മത്തായി എഴുതിയത് 25:1-46
പഠനക്കുറിപ്പുകൾ
വിവേകമതികൾ: അഥവാ “ബുദ്ധിമതികൾ.”—മത്ത 24:45-ന്റെ പഠനക്കുറിപ്പു കാണുക.
വിളക്കുകൾ ഒരുക്കി: ആവശ്യമനുസരിച്ച് തിരിയുടെ അറ്റം മുറിക്കുന്നതും എണ്ണ ഒഴിക്കുന്നതും പോലെ, വിളക്കുകൾ നല്ല പ്രകാശത്തോടെ കത്താൻ ആവശ്യമായതെല്ലാം ചെയ്യുന്നതാകാം ഇതിൽ ഉൾപ്പെട്ടിരുന്നത്.
ഉണർന്നിരിക്കുക: അഥവാ “ഉണർവോടിരിക്കുക.” ആത്മീയമായി ഉണർന്നിരിക്കാനുള്ള ഈ ആഹ്വാനമാണു പത്തു കന്യകമാരെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയുടെ അടിസ്ഥാനസന്ദേശം.—മത്ത 24:42; 26:38 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
താലന്ത്: ഗ്രീക്കുതാലന്ത് ഒരു നാണയമായിരുന്നില്ല. മറിച്ച്, തൂക്കത്തിന്റെയും പണത്തിന്റെയും ഒരു അളവായിരുന്നു. ഒരു ഗ്രീക്ക് വെള്ളിത്താലന്ത് 20.4 കി.ഗ്രാം വരുമായിരുന്നു. അതിന്റെ മൂല്യം ഏകദേശം 6,000 ദ്രഹ്മ അഥവാ റോമൻ ദിനാറെ ആയിരുന്നു. ഒരു സാധാരണ കൂലിപ്പണിക്കാരന്റെ ഏകദേശം 20 വർഷത്തെ കൂലിക്കു തുല്യമായിരുന്നു ഇത്.—അനു. ബി14 കാണുക.
പണം: അക്ഷ. “വെള്ളി.” അതായത് പണമായി ഉപയോഗിച്ചിരുന്ന വെള്ളി.
താലന്തു നിലത്ത് കുഴിച്ചിട്ടു: ഇങ്ങനെയൊരു രീതി നിലവിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്, ബൈബിൾനാടുകളിലെ പുരാവസ്തുശാസ്ത്രജ്ഞർക്കും കൃഷിക്കാർക്കും മണ്ണിന് അടിയിൽനിന്ന് കിട്ടിയ അമൂല്യവസ്തുക്കളുടെയും നാണയങ്ങളുടെയും വൻശേഖരം.
പണമിടപാടുകാർ . . . പലിശ: പലിശയ്ക്കു പണമിടപാടു നടത്തുന്ന രീതി എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിലും ചുറ്റുമുള്ള ദേശങ്ങളിലും സാധാരണമായിരുന്നു. ദരിദ്രരായ സഹജൂതന്മാർക്കു വായ്പ കൊടുക്കുമ്പോൾ പലിശ ഈടാക്കരുതെന്നു മോശയിലൂടെ കൊടുത്ത നിയമം ഇസ്രായേല്യരോട് ആവശ്യപ്പെട്ടിരുന്നു. (പുറ 22:25) എന്നാൽ വിദേശികളിൽനിന്ന് പലിശ ഈടാക്കാൻ (സാധ്യതയനുസരിച്ച് ബിസിനെസ്സ് ആവശ്യങ്ങൾക്കുവേണ്ടി കൊടുത്തിരുന്ന വായ്പകൾക്ക്.) അനുവാദമുണ്ടായിരുന്നു. (ആവ 23:20) പണമിടപാടുകാരുടെ പക്കൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിനു പലിശ വാങ്ങുന്നതു തെളിവനുസരിച്ച് യേശുവിന്റെ കാലത്ത് സർവസാധാരണമായിരുന്നു.
നിരാശയോടെ പല്ലിറുമ്മും: മത്ത 8:12-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യപുത്രൻ: മത്ത 8:20–ന്റെ പഠനക്കുറിപ്പു കാണുക.
തന്റെ വലത്തും . . . ഇടത്തും: ചില ബൈബിൾഭാഗങ്ങളിൽ രണ്ടു വശവും ആദരവിനെയും അധികാരത്തെയും സൂചിപ്പിക്കുന്നെങ്കിലും (മത്ത 20:21, 23) വലതുവശമാണ് എപ്പോഴും ഏറ്റവും ആദരണീയമായ സ്ഥാനം. (സങ്ക 110:1; പ്രവൃ 7:55, 56; റോമ 8:34) എന്നാൽ ഇവിടെയും മത്ത 25:34, 41 വാക്യങ്ങളിലും ഈ രണ്ടു വശങ്ങൾക്കും തികച്ചും വിപരീതാർഥമാണുള്ളത്. രാജാവിന്റെ വലതുവശം പ്രീതിയെ കുറിക്കുമ്പോൾ ഇടതുവശം അപ്രീതിയെയാണു കുറിക്കുന്നത്.—സഭ 10:2, അടിക്കുറിപ്പുകൾ താരതമ്യം ചെയ്യുക.
ലോകാരംഭം: ഇവിടെ കാണുന്ന ‘ആരംഭം’ എന്നതിന്റെ ഗ്രീക്കുപദം എബ്ര 11:11-ൽ “ഗർഭിണിയാകുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ ‘ആരംഭം’ എന്ന പദം, ആദാമിന്റെയും ഹവ്വയുടെയും മക്കൾ ഗർഭത്തിൽ ഉരുവായതിനെയും അവർ ജനിച്ചതിനെയും ആണ് കുറിക്കുന്നത്. യേശു ‘ലോകാരംഭത്തെ’ ഹാബേലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സാധ്യതയനുസരിച്ച് വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗലോകത്തിലെ ആദ്യമനുഷ്യനാണു ഹാബേൽ. അത്തരത്തിൽ വീണ്ടെടുക്കപ്പെടാവുന്നവരുടെ പേരുകൾ ‘ലോകാരംഭംമുതൽ’ ജീവന്റെ പുസ്തകത്തിൽ എഴുതപ്പെടുന്നുണ്ട്.—ലൂക്ക 11:50, 51; വെളി 17:8.
രാജ്യം: ബൈബിളിൽ “രാജ്യം” എന്ന പദം പല അർഥങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. “ഒരു രാജാവ് ഭരിക്കുന്ന പ്രദേശം അല്ലെങ്കിൽ രാജ്യം,” “രാജാധികാരം,” “ഒരു ഭരണപ്രദേശം,” “രാജഭരണത്തിൻകീഴിലായിരിക്കുക” എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. തെളിവനുസരിച്ച് ഇവിടെ അതു കുറിക്കുന്നത്, ദൈവരാജ്യഭരണത്തിന്റെ പ്രയോജനങ്ങളും അനുഗ്രഹങ്ങളും നേടുന്നതിനെയും അതിന്റെ ഭരണപ്രദേശത്ത് ജീവിതം ആസ്വദിക്കുന്നതിനെയും ആണ്.
അവകാശമാക്കിക്കൊള്ളൂ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയ അടിസ്ഥാനപരമായി ഒരു അനന്തരാവകാശിക്ക് അർഹതപ്പെട്ട എന്തെങ്കിലും അവകാശമായി കിട്ടുന്നതിനെ കുറിക്കുന്നു. പലപ്പോഴും കുടുംബബന്ധമാണ് ഇതിന് ആധാരം. അപ്പനിൽനിന്ന് മകനു പിതൃസ്വത്തു കിട്ടുന്നത് ഇതിന് ഒരു ഉദാഹരണമാണ്. (ഗല 4:30) എന്നാൽ ഇവിടെയും ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കയിടങ്ങളിലും, ദൈവത്തിൽനിന്ന് എന്തെങ്കിലും പ്രതിഫലമായി കിട്ടുന്നതിനെ കുറിക്കാൻ വിശാലമായ അർഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്.—മത്ത 19:29; 1കൊ 6:9.
നഗ്നൻ: അഥവാ “വേണ്ടത്ര വസ്ത്രം ധരിക്കാത്തവൻ.” ഇവിടെ കാണുന്ന ഗുംനോസ് എന്ന ഗ്രീക്കുപദത്തിന്, “അൽപ്പവസ്ത്രധാരി; അടിവസ്ത്രം മാത്രം ധരിച്ചവൻ” എന്നെല്ലാം അർഥം വരാം.—യാക്ക 2:15.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
സഹോദരന്മാർ: “സഹോദരൻ” എന്നതിനുള്ള ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപത്തിനു പുരുഷന്മാരെയും സ്ത്രീകളെയും കുറിക്കാനാകും.
നിഗ്രഹിച്ചുകളയും: അക്ഷ. “വെട്ടിക്കളയും; കോതിക്കളയും.” മരങ്ങളിലെ ആവശ്യമില്ലാത്ത ചില്ലകൾ “വെട്ടിക്കളയുന്നതിനെയോ” “കോതിക്കളയുന്നതിനെയോ” കുറിക്കാനാണു കൊളാസിസ് എന്ന ഗ്രീക്കുപദം ഉപയോഗിക്കുന്നത്. ഈ വാക്യത്തിൽ “എന്നേക്കുമായി നിഗ്രഹിച്ചുകളയും” എന്നു പറഞ്ഞിരിക്കുന്നത് ഒരാൾക്കു മേലാൽ പുനരുത്ഥാനപ്രത്യാശയില്ല എന്ന അർഥത്തിലാണ്.
ദൃശ്യാവിഷ്കാരം
മെതിച്ചെടുത്ത ധാന്യം, പാറ്റാനുള്ള കോരിക ഉപയോഗിച്ച് വായുവിലേക്ക് ഉയർത്തി എറിയും. താരതമ്യേന ഭാരമുള്ള ധാന്യമണികൾ നിലത്തേക്കു വീഴുകയും ഭാരം കുറഞ്ഞ ഉമിയും പതിരും കാറ്റത്ത് പറന്നുപോകുകയും ചെയ്യും. ധാന്യത്തിൽനിന്ന് ഉമിയും പതിരും പൂർണമായി നീക്കം ചെയ്യുന്നതുവരെ ഇതു പല പ്രാവശ്യം ആവർത്തിച്ചിരുന്നു.