മലാഖി 2:1-17
2 “അതുകൊണ്ട് പുരോഹിതന്മാരേ, ഈ കല്പന നിങ്ങൾക്കുള്ളതാണ്.+
2 നിങ്ങൾ അതു ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്നാൽ, എന്റെ പേര് മഹത്ത്വപ്പെടുത്തണമെന്ന കാര്യം മനസ്സിൽപ്പിടിക്കാതിരുന്നാൽ, ഞാൻ നിങ്ങളെ ശപിക്കും;+ നിങ്ങളുടെ അനുഗ്രഹങ്ങൾ ശാപമാക്കും.+ അതെ, നിങ്ങൾ അതു ഹൃദയത്തിൽ സൂക്ഷിക്കാതിരുന്നതുകൊണ്ട് ഞാൻ അനുഗ്രഹങ്ങൾ ശാപമാക്കിയിരിക്കുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
3 “നിങ്ങളുടെ ചെയ്തികൾ നിമിത്തം, നിങ്ങൾ വിതച്ച വിത്തു ഞാൻ നശിപ്പിച്ചുകളയും.*+ നിങ്ങൾ ഉത്സവത്തിനു ബലി അർപ്പിക്കുന്ന മൃഗങ്ങളുടെ ചാണകമുണ്ടല്ലോ, ആ ചാണകം ഞാൻ നിങ്ങളുടെ മുഖത്ത് തെറിപ്പിക്കും. നിങ്ങളെ ചാണകക്കൂനയിലേക്ക്* എടുത്തുകൊണ്ടുപോകും.
4 ലേവിയോടു ചെയ്ത എന്റെ ഉടമ്പടി നിലനിറുത്താനാണു ഞാൻ ഈ കല്പന നിങ്ങൾക്കു നൽകിയതെന്ന് അപ്പോൾ നിങ്ങൾ അറിയും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
5 “ഞാൻ ലേവിയോടു ചെയ്തതു ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. എന്നെ ഭയപ്പെടേണ്ടതിനാണു* ഞാൻ അതു നൽകിയത്. അവൻ എന്നെ ഭയപ്പെട്ടു. അതെ, എന്റെ പേരിനോട് അവനു ഭയാദരവുണ്ടായിരുന്നു.
6 സത്യത്തിന്റെ നിയമം* അവന്റെ വായിലുണ്ടായിരുന്നു,+ അനീതി അവന്റെ നാവിൽ കണ്ടതേ ഇല്ല. അവൻ എന്റെകൂടെ സമാധാനത്തോടെയും നീതിയോടെയും നടന്നു.+ അവൻ പലരെയും തെറ്റിൽനിന്ന് പിന്തിരിപ്പിച്ചു.
7 പുരോഹിതന്റെ നാവാണു ദൈവപരിജ്ഞാനം പകർന്നുകൊടുക്കേണ്ടത്. ജനം നിയമങ്ങൾ* കേൾക്കാൻ അദ്ദേഹത്തിലേക്കു തിരിയണം.+ കാരണം പുരോഹിതൻ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശവാഹകനാണ്.
8 “എന്നാൽ നിങ്ങൾ വഴിയിൽനിന്ന് അകന്നുമാറിയിരിക്കുന്നു. നിയമത്തോടു ബന്ധപ്പെട്ട്* പലരും ഇടറിവീഴാൻ നിങ്ങൾ കാരണമായിരിക്കുന്നു.+ ലേവിയോടു ചെയ്ത ഉടമ്പടി നിങ്ങൾ ലംഘിച്ചിരിക്കുന്നു”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
9 “അതുകൊണ്ട് ഞാൻ നിങ്ങളെ നിന്ദിക്കുകയും എല്ലാ ആളുകളും കാൺകെ താഴ്ത്തുകയും ചെയ്യും. കാരണം നിങ്ങൾ എന്റെ വഴികളിൽ നടന്നില്ല, നിയമം നടപ്പാക്കുന്നതിൽ പക്ഷപാതം കാണിക്കുകയും ചെയ്തു.”+
10 “നമുക്കെല്ലാം ഒരു അപ്പനല്ലേ ഉള്ളൂ?+ നമ്മളെയെല്ലാം സൃഷ്ടിച്ചത് ഒരു ദൈവമല്ലേ? പിന്നെ നമ്മൾ പരസ്പരം വഞ്ചിച്ചുകൊണ്ട്+ നമ്മുടെ പൂർവികരുടെ ഉടമ്പടി ലംഘിക്കുന്നത് എന്തിനാണ്?
11 യഹൂദ വഞ്ചന കാണിച്ചിരിക്കുന്നു. ഇസ്രായേലിലും യരുശലേമിലും വൃത്തികെട്ട ഒരു കാര്യം നടന്നിരിക്കുന്നു. യഹോവ ഏറെ പ്രിയപ്പെടുന്ന തന്റെ വിശുദ്ധി* യഹൂദ അശുദ്ധമാക്കിയിരിക്കുന്നു.+ അവൻ ഒരു അന്യദൈവത്തിന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.+
12 ഇങ്ങനെ ചെയ്യുന്നവൻ ആരായിരുന്നാലും അവനെ* യഹോവ യാക്കോബിന്റെ കൂടാരത്തിൽ വെച്ചേക്കില്ല; അവനെ കൊന്നുകളയും. അവൻ സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു കാഴ്ച കൊണ്ടുവന്നാലും ശരി, അവനെ കൊന്നുകളയും.”+
13 “വേറൊരു കാര്യംകൂടെ നിങ്ങൾ ചെയ്യുന്നുണ്ട്. തേങ്ങിക്കരയുന്നവരുടെ കണ്ണീരുകൊണ്ട് നിങ്ങൾ യഹോവയുടെ യാഗപീഠം നിറച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അർപ്പിക്കുന്ന കാഴ്ചകളിൽ ദൈവം പ്രസാദിക്കുന്നില്ല. നിങ്ങൾ അർപ്പിക്കുന്ന ഒന്നിനോടും ദൈവത്തിന് ഇഷ്ടം തോന്നുന്നില്ല.+
14 എന്നാൽ നിങ്ങൾ, ‘അത് എന്തുകൊണ്ടാണ്’എന്നു ചോദിക്കുന്നു. നിന്റെ യൗവനത്തിലെ ഭാര്യയെ നീ വഞ്ചിച്ചിരിക്കുന്നു എന്നതിന് യഹോവയാണു സാക്ഷി. അവൾ നിന്റെ പങ്കാളിയും നിയമപരമായി നീ വിവാഹം കഴിച്ചവളും* ആയിരുന്നില്ലേ?+
15 എന്നാൽ ഇങ്ങനെ ചെയ്യാത്ത ഒരുവനുണ്ടായിരുന്നു. അവനിൽ ദൈവാത്മാവ് ശേഷിച്ചിരുന്നു. എന്തിലായിരുന്നു അവന്റെ താത്പര്യം? ദൈവത്തിന്റെ സന്തതിയിൽ. അതുകൊണ്ട് നിങ്ങളുടെ മനസ്സിന്റെ ചായ്വുകൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങളുടെ യൗവനത്തിലെ ഭാര്യയെ വഞ്ചിക്കരുത്.
16 കാരണം വിവാഹമോചനം ഞാൻ വെറുക്കുന്നു”+ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു. “പുതപ്പുപോലെ അക്രമം പുതയ്ക്കുന്നവനെയും* ഞാൻ വെറുക്കുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “നിങ്ങളുടെ മനസ്സിന്റെ ചായ്വുകൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങൾ വഞ്ചിക്കരുത്.+
17 “നിങ്ങളുടെ വാക്കുകൾകൊണ്ട് നിങ്ങൾ യഹോവയെ മടുപ്പിച്ചിരിക്കുന്നു.+ എന്നാൽ, ‘ഞങ്ങൾ എങ്ങനെയാണു മടുപ്പിച്ചത്’ എന്നു നിങ്ങൾ ചോദിക്കുന്നു. ‘തിന്മ ചെയ്യുന്നവരെല്ലാം യഹോവയുടെ കണ്ണിൽ നല്ലവരാണ്, ദൈവത്തിന് അവരെ ഇഷ്ടമാണ്’+ എന്നു പറഞ്ഞുകൊണ്ടും ‘നീതിയുടെ ദൈവം എവിടെപ്പോയി’ എന്നു ചോദിച്ചുകൊണ്ടും ആണ് നിങ്ങൾ അങ്ങനെ ചെയ്യുന്നത്.”
അടിക്കുറിപ്പുകള്
^ അക്ഷ. “വിത്തിനെ ഞാൻ ശകാരിക്കും.”
^ അതായത്, യാഗമൃഗങ്ങളുടെ ചാണകം നിക്ഷേപിച്ചിരുന്ന സ്ഥലത്തേക്ക്.
^ അഥവാ “ആദരിക്കേണ്ടതിനാണ്; ആഴമായി ബഹുമാനിക്കേണ്ടതിനാണ്.”
^ അഥവാ “ഉപദേശങ്ങൾ.”
^ മറ്റൊരു സാധ്യത “നിങ്ങളുടെ ഉപദേശങ്ങളാൽ.”
^ മറ്റൊരു സാധ്യത “വിശുദ്ധമന്ദിരം.”
^ അക്ഷ. “ഉണർന്നിരിക്കുന്നവനെയും ഉത്തരം പറയുന്നവനെയും.”
^ അക്ഷ. “ഉടമ്പടിയാലുള്ള ഭാര്യയും.”
^ അഥവാ “അക്രമത്തിൽ ഏർപ്പെടുന്നവനെയും.”