മീഖ 1:1-16
1 യഹൂദാരാജാക്കന്മാരായ+ യോഥാം,+ ആഹാസ്,+ ഹിസ്‌കിയ+ എന്നിവരുടെ കാലത്ത് മൊരേശെത്തുകാരനായ മീഖയ്‌ക്കു*+ ശമര്യയെയും യരുശലേമിനെയും കുറിച്ച് ഒരു ദിവ്യദർശനം ലഭിച്ചു. ആ ദർശനത്തിൽ യഹോവ മീഖയ്‌ക്ക് ഈ സന്ദേശം നൽകി:
2 “ജനങ്ങളേ, കേൾക്കൂ!
ഭൂമിയേ, അതിലുള്ള സകലവുമേ, ശ്രദ്ധിക്കൂ!യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.പരമാധികാരിയായ യഹോവ നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കട്ടെ.+
3 ഇതാ, യഹോവ തന്റെ സ്ഥലത്തുനിന്ന് പുറപ്പെടുന്നു!ദൈവം ഇറങ്ങിവന്ന് ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ നടക്കും.
4 തീയിൽ മെഴുക് ഉരുകുന്നതുപോലെദൈവത്തിന്റെ കാൽക്കീഴിൽ പർവതങ്ങൾ ഉരുകിപ്പോകും;+മലഞ്ചെരിവിലൂടെ വെള്ളം കുത്തിയൊലിച്ചുവരുമ്പോൾ എന്നപോലെതാഴ്വരകൾ പിളർന്നുപോകും.
5 യാക്കോബിന്റെ ധിക്കാരപ്രവൃത്തികളുംഇസ്രായേൽഗൃഹത്തിന്റെ പാപങ്ങളും കാരണമാണ് ഇതെല്ലാം സംഭവിച്ചത്.+
യാക്കോബിന്റെ ധിക്കാരത്തിന് ഉത്തരവാദി ആരാണ്? ശമര്യയല്ലേ?+
യഹൂദയിലെ ആരാധനാസ്ഥലങ്ങൾ* നിർമിച്ചത് ആരാണ്?+ യരുശലേമല്ലേ?
6 ഞാൻ ശമര്യയെ വയലിൽ കൂട്ടിയിട്ടിരിക്കുന്ന നാശാവശിഷ്ടങ്ങൾപോലെയാക്കും;മുന്തിരി നട്ടുപിടിപ്പിക്കാനുള്ള ഒരു സ്ഥലമാക്കും.അവളുടെ കല്ലുകൾ ഞാൻ താഴ്വരയിലേക്കു വലിച്ചെറിയും;*അവളുടെ അടിസ്ഥാനങ്ങൾ തെളിഞ്ഞുകിടക്കും.
7 കൊത്തിയുണ്ടാക്കിയ രൂപങ്ങളെല്ലാം ഞാൻ തകർത്തുകളയും;+ശരീരം വിറ്റ് അവൾ നേടിയ സമ്മാനങ്ങളെല്ലാം* കത്തിച്ചുകളയും.+
അവളുടെ വിഗ്രഹങ്ങൾ മുഴുവൻ ഞാൻ നശിപ്പിക്കും.
വേശ്യാവൃത്തിയുടെ കൂലികൊണ്ടാണ് അവൾ അവയെല്ലാം നേടിയത്;അവ വീണ്ടും വേശ്യകൾക്കുള്ള കൂലിയായി മാറും.”
8 ഇതു നിമിത്തം ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും;+വസ്‌ത്രം ധരിക്കാതെയും ചെരിപ്പിടാതെയും നടക്കും.+
ഞാൻ കുറുനരിയെപ്പോലെ ഓരിയിടും;ഒട്ടകപ്പക്ഷിയെപ്പോലെ കരയും.
9 അവളുടെ മുറിവ് ഉണക്കാനാകില്ല;+അത് യഹൂദ വരെ പടർന്നിരിക്കുന്നു.+
എന്റെ ജനത്തിന്റെ കവാടം വരെ, യരുശലേം വരെ, അതു വ്യാപിച്ചിരിക്കുന്നു.+
10 “ഗത്തിൽ ഇക്കാര്യം അറിയിക്കരുത്;നീ കരയുകയേ അരുത്.
ബേത്ത്-അഫ്രയിലെ* പൊടിയിൽ കിടന്നുരുളുക.
11 ശാഫീരിൽ താമസിക്കുന്നവരേ,* നഗ്നരായി നാണംകെട്ട് പുറപ്പെട്ടുപോകൂ.
സയനാനിൽ താമസിക്കുന്നവർ* പുറത്ത് വന്നിട്ടില്ല.
ബേത്ത്-ഏസെൽ നിലവിളിക്കും, അത് ഇനി നിങ്ങളെ സഹായിക്കില്ല.
12 മാരോത്തിൽ താമസിക്കുന്നവർ* നന്മ വരുമെന്നു പ്രതീക്ഷിച്ചിരുന്നു.എന്നാൽ യഹോവയിൽനിന്ന് യരുശലേംകവാടത്തിലേക്കു തിന്മയാണു വന്നത്.
13 ലാഖീശിൽ താമസിക്കുന്നവരേ,*+ കുതിരകളെ രഥത്തിൽ പൂട്ടുക.
സീയോൻപുത്രിയുടെ പാപത്തിന്റെ തുടക്കം നിങ്ങളാണ്.ഇസ്രായേലിന്റെ ധിക്കാരം നിങ്ങളിൽ കണ്ടല്ലോ.+
14 നിങ്ങൾ മൊരേശെത്ത്-ഗത്തിനെ സമ്മാനങ്ങൾ നൽകി യാത്രയയയ്ക്കും.
അക്കസീബിലെ+ വീടുകൾ ഇസ്രായേൽരാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു.
15 മാരേശയിൽ താമസിക്കുന്നവരേ,*+ നിങ്ങളെ കീഴടക്കാൻ* ഞാൻ ഒരാളെ കൊണ്ടുവരും.+
ഇസ്രായേലിന്റെ മഹത്ത്വം അദുല്ലാം+ വരെ എത്തും.
16 നീ സ്നേഹിക്കുന്ന നിന്റെ മക്കൾക്കുവേണ്ടി മുടി മുറിച്ചുകളഞ്ഞ് തല മൊട്ടയടിക്കുക.
കഴുകന്റേതുപോലെ തല കഷണ്ടിയാക്കുക;ശത്രുക്കൾ അവരെ ബന്ദികളായി കൊണ്ടുപോയല്ലോ.”+
അടിക്കുറിപ്പുകള്‍
^ മീഖായേൽ (അർഥം: “ദൈവത്തെപ്പോലെ ആരുണ്ട്?”) അല്ലെങ്കിൽ മീഖായ (അർഥം: “യഹോവയെപ്പോലെ ആരുണ്ട്?”) എന്നതിന്റെ ഹ്രസ്വരൂപം.
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അക്ഷ. “ഒഴിക്കും.”
^ അഥവാ “അവളുടെ വേശ്യാവൃത്തിയുടെ കൂലി മുഴുവൻ.”
^ അഥവാ “അഫ്രയുടെ ഭവനത്തിലെ.”
^ അക്ഷ. “താമസിക്കുന്നവളേ.”
^ അക്ഷ. “താമസിക്കുന്നവൾ.”
^ അക്ഷ. “താമസിക്കുന്നവൾ.”
^ അക്ഷ. “താമസിക്കുന്നവളേ.”
^ അക്ഷ. “താമസിക്കുന്നവളേ.”
^ അഥവാ “കുടിയൊഴിപ്പിക്കാൻ.”