യശയ്യ 18:1-7
18 എത്യോപ്യൻ നദികളുടെ തീരത്തുള്ള ദേശത്തിന്,പ്രാണികളുടെ ചിറകടിയൊച്ച കേൾക്കുന്ന ദേശത്തിന്, കഷ്ടം!+
2 ജലമാർഗം അതു സന്ദേശവാഹകരെ അയയ്ക്കുന്നു,ഇങ്ങനെ പറഞ്ഞുകൊണ്ട് പപ്പൈറസ്‌വഞ്ചികളിൽ* അവരെ അയയ്ക്കുന്നു:
“അതിശീഘ്രം സഞ്ചരിക്കുന്ന ദൂതന്മാരേ, പോകുക;പൊക്കവും മിനുമിനുത്ത ചർമവും ഉള്ള* ഒരു ജനതയുടെ അടുത്തേക്ക്,സകല ദേശക്കാരും ഭയപ്പെടുന്ന ഒരു ജനത്തിന്റെ അടുത്തേക്ക്,+കീഴടക്കിമുന്നേറുന്ന ശക്തരായ* ഒരു ജനതയുടെ അടുത്തേക്ക്,നദികൾ ഒഴുക്കിക്കൊണ്ടുപോയ ദേശത്തെ ജനതയുടെ അടുത്തേക്ക്, നിങ്ങൾ ചെല്ലുക.”
3 ദേശവാസികളേ, ഭൂവാസികളേ,പർവതങ്ങളിൽ ഉയർത്തിയിരിക്കുന്ന അടയാളംപോലൊരു* കാഴ്‌ച നിങ്ങൾ കാണും,കൊമ്പു വിളിക്കുന്നതുപോലൊരു നാദം നിങ്ങൾ കേൾക്കും.
4 യഹോവ എന്നോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“സൂര്യപ്രകാശത്തിന്റെ ജ്വലിക്കുന്ന ചൂടുപോലെ,കൊയ്ത്തുകാലത്തെ ചൂടിൽ മഞ്ഞുമേഘം പോലെ,ഞാൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ* നോക്കി ഞാൻ ശാന്തനായി നിൽക്കും.
5 എന്നാൽ വിളവെടുപ്പിനു മുമ്പേ,അതെ, പൂക്കൾ വിരിഞ്ഞ് മുന്തിരിയായി മാറുമ്പോൾത്തന്നെ,അരിവാളുകൊണ്ട് വള്ളിത്തലകൾ മുറിച്ചുമാറ്റും,ചുരുൾക്കണ്ണികൾ വെട്ടിമാറ്റും.
6 അവയെല്ലാം പർവതങ്ങളിലെ ഇരപിടിയൻ പക്ഷികൾക്കും,ഭൂമിയിലെ വന്യമൃഗങ്ങൾക്കും വിട്ടുകൊടുക്കും.
ഇരപിടിയൻ പക്ഷികൾ അവകൊണ്ട് വേനൽ കഴിക്കും,ഭൂമിയിലെ മൃഗങ്ങളെല്ലാം കൊയ്ത്തുകാലം മുഴുവൻ അതു ഭക്ഷിക്കും.
7 പൊക്കവും മിനുമിനുത്ത ചർമവും ഉള്ള* ഒരു ജനതയിൽനിന്ന്,സകല ദേശക്കാരും ഭയപ്പെടുന്ന ഒരു ജനത്തിൽനിന്ന്,കീഴടക്കിമുന്നേറുന്ന ശക്തരായ* ഒരു ജനതയിൽനിന്ന്,നദികൾ ഒഴുക്കിക്കൊണ്ടുപോയ ദേശത്തെ ജനതയിൽനിന്ന്,അന്നു സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്ക് ഒരു സമ്മാനം ലഭിക്കും;സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമം വഹിക്കുന്ന സീയോൻ പർവതത്തിലേക്ക് അവർ ഒരു കാഴ്ചയുമായി വരും.”+
അടിക്കുറിപ്പുകള്‍
^ പദാവലിയിൽ “പപ്പൈറസ്” കാണുക.
^ അക്ഷ. “വലിച്ചുനീട്ടിയതും ഉരച്ചുമിനുക്കിയതും ആയ.”
^ അഥവാ “തകർക്കാനാവാത്ത ബലമുള്ള, ചവിട്ടിമെതിക്കുന്ന.”
^ അഥവാ “കൊടിമരംപോലൊരു.”
^ മറ്റൊരു സാധ്യത “സ്ഥലത്തുനിന്ന്.”
^ അക്ഷ. “വലിച്ചുനീട്ടിയതും ഉരച്ചുമിനുക്കിയതും ആയ.”
^ അഥവാ “തകർക്കാനാവാത്ത ബലമുള്ള, ചവിട്ടിമെതിക്കുന്ന.”