മർക്കൊസ് എഴുതിയത് 12:1-44
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
ദൃഷ്ടാന്തങ്ങൾ: മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.
കാവൽഗോപുരം: മത്ത 21:33-ന്റെ പഠനക്കുറിപ്പു കാണുക.
പാട്ടത്തിനു കൊടുത്തു: മത്ത 21:33-ന്റെ പഠനക്കുറിപ്പു കാണുക.
ഈ തിരുവെഴുത്ത്: ഇവിടെ കാണുന്ന ഗ്രാഫേ എന്ന ഗ്രീക്കുപദത്തിന്റെ ഏകവചനരൂപം തിരുവെഴുത്തുകളിലെ ഏതെങ്കിലും ഒരു പ്രത്യേകഭാഗത്തെ മാത്രമാണു കുറിക്കുന്നത്. ഇവിടെ അതു സങ്ക 118:22, 23 ആണ്.
മുഖ്യ മൂലക്കല്ല്: മത്ത 21:42-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവ: ഇതു സങ്ക 118:22, 23 വാക്യങ്ങളിൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ഹെരോദിന്റെ അനുയായികൾ: പദാവലി കാണുക.
സീസർ: മത്ത 22:17-ന്റെ പഠനക്കുറിപ്പു കാണുക.
തലക്കരം: മത്ത 22:17-ന്റെ പഠനക്കുറിപ്പു കാണുക.
ദിനാറെ: സീസറിന്റെ രൂപം ആലേഖനം ചെയ്‌ത ഈ റോമൻ വെള്ളിനാണയമാണു റോമാക്കാർ ജൂതന്മാരിൽനിന്ന് ‘തലക്കരമായി’ ഈടാക്കിയിരുന്നത്. (മർ 12:14) യേശുവിന്റെ കാലത്ത്, 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രവൃത്തിദിവസത്തെ കൂലിയായി കൃഷിപ്പണിക്കാർക്കു കിട്ടിയിരുന്നത് ഒരു ദിനാറെ ആയിരുന്നു. ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും എന്തിന്റെയെങ്കിലും മൂല്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ദിനാറെയിലാണ്. (മത്ത 20:2; മർ 6:37; 14:5; വെളി 6:6) സോരിൽ നിർമിച്ച വെള്ളിനാണയങ്ങൾ (ദേവാലയനികുതി കൊടുക്കാൻ ഉപയോഗിച്ചിരുന്നത് ഇതാണ്.) ഉൾപ്പെടെ വ്യത്യസ്‌തതരം ചെമ്പുനാണയങ്ങളും വെള്ളിനാണയങ്ങളും ഇസ്രായേലിൽ പ്രചാരത്തിലുണ്ടായിരുന്നു. എങ്കിലും തെളിവനുസരിച്ച് ആളുകൾ റോമിനു നികുതി കൊടുക്കാൻ ഉപയോഗിച്ചിരുന്നതു സീസറിന്റെ രൂപമുള്ള വെള്ളിദിനാറെയാണ്.—പദാവലിയും അനു. ബി14-ഉം കാണുക.
ചിത്രവും എഴുത്തും: മത്ത 22:20-ന്റെ പഠനക്കുറിപ്പു കാണുക.
സീസർക്കുള്ളതു സീസർക്ക്: ഈ വാക്യത്തിലെ യേശുവിന്റെ മറുപടിയിലും സമാന്തരവിവരണങ്ങളായ മത്ത 22:21; ലൂക്ക 20:25 എന്നീ വാക്യങ്ങളിലും മാത്രമാണു യേശു റോമൻ ചക്രവർത്തിയെക്കുറിച്ച് പരാമർശിച്ചതായി കാണുന്നത്. “സീസർക്കുള്ളത് ” എന്നു പറയുന്നതിൽ, ഗവൺമെന്റുകൾ ചെയ്‌തുതരുന്ന സേവനങ്ങൾക്കായി കൊടുക്കേണ്ട പണവും അതുപോലെ അത്തരം അധികാരികളോടു കാണിക്കേണ്ട ആദരവും ആപേക്ഷികകീഴ്‌പെടലും ഉൾപ്പെട്ടിരിക്കുന്നു.—റോമ 13:1-7.
ദൈവത്തിനുള്ളതു ദൈവത്തിന്: മത്ത 22:21-ന്റെ പഠനക്കുറിപ്പു കാണുക.
പുനരുത്ഥാനം: ഇവിടെ കാണുന്ന അനസ്‌താസിസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എഴുന്നേൽപ്പിക്കുക; എഴുന്നേറ്റ് നിൽക്കുക” എന്നെല്ലാമാണ്. മരിച്ചവരുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട് ഈ പദം 40-ഓളം പ്രാവശ്യം ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. (മത്ത 22:23, 31; പ്രവൃ 4:2; 24:15; 1കൊ 15:12, 13) യശ 26:19-ലെ “നിങ്ങളുടെ മരിച്ചവർ ജീവിക്കും” എന്ന പദപ്രയോഗത്തിലെ “ജീവിക്കുക” എന്ന എബ്രായക്രിയ പരിഭാഷപ്പെടുത്താൻ സെപ്‌റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത് അനസ്‌താസിസിന്റെ ക്രിയാരൂപമാണ്.—പദാവലി കാണുക.
സദൂക്യർ: സദൂക്യരെക്കുറിച്ച് മർക്കോസിന്റെ സുവിശേഷത്തിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. (പദാവലി കാണുക.) സാധ്യതയനുസരിച്ച് ഈ പേരിന് (ഗ്രീക്കിൽ, സദൗകൈയോസ്) ശലോമോന്റെ കാലത്ത് മഹാപുരോഹിതനായി നിയമിതനായ സാദോക്കുമായി (സെപ്‌റ്റുവജിന്റിൽ മിക്കയിടങ്ങളിലും സദൗക് എന്നു കാണുന്നു.) ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിൻതലമുറക്കാർ തെളിവനുസരിച്ച് നൂറ്റാണ്ടുകളോളം പുരോഹിതന്മാരായി സേവിച്ചു.—1രാജ 2:35.
രണ്ടാമൻ അവളെ സ്വീകരിച്ചു: പണ്ട് എബ്രായരുടെ ഇടയിൽ, ആൺമക്കളില്ലാതെ മരിച്ചുപോയ ഒരാളുടെ ഭാര്യയെ അദ്ദേഹത്തിന്റെ സഹോദരൻ വിവാഹം ചെയ്യാൻ പ്രതീക്ഷിച്ചിരുന്നു. മരിച്ചയാളുടെ സന്തതിപരമ്പര നിലനിറുത്താനായിരുന്നു ഇത്. (ഉൽ 38:8) പിൽക്കാലത്ത് ഈ ക്രമീകരണം മോശയുടെ നിയമത്തിന്റെ ഭാഗമായി. ഇത്തരത്തിൽ ഭർത്തൃസഹോദരധർമം അനുഷ്‌ഠിച്ചിരുന്ന വിവാഹത്തെ ദേവരവിവാഹം എന്നും വിളിച്ചിരുന്നു. (ആവ 25:5, 6) ഇവിടെ സദൂക്യർ ഇതെക്കുറിച്ച് പരാമർശിച്ചു എന്ന വസ്‌തുത സൂചിപ്പിക്കുന്നത്, യേശുവിന്റെ കാലത്തും ഇത്തരം വിവാഹങ്ങൾ നിലനിന്നിരുന്നു എന്നാണ്. ഭർത്തൃസഹോദരധർമം അനുഷ്‌ഠിക്കാതിരിക്കാൻ മരിച്ചയാളുടെ ബന്ധുക്കളെ മോശയുടെ നിയമം അനുവദിക്കുന്നുണ്ടായിരുന്നു. എന്നാൽ ഒരാൾ ഇത്തരത്തിൽ ‘സഹോദരന്റെ ഭവനം പണിയാതിരിക്കുന്നത് ’ അയാൾക്കുതന്നെ ഒരു അപമാനമായിരുന്നു.—ആവ 25:7-10; രൂത്ത് 4:7, 8.
തിരുവെഴുത്തുകൾ: മത്ത 22:29-ന്റെ പഠനക്കുറിപ്പു കാണുക.
മോശയുടെ പുസ്‌തകം: മോശ എഴുതിയ ഭാഗങ്ങൾ മാത്രമേ സദൂക്യർ ദൈവപ്രചോദിതമായി കണ്ടിരുന്നുള്ളൂ. പഞ്ചഗ്രന്ഥിയിൽ പുനരുത്ഥാനം എന്ന ഉപദേശത്തെ പിന്താങ്ങുന്ന ഒന്നുമില്ല എന്നു കരുതിയിട്ടാകാം പുനരുത്ഥാനത്തെക്കുറിച്ച് യേശു പഠിപ്പിച്ച കാര്യങ്ങളെ അവർ എതിർത്തത്. മരിച്ചവർ ഉയിർക്കുമെന്നു തെളിയിക്കാൻ യേശുവിനു വേണമെങ്കിൽ യശ 26:19, ദാനി 12:13, ഹോശ 13:14 എന്നതുപോലുള്ള പല വാക്യങ്ങളും ഉദ്ധരിക്കാമായിരുന്നു. എന്നാൽ സദൂക്യർ ഏതെല്ലാം തിരുവെഴുത്തുഭാഗങ്ങളാണ് അംഗീകരിക്കുന്നതെന്ന് അറിയാമായിരുന്ന യേശു, ഇക്കാര്യം തെളിയിക്കാൻ യഹോവ മോശയോടു സംസാരിച്ച വാക്കുകൾതന്നെ ഉപയോഗിച്ചു.—പുറ 3:2, 6.
ദൈവം മോശയോട്: ബി.സി. 1514-നോട് അടുത്ത് മോശയും യഹോവയും തമ്മിൽ നടന്ന ഒരു സംഭാഷണത്തെക്കുറിച്ച് പറയുകയായിരുന്നു യേശു. (പുറ 3:2, 6) അക്കാലമായപ്പോഴേക്കും അബ്രാഹാം മരിച്ചിട്ട് 329 വർഷവും യിസ്‌ഹാക്ക് മരിച്ചിട്ട് 224 വർഷവും യാക്കോബ് മരിച്ചിട്ട് 197 വർഷവും ആയിരുന്നു. എന്നിട്ടും യഹോവ പറഞ്ഞത്, ‘ഞാൻ അവരുടെ ദൈവം ആയിരുന്നു’ എന്നല്ല മറിച്ച് ‘ഞാൻ അവരുടെ ദൈവം ആണ്’ എന്നാണ്.—മർ 12:27-ന്റെ പഠനക്കുറിപ്പു കാണുക.
ജീവനുള്ളവരുടെ ദൈവമാണ്: ലൂക്ക 20:38-ലെ സമാന്തരവിവരണമനുസരിച്ച് യേശു ഈ വാക്കുകളും കൂട്ടിച്ചേർക്കുന്നുണ്ട്: “കാരണം ദൈവമുമ്പാകെ (അഥവാ, “ദൈവത്തിന്റെ വീക്ഷണത്തിൽ”) അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.” ദൈവത്തിൽനിന്ന് അകന്നവരാണെങ്കിൽ, ജീവിച്ചിരിക്കുന്നവർപോലും ദൈവത്തിന്റെ വീക്ഷണത്തിൽ മരിച്ചവരാണെന്നു ബൈബിൾ പറയുന്നു. (എഫ 2:1; 1തിമ 5:6) അതുപോലെതന്നെ, ദൈവാംഗീകാരമുള്ള ദൈവദാസന്മാർ മരിച്ചാലും ദൈവത്തിന്റെ വീക്ഷണത്തിൽ ജീവനുള്ളവരാണ്. കാരണം അവരെ പുനരുത്ഥാനപ്പെടുത്തണമെന്ന ദൈവോദ്ദേശ്യം നടപ്പാകുമെന്ന് അത്രയ്‌ക്ക് ഉറപ്പാണ്.—റോമ 4:16, 17.
യഹോവ . . . യഹോവ: ഇത് ആവ 6:4-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ് എന്നാണ്.) രണ്ടു പ്രാവശ്യം കാണുന്നുണ്ട്.—അനു. സി കാണുക.
യഹോവ: ഇത് ആവ 6:5-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ഹൃദയം: ആലങ്കാരികാർഥത്തിൽ ഉപയോഗിക്കുമ്പോൾ ഈ പദം പൊതുവേ ഒരാളുടെ ആന്തരികവ്യക്തിത്വത്തെ മുഴുവനായി കുറിക്കുന്നു. എന്നാൽ ഈ പദം “ദേഹി,” “മനസ്സ് ” എന്നീ പദങ്ങളോടൊപ്പം വരുമ്പോൾ സാധ്യതയനുസരിച്ച് അതിന്റെ അർഥവ്യാപ്‌തി കുറയുന്നു. അത്തരം സന്ദർഭങ്ങളിൽ അതു പ്രധാനമായും ഒരു വ്യക്തിയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും മനോഭാവത്തെയും ആണ് കുറിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന നാലു പദങ്ങളുടെയും (ഹൃദയം, ദേഹി, മനസ്സ്, ശക്തി) അർഥങ്ങൾക്കു കുറച്ചൊക്കെ സമാനതകളുള്ളതുകൊണ്ട് അവയുടെ അർഥങ്ങളെ പൂർണമായി ഇഴപിരിച്ചെടുക്കാൻ സാധിക്കില്ല. സമാനാർഥങ്ങളുള്ള ഈ പദങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ഒട്ടും പിടിച്ചുവെക്കാതെ പൂർണമായ രീതിയിൽ ദൈവത്തോടു സ്‌നേഹം കാണിക്കേണ്ടതിന്റെ ആവശ്യം ഏറ്റവും ശക്തമായി ഊന്നിപ്പറയാനാണ്.—ഈ വാക്യത്തിലെ മനസ്സ്, ശക്തി എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക
ദേഹി: മത്ത 22:37-ന്റെ പഠനക്കുറിപ്പു കാണുക.
മനസ്സ്: അതായത് ബൗദ്ധികപ്രാപ്‌തികൾ. ദൈവത്തെ അറിയാനും ദൈവത്തോടുള്ള സ്‌നേഹം വളർത്താനും ഒരാൾ തന്റെ മാനസികപ്രാപ്‌തികൾ ഉപയോഗിക്കണം. (യോഹ 17:3, അടിക്കുറിപ്പ്; റോമ 12:1) ഈ വാക്യം ആവ 6:5-ൽനിന്നുള്ള ഉദ്ധരണിയാണ്. അവിടെ മൂല എബ്രായപാഠത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങൾ കാണുന്നു. എന്നാൽ ഗ്രീക്കിൽ എഴുതിയ മർക്കോസിന്റെ വിവരണത്തിൽ ഹൃദയം, ദേഹി, മനസ്സ്, ശക്തി എന്നീ നാലു കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ ഒരു വ്യത്യാസം കാണുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. എബ്രായപാഠത്തിലുള്ള ആ പദങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന പൊതുവായ ഒരു ആശയം അടർത്തിയെടുത്ത് അതു കുറെക്കൂടെ വ്യക്തമായി അവതരിപ്പിക്കാനായിരിക്കാം ഇവിടെ “മനസ്സ് ” എന്ന പദം കൂട്ടിച്ചേർത്തത്. ഉദാഹരണത്തിന്, പുരാതന എബ്രായഭാഷയിൽ “മനസ്സ് ” എന്നതിനു പ്രത്യേകമായ ഒരു പദമില്ലായിരുന്നെങ്കിലും “ഹൃദയം” എന്ന പദത്തിൽ “മനസ്സ് ” എന്ന ആശയവുംകൂടെ ഉൾക്കൊണ്ടിരുന്നു. കാരണം ആലങ്കാരികാർഥത്തിൽ “ഹൃദയം” എന്ന പദത്തിന്, ചിന്തകളും വികാരങ്ങളും പ്രേരണകളും മനോഭാവവും ഉൾപ്പെടെ ഒരാളുടെ മുഴു ആന്തരികവ്യക്തിയെയും കുറിക്കാനാകുമായിരുന്നു. (ആവ 29:4; സങ്ക 26:2; 64:6; ഈ വാക്യത്തിലെ ഹൃദയം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ടുതന്നെ എബ്രായപാഠത്തിൽ “ഹൃദയം” എന്നു വരുന്നിടത്ത് ഗ്രീക്ക് സെപ്‌റ്റുവജിന്റ് മിക്കപ്പോഴും “മനസ്സ് ” എന്നതിനുള്ള ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (ഉൽ 8:21; 17:17; സുഭ 2:10; യശ 14:13) ഇനി മർക്കോസ് മനസ്സ് എന്ന പദം ഉപയോഗിക്കാൻ മറ്റൊരു കാരണവുമുണ്ടാകാം. “ശക്തി” എന്നതിന്റെ എബ്രായപദത്തിനും “മനസ്സ് ” എന്നതിന്റെ ഗ്രീക്കുപദത്തിനും കുറെയൊക്കെ അർഥസമാനതകളുണ്ടായിരിക്കാം എന്നതാണ് അത്. (“ശക്തി” എന്നതിനു പകരം “മനസ്സ് ” എന്ന പദം ഉപയോഗിച്ചിരിക്കുന്ന മത്ത 22:37 താരതമ്യം ചെയ്യുക.) ഇനി, ശാസ്‌ത്രി യേശുവിനു മറുപടി കൊടുത്തപ്പോൾ “ചിന്താശേഷി” എന്ന പദം ഉപയോഗിച്ചതും എബ്രായഭാഷയിലെ ആ പദങ്ങളുടെ അർഥസമാനതകൾകൊണ്ടാകാം. (മർ 12:33) ഇക്കാരണങ്ങളാലായിരിക്കാം സുവിശേഷയെഴുത്തുകാർ ആവ 6:5 ഉദ്ധരിച്ചപ്പോൾ അവിടെ കാണുന്ന അതേ പദങ്ങൾതന്നെ ഉപയോഗിക്കാതിരുന്നത്.—ഈ വാക്യത്തിലെ ശക്തി എന്നതിന്റെ പഠനക്കുറിപ്പും മത്ത 22:37; ലൂക്ക 10:27 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.
ശക്തി: മനസ്സ് എന്നതിന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ ആവ 6:5-ൽനിന്നുള്ള ഈ ഉദ്ധരണിയുടെ മൂല എബ്രായപാഠത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങളാണു കാണുന്നത്. എന്നാൽ “ശക്തി” (അഥവാ “ഓജസ്സ്,” അടിക്കുറിപ്പ്.) എന്നതിന്റെ എബ്രായപദത്തിനു ശാരീരികശക്തിയെ മാത്രമല്ല മാനസികമോ ബൗദ്ധികമോ ആയ പ്രാപ്‌തിയെയും കുറിക്കാനാകും. ആ വാക്യം ഗ്രീക്കുതിരുവെഴുത്തുകളിൽ ഉദ്ധരിച്ചപ്പോൾ “മനസ്സ് ” എന്ന പദം കൂട്ടിച്ചേർക്കാനുള്ള ഒരു കാരണം ഇതായിരിക്കാം. ഇതേ കാരണംകൊണ്ടാകാം മത്ത 22:37-ൽ ആ വാക്യം ഉദ്ധരിച്ചപ്പോൾ “ശക്തി” എന്നു പറയാതെ “മനസ്സ് ” എന്നു പറഞ്ഞത്. എന്തുതന്നെയായാലും ഒരു ശാസ്‌ത്രി [ഗ്രീക്കിൽ എഴുതിയ ലൂക്കോസിന്റെ വിവരണമനുസരിച്ച് (10:27)] എബ്രായതിരുവെഴുത്തുകളിൽനിന്ന് ഈ വാക്യം ഉദ്ധരിച്ചപ്പോൾ ഹൃദയം, ദേഹി, ശക്തി, മനസ്സ് എന്നീ നാലു പദങ്ങൾ ഉപയോഗിച്ചതിൽനിന്ന് ഒരു കാര്യം അനുമാനിക്കാം: മൂലപാഠത്തിലെ ആ മൂന്ന് എബ്രായപദങ്ങളിൽ ഈ നാലു ഗ്രീക്കുപദങ്ങളുടെയും ആശയം അടങ്ങിയിരുന്നു എന്ന കാര്യം യേശുവിന്റെ കാലത്ത് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.
അയൽക്കാരൻ: മത്ത 22:39-ന്റെ പഠനക്കുറിപ്പു കാണുക.
സമ്പൂർണദഹനയാഗങ്ങൾ: ഹോളോകൗടോമ (“മുഴുവൻ” എന്ന് അർഥമുള്ള ഹോളോസ്, “ദഹിപ്പിക്കുക” എന്ന് അർഥമുള്ള കൈയോ എന്നിവയിൽനിന്ന് വന്നത്.) എന്ന ഗ്രീക്കുപദം ഗ്രീക്കുതിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യമേ കാണുന്നുള്ളൂ. ഈ വാക്യത്തിലും എബ്ര 10:6, 8-ലും ആണ് അത്. പൂർണമായി തീയിൽ ദഹിപ്പിച്ച്, ദൈവത്തിനു മുഴുവനായി അർപ്പിക്കുന്ന യാഗങ്ങളെ കുറിക്കുന്ന എബ്രായപദം പരിഭാഷപ്പെടുത്താൻ സെപ്‌റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത് ഈ പദമാണ്. മൃഗങ്ങളെ ഇത്തരത്തിൽ സമ്പൂർണദഹനയാഗമായി അർപ്പിക്കുമ്പോൾ ആരാധകൻ അതിൽനിന്ന് അൽപ്പംപോലും ഭക്ഷിക്കില്ലായിരുന്നു. സെപ്‌റ്റുവജിന്റിൽ 1ശമു 15:22-ലും ഹോശ 6:6-ലും കാണുന്ന ഈ ഗ്രീക്കുപദമായിരിക്കാം യേശുവിനോടു സംസാരിച്ചപ്പോൾ ആ ശാസ്‌ത്രിയുടെ മനസ്സിലുണ്ടായിരുന്നത്. (മർ 12:32) യേശു, ആലങ്കാരികാർഥത്തിലുള്ള ഒരു ‘സമ്പൂർണദഹനയാഗമായി’ തന്നെത്തന്നെ മുഴുവനായി അർപ്പിച്ചു.
യഹോവ: ഇതു സങ്ക 110:1-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ചന്തസ്ഥലങ്ങൾ: മത്ത 23:7-ന്റെ പഠനക്കുറിപ്പു കാണുക.
മുൻനിര: മത്ത 23:6-ന്റെ പഠനക്കുറിപ്പു കാണുക.
സംഭാവനപ്പെട്ടികൾ: പുരാതന ജൂതരേഖകളനുസരിച്ച്, കാഹളങ്ങളുടെ ആകൃതിയുള്ള ഇവയ്‌ക്കു സാധ്യതയനുസരിച്ച് മുകൾഭാഗത്ത് ചെറിയ ഒരു വായുണ്ടായിരുന്നു. ആളുകൾ പലതരം കാഴ്‌ചകൾ അതിൽ ഇടുമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം യോഹ 8:20-ലും കാണുന്നു. അവിടെ അതു ‘ഖജനാവ് ’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് ഇതു ദേവാലയത്തിൽ സ്‌ത്രീകളുടെ മുറ്റം എന്ന് അറിയപ്പെട്ടിരുന്ന ഭാഗത്തായിരുന്നു. (മത്ത 27:6-ന്റെ പഠനക്കുറിപ്പും അനു. ബി11-ഉം കാണുക.) റബ്ബിമാരുടെ രേഖകളനുസരിച്ച് ആ മുറ്റത്തിന്റെ മതിലിന് അകത്ത് ചുറ്റോടുചുറ്റും 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. ഈ സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.
പണം: അക്ഷ. “ചെമ്പ്.” അതായത്, ചെമ്പുപണം അഥവാ ചെമ്പുനാണയങ്ങൾ. എന്നാൽ എല്ലാ തരം പണത്തെയും കുറിക്കാൻ വിശാലമായ അർഥത്തിലും ഈ ഗ്രീക്കുപദം ഉപയോഗിച്ചിരുന്നു.—അനു. ബി14 കാണുക.
തീരെ മൂല്യം കുറഞ്ഞ: അക്ഷ. “ഒരു ക്വാഡ്രോൻസിനു തുല്യമായ.” കൊഡ്രാന്റീസ് എന്ന ഗ്രീക്കുപദം (ക്വാഡ്രോൻസ് എന്ന ലത്തീൻപദത്തിൽനിന്നുള്ളത്.) ഒരു ദിനാറെയുടെ 1/64 മൂല്യമുള്ള ഒരു റോമൻനാണയത്തെ കുറിക്കുന്നു. ഇതു നിർമിച്ചിരുന്നതു ചെമ്പുകൊണ്ടോ വെങ്കലംകൊണ്ടോ ആണ്. ജൂതന്മാർ സാധാരണ ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ മൂല്യം മർക്കോസ് ഇവിടെ റോമൻപണത്തിൽ വിശദീകരിച്ചിട്ടുണ്ട്.—അനു. ബി14 കാണുക.
രണ്ടു ചെറുതുട്ടുകൾ: അക്ഷ. “രണ്ടു ലെപ്‌റ്റ.” ചെറിയ, കനം കുറഞ്ഞ എന്തിനെയെങ്കിലും കുറിക്കുന്ന ലെപ്‌ടോൺ എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപമാണു ലെപ്‌റ്റ. ഒരു ദിനാറെയുടെ 1/128 ആയിരുന്നു ഒരു ലെപ്‌ടോൺ. ചെമ്പോ വെങ്കലമോ കൊണ്ട് നിർമിച്ചിരുന്ന ഇതു തെളിവനുസരിച്ച് ഇസ്രായേലിൽ ഉപയോഗിച്ചിരുന്ന ഏറ്റവും ചെറിയ നാണയമായിരുന്നു.—പദാവലിയിൽ “ലെപ്‌ടോൺ” എന്നതും അനു. ബി14-ഉം കാണുക.
ദൃശ്യാവിഷ്കാരം
ഇസ്രായേലിൽ മുന്തിരിയുടെ വിളവെടുത്തിരുന്നത് ആഗസ്റ്റിലോ സെപ്റ്റംബറിലോ ആണ്. മുന്തിരിയുടെ ഇനവും അതാതു പ്രദേശത്തെ കാലാവസ്ഥയും ആണ് ഇതിനെ സ്വാധീനിച്ചിരുന്ന ഘടകങ്ങൾ. സാധാരണയായി, വിളവെടുക്കുന്ന മുന്തിരി ചുണ്ണാമ്പുകൽപ്പാറയിൽ വെട്ടിയുണ്ടാക്കിയ കുഴികളിൽ ഇടും. എന്നിട്ട് പുരുഷന്മാർ കാലുകൊണ്ട് അതിൽ അമർത്തിച്ചവിട്ടും. ഇത്തരം സന്ദർഭങ്ങളിൽ പാട്ടു പാടുന്നതും പതിവായിരുന്നു.—യശ 16:10; യിര 25:30; 48:33.
1. പുതുതായി വിളവെടുത്ത മുന്തിരി
2. മുന്തിരിച്ചക്ക്
3. മുന്തിരിച്ചാറ് ഊറിവരാനുള്ള പാത്തി
4. മുന്തിരിച്ചാറ് ഒഴുകിവീഴുന്ന താഴത്തെ തൊട്ടി
5. വീഞ്ഞു സൂക്ഷിക്കുന്ന കളിമൺഭരണികൾ
ബി.സി. 42-ലാണു തിബെര്യൊസ് ജനിച്ചത്. എ.ഡി. 14-ൽ അദ്ദേഹം റോമിലെ രണ്ടാമത്തെ ചക്രവർത്തിയായി ഭരണം ഏറ്റെടുത്തു. എ.ഡി. 37 മാർച്ച് വരെ ജീവിച്ച ഇദ്ദേഹമായിരുന്നു യേശുവിന്റെ ശുശ്രൂഷക്കാലത്തുടനീളം റോമിലെ ചക്രവർത്തി. അതുകൊണ്ട് യേശു, ‘സീസർക്കുള്ളതു സീസർക്കു കൊടുക്കുക’ എന്നു നികുതിനാണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ അധികാരത്തിലിരുന്ന സീസർ തിബെര്യൊസ് ആയിരുന്നു.—മർ 12:14-17; മത്ത 22:17-21; ലൂക്ക 20:22-25.
ഇവിടെ കാണിച്ചിരിക്കുന്നതുപോലെ, ചിലപ്പോഴൊക്കെ റോഡിന്റെ ഇരുവശത്തുമായിട്ടായിരുന്നു ചന്തകൾ. മിക്കപ്പോഴും വ്യാപാരികൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചിരുന്നതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികൾക്കു വീട്ടുസാധനങ്ങളും കളിമൺപാത്രങ്ങളും വിലകൂടിയ ചില്ലുപാത്രങ്ങളും നല്ല പച്ചക്കറികളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമായിരുന്നു ഇത്. അക്കാലത്ത് ഭക്ഷണം ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാഞ്ഞതുകൊണ്ട് ഓരോ ദിവസത്തേക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടിക്കുന്നതായിരുന്നു രീതി. അവിടെ ചെല്ലുന്നവർക്കു കച്ചവടക്കാരിൽനിന്നും മറ്റു സന്ദർശകരിൽനിന്നും പുതിയപുതിയ വാർത്തകൾ കേൾക്കാമായിരുന്നു. കുട്ടികൾ അവിടെ കളിച്ചിരുന്നു. തങ്ങളെ കൂലിക്കു വിളിക്കുന്നതും പ്രതീക്ഷിച്ച് ആളുകൾ അവിടെ കാത്തിരിക്കാറുമുണ്ടായിരുന്നു. ചന്തസ്ഥലത്തുവെച്ച് യേശു ആളുകളെ സുഖപ്പെടുത്തിയതായും പൗലോസ് മറ്റുള്ളവരോടു പ്രസംഗിച്ചതായും നമ്മൾ വായിക്കുന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാരികളായ ശാസ്ത്രിമാരും പരീശന്മാരും ഇത്തരം പൊതുസ്ഥലങ്ങളിൽവെച്ച്, ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാനും അവരുടെ അഭിവാദനങ്ങൾ ഏറ്റുവാങ്ങാനും ആഗ്രഹിച്ചു.
ഒന്നാം നൂറ്റാണ്ടിൽ ആളുകൾ പൊതുവേ മേശയോടു ചേർന്ന് ചാരിക്കിടന്നാണു ഭക്ഷണം കഴിച്ചിരുന്നത്. കിടക്കയിലെ കുഷ്യനിൽ ഇടങ്കൈമുട്ട് ഊന്നി, വലത്തെ കൈകൊണ്ട് ഭക്ഷണം കഴിക്കും. ഗ്രീക്ക്-റോമൻ രീതിയനുസരിച്ച് ഒരു ഭക്ഷണമുറിയിൽ അധികം പൊക്കമില്ലാത്ത ഒരു ഭക്ഷണമേശയും അതിനു ചുറ്റും മൂന്നു കിടക്കയും കാണും. ഇത്തരം ഒരു ഭക്ഷണമുറിയെ റോമാക്കാർ ട്രൈക്ലിനിയം (ഈ ലത്തീൻപദം “മൂന്നു കിടക്കയുള്ള മുറി” എന്ന് അർഥമുള്ള ഗ്രീക്കുപദത്തിൽനിന്ന് വന്നതാണ്.) എന്നാണു വിളിച്ചിരുന്നത്. ഇതുപോലെ ക്രമീകരിച്ചാൽ ഓരോ കിടക്കയിലും മൂന്നു പേർ വീതം ഒൻപതു പേർക്ക് ഇരിക്കാമായിരുന്നു. എന്നാൽ പിൽക്കാലത്ത് കൂടുതൽ പേർക്ക് ഇരിക്കാൻ പാകത്തിൽ നീളം കൂടിയ കിടക്കകൾ ഉപയോഗിക്കുന്നതു സാധാരണമായിത്തീർന്നു. ഭക്ഷണമുറിയിലെ ഇരിപ്പിടങ്ങൾക്കെല്ലാം ഒരേ പ്രാധാന്യമല്ലായിരുന്നു. ഉദാഹരണത്തിന് കിടക്കകൾതന്നെ പ്രാധാന്യമനുസരിച്ച്, ഏറ്റവും താഴ്‌ന്നത് (എ), അതിനെക്കാൾ അൽപ്പം മുന്തിയത് (ബി), ഏറ്റവും മുന്തിയത് (സി) എന്നിങ്ങനെ തിരിച്ചിരുന്നു. ഇനി, ഓരോ കിടക്കയിലെ സ്ഥാനങ്ങൾക്കും പ്രാധാന്യത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക് അദ്ദേഹത്തിന്റെ വലതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കൂടുതലും ഇടതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കുറവും ആണ് കല്പിച്ചിരുന്നത്. ഔപചാരികമായ ഒരു വിരുന്നിൽ ആതിഥേയൻ പൊതുവേ ഇരുന്നിരുന്നത്, ഏറ്റവും താണതായി കണ്ടിരുന്ന കിടക്കയിലെ ഒന്നാം സ്ഥാനത്താണ് (1). ഏറ്റവും ആദരണീയമായി കണ്ടിരുന്നതു നടുവിലുള്ള കിടക്കയിലെ മൂന്നാമത്തെ സ്ഥാനമായിരുന്നു (2). ജൂതന്മാർ ഈ ആചാരം എത്രത്തോളം പിൻപറ്റി എന്നതു വ്യക്തമല്ലെങ്കിലും ശിഷ്യന്മാരെ താഴ്മയുടെ പ്രാധാന്യം പഠിപ്പിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് ഈ സമ്പ്രദായമായിരിക്കാം.
ഗലീലക്കടലിന് ഏതാണ്ട് 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലാ നഗരത്തിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്) നാശാവശിഷ്ടങ്ങളെ ആധാരമാക്കിയാണ് ഈ വീഡിയോചിത്രീകരണത്തിന്റെ പല ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ പല സിനഗോഗുകൾക്കും കേടുപാടുകൾ സംഭവിച്ചതുകൊണ്ട് അവയുടെ രൂപഘടനയുടെ കൃത്യമായ വിശദാംശങ്ങൾ ഇന്നു നമുക്ക് അറിയില്ല. അന്നത്തെ പല സിനഗോഗുകളിലും ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള ചില സവിശേഷതകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1. സിനഗോഗുകളിലെ മുൻനിര അഥവാ ഏറ്റവും മികച്ച ഇരിപ്പിടങ്ങൾ, പ്രാസംഗികൻ നിന്നിരുന്ന തട്ടിലോ അതിന് അടുത്തോ ആയിരുന്നു.
2. നിയമപുസ്തകത്തിൽനിന്ന് വായിച്ചുകേൾപ്പിക്കാൻ അധ്യാപകൻ നിൽക്കുന്ന തട്ട്. ഓരോ സിനഗോഗിലും ഇതിന്റെ സ്ഥാനം കുറച്ചൊക്കെ വ്യത്യാസപ്പെട്ടിരിക്കും.
3. സമൂഹം നിലയും വിലയും കല്പിച്ചിരുന്ന ആളുകളായിരിക്കാം ഭിത്തിയോടു ചേർന്നുള്ള ഇരിപ്പിടങ്ങളിൽ ഇരുന്നിരുന്നത്. മറ്റുള്ളവർ തറയിൽ പായോ മറ്റോ വിരിച്ച് ഇരിക്കും. ഗാംലായിലെ സിനഗോഗിൽ നാലു നിര ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നിരിക്കാം.
4. വിശുദ്ധചുരുളുകളുള്ള പെട്ടി പുറകുവശത്തെ ഭിത്തിയിലായിരിക്കാം സ്ഥാപിച്ചിരുന്നത്.
സിനഗോഗിലെ ഇരിപ്പിടങ്ങളുടെ ഈ ക്രമീകരണം, ചിലർ സമൂഹത്തിൽ മറ്റുള്ളവരെക്കാൾ വലിയവരാണെന്ന് അവിടെ കൂടിവന്നവരെ എപ്പോഴും ഓർമിപ്പിച്ചിരുന്നു. പലപ്പോഴും യേശുവിന്റെ ശിഷ്യന്മാർക്കിടയിലെ വാഗ്വാദങ്ങൾക്കു വഴിവെച്ചതും അതേ വിഷയമായിരുന്നു.—മത്ത 18:1-4; 20:20, 21; മർ 9:33, 34; ലൂക്ക 9:46-48.
റബ്ബിമാരുടെ രേഖകൾ പറയുന്നതനുസരിച്ച്, ഹെരോദ് നിർമിച്ച ദേവാലയത്തിൽ ‘ഷോഫർ പെട്ടികൾ’ എന്ന് അറിയപ്പെട്ടിരുന്ന 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. ഷോഫാർ എന്ന എബ്രായപദത്തിന്റെ അർഥം “ആൺചെമ്മരിയാടിന്റെ കൊമ്പ്” എന്നായതുകൊണ്ട് ആ സംഭാവനപ്പെട്ടികളുടെ രൂപത്തിന് ഒരു കൊമ്പിനോട് അഥവാ കാഹളത്തോടു കുറച്ചെങ്കിലും രൂപസാദൃശ്യം ഉണ്ടായിരുന്നിരിക്കാം. ദാനം ചെയ്യുന്നവർ (ആലങ്കാരികാർഥത്തിൽ) കാഹളം ഊതുന്നതിനെ യേശു കുറ്റം വിധിച്ചപ്പോൾ ആളുകളുടെ മനസ്സിലേക്കു വന്നത്, കാഹളത്തിന്റെ രൂപത്തിലുള്ള ഈ സംഭാവനപ്പെട്ടികളിൽ നാണയം ഇടുമ്പോൾ ഉണ്ടാകുന്ന ശബ്ദമായിരിക്കാം. (മത്ത 6:2) വിധവയുടെ രണ്ടു ചെറുതുട്ടുകൾ സംഭാവനപ്പെട്ടിയിലേക്കു വീണപ്പോൾ അധികം ശബ്ദമൊന്നും ഉണ്ടായിക്കാണില്ല. എങ്കിൽപ്പോലും ആ വിധവയെയും അവരുടെ സംഭാവനയെയും യഹോവ വളരെ വിലയേറിയതായി കണ്ടെന്നു യേശു സൂചിപ്പിച്ചു.