മത്തായി എഴുതിയത് 2:1-23
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
യഹൂദ്യയിലെ ബേത്ത്ലെഹെം: സെബുലൂൻ പ്രദേശത്ത് മറ്റൊരു ബേത്ത്ലെഹെം ഉണ്ടായിരുന്നതുകൊണ്ട് (യോശ 19:10, 15) യഹൂദയിൽ (യഹൂദ്യയിൽ) ഉണ്ടായിരുന്ന പട്ടണത്തെ മിക്കപ്പോഴും ‘യഹൂദയിലെ ബേത്ത്ലെഹെം’ എന്നാണു വിളിച്ചിരുന്നത്. (ന്യായ 17:7-9; 19:1, 2, 18) മുമ്പ് ഈ പട്ടണത്തിന്റെ പേര് എഫ്രാത്ത് എന്നോ എഫ്രാത്ത എന്നോ ആയിരുന്നതുകൊണ്ടായിരിക്കാം മിശിഹ വരുന്നതു ‘ബേത്ത്ലെഹെം എഫ്രാത്ത’യിൽനിന്നായിരിക്കുമെന്നു മീഖ 5:2 പറയുന്നത്.—ഉൽ 35:19; 48:7.
ഹെരോദ്: ഇതു ‘മഹാനായ ഹെരോദ് ’ ആണ്.—പദാവലി കാണുക.
ജ്യോത്സ്യന്മാർ: ഗ്രീക്കിൽ മഗോയ് (ബഹുവചനം, മഗോസ്). സാധ്യതയനുസരിച്ച്, തിരുവെഴുത്തുകൾ കുറ്റംവിധിക്കുന്ന മന്ത്രവാദത്തിലും ജ്യോതിഷത്തിലും നിപുണരായവരെ കുറിക്കുന്നു. (ആവ 18:10-12) ബൈബിൾ ഇവരുടെ എണ്ണം പറയുന്നില്ല. ഇതേ ഗ്രീക്കുപദം പ്രവൃ 13:6, 8 വാക്യങ്ങളിൽ “ആഭിചാരകൻ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ദാനി 2:2, 10 വാക്യങ്ങളിൽ “മന്ത്രവാദി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, അരമായ വാക്കുകൾക്കു തത്തുല്യമായി സെപ്റ്റുവജിന്റിൽ കൊടുത്തിരിക്കുന്നതും ഇതേ ഗ്രീക്കുപദമാണ്.
കിഴക്കായിരുന്നപ്പോൾ: ‘കിഴക്ക് ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ഉദിച്ചുയരൽ” എന്നാണ്. നക്ഷത്രം കണ്ടപ്പോൾ ജ്യോത്സ്യന്മാർ എവിടെയായിരുന്നു എന്നതായിരിക്കാം ഒരുപക്ഷേ ഇവിടെ സൂചിപ്പിക്കുന്നത്. എന്നാൽ ആ നക്ഷത്രം കിഴക്കൻ ആകാശത്ത് ‘ഉദിച്ചുയരുന്നത് ’ അഥവാ പ്രത്യക്ഷപ്പെടുന്നതു ജ്യോത്സ്യന്മാർ കണ്ടെന്നായിരിക്കാം അതിന് അർഥമെന്നു ചിലർ കരുതുന്നു.
നക്ഷത്രം: ഇത് യഥാർഥത്തിലുള്ള ഒരു നക്ഷത്രമായിരിക്കാൻ ഒരു സാധ്യതയും ഇല്ല. ഗ്രഹങ്ങളുടെ ഒരു സംഗമമായിരിക്കാനും വഴിയില്ല. നക്ഷത്രം ‘കണ്ടത് ’ ജ്യോത്സ്യന്മാർ മാത്രമാണ്.
വണങ്ങാൻ: അഥവാ “കുമ്പിട്ട് നമസ്കരിക്കാൻ.” ഗ്രീക്കിൽ പ്രൊസ്കിനിയോ. ഒരു ദൈവത്തെ അഥവാ ഏതെങ്കിലും ദേവീദേവന്മാരെ ആരാധിക്കുക എന്ന് അർഥം വരുന്നിടത്ത് ഈ ഗ്രീക്കു ക്രിയാപദം, “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവിടെ “ജൂതന്മാരുടെ രാജാവായി പിറന്നവ”നെ കാണാനാണു ജ്യോത്സ്യന്മാർ വന്നത്. അതുകൊണ്ട് ഇവിടെ ഒരു മനുഷ്യരാജാവിനെ വണങ്ങുന്നതോ അദ്ദേഹത്തോട് ആദരവ് കാണിക്കുന്നതോ ആണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം, അല്ലാതെ ഒരു ദൈവത്തെ ആരാധിക്കുന്നതല്ല. പടയാളികൾ പരിഹാസത്തോടെ യേശുവിനെ “ജൂതന്മാരുടെ രാജാവേ” എന്നു വിളിച്ച് ‘വണങ്ങുന്നതായി’ പറയുന്ന മർ 15:18, 19 വാക്യങ്ങളിലും സമാനമായ അർഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്.—മത്ത 18:26-ന്റെ പഠനക്കുറിപ്പു കാണുക.
മുഖ്യപുരോഹിതന്മാർ: ഇവിടെ കാണുന്ന ഗ്രീക്കുപദം ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്നിടത്ത് “മഹാപുരോഹിതൻ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ദൈവമുമ്പാകെ ജനത്തിന്റെ മുഖ്യപ്രതിനിധിയായിരുന്നു. ഇവിടെ ബഹുവചനരൂപത്തിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദം പുരോഹിതഗണത്തിലെ പ്രധാനികളെയാണു കുറിക്കുന്നത്. ഇതിൽ മുൻ മഹാപുരോഹിതന്മാരും സാധ്യതയനുസരിച്ച് 24 പുരോഹിതഗണങ്ങളുടെ തലവന്മാരും ഉൾപ്പെട്ടിരുന്നു.
ശാസ്ത്രിമാർ: തുടക്കത്തിൽ ഈ പദം തിരുവെഴുത്തുകളുടെ പകർപ്പെഴുത്തുകാരെയാണു കുറിച്ചിരുന്നത്. എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും, മോശയുടെ നിയമത്തിൽ പാണ്ഡിത്യമുള്ള, അതു പഠിപ്പിച്ചിരുന്ന വ്യക്തികളാണ് ഇങ്ങനെ അറിയപ്പെട്ടിരുന്നത്.
ക്രിസ്തു: ഗ്രീക്കിൽ “ക്രിസ്തു” എന്ന സ്ഥാനപ്പേരിനു മുമ്പ് ഒരു നിശ്ചായക ഉപപദം (definite article) ഉപയോഗിച്ചിട്ടുണ്ട്. ഇത് മിശിഹ എന്ന നിലയിലുള്ള യേശുവിന്റെ സ്ഥാനത്തിന് ഊന്നൽ നൽകാനായിരിക്കാം.
ബേത്ത്ലെഹെം: “അപ്പത്തിന്റെ ഭവനം” എന്ന് അർഥമുള്ള എബ്രായപേരിൽനിന്ന് വന്നത്. ദാവീദ് ബേത്ത്ലെഹെം പട്ടണക്കാരനായിരുന്നു. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ‘ദാവീദിന്റെ നഗരം’ എന്നും ഇതിനെ വിളിച്ചിട്ടുണ്ട്.—ലൂക്ക 2:4, 11; യോഹ 7:42.
ഒട്ടും താണവനല്ല: ജനസംഖ്യയുടെയും അധികാരത്തിന്റെയും കാര്യത്തിൽ അത്ര എടുത്തുപറയാൻ ഒന്നുമില്ലായിരുന്നെങ്കിലും (യോഹ 7:42-ൽ ‘ഗ്രാമം’ എന്നു വിളിച്ചിരിക്കുന്നു.) ബേത്ത്ലെഹെം അതീവപ്രാധാന്യമുള്ളതാകുമെന്ന് ഇവിടെ ഉദ്ധരിച്ചിരിക്കുന്ന മീഖ 5:2-ലെ പ്രവചനം സൂചിപ്പിക്കുന്നു. കാരണം ദൈവജനമായ ഇസ്രായേലിനെ മേയ്ക്കാനുള്ള ഏറ്റവും മഹാനായ അധിപതി വരാനിരിക്കുന്നത് അവിടെനിന്നായിരുന്നു.
അവനെ വണങ്ങാമല്ലോ: അഥവാ “അവനെ ബഹുമാനിക്കാമല്ലോ; അവനോട് ആദരവ് കാണിക്കാമല്ലോ.” ഒരു മനുഷ്യരാജാവിനോട് ആദരവ് കാണിക്കുന്നതിനെക്കുറിച്ചാണ് ഹെരോദ് ഇവിടെ പറയുന്നത്, അല്ലാതെ ഒരു ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചല്ല.—ഈ ഗ്രീക്കുപദത്തെക്കുറിച്ച് കൂടുതൽ അറിയാൻ മത്ത 2:2-ന്റെ പഠനക്കുറിപ്പു കാണുക.
വീട്: ഇവിടെ വീടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതുകൊണ്ട്, യേശു നവജാതശിശുവായി പുൽത്തൊട്ടിയിൽ കിടക്കുമ്പോഴല്ല ജ്യോത്സ്യന്മാർ കാണാൻ എത്തിയതെന്നു വ്യക്തം.
കുട്ടി: ലൂക്ക 2:12, 16 വാക്യങ്ങളിൽ യേശുവിനെക്കുറിച്ച് ‘കുഞ്ഞ് ’ എന്നാണു പറഞ്ഞിരിക്കുന്നതെങ്കിലും ഇവിടെ അൽപ്പംകൂടി മുതിർന്നതെന്നു സൂചിപ്പിക്കുന്ന പദമാണു മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്.
വണങ്ങി: അഥവാ “കുമ്പിട്ട് നമസ്കരിച്ചു.” ഈ പദം പലപ്പോഴും രാജാവിനെപ്പോലുള്ള ഒരു മനുഷ്യനോടുള്ള ആദരവിനെ കുറിക്കുന്നു, അല്ലാതെ ആരാധനയെ അല്ല.—മത്ത 2:2; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
കുന്തിരിക്കം: പദാവലി കാണുക.
മീറ: പദാവലി കാണുക.
സമ്മാനം: യേശു ജനിച്ച് 40 ദിവസം കഴിഞ്ഞ് യേശുവിനെയുംകൊണ്ട് ആലയത്തിൽ ചെന്ന സമയത്ത് (ലൂക്ക 2:22-24; ലേവ 12:6-8) യോസേഫും മറിയയും ദരിദ്രരായിരുന്നു. ഈ സമ്മാനങ്ങൾ ലഭിച്ചത് അതിനു ശേഷം എപ്പോഴോ ആണെന്ന് അതു സൂചിപ്പിക്കുന്നു. എന്നാൽ അവർക്ക് ആ സമ്മാനങ്ങൾ കിട്ടിയത് ഏറെ ആവശ്യമുള്ള സമയത്തുതന്നെയായിരിക്കാം. കാരണം ഈജിപ്തിലായിരുന്നപ്പോഴത്തെ അവരുടെ ചെലവുകൾക്ക് അത് ഉപകരിച്ചിരിക്കണം.
യഹോവയുടെ ദൂതൻ: മത്ത 1:20-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
ഈജിപ്ത്: അക്കാലത്ത് ധാരാളം ജൂതന്മാർ താമസിച്ചിരുന്ന ഒരു റോമൻ ഭരണപ്രദേശമായിരുന്നു ഈജിപ്ത്. ഹെരോദ് കുട്ടികളെ കൊല്ലാനുള്ള കല്പന പുറപ്പെടുവിക്കാനിരുന്ന യരുശലേമിലേക്കു പോകാതെതന്നെ യോസേഫിനും മറിയയ്ക്കും ബേത്ത്ലെഹെമിൽനിന്ന് ഈജിപ്തിൽ എത്താമായിരുന്നു. കാരണം യരുശലേം ബേത്ത്ലെഹെമിന് ഏതാണ്ട് 9 കി.മീ. വടക്കുകിഴക്കായിരുന്നു, ഈജിപ്താകട്ടെ ബേത്ത്ലെഹെമിന്റെ തെക്കുപടിഞ്ഞാറും.
ഈജിപ്തിലേക്കു പോയി: ബേത്ത്ലെഹെമിൽനിന്ന് ഈജിപ്തിലേക്കു 120 കി.മീ. ദൂരമെങ്കിലും ഉണ്ടായിരുന്നിരിക്കണം.
ഹെരോദിന്റെ മരണം: ബി.സി. 1-ലായിരിക്കണം ഹെരോദ് മരിച്ചത്.
തന്റെ പ്രവാചകനിലൂടെ യഹോവ പറഞ്ഞതു നിറവേറി: മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവ: ഈ വാക്യത്തിലെ ഉദ്ധരണി ഹോശ 11:1-ൽനിന്നാണ്. തുടർന്നുള്ള വാക്യങ്ങൾ (ഹോശ 11:1-11) പരിശോധിച്ചാൽ 1-ാം വാക്യത്തിലേതു ദൈവമായ യഹോവയുടെ വാക്കുകളാണെന്നു വ്യക്തമാകും.—അനു. സി കാണുക.
ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നു: മഹാനായ ഹെരോദിന്റെ സമാനമായ മറ്റ് അനേകം അതിക്രമങ്ങളും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഒരു ശത്രുവിന്റെ 45 അനുയായികളെയെങ്കിലും ഹെരോദ് കൊന്നു. സംശയത്തിന്റെ പേരിൽ അദ്ദേഹം ഭാര്യ മറിയംനെ (I), മൂന്ന് ആൺമക്കൾ, ഭാര്യാസഹോദരൻ, ഭാര്യയുടെ മുത്തച്ഛനായ ഹിർക്കാനസ്, തന്റെ ചില ഉറ്റ സ്നേഹിതർ എന്നിങ്ങനെ പലരെയും വകവരുത്തി. താൻ മരിക്കുമ്പോൾ ജൂതന്മാരിലെ പ്രധാനികളെ കൊന്നുകളയണമെന്ന് അദ്ദേഹം നേരത്തേതന്നെ ഉത്തരവിട്ടിരുന്നതായി പറയപ്പെടുന്നു. തന്റെ മരണത്തെച്ചൊല്ലിയുള്ള ആഹ്ലാദപ്രകടനങ്ങൾ കുറയ്ക്കാനായിരുന്നു ഇത്.
രാമ: യരുശലേമിനു വടക്ക് ബന്യാമീന്റെ പ്രദേശത്തുള്ള ഒരു നഗരം. ബി.സി. 607-ൽ യരുശലേം നശിപ്പിക്കപ്പെട്ടപ്പോൾ ബന്ദികളായി പിടിച്ച ജൂതന്മാരെ ബാബിലോണിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് രാമയിൽ ഒന്നിച്ചുകൂട്ടിയതായി കരുതപ്പെടുന്നു. അവരിൽ ചിലരെ അവിടെവെച്ച് കൊലപ്പെടുത്തിയിരിക്കാനും സാധ്യതയുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരിക്കാം ഇവിടെ ഉദ്ധരിച്ചിരിക്കുന്ന യിര 31:15-ൽ പറഞ്ഞിരിക്കുന്നതെന്നു ചില പണ്ഡിതന്മാർ കരുതുന്നു.
റാഹേൽ: ഇസ്രായേലിലെ എല്ലാ അമ്മമാരുടെയും പ്രതീകം. റാഹേലിന്റെ ശവകുടീരം ബേത്ത്ലെഹെമിന് അടുത്തായിരുന്നു. ശത്രുക്കളുടെ ദേശത്തേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയ മക്കളെ ഓർത്ത് റാഹേൽ ആലങ്കാരികമായി കരയുന്നതിനെക്കുറിച്ച് യിരെമ്യയുടെ പ്രവചനത്തിൽ പറയുന്നു. എന്നാൽ ശത്രുദേശത്തുനിന്നുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള ആശ്വാസദായകമായ വാഗ്ദാനവും യിരെമ്യപ്രവചനത്തിലുണ്ട്. (യിര 31:16) ദൈവപ്രചോദിതനായി മത്തായി ഈ പ്രവചനം എടുത്തുപറഞ്ഞത് എന്തിനാണ്? പുനരുത്ഥാനത്തിലൂടെ മനുഷ്യന്റെ ശത്രുവായ മരണത്തിൽനിന്നുള്ള മടങ്ങിവരവിനെയായിരിക്കാം അതു സൂചിപ്പിക്കുന്നത്.
യഹോവയുടെ ദൂതൻ: മത്ത 1:20-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
ജീവൻ: “ദേഹി” എന്നു ചില ബൈബിളുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്ന സൈക്കി എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നത് ഇവിടെയാണ്. ഇവിടെ അത് ഒരു വ്യക്തിയുടെ ജീവനെ കുറിക്കുന്നു. ജീവൻ അപഹരിക്കാൻ നോക്കുക എന്ന പ്രയോഗം ‘കൊല്ലാൻ നോക്കുക’ എന്നും പരിഭാഷപ്പെടുത്താം.—പുറ 4:19; പദാവലിയിൽ “ദേഹി” കാണുക.
അർക്കെലയൊസ്: മഹാനായ ഹെരോദിന്റെ മകൻ. ക്രൂരനായ ഒരു ഭരണാധികാരി. അപ്പനെപ്പോലെതന്നെ ഇദ്ദേഹത്തെയും ജൂതന്മാർക്ക് ഇഷ്ടമല്ലായിരുന്നു. ഒരു കലാപം അടിച്ചമർത്താനുള്ള ശ്രമത്തിൽ ആലയപരിസരത്തുവെച്ച് 3,000 പേരെ കൊന്നുകളഞ്ഞതിനു പിന്നിൽ ഇദ്ദേഹമായിരുന്നു. ഈജിപ്തിൽനിന്ന് തിരിച്ചുവരുമ്പോൾ, പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ദൈവത്തിൽനിന്ന് മുന്നറിയിപ്പു കിട്ടിയതുകൊണ്ട് യോസേഫ് കുടുംബത്തോടൊപ്പം ഗലീലയിലെ നസറെത്തിൽ താമസമാക്കി. ആ പ്രദേശം അർക്കെലയൊസിന്റെ അധികാരത്തിൻകീഴിലല്ലായിരുന്നു.
നസറെത്ത്: സാധ്യതയനുസരിച്ച് “മുളപ്പട്ടണം” എന്ന് അർഥം. താഴേ-ഗലീലയിലെ ഒരു പട്ടണമായിരുന്നു നസറെത്ത്. ഭൂമിയിലെ ജീവിതത്തിന്റെ ഭൂരിഭാഗവും യേശു ചെലവഴിച്ചത് ഇവിടെയാണ്.
“അവൻ നസറെത്തുകാരൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ പറഞ്ഞത്: സാധ്യതയനുസരിച്ച് വാഗ്ദത്തമിശിഹയെ “യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല [അഥവാ “മുള” (എബ്രായയിൽ, നേസെർ)]” എന്ന് യശയ്യ പ്രവാചകന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിനെ (യശ 11:1) കുറിക്കുന്നു. മത്തായി ഇവിടെ ‘പ്രവാചകന്മാർ’ എന്നു ബഹുവചനരൂപത്തിൽ പറഞ്ഞിരിക്കുന്നത്, യിരെമ്യയെയും സെഖര്യയെയും കൂടെ മനസ്സിൽക്കണ്ടായിരിക്കാം. കാരണം ദാവീദിൽനിന്നുള്ള ‘നീതിയുള്ള മുളയെക്കുറിച്ച് ’ യിരെമ്യയും (യിര 23:5; 33:15) രാജാവും പുരോഹിതനും ആയി സേവിക്കുന്ന “നാമ്പ് (അഥവാ “മുള”) എന്നു പേരുള്ള” മനുഷ്യനെക്കുറിച്ച് സെഖര്യയും (സെഖ 3:8; 6:12, 13) പറയുന്നുണ്ട്. “നസറെത്തുകാരൻ” എന്നതു യേശുവിനെ തിരിച്ചറിയിക്കുന്ന പേരായിത്തീർന്നു. പിന്നീട് യേശുവിന്റെ അനുഗാമികളും ആ പേരിൽ അറിയപ്പെടാൻതുടങ്ങി.
ദൃശ്യാവിഷ്കാരം
യേശു ജനിച്ചതു ഡിസംബറിൽ ആയിരിക്കാൻ സാധ്യതയില്ല, കാരണം ബേത്ത്ലെഹെമിൽ നവംബർ മുതൽ മാർച്ച് വരെ നല്ല തണുപ്പും മഴയും ഉള്ള കാലാവസ്ഥയാണ്. ശൈത്യകാലത്ത് ഈ പ്രദേശത്ത് മഞ്ഞും പെയ്യാറുണ്ട്. വർഷത്തിലെ ഈ സമയത്ത് ഇടയന്മാർ എന്തായാലും ആട്ടിൻപറ്റത്തെയും കാത്തുകൊണ്ട് രാത്രിയിൽ ഒരു വെളിമ്പ്രദേശത്ത് കഴിയില്ല. (ലൂക്ക 2:8) യഹൂദ്യമലനാട്ടിൽ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 780 മീ. (2,550 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണു ബേത്ത്ലെഹെം.