മർക്കൊസ് എഴുതിയത് 8:1-38
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
വലിയ കൊട്ടകൾ: അഥവാ “ഭക്ഷണക്കൊട്ടകൾ.” മുമ്പ് ഒരിക്കൽ ഏകദേശം 5,000 പുരുഷന്മാർക്കു യേശു ഭക്ഷണം കൊടുത്തപ്പോൾ ഉപയോഗിച്ച കൊട്ടകളെക്കാൾ വലുപ്പമുള്ള ഒരുതരം കൊട്ടയെയാണു സാധ്യതയനുസരിച്ച് ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്‌ഫുറീസ് എന്ന ഗ്രീക്കുപദം കുറിക്കുന്നത്. (മർ 6:43-ന്റെ പഠനക്കുറിപ്പു കാണുക.) ദമസ്‌കൊസ് നഗരമതിലിന്റെ കിളിവാതിലിലൂടെ പൗലോസിനെ താഴേക്ക് ഇറക്കിയതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നിടത്ത് ‘കൊട്ട’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതും ഇതേ ഗ്രീക്കുപദംതന്നെയാണ്.—പ്രവൃ 9:25.
ഏകദേശം 4,000 പുരുഷന്മാർ: ഈ അത്ഭുതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള തിരുവെഴുത്തുഭാഗങ്ങളിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായിയുടെ സമാന്തരവിവരണത്തിൽ (മത്ത 15:38) മാത്രമാണ്. അത്ഭുതകരമായി പോഷിപ്പിക്കപ്പെട്ടവരുടെ മൊത്തം സംഖ്യ 12,000-ത്തിലധികം വരാൻ സാധ്യതയുണ്ട്.
ദൽമനൂഥ: ഈ പേര് ബൈബിൾസംബന്ധിയായ ഏതെങ്കിലും ഗ്രന്ഥങ്ങളിലോ മറ്റ് ഉറവിടങ്ങളിലോ കാണുന്നില്ലെങ്കിലും മർക്കോസിന്റെ സുവിശേഷത്തിൽ കാണുന്നുണ്ട്. ഈ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം അറിയില്ലെങ്കിലും അതു ഗലീലക്കടലിന്റെ പടിഞ്ഞാറൻ തീരത്തിന് അടുത്തായിരുന്നിരിക്കാൻ സാധ്യതയുണ്ട്. കാരണം മത്തായിയുടെ സമാന്തരവിവരണത്തിൽ ഈ പ്രദേശത്തെ മഗദ എന്നാണു വിളിച്ചിരിക്കുന്നത്. (മത്ത 15:39-ന്റെ പഠനക്കുറിപ്പു കാണുക.) സാധ്യതയനുസരിച്ച് മഗദയുടെ മറ്റൊരു പേരായിരുന്നിരിക്കാം ദൽമനൂഥ.
(മനം) നൊന്ത്: മിക്കപ്പോഴും യേശുവിന്റെ വികാരവിചാരങ്ങളും യേശു പ്രതികരിച്ച വിധവും രേഖപ്പെടുത്താറുള്ള മർക്കോസ് (മർ 3:5; 7:34; 9:36; 10:13-16, 21), ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ഗ്രീക്കുതിരുവെഴുത്തുകളിൽ മറ്റൊരിടത്തും കാണാത്ത ഒരു ക്രിയാപദമാണ്. മർ 7:34-ൽ (പഠനക്കുറിപ്പു കാണുക.) കാണുന്ന സമാനമായൊരു ക്രിയയുടെ തീവ്രരൂപമായ ഈ പദം ശക്തമായ വൈകാരികപ്രതികരണത്തെ കുറിക്കുന്നു. മർക്കടമുഷ്ടിക്കാരായ പരീശന്മാർ ദൈവശക്തിയുടെ സുവ്യക്തമായ അനേകം തെളിവുകൾ അതിനോടകം കണ്ടിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് ഒരു അടയാളം ആവശ്യപ്പെട്ടപ്പോൾ യേശുവിനു തോന്നിയ ക്ഷോഭമായിരിക്കാം ഈ മാനസികാവസ്ഥയ്‌ക്കു കാരണമായത്.
ഹെരോദ്: ചില പുരാതന കൈയെഴുത്തുപ്രതികളിൽ “ഹെരോദ്യർ” എന്നാണു കാണുന്നത്.—പദാവലിയിൽ “ഹെരോദിന്റെ അനുയായികൾ” എന്നതു കാണുക.
പുളിച്ച മാവ്: പലപ്പോഴും വഷളത്തത്തെയും പാപത്തെയും കുറിക്കാൻ ബൈബിളിൽ ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്ന ഈ പദം ഇവിടെ തെറ്റായ ഉപദേശങ്ങളെയും ദുഃസ്വാധീനത്തെയും ആണ് അർഥമാക്കുന്നത്. (മത്ത 16:6, 11, 12; 1കൊ 5:6-8) ഈ വാക്യത്തിന്റെ മൂലപാഠത്തിൽ, “പരീശന്മാരുടെ പുളിച്ച മാവിനെക്കുറിച്ചും ഹെരോദിന്റെ പുളിച്ച മാവിനെക്കുറിച്ചും ജാഗ്രത വേണം” എന്നാണു പറഞ്ഞിരിക്കുന്നത്. ഇരുകൂട്ടരുടെയും ‘പുളിച്ച മാവിനെക്കുറിച്ച് ’ എടുത്തുപറഞ്ഞിരിക്കുന്നു എന്ന വസ്‌തുത സൂചിപ്പിക്കുന്നത്, പരീശന്മാരുടെ പുളിച്ച മാവും ഹെരോദിന്റെയും അനുയായികളായ ഹെരോദ്യരുടെയും പുളിച്ച മാവും വ്യത്യസ്‌തമായിരുന്നു എന്നാണ്. രണ്ടാമത്തെ കൂട്ടർക്കു മതചായ്‌വുണ്ടായിരുന്നെങ്കിലും അവർ മുഖ്യമായും രാഷ്‌ട്രീയക്കാരായിരുന്നു. അവരുടെ ദേശീയത്വചിന്താഗതി എന്ന ‘പുളിച്ച മാവിന് ’ ഉദാഹരണമായിരുന്നു നികുതി കൊടുക്കുന്നതിനെക്കുറിച്ച് ഇരുകൂട്ടരും ചേർന്ന് യേശുവിനോടു ചോദിച്ച ചോദ്യം. ഇതിലൂടെ യേശുവിനെ കുടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.—മർ 12:13-15.
കൊട്ട: യേശു അത്ഭുതകരമായി ആളുകൾക്കു ഭക്ഷണം കൊടുത്ത രണ്ടു സാഹചര്യങ്ങളെക്കുറിച്ച് പറയുന്നിടത്തും, (മർ 6:43; 8:8, 20 എന്നിവയുടെ പഠനക്കുറിപ്പുകളും മത്ത 14:20; 15:37; 16:9, 10 എന്നീ വാക്യങ്ങളിലെ സമാന്തരവിവരണവും കാണുക.) മിച്ചം വന്ന ഭക്ഷണം ‘കൊട്ടകളിൽ’ ശേഖരിച്ചെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ഈ കൊട്ടകൾ തമ്മിലുള്ള വലുപ്പവ്യത്യാസം മൂലഭാഷയിൽ സുവിശേഷയെഴുത്തുകാർ ഒരേപോലെ എടുത്തുകാണിച്ചിട്ടുണ്ട്. യേശു 5,000-ത്തോളം പുരുഷന്മാരെ പോഷിപ്പിച്ചതിനെക്കുറിച്ച് പറയുന്നിടത്ത് കോഫിനൊസ് (“കൊട്ട”) എന്ന ഗ്രീക്കുപദവും 4,000 പുരുഷന്മാരെ പോഷിപ്പിച്ചതിനെക്കുറിച്ച് പറയുന്നിടത്ത് സ്‌ഫുറീസ് (“വലിയ കൊട്ട”) എന്ന ഗ്രീക്കുപദവും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത് ഒന്നുകിൽ ഈ സംഭവങ്ങൾ നടന്ന സമയത്ത് ഇതിന്റെ എഴുത്തുകാർ അവിടെ ഉണ്ടായിരുന്നെന്നോ അല്ലെങ്കിൽ അവർക്കു ദൃക്‌സാക്ഷികളിൽനിന്ന് വിശ്വസനീയമായ വിവരങ്ങൾ കിട്ടിയെന്നോ ആണ്.
കൊട്ട: അക്ഷ. “വലിയ കൊട്ട.” അഥവാ “ഭക്ഷണക്കൊട്ട.”—മർ 8:8, 19 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അന്ധനായ ഒരു മനുഷ്യൻ: അന്ധനായ ഈ മനുഷ്യനെ യേശു സുഖപ്പെടുത്തിയതിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ മർക്കോസാണ്.—മർ 8:22-26.
കൈസര്യഫിലിപ്പി: മത്ത 16:13-ന്റെ പഠനക്കുറിപ്പു കാണുക.
സ്‌നാപകയോഹന്നാൻ: മത്ത 3:1; മർ 1:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ക്രിസ്തു: മത്ത 16:16-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്‌ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. ഇവിടെ ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്‌ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മർ 11:27; 14:43, 53; 15:1; മത്ത 16:21-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “മൂപ്പൻ; പ്രായേമേറിയ പുരുഷൻ” എന്നതും കാണുക.
മുഖ്യപുരോഹിതന്മാർ: മത്ത 2:4-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “മുഖ്യപുരോഹിതൻ” എന്നതും കാണുക.
സാത്താൻ: മത്ത 16:23-ന്റെ പഠനക്കുറിപ്പു കാണുക.
എന്റെ മുന്നിൽനിന്ന് മാറൂ!: അക്ഷ. “എന്റെ പിന്നിലേക്കു മാറൂ!” ഇതോടൊപ്പം “നീ എന്റെ വഴിയിൽ ഒരു തടസ്സമാണ് ” എന്നുകൂടി യേശു പറഞ്ഞതായി സമാന്തരവിവരണമായ മത്ത 16:23-ൽ കാണാം. (മത്ത 18:7-ന്റെ പഠനക്കുറിപ്പു കാണുക.) ഇതിലൂടെ യേശു പത്രോസിനെ ശക്തമായി ശാസിക്കുകയായിരുന്നു. പിതാവിന്റെ ഇഷ്ടം പൂർത്തീകരിക്കുന്നതിൽനിന്ന് യാതൊന്നും തന്നെ തടയാൻ യേശു ആഗ്രഹിച്ചില്ല. “പിന്നിലേക്കു മാറൂ” എന്ന യേശുവിന്റെ വാക്കുകൾ പത്രോസിന്റെ ഉചിതമായ സ്ഥാനത്തെക്കുറിച്ചുള്ള ഒരു ഓർമിപ്പിക്കലുമായിരുന്നിരിക്കാം. കാരണം പത്രോസിൽനിന്ന് യഥാർഥത്തിൽ പ്രതീക്ഷിച്ചത്, തന്റെ ഗുരുവിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തെ അനുഗമിക്കുക എന്നതായിരുന്നു.
സ്വയം ത്യജിച്ച്: അഥവാ “തന്റെ മേൽ തനിക്കുള്ള അവകാശമെല്ലാം ഉപേക്ഷിച്ച്.” തന്റെ ആഗ്രഹങ്ങളെല്ലാം പൂർണമായി വെടിയാനോ തന്റെ ഉടമസ്ഥാവകാശം ദൈവത്തിനു വിട്ടുകൊടുക്കാനോ ഉള്ള ഒരാളുടെ മനസ്സൊരുക്കത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ ഗ്രീക്കുപദപ്രയോഗം “തന്നോടുതന്നെ ഇല്ല എന്നു പറയണം” എന്നും പരിഭാഷപ്പെടുത്താം. അതു ശരിയാണുതാനും. കാരണം ഒരാളുടെ സ്വന്തം ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ സൗകര്യങ്ങളോ വേണ്ടെന്നുവെക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. (2കൊ 5:14, 15) പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതിനെക്കുറിച്ച് വിവരിക്കുന്നിടത്തും ഇതേ ഗ്രീക്കുക്രിയയാണു മർക്കോസ് ഉപയോഗിച്ചിരിക്കുന്നത്.—മർ 14:30, 31, 72.
ദണ്ഡനസ്‌തംഭം: മത്ത 16:24-ന്റെ പഠനക്കുറിപ്പു കാണുക.
എന്നെ അനുഗമിക്കട്ടെ: ചില പുരാതന കൈയെഴുത്തുപ്രതികളിൽ “എന്റെ പിന്നാലെ വരട്ടെ” എന്നാണു കാണുന്നത്.
ജീവൻ: അഥവാ “ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.
ജീവൻ: അഥവാ “ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.
ജീവൻ: അഥവാ “ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.
വ്യഭിചാരികൾ: അഥവാ, “വിശ്വസ്‌തതയില്ലാത്തവർ.” ദൈവവുമായി ഒരു ഉടമ്പടിബന്ധത്തിലേക്കു വന്നിരിക്കുന്നവർ ദൈവത്തോടു കാണിക്കുന്ന അവിശ്വസ്‌തതയെയാണു ‘വ്യഭിചാരം’ എന്ന് ആത്മീയാർഥത്തിൽ വിളിച്ചിരിക്കുന്നത്. ഇസ്രായേല്യരുടെ വ്യാജമതാചാരങ്ങൾ നിയമയുടമ്പടിയുടെ ലംഘനമായിരുന്നതുകൊണ്ട് അവർക്ക് ആത്മീയവ്യഭിചാരത്തിന്റെ കുറ്റം പേറേണ്ടിവന്നു. (യിര 3:8, 9; 5:7, 8; 9:2; 13:27; 23:10; ഹോശ 7:4) യേശു തന്റെ കാലത്തെ ജൂതന്മാരുടെ തലമുറയെ വ്യഭിചാരികൾ എന്നു വിളിച്ചതും സമാനമായ കാരണങ്ങൾകൊണ്ടാണ്. (മത്ത 12:39; 16:4) പുതിയ ഉടമ്പടിയിൽപ്പെട്ട ക്രിസ്‌ത്യാനികൾ തങ്ങളെത്തന്നെ മലിനമാക്കാൻ ഈ വ്യവസ്ഥിതിയെ അനുവദിക്കുന്നെങ്കിൽ അവരും ആത്മീയവ്യഭിചാരമാണു ചെയ്യുന്നത്. വാസ്‌തവത്തിൽ, യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിച്ച എല്ലാവരുടെയും കാര്യത്തിൽ ഇതു സത്യമാണ്.—യാക്ക 4:4.
ദൃശ്യാവിഷ്കാരം
ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, യേശുവിന്റെ ശുശ്രൂഷക്കാലത്തോട് അടുത്ത് നിർമിച്ച ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ചെമ്പ് കലർന്ന ഒരു ലോഹസങ്കരംകൊണ്ടാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. അതു പുറത്തിറക്കിയതു ഗലീലയും പെരിയയും ഭരിച്ചിരുന്ന, ജില്ലാഭരണാധികാരിയായ ഹെരോദ് അന്തിപ്പാസായിരുന്നു. ഹെരോദ് യേശുവിനെ കൊല്ലാൻ നോക്കുന്നു എന്നു പരീശന്മാർ പറഞ്ഞത്, യേശു യരുശലേമിലേക്കുള്ള യാത്രാമധ്യേ ഹെരോദിന്റെ ഭരണപ്രദേശമായ പെരിയയിലൂടെ കടന്നുപോയപ്പോഴായിരിക്കാം. അതിനു മറുപടി കൊടുത്തപ്പോൾ യേശു ഹെരോദിനെക്കുറിച്ച് ‘ആ കുറുക്കൻ’ എന്നു പറഞ്ഞു. (ലൂക്ക 13:32-ന്റെ പഠനക്കുറിപ്പു കാണുക.) ഹെരോദിന്റെ പ്രജകൾ മിക്കവരും ജൂതന്മാരായിരുന്നതുകൊണ്ട് അവരെ പ്രകോപിപ്പിക്കാത്ത ഈന്തപ്പനയോലയുടെയും (1) ഇലക്കിരീടത്തിന്റെയും (2) മറ്റും രൂപങ്ങളാണ് അദ്ദേഹം പുറത്തിറക്കിയ നാണയങ്ങളിൽ ഉണ്ടായിരുന്നത്.