എന്നീ വാക്യങ്ങളുടെ മൂലഭാഷയിലും കാണുന്നത്. തന്റെ ശിഷ്യന്മാർക്ക് ഒട്ടും വിശ്വാസമില്ല എന്നല്ല, മറിച്ച് അവരുടെ വിശ്വാസം കുറെക്കൂടി ശക്തമാകണം എന്നാണു യേശു ഉദ്ദേശിച്ചത്.—മത്ത 6:30; 8:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു കടുകുമണിയുടെ അത്രയെങ്കിലും: അഥവാ “ഒരു കടുകുമണിയുടെ അത്ര ചെറിയ.” മത്ത 13:31, 32 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ ഇങ്ങനെ വായിക്കുന്നു: “ഇങ്ങനെയുള്ളവയെ പ്രാർഥനകൊണ്ടും ഉപവാസംകൊണ്ടും മാത്രമേ പുറത്താക്കാൻ പറ്റൂ.” (മർ 9:29-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. അതുകൊണ്ടുതന്നെ ഇവ ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ തിരുവെഴുത്തുകളുടെ ഭാഗമായിരിക്കാൻ സാധ്യതയില്ല.—അനു. എ3 കാണുക.
കഫർന്നഹൂം: മത്ത 4:13-ന്റെ പഠനക്കുറിപ്പു കാണുക.
നികുതിപ്പണമായി രണ്ടു-ദ്രഹ്മ: അക്ഷ. “നികുതിപ്പണമായി ദ്വിദ്രഹ്മ.” (അനു. ബി14 കാണുക.) നികുതിപ്പണംകൊണ്ടാണ് ആലയത്തിലെ വിവിധസേവനങ്ങൾ നടത്തിയിരുന്നത്. (പുറ 30:12-16) സാധ്യതയനുസരിച്ച് യേശുവിന്റെ കാലമായപ്പോഴേക്കും, പ്രായപൂർത്തിയായ എല്ലാ ജൂതപുരുഷന്മാരും ഒരു നിശ്ചിതതുക വാർഷികനികുതിയായി ദേവാലയത്തിൽ കൊടുക്കുന്ന രീതി നിലവിൽ വന്നിരുന്നു.
മക്കൾ നികുതിയിൽനിന്ന് ഒഴിവുള്ളവർ: രാജാവിന്റെ കുടുംബാംഗങ്ങൾ നികുതിയിൽനിന്ന് ഒഴിവുള്ളവരാണെന്ന കാര്യം യേശുവിന്റെ കാലത്ത് പരക്കെ അറിയാമായിരുന്നു.
ചൂണ്ട: “ചൂണ്ട” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. ഒരു ചരടിന്റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന ചൂണ്ടക്കൊളുത്തിൽ ഇര കോർത്ത് വെള്ളത്തിലേക്ക് എറിയുന്നതായിരുന്നു പൊതുവേയുള്ള രീതി. ഗ്രീക്കുതിരുവെഴുത്തുകളിൽ മറ്റെല്ലാ സ്ഥലങ്ങളിലും വലകൊണ്ട് മീൻപിടിക്കുന്നതിനെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്.
വെള്ളിനാണയം: ഇത് ഒരു ചതുർദ്രഹ്മയാണെന്നു കരുതുന്നു. (അനു. ബി14 കാണുക.) നാലു ദ്രഹ്മയുടെ മൂല്യമുണ്ടായിരുന്ന ഈ നാണയം ഒരു ശേക്കെലിനു തുല്യമായിരുന്നു. രണ്ടു പേരുടെ ദേവാലയനികുതി കൊടുക്കാൻ ആവശ്യമായ കൃത്യം തുകയായിരുന്നു അത്.—പുറ 30:13.
ദൃശ്യാവിഷ്കാരം
ഇസ്രായേലിന്റെ ചുറ്റുവട്ടത്തുള്ളതിലേക്കും ഏറ്റവും ഉയരമുള്ള പർവതമാണു ഹെർമോൻ. കൈസര്യഫിലിപ്പിക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ആ പർവതത്തിന്റെ ഉയരം 2,814 മീ. (9,232 അടി) ആണ്. അതിന്റെ ഗിരിശൃംഗങ്ങളിലുള്ള മഞ്ഞ് നീരാവിയെ ഘനീഭവിപ്പിക്കുന്നതുകൊണ്ട് ദേശത്ത് മഞ്ഞുതുള്ളികൾ പെയ്തിറങ്ങുകയും അതു ദൈർഘ്യമേറിയ വേനൽക്കാലത്തുടനീളം സസ്യജാലങ്ങളെ നനയ്ക്കുകയും ചെയ്യുന്നു. (സങ്ക 133:3) അതിലെ മഞ്ഞ് ഉരുകി വരുന്ന വെള്ളമാണു യോർദാൻ നദിയുടെ പ്രധാന ജലസ്രോതസ്സ്. യേശു രൂപാന്തരപ്പെട്ടത് ഇവിടെവെച്ചായിരിക്കാം എന്നും അഭിപ്രായമുണ്ട്.—മത്ത 17:2.
വാഗ്ദത്തദേശത്തിന്റെ വടക്കേ അറ്റത്തുള്ള ഹെർമോൻ പർവതത്തിൽ പല കൊടുമുടികളുണ്ട്. അതിൽ ഏറ്റവും ഉയർന്ന കൊടുമുടി സമുദ്രനിരപ്പിൽനിന്ന് 2,814 മീ. (9,232 അടി) ഉയരത്തിലാണ്. ആന്റി-ലബാനോൻ മലനിരയുടെ തെക്കേ അറ്റത്താണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. യേശു രൂപാന്തരപ്പെട്ടതു ഹെർമോൻ പർവതത്തിൽവെച്ചായിരിക്കാം.