മത്തായി എഴുതിയത് 9:1-38
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
സ്വന്തം നഗരം: അതായത് കഫർന്നഹൂം. ഗലീലപ്രദേശത്തെ യേശുവിന്റെ പ്രധാനതാവളം ഇതായിരുന്നു. (മത്ത 4:13; മർ 2:1) യേശു വളർന്നുവന്ന നസറെത്തും വെള്ളം വീഞ്ഞാക്കിയ കാനായും വിധവയുടെ മകനെ ഉയിർപ്പിച്ച നയിനും കഫർന്നഹൂമിൽനിന്ന് അധികം അകലെയല്ലായിരുന്നു. കഫർന്നഹൂമിനു സമീപത്തുള്ള ബേത്ത്സയിദയുടെ പരിസരപ്രദേശങ്ങളിൽവെച്ചാണു യേശു 5,000-ത്തോളം പുരുഷന്മാർക്ക് അത്ഭുതകരമായി ഭക്ഷണം കൊടുക്കുകയും അന്ധനു കാഴ്ചശക്തി തിരികെ നൽകുകയും ചെയ്തത്.
അവരുടെ വിശ്വാസം കണ്ട്: “അവരുടെ” എന്ന ബഹുവചനരൂപത്തിലുള്ള സർവനാമം സൂചിപ്പിക്കുന്നത് യേശു ആ തളർവാതരോഗിയുടെ വിശ്വാസം മാത്രമല്ല ആ മുഴുവൻ കൂട്ടത്തിന്റെയും വിശ്വാസം ശ്രദ്ധിച്ചെന്നാണ്.
മകനേ: വാത്സല്യം സൂചിപ്പിക്കാൻ യേശു ഉപയോഗിച്ച പദം.—2തിമ 1:2; തീത്ത 1:4; ഫിലേ 10.
ഏതാണ് എളുപ്പം?: തനിക്കു മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിക്കാനാകും എന്ന് അവകാശപ്പെടാൻ എളുപ്പമാണ്. കാരണം അതു സംഭവിച്ചോ ഇല്ലയോ എന്നു സ്ഥിരീകരിക്കാനുള്ള ദൃശ്യമായ തെളിവുകൾ ചൂണ്ടിക്കാണിക്കാനാകില്ല. എന്നാൽ എഴുന്നേറ്റ് നടക്കുക എന്ന വാക്കുകൾ നിറവേറണമെങ്കിൽ ഒരു അത്ഭുതം നടന്നേ തീരൂ. അപ്പോൾ യേശുവിനു പാപങ്ങൾ ക്ഷമിക്കാനും അധികാരമുണ്ടെന്ന കാര്യം എല്ലാവർക്കും വ്യക്തമാകുമായിരുന്നു. ഈ വിവരണവും യശ 33:24-ഉം, രോഗങ്ങളെ നമ്മുടെ പാപാവസ്ഥയുമായി ബന്ധിപ്പിച്ച് സംസാരിക്കുന്നു.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങൾ അറിയാൻവേണ്ടി. . .: പൂരണചിഹ്നം (. . .) സൂചിപ്പിക്കുന്നത് യേശു ആ വാചകം ഇടയ്ക്കുവെച്ച് നിറുത്തിയെന്നാണ്. തുടർന്ന് എല്ലാവരുടെയും മുന്നിൽവെച്ച് ആ മനുഷ്യനെ സുഖപ്പെടുത്തിക്കൊണ്ട് താൻ പറഞ്ഞ കാര്യം ശരിയാണെന്നു യേശു ശക്തിയുക്തം തെളിയിച്ചു.
മത്തായി: മത്ത തലക്കെട്ടിന്റെയും 10:3-ന്റെയും പഠനക്കുറിപ്പുകൾ കാണുക.
നികുതി പിരിക്കുന്നിടം: അഥവാ “നികുതി പിരിക്കുന്ന താത്കാലികകേന്ദ്രം.” നികുതി പിരിക്കുന്നയാളുടെ ഓഫീസ്, ഒരു ചെറിയ കെട്ടിടമോ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു നിർമിതിയോ ആയിരുന്നു. നികുതിപിരിവുകാരൻ അവിടെ ഇരുന്ന് കയറ്റുമതി-ഇറക്കുമതി സാധനങ്ങളുടെയും ആ ദേശത്തുകൂടെ വ്യാപാരികൾ കൊണ്ടുപോകുന്ന വസ്തുക്കളുടെയും നികുതി പിരിച്ചിരുന്നു. മത്തായി നികുതി പിരിച്ചിരുന്ന ഓഫീസ് കഫർന്നഹൂമിലോ കഫർന്നഹൂമിന് അടുത്തോ ആയിരുന്നിരിക്കാം.
എന്നെ അനുഗമിക്കുക: മർ 2:14-ന്റെ പഠനക്കുറിപ്പു കാണുക.
മത്തായി: ബൈബിളിൽ കാണുന്ന “മത്ഥിഥ്യ” (1ദിന 15:18) എന്ന എബ്രായപേരിന്റെ ഗ്രീക്കിലുള്ള ചുരുക്കരൂപമായിരിക്കാം “മത്തായി.” മത്ഥിഥ്യ എന്ന പേരിന്റെ അർഥം “യഹോവയുടെ സമ്മാനം” എന്നാണ്.
ഭക്ഷണത്തിന് ഇരിക്കുക: മർ 2:15-ന്റെ പഠനക്കുറിപ്പു കാണുക.
നികുതിപിരിവുകാർ: മത്ത 5:46-ന്റെ പഠനക്കുറിപ്പു കാണുക.
പാപികൾ: ബൈബിൾ പറയുന്നതനുസരിച്ച് എല്ലാ മനുഷ്യരും പാപികളാണ്. (റോമ 3:23; 5:12) അതുകൊണ്ട് ഇവിടെ ഈ പദം കുറിക്കുന്നത്, പാപപ്രവൃത്തികൾ ചെയ്യുന്നതിനു സമൂഹത്തിൽ പേരുകേട്ടവരെയായിരിക്കാം. ഇവർ ഒരുപക്ഷേ അധാർമികജീവിതം നയിച്ചിരുന്നവരോ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നവരോ ആയിരിക്കാം. (ലൂക്ക 7:37-39; 19:7, 8) കൂടാതെ മോശയിലൂടെ കൊടുത്ത നിയമം അറിയാത്തവരോ റബ്ബിമാർ രൂപംനൽകിയ പാരമ്പര്യങ്ങൾ ആചരിക്കാത്തവരോ ആയ ജൂതന്മാരെയും ജൂതന്മാരല്ലാത്തവരെയും കുറിക്കാനും ജൂതമതനേതാക്കൾ ഈ പദം ഉപയോഗിച്ചിരുന്നു.
ബലിയല്ല, കരുണ: ഹോശ 6:6-ലെ ഈ വാക്കുകളെക്കുറിച്ച് യേശു രണ്ടു പ്രാവശ്യം പരാമർശിക്കുന്നുണ്ട്. (ഇവിടെയും മത്ത 12:7-ലും.) സുവിശേഷയെഴുത്തുകാരിൽ മത്തായി മാത്രമേ ഈ ഉദ്ധരണിയും കരുണ കാണിക്കാത്ത അടിമയെക്കുറിച്ചുള്ള ദൃഷ്ടാന്തവും രേഖപ്പെടുത്തിയിട്ടുള്ളൂ. പിൽക്കാലത്ത് യേശുവിന്റെ അടുത്ത കൂട്ടാളിയായിത്തീർന്ന മത്തായി മുമ്പ് ആളുകൾ പുച്ഛത്തോടെ കണ്ടിരുന്ന നികുതിപിരിവുകാരനായിരുന്നെന്ന് ഓർക്കണം. (മത്ത 18:21-25) ബലിയോടൊപ്പം കരുണയും വേണമെന്നു യേശു ആവർത്തിച്ചുപറഞ്ഞ കാര്യം മത്തായി തന്റെ സുവിശേഷത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
പതിവായി ഉപവസിക്കുക: മത്ത 6:16-ന്റെ പഠനക്കുറിപ്പു കാണുക.
മണവാളന്റെ കൂട്ടുകാർ: അക്ഷ. “മണിയറപുത്രന്മാർ.” വിവാഹാഘോഷത്തിന് എത്തുന്ന അതിഥികളെ, പ്രത്യേകിച്ച് മണവാളന്റെ കൂട്ടുകാരെ കുറിക്കുന്ന ഒരു പ്രയോഗം.
വീഞ്ഞു . . . തുരുത്തിയിൽ ഒഴിച്ചുവെക്കുക: മൃഗചർമംകൊണ്ടുള്ള തോൽക്കുടങ്ങളിൽ വീഞ്ഞു ശേഖരിച്ചുവെക്കുന്നതു ബൈബിൾക്കാലങ്ങളിൽ സാധാരണമായിരുന്നു. (1ശമു 16:20) ചെമ്മരിയാടോ കോലാടോ പോലുള്ള വളർത്തുമൃഗങ്ങളുടെ തോൽ അപ്പാടേ ഉപയോഗിച്ചാണ് അത്തരം തോൽക്കുടങ്ങൾ ഉണ്ടാക്കിയിരുന്നത്. പഴകുംതോറും ഇലാസ്തികത നഷ്ടപ്പെട്ട് വീഞ്ഞുതുരുത്തികൾ കട്ടിയുള്ളതാകും. എന്നാൽ പുതിയ തുരുത്തികൾക്കു വലിയാനും വികസിക്കാനും കഴിയുന്നതുകൊണ്ട് പുതുവീഞ്ഞു പുളിക്കുമ്പോഴുണ്ടാകുന്ന മർദം താങ്ങാനാകുമായിരുന്നു.—പദാവലിയിൽ “വീഞ്ഞുതുരുത്തി” കാണുക.
ഒരു പ്രമാണി: മർക്കോസിന്റെയും ലൂക്കോസിന്റെയും സമാന്തരവിവരണങ്ങളിൽ ഈ ‘പ്രമാണിയുടെ’ (ഗ്രീക്കിൽ, അർഖോൻ) പേര് യായീറൊസ് എന്നാണെന്നു പറഞ്ഞിരിക്കുന്നു. അദ്ദേഹത്തെ അവിടെ സിനഗോഗിന്റെ അധ്യക്ഷൻ എന്നാണു വിളിച്ചിരിക്കുന്നത്.—മർ 5:22; ലൂക്ക 8:41.
യേശുവിനെ താണുവണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനെ ആദരിച്ചു.”—മത്ത 8:2-ന്റെ പഠനക്കുറിപ്പു കാണുക.
രക്തസ്രാവം: ആർത്തവരക്തസ്രാവം നിലയ്ക്കാത്ത ഒരു രോഗാവസ്ഥയായിരിക്കാം ഇത്. മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് ഇത് ആ സ്ത്രീയെ ആചാരപരമായി അശുദ്ധയാക്കി. അതുകൊണ്ടുതന്നെ അവർ മറ്റുള്ളവരെ തൊടാൻ പാടില്ലായിരുന്നു.—ലേവ 15:19-27.
മകളേ: യേശു ഒരു സ്ത്രീയെ “മകളേ” എന്നു നേരിട്ട് വിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സന്ദർഭം. ആ സ്ത്രീയുടെ പ്രത്യേകസാഹചര്യവും മാനസികാവസ്ഥയും പരിഗണിച്ചും അതുപോലെ അവർ ‘വിറയ്ക്കുന്നതു’ കണ്ടിട്ടും ആയിരിക്കാം യേശു അങ്ങനെ വിളിച്ചത്. (ലൂക്ക 8:47) വാത്സല്യം തുളുമ്പുന്ന ഈ പ്രയോഗം ആ സ്ത്രീയോടുള്ള യേശുവിന്റെ ആർദ്രസ്നേഹവും കരുതലും എടുത്തുകാട്ടുന്നു. ഈ അഭിസംബോധന ആ സ്ത്രീയുടെ പ്രായത്തെക്കുറിച്ചുള്ള സൂചനകളൊന്നും തരുന്നില്ല.
ദാവീദുപുത്രാ: യേശുവിനെ “ദാവീദുപുത്രാ” എന്നു വിളിച്ചതിലൂടെ, യേശു ദാവീദിന്റെ സിംഹാസനത്തിന് അവകാശിയാണെന്നും അതുകൊണ്ട് മിശിഹയാണെന്നും തങ്ങൾ വിശ്വസിക്കുന്നുണ്ടെന്ന് അവർ തെളിയിക്കുകയായിരുന്നു.—മത്ത 1:1, 6 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
പഠിപ്പിക്കുകയും . . . പ്രസംഗിക്കുകയും: മത്ത 4:23-ന്റെ പഠനക്കുറിപ്പു കാണുക.
സന്തോഷവാർത്ത: മത്ത 4:23-ന്റെ പഠനക്കുറിപ്പു കാണുക.
അലിവ് തോന്നി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്പ്ളങ്ഖ്നീസൊമായ് എന്ന ഗ്രീക്കുക്രിയയ്ക്കു “കുടൽ” (സ്പ്ളാങ്ഖനാ) എന്നതിനുള്ള പദവുമായി ബന്ധമുണ്ട്. ഇതു ശരീരത്തിന്റെ ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന ഒരു വികാരത്തെ, അതായത് ഒരു തീവ്രവികാരത്തെ, കുറിക്കുന്നു. അനുകമ്പയെ കുറിക്കുന്ന ഗ്രീക്കുപദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ് ഇത്.
അവഗണിക്കപ്പെട്ട: ആട്ടിപ്പായിച്ച ആടുകൾ ആകെ തളർന്ന് നിസ്സഹായാവസ്ഥയിലായതിന്റെ ഒരു ചിത്രമാണ് ഇതു നൽകുന്നത്. ആലങ്കാരികാർഥത്തിൽ ഇത്, നിരാശിതരും അവഗണിക്കപ്പെട്ടവരും നിസ്സഹായരും ആയ ജനക്കൂട്ടത്തെ കുറിക്കുന്നു.
മുറിവേറ്റ: ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “തോൽ ഉരിഞ്ഞ” എന്നാണ്. മുൾച്ചെടികളുടെയോ കൂർത്ത പാറകളുടെയോ ഇടയിലൂടെ നടക്കുമ്പോൾ ഉരഞ്ഞോ വന്യമൃഗങ്ങളുടെ കടിയേറ്റോ തോൽ ഉരിഞ്ഞ ആടിന്റെ ചിത്രമാണ് ഇതു മനസ്സിലേക്കു കൊണ്ടുവരുന്നത്. എന്നാൽ പിൽക്കാലത്ത് ഈ പദം, “മോശമായ പെരുമാറ്റം നേരിട്ട, ദ്രോഹത്തിന് ഇരയായ, വ്രണിതനായ” എന്നൊക്കെയുള്ള അർഥത്തിൽ ആലങ്കാരികമായി ഉപയോഗിച്ചുതുടങ്ങി.
ദൃശ്യാവിഷ്കാരം
1. ഗന്നേസരെത്ത് സമഭൂമി. ത്രികോണാകൃതിയിലുള്ള ഫലഭൂയിഷ്ഠമായ ഈ പ്രദേശത്തിന് ഏതാണ്ട് 5 കി.മീ. നീളവും 2.5 കി.മീ. വീതിയും ഉണ്ടായിരുന്നു. ഗന്നേസരെത്തിന്റെ തീരപ്രദേശത്തുവെച്ചാണ് യേശു മീൻപിടുത്തക്കാരായ പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ തന്നോടൊപ്പം ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചത്.—മത്ത 4:18-22.
2. യേശുവിന്റെ ഗിരിപ്രഭാഷണം ഇവിടെയുള്ള മലയിൽവെച്ചായിരുന്നെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു.—മത്ത 5:1; ലൂക്ക 6:17, 20.
3. കഫർന്നഹൂം. യേശു ഈ നഗരത്തിൽ താമസിച്ചിരുന്നു. കഫർന്നഹൂമിൽവെച്ചോ അതിന് അടുത്തുവെച്ചോ ആണ് യേശു മത്തായിയെ കണ്ടുമുട്ടിയത്.—മത്ത 4:13; 9:1, 9.
സാധാരണയായി ആടുകളുടെയോ കന്നുകാലികളുടെയോ ചർമംകൊണ്ടാണു തോൽക്കുടങ്ങൾ ഉണ്ടാക്കിയിരുന്നത്. ചത്ത മൃഗത്തിന്റെ തലയും പാദങ്ങളും മുറിച്ചുമാറ്റിയശേഷം ഉദരഭാഗത്ത് അല്പംപോലും കീറലുണ്ടാകാതെ അതിന്റെ ചർമം മാംസത്തിൽനിന്ന് വളരെ ശ്രദ്ധയോടെ ഉരിഞ്ഞെടുക്കും. അതു സംസ്കരിച്ചെടുത്തിട്ട് അതിലെ തുറന്നിരിക്കുന്ന ഭാഗങ്ങൾ തുന്നിച്ചേർക്കും. എന്നാൽ തോൽക്കുടത്തിലേക്ക് എന്തെങ്കിലും ഒഴിക്കുന്നതിനും മറ്റും കഴുത്തിന്റെയോ കാലിന്റെയോ ഭാഗം തുന്നാതെ വിട്ടിരുന്നു. എന്നിട്ട് ഈ ഭാഗം എന്തെങ്കിലും വെച്ച് അടയ്ക്കുകയോ ചരടുകൊണ്ട് കെട്ടുകയോ ചെയ്യും. തോൽക്കുടങ്ങളിൽ വീഞ്ഞിനു പുറമേ പാൽ, വെണ്ണ, പാൽക്കട്ടി, എണ്ണ, വെള്ളം എന്നിവയും സൂക്ഷിക്കാറുണ്ടായിരുന്നു.
ഗലീലക്കടലിന് ഏതാണ്ട് 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലായിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്) ചില സവിശേഷതകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാതൃക. പണ്ടത്തെ ഒരു സിനഗോഗിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ ഇതു നമ്മളെ സഹായിക്കുന്നു.