മത്തായി എഴുതിയത് 21:1-46
പഠനക്കുറിപ്പുകൾ
ബേത്ത്ഫാഗ: ഒലിവുമലയിലുള്ള ഈ ഗ്രാമത്തിന്റെ പേര് വന്നത് എബ്രായഭാഷയിൽനിന്നാണ്. സാധ്യതയനുസരിച്ച് അതിന്റെ അർഥം “ആദ്യത്തെ അത്തിക്കായ്കളുടെ ഭവനം” എന്നാണ്. യരുശലേമിനും ബഥാന്യക്കും ഇടയ്ക്ക്, ഒലിവുമലയുടെ നെറുകയോട് അടുത്ത് അതിന്റെ തെക്കുകിഴക്കൻ ചെരിവിലായിരുന്നു ബേത്ത്ഫാഗയുടെ സ്ഥാനം എന്നു പൊതുവേ കരുതപ്പെടുന്നു. യരുശലേമിൽനിന്ന് ഏകദേശം 1 കി.മീ. (1 മൈലിൽ താഴെ) ദൂരെയാണ് ആ സ്ഥലം.—മർ 11:1; ലൂക്ക 19:29; അനു. എ7-ലെ ഭൂപടം 6 കാണുക.
ഒരു കഴുതയെയും അതിന്റെ കുട്ടിയെയും: മത്തായിയുടെ വിവരണത്തിൽ മാത്രമാണു കഴുതയെയും അതിന്റെ കുട്ടിയെയും കുറിച്ച് പറയുന്നത്. (മർ 11:2-7; ലൂക്ക 19:30-35; യോഹ 12:14, 15) എന്നാൽ യേശു കഴുതക്കുട്ടിയുടെ പുറത്ത് മാത്രം യാത്ര ചെയ്തതുകൊണ്ടായിരിക്കാം മർക്കോസും ലൂക്കോസും യോഹന്നാനും അതിനെക്കുറിച്ച് മാത്രം പറഞ്ഞിരിക്കുന്നത്.—മത്ത 21:5-ന്റെ പഠനക്കുറിപ്പു കാണുക.
പ്രവാചകനിലൂടെ പറഞ്ഞ ഈ വാക്കുകൾ നിറവേറേണ്ടതിന്: തെളിവനുസരിച്ച് മത്ത 21:5-ലെ ഉദ്ധരണിയുടെ ആദ്യഭാഗം യശ 62:11-ൽനിന്നും രണ്ടാം ഭാഗം സെഖ 9:9-ൽനിന്നും ഉള്ളതാണ്.—മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
സീയോൻപുത്രി: അഥവാ “സീയോൻ എന്ന പുത്രി.” ബൈബിളിൽ പലപ്പോഴും നഗരങ്ങളെ സ്ത്രീകൾ എന്നപോലെ വ്യക്തിത്വം കല്പിച്ച് പറഞ്ഞിട്ടുണ്ട്. അവയെ വിശേഷിപ്പിക്കാൻ ആലങ്കാരികമായി സ്ത്രീലിംഗപദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഈ പദപ്രയോഗത്തിലെ “പുത്രി” എന്ന വാക്ക് ആ നഗരത്തെത്തന്നെയോ നഗരത്തിലെ ആളുകളെയോ കുറിക്കുന്നു. സീയോൻ എന്നതു മിക്കപ്പോഴും യരുശലേം നഗരത്തെയാണു കുറിച്ചിരുന്നത്.
സൗമ്യനായ: അഥവാ “താഴ്മയുള്ളവനായ.”—മത്ത 5:5-ന്റെ പഠനക്കുറിപ്പു കാണുക.
കഴുതയുടെ പുറത്ത്, അതെ, ഒരു കഴുതക്കുട്ടിയുടെ പുറത്ത്: മത്ത 21:2, 7 വാക്യങ്ങളിൽ രണ്ടു മൃഗങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും രാജാവ് ഒരു മൃഗത്തിന്റെ പുറത്ത് മാത്രം സവാരി ചെയ്യുന്നതായാണു സെഖ 9:9-ലെ പ്രവചനം പറയുന്നത്.—മത്ത 21:2-ന്റെ പഠനക്കുറിപ്പു കാണുക.
കഴുതയെയും കുട്ടിയെയും: മത്ത 21:2, 5 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദാവീദുപുത്രൻ: യേശുവിന്റെ വംശപരമ്പരയും വാഗ്ദത്തമിശിഹ എന്ന സ്ഥാനവും അംഗീകരിക്കുന്നു എന്നാണ് ഇവിടെ ഈ പദപ്രയോഗം സൂചിപ്പിച്ചത്.—മത്ത 1:1, 6; 15:25; 20:30 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
രക്ഷ നൽകണേ!: അക്ഷ. “ഹോശന്ന.” ഈ ഗ്രീക്കുപദം വന്നിരിക്കുന്നത്, “രക്ഷിക്കണേ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു” എന്നോ “ദയവായി രക്ഷിക്കണേ” എന്നോ അർഥമുള്ള ഒരു എബ്രായപദപ്രയോഗത്തിൽനിന്നാണ്. രക്ഷയ്ക്കോ വിജയത്തിനോ വേണ്ടി ദൈവത്തോട് ഉണർത്തിക്കുന്ന ഒരു അപേക്ഷയായിട്ടാണ് ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. “രക്ഷ നൽകണേ” എന്നും അതു പരിഭാഷപ്പെടുത്താം. കാലക്രമേണ ഇതു പ്രാർഥനയിലും സ്തുതിയിലും ഉൾപ്പെടുത്തുന്ന ഒരു പദമായി മാറി. മേൽപ്പറഞ്ഞ എബ്രായപദപ്രയോഗം സങ്ക 118:25-ൽ കാണാം. അതാകട്ടെ പെസഹാക്കാലത്ത് പതിവായി പാടിയിരുന്ന ഹല്ലേൽ സങ്കീർത്തനങ്ങളുടെ ഭാഗവുമായിരുന്നു. അതുകൊണ്ടുതന്നെ ഈ സന്ദർഭത്തിൽ ആ വാക്കുകൾ ആളുകളുടെ മനസ്സിലേക്കു പെട്ടെന്ന് ഓടിയെത്തിക്കാണും. ദാവീദുപുത്രനു രക്ഷ നൽകാനുള്ള ഈ പ്രാർഥനയ്ക്കു ദൈവം ഉത്തരം നൽകിയ ഒരു വിധം യേശുവിനെ മരിച്ചവരിൽനിന്ന് പുനരുത്ഥാനപ്പെടുത്തിക്കൊണ്ടായിരുന്നു. മത്ത 21:42-ൽ യേശുതന്നെ സങ്ക 118:22, 23 ഉദ്ധരിക്കുകയും അതു മിശിഹയെക്കുറിച്ചാണെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
യഹോവയുടെ: ഇതു സങ്ക 118:25, 26 വാക്യങ്ങളിൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ബഹളമായി: അഥവാ “ഇളകിമറിഞ്ഞു.” അക്ഷരാർഥത്തിൽ ഒരു ഭൂകമ്പമോ കൊടുങ്കാറ്റോ ഉണ്ടാകുമ്പോഴത്തെ അവസ്ഥയെ വർണിക്കുന്ന ഒരു ഗ്രീക്കുക്രിയയാണു നഗരവാസികളുടെ ഇടയിലുണ്ടായ ബഹളത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. (മത്ത 27:51; വെളി 6:13) ഇതിനോടു ബന്ധപ്പെട്ട സെയ്സ്മൊസ് എന്ന ഗ്രീക്കുനാമം “കൊടുങ്കാറ്റ്” എന്നോ “ഭൂകമ്പം” എന്നോ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—മത്ത 8:24; 24:7; 27:54; 28:2.
ദേവാലയം: ദേവാലയവളപ്പിലെ, ‘ജനതകളുടെ മുറ്റം’ എന്ന് അറിയപ്പെട്ടിരുന്ന ഭാഗമായിരിക്കാം ഇത്.—അനു. ബി11 കാണുക.
നാണയം മാറ്റിക്കൊടുക്കുന്നവർ: അക്കാലത്ത് പല തരം നാണയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. പക്ഷേ വാർഷിക ദേവാലയനികുതി കൊടുക്കാനും ബലിമൃഗങ്ങളെ വാങ്ങാനും സാധ്യതയനുസരിച്ച് ഒരു പ്രത്യേക തരം നാണയം മാത്രമേ ഉപയോഗിക്കാനാകുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ മറ്റു സ്ഥലങ്ങളിൽനിന്ന് യരുശലേമിൽ എത്തുന്ന ജൂതന്മാർ തങ്ങളുടെ കൈവശമുള്ള പണം മാറ്റിവാങ്ങിയാൽ മാത്രമേ അതു ദേവാലയത്തിൽ സ്വീകരിക്കുമായിരുന്നുള്ളൂ. നാണയം മാറ്റിക്കൊടുക്കുന്നവർ അന്യായമായ ഫീസാണ് ഈടാക്കുന്നതെന്നും അവരുടെ നടപടി പിടിച്ചുപറിക്കു തുല്യമാണെന്നും യേശുവിനു തോന്നിയിരിക്കാം.
കവർച്ചക്കാരുടെ ഗുഹ: അഥവാ “കള്ളന്മാരുടെ മാളം.” യേശു ഇവിടെ യിര 7:11-മായി ബന്ധിപ്പിച്ച് സംസാരിക്കുകയായിരുന്നു. വ്യാപാരികളും നാണയം മാറ്റിക്കൊടുക്കുന്നവരും, ബലിമൃഗങ്ങളെ വിറ്റ് കൊള്ളലാഭം ഉണ്ടാക്കിയിരുന്നതുകൊണ്ടും നാണയം മാറ്റിക്കൊടുക്കാൻ അന്യായമായ ഫീസ് ഈടാക്കിയിരുന്നതുകൊണ്ടും ആയിരിക്കാം യേശു അവരെ “കവർച്ചക്കാർ” എന്നു വിളിച്ചത്. യഹോവയുടെ പ്രാർഥനാലയം അഥവാ ആരാധനാസ്ഥലം ഒരു വാണിജ്യകേന്ദ്രമാക്കിയതും യേശുവിൽ ധാർമികരോഷം ജനിപ്പിച്ചു.
ദേവാലയം: ‘ജനതകളുടെ മുറ്റത്തെ’ ആയിരിക്കാം ഇവിടെ ഉദ്ദേശിക്കുന്നത്. കാരണം ദേവാലയത്തിലെ കുറെക്കൂടി ഉള്ളിലുള്ള ചില ഭാഗങ്ങളിൽ പ്രവേശിക്കാൻ അന്ധർക്കും മുടന്തർക്കും അനുവാദമില്ലായിരുന്നു. ആ സന്ദർഭത്തിൽ യേശു കാണിച്ച തീക്ഷ്ണത ദേവാലയം ശുദ്ധീകരിക്കുന്നതിൽ മാത്രം ഒതുങ്ങിനിന്നില്ലെന്നും തന്റെ അടുത്ത് വന്ന അന്ധരെയും മുടന്തരെയും സുഖപ്പെടുത്തുന്ന കാര്യത്തിലും അതു പ്രകടമായിരുന്നെന്നും ഉള്ള സൂചനയാകാം മത്തായിയുടെ വിവരണം തരുന്നത്.
ദാവീദുപുത്രനു രക്ഷ നൽകണേ: മത്ത 21:9-ന്റെ പഠനക്കുറിപ്പു കാണുക.
ബഥാന്യ: ഒലിവുമലയുടെ തെക്കുകിഴക്കൻ ചെരിവിലുള്ള ഒരു ഗ്രാമം. യരുശലേമിൽനിന്ന് ഏകദേശം 3 കി.മീ. (2 മൈ.) അകലെയായിരുന്നു ആ സ്ഥലം. (യോഹ 11:18) മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട് ഈ ഗ്രാമത്തിലായിരുന്നു. യഹൂദ്യയിൽ യേശുവിന്റെ താവളം ഈ വീടായിരുന്നിരിക്കാം. (യോഹ 11:1) ഇന്ന് അവിടെ ചെറിയ ഒരു ഗ്രാമമുണ്ട്. അറബിയിൽ “ലാസറിന്റെ സ്ഥലം” എന്ന് അർഥംവരുന്ന ഒരു പേരാണ് അതിന്.
അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല: വർഷത്തിലെ ആ സമയത്ത് സാധാരണയായി അത്തിയിൽ കായ്കൾ കാണാറില്ല. എന്നാൽ ഈ അത്തിയിൽ ഇലകൾ വന്നിരുന്നു. സാധാരണഗതിയിൽ വർഷത്തിലെ ആദ്യവിളവ് ഉണ്ടാകുമ്പോഴാണ് അത്തിയിൽ ഇലകൾ വരുന്നത്. പക്ഷേ ആ മരത്തിൽ ഇലയല്ലാതെ കായ്കൾ ഇല്ലായിരുന്നതുകൊണ്ട് അത് ഇനി കായ്ക്കാൻ പോകുന്നില്ലെന്നും അതുകൊണ്ടുതന്നെ അതിന്റെ ബാഹ്യരൂപം വഞ്ചകമാണെന്നും യേശുവിനു മനസ്സിലായി. അതുകൊണ്ടാണ് അതു കായ്ക്കാതിരിക്കട്ടെ എന്നു യേശു ശപിച്ചതും അത് ഉണങ്ങിപ്പോയതും.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
‘എനിക്കു പറ്റില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും: ചില ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഈ ദൃഷ്ടാന്തകഥയിലെ (മത്ത 21:28-31) രണ്ട് ആൺമക്കളുടെ മറുപടികളും പ്രവൃത്തികളും വേറൊരു ക്രമത്തിലാണു കൊടുത്തിരിക്കുന്നത്. (പുതിയ ലോക ഭാഷാന്തരത്തിന്റെ മുൻപതിപ്പു കാണുക.) മൊത്തത്തിലുള്ള ആശയം ഒന്നുതന്നെയാണെങ്കിലും ഇപ്പോഴത്തെ പരിഭാഷയ്ക്കാണു കൂടുതൽ കൈയെഴുത്തുപ്രതികളുടെ പിന്തുണയുള്ളത്.
നികുതിപിരിവുകാർ: മത്ത 5:46-ന്റെ പഠനക്കുറിപ്പു കാണുക.
ദൃഷ്ടാന്തം: അഥവാ “ദൃഷ്ടാന്തകഥ.”—മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.
കാവൽഗോപുരം: കള്ളന്മാരിൽനിന്നും മൃഗങ്ങളിൽനിന്നും മുന്തിരിത്തോട്ടങ്ങളെ സംരക്ഷിക്കാൻ ആളുകൾ ഇതിന്റെ മുകളിൽ കയറി നിന്ന് ചുറ്റുപാടും നിരീക്ഷിക്കുമായിരുന്നു.—യശ 5:2.
പാട്ടത്തിനു കൊടുത്തിട്ട്: ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിലെ ഒരു സാധാരണരീതിയായിരുന്നു ഇത്. ഇവിടെ ഉടമസ്ഥൻതന്നെ പ്രാരംഭജോലികളുടെ ഭൂരിഭാഗവും ചെയ്തുതീർത്തിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഇതിൽനിന്ന് ഒരു ആദായം പ്രതീക്ഷിക്കുന്നതു തികച്ചും ന്യായമായിരുന്നു.
അവർ ദുഷ്ടന്മാരായതുകൊണ്ട് അയാൾ അവരെ കൊന്നുകളയും: “കൊന്നുകളയും” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപ്രയോഗത്തിന്റെ അക്ഷരാർഥം “ദുഷ്ടമായൊരു നാശം വരുത്തും” എന്നാണ്. അതനുസരിച്ച് ആ വാചകം ഇങ്ങനെ പരിഭാഷപ്പെടുത്താം: “അവർ ദുഷ്ടന്മാരായതുകൊണ്ട് അയാൾ അവർക്കു ദുഷ്ടമായൊരു നാശം വരുത്തും.” ഗ്രീക്കുപാഠത്തിൽ ഇവിടെ ഒരേ മൂലപദത്തിന്റെ വ്യത്യസ്തരൂപങ്ങൾ ആവർത്തിച്ചിരിക്കുന്നതു ന്യായവിധിസന്ദേശത്തിന്റെ തീവ്രത കൂട്ടാനാണ്.
മുഖ്യ മൂലക്കല്ല്: അഥവാ “ഏറ്റവും പ്രധാനപ്പെട്ട കല്ല്.” സങ്ക 118:22-ലെ എബ്രായപദപ്രയോഗത്തിന്റെയും ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദപ്രയോഗത്തിന്റെയും അക്ഷരാർഥം “മൂലയുടെ തല” എന്നാണ്. ഇതിനെ പല രീതിയിൽ മനസ്സിലാക്കാമെങ്കിലും സാധ്യതയനുസരിച്ച് രണ്ടു ഭിത്തികളെ ഒന്നിപ്പിച്ചുനിറുത്താൻവേണ്ടി അവ തമ്മിൽ ചേരുന്നിടത്ത് ഏറ്റവും മുകളിലായി സ്ഥാപിക്കുന്ന കല്ലായിരുന്നിരിക്കാം ഇത്. ഈ പ്രവചനം ഉദ്ധരിച്ച യേശു അതിലെ “മുഖ്യ മൂലക്കല്ല്” എന്ന പ്രയോഗം തന്നെ ഉദ്ദേശിച്ചാണെന്നു വ്യക്തമാക്കി. ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ കല്ല് എളുപ്പം എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്നതുപോലെ യേശുക്രിസ്തു എന്ന കല്ല് അഭിഷിക്തക്രിസ്ത്യാനികൾ ചേർന്ന ക്രിസ്തീയസഭയ്ക്കു (ഇതിനെ ഒരു ആത്മീയാലയത്തോടാണു താരതമ്യം ചെയ്തിരിക്കുന്നത്.) മകുടം ചാർത്തുന്നു.
യഹോവ: ഇതു സങ്ക 118:22, 23 വാക്യങ്ങളിൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
തിരുവെഴുത്തുകളിൽ: ദൈവപ്രചോദിതമായി എഴുതിയ എബ്രായലിഖിതങ്ങളെ മുഴുവനായി കുറിക്കാനാണു പൊതുവേ ഈ പദം ഉപയോഗിച്ചിരിക്കുന്നത്.
ദൃശ്യാവിഷ്കാരം
കിഴക്കുനിന്ന് യരുശലേമിലേക്ക് എത്തുന്ന വഴിയാണ് ഈ ഹ്രസ്വവീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇന്ന് എറ്റ്-റ്റർ എന്ന് അറിയപ്പെടുന്ന ഗ്രാമത്തിൽനിന്ന് (ബൈബിളിൽ പറഞ്ഞിരിക്കുന്ന ബേത്ത്ഫാഗയാണ് ഇതെന്നു കരുതപ്പെടുന്നു.) ഒലിവുമലയിലെ ഉയരമേറിയ ഒരു ഭാഗംവരെ ഈ വീഡിയോ നമ്മളെ കൊണ്ടുപോകുന്നു. ഒലിവുമലയുടെ കിഴക്കേ ചെരിവിലായി ബേത്ത്ഫാഗയുടെ കിഴക്കുവശത്താണു ബഥാന്യ സ്ഥിതി ചെയ്യുന്നത്. യരുശലേമിൽ എത്തുമ്പോഴൊക്കെ യേശുവും ശിഷ്യന്മാരും രാത്രി തങ്ങിയിരുന്നതു ബഥാന്യയിലാണ്. ഇന്ന് എൽ-അസറിയാഹ് (എൽ ഐസറിയ) എന്നാണ് ആ പട്ടണം അറിയപ്പെടുന്നത്. അറബിയിലുള്ള ഈ പേരിന്റെ അർഥം ‘ലാസറിന്റെ സ്ഥലം’ എന്നാണ്. യേശു അവിടെ താമസിച്ചിരുന്നതു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട്ടിലാണ് എന്നതിനു സംശയമില്ല. (മത്ത 21:17; മർ 11:11; ലൂക്ക 21:37; യോഹ 11:1) അവരുടെ വീട്ടിൽനിന്ന് യരുശലേമിലേക്ക് യാത്ര ചെയ്തിരുന്നപ്പോൾ, വീഡിയോയിൽ കാണുന്നതുപോലുള്ള ഒരു വഴിയിലൂടെയായിരിക്കാം യേശു പോയിരുന്നത്. എ.ഡി. 33 നീസാൻ 9-ന് യേശു ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി യരുശലേം നഗരത്തിലേക്കു വന്നതു ബേത്ത്ഫാഗയിൽനിന്നായിരിക്കാം. യേശു വന്നത്, ബേത്ത്ഫാഗയിൽനിന്ന് ഒലിവുമല കടന്ന് യരുശലേമിലേക്കുള്ള വഴിയിലൂടെയായിരിക്കാം.
1. ബഥാന്യയിൽനിന്ന് ബേത്ത്ഫാഗയിലേക്കുള്ള വഴി
2. ബേത്ത്ഫാഗ
3. ഒലിവുമല
4. കിദ്രോൻ താഴ്വര
5. ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലം
കുതിരയുടെ കുടുംബത്തിൽപ്പെട്ട മൃഗമാണു കഴുത. നല്ല കട്ടിയുള്ള കുളമ്പുകളാണ് അതിന്റേത്. കുതിരയിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വലുപ്പക്കുറവും ചെറിയ കുഞ്ചിരോമവും നീണ്ട ചെവികളും താരതമ്യേന നീളം കുറഞ്ഞ വാൽരോമവും ആണ്. വാലിന്റെ താഴത്തെ പകുതിയിൽ മാത്രമേ അൽപ്പമെങ്കിലും നീണ്ട രോമങ്ങൾ കാണുന്നുള്ളൂ. കഴുതയെ ബുദ്ധിയില്ലായ്മയുടെയും മർക്കടമുഷ്ടിയുടെയും ഒരു പര്യായമായി പറയാറുണ്ടെങ്കിലും അതിനു കുതിരയെക്കാൾ ബുദ്ധിയുണ്ടെന്നു പറയപ്പെടുന്നു. ഇവ പൊതുവേ ശാന്തസ്വഭാവികളുമാണ്. സ്ത്രീകളും പുരുഷന്മാരും ഇസ്രായേല്യരിൽപ്പെട്ട പ്രമുഖർപോലും കഴുതപ്പുറത്ത് സഞ്ചരിച്ചിട്ടുണ്ട്. (യോശ 15:18; ന്യായ 5:10; 10:3, 4; 12:14; 1ശമു 25:42) ദാവീദിന്റെ മകനായ ശലോമോൻ അഭിഷേകത്തിന് എത്തിയത് പിതാവിന്റെ കോവർകഴുതപ്പുറത്ത് (ആൺകഴുതയ്ക്കു പെൺകുതിരയിൽ ഉണ്ടാകുന്ന സങ്കരസന്താനം) ആയിരുന്നു. (1രാജ 1:33-40) അതുകൊണ്ടുതന്നെ ശലോമോനെക്കാൾ വലിയവനായ യേശു സെഖ 9:9-ലെ പ്രവചനത്തിന്റെ നിവൃത്തിയായി, കുതിരപ്പുറത്ത് വരാതെ കഴുതക്കുട്ടിയുടെ പുറത്ത് വന്നത് എന്തുകൊണ്ടും ഉചിതമായിരുന്നു.
ഇസ്രായേലിൽ മുന്തിരിയുടെ വിളവെടുത്തിരുന്നത് ആഗസ്റ്റിലോ സെപ്റ്റംബറിലോ ആണ്. മുന്തിരിയുടെ ഇനവും അതാതു പ്രദേശത്തെ കാലാവസ്ഥയും ആണ് ഇതിനെ സ്വാധീനിച്ചിരുന്ന ഘടകങ്ങൾ. സാധാരണയായി, വിളവെടുക്കുന്ന മുന്തിരി ചുണ്ണാമ്പുകൽപ്പാറയിൽ വെട്ടിയുണ്ടാക്കിയ കുഴികളിൽ ഇടും. എന്നിട്ട് പുരുഷന്മാർ കാലുകൊണ്ട് അതിൽ അമർത്തിച്ചവിട്ടും. ഇത്തരം സന്ദർഭങ്ങളിൽ പാട്ടു പാടുന്നതും പതിവായിരുന്നു.—യശ 16:10; യിര 25:30; 48:33.
1. പുതുതായി വിളവെടുത്ത മുന്തിരി
2. മുന്തിരിച്ചക്ക്
3. മുന്തിരിച്ചാറ് ഊറിവരാനുള്ള പാത്തി
4. മുന്തിരിച്ചാറ് ഒഴുകിവീഴുന്ന താഴത്തെ തൊട്ടി
5. വീഞ്ഞു സൂക്ഷിക്കുന്ന കളിമൺഭരണികൾ