മലാഖി 1:1-14
1 ഒരു പ്രഖ്യാപനം:
മലാഖിയിലൂടെ* യഹോവ ഇസ്രായേലിനു നൽകുന്ന സന്ദേശം:
2 യഹോവ പറയുന്നു: “ഞാൻ നിങ്ങളെ സ്നേഹിച്ചു.”+
പക്ഷേ നിങ്ങൾ, “അങ്ങ് ഞങ്ങളെ എങ്ങനെയാണു സ്നേഹിച്ചത്” എന്നു ചോദിക്കുന്നു.
യഹോവ പറയുന്നു: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നില്ലേ?+ എന്നാൽ ഞാൻ യാക്കോബിനെ സ്നേഹിച്ചു,
3 ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യമാക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറുനരികൾക്കുവേണ്ടി മാറ്റിവെച്ചു.”+
4 “‘ഞങ്ങൾ തകർന്നുകിടക്കുന്നു. എന്നാലും ഞങ്ങൾ തിരികെ വന്ന് നശിച്ചുകിടക്കുന്നതു പുനർനിർമിക്കും’ എന്ന് ഏദോം പറയുമെങ്കിലും സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ പറയുന്നു: ‘അവർ പണിയും, പക്ഷേ ഞാൻ അത് ഇടിച്ചുകളയും. അവിടം “ദുഷ്ടതയുടെ നാട്” എന്നും അവിടെയുള്ളവർ “യഹോവ എന്നേക്കുമായി ശപിച്ച ആളുകൾ” എന്നും വിളിക്കപ്പെടും.+
5 സ്വന്തം കണ്ണുകൊണ്ട് നിങ്ങൾ അതു കാണും; “ഇസ്രായേൽനാട്ടിൽ യഹോവ മഹത്ത്വപ്പെടട്ടെ” എന്നു നിങ്ങൾ പറയും.’”
6 “‘മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു.+ ഞാൻ അപ്പനാണെങ്കിൽ+ എനിക്കു കിട്ടേണ്ട ബഹുമാനം എവിടെ?+ ഞാൻ യജമാനനാണെങ്കിൽ* എന്നോടു തോന്നേണ്ട ഭയം* എവിടെ?’ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പേര് പുച്ഛിച്ചുതള്ളുന്ന പുരോഹിതന്മാരേ, നിങ്ങളോടാണു ഞാൻ ചോദിക്കുന്നത്.+
“‘പക്ഷേ, “ഞങ്ങൾ എപ്പോഴാണ് അങ്ങയുടെ പേരിനെ പുച്ഛിച്ചത്” എന്നു നിങ്ങൾ ചോദിക്കുന്നു.’
7 “‘എന്റെ യാഗപീഠത്തിൽ മലിനമായ ആഹാരം* അർപ്പിച്ചുകൊണ്ടാണു നിങ്ങൾ അങ്ങനെ ചെയ്‌തത്.’
“‘“അങ്ങയെ ഞങ്ങൾ എങ്ങനെ മലിനമാക്കിയെന്നാണു പറയുന്നത്” എന്നു നിങ്ങൾ ചോദിക്കുന്നു.’
“‘“യഹോവയുടെ മേശ+ എന്തിനു കൊള്ളാം”* എന്നു നിങ്ങൾ പറഞ്ഞില്ലേ?
8 കണ്ണു കാണാത്ത മൃഗത്തെ ബലി അർപ്പിച്ചിട്ട് “അതു കുഴപ്പമില്ല” എന്നു നിങ്ങൾ പറയുന്നു. മുടന്തോ രോഗമോ ഉള്ളതിനെ അർപ്പിച്ചിട്ട്, “ഓ! ഇതൊന്നും സാരമില്ല”+ എന്നു നിങ്ങൾ പറയുന്നു.’”
“അവയെ നിങ്ങളുടെ ഗവർണർക്ക് ഒന്നു കൊടുത്തുനോക്കൂ. അയാൾക്ക് അത് ഇഷ്ടപ്പെടുമോ, അയാൾ നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുമോ”എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു.
9 “അതുകൊണ്ട് പ്രീതി ലഭിക്കേണ്ടതിനു നിങ്ങൾ ഇപ്പോൾ ദയവായി ദൈവത്തോട് അപേക്ഷിക്കൂ. നിങ്ങൾ ഇത്തരം യാഗങ്ങൾ അർപ്പിച്ചാൽ ദൈവം നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുമോ” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു.
10 “കാശു വാങ്ങാതെ നിങ്ങൾ വാതിൽ അടയ്ക്കാറുണ്ടോ?*+ എന്റെ യാഗപീഠത്തിൽ തീ കത്തിക്കാൻപോലും നിങ്ങൾ പണം വാങ്ങാറില്ലേ?+ എനിക്കു നിങ്ങളോട് ഒരു താത്പര്യവുമില്ല. നിങ്ങൾ അർപ്പിക്കുന്ന കാഴ്‌ചകൾ എനിക്ക് ഒട്ടും ഇഷ്ടമല്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
11 “സൂര്യോദയംമുതൽ സൂര്യാസ്‌തമയംവരെ* എന്റെ പേര് ജനതകളുടെ ഇടയിൽ വലുതായിരിക്കും.+ എല്ലായിടത്തും ബലികൾ അർപ്പിക്കുന്നതിന്റെ പുക ഉയരും. എന്റെ നാമത്തിൽ യാഗങ്ങൾ വിശുദ്ധകാഴ്ചയായി അർപ്പിക്കും. കാരണം എന്റെ പേര് ജനതകളുടെ ഇടയിൽ വലുതായിരിക്കും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
12 “‘യഹോവയുടെ മേശ മലിനമാണ്; അതിലെ ആഹാരവും പഴങ്ങളും എല്ലാം നിന്ദ്യമായി കരുതേണ്ടതാണ്’+ എന്നു പറഞ്ഞ് നിങ്ങൾ അത്* അശുദ്ധമാക്കുന്നു.+
13 ‘ഹും! ഞാൻ മടുത്തു’ എന്നു പറഞ്ഞ് നിങ്ങൾ അതിൽ നോക്കി ചീറുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “മോഷ്ടിച്ച മൃഗത്തെയും മുടന്തും രോഗവും ഉള്ളതിനെയും നിങ്ങൾ കൊണ്ടുവരുന്നു. ഇതൊക്കെയാണു നിങ്ങൾ എനിക്കു നൽകുന്ന കാഴ്‌ച! അതു ഞാൻ സ്വീകരിക്കണമെന്നാണോ”+ എന്ന് യഹോവ ചോദിക്കുന്നു.
14 “നേർച്ച നേർന്നിട്ട്, തന്റെ മൃഗങ്ങളുടെ കൂട്ടത്തിലെ ആരോഗ്യമുള്ള ആണിനെ അർപ്പിക്കാതെ ചാകാറായതിനെ* യഹോവയ്ക്കു ബലി അർപ്പിക്കുന്ന കുരുട്ടുബുദ്ധിക്കാരൻ ശപിക്കപ്പെട്ടവൻ! ഞാൻ മഹാനായ രാജാവാണ്.+ എന്റെ പേര് ജനതകളുടെ ഇടയിൽ ഭയാദരവ് ഉണർത്തും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
അടിക്കുറിപ്പുകള്‍
^ അർഥം: “എന്റെ സന്ദേശവാഹകൻ.”
^ അഥവാ “വലിയ യജമാനനാണെങ്കിൽ.”
^ അഥവാ “ബഹുമാനം.”
^ അക്ഷ. “മേശ നിന്ദ്യമായി കരുതേണ്ടതാണ്.”
^ അക്ഷ. “അപ്പം.”
^ തെളിവനുസരിച്ച് ഇതു ദേവാലയത്തിലെ വാതിൽ അടയ്ക്കാനുള്ള ചുമതലയാണ്.
^ അഥവാ “കിഴക്കുമുതൽ പടിഞ്ഞാറുവരെ.”
^ മറ്റൊരു സാധ്യത “എന്നെ.”
^ അഥവാ “വൈകല്യമുള്ളതിനെ.”