മത്തായി എഴുതിയത് 19:1-30
പഠനക്കുറിപ്പുകൾ
യോർദാന് അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ: ഇതു സാധ്യതയനുസരിച്ച് യോർദാൻ നദിയുടെ കിഴക്കുള്ള പെരിയ പ്രദേശത്തെ, പ്രത്യേകിച്ച് യഹൂദ്യയോടു ചേർന്നുകിടക്കുന്ന പെരിയയുടെ അതിർത്തിപ്രദേശങ്ങളെ, ആയിരിക്കാം കുറിക്കുന്നത്. യേശു ഗലീലയിൽനിന്ന് പോന്നിട്ടു പിന്നെ അവിടെ ചെല്ലുന്നതു പുനരുത്ഥാനശേഷം മാത്രമാണ്.—അനു. എ7-ലെ ഭൂപടം 5 കാണുക.
പറ്റിച്ചേരുക: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “പശകൊണ്ട് ഒട്ടിക്കുക; നന്നായി ഒന്നിച്ചുചേർക്കുക (ബന്ധിക്കുക); പറ്റിപ്പിടിച്ചിരിക്കുക” എന്നൊക്കെയാണ്. എന്നാൽ ഇവിടെ അത് ആലങ്കാരികാർഥത്തിൽ, ഒരു പുരുഷനെയും ഭാര്യയെയും പശകൊണ്ടെന്നപോലെ ഒന്നിപ്പിക്കുന്ന ഒരു ബന്ധത്തെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒരു ശരീരം: ഉൽ 2:24-ൽ കാണുന്ന എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥ ഗ്രീക്കുപരിഭാഷ “ഒരു മാംസം” എന്നാണ്. അതിനെ “ഒരു ശരീരം” എന്നോ “ഒറ്റ വ്യക്തി” എന്നോ പരിഭാഷപ്പെടുത്താം. രണ്ടു മനുഷ്യർക്കു തമ്മിൽ ഉണ്ടായിരിക്കാനാകുന്ന ഏറ്റവും അടുത്ത ബന്ധമാണ് അത്. ലൈംഗികബന്ധത്തെ മാത്രമല്ല ഇതു കുറിക്കുന്നത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി മുഴുവനും ഉൾക്കൊള്ളുന്ന ഒരു പദമാണ് അത്. ആ ബന്ധം അവരെ പരസ്പരം വിശ്വസ്തരായ, ഇണപിരിക്കാനാകാത്ത പങ്കാളികളാക്കുന്നു. രണ്ടു പങ്കാളികൾക്കും ക്ഷതമേൽക്കാതെ ഈ ബന്ധം പൊട്ടിച്ചെറിയുക അസാധ്യമാണ്.
മോചനപത്രം: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്, വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു പുരുഷൻ നിയമപരമായ ഒരു രേഖ തയ്യാറാക്കുകയും സാധ്യതയനുസരിച്ച് മൂപ്പന്മാരുടെ ഉപദേശം തേടുകയും വേണമായിരുന്നു. നിയമത്തിൽ ഇങ്ങനെ വ്യവസ്ഥ ചെയ്തിരുന്നതുകൊണ്ട് ഗൗരവമേറിയ ആ തീരുമാനം ഒന്നു പുനഃപരിശോധിക്കാൻ അയാൾക്കു സമയം ലഭിച്ചിരുന്നു. എടുത്തുചാടിയുള്ള വിവാഹമോചനങ്ങൾ തടയുകയും സ്ത്രീകൾക്ക് ഒരു പരിധിവരെ നിയമപരിരക്ഷ നൽകുകയും ചെയ്യുക എന്നതായിരുന്നിരിക്കാം അതിന്റെ ഉദ്ദേശ്യം. (ആവ 24:1) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും സ്ഥിതി മാറി; വിവാഹമോചനം നേടുന്നതു മതനേതാക്കന്മാർ വളരെ എളുപ്പമാക്കിത്തീർത്തു. ‘ഏതു കാരണം പറഞ്ഞും വിവാഹമോചനം നേടാൻ (പുരുഷന്മാർക്കാകട്ടെ കാരണങ്ങൾക്കു പഞ്ഞവുമില്ല)’ ആളുകൾക്ക് അനുവാദമുണ്ടായിരുന്നു എന്നാണ് ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ് അതെക്കുറിച്ച് പറഞ്ഞത്. വിവാഹമോചനം നേടിയ ഒരു പരീശനായിരുന്നു അദ്ദേഹം.—മത്ത 5:31-ന്റെ പഠനക്കുറിപ്പു കാണുക.
ലൈംഗിക അധാർമികത: ഗ്രീക്കിൽ പോർണിയ. മത്ത 5:32-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
വ്യഭിചാരം: പദാവലി കാണുക.
ഷണ്ഡന്മാർ: ഈ വാക്കിന്റെ അക്ഷരാർഥം, വൃഷണം ഉടയ്ക്കപ്പെട്ടതോ നീക്കം ചെയ്യപ്പെട്ടതോ ആയ പുരുഷന്മാർ എന്നാണ്. ഈ വാക്യത്തിൽ ഈ പദം അക്ഷരാർഥത്തിലും ആലങ്കാരികാർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്.—പദാവലിയിൽ “ഷണ്ഡൻ” കാണുക.
തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയവർ: അഥവാ “ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവർ.” ഇവിടെ “ഷണ്ഡന്മാർ” എന്ന പദം കുറിക്കുന്നതു വൃഷണം ഉടയ്ക്കുന്നതോ നീക്കം ചെയ്യുന്നതോ ആയ പ്രക്രിയയ്ക്കു സ്വയം വിധേയരാകുകയോ മറ്റാരെങ്കിലും വിധേയരാക്കുകയോ ചെയ്ത പുരുഷന്മാരെയല്ല, മറിച്ച് സ്വമനസ്സാലെ ഏകാകികളായി തുടരുന്നവരെയാണ്.—പദാവലിയിൽ “ഷണ്ഡൻ” കാണുക.
നല്ലവൻ ഒരാളേ ഉള്ളൂ: അതായത് ദൈവം. നല്ലത് എന്താണ് എന്നതിന്റെ ഏറ്റവും ഉയർന്ന മാനദണ്ഡം യഹോവയാണെന്ന് അംഗീകരിക്കുകയായിരുന്നു യേശു. നല്ലത് എന്താണെന്നു ദൈവം തന്റെ വചനമായ ബൈബിളിലൂടെ പറഞ്ഞുതന്നിട്ടുണ്ട്, അതിൽ അതു നിർവചിച്ചിട്ടുമുണ്ട്.—മർ 10:18; ലൂക്ക 18:19.
അയൽക്കാരൻ: മത്ത 22:39-ന്റെ പഠനക്കുറിപ്പു കാണുക.
എല്ലാം തികഞ്ഞവൻ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന് “പൂർണൻ” എന്നോ അധികാരികൾ വെച്ചിരിക്കുന്ന നിലവാരങ്ങളിൽ എത്തുന്ന കാര്യത്തിൽ “കുറ്റമറ്റവൻ” എന്നോ അർഥം വരാം. (മത്ത 5:48-ന്റെ പഠനക്കുറിപ്പു കാണുക.) ഈ മനുഷ്യന്റെ കാര്യത്തിൽ, പൂർണതയോടെ അഥവാ എല്ലാം തികഞ്ഞ രീതിയിൽ ദൈവസേവനം ചെയ്യുന്നതിനു വസ്തുവകകൾ ഒരു തടസ്സമായിരുന്നു.—ലൂക്ക 8:14.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്: ഒരു കാര്യം വ്യക്തമാക്കാൻ യേശു ഇവിടെ അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നു. ഒരു ഒട്ടകത്തിനു തയ്യൽസൂചിയുടെ ദ്വാരത്തിലൂടെ കടക്കാനാകാത്തതുപോലെ, ഒരു ധനികൻ യഹോവയോടുള്ള ബന്ധത്തെക്കാൾ എപ്പോഴും തന്റെ സമ്പത്തിനു പ്രാധാന്യം കൊടുക്കുന്നെങ്കിൽ അയാൾക്ക് ഒരിക്കലും ദൈവരാജ്യത്തിൽ കടക്കാനാകില്ല. എന്നാൽ സമ്പന്നരായ ആർക്കും ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ലെന്നല്ല യേശു ഉദ്ദേശിച്ചത്. കാരണം “ദൈവത്തിന് എല്ലാം സാധ്യം” എന്നും യേശു തൊട്ടുപിന്നാലെ പറഞ്ഞു.—മത്ത 19:26.
പുനഃസൃഷ്ടി: അഥവാ “പുനരുജ്ജീവനം; പുതുക്കൽ.” ഇവിടെ കാണുന്ന പലിൻഗെനെസിയ എന്ന ഗ്രീക്കുപദം, “വീണ്ടും; പുതുതായി; ഒരിക്കൽക്കൂടി” എന്നും “ജനനം; ഉത്ഭവം” എന്നും അർഥം വരുന്ന ഘടകങ്ങൾ ചേർന്നതാണ്. പ്രളയശേഷം ലോകം പുതുക്കപ്പെട്ടതിനെക്കുറിച്ച് അഥവാ പൂർവസ്ഥിതിയിലായതിനെക്കുറിച്ച് പറയുന്നിടത്ത് പുരാതന ജൂതയെഴുത്തുകാരനായ ഫൈലോ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഇസ്രായേല്യർ പ്രവാസത്തിൽനിന്ന് മടങ്ങിയെത്തി ദേശം പുനഃസ്ഥാപിച്ചതിനെക്കുറിച്ച് പറയുന്നിടത്ത് ജൂതചരിത്രകാരനായ ജോസീഫസും ഇതേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ മത്തായിയുടെ വിവരണത്തിൽ ആ പദം ക്രിസ്തുവും സഹഭരണാധികാരികളും ചേർന്ന് ഭൂമിയെ പുതുക്കുന്ന സമയത്തെക്കുറിച്ചാണു പറയുന്നത്. പാപം ചെയ്യുന്നതിനു മുമ്പ് ആദ്യമനുഷ്യർ ആസ്വദിച്ചിരുന്ന പൂർണതയും എല്ലാം തികഞ്ഞ ചുറ്റുപാടുകളും അന്നു തിരികെ ലഭിക്കും.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
ന്യായം വിധിക്കും: ക്രിസ്തുവിന്റെ സഹഭരണാധികാരികൾ ക്രിസ്തുവിനോടൊപ്പം ന്യായം വിധിക്കുകയും ചെയ്യുമെന്നു പറയുന്ന മറ്റു വാക്യങ്ങളോട് ഇതു യോജിക്കുന്നു. (1കൊ 6:2; വെളി 20:4) ഭരണം നടത്തുക, ന്യായം വിധിക്കുക എന്നീ രണ്ട് ആശയങ്ങളും കൂട്ടിക്കലർത്തി പറയുന്ന രീതി ബൈബിളിൽ പലയിടത്തും കാണാം. അതിന് ഉദാഹരണമാണു ന്യായ 2:18; 10:2; ഓബ 21 എന്നീ ബൈബിൾഭാഗങ്ങൾ. അവിടെ “ന്യായപാലനം നടത്തുക,” “വിധിക്കുക” എന്നീ പദപ്രയോഗങ്ങളാണു കാണുന്നതെങ്കിലും അവയ്ക്കു “ഭരിക്കുക” എന്ന വിശാലമായ അർഥമുണ്ട്.
നൂറു മടങ്ങ്: ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “പല മടങ്ങ്” എന്നു കാണുന്നുണ്ടെങ്കിലും കൂടുതൽ കൈയെഴുത്തുപ്രതികളും പിന്തുണയ്ക്കുന്നതു “നൂറു മടങ്ങ്” എന്ന പരിഭാഷയെയാണ്.—മർ 10:30; ലൂക്ക 18:30 എന്നിവ താരതമ്യം ചെയ്യുക.
അവകാശമാക്കും: മത്ത 25:34-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
എ.ഡി. 71/72 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ഈ മോചനപത്രം അരമായ ഭാഷയിലുള്ളതാണ്. യഹൂദ്യമരുഭൂമിയിലുള്ള, വരണ്ടുകിടക്കുന്ന മുറാബാത് നീർച്ചാലിന്റെ വടക്കുനിന്നാണ് ഇതു കണ്ടെടുത്തത്. മസാദ നഗരക്കാരനായ യോനാഥാന്റെ മകൾ മിര്യാമിനെ, നക്സാന്റെ മകനായ യോസേഫ് ജൂതവിപ്ലവത്തിന്റെ ആറാം വർഷം വിവാഹമോചനം ചെയ്തതായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
യേശുവിന്റെ കാലത്ത് അന്നാട്ടിലെ വളർത്തുമൃഗങ്ങളിൽ ഏറ്റവും വലുത് ഒട്ടകങ്ങളായിരുന്നു. ബൈബിളിൽ കൂടുതലും പറഞ്ഞിരിക്കുന്ന ഇനം, മുതുകിൽ ഒറ്റ മുഴയുള്ള അറേബ്യൻ ഒട്ടകങ്ങളാണെന്നു (കമിലസ് ഡ്രോമഡേറിയസ്) കരുതപ്പെടുന്നു. ബൈബിളിൽ ഒട്ടകത്തെക്കുറിച്ചുള്ള പരാമർശം ആദ്യമായി കാണുന്നത്, അബ്രാഹാം ഈജിപ്തിൽ തങ്ങിയ കാലത്തെക്കുറിച്ച് പറയുന്നിടത്താണ്. അദ്ദേഹത്തിന് അവിടെനിന്ന് ഈ ചുമട്ടുമൃഗങ്ങളെ ധാരാളമായി ലഭിച്ചു.—ഉൽ 12:16.