മീഖ 6:1-16
6 യഹോവയ്ക്കു പറയാനുള്ളതു ശ്രദ്ധിക്കൂ.
എഴുന്നേറ്റ് പർവതങ്ങളുടെ മുന്നിൽ നിങ്ങളുടെ വാദങ്ങൾ നിരത്തുക,കുന്നുകൾ നിങ്ങളുടെ ശബ്ദം കേൾക്കട്ടെ.+
2 പർവതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അടിസ്ഥാനങ്ങളേ,യഹോവയുടെ വാദങ്ങൾ കേൾക്കൂ.+യഹോവയ്ക്കു തന്റെ ജനവുമായി ഒരു കേസുണ്ട്;ഇസ്രായേലിനോടു ദൈവം ഇങ്ങനെ വാദിക്കും:+
3 “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു?
ഞാൻ നിങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ടോ?+
എനിക്ക് എതിരെ സാക്ഷി പറയൂ.
4 ഞാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നു;+അടിമവീട്ടിൽനിന്ന് ഞാൻ നിങ്ങളെ മോചിപ്പിച്ചു;+നിങ്ങളുടെ മുന്നിൽ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.+
5 എന്റെ ജനമേ, മോവാബുരാജാവായ ബാലാക്കിന്റെ പദ്ധതി എന്തായിരുന്നെന്നും+ബയോരിന്റെ മകനായ ബിലെയാം അവനോട് എന്തു പറഞ്ഞെന്നും ഓർത്തുനോക്കൂ.+ശിത്തീം+ മുതൽ ഗിൽഗാൽ+ വരെ എന്താണു സംഭവിച്ചത്?
അപ്പോൾ യഹോവയുടെ പ്രവൃത്തികൾ നീതിയുള്ളവയെന്നു നിങ്ങൾക്കു മനസ്സിലാകും.”
6 ഞാൻ യഹോവയുടെ മുമ്പാകെ എന്തുമായി ചെല്ലും?
സ്വർഗത്തിലെ ദൈവത്തിനു മുന്നിൽ കുമ്പിടാൻ പോകുമ്പോൾ എന്തു കൊണ്ടുചെല്ലും?
സമ്പൂർണദഹനയാഗങ്ങളുമായി ഞാൻ ദൈവമുമ്പാകെ പോകണോ?ഒരു വയസ്സുള്ള കാളക്കുട്ടികളെ കൊണ്ടുപോകണോ?+
7 ആയിരക്കണക്കിന് ആടുകളെ* അർപ്പിച്ചാൽ യഹോവ പ്രസാദിക്കുമോ?പതിനായിരക്കണക്കിനു തൈലനദികൾ ഒഴുക്കിയാൽ ദൈവം സന്തോഷിക്കുമോ?+
എന്റെ ധിക്കാരത്തിന് എന്റെ മൂത്ത മകനെയുംഎന്റെ പാപത്തിന് എന്റെ കുട്ടിയെയും പകരം കൊടുത്താൽ മതിയോ?+
8 മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്.
നീതിയോടെ ജീവിക്കാനും+ വിശ്വസ്തതയെ പ്രിയപ്പെടാനും*+
ദൈവത്തോടൊപ്പം+ എളിമയോടെ നടക്കാനും+ അല്ലാതെയഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?*
9 യഹോവയുടെ ശബ്ദം നഗരത്തോടു വിളിച്ചുപറയുന്നു;ജ്ഞാനമുള്ളവർ* അങ്ങയുടെ പേരിനെ ഭയപ്പെടും.
വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുക.+
10 ദുഷ്ടന്റെ വീട്ടിൽ ഇപ്പോഴും ദുഷ്ടതകൊണ്ട് നേടിയ സമ്പാദ്യമുണ്ടോ?അറപ്പുളവാക്കുന്ന തരം അളവുപാത്രങ്ങളുണ്ടോ?*
11 കള്ളത്തുലാസുകൾ കൈയിൽവെച്ച്, സഞ്ചി നിറയെ കള്ളത്തൂക്കക്കട്ടികളുമായി,+എനിക്കു സന്മാർഗിയായി ജീവിക്കാൻ* കഴിയുമോ?
12 അവളുടെ പണക്കാർ അക്രമത്തെ സ്നേഹിക്കുന്നു;അവളിൽ താമസിക്കുന്നവർ നുണ പറയുന്നു.+അവരുടെ വായിലെ നാവ് വഞ്ചന നിറഞ്ഞത്.+
13 “അതുകൊണ്ട്, ഞാൻ നിന്നെ അടിച്ച് മുറിവേൽപ്പിക്കും;+നിന്റെ പാപങ്ങൾ നിമിത്തം നിന്നെ വിജനമാക്കും.
14 നീ ആഹാരം കഴിക്കുമെങ്കിലും നിനക്കു തൃപ്തിയാകില്ല;നിന്റെ വയറു കാലിയായിരിക്കും.+
നീ എടുത്തുമാറ്റുന്നവ സുരക്ഷിതമായി കൊണ്ടുപോകാൻ നിനക്കാകില്ല;നീ കൊണ്ടുപോകുന്നതെല്ലാം ഞാൻ വാളിന് ഏൽപ്പിച്ചുകൊടുക്കും.
15 നീ വിത്തു വിതയ്ക്കും, എന്നാൽ കൊയ്യില്ല.
നീ ചക്കിൽ ഇട്ട് ഒലിവ് ചവിട്ടും, എന്നാൽ ആ എണ്ണ ഉപയോഗിക്കാൻ നിനക്കാകില്ല.നീ പുതുവീഞ്ഞ് ഉണ്ടാക്കും, എന്നാൽ നിനക്ക് അതു കുടിക്കാൻ കഴിയില്ല.+
16 കാരണം നിങ്ങൾ ഒമ്രിയുടെ നിയമങ്ങൾ അനുസരിക്കുന്നു,ആഹാബുഗൃഹത്തിന്റെ പ്രവൃത്തികളെല്ലാം പിൻപറ്റുന്നു;+
അവരുടെ ഉപദേശങ്ങൾ അനുസരിച്ചാണു നിങ്ങൾ ജീവിക്കുന്നത്.അതുകൊണ്ട്, നിന്നെ ഞാൻ പേടിപ്പെടുത്തുന്ന ഒരിടമാക്കും;അവളിൽ താമസിക്കുന്നവരെ ആളുകൾ കളിയാക്കി ചൂളമടിക്കും;+ജനതകളുടെ നിന്ദ നിങ്ങൾക്കു സഹിക്കേണ്ടിവരും.”+
അടിക്കുറിപ്പുകള്
^ അഥവാ “മുട്ടനാടുകളെ.”
^ അഥവാ “നിന്നോടു തിരികെ ചോദിക്കുന്നത്?”
^ അക്ഷ. “അചഞ്ചലസ്നേഹത്തെ സ്നേഹിക്കാനും.” അഥവാ “നിങ്ങളുടെ സ്നേഹത്തിൽ വിശ്വസ്തതയുള്ളവരും ദയയുള്ളവരും ആയിരിക്കാനും.”
^ അഥവാ “പ്രായോഗികജ്ഞാനമുള്ളവർ.”
^ അഥവാ “നിഷ്കളങ്കനായിരിക്കാൻ.”