യശയ്യ 24:1-23
24 ഇതാ, യഹോവ ദേശത്തെ* ശൂന്യവും വിജനവും ആക്കുന്നു.+
ദൈവം ദേശത്തെ കമിഴ്ത്തിക്കളയുന്നു;*+ അതിലെ നിവാസികൾ ചിതറിപ്പോകുന്നു.+
2 സാധാരണക്കാരും പുരോഹിതന്മാരും,
ദാസനും യജമാനനും,ദാസിയും യജമാനത്തിയും,വാങ്ങുന്നവനും വിൽക്കുന്നവനും,കടം വാങ്ങുന്നവനും കടം കൊടുക്കുന്നവനും,പലിശക്കാരനും കടക്കാരനും,അങ്ങനെ എല്ലാവരും ഒരുപോലെ ചിതറിപ്പോകും.+
3 ദേശം അപ്പാടേ ശൂന്യമാകും,ദേശത്തെ മുഴുവൻ കൊള്ളയടിക്കും.+യഹോവയാണ് ഇതു പ്രസ്താവിച്ചിരിക്കുന്നത്.
4 ദേശം കരയുന്നു,*+ അതു ക്ഷയിച്ചുപോകുന്നു,
കൃഷിയിടങ്ങൾ ഉണങ്ങിപ്പോകുന്നു, അവ മാഞ്ഞ് ഇല്ലാതാകുന്നു.
ദേശത്തെ പ്രധാനികൾ ശോഷിച്ചുപോകുന്നു.
5 അവർ നിയമത്തിൽ പഴുതുകൾ തേടുന്നു,+ചട്ടങ്ങൾ മാറ്റിയെഴുതുന്നു,+അവർ ശാശ്വതമായ* ഉടമ്പടി ലംഘിച്ചിരിക്കുന്നു.+അങ്ങനെ, ദേശവാസികൾ ദേശം മലിനമാക്കിയിരിക്കുന്നു.+
6 അതുകൊണ്ട് ശാപം ദേശത്തെ വിഴുങ്ങുന്നു,+അതിലെ നിവാസികളെ കുറ്റക്കാരായി കണക്കാക്കുന്നു,
ദേശത്ത് നിവാസികൾ കുറഞ്ഞുപോകുന്നു,ഏതാനും പേർ മാത്രമേ ശേഷിച്ചിട്ടുള്ളൂ.+
7 പുതുവീഞ്ഞു കണ്ണീർ പൊഴിക്കുന്നു,* മുന്തിരിവള്ളി വാടിക്കരിയുന്നു,+ഹൃദയാനന്ദമുള്ളവർ നെടുവീർപ്പിടുന്നു.+
8 തപ്പുകളുടെ ആനന്ദമേളം നിലച്ചിരിക്കുന്നു,ആഘോഷിച്ചാർക്കുന്നവരുടെ ആരവം കേൾക്കാതെയായി,കിന്നരത്തിന്റെ സന്തോഷനാദം നിന്നുപോയി.+
9 അവർ പാട്ടു കൂടാതെ വീഞ്ഞു കുടിക്കുന്നു,മദ്യം അവർക്കു കയ്പായി തോന്നുന്നു.
10 വിജനമായ പട്ടണം നിലംപൊത്തിയിരിക്കുന്നു,+ആരും കടക്കാതിരിക്കാൻ വീടുകളെല്ലാം അടച്ചിട്ടിരിക്കുന്നു.
11 അവർ തെരുവീഥികളിൽ വീഞ്ഞിനായി നിലവിളിക്കുന്നു.
ഉല്ലാസമേളങ്ങളെല്ലാം നിലച്ചുപോയി,ദേശത്തിന്റെ സന്തോഷം പൊയ്പോയി.+
12 നഗരം തകർന്നടിഞ്ഞിരിക്കുന്നു,നഗരകവാടം പൊളിച്ചുകളഞ്ഞിരിക്കുന്നു; അത് ഒരു കൂമ്പാരമായിക്കിടക്കുന്നു.+
13 കായ്കൾ തല്ലിക്കൊഴിച്ച ഒലിവ് മരംപോലെയും,+
വിളവെടുപ്പു കഴിഞ്ഞ തോട്ടത്തിൽ ശേഷിക്കുന്ന മുന്തിരിപോലെയും,എന്റെ ജനം ദേശത്ത് ജനതകൾക്കിടയിൽ ബാക്കിയാകും.+
14 അവർ ശബ്ദമുയർത്തും,അവർ സന്തോഷിച്ചാർക്കും.
കടലിൽനിന്ന്* അവർ യഹോവയുടെ മഹത്ത്വം ഘോഷിക്കും.+
15 വെളിച്ചത്തിന്റെ ദേശത്ത്* അവർ യഹോവയെ മഹത്ത്വപ്പെടുത്തും;+സമുദ്രത്തിലെ ദ്വീപുകളിൽ അവർ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേര് പുകഴ്ത്തും.+
16 ഭൂമിയുടെ അറുതികളിൽനിന്ന് ഞങ്ങൾ പാട്ടുകൾ കേൾക്കുന്നു:
“നീതിമാനായ ദൈവത്തിനു മഹത്ത്വം!”+
എന്നാൽ ഞാൻ പറയുന്നു: “ഞാൻ തളർന്നുപോകുന്നു, ഞാൻ തളർന്നുപോകുന്നു!
എനിക്കു കഷ്ടം! വഞ്ചകന്മാർ വഞ്ചന കാണിച്ചിരിക്കുന്നു,വഞ്ചകന്മാർ വഞ്ചനയോടെ വഞ്ചന കാണിച്ചിരിക്കുന്നു.”+
17 ദേശവാസിയേ, ഭയവും കുഴികളും കെണികളും നിന്നെ കാത്തിരിക്കുന്നു.+
18 ഭയപ്പെടുത്തുന്ന സ്വരം കേട്ട് ഓടിരക്ഷപ്പെടുന്നവർ കുഴിയിൽ വീഴും,കുഴിയിൽനിന്ന് വലിഞ്ഞുകയറുന്നവർ കെണിയിൽപ്പെടും.+
ആകാശത്തിന്റെ പ്രളയവാതിലുകൾ തുറക്കും,ദേശത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങും.
19 ഭൂമി പിളർന്നിരിക്കുന്നു,ദേശം വിറകൊള്ളുന്നു,അത് ഇളകിയാടുന്നു.+
20 ദേശം ഒരു കുടിയനെപ്പോലെ ആടുന്നു,കാറ്റിൽ ഉലയുന്ന ഒരു കുടിൽപോലെ അത് ഇളകിയാടുന്നു.
അതിന്റെ അകൃത്യം ഒരു വലിയ ഭാരമായി അതിന്മേൽ ഇരിക്കുന്നു;+അതു നിലംപൊത്തും, ഇനി ഒരിക്കലും എഴുന്നേറ്റുവരില്ല.
21 അന്നാളിൽ യഹോവ ഉയരങ്ങളിലുള്ള സൈന്യത്തെയുംഭൂമിയിലുള്ള രാജാക്കന്മാരെയും ന്യായം വിധിക്കും.
22 കുഴിയിലേക്കു തടവുകാരെ ഒരുമിച്ചുകൂട്ടുന്നതുപോലെഅവരെ ഒരുമിച്ചുകൂട്ടും.അവരെ തടവറയിൽ അടയ്ക്കും;കുറെ ദിവസങ്ങൾക്കു ശേഷം അവരെ ഓർക്കും.
23 സൈന്യങ്ങളുടെ അധിപനായ യഹോവ സീയോൻ പർവതത്തിലും+ യരുശലേമിലും രാജാവായിരിക്കുന്നു,+സ്വന്തം ജനത്തിന്റെ മൂപ്പന്മാർക്കു*+ മുന്നിൽ ദൈവം മഹത്ത്വത്തോടെ രാജാവായി.അതുകൊണ്ട് പൂർണചന്ദ്രൻ നാണംകെടും,ജ്വലിക്കുന്ന സൂര്യൻ ലജ്ജിച്ചുപോകും.+
അടിക്കുറിപ്പുകള്
^ അഥവാ “ദേശത്തിന്റെ മുഖം കോട്ടിക്കളയുന്നു.”
^ അഥവാ “ഭൂമിയെ.”
^ മറ്റൊരു സാധ്യത “കരിയുന്നു.”
^ അഥവാ “പുരാതനമായ.”
^ മറ്റൊരു സാധ്യത “വറ്റിപ്പോകുന്നു.”
^ അഥവാ “പടിഞ്ഞാറുനിന്ന്.”
^ അഥവാ “കിഴക്കേ ദേശത്ത്.”
^ അക്ഷ. “തന്റെ മൂപ്പന്മാർക്ക്.”