മലാഖി 3:1-18
3 “ഇതാ! ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു. അവൻ എനിക്ക് ഒരു വഴി തെളിക്കും.*+ പെട്ടെന്നുതന്നെ നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് തന്റെ ആലയത്തിലേക്കു വരും.+ നിങ്ങളുടെ പ്രിയങ്കരനായ, ഉടമ്പടിയുടെ സന്ദേശവാഹകനും വരും; അവൻ തീർച്ചയായും വരും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
2 “അവൻ വരുന്ന ദിവസത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവൻ വരുമ്പോൾ ആരു പിടിച്ചുനിൽക്കും? അവൻ ലോഹം ശുദ്ധീകരിക്കുന്നവന്റെ തീപോലെയും അലക്കുകാരന്റെ ചാരവെള്ളംപോലെയും*+ ആയിരിക്കും.
3 മാലിന്യം നീക്കി വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ+ അവൻ ഇരുന്ന് ലേവിപുത്രന്മാരെ ശുദ്ധീകരിക്കും. അവൻ അവരെ സ്വർണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും. അവർ യഹോവയ്ക്കു നീതിയോടെ കാഴ്ചകൾ അർപ്പിക്കുന്ന ഒരു ജനമാകും, തീർച്ച!
4 കഴിഞ്ഞ കാലത്തും പുരാതനനാളുകളിലും എന്നപോലെ യഹൂദയുടെയും യരുശലേമിന്റെയും കാഴ്ചകൾ യഹോവയെ സന്തോഷിപ്പിക്കും.*+
5 “ന്യായം വിധിക്കാനായി ഞാൻ നിങ്ങളുടെ അടുത്ത് വരും; ആഭിചാരകർ,*+ വ്യഭിചാരികൾ, കള്ളസത്യം ചെയ്യുന്നവർ,+ കൂലിപ്പണിക്കാരെയും+ വിധവമാരെയും അനാഥരെയും* വഞ്ചിക്കുന്നവർ,+ വിദേശികളെ സഹായിക്കാൻ മനസ്സില്ലാത്തവർ+ എന്നിവരെ ഞാൻ ഒട്ടും വൈകാതെ കുറ്റം വിധിക്കും. അവർക്ക് എന്നെ പേടിയില്ല” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
6 “ഞാൻ യഹോവയാണ്, മാറ്റമില്ലാത്തവൻ!*+ നിങ്ങളോ യാക്കോബിന്റെ മക്കൾ; നിങ്ങളെ ഇതുവരെ പൂർണമായി നശിപ്പിച്ചിട്ടില്ല.
7 നിങ്ങളുടെ പൂർവികരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങൾ ഉപേക്ഷിച്ച് അവ അനുസരിക്കാതെ നടന്നു.+ എന്നാൽ എന്റെ അടുത്തേക്കു മടങ്ങിവരൂ; അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കും മടങ്ങിവരാം”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
എന്നാൽ നിങ്ങൾ, “എങ്ങനെയാണു ഞങ്ങൾ മടങ്ങിവരേണ്ടത്” എന്നു ചോദിക്കുന്നു.
8 “വെറുമൊരു മനുഷ്യനു ദൈവത്തെ കൊള്ളയടിക്കാനാകുമോ?* എന്നാൽ നിങ്ങൾ എന്നെ കൊള്ളയടിക്കുന്നു.”
പക്ഷേ, “ഞങ്ങൾ എങ്ങനെയാണു കൊള്ളയടിച്ചത്” എന്നു നിങ്ങൾ ചോദിക്കുന്നു.
“നിങ്ങളുടെ ദശാംശങ്ങളുടെയും* സംഭാവനകളുടെയും കാര്യത്തിലാണു നിങ്ങൾ അങ്ങനെ ചെയ്തത്.
9 എന്നെ കവർച്ച ചെയ്യുന്ന നിങ്ങൾ ശപിക്കപ്പെട്ടവരാണ്.* മുഴുജനതയും അങ്ങനെതന്നെ ചെയ്യുന്നല്ലോ.
10 എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളുടെ ദശാംശം മുഴുവൻ* സംഭരണശാലയിലേക്കു കൊണ്ടുവരൂ.+ ഞാൻ ആകാശത്തിന്റെ പ്രളയവാതിലുകൾ തുറന്ന്,+ ഒന്നിനും കുറവില്ലാത്ത വിധം നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയില്ലേ*+ എന്ന് എന്നെ പരീക്ഷിച്ചുനോക്കൂ” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
11 “വിഴുങ്ങിക്കളയുന്നവനെ* ഞാൻ ശാസിക്കും, നിങ്ങളുടെ ദേശത്തിന്റെ വിളകൾ അതു നശിപ്പിക്കില്ല. നിങ്ങളുടെ മുന്തിരിച്ചെടികൾ കായ്ക്കാതിരിക്കില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
12 “നിങ്ങളുടെ നാടു സന്തോഷമുള്ള ഒരു ദേശമായിത്തീരും. സകല ജനതകളും നിങ്ങളെ സന്തോഷമുള്ളവർ എന്നു വിളിക്കും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
13 “എനിക്ക് എതിരെയുള്ള നിങ്ങളുടെ വാക്കുകൾ കടുത്തതായിരുന്നു” എന്ന് യഹോവ പറയുന്നു.
എന്നാൽ നിങ്ങളോ, “ഞങ്ങൾ എങ്ങനെയാണ് അങ്ങയ്ക്കെതിരെ തമ്മിൽത്തമ്മിൽ സംസാരിച്ചത്” എന്നു ചോദിക്കുന്നു.+
14 “നിങ്ങൾ പറയുന്നു: ‘ദൈവത്തെ സേവിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.+ ദൈവത്തോടുള്ള കടമകൾ നിറവേറ്റിയിട്ട് എന്തു നേടി? സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുമ്പാകെ ദുഃഖിച്ച് നടന്നിട്ട് എന്തു ഗുണമാണ് ഉണ്ടായത്?
15 ധിക്കാരികളാണ് യഥാർഥത്തിൽ സന്തോഷമുള്ളവർ എന്ന് ഇപ്പോൾ തോന്നുന്നു. ദുഷ്ടന്മാരുടെ പദ്ധതികളെല്ലാം വിജയിക്കുന്നു.+ ദൈവത്തെ പരീക്ഷിക്കാൻപോലും അവർ ധൈര്യപ്പെടുന്നു, എന്നിട്ടും അവർക്ക് ഒന്നും സംഭവിക്കുന്നില്ല.’”
16 അപ്പോൾ യഹോവയെ ഭയപ്പെടുന്നവർ തമ്മിൽത്തമ്മിൽ സംസാരിച്ചു, അവർ ഓരോരുത്തരും തന്റെ കൂട്ടുകാരനോടു സംസാരിക്കുന്നത് യഹോവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. യഹോവയെ ഭയപ്പെടുന്നവരുടെയും ദൈവനാമത്തെക്കുറിച്ച് ധ്യാനിക്കുന്നവരുടെയും* പേരുകൾ+ ദൈവത്തിന്റെ മുന്നിലുള്ള ഒരു ഓർമപ്പുസ്തകത്തിൽ എഴുതുന്നുണ്ടായിരുന്നു.+
17 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഞാൻ നടപടിയെടുക്കുന്ന ദിവസം അവർ എന്റെ പ്രത്യേകസ്വത്തായി* മാറും.+ അനുസരണമുള്ള മകനോട് അനുകമ്പ കാണിക്കുന്ന ഒരു അപ്പനെപ്പോലെ ഞാൻ അവരോട് അനുകമ്പ കാട്ടും.+
18 അപ്പോൾ, നീതിമാനും ദുഷ്ടനും+ തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.”
അടിക്കുറിപ്പുകള്
^ അഥവാ “ഒരുക്കും.”
^ അഥവാ “സോപ്പുപോലെയും.”
^ അഥവാ “തൃപ്തിപ്പെടുത്തും.”
^ അഥവാ “പിതാവില്ലാത്ത കുട്ടികളെയും.”
^ അഥവാ “ഞാൻ ഇതുവരെ മാറിയിട്ടില്ല.”
^ അഥവാ “പത്തിലൊന്നിന്റെയും.”
^ ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
^ മറ്റൊരു സാധ്യത “നിങ്ങൾ ശാപവാക്കുകൾകൊണ്ട് എന്നെ ശപിക്കുന്നു.”
^ അഥവാ “എല്ലാ പത്തിലൊന്നും.”
^ അക്ഷ. “മുഴുവൻ കുടഞ്ഞിടില്ലേ.”
^ പ്രാണികളുടെ ആക്രമണമായിരിക്കാനാണു സാധ്യത.
^ അഥവാ “ചിന്തിക്കുന്നവരുടെയും.” മറ്റൊരു സാധ്യത “ദൈവനാമം അമൂല്യമായി കരുതുന്നവരുടെയും.”
^ അഥവാ “അമൂല്യമായ അവകാശമായി.”