മത്തായി എഴുതിയത് 5:1-48
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
മലയിൽ: തെളിവനുസരിച്ച് കഫർന്നഹൂമിനും ഗലീലക്കടലിനും അടുത്ത്. സാധ്യതയനുസരിച്ച് യേശു മലയിൽ ഒരു ഉയർന്ന ഭാഗത്തേക്കു കയറി ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി. യേശുവിനു മുന്നിൽ നിരപ്പായ ഒരു സ്ഥലത്തായിരുന്നു ജനം.—ലൂക്ക 6:17, 20.
യേശു ഇരുന്നു: ഇതു ജൂതമതത്തിലെ അധ്യാപകരുടെ ഒരു രീതിയായിരുന്നു, പ്രത്യേകിച്ച് ഔപചാരികമായി പഠിപ്പിക്കുമ്പോൾ.
ശിഷ്യന്മാർ: “ശിഷ്യൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മതീറ്റീസ് എന്ന ഗ്രീക്കുനാമം ആദ്യമായി കാണുന്നിടം. ഇത് ഒരു വിദ്യാർഥിയെ അഥവാ മറ്റൊരാളിൽനിന്ന് അറിവ് നേടുന്നയാളെ കുറിക്കുന്നു. അധ്യാപകനുമായി അഥവാ ഗുരുവുമായി ഒരാൾക്കുള്ള വ്യക്തിപരമായ അടുപ്പം സൂചിപ്പിക്കുന്ന വാക്ക്. ശിഷ്യന്റെ ജീവിതത്തെ അപ്പാടെ സ്വാധീനിക്കുന്ന ഒരു ആത്മബന്ധമാണ് ഇത്. യേശു പറയുന്നതു കേൾക്കാൻ ഒരു വലിയ ജനക്കൂട്ടം അവിടെ കൂടിവന്നിരുന്നെങ്കിലും സാധ്യതയനുസരിച്ച് തന്റെ തൊട്ടടുത്ത് ഇരുന്ന ശിഷ്യന്മാരെ മനസ്സിൽക്കണ്ടാണു യേശു പ്രധാനമായും സംസാരിച്ചത്.—മത്ത 7:28, 29; ലൂക്ക 6:20.
യേശു അവരെ പഠിപ്പിക്കാൻതുടങ്ങി: അക്ഷ. “യേശു വായ്തുറന്ന് അവരെ പഠിപ്പിക്കാൻതുടങ്ങി.” “വായ്തുറന്നു” എന്നത് ഒരു പുരാതന ജൂതശൈലിയാണ്. യേശു സംസാരിക്കാൻതുടങ്ങി എന്നാണ് ഇവിടെ അതിന്റെ അർഥം. (ഇയ്യ 33:2; ദാനി 10:16) പ്രവൃ 8:35-ൽ ഇതേ ഗ്രീക്കുപദപ്രയോഗം “സംഭാഷണം തുടങ്ങി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ: “ദാഹിക്കുന്നവർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ അക്ഷരാർഥം “ദരിദ്രരായവർ (ബുദ്ധിമുട്ടിലായിരിക്കുന്നവർ; യാചകർ)” എന്നാണ്. ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്തിന്റെയെങ്കിലും കുറവ് അനുഭവപ്പെടുന്ന, അതിനെക്കുറിച്ച് അത്യധികം ബോധവാന്മാരായ ആളുകളെ കുറിക്കാനാണ്. ലൂക്ക 16:20, 22 വാക്യങ്ങളിൽ ‘യാചകനായ’ ലാസറിനെക്കുറിച്ച് പറയുമ്പോഴും ഇതേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഷാന്തരങ്ങൾ ഈ ഗ്രീക്കുപദപ്രയോഗത്തെ “ആത്മാവിൽ ദരിദ്രരായവർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. തങ്ങൾ ആത്മീയമായി ദാരിദ്ര്യത്തിലാണെന്നും തങ്ങൾക്കു ദൈവത്തിന്റെ ആവശ്യമുണ്ടെന്നും അങ്ങേയറ്റം ബോധവാന്മാരായ ആളുകളെയാണ് ഇത് അർഥമാക്കുന്നത്.
സന്തുഷ്ടർ: എന്തെങ്കിലും ആസ്വദിക്കുമ്പോൾ ഒരാളുടെ മനസ്സിൽ തോന്നുന്ന വെറുമൊരു ആഹ്ലാദമല്ല ഇത്. മറിച്ച് മനുഷ്യരോടുള്ള ബന്ധത്തിൽ പറയുമ്പോൾ ഇത്, ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ, ദൈവത്തിന്റെ പ്രീതിയിലായിരിക്കുന്ന ഒരാളുടെ അവസ്ഥയെ കുറിക്കുന്നു. ദൈവത്തെയും സ്വർഗീയമഹത്ത്വത്തിലായിരിക്കുന്ന യേശുവിനെയും കുറിച്ച് പറയുമ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—1തിമ 1:11; 6:15.
അവർക്ക്: ഇതു യേശുവിന്റെ അനുഗാമികളെയാണു കുറിക്കുന്നത്, കാരണം യേശു പ്രധാനമായും അവരോടാണു സംസാരിച്ചത്.—മത്ത 5:1, 2.
സൗമ്യരായവർ: ദൈവത്തിന്റെ ഇഷ്ടത്തിനും വഴിനടത്തിപ്പിനും മനസ്സോടെ കീഴ്പെടുന്ന, മറ്റുള്ളവരുടെ മേൽ ആധിപത്യം നടത്താൻ ശ്രമിക്കാത്ത ഒരാളുടെ ആന്തരികഗുണമാണു സൗമ്യത. സൗമ്യനായ ഒരാൾ ഭീരുവാണെന്നോ ദുർബലനാണെന്നോ അർഥമില്ല. “താഴ്മ” എന്നും അർഥമുള്ള ഒരു എബ്രായപദം പരിഭാഷപ്പെടുത്താൻ സെപ്റ്റുവജിന്റിൽ ഇതേ പദം ഉപയോഗിച്ചിരിക്കുന്നു. മോശ (സംഖ 12:3), പഠിപ്പിക്കുമ്പോൾ മറുത്തുനിൽക്കാത്തവർ (സങ്ക 25:9), ഭൂമി കൈവശമാക്കുന്നവർ (സങ്ക 37:11), മിശിഹ (സെഖ 9:9; മത്ത 21:5) എന്നിവരോടുള്ള ബന്ധത്തിൽ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. താൻ സൗമ്യതയുള്ളവനാണെന്നു യേശുതന്നെയും പറഞ്ഞു.—മത്ത 11:29.
ഭൂമി അവകാശമാക്കും: “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും” എന്ന സങ്ക 37:11 പരാമർശിക്കുകയായിരുന്നിരിക്കാം യേശു. “ഭൂമി” എന്നതിനുള്ള എബ്രായവാക്കിനും (എറെട്സ്) ഗ്രീക്കുവാക്കിനും (ഗേ) ഭൂഗ്രഹത്തെ മുഴുവനോ വാഗ്ദത്തദേശംപോലെ ഏതെങ്കിലും ഒരു പ്രത്യേക ഭൂപ്രദേശത്തെ മാത്രമോ അർഥമാക്കാനാകും. സൗമ്യതയുടെ ഏറ്റവും ശ്രേഷ്ഠമായ മാതൃക യേശുവാണെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (മത്ത 11:29) രാജാവെന്ന നിലയിൽ യേശുവിനു ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ മേൽ മാത്രമുള്ള അധികാരമല്ല, മുഴുഭൂമിയുടെയും മേലുള്ള അധികാരം അവകാശമായി ലഭിക്കുമെന്നും (സങ്ക 2:8; വെളി 11:15) യേശുവിന്റെ അവകാശത്തിൽ അഭിഷിക്താനുഗാമികൾക്കും ഒരു പങ്കുണ്ടായിരിക്കുമെന്നും പല ബൈബിൾഭാഗങ്ങളും സൂചിപ്പിക്കുന്നു. (വെളി 5:10) ഇനി, യേശുവിന്റെ സൗമ്യതയുള്ള ശിഷ്യന്മാരിലെ ഭൗമികപ്രജകളും ഭൂമി “അവകാശമാക്കും.” എന്നാൽ അവർ അവകാശമാക്കുന്നതു ഭൂമിയുടെ ഉടമസ്ഥതയല്ല, മറിച്ച് ദൈവരാജ്യത്തിന്റെ ഭരണപ്രദേശമായ ഭൂമിയിലെ പറുദീസയിൽ ജീവിതം ആസ്വദിക്കാനുള്ള പദവിയായിരിക്കും.—മത്ത 25:34-ന്റെ പഠനക്കുറിപ്പു കാണുക.
നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ: അതായത് അഴിമതിയുടെയും അനീതിയുടെയും സ്ഥാനത്ത് ശരിതെറ്റുകളെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങൾ നടപ്പിലായിക്കാണാൻ അതിയായി ആഗ്രഹിക്കുന്നവർ; ആ നിലവാരങ്ങളനുസരിച്ച് ജീവിക്കാൻ കഠിനശ്രമം ചെയ്യുന്നവരായിരിക്കും അവർ.
കരുണ കാണിക്കുന്നവർ: “കരുണ കാണിക്കുക,” “കരുണ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ബൈബിൾപദങ്ങൾക്കു ക്ഷമിക്കുക എന്നോ ന്യായം വിധിക്കുമ്പോൾ ദാക്ഷിണ്യം കാണിക്കുക എന്നോ മാത്രമല്ല അർഥം. പലപ്പോഴും അതിൽ അനുകമ്പ, അലിവ് എന്നീ വികാരങ്ങളും ഉൾപ്പെട്ടിരിക്കുന്നു. സഹായം ആവശ്യമുള്ളവരുടെ തുണയ്ക്കെത്തുന്നതിനു മുൻകൈയെടുക്കാൻ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഗുണങ്ങളാണ് അവ.
ഹൃദയശുദ്ധിയുള്ളവർ: ഉള്ളു ശുദ്ധമായവർ. ധാർമികവും ആത്മീയവും ആയ ശുദ്ധിയെ കുറിക്കുന്നു. ഇതിൽ ഒരാളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ആന്തരവും ഉൾപ്പെട്ടിരിക്കുന്നു.
ദൈവത്തെ കാണും: അക്ഷരാർഥത്തിൽ എടുക്കേണ്ടതില്ല. കാരണം “(ദൈവത്തെ) കണ്ടിട്ട് ഒരു മനുഷ്യനും ജീവനോടിരിക്കില്ല.” (പുറ 33:20) ‘കാണുക’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു “മനക്കണ്ണാൽ കാണുക, മനസ്സിലാക്കുക, അറിയുക” എന്നും അർഥം വരാം. വിശ്വാസം ബലപ്പെടുത്തുന്ന രീതിയിൽ ദൈവവചനം പഠിച്ചുകൊണ്ടും തങ്ങൾക്കുവേണ്ടി ദൈവം ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടും ദൈവത്തിന്റെ വ്യക്തിത്വം അടുത്തറിയുമ്പോൾ ഭൂമിയിലുള്ള യഹോവയുടെ ആരാധകർ ‘ദൈവത്തെ കാണുകയാണ്.’ (എഫ 4:18; എബ്ര 11:27) ആത്മജീവനിലേക്ക് ഉയർപ്പിക്കപ്പെടുമ്പോൾ അഭിഷിക്തക്രിസ്ത്യാനികൾ “ദൈവം എങ്ങനെയാണോ അതേ വിധത്തിൽ” ദൈവത്തെ കാണും.—1യോഹ 3:2.
സമാധാനം ഉണ്ടാക്കുന്നവർ: അവർ സമാധാനം നഷ്ടപ്പെടാതെ നോക്കുന്നവർ മാത്രമല്ല സമാധാനം ഇല്ലാത്തിടത്ത് അതു കൊണ്ടുവരാൻ ശ്രമിക്കുന്നവരും ആയിരിക്കും.
ഉപ്പ്: ഭക്ഷണം കേടാകാതെ സൂക്ഷിക്കാനും അതിന്റെ രുചി വർധിപ്പിക്കാനും ഉപയോഗിക്കുന്ന ധാതുപദാർഥം. സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാനുള്ള ഉപ്പിന്റെ ഈ കഴിവായിരിക്കാം ഇതു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്; ആത്മീയവും ധാർമികവും ആയി ജീർണിച്ചുപോകാതിരിക്കാൻ മറ്റുള്ളവരെ സഹായിക്കാൻ പറ്റിയ സ്ഥാനത്തായിരുന്നു യേശുവിന്റെ ശിഷ്യന്മാർ.
ഉപ്പുരസം നഷ്ടമാകുക: യേശുവിന്റെ കാലത്ത് ചാവുകടൽ പ്രദേശത്തുനിന്നായിരുന്നു മിക്കപ്പോഴും ഉപ്പു ലഭിച്ചിരുന്നത്. എന്നാൽ അതിൽ ആവശ്യമില്ലാത്ത പല ധാതുക്കളും കലർന്നിരുന്നു. അതിൽനിന്ന് ഉപ്പുരസമുള്ള ഭാഗം നീക്കം ചെയ്താൽ അവശേഷിക്കുന്നത് ഒരു രുചിയുമില്ലാത്ത, ഉപയോഗശൂന്യമായ ഒരു വസ്തുവായിരുന്നു.
മലമുകളിലുള്ള ഒരു നഗരം: യേശു ഒരു പ്രത്യേകനഗരത്തെക്കുറിച്ചല്ല പറഞ്ഞത്. യേശുവിന്റെ കാലത്തു പല നഗരങ്ങളും മലമുകളിലായിരുന്നു, ആക്രമണങ്ങളിൽനിന്ന് രക്ഷ നേടാനായിരുന്നു അത്. ചുറ്റും വലിയ മതിലുകൾ പണിതിരുന്നതുകൊണ്ട് കിലോമീറ്ററുകൾ അകലെനിന്നുപോലും ആ നഗരങ്ങൾ കാണാമായിരുന്നു. അതുകൊണ്ടുതന്നെ അവയെ മറച്ചുവെക്കാനാകുമായിരുന്നില്ല. ചെറിയചെറിയ ഗ്രാമങ്ങളുടെ കാര്യത്തിൽപ്പോലും അതു സത്യമായിരുന്നു. കാരണം അവിടെയുള്ള വീടുകൾ പൊതുവേ വെള്ള പൂശിയവയായിരുന്നു.
വിളക്ക്: ബൈബിൾക്കാലങ്ങളിൽ സാധാരണയായി വീടുകളിൽ വിളക്കായി ഉപയോഗിച്ചിരുന്നത് ഒലിവെണ്ണ നിറച്ച ചെറിയ മൺപാത്രങ്ങളായിരുന്നു.
കൊട്ട: ധാന്യംപോലുള്ള ഖരപദാർഥങ്ങൾ അളക്കാൻ ഉപയോഗിച്ചിരുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന തരം ‘കൊട്ടയിൽ’ ഏകദേശം 9 ലി. വരെ കൊള്ളും.
പിതാവ്: യേശു, ദൈവമായ യഹോവയെ “പിതാവ്” എന്നു വിളിക്കുന്ന 160-ലധികം സന്ദർഭങ്ങൾ സുവിശേഷങ്ങളിലുണ്ട്. അതിൽ ആദ്യത്തേതാണ് ഇത്. എബ്രായതിരുവെഴുത്തുകളിൽ ദൈവത്തോടു ബന്ധപ്പെട്ട് ഈ പദം നേരത്തേ ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് യേശു എന്താണ് ഉദ്ദേശിച്ചതെന്നു കേൾവിക്കാർക്ക് അറിയാമായിരുന്നു. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ യേശു അത് ഉപയോഗിക്കില്ലായിരുന്നു. (ആവ 32:6; സങ്ക 89:26; യശ 63:16) മുൻകാലദൈവദാസന്മാർ യഹോവയെ ‘സർവശക്തൻ,’ “അത്യുന്നതൻ,” ‘മഹാസ്രഷ്ടാവ് ’ എന്നിങ്ങനെ ഉന്നതമായ അനേകം പദവിനാമങ്ങൾ ഉപയോഗിച്ച് സംബോധന ചെയ്തിട്ടുണ്ട്. എന്നാൽ യേശു മിക്കപ്പോഴും ഉപയോഗിച്ച വളരെ ലളിതവും സാധാരണവും ആയ “പിതാവ്” എന്ന പദം, തന്റെ ആരാധകരുമായി ദൈവത്തിനുള്ള അടുപ്പമാണ് എടുത്തുകാണിക്കുന്നത്.—ഉൽ 17:1; ആവ 32:8; സഭ 12:1.
നിയമവും പ്രവാചകന്മാരുടെ വാക്കുകളും: ഇവിടെ ‘നിയമം’ എന്ന പദം കുറിക്കുന്നത് ഉല്പത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപുസ്തകങ്ങളെയാണ്. ‘പ്രവാചകന്മാരുടെ വാക്കുകൾ’ എന്ന പദപ്രയോഗം കുറിക്കുന്നത് എബ്രായതിരുവെഴുത്തുകളിലെ പ്രവചനപുസ്തകങ്ങളെയും. എന്നാൽ ഇവ രണ്ടും ഒന്നിച്ച് വരുമ്പോൾ അത് എബ്രായതിരുവെഴുത്തുകളെ മൊത്തത്തിൽ അർഥമാക്കിയേക്കാം.—മത്ത 7:12; 22:40; ലൂക്ക 16:16.
ആകാശവും ഭൂമിയും നീങ്ങിപ്പോയാലും: ഒരു കാര്യം “ഒരിക്കലും സംഭവിക്കില്ല” എന്നു കാണിക്കാൻ ഉപയോഗിച്ച അതിശയോക്തി അലങ്കാരം. ആകാശവും ഭൂമിയും എന്നെന്നും നിലനിൽക്കുമെന്നാണു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത്.—സങ്ക 78:69; 119:90.
ഒരു വള്ളിയോ പുള്ളിയോ: ചില എബ്രായ അക്ഷരങ്ങളിലെ ഒരു ചെറിയ വര മാറിയാൽ ആ അക്ഷരംതന്നെ മാറിപ്പോകുമായിരുന്നു. ഈ അതിശയോക്തി അലങ്കാരം ഉപയോഗിച്ചതിലൂടെ, ദൈവവചനത്തിലെ ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങൾപോലും നിറവേറുമെന്നു യേശു ഊന്നിപ്പറയുകയായിരുന്നു.
സത്യമായി: ഗ്രീക്കിൽ അമീൻ. “അങ്ങനെയാകട്ടെ,” “തീർച്ചയായും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണം. ഒരു പ്രസ്താവനയോ വാഗ്ദാനമോ പ്രവചനമോ ഉച്ചരിക്കുന്നതിനു മുമ്പ് യേശു പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയയോഗ്യവും ആണെന്നു കാണിക്കാനായിരുന്നു ഇത്. വിശുദ്ധലിഖിതങ്ങളിൽ “സത്യമായും” (അമീൻ) എന്ന പദം ഈ രീതിയിൽ ഉപയോഗിച്ചതു യേശു മാത്രമാണെന്നു പറയപ്പെടുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ ഉടനീളം മൂലഭാഷയിൽ ഈ പദം അടുത്തടുത്ത് ആവർത്തിച്ച് (അമീൻ അമീൻ) ഉപയോഗിച്ചിരിക്കുന്നു. അതിനെ മിക്കയിടങ്ങളിലും “സത്യംസത്യമായി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—യോഹ 1:51.
നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കുക: ഇസ്രായേലിൽ എങ്ങുമുള്ള ഏതെങ്കിലും പ്രാദേശികകോടതിയിൽ നടക്കുന്ന വിചാരണയെ കുറിക്കുന്നു. (മത്ത 10:17; മർ 13:9) കൊലപാതകകേസുകളിൽ വിധി പറയാനുള്ള അധികാരം ഈ കോടതികൾക്കുണ്ടായിരുന്നു.—ആവ 16:18; 19:12; 21:1, 2.
എന്നു . . . പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ: ഈ പദപ്രയോഗം, ദൈവപ്രചോദിതമായ എബ്രായതിരുവെഴുത്തുകളിലെ കാര്യങ്ങളെയോ ജൂതപാരമ്പര്യത്തിന്റെ ഭാഗമായ ഉപദേശങ്ങളെയോ ആകാം കുറിക്കുന്നത്.—മത്ത 5:27, 33, 38, 43.
ദേഷ്യം വെച്ചുകൊണ്ടിരിക്കുക: അത്തരം തെറ്റായ മനോഭാവത്തെ, കൊലപാതകത്തിലേക്കു നയിച്ചേക്കാവുന്ന വെറുപ്പിനോടു യേശു ബന്ധിപ്പിച്ചു. (1യോഹ 3:15) ദൈവം ആ വ്യക്തിയെ ഒരു കൊലപാതകിയായി വിധിക്കാനും സാധ്യതയുണ്ടായിരുന്നു.
ചീത്ത വിളിക്കുക: “വിഡ്ഢി” എന്നോ “മടയൻ” എന്നോ അർഥമുള്ള ഗ്രീക്കുപദമായ ഹ്റാകായുടെ (സാധ്യതയനുസരിച്ച് എബ്രായ അല്ലെങ്കിൽ അരമായ ഉത്ഭവമുള്ളത്.) പരിഭാഷ. ഇതുപോലെ തരംതാഴ്ന്ന രീതിയിൽ ഒരു സഹാരാധകനെ സംബോധന ചെയ്യുന്ന വ്യക്തി ഹൃദയത്തിൽ വെറുപ്പു വെച്ചുകൊണ്ടിരിക്കുക മാത്രമല്ല നിന്ദ്യമായ സംസാരത്തിലൂടെ അതു തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്നു.
പരമോന്നതനീതിപീഠം: മഹാപുരോഹിതനും മൂപ്പന്മാരിൽനിന്നും ശാസ്ത്രിമാരിൽനിന്നും ഉള്ള 70 പേരും ചേർന്ന സൻഹെദ്രിനായിരുന്നു ഇത്. ഇതു പുറപ്പെടുവിക്കുന്ന വിധി അന്തിമതീരുമാനമായിട്ടാണു ജൂതന്മാർ കണ്ടിരുന്നത്.—പദാവലിയിൽ “സൻഹെദ്രിൻ” കാണുക.
വിവരംകെട്ട വിഡ്ഢി: “ധിക്കാരി” എന്നോ “കലാപമുയർത്തുന്നവൻ” എന്നോ അർഥമുള്ള ഒരു എബ്രായപദത്തോടു സാമ്യമുള്ള ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. ഒരാൾ ധാർമികമായി അധഃപതിച്ചവനും വിശ്വാസത്യാഗിയും ആണെന്ന് അതു സൂചിപ്പിക്കുന്നു. ഒരു സഹമനുഷ്യനെ ഇങ്ങനെ വിളിക്കുന്നത്, അയാൾ ദൈവത്തെ ധിക്കരിക്കുന്ന ഒരാൾക്കു കിട്ടേണ്ട ശിക്ഷയ്ക്ക്, അതായത് നിത്യനാശത്തിന്, യോഗ്യനാണെന്നു പറയുന്നതുപോലെയായിരുന്നു.
ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രായവാക്കുകളിൽനിന്ന് വന്ന പദപ്രയോഗം. “ഹിന്നോമിന്റെ താഴ്വര” എന്നാണ് ഇതിന്റെ അർഥം. പുരാതനയരുശലേമിന്റെ പടിഞ്ഞാറും തെക്കും ആയി വ്യാപിച്ചുകിടന്ന ഒരു താഴ്വരയായിരുന്നു ഇത്. (അനു. ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.) യേശുവിന്റെ കാലമായപ്പോഴേക്കും ഈ താഴ്വര ചപ്പുചവറുകൾ കത്തിക്കാനുള്ള ഒരു സ്ഥലമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണനാശത്തിന്റെ ഉചിതമായ ഒരു പ്രതീകമായിരുന്നു.—പദാവലി കാണുക.
കാഴ്ച അർപ്പിക്കാൻ യാഗപീഠത്തിന് അടുത്തേക്ക്: ഏതെങ്കിലും പ്രത്യേക യാഗങ്ങളെയോ ലംഘനങ്ങളെയോ ഉദ്ദേശിച്ചല്ല യേശു ഇതു പറഞ്ഞത്. ഈ കാഴ്ച, മോശയിലൂടെ കൊടുത്ത നിയമം നിവർത്തിക്കാനായി യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവരുന്ന ഏതു ബലിവസ്തുവും ആകാമായിരുന്നു. യാഗപീഠമോ? ദേവാലയത്തിൽ, പുരോഹിതന്മാരുടെ മുറ്റത്തുള്ള ദഹനയാഗത്തിന്റെ യാഗപീഠമായിരുന്നു ഇത്. സാധാരണക്കാരായ ഇസ്രായേല്യർക്ക് ഈ മുറ്റത്ത് പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. അതുകൊണ്ട് ആ മുറ്റത്തേക്കു പ്രവേശിക്കുന്നിടത്ത് നിൽക്കുന്ന പുരോഹിതന്റെ കൈയിൽ അവർ കാഴ്ചകൾ കൊടുക്കുകയായിരുന്നു പതിവ്.
നിന്റെ കാഴ്ച . . . വെച്ചിട്ട് ആദ്യം പോയി: ഒരു ആരാധകൻ തന്റെ ബലിവസ്തു പുരോഹിതന്റെ കൈയിൽ കൊടുക്കുന്നതിനു തൊട്ടുമുമ്പുള്ള സമയത്തെക്കുറിച്ചാണ് യേശു ഇവിടെ പറഞ്ഞത്. എന്നാൽ ദൈവത്തിനു സ്വീകാര്യമായ രീതിയിൽ ആ കാഴ്ച അർപ്പിക്കണമെങ്കിൽ അദ്ദേഹം ആദ്യം തന്റെ സഹോദരനുമായുള്ള പ്രശ്നം പരിഹരിക്കണമായിരുന്നു. അതിനായി അദ്ദേഹം തന്നോടു പിണക്കമുള്ള ആ സഹോദരനെ പോയി കണ്ടുപിടിക്കണം. സാധാരണഗതിയിൽ ആളുകൾ വാർഷികോത്സവങ്ങളുടെ സമയത്ത് ബലിവസ്തുക്കളുമായി യരുശലേമിലേക്കു വരുമായിരുന്നതുകൊണ്ട് സാധ്യതയനുസരിച്ച് അവിടെ എത്തിയിട്ടുള്ള ആയിരക്കണക്കിനു തീർഥാടകരിൽ ആ സഹോദരനും ഉണ്ടായിരുന്നിരിക്കാം.—ആവ 16:16.
സമാധാനത്തിലാകുക: “ശത്രുത വെടിഞ്ഞ് സൗഹൃദത്തിലാകുക; അനുരഞ്ജനത്തിലാകുക; പഴയ ബന്ധത്തിലേക്കു തിരിച്ചുവരുക അഥവാ വീണ്ടും ഐക്യത്തിലാകുക” എന്നെല്ലാം ഈ ഗ്രീക്കുപ്രയോഗത്തിന് അർഥമുണ്ട്. അതുകൊണ്ട് പിണക്കമുള്ള വ്യക്തിയുടെ ഹൃദയത്തിലെ നീരസം നീക്കാൻ നമുക്കു സാധിക്കുമെങ്കിൽ അങ്ങനെ ചെയ്തുകൊണ്ട് സാഹചര്യത്തിന് ഒരു മാറ്റം വരുത്താൻ ശ്രമിക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. (റോമ 12:18) മറ്റുള്ളവരുമായി നല്ല ബന്ധമുണ്ടായിരുന്നാൽ മാത്രമേ ദൈവവുമായി നല്ല ബന്ധം ആസ്വദിക്കാനാകൂ എന്നതാണു യേശു പറഞ്ഞതിന്റെ അർഥം.
അവസാനത്തെ ചില്ലിക്കാശ്: അക്ഷ. “അവസാനത്തെ ക്വാഡ്രോൻസ്.” ഒരു ദിനാറെയുടെ 1/64. ഒരു ദിവസത്തെ കൂലിയായിരുന്നു ഒരു ദിനാറെ.—അനു. ബി14 കാണുക.
വ്യഭിചാരം: അതായത്, വിവാഹിതയിണയോടുള്ള ലൈംഗിക അവിശ്വസ്തത. പുറ 20:14, ആവ 5:18 എന്നീ വാക്യങ്ങളിൽനിന്നുള്ള ഉദ്ധരണിയാണ് ഇത്. ആ വാക്യങ്ങളിൽ കാണുന്ന നാഫ് എന്ന എബ്രായക്രിയയ്ക്കു തത്തുല്യമായ മൊയ്ഖ്യുവോ എന്ന ഗ്രീക്കുക്രിയയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു വിവാഹിതവ്യക്തി തന്റെ ഇണയല്ലാത്ത ഒരാളുമായി പരസ്പരസമ്മതത്തോടെ നടത്തുന്ന, ‘ലൈംഗികമായി അധാർമികമായ’ പ്രവൃത്തികളെയാണു ബൈബിളിൽ വ്യഭിചാരം എന്നു വിളിച്ചിരിക്കുന്നത്. (പോർണിയ എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷയായ “ലൈംഗിക അധാർമികത”യെക്കുറിച്ച് വിശദീകരിക്കുന്ന മത്ത 5:32-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.) മോശയിലൂടെ ദൈവം കൊടുത്ത നിയമം പ്രാബല്യത്തിലിരുന്ന കാലത്ത്, മറ്റൊരാളുടെ ഭാര്യയുമായോ ഒരു പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന സ്ത്രീയുമായോ പരസ്പരസമ്മതത്തോടെ നടത്തുന്ന ലൈംഗികവേഴ്ചയെ വ്യഭിചാരമായാണു കണക്കാക്കിയിരുന്നത്.
എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ: മത്ത 5:21-ന്റെ പഠനക്കുറിപ്പു കാണുക.
ഗീഹെന്ന: മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
മോചനപത്രം: മോശയിലൂടെ കൊടുത്ത നിയമം വിവാഹമോചനത്തെ പ്രോത്സാഹിപ്പിച്ചില്ല. ധൃതികൂട്ടി വിവാഹബന്ധം അവസാനിപ്പിക്കുന്നതിനു തടയിടാനും അങ്ങനെ സ്ത്രീകൾക്ക് ഒരു സംരക്ഷണമായിരിക്കാനും ആണ് മോചനപത്രത്തിന്റെ ക്രമീകരണം വെച്ചത്. (ആവ 24:1) ഇങ്ങനെ ഒരു മോചനപത്രം നൽകണമെന്നുണ്ടെങ്കിൽ സാധ്യതയനുസരിച്ച്, അതിനായി അധികാരപ്പെടുത്തിയിട്ടുള്ള പുരുഷന്മാരെ ഭർത്താവ് സമീപിക്കണമായിരുന്നു. ആ പുരുഷന്മാരാകട്ടെ, രമ്യതയിലാകാൻ മിക്കപ്പോഴും ദമ്പതികളെ പ്രോത്സാഹിപ്പിച്ചിരുന്നു.
ലൈംഗിക അധാർമികത: ഗ്രീക്കുപദമായ പോർണിയയ്ക്ക്, ബൈബിൾ കുറ്റം വിധിക്കുന്ന എല്ലാ തരം ലൈംഗികവേഴ്ചയെയും കുറിക്കുന്ന വിശാലമായ അർഥമാണുള്ളത്. അതിൽ വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗരതി, മൃഗവേഴ്ച എന്നിവയെല്ലാം ഉൾപ്പെടുന്നു.—പദാവലി കാണുക.
യഹോവ: ഇത് എബ്രായതിരുവെഴുത്തുകളിലെ ഏതെങ്കിലും ഒരു പ്രത്യേകഭാഗത്തുനിന്ന് നേരിട്ട് ഉദ്ധരിച്ചിരിക്കുന്നതല്ലെങ്കിലും യേശുക്രിസ്തു ഇവിടെ പരാമർശിച്ച രണ്ടു കല്പനകൾ, ലേവ 19:12, സംഖ 30:2, ആവ 23:21 എന്നീ തിരുവെഴുത്തുഭാഗങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. അവയുടെ മൂല എബ്രായപാഠത്തിൽ ദൈവനാമത്തെ പ്രതിനിധീകരിക്കുന്ന നാല് എബ്രായ വ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ്) കാണുന്നുണ്ടുതാനും.—അനു. സി കാണുക.
എന്നു . . . പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ: മത്ത 5:21-ന്റെ പഠനക്കുറിപ്പു കാണുക.
സത്യം ചെയ്യുകയേ അരുത്: ഒരിക്കലും സത്യം ചെയ്യരുതെന്നല്ല യേശു ഇവിടെ ഉദ്ദേശിച്ചത്. ചില ഗൗരവമുള്ള കാര്യങ്ങളിൽ സത്യം ചെയ്യുന്നതോ ആണയിടുന്നതോ അനുവദിച്ചിരുന്ന ദൈവനിയമം അപ്പോഴും പ്രാബല്യത്തിലുണ്ടായിരുന്നു. (സംഖ 30:2; ഗല 4:4) അർഹിക്കുന്ന ഗൗരവം കൊടുക്കാതെ എന്തിനും ഏതിനും ആണയിടുന്നതിനെയാണു യേശു കുറ്റം വിധിച്ചത്. അങ്ങനെ ചെയ്യുന്നത് ആണയിടുന്നതിന്റെ വില കുറച്ചുകളയുമായിരുന്നു.
സ്വർഗത്തെ ചൊല്ലി: പറയുന്ന കാര്യങ്ങൾക്കു വിശ്വാസ്യത കൂട്ടാൻ ആളുകൾ ‘സ്വർഗം,’ ‘ഭൂമി,’ ‘യരുശലേം’ എന്നിവയെ ചൊല്ലിയോ മറ്റൊരാളുടെ “തലയെ” അഥവാ ജീവനെ ചൊല്ലിപ്പോലുമോ സത്യം ചെയ്യാറുണ്ടായിരുന്നു. (മത്ത 5:35, 36) എന്നാൽ ദൈവനാമത്തിൽ സത്യം ചെയ്യുന്നതിനു പകരം സൃഷ്ടികളെച്ചൊല്ലി സത്യം ചെയ്യുന്നതിന്റെ സാധുതയെക്കുറിച്ച് ജൂതന്മാരുടെ ഇടയിൽ തർക്കം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ സത്യം ചെയ്തിട്ടു പിന്നീട് അതു പിൻവലിക്കാമെന്നും അതിനു തങ്ങൾക്കു ശിക്ഷയൊന്നും കിട്ടില്ലെന്നും ചിലർ കരുതിയിരുന്നതായി തോന്നുന്നു.
മഹാരാജാവ്: അതായത്, ദൈവമായ യഹോവ.—മല 1:14.
ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽനിന്ന് വരുന്നു: “ഉവ്വ്” എന്നോ “ഇല്ല” എന്നോ മാത്രം പറയുന്നതിനു പകരം, എന്തു പറഞ്ഞാലും സത്യം ചെയ്യണമെന്നു നിർബന്ധമുള്ളവർ വാസ്തവത്തിൽ ആശ്രയയോഗ്യരല്ലെന്നാണു വെളിപ്പെടുത്തുന്നത്. ‘നുണയുടെ അപ്പനായ’ സാത്താന്റെ മനോഭാവമാണ് അവർ കാണിക്കുന്നത്.—യോഹ 8:44.
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്: മോശയുടെ നിയമത്തിൽനിന്നുള്ള ഈ വാക്കുകളെ യേശുവിന്റെ കാലത്ത്, വ്യക്തിപരമായി പകപോക്കുന്നതിനെ ന്യായീകരിക്കാൻ (പുറ 21:24; ലേവ 24:20) ആളുകൾ വളച്ചൊടിച്ചിരുന്നു. എന്നാൽ കേസുകൾ നിയമിതന്യായാധിപന്മാരുടെ മുന്നിൽ വിചാരണയ്ക്കു വന്നിട്ട് അവർ ഉചിതമായ ശിക്ഷ വിധിക്കുമ്പോൾ മാത്രമേ ശരിയായ വിധത്തിൽ ഈ നിയമം നടപ്പാക്കിയെന്നു പറയാനാകുമായിരുന്നുള്ളൂ.—ആവ 19:15-21.
എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ: മത്ത 5:21-ന്റെ പഠനക്കുറിപ്പു കാണുക.
വലത്തെ കവിളിൽ അടിക്കുക: “അടിക്കുക” എന്ന് അർഥമുള്ള ഗ്രീക്കുക്രിയ (റാപിസൊ) ഇവിടെ ഉപയോഗിച്ചിരിക്കുന്നത് “തുറന്ന കൈകൊണ്ട് തല്ലുക” എന്ന അർഥത്തിലാണ്. സാധ്യതയനുസരിച്ച് അത്തരം ഒരു നടപടി ഒരാൾക്കു ക്ഷതം ഏൽപ്പിക്കാനല്ല മറിച്ച് അയാളെ പ്രകോപിപ്പിക്കാനോ അപമാനിക്കാനോ വേണ്ടിയുള്ളതായിരുന്നു. തന്റെ അനുഗാമികൾ വ്യക്തിപരമായി അപമാനിക്കപ്പെട്ടാലും പകരം വീട്ടാതെ അതു സഹിക്കാൻ മനസ്സുകാണിക്കണമെന്നാണു യേശു ഉദ്ദേശിച്ചത്.
മേലങ്കികൂടെ കൊടുത്തേക്കുക: ജൂതന്മാരായ പുരുഷന്മാർ മിക്കപ്പോഴും രണ്ടു വസ്ത്രങ്ങൾ, അതായത് ഉള്ളങ്കിയും (ഗ്രീക്കിൽ, ഖിറ്റോൺ. ഷർട്ടിനോടു സാമ്യമുള്ള, മുഴുക്കൈയനോ മുറിക്കൈയനോ ആയ കുപ്പായം. മുട്ടുവരെയോ കാൽക്കുഴവരെയോ ഇറക്കം. ഏറ്റവും ഉള്ളിൽ ധരിച്ചിരുന്ന ഉടുപ്പാണ് ഇത്.) മേലങ്കിയും (ഗ്രീക്കിൽ, ഹിമാറ്റിയോൺ. ഇത് അയഞ്ഞ ഒരു അങ്കിയോ പുറങ്കുപ്പായമോ ദീർഘചതുരാകൃതിയിലുള്ള ഒരു തുണിയോ ആകാം.), ധരിച്ചിരുന്നു. കടം തിരിച്ചുകൊടുക്കും എന്നതിനുള്ള ഉറപ്പായി വസ്ത്രം ഈടു നൽകുന്ന ഒരു രീതി അന്നുണ്ടായിരുന്നു. (ഇയ്യ 22:6) സമാധാനത്തെ കരുതി തന്റെ അനുഗാമികൾ ഉള്ളങ്കി മാത്രമല്ല കൂടുതൽ വിലപിടിപ്പുള്ള മേലങ്കിയുംകൂടെ വിട്ടുകൊടുക്കാൻ തയ്യാറാകണമെന്നാണു യേശു പറഞ്ഞത്.
മൈൽ: സാധ്യതയനുസരിച്ച് റോമൻ മൈൽ. അത് 1,479.5 മീ. (4,854 അടി) വരും.—പദാവലിയും അനു. ബി14-ഉം കാണുക.
നിർബന്ധിച്ചാൽ: റോമൻ അധികാരികൾ ഒരു പൗരനെക്കൊണ്ട് നിർബന്ധപൂർവം ചെയ്യിക്കുന്ന സേവനത്തെ സൂചിപ്പിക്കുന്നു. ഔദ്യോഗികകാര്യങ്ങൾ നടത്താനായി എന്തെങ്കിലും ആവശ്യമുണ്ടെന്നു കണ്ടാൽ, അത് എന്തുമായിക്കൊള്ളട്ടെ, ബലമായി കൈവശപ്പെടുത്താൻ അവർക്കാകുമായിരുന്നു. ഇനി, അത്തരം കാര്യങ്ങൾക്കായി ആളുകളെയോ മൃഗങ്ങളെയോ കൊണ്ട് സേവനം ചെയ്യിക്കാനും അവർക്ക് അധികാരമുണ്ടായിരുന്നു. കുറേനക്കാരനായ ശിമോന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. യേശുവിന്റെ ദണ്ഡനസ്തംഭം ചുമക്കാൻ റോമൻ പടയാളികൾ ശിമോനെ ‘നിർബന്ധിച്ചതായി’ നമ്മൾ കാണുന്നു.—മത്ത 27:32.
കടം വാങ്ങാൻ: അതായത്, പലിശയില്ലാതെ കടം വാങ്ങാൻ. ഒരു സഹജൂതനു കടംകൊടുക്കുമ്പോൾ പലിശ വാങ്ങാൻ നിയമം അനുവദിക്കുന്നില്ലായിരുന്നു. (പുറ 22:25) ദരിദ്രർക്കു കൈയയച്ച് വായ്പ കൊടുക്കാനും അതു പ്രോത്സാഹിപ്പിച്ചു. (ആവ 15:7, 8)
നീ അയൽക്കാരനെ സ്നേഹിക്കണം: മോശയിലൂടെ കൊടുത്ത നിയമം ഇസ്രായേല്യരോട്, അയൽക്കാരനെ സ്നേഹിക്കാൻ ആവശ്യപ്പെട്ടു. (ലേവ 19:18) “അയൽക്കാരൻ” എന്ന പദത്തിനു സഹമനുഷ്യൻ എന്നായിരുന്നു അർഥം. എങ്കിലും ചില ജൂതന്മാരുടെ അഭിപ്രായത്തിൽ ആ പദം സഹജൂതന്മാരെ, പ്രത്യേകിച്ച് വാമൊഴിയായുള്ള പാരമ്പര്യങ്ങൾ പിൻപറ്റുന്ന ജൂതന്മാരെ, മാത്രമേ അർഥമാക്കിയുള്ളൂ, മറ്റെല്ലാവരെയും ശത്രുക്കളായി കാണണമായിരുന്നു.
ശത്രുവിനെ വെറുക്കണം: മോശയുടെ നിയമത്തിൽ അങ്ങനെയൊരു കല്പനയില്ലായിരുന്നു. എന്നാൽ അയൽക്കാരനെ സ്നേഹിക്കണമെന്ന കല്പനയിൽ ശത്രുവിനെ വെറുക്കണമെന്നുള്ള സൂചനയും അടങ്ങിയിട്ടുണ്ട് എന്നായിരുന്നു ചില ജൂതറബ്ബിമാരുടെ അഭിപ്രായം.
എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ: മത്ത 5:21-ന്റെ പഠനക്കുറിപ്പു കാണുക.
ശത്രുക്കളെ സ്നേഹിക്കുക: എബ്രായതിരുവെഴുത്തുകളുടെ അന്തസത്തയ്ക്കു ചേർച്ചയിലുള്ളതായിരുന്നു യേശുവിന്റെ ഈ ഉപദേശം.—പുറ 23:4, 5; ഇയ്യ 31:29; സുഭ 24:17, 18; 25:21.
നികുതിപിരിവുകാർ: ധാരാളം ജൂതന്മാർ റോമൻ അധികാരികൾക്കുവേണ്ടി നികുതി പിരിച്ചിരുന്നു. ഈ നികുതിപിരിവുകാരോടു ജനങ്ങൾക്കു വെറുപ്പായിരുന്നു. കാരണം, തങ്ങൾ വെറുത്തിരുന്ന ഒരു വിദേശശക്തിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നവരായിരുന്നു അവർ. പോരാത്തതിന്, ഔദ്യോഗികമായി അംഗീകരിച്ചിരുന്നതിലും കൂടുതൽ നികുതി അവർ ഈടാക്കുകയും ചെയ്തിരുന്നു. മറ്റു ജൂതന്മാർ ഈ നികുതിപിരിവുകാരെ പൊതുവേ അകറ്റിനിറുത്തിയിരുന്നു. പാപികളുടെയും വേശ്യമാരുടെയും അതേ തട്ടിലാണ് ഇവരെയും കണ്ടിരുന്നത്.—മത്ത 11:19; 21:32.
സഹോദരന്മാർ: ഇസ്രായേൽ ജനതയെ മുഴുവനും കുറിക്കുന്നു. ഇവർ എല്ലാവരും യാക്കോബ് എന്ന പൂർവപിതാവിന്റെ സന്തതികളായിരുന്നതുകൊണ്ട് സഹോദരന്മാരായിരുന്നു. ഇനി, യഹോവയെന്ന ഒരേ ദൈവത്തെ ആരാധിക്കുന്ന കാര്യത്തിലും അവർ ഐക്യമുള്ളവരായിരുന്നു.—പുറ 2:11; സങ്ക 133:1.
വന്ദനം ചെയ്യുക: മറ്റുള്ളവരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി ആശംസ നേരുന്നത് ഇതിൽ ഉൾപ്പെട്ടിരുന്നു.
ജനതകളിൽപ്പെട്ടവർ: സത്യദൈവവുമായി ബന്ധമില്ലാത്ത, ജൂതന്മാരല്ലാത്തവരെ കുറിക്കുന്നു. ദൈവമില്ലാത്തവരും അശുദ്ധരും ആയിട്ടാണു ജൂതന്മാർ അവരെ കണ്ടിരുന്നത്. അവരെ ഒഴിവാക്കേണ്ടതാണെന്ന കാഴ്ചപ്പാടായിരുന്നു ജൂതന്മാർക്ക്.
പൂർണത: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന് “തികഞ്ഞത്,” “വളർച്ചയെത്തിയത്” എന്നൊക്കെ അർഥം വരാം. ഇനി, അധികാരികൾ വെച്ചിരിക്കുന്ന നിലവാരങ്ങളിൽ എത്തുന്ന കാര്യത്തിൽ “കുറ്റമറ്റത്” എന്നും അതിന് അർഥമുണ്ട്. യഹോവ മാത്രമാണ് എല്ലാ അർഥത്തിലും പൂർണൻ. അതുകൊണ്ട് മനുഷ്യരെക്കുറിച്ച് പറയുമ്പോൾ ഈ പദം ആപേക്ഷികമായ പൂർണതയെ കുറിക്കുന്നു. ഇവിടെ ‘പൂർണത’ എന്ന വാക്ക്, ഒരു ക്രിസ്ത്യാനിക്കു ദൈവമായ യഹോവയോടും സഹമനുഷ്യരോടും ഉള്ള സ്നേഹത്തിന്റെ തികവിനെയാണു സൂചിപ്പിക്കുന്നത്. പാപികളായ മനുഷ്യർക്കുപോലും സാധിക്കുന്ന കാര്യമാണ് അത്.
ദൃശ്യാവിഷ്കാരം
1. ഗന്നേസരെത്ത് സമഭൂമി. ത്രികോണാകൃതിയിലുള്ള ഫലഭൂയിഷ്ഠമായ ഈ പ്രദേശത്തിന് ഏതാണ്ട് 5 കി.മീ. നീളവും 2.5 കി.മീ. വീതിയും ഉണ്ടായിരുന്നു. ഗന്നേസരെത്തിന്റെ തീരപ്രദേശത്തുവെച്ചാണ് യേശു മീൻപിടുത്തക്കാരായ പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ തന്നോടൊപ്പം ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചത്.—മത്ത 4:18-22.
2. യേശുവിന്റെ ഗിരിപ്രഭാഷണം ഇവിടെയുള്ള മലയിൽവെച്ചായിരുന്നെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു.—മത്ത 5:1; ലൂക്ക 6:17, 20.
3. കഫർന്നഹൂം. യേശു ഈ നഗരത്തിൽ താമസിച്ചിരുന്നു. കഫർന്നഹൂമിൽവെച്ചോ അതിന് അടുത്തുവെച്ചോ ആണ് യേശു മത്തായിയെ കണ്ടുമുട്ടിയത്.—മത്ത 4:13; 9:1, 9.
ഇന്ന്, ചാവുകടലിലെ (ഉപ്പുകടൽ) ഉപ്പിന്റെ അളവ് മഹാസമുദ്രങ്ങളെ അപേക്ഷിച്ച് ഏതാണ്ട് ഒൻപത് ഇരട്ടിയാണ്. (ഉൽ 14:3) ചാവുകടലിലെ ജലം ബാഷ്പീകരിച്ചുണ്ടാകുന്ന ഉപ്പ് ഇസ്രായേല്യർ ഉപയോഗിച്ചിരുന്നു. ചാവുകടലിൽനിന്ന് ധാരാളം ഉപ്പ് ലഭിച്ചിരുന്നെങ്കിലും അതിൽ ആവശ്യമില്ലാത്ത പല ധാതുപദാർഥങ്ങളും കലർന്നിരുന്നതുകൊണ്ട് അതു ഗുണനിലവാരം കുറഞ്ഞതായിരുന്നു. ഇസ്രായേല്യർക്കു ഫൊയ്നിക്യക്കാരിൽനിന്നും ഉപ്പ് ലഭിച്ചിരുന്നിരിക്കാം. മെഡിറ്ററേനിയൻ സമുദ്രജലം വറ്റിച്ചാണു ഫൊയ്നിക്യക്കാർ ഉപ്പ് ഉണ്ടാക്കിയിരുന്നത് എന്നു പറയപ്പെടുന്നു. ആഹാരത്തിനു രുചി വർധിപ്പിക്കാൻ ഉപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. (ഇയ്യ 6:6) ആളുകളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ പറയുന്നതിൽ വിദഗ്ധനായിരുന്ന യേശു, പ്രാധാന്യമേറിയ ആത്മീയസത്യങ്ങൾ പഠിപ്പിക്കാൻ ഉപ്പിനെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചതിൽ അതിശയിക്കാനില്ല. ഉദാഹരണത്തിന്, ഗിരിപ്രഭാഷണത്തിനിടെ യേശു ശിഷ്യന്മാരോടു “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്നു പറഞ്ഞു. ആത്മീയമായും ധാർമികമായും ജീർണിച്ചുപോകുന്നതിൽനിന്ന് ആളുകളെ സംരക്ഷിക്കാൻ ശിഷ്യന്മാർക്കു കഴിയുമായിരുന്നതുകൊണ്ടാണ് യേശു അങ്ങനെ പറഞ്ഞത്.
ഒലിവെണ്ണ നിറച്ച, കളിമൺവിളക്കുകളാണു വീടുകളിലും മറ്റു കെട്ടിടങ്ങളിലും സാധാരണ ഉപയോഗിച്ചിരുന്നത്. തീ കത്താൻ വേണ്ട എണ്ണ വലിച്ചെടുക്കാൻ ഒരു തിരി ഉപയോഗിച്ചിരുന്നു. വീടിന് ഉള്ളിൽ വെളിച്ചം കിട്ടാൻ ഇത്തരം വിളക്കുകൾ കളിമണ്ണുകൊണ്ടോ തടികൊണ്ടോ ലോഹംകൊണ്ടോ ഉണ്ടാക്കിയ വിളക്കുതണ്ടുകളിലാണു വെച്ചിരുന്നത്. അവ ഭിത്തിയിലെ ദ്വാരങ്ങളിലോ തട്ടുകളിലോ വെക്കുന്ന രീതിയും മച്ചിൽനിന്ന് കയറിൽ തൂക്കിയിടുന്ന രീതിയും ഉണ്ടായിരുന്നു.
ഇവിടെ കാണിച്ചിരിക്കുന്ന വിളക്കുതണ്ട് (1) എഫെസൊസിൽനിന്നും ഇറ്റലിയിൽനിന്നും കണ്ടെടുത്ത പുരാവസ്തുക്കളെ (ഒന്നാം നൂറ്റാണ്ടിൽ ഉപയോഗത്തിലിരുന്നത്.) ആധാരമാക്കി ഒരു ചിത്രകാരൻ വരച്ചതാണ്. വീടുകളിൽ ഉപയോഗിച്ചിരുന്ന ഇത്തരം വിളക്കുതണ്ടുകൾ സാധ്യതയനുസരിച്ച് സമ്പന്നരുടെ ഭവനങ്ങളിലാണു കണ്ടിരുന്നത്. അത്ര സാമ്പത്തികസ്ഥിതി ഇല്ലാത്തവരുടെ വീടുകളിൽ, വിളക്കു ചുവരിലെ ഒരു പൊത്തിൽ വെക്കുകയോ (2) മച്ചിൽനിന്ന് തൂക്കിയിടുകയോ മണ്ണുകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കിയ ഒരു വിളക്കുതണ്ടിൽ വെക്കുകയോ ആണ് ചെയ്തിരുന്നത്.
ഗ്രീക്കിൽ ഗീഹെന്ന എന്നു വിളിക്കുന്ന ഹിന്നോം താഴ്വര പുരാതനയരുശേലമിനു തെക്കും തെക്കുപടിഞ്ഞാറും ആയി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഒരു താഴ്വരയാണ്. യേശുവിന്റെ കാലത്ത്, അവിടം ചപ്പുചവറുകൾ കത്തിക്കുന്ന ഒരു സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ ആ പദം സമ്പൂർണനാശത്തെ കുറിക്കാൻ എന്തുകൊണ്ടും യോജിക്കും.
ഗ്രീക്കുതിരുവെഴുത്തുകളിൽ ഗീഹെന്ന എന്നു വിളിച്ചിരിക്കുന്ന ഹിന്നോം താഴ്വര (1). ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലം (2). ഒന്നാം നൂറ്റാണ്ടിലെ ജൂതദേവാലയം ഇവിടെയായിരുന്നു. ഇന്ന് അവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ നിർമിതി ഡോം ഓഫ് ദ റോക്ക് എന്ന് അറിയപ്പെടുന്ന ഒരു മുസ്ലീം ആരാധനാലയമാണ്.—അനുബന്ധം ബി-12-ലെ ഭൂപടം കാണുക.
എ.ഡി. 71/72 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ഈ മോചനപത്രം അരമായ ഭാഷയിലുള്ളതാണ്. യഹൂദ്യമരുഭൂമിയിലുള്ള, വരണ്ടുകിടക്കുന്ന മുറാബാത് നീർച്ചാലിന്റെ വടക്കുനിന്നാണ് ഇതു കണ്ടെടുത്തത്. മസാദ നഗരക്കാരനായ യോനാഥാന്റെ മകൾ മിര്യാമിനെ, നക്സാന്റെ മകനായ യോസേഫ് ജൂതവിപ്ലവത്തിന്റെ ആറാം വർഷം വിവാഹമോചനം ചെയ്തതായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.