മത്തായി എഴുതിയത് 27:1-66
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
ഗവർണറായ പീലാത്തൊസ്: എ.ഡി. 26-ൽ തിബെര്യൊസ് ചക്രവർത്തി നിയമിച്ച യഹൂദ്യയിലെ റോമൻ ഗവർണർ (അധിപതി). അദ്ദേഹം പത്തു വർഷത്തോളം ഭരണം നടത്തി. റോമൻ ചരിത്രകാരനായ റ്റാസിറ്റസ് ഉൾപ്പെടെ ബൈബിളെഴുത്തുകാരല്ലാത്ത പലരും പീലാത്തൊസിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. തിബെര്യൊസിന്റെ ഭരണകാലത്ത് പീലാത്തൊസ് ക്രിസ്തുവിനെ വധിക്കാൻ ഉത്തരവിട്ടതായി റ്റാസിറ്റസ് എഴുതി. കൂടാതെ, ഇസ്രായേലിലെ കൈസര്യയിലുള്ള പുരാതന റോമൻ പ്രദർശനശാലയിൽനിന്ന് ലത്തീൻ ഭാഷയിലുള്ള, “പൊന്തിയൊസ് പീലാത്തൊസ്, യഹൂദ്യയുടെ അധിപതി” എന്നൊരു ആലേഖനവും കണ്ടെത്തിയിരുന്നു.—പൊന്തിയൊസ് പീലാത്തൊസ് ഭരിച്ചിരുന്ന പ്രദേശത്തെക്കുറിച്ച് അറിയാൻ അനു. ബി10 കാണുക.
വലിയ മനപ്രയാസം തോന്നി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന മെറ്റമെലൊമായി എന്ന ഗ്രീക്കുപദത്തിന് ‘കുറ്റബോധം,’ ‘ഖേദം’ എന്നൊക്കെയുള്ള അർഥം വരാമെങ്കിലും (മത്ത 21:29; 2കൊ 7:8) യൂദാസ് ആത്മാർഥമായി പശ്ചാത്തപിച്ചു എന്നു വിശ്വസിക്കാൻ ഒരു ന്യായവുമില്ല. കാരണം ദൈവമുമ്പാകെ ഒരാൾ പശ്ചാത്തപിക്കുന്നതിനെക്കുറിച്ച് പറയുന്നിടത്ത് ബൈബിൾ മെറ്റാനോയ്യ (മത്ത 3:2; 4:17; ലൂക്ക 15:7; പ്രവൃ 3:19 എന്നിവിടങ്ങളിൽ “മാനസാന്തരം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) എന്നൊരു പദമാണ് ഉപയോഗിക്കുന്നത്. ഒരാളുടെ ചിന്താരീതിയിലോ മനോഭാവത്തിലോ ലക്ഷ്യത്തിലോ വരുന്ന വലിയൊരു മാറ്റത്തെ കുറിക്കുന്ന പദമാണ് ഇത്. യൂദാസ് തന്നോടൊപ്പം ഗൂഢാലോചന നടത്തിയവരുടെ അടുത്തേക്കുതന്നെ തിരിച്ചുപോയതും പിന്നീട് ആത്മഹത്യ ചെയ്തതും കാണിക്കുന്നത് അയാളുടെ വികലമായ ചിന്താരീതിക്കു മാറ്റമൊന്നും വന്നില്ല എന്നാണ്. അതുകൊണ്ടാണ് “യൂദാസിനു വലിയ മനപ്രയാസം തോന്നി” എന്നു മാത്രം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
നിഷ്കളങ്കമായ: ചില പുരാതന കൈയെഴുത്തുപ്രതികളിൽ “നീതിയുള്ള” എന്നാണു കാണുന്നത്.—മത്ത 23:35 താരതമ്യം ചെയ്യുക.
ദേവാലയത്തിലേക്ക്: ഇവിടെ കാണുന്ന നയോസ് എന്ന ഗ്രീക്കുപദത്തിന്, ആലയത്തിന്റെ മുറ്റങ്ങൾ ഉൾപ്പെടെ ആലയസമുച്ചയത്തെ മുഴുവൻ കുറിക്കാനാകും. അതു ദേവാലയത്തിലെ വിശുദ്ധമന്ദിരംതന്നെയാകണമെന്നില്ല.
തൂങ്ങിമരിച്ചു: യൂദാസിന്റെ മരണത്തെക്കുറിച്ച് പ്രവൃ 1:18-ൽ ലൂക്കോസ് വിവരിക്കുന്നത് അയാൾ താഴേക്കു വീണ് അയാളുടെ ശരീരം പിളർന്നു എന്നാണ്. യൂദാസ് ആത്മഹത്യ ചെയ്തത് എങ്ങനെയാണ് എന്ന് മത്തായി വിവരിക്കുമ്പോൾ ലൂക്കോസ് വിശദീകരിക്കുന്നത് യൂദാസിന് അവസാനം എന്തു സംഭവിച്ചു എന്നാണ്. ഈ രണ്ടു വിവരണങ്ങളും കൂട്ടിവായിക്കുമ്പോൾ നമുക്കു കിട്ടുന്ന ചിത്രം ഇതാണ്: സാധ്യതയനുസരിച്ച് യൂദാസ് കീഴ്ക്കാന്തൂക്കായ ഒരു പാറയുടെ മുകളിലുള്ള ഒരു സ്ഥലത്ത് കെട്ടിത്തൂങ്ങി. പിന്നീട് ആ കയറ് പൊട്ടുകയോ മരക്കമ്പ് ഒടിയുകയോ ചെയ്തപ്പോൾ അയാളുടെ ശരീരം താഴെയുള്ള പാറക്കെട്ടിൽ വീണ് പിളർന്നുപോയി. യരുശലേമിന്റെ പരിസരപ്രദേശത്തെ ഭൂപ്രകൃതിയും ഇങ്ങനെയൊരു നിഗമനത്തെ ശരിവെക്കുന്നു.
രക്തത്തിന്റെ വില: അഥവാ “രക്തപ്പണം.” അതായത്, രക്തം ചൊരിഞ്ഞതിനു കിട്ടിയ പണം.
വിശുദ്ധഖജനാവ്: യോഹ 8:20-ൽ ‘ഖജനാവ് ’ എന്നു വിളിച്ചിരിക്കുന്ന ദേവാലയഭാഗമായിരിക്കാം ഇത്. സാധ്യതയനുസരിച്ച് ഇതു സ്ത്രീകളുടെ മുറ്റം എന്ന് അറിയപ്പെട്ടിരുന്ന ഭാഗത്തായിരുന്നു. അവിടെ 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. (അനു. ബി11 കാണുക.) സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.
ആ പണംകൊണ്ട്: ആ 30 വെള്ളിക്കാശുകൊണ്ട് മുഖ്യപുരോഹിതന്മാർ ഒരു നിലം വാങ്ങിയതായി മത്തായി മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ ആ സ്ഥലം വാങ്ങിയത് യൂദാസ് ആണെന്നു പ്രവൃ 1:18, 19 വാക്യങ്ങളിൽ പറയുന്നു. മുഖ്യപുരോഹിതന്മാർ ആ നിലം വാങ്ങിയതു യൂദാസ് കൊടുത്ത പണംകൊണ്ടാണ് എന്നതിനാലായിരിക്കാം അങ്ങനെ പറഞ്ഞിരിക്കുന്നത്.
പരദേശികൾ: അതായത് അന്യനാടുകളിൽനിന്ന് സന്ദർശകരായി എത്തുന്ന ജൂതന്മാരോ ജനതകളിൽപ്പെട്ടവരോ.
കുശവന്റെ നിലം: ഹിന്നോം താഴ്വരയുടെ തെക്കേ ചെരുവിൽ, കിദ്രോൻ താഴ്വരയുമായി അതു ചേരുന്നതിനു തൊട്ടടുത്തായിരുന്നു ഈ നിലം എന്ന് എ.ഡി. 4-ാം നൂറ്റാണ്ടുമുതൽ കരുതിപ്പോരുന്നു. ഇതു കുശവന്മാർ പാത്രങ്ങൾ നിർമിച്ചിരുന്ന ഒരു സ്ഥലമായിരുന്നിരിക്കാം. മത്ത 27:8-ലും പ്രവൃ 1:19-ലും കാണുന്നതുപോലെ ഈ നിലം പിന്നീട് “രക്തനിലം” അഥവാ അക്കൽദാമ എന്ന് അറിയപ്പെടാൻതുടങ്ങി.—അനു. ബി12 കാണുക.
ഇന്നുവരെ: ഈ ഭാഗത്ത് വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നിട്ട് കുറച്ച് കാലത്തിനു ശേഷമാണു മത്തായി അവ രേഖപ്പെടുത്തിയതെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഏകദേശം എ.ഡി. 41-ലായിരിക്കാം മത്തായിയുടെ സുവിശേഷം എഴുതിയത്.
യിരെമ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി: ഇതിനെ തുടർന്ന് കാണുന്ന ഉദ്ധരണി പ്രധാനമായും സെഖ 11:12, 13-ൽനിന്നുള്ളതാണെന്നു കരുതപ്പെടുന്നു. എന്നാൽ മത്തായി അതു സ്വന്തം വാക്കുകളിൽ എഴുതുകയായിരുന്നിരിക്കാം. ദൈവപ്രചോദിതനായി മത്തായി ആ വാക്കുകൾ ഇവിടെ നിവൃത്തിയേറിയതായി സൂചിപ്പിച്ചു. മത്തായിയുടെ കാലത്ത് പ്രവാചകപുസ്തകങ്ങളിൽ ഏറ്റവും ആദ്യത്തേതായി പട്ടികപ്പെടുത്തിയിരുന്നതു യിരെമ്യയുടേതായിരുന്നു. അതുകൊണ്ടുതന്നെ സെഖര്യ ഉൾപ്പെടെയുള്ള എല്ലാ പ്രവാചകപുസ്തകങ്ങളും യിരെമ്യയുടെ പേരിലായിരിക്കാം അറിയപ്പെട്ടിരുന്നത്.—മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവ: എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഈ ഉദ്ധരണിയുടെ (മത്ത 27:9-ന്റെ പഠനക്കുറിപ്പു കാണുക.) മൂലപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
നീ ജൂതന്മാരുടെ രാജാവാണോ?: സീസറിന്റെ അനുമതിയില്ലാതെ ആർക്കും റോമൻ സാമ്രാജ്യത്തിൽ രാജാവായി ഭരിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടായിരിക്കാം യേശുവിനെ ചോദ്യം ചെയ്തപ്പോൾ പീലാത്തൊസ് പ്രധാനമായും യേശുവിന്റെ രാജാധികാരം എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
അങ്ങുതന്നെ അതു പറയുന്നല്ലോ: തെളിവനുസരിച്ച് പീലാത്തൊസിന്റെ പ്രസ്താവന സത്യമാണെന്നതിന് ഉറപ്പുകൊടുക്കുന്ന ഒരു മറുപടിയായിരുന്നു ഇത്. (മത്ത 26:25, 64 എന്നിവയുടെ പഠനക്കുറിപ്പുകൾ താരതമ്യം ചെയ്യുക.) താൻ ശരിക്കും ഒരു രാജാവാണെന്ന കാര്യം യേശു പീലാത്തൊസിന്റെ മുന്നിൽ സമ്മതിച്ചുപറയുന്നെങ്കിലും അതിനു പീലാത്തൊസ് ഉദ്ദേശിക്കുന്ന ഒരർഥമുണ്ടായിരുന്നില്ല. കാരണം യേശുവിന്റെ രാജ്യം ‘ഈ ലോകത്തിന്റെ ഭാഗമായിരുന്നില്ല.’ അതുകൊണ്ടുതന്നെ അതു റോമിന് ഒരു ഭീഷണിയുമാകില്ലായിരുന്നു.—യോഹ 18:33-37.
ഒരു തടവുകാരനെ . . . മോചിപ്പിക്കുക പതിവായിരുന്നു: നാലു സുവിശേഷയെഴുത്തുകാരും ഈ സംഭവത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. (മർ 15:6-15; ലൂക്ക 23:16-25; യോഹ 18:39, 40) ഇങ്ങനെയൊരു പതിവ് നിലവിൽ വന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചോ ഇത്തരമൊരു കീഴ്വഴക്കത്തെക്കുറിച്ചോ എബ്രായതിരുവെഴുത്തുകളിൽ എങ്ങും കാണുന്നില്ല. എന്നാൽ യേശുവിന്റെ കാലത്തിനു മുമ്പ് എപ്പോഴോ ജൂതന്മാർ ഇങ്ങനെയൊരു രീതി തുടങ്ങിയിരിക്കാം. പക്ഷേ ഈ ആചാരം റോമാക്കാർക്ക് ഒരു പുതുമയല്ലായിരുന്നിരിക്കണം. കാരണം ജനക്കൂട്ടത്തെ പ്രീതിപ്പെടുത്താൻ തടവുകാരെ മോചിപ്പിക്കുന്ന ഒരു രീതി റോമാക്കാർക്കുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്.
ന്യായാസനം: ഉയർത്തിക്കെട്ടിയ ഒരു വേദി. സാധാരണയായി വെളിയിലാണ് ഇതു നിർമിച്ചിരുന്നത്. അവിടെ ഇരുന്ന് അധികാരികൾക്കു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനും വിധികൾ പ്രസ്താവിക്കാനും സാധിക്കുമായിരുന്നു.
സ്വപ്നം: തെളിവനുസരിച്ച് ദൈവത്തിൽനിന്നുള്ളത്. സുവിശേഷയെഴുത്തുകാരിൽ മത്തായി മാത്രമേ ഈ സംഭവം ദൈവപ്രചോദിതരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
കൈ കഴുകി: ഒരാൾ ഒരു കാര്യത്തിൽ നിരപരാധിയാണെന്നും അയാൾക്ക് അക്കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്നും സൂചിപ്പിക്കുന്ന ആലങ്കാരികാർഥത്തിലുള്ള ഒരു പ്രവൃത്തി. ജൂതന്മാരുടെ ഈ രീതിയെക്കുറിച്ച് ആവ 21:6, 7; സങ്ക 26:6 എന്നീ ഭാഗങ്ങളിൽ കാണുന്നുണ്ട്.
അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ: അതായത്, “അവന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഞങ്ങളും ഞങ്ങളുടെ പിൻതലമുറക്കാരും ഏറ്റെടുക്കുന്നു.”
ചാട്ടയ്ക്ക് അടിക്കുക: കുറ്റവാളികളെ ക്രൂരമായി ദണ്ഡിപ്പിക്കാൻ റോമാക്കാർ ഉപയോഗിച്ചിരുന്ന ചാട്ട, ലത്തീൻ ഭാഷയിൽ ഫ്ലാഗെല്ലും എന്നാണ് അറിയപ്പെട്ടിരുന്നത്. ആ പദത്തിൽനിന്നാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയ (ഫ്രാഗെല്ലൊവൊ, “ചാട്ടയ്ക്ക് അടിക്കുക.”) വന്നിരിക്കുന്നത്. ഈ ചാട്ടയുടെ പിടിയിൽ നിരവധി വള്ളികളോ കെട്ടുകളുള്ള തോൽവാറുകളോ പിടിപ്പിച്ചിരുന്നു. ചിലപ്പോഴൊക്കെ വേദനയുടെ കാഠിന്യം കൂട്ടാൻ ആ തോൽവാറുകളിൽ കൂർത്ത എല്ലിൻകഷണങ്ങളോ ലോഹക്കഷണങ്ങളോ പിടിപ്പിക്കാറുമുണ്ടായിരുന്നു. അതുകൊണ്ടുള്ള അടിയേറ്റാൽ ആഴത്തിൽ ചതവേൽക്കുകയും മാംസം കീറിപ്പറിയുകയും ചെയ്തിരുന്നു. ചിലപ്പോൾ മരണംപോലും സംഭവിച്ചിരുന്നു.
ഗവർണറുടെ വസതി: പ്രായിറ്റോറിയൊൻ എന്ന ഗ്രീക്കുപദം (പ്രായ്റ്റോറിയം എന്ന ലത്തീൻ പദത്തിൽനിന്നുള്ളത്.) റോമൻ ഗവർണർമാരുടെ ഔദ്യോഗികവസതിയെയാണു കുറിക്കുന്നത്. യരുശലേമിൽ ഈ വസതി സാധ്യതയനുസരിച്ച് മഹാനായ ഹെരോദ് നിർമിച്ച കൊട്ടാരമായിരുന്നു. ഇതിന്റെ സ്ഥാനം, യരുശലേമിന്റെ തെക്കൻപകുതിയുടെ വടക്കുപടിഞ്ഞാറേ മൂലയ്ക്കായിരുന്നു. (ഇതിന്റെ സ്ഥാനം മനസ്സിലാക്കാൻ അനു. ബി12 കാണുക.) പ്രത്യേകം ചില അവസരങ്ങളിൽ മാത്രമാണു പീലാത്തൊസ് യരുശലേമിൽ താമസിച്ചിരുന്നത്. ഉത്സവങ്ങളുടെ സമയത്തും മറ്റും കുഴപ്പങ്ങളുണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടായിരുന്നു ഇത്. എന്നാൽ പീലാത്തൊസിന്റെ സ്ഥിരതാമസം കൈസര്യയിലായിരുന്നു.
കടുഞ്ചുവപ്പു നിറമുള്ള ഒരു മേലങ്കി: ഇത്തരം ഒരു മേലങ്കി അഥവാ കുപ്പായം അണിഞ്ഞിരുന്നതു രാജാക്കന്മാരോ മജിസ്റ്റ്രേട്ടുമാരോ സൈനികോദ്യോഗസ്ഥരോ ആയിരുന്നു. മർ 15:17; യോഹ 19:2 എന്നീ വാക്യങ്ങളിൽ കാണുന്നത് അതു പർപ്പിൾ നിറമുള്ള ഒരു വസ്ത്രമാണെന്നാണ്. എന്നാൽ പുരാതനകാലങ്ങളിൽ ചുവപ്പും നീലയും ചേർന്ന ഏതു നിറത്തെയും “പർപ്പിൾ” എന്നു വിളിക്കാറുണ്ടായിരുന്നു. മാത്രമല്ല പ്രകാശത്തിന്റെ പ്രതിഫലനം, പശ്ചാത്തലം എന്നിവ മാറുന്നതനുസരിച്ച് ഒരു കാഴ്ചക്കാരന് ഒരു വസ്തുവിന്റെ നിറം മറ്റൊന്നായി തോന്നാം. അയാൾ എവിടെനിന്ന് നോക്കുന്നു എന്നതും അതിനെ സ്വാധീനിച്ചേക്കാം. സുവിശേഷയെഴുത്തുകാർ ഒരേ നിറത്തെ വ്യത്യസ്തരീതികളിൽ വർണിച്ചു എന്ന വസ്തുത സൂചിപ്പിക്കുന്നത്, അവർ വെറുതേ കണ്ണുമടച്ച് മറ്റൊരാളുടെ വിവരണം പകർത്തുകയായിരുന്നില്ല എന്നാണ്.
കിരീടം . . . ഈറ്റത്തണ്ട്: കടുഞ്ചുവപ്പു മേലങ്കിയോടൊപ്പം (മത്ത 27:28-ൽ പറഞ്ഞിരിക്കുന്നത്.) അവർ യേശുവിന് ഒരു മുൾക്കിരീടവും ചെങ്കോലായി ഈറ്റത്തണ്ടും കൊടുത്തു. രാജകീയചിഹ്നങ്ങളെന്നോണം ഇവ കൊടുത്തതു യേശുവിനെ കളിയാക്കാനായിരുന്നു.
യേശുവിന്റെ മുന്നിൽ മുട്ടുകുത്തി: മുട്ടുകുത്തുന്നതു സാധാരണയായി ഒരു അധികാരിയോടുള്ള ആദരവിന്റെ സൂചനയായിരുന്നു. എന്നാൽ ഇതും യേശുവിനെ കളിയാക്കാൻവേണ്ടി പടയാളികൾ ചെയ്തതായിരുന്നു.—മത്ത 17:14-ന്റെ പഠനക്കുറിപ്പു കാണുക.
അഭിവാദ്യങ്ങൾ: അഥവാ “ജയജയ.” അക്ഷ. “എപ്പോഴും ആനന്ദിച്ചുല്ലസിക്കുക.” സാധാരണയായി സീസറിനെ ഇങ്ങനെ അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ യേശുവിനെ ഇങ്ങനെ അഭിവാദ്യം ചെയ്തതു യേശു രാജാവാണെന്ന വാദത്തെ പരിഹസിക്കാനായിരിക്കാം.
കുറേന: ആഫ്രിക്കയുടെ വടക്കൻതീരത്തോട് അടുത്ത്, ക്രേത്ത ദ്വീപിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഒരു നഗരം.—അനു. ബി13 കാണുക.
നിർബന്ധിച്ച്: മത്ത 5:41–ന്റെ പഠനക്കുറിപ്പു കാണുക.
ദണ്ഡനസ്തംഭം: അഥവാ “വധസ്തംഭം.”—പദാവലിയിൽ “ദണ്ഡനസ്തംഭം;” “സ്തംഭം” എന്നിവയും ഈ പദം ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മത്ത 10:38; 16:24 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.
ഗൊൽഗോഥ: “തലയോട്ടി” എന്ന് അർഥമുള്ള ഒരു എബ്രായപദത്തിൽനിന്ന് വന്നത്. (യോഹ 19:17 കാണുക; ഗുൽഗോലെത് എന്ന എബ്രായപദം “തലയോട്ടി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ന്യായ 9:53 താരതമ്യം ചെയ്യുക.) യേശുവിന്റെ കാലത്ത് ഈ സ്ഥലം യരുശലേമിന്റെ നഗരമതിലുകൾക്കു വെളിയിലായിരുന്നു. എന്നാൽ അതിന്റെ കൃത്യസ്ഥാനം അറിയില്ല. (അനു. ബി12 കാണുക.) ഗൊൽഗോഥ ഒരു കുന്നിൻമുകളിലായിരുന്നെന്നു ബൈബിൾ പറയുന്നില്ലെങ്കിലും യേശുവിനെ വധിക്കുന്നതു ചിലർ ദൂരെ നിന്ന് കണ്ടതായി ബൈബിളിൽ രേഖയുണ്ട്.—മർ 15:40; ലൂക്ക 23:49.
കയ്പുരസമുള്ളൊരു സാധനം: ഇവിടെ ഗ്രീക്കുപദമായ ഖോലെ, ചെടികളിൽനിന്ന് എടുക്കുന്ന കയ്പുരസമുള്ള ഒരു ദ്രാവകത്തെയോ കയ്പുരസമുള്ള പദാർഥങ്ങളെ പൊതുവിലോ കുറിക്കുന്നു. ഇത് ഒരു പ്രവചനനിവൃത്തിയാണെന്നു കാണിക്കാൻ മത്തായി ഇവിടെ സങ്ക 69:21-ൽനിന്ന് ഉദ്ധരിക്കുകയാണ്. അവിടെ കാണുന്ന “വിഷം” എന്നതിന്റെ എബ്രായപദം സെപ്റ്റുവജിന്റിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇതേ ഗ്രീക്കുപദം ഉപയോഗിച്ചാണ്. സാധ്യതയനുസരിച്ച്, വധശിക്ഷയ്ക്കു വിധേയരാകുന്നവരുടെ വേദന കുറയ്ക്കാൻ യരുശലേമിലെ സ്ത്രീകൾ വീഞ്ഞിൽ കയ്പുരസമുള്ള ഈ സാധനം കലർത്തിയ മിശ്രിതം തയ്യാറാക്കിയിരുന്നു. റോമാക്കാർ ഇതിന്റെ ഉപയോഗത്തെ വിലക്കിയതുമില്ല. എന്നാൽ സമാന്തരവിവരണമായ മർ 15:23-ൽ പറയുന്നതു വീഞ്ഞിൽ ‘മീറ കലർത്തിയിരുന്നു’ എന്നാണ്. ഇതിൽനിന്ന് ആ പാനീയത്തിൽ കയ്പുരസമുള്ള സാധനത്തോടൊപ്പം മീറയും ചേർത്തിരുന്നു എന്ന് ഊഹിക്കാം.
യേശു . . . കുടിക്കാൻ വിസമ്മതിച്ചു: വിശ്വാസത്തിന്റെ ഈ പരിശോധനാവേളയിൽ തന്റെ ശരീരത്തിന്റെയും മനസ്സിന്റെയും മേൽ പൂർണനിയന്ത്രണമുണ്ടായിരിക്കാൻ യേശു ആഗ്രഹിച്ചതുകൊണ്ടാകാം ഇങ്ങനെ ചെയ്തത്.
അവർ . . . യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു: മത്തായിയും മർക്കോസും ലൂക്കോസും പറയാത്ത ചില വിശദാംശങ്ങൾ യോഹ 19:23, 24 വാക്യങ്ങളിൽ കാണുന്നുണ്ട്: സാധ്യതയനുസരിച്ച് റോമൻ പടയാളികൾ യേശുവിന്റെ പുറങ്കുപ്പായത്തിനും ഉള്ളങ്കിക്കും വേണ്ടി നറുക്കിട്ടു. അവർ “പുറങ്കുപ്പായം നാലായി വീതിച്ച് ഓരോരുത്തരും ഓരോ കഷണം എടുത്തു.” ഉള്ളങ്കി വീതിക്കാൻ മനസ്സുവരാഞ്ഞതുകൊണ്ട് അവർ അതിനുവേണ്ടി നറുക്കിട്ടു. ഇത്തരത്തിൽ മിശിഹയുടെ വസ്ത്രത്തിനുവേണ്ടി നറുക്കിട്ടതു സങ്ക 22:18-ലെ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു. തെളിവനുസരിച്ച്, വധശിക്ഷ നടപ്പാക്കിയിരുന്നവർ കുറ്റവാളിയുടെ വസ്ത്രം കൈവശം വെക്കുന്ന ഒരു രീതി അന്നു നിലവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വധിക്കുന്നതിനു മുമ്പ് അവർ കുറ്റവാളികളുടെ വസ്ത്രങ്ങൾ ഊരിമാറ്റുകയും അവരുടെ കൈയിലുണ്ടായിരുന്ന സാധനങ്ങൾ എടുക്കുകയും ചെയ്യുമായിരുന്നു. ഇതാകട്ടെ കുറ്റവാളികളെ കൂടുതൽ അപമാനിതരാക്കിയിരുന്നു.
നറുക്കിട്ട്: പദാവലിയിൽ “നറുക്ക്” കാണുക.
കവർച്ചക്കാർ: അഥവാ “കൊള്ളക്കാർ.” ലീസ്റ്റീസ് എന്ന ഗ്രീക്കുപദത്തിന് അക്രമമാർഗത്തിലൂടെ കവർച്ച ചെയ്യുന്നതിനെ കുറിക്കാനാകും. അതു ചിലപ്പോൾ കലാപകാരികളെയും അർഥമാക്കിയേക്കാം. ലൂക്ക 23:19-ൽ ‘കൊലപാതകത്തിന്റെയും കലാപത്തിന്റെയും’ പേരിൽ ജയിലിലായതായി പറഞ്ഞിരിക്കുന്ന ബറബ്ബാസിനെ കുറിക്കാനും (യോഹ 18:40) ഇതേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ലൂക്ക 23:32, 33, 39-ലെ സമാന്തരവിവരണത്തിൽ ഈ കവർച്ചക്കാരെ ‘കുറ്റവാളികൾ’ എന്നാണു വിളിച്ചിരിക്കുന്നത്. അതിന്റെ ഗ്രീക്കുപദമായ കകൗർഗൊസിന്റെ അക്ഷരാർഥം “മോശമായ കാര്യങ്ങളോ ദുഷ്ടതയോ പ്രവർത്തിക്കുന്നവർ” എന്നാണ്.
തല കുലുക്കിക്കൊണ്ട്: സാധാരണയായി ഇതോടൊപ്പം ആളുകൾ എന്തെങ്കിലും പറയുകയും ചെയ്യുമായിരുന്നു. പരിഹാസത്തിന്റെയും നിന്ദയുടെയും പുച്ഛത്തിന്റെയും ഒരു പ്രകടനമായിരുന്നു അത്. അതുവഴി കടന്നുപോകുന്നവർ, അറിയാതെയാണെങ്കിലും സങ്ക 22:7-ലെ പ്രവചനം നിറവേറ്റുകയായിരുന്നു.
ദണ്ഡനസ്തംഭം: അഥവാ “വധസ്തംഭം.”—മത്ത 27:32-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദണ്ഡനസ്തംഭം;” “സ്തംഭം” എന്നിവയും കാണുക.
ദണ്ഡനസ്തംഭം: അഥവാ “വധസ്തംഭം.”—മത്ത 27:32-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദണ്ഡനസ്തംഭം;” “സ്തംഭം” എന്നിവയും കാണുക.
ആറാം മണി: അതായത്, ഉച്ചയ്ക്ക് ഏകദേശം 12 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
ഒൻപതാം മണി: അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
ഏലീ, ഏലീ, ലമാ ശബക്താനീ: ഇത് അരമായവാക്കുകളാണെന്നു ചിലർ കരുതുന്നെങ്കിലും ഇത് അരമായസ്വാധീനമുള്ള എബ്രായവാക്കുകളായിരുന്നിരിക്കണം. സാധ്യതയനുസരിച്ച് അക്കാലത്തെ എബ്രായഭാഷയിൽ കുറച്ചൊക്കെ അരമായസ്വാധീനം ദൃശ്യമായിരുന്നു. ഈ വാക്കുകൾ മത്തായിയും മർക്കോസും ഗ്രീക്കിൽ ലിപ്യന്തരണം ചെയ്തിരിക്കുന്നതുകൊണ്ട് (അതായത് ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് ആ പദങ്ങൾ അതേപടി എഴുതിയിരിക്കുന്നതുകൊണ്ട്) ഇത് യഥാർഥത്തിൽ ഏതു ഭാഷയാണെന്നു കണ്ടെത്തുക എളുപ്പമല്ല.
എന്റെ ദൈവമേ, എന്റെ ദൈവമേ: യേശു സ്വർഗീയപിതാവിനെ തന്റെ ദൈവമായി അംഗീകരിച്ചുകൊണ്ട് ഇങ്ങനെ വിളിച്ചപേക്ഷിച്ചതിലൂടെ സങ്ക 22:1 നിറവേറ്റുകയായിരുന്നു. യേശു ഇങ്ങനെ നിലവിളിച്ചപ്പോൾ അതു കേട്ടുനിന്നവരുടെ മനസ്സിലേക്ക്, സങ്ക 22-ലെ മറ്റു വാക്യങ്ങളിൽ യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന അനേകം പ്രവചനങ്ങൾ വന്നിരിക്കാം. യേശുവിനെ ആളുകൾ കളിയാക്കുകയും പുച്ഛിക്കുകയും ചെയ്യുമെന്നും അവർ യേശുവിന്റെ കൈയും കാലും ആക്രമിക്കുമെന്നും വസ്ത്രം നറുക്കിട്ട് വീതിച്ചെടുക്കുമെന്നും അവിടെ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.—സങ്ക 22: 6-8, 16, 18.
ഏലിയ: “എന്റെ ദൈവം യഹോവയാണ്” എന്ന് അർഥമുള്ള ഒരു എബ്രായപേരിൽനിന്ന് വന്നത്.
പുളിച്ച വീഞ്ഞ്: അഥവാ “വീഞ്ഞിൽനിന്നുള്ള വിനാഗിരി.” ഇത്, ലത്തീൻ ഭാഷയിൽ അസെറ്റം (വിനാഗിരി) എന്ന് അറിയപ്പെടുന്ന വീര്യം കുറഞ്ഞ, നല്ല പുളിയുള്ള ഒരിനം വീഞ്ഞോ അതിൽ വെള്ളം ചേർത്ത് നേർപ്പിച്ച പോസ്കയോ ആയിരുന്നിരിക്കാം. റോമൻ പടയാളികൾ ഉൾപ്പെടെ പാവപ്പെട്ടവർ സാധാരണയായി ദാഹം ശമിപ്പിക്കാൻ കുടിച്ചിരുന്ന വില കുറഞ്ഞ ഒരു പാനീയമായിരുന്നു ഇത്. മിശിഹയ്ക്കു “വിനാഗിരി” കുടിക്കാൻ കൊടുക്കും എന്നു പ്രവചിച്ചിരിക്കുന്ന സങ്ക 69:21-ന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ ഉപയോഗിച്ചിരിക്കുന്നതും ഒക്സൊസ് എന്ന ഗ്രീക്കുപദംതന്നെയാണ്.
ഈറ്റത്തണ്ട്: അഥവാ “വടി; കോൽ.” യോഹന്നാന്റെ വിവരണത്തിൽ അതിനെ ‘ഈസോപ്പുതണ്ട് ’ എന്നാണു വിളിച്ചിരിക്കുന്നത്.—യോഹ 19:29; പദാവലിയിൽ “ഈസോപ്പുചെടി” കാണുക.
എന്നു പറഞ്ഞു: ചില പുരാതന കൈയെഴുത്തുപ്രതികൾ ഇതിനുശേഷം ഇങ്ങനെ കൂട്ടിച്ചേർത്തിട്ടുണ്ട്: “മറ്റൊരാൾ ഒരു കുന്തം എടുത്ത് യേശുവിന്റെ വിലാപ്പുറത്ത് കുത്തി. അപ്പോൾ രക്തവും വെള്ളവും പുറത്ത് വന്നു.” എന്നാൽ മറ്റു ചില പ്രധാനപ്പെട്ട കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. സമാനമായ വാക്കുകൾ യോഹ 19:34-ൽ കാണുന്നുണ്ടെങ്കിലും യോഹ 19:33 സൂചിപ്പിക്കുന്നതനുസരിച്ച് യേശു മരിച്ചതിനുശേഷമാണ് അതു നടന്നത്. യോഹന്നാന്റെ വിവരണത്തിലെ ഈ വാക്കുകൾ പിൽക്കാലത്ത് പകർപ്പെഴുത്തുകാർ മത്തായിയുടെ വിവരണത്തിലേക്കു കൂട്ടിച്ചേർത്തതാകാം എന്നാണു നെസ്ലെ-അലൻഡ്, യുണൈറ്റഡ് ബൈബിൾ സൊസൈറ്റി എന്നീ ഗ്രീക്കുപാഠങ്ങളുടെ എഡിറ്റർമാർ ഉൾപ്പെടെയുള്ള പണ്ഡിതന്മാരിൽ മിക്കവരുടെയും അഭിപ്രായം. വെസ്റ്റ്കോട്ടിന്റെയും ഹോർട്ടിന്റെയും ഗ്രീക്കുപാഠത്തിൽ ഈ വാക്കുകൾ ഇരട്ടവലയത്തിലാണു കൊടുത്തിരിക്കുന്നത്. എന്നാൽ ഈ വാക്കുകൾ “പിൽക്കാലത്ത് ശാസ്ത്രിമാർ കൂട്ടിച്ചേർത്തതാകാം എന്ന അനുമാനത്തിൽത്തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്” എന്ന് അവർപോലും അഭിപ്രായപ്പെടുന്നു. മത്തായിയുടെ വിവരണത്തിന്റെ കൈയെഴുത്തുപ്രതികളിൽ ചില വ്യത്യാസങ്ങൾ കാണുന്നതുകൊണ്ടും യോഹന്നാന്റെ സുവിശേഷത്തിലെ വിവരണത്തിന്റെ ആധികാരികതയെക്കുറിച്ച് ആർക്കും സംശയമില്ലാത്തതുകൊണ്ടും ഒരു കാര്യം അനുമാനിക്കാം: സംഭവങ്ങൾ യഥാർഥത്തിൽ നടന്ന ക്രമത്തിൽത്തന്നെ കൊടുത്തിരിക്കുന്നതു യോഹ 19:33, 34-ലെ വിവരണമാണ്. അതനുസരിച്ച് റോമൻ പടയാളി കുന്തംകൊണ്ട് യേശുവിനെ കുത്തുന്നതിനു മുമ്പുതന്നെ യേശു മരിച്ചിരുന്നു. അതുകൊണ്ടാണ് ഈ ഭാഷാന്തരം, മത്ത 27:49-ൽ ആ വാക്കുകൾ ഉൾപ്പെടുത്താതിരുന്നത്.
പ്രാണൻ വെടിഞ്ഞു: അക്ഷ. “ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാഷയിലെ “ആത്മാവ്” എന്ന പദത്തിന് (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസത്തെയോ” “ജീവശക്തിയെയോ” കുറിക്കാനാകും. സമാന്തരവിവരണമായ മർ 15:37-ൽ എക്പ്നിയോ (അക്ഷ. “ശ്വാസം പുറത്തേക്കുവിടുക.”) എന്ന ഗ്രീക്കുക്രിയ ഉപയോഗിച്ചിരിക്കുന്നത് ഈ വാദത്തെ പിന്താങ്ങുന്നു. (അവിടെ ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അടിക്കുറിപ്പിൽ കാണുന്നതുപോലെ “അന്ത്യശ്വാസം വലിച്ചു” എന്നാണ്.) സംഭവിക്കേണ്ടതെല്ലാം പൂർത്തിയായതുകൊണ്ട് ജീവൻ നിലനിറുത്താനുള്ള പരിശ്രമം യേശു മനഃപൂർവം അവസാനിപ്പിച്ചു എന്ന അർഥത്തിലാകാം മൂലഭാഷയിൽ “ഏൽപ്പിച്ചുകൊടുത്തു” എന്നു പറഞ്ഞിരിക്കുന്നത് എന്നാണു ചിലരുടെ അഭിപ്രായം. (യോഹ 19:30) അതെ, യേശു മനസ്സോടെ ‘മരണത്തോളം തന്റെ ജീവൻ ചൊരിഞ്ഞു.’—യശ 53:12; യോഹ 10:11.
വിശുദ്ധമന്ദിരം: നയോസ് എന്ന ഗ്രീക്കുപദം ഇവിടെ ആലയസമുച്ചയത്തിന്റെ കേന്ദ്രഭാഗത്തുള്ള കെട്ടിടത്തെ കുറിക്കുന്നു. അതിലായിരുന്നു വിശുദ്ധവും അതിവിശുദ്ധവും.
തിരശ്ശീല: ദേവാലയത്തിലെ വിശുദ്ധത്തെയും അതിവിശുദ്ധത്തെയും തമ്മിൽ വേർതിരിക്കുന്ന ഈ തിരശ്ശീലയിൽ മനോഹരമായ ചിത്രപ്പണികളുണ്ടായിരുന്നു. ജൂതപാരമ്പര്യം പറയുന്നതനുസരിച്ച്, നല്ല ഭാരമുണ്ടായിരുന്ന ഈ തിരശ്ശീലയ്ക്കു 18 മീ. (60 അടി) നീളവും 9 മീ. (30 അടി) വീതിയും 7.4 സെ.മീ. (2.9 ഇഞ്ച്) കനവും ഉണ്ടായിരുന്നു. തിരശ്ശീല രണ്ടായി കീറിയതിലൂടെ യഹോവ തന്റെ മകനെ കൊന്നവരോടുള്ള ക്രോധം പ്രകടിപ്പിച്ചു. സ്വർഗത്തിലേക്കുള്ള പ്രവേശനം ഇനി സാധ്യമാണെന്നും അതു സൂചിപ്പിച്ചു.—എബ്ര 10:19, 20; പദാവലി കാണുക.
കല്ലറകൾ: അഥവാ “സ്മാരകക്കല്ലറകൾ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
പുറത്ത് വന്നു: “പുറത്ത് വരിക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എഗെയ്റോ എന്ന ഗ്രീക്കുക്രിയയ്ക്കു പുനരുത്ഥാനത്തെ അർഥമാക്കാനാകുമെങ്കിലും മിക്കപ്പോഴും മറ്റു കാര്യങ്ങളെ കുറിക്കാനാണ് അത് ഉപയോഗിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, ഒരു കുഴിയിൽനിന്ന് ‘പിടിച്ചുകയറ്റുക,’ നിലത്തുനിന്ന് ‘എഴുന്നേൽക്കുക’ എന്നൊക്കെയുള്ള അർഥത്തിൽ അത് ഉപയോഗിച്ചിട്ടുണ്ട്. (മത്ത 12:11; 17:7; ലൂക്ക 1:69) ഇനി, മത്തായി പറഞ്ഞിരിക്കുന്നതു ‘വിശുദ്ധർ’ “പുറത്ത് വന്നു” എന്നല്ല മറിച്ച് അവരുടെ “ജഡങ്ങൾ പുറത്ത് വന്നു” എന്നാണ്. തെളിവനുസരിച്ച് ഭൂകമ്പത്തിന്റെ ശക്തി കാരണം കല്ലറകൾ തുറന്നുപോയിട്ട് ജഡങ്ങൾ പുറത്ത് വന്നതാകാം.
യേശു ഉയിർപ്പിക്കപ്പെട്ടശേഷം: വലയങ്ങൾക്കുള്ളിൽ കാണുന്ന സംഭവങ്ങൾ പിന്നീടു നടന്നതാണ്.
കല്ലറയ്ക്കൽനിന്ന് വന്നവർ: ഇവിടെ കാണുന്ന ഗ്രീക്കുക്രിയയുടെ കർത്താവ് പുല്ലിംഗബഹുവചനരൂപത്തിലുള്ളതാണ്. അതു സൂചിപ്പിക്കുന്നത് ഇവിടെ പറയുന്നത് ആളുകളെക്കുറിച്ചാണ് അല്ലാതെ 52-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന ജഡങ്ങളെക്കുറിച്ചല്ല (ഗ്രീക്കിൽ ഇതു നപുംസകരൂപത്തിലുള്ളതാണ്.) എന്നാണ്. അതുവഴി കടന്നുപോയ ആളുകളായിരിക്കാം ഇത്. ഭൂകമ്പത്തിൽ (51-ാം വാക്യം) വെളിയിൽ വന്ന ശവശരീരങ്ങൾ കണ്ട അവർ നഗരത്തിലെത്തി അതെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞുകാണും.
വിശുദ്ധനഗരം: അതായത്, യരുശലേം.—മത്ത 4:5-ന്റെ പഠനക്കുറിപ്പു കാണുക.
സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” അതായത് റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവി. പീലാത്തൊസ് യേശുവിനെ വിചാരണ ചെയ്യുന്ന സമയത്ത് ഈ ഉന്നതോദ്യോഗസ്ഥൻ അവിടെയുണ്ടായിരുന്നിരിക്കാം. അതുകൊണ്ടുതന്നെ യേശു ദൈവപുത്രനാണെന്ന് അവകാശപ്പെട്ടതായി ജൂതന്മാർ പറഞ്ഞത് അദ്ദേഹം കേട്ടിരിക്കാനിടയുണ്ട്.—മത്ത 27:27; യോഹ 19:7.
മഗ്ദലക്കാരി മറിയ: മറ്റു മറിയമാരിൽനിന്ന് ഈ മറിയയെ വേർതിരിച്ചുകാണിക്കുന്ന മഗ്ദലക്കാരി എന്ന വിശേഷണം മഗ്ദല എന്ന സ്ഥലപ്പേരിൽനിന്ന് വന്നതാകാം. ഗലീലക്കടലിന്റെ പടിഞ്ഞാറേ തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിന്റെ സ്ഥാനം കഫർന്നഹൂമിനും തിബെര്യാസിനും ഇടയ്ക്ക് ഏതാണ്ട് അവയുടെ മധ്യഭാഗത്തായിരുന്നു. ഇതു മറിയ ജനിച്ചുവളർന്ന സ്ഥലമോ അപ്പോൾ താമസിച്ചുകൊണ്ടിരുന്ന സ്ഥലമോ ആയിരിക്കാം എന്നു കരുതപ്പെടുന്നു.—മത്ത 15:39; ലൂക്ക 8:2 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യാക്കോബ്: ‘ചെറിയ യാക്കോബ് ’ എന്നും അറിയപ്പെട്ടിരുന്നു.—മർ 15:40.
യോസെ: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ “യോസെ” എന്നതിനു പകരം “യോസേഫ്” എന്നാണു കാണുന്നത്. മിക്ക പുരാതന കൈയെഴുത്തുപ്രതികളിലും മർ 15:40-ലെ സമാന്തരവിവരണത്തിൽ “യോസെ” എന്നാണു കാണുന്നത്.
സെബെദിപുത്രന്മാരുടെ അമ്മ: അതായത് അപ്പോസ്തലന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ.—മത്ത 4:21; 20:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യോസേഫ്: യോസേഫിനെക്കുറിച്ച് ഓരോ സുവിശേഷയെഴുത്തുകാരും നൽകുന്ന വ്യത്യസ്തമായ വിശദാംശങ്ങളിൽ അവരവരുടേതായ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. നികുതിപിരിവുകാരനായ മത്തായി, യോസേഫ് ധനികനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു; റോമാക്കാർക്കുവേണ്ടി എഴുതിയ മർക്കോസ് ആകട്ടെ, ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്ന ആളായ യോസേഫ് ‘ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗമാണ് ’ എന്നു പറയുന്നു; മനസ്സലിവുള്ള വൈദ്യനായ ലൂക്കോസ് എഴുതിയത് യോസേഫ് യേശുവിന് എതിരെയുള്ള ന്യായാധിപസഭയുടെ തീരുമാനത്തെ അനുകൂലിക്കാഞ്ഞ, ‘നല്ലവനും നീതിമാനും’ ആയ ഒരാളാണെന്നാണ്; യോസേഫ് “ജൂതന്മാരെ പേടിച്ച് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന” ആളാണെന്നു പറഞ്ഞിരിക്കുന്നതു യോഹന്നാൻ മാത്രമാണ്.—മർ 15:43-46; ലൂക്ക 23:50-53; യോഹ 19:38-42.
അരിമഥ്യ: “ഉയരം” എന്ന് അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നാണ് ഈ നഗരത്തിന്റെ പേര് വന്നിരിക്കുന്നത്. ലൂക്ക 23:51-ൽ അതിനെ ‘യഹൂദ്യരുടെ ഒരു നഗരം’ എന്നു വിളിച്ചിരിക്കുന്നു.—അനു. ബി10 കാണുക.
കല്ലറ: അഥവാ “സ്മാരകക്കല്ലറ.” ഇതു പ്രകൃതിജന്യമായ ഗുഹയല്ല, മറിച്ച് താരതമ്യേന മൃദുവായ, ചുണ്ണാമ്പുകൽപ്പാറയിൽ വെട്ടിയുണ്ടാക്കിയ അറയായിരുന്നു. മിക്കപ്പോഴും അത്തരം കല്ലറകളിൽ ശവശരീരം വെക്കാൻ പാകത്തിനു ബെഞ്ചുപോലുള്ള തട്ടുകൾ കാണുമായിരുന്നു. അവയുടെ ഭിത്തികളിലും അറകൾ വെട്ടിയുണ്ടാക്കിയിരുന്നു.—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
വലിയ കല്ല്: സാധ്യതയനുസരിച്ച് ഇതിനു വൃത്താകൃതിയായിരുന്നു. കാരണം ഈ വാക്യത്തിൽ കല്ലറയുടെ വാതിൽക്കലേക്കു കല്ല് ‘ഉരുട്ടിവെച്ചെന്നും,’ മർ 16:4-ൽ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് പറയുന്നിടത്ത് അത് ‘ഉരുട്ടിമാറ്റിയെന്നും’ ആണ് പറയുന്നത്. ഇതിന് ഒരു ടണ്ണോ അതിൽ കൂടുതലോ ഭാരം വരുമായിരുന്നു.
അടുത്ത ദിവസം: അതായത് നീസാൻ 15. നീസാൻ 14-ന്റെ പിറ്റേന്ന്, ആഴ്ചയുടെ ഏതു ദിവസമാണെങ്കിലും അത് ഒരു ശബത്തായി അഥവാ വിശുദ്ധമായ ഒരു വിശ്രമദിനമായി ആചരിച്ചിരുന്നു. എന്നാൽ എ.ഡി. 33-ലെ നീസാൻ 15, ആ ആഴ്ചയിലെ പതിവ് ശബത്തുദിവസംതന്നെയായിരുന്നതുകൊണ്ട് അതൊരു “വലിയ” ശബത്ത് അഥവാ ഇരട്ടശബത്ത് ആയിരുന്നു.—യോഹ 19:31; അനു. ബി12 കാണുക.
ഒരുക്കനാൾ: ഒരാഴ്ചയിലെ ശബത്തുദിവസത്തിന്റെ തലേനാൾ. ജൂതന്മാർ ശബത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്ന ദിവസമായിരുന്നു ഇത്. ശബത്തുദിവസംകൂടി കണക്കാക്കി കൂടുതൽ ഭക്ഷണം ഉണ്ടാക്കുക, ശബത്ത് കഴിയുന്നതുവരെ മാറ്റിവെക്കാൻ പറ്റാത്ത ജോലികൾ ചെയ്തുതീർക്കുക എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തവണ നീസാൻ 14 ആയിരുന്നു ആ ഒരുക്കനാൾ.—മർ 15:42; പദാവലി കാണുക.
മൂന്നു ദിവസം: ഈ പദപ്രയോഗത്തിനു മൂന്നു ദിവസത്തിന്റെ ഭാഗങ്ങളെ അർഥമാക്കാനാകും. അതുകൊണ്ടാണു “മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ“ അവർ അപേക്ഷിച്ചത്, അല്ലായിരുന്നെങ്കിൽ “നാലാം ദിവസംവരെ” എന്നു പറയുമായിരുന്നു.—മത്ത 27:64; മത്ത 12:40-ന്റെ പഠനക്കുറിപ്പു കാണുക.
ഇത് ആദ്യത്തേതിനെക്കാൾ വലിയ ചതിയാകും: യേശുവിന്റെ ശത്രുക്കളുടെ അഭിപ്രായത്തിൽ, താൻ മിശിഹയാണെന്നുള്ള യേശുവിന്റെ അവകാശവാദമായിരുന്നു ആദ്യത്തെ ചതി. യേശുവിന്റെ പുനരുത്ഥാനം അതിനെക്കാൾ വലിയൊരു “ചതിയാകും” എന്നായിരിക്കാം അവർ ഉദ്ദേശിച്ചത്. യേശു പുനരുത്ഥാനപ്പെട്ടാൽ താൻ മിശിഹയാണെന്നുള്ള യേശുവിന്റെ അവകാശവാദം ശരിയാണെന്നു വരുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകണം.
കാവൽഭടന്മാരുടെ ഒരു ഗണം: തെളിവനുസരിച്ച് പീലാത്തൊസ് അപ്പോൾ റോമൻ പടയാളികളുടെ ഒരു ഗണത്തെയാണു വിട്ടുകൊടുത്തത്. (മത്ത 28:4, 11) അങ്ങനെ നിഗമനം ചെയ്യാൻ രണ്ടു കാരണങ്ങളുണ്ട്: ഒന്ന്, അവർ ദേവാലയത്തിൽ സേവിച്ചിരുന്ന ജൂതഭടന്മാരായിരുന്നെങ്കിൽ ഇതിനായി പീലാത്തൊസിനെ സമീപിക്കേണ്ടിവരില്ലായിരുന്നു. രണ്ട്, യേശുവിന്റെ ശരീരം അപ്രത്യക്ഷമായതിനെക്കുറിച്ച് ഗവർണർ അറിഞ്ഞാൽ പ്രശ്നം പരിഹരിക്കാൻ തങ്ങൾ അദ്ദേഹത്തോടു സംസാരിച്ചുകൊള്ളാം എന്ന വാഗ്ദാനമാണു പുരോഹിതന്മാർ നൽകിയത്.—മത്ത 28:14.
ദൃശ്യാവിഷ്കാരം
1961-ൽ ഇസ്രായേലിലെ കൈസര്യയിലുള്ള ഒരു പുരാതന റോമൻ നാടകശാലയിൽനിന്ന് പുരാവസ്തുഗവേഷകർ പീലാത്തോസിന്റെ പേര് ലത്തീനിൽ വ്യക്തമായി ആലേഖനം ചെയ്തിട്ടുള്ള ഒരു ശിലാഫലകം കണ്ടെത്തി. (ഇവിടെ കാണിച്ചിരിക്കുന്നത് അതിന്റെ തനിപ്പകർപ്പാണ്.) അക്കാലത്തെ മറ്റു ചരിത്രരേഖകളിലും പീലാത്തോസിന്റെ പേര് പല തവണ കാണുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
മനുഷ്യന്റെ ഉപ്പൂറ്റിയിലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാണി അടിച്ചുകയറ്റിയിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ് ഇത്. ഈ അസ്ഥിയും ആണിയും യഥാർഥത്തിലുള്ളതിന്റെ ഒരു പകർപ്പു മാത്രമാണ്. യഥാർഥത്തിലുള്ളതു കണ്ടെത്തിയത് 1968-ൽ വടക്കേ യരുശലേമിൽ പുരാവസ്തുശാസ്ത്രജ്ഞർ ഉത്ഖനനം നടത്തിയപ്പോഴാണ്. ഇതിനു റോമൻ ഭരണകാലത്തോളം പഴക്കമുണ്ട്. തടികൊണ്ടുള്ള സ്തംഭത്തിൽ ഒരാളെ ബന്ധിക്കുന്നതിന് ആണികൾ ഉപയോഗിച്ചിരിക്കാം എന്നതിനെ പുരാവസ്തുശാസ്ത്രം പിന്താങ്ങുന്നതിന്റെ തെളിവാണ് ഇത്. ഇതുപോലുള്ള ആണികളായിരിക്കാം റോമൻ പടയാളികൾ യേശുക്രിസ്തുവിനെ സ്തംഭത്തിൽ തറയ്ക്കാൻ ഉപയോഗിച്ചത്. ഗവേഷകർക്ക് ഇതു കിട്ടിയത്, ശവശരീരം ജീർണിച്ചശേഷം ബാക്കിയാകുന്ന അസ്ഥികൾ സൂക്ഷിക്കുന്ന കല്ലുകൊണ്ടുള്ള ഒരു പെട്ടിയിൽനിന്നാണ്. സ്തംഭത്തിൽ വധിക്കുന്ന ആളുകൾക്കു ശവസംസ്കാരം ലഭിച്ചിരിക്കാം എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പാറയിൽ വെട്ടിയുണ്ടാക്കിയ ഗുഹകളിലോ അറകളിലോ ആണ് ജൂതന്മാർ സാധാരണയായി ശവസംസ്കാരം നടത്തിയിരുന്നത്. രാജാക്കന്മാരുടേത് ഒഴികെയുള്ള കല്ലറകളെല്ലാം പൊതുവേ നഗരങ്ങൾക്കു വെളിയിലായിരുന്നു. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ജൂതകല്ലറകളുടെ ഒരു പ്രത്യേകത അവയുടെ ലാളിത്യമാണ്. ജൂതന്മാർ മരിച്ചവരെ ആരാധിക്കാഞ്ഞതായിരിക്കാം ഇതിന്റെ കാരണം. മരണശേഷം ഒരാൾ ഒരു ആത്മലോകത്ത് ജീവിക്കുന്നു എന്ന വിശ്വാസവും ജൂതമതത്തിന്റെ ഭാഗമല്ലായിരുന്നു.