യശയ്യ 11:1-16
11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്ക്കും.
2 യഹോവയുടെ ആത്മാവ് അവന്റെ മേൽ വസിക്കും,+ജ്ഞാനത്തിന്റെയും+ ഗ്രാഹ്യത്തിന്റെയും ആത്മാവ്,ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്,+അറിവിന്റെയും യഹോവഭയത്തിന്റെയും ആത്മാവ്.
3 യഹോവയെ ഭയപ്പെടുന്നതിൽ+ അവൻ ആനന്ദിക്കും.
കണ്ണുകൊണ്ട് കാണുന്നതനുസരിച്ച് അവൻ വിധി കല്പിക്കില്ല,ചെവികൊണ്ട് കേൾക്കുന്നതനുസരിച്ച് ശാസിക്കുകയുമില്ല.+
4 പാവപ്പെട്ടവരെ അവൻ ന്യായത്തോടെ* വിധിക്കും,ഭൂമിയിലെ സൗമ്യരെപ്രതി അവൻ നേരോടെ ശാസിക്കും.
തന്റെ വായിൽനിന്നുള്ള വടികൊണ്ട് അവൻ ഭൂമിയെ അടിക്കും,+അധരത്തിൽനിന്നുള്ള ശ്വാസത്താൽ അവൻ ദുഷ്ടന്മാരെ സംഹരിക്കും.+
5 നീതികൊണ്ട് അവൻ അര മുറുക്കും,വിശ്വസ്തത അവന്റെ അരപ്പട്ടയായിരിക്കും.+
6 ചെന്നായും കുഞ്ഞാടും ഒരുമിച്ച് കഴിയും,+പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും,പശുക്കിടാവും സിംഹവും* കൊഴുത്ത മൃഗവും ഒരുമിച്ച് കഴിയും;*+ഒരു കൊച്ചുകുട്ടി അവയെ കൊണ്ടുനടക്കും.
7 പശുവും കരടിയും ഒന്നിച്ച് മേയും,അവയുടെ കുഞ്ഞുങ്ങൾ ഒരുമിച്ച് കിടക്കും.
സിംഹം കാളയെന്നപോലെ വയ്ക്കോൽ തിന്നും.+
8 മുല കുടിക്കുന്ന കുഞ്ഞ് മൂർഖന്റെ പൊത്തിന് അരികെ കളിക്കും,മുലകുടി മാറിയ കുട്ടി വിഷപ്പാമ്പിന്റെ മാളത്തിൽ കൈയിടും.
9 അവ* എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല,ഒരു ദ്രോഹവും ചെയ്യില്ല.+കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.+
10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+
മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും.
11 അസീറിയയിലും+ ഈജിപ്തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തിലും കടലിലെ ദ്വീപുകളിലും+ ശേഷിക്കുന്ന സ്വന്തം ജനത്തെ വിളിച്ചുകൂട്ടാനായി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും.
12 ദൈവം ജനതകൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുകയും ഇസ്രായേലിൽനിന്ന് ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹൂദയിൽനിന്ന് ചിതറിപ്പോയവരെ ഭൂമിയുടെ നാലു കോണിൽനിന്നും ഒരുമിച്ചുചേർക്കും.+
13 എഫ്രയീമിന്റെ അസൂയ പൊയ്പോകും,+യഹൂദയോടു ശത്രുത കാണിക്കുന്നവർ അന്നു ജീവനോടെയുണ്ടാകില്ല.
എഫ്രയീം യഹൂദയോട് അസൂയപ്പെടുകയോയഹൂദ എഫ്രയീമിനോടു ശത്രുത കാണിക്കുകയോ ഇല്ല.+
14 അവർ പടിഞ്ഞാറ് ഫെലിസ്ത്യരുടെ മലഞ്ചെരിവുകളിൽ* പറന്നിറങ്ങും,അവർ ഒന്നിച്ച് ചെന്ന് കിഴക്കുള്ളവരുടെ സമ്പത്തു കൊള്ളയടിക്കും.
അവർ ഏദോമിനും+ മോവാബിനും+ എതിരെ കൈ നീട്ടും,*അമ്മോന്യർ അവരുടെ അധീനതയിലാകും.+
15 യഹോവ ഈജിപ്ത് ഉൾക്കടലിനെ* വിഭജിക്കും,*+യൂഫ്രട്ടീസ് നദിക്കെതിരെ കൈ വീശും.+
തന്റെ നിശ്വാസത്തിന്റെ ചൂടുകൊണ്ട് അതിന്റെ ഏഴു കൈവഴികളെ അടിക്കും,*ചെരിപ്പ് ഊരാതെ ജനം അതിനു കുറുകെ നടക്കാൻ ഇടയാക്കും.
16 ഇസ്രായേൽ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുവന്നപ്പോൾ അവർക്കുണ്ടായിരുന്നതുപോലെ,ദൈവജനത്തിൽ ശേഷിച്ചവർക്കു പോരാൻ അസീറിയയിൽനിന്ന് ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+
അടിക്കുറിപ്പുകള്
^ അഥവാ “നീതിയോടെ.”
^ മറ്റൊരു സാധ്യത “പശുക്കുട്ടിയും സിംഹവും ഒന്നിച്ച് മേയും.”
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹവും.”
^ അഥവാ “അവർ.”
^ അഥവാ “ജനതകൾ അവനെ അന്വേഷിക്കും.”
^ അഥവാ “കൊടിമരമായി.”
^ അതായത്, ബാബിലോണിയ.
^ അക്ഷ. “ചുമലിൽ.”
^ അഥവാ “ശക്തി പ്രയോഗിക്കും.”
^ അക്ഷ. “ഈജിപ്ത് കടലിന്റെ നാക്കിനെ.”
^ മറ്റൊരു സാധ്യത “ഉണക്കും.”
^ മറ്റൊരു സാധ്യത “അതിനെ ഏഴു കൈവഴികളായി പിരിക്കും.”