യശയ്യ 26:1-21
26 അന്നാളിൽ യഹൂദാദേശത്ത്+ ഈ പാട്ടു കേൾക്കും:+
“നമുക്കു ശക്തമായ ഒരു നഗരമുണ്ട്.+
ദൈവം രക്ഷയെ അതിന്റെ മതിലുകളും പ്രതിരോധമതിലുകളും ആക്കിയിരിക്കുന്നു.+
2 കവാടങ്ങൾ തുറക്കുക,+ നീതിയുള്ള ആ ജനത പ്രവേശിക്കട്ടെ,വിശ്വസ്തതയോടെ നടക്കുന്ന ജനത അകത്ത് വരട്ടെ.
3 അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ* അങ്ങ് സംരക്ഷിക്കും;അങ്ങ് അവർക്കു നിത്യസമാധാനം നൽകും;+അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.+
4 എന്നെന്നും യഹോവയിൽ ആശ്രയിക്കുക,+യഹോവയാം യാഹ്* ശാശ്വതമായ പാറയാണ്.+
5 ദൈവം ഉയരങ്ങളിൽ വസിക്കുന്നവരെ, ഉന്നതമായ നഗരത്തെ, താഴ്ത്തിയിരിക്കുന്നു.
അതിനെ താഴെ ഇറക്കുന്നു,അതിനെ നിലത്തേക്കു തള്ളിയിടുന്നു,അതിനെ പൊടിയിൽ എറിഞ്ഞുകളയുന്നു.
6 ക്ലേശിതന്റെ പാദങ്ങളും എളിയവന്റെ കാലുകളുംഅതിനെ ചവിട്ടിമെതിക്കും.”
7 നീതിമാന്റെ വഴി നേരുള്ളതാണ്.*
അങ്ങ് നേരുള്ളവനായതുകൊണ്ട്നീതിമാന്റെ പാത നിരപ്പാക്കും.
8 യഹോവേ, അങ്ങയുടെ ന്യായവിധികൾ അനുസരിച്ച് നടക്കവെ,ഞങ്ങൾ അങ്ങയിൽ പ്രത്യാശ വെക്കുന്നു.
അങ്ങയുടെ പേരിനും അതിന്റെ സ്മരണയ്ക്കും വേണ്ടി ഞങ്ങൾ കാംക്ഷിക്കുന്നു.*
9 രാത്രിയാമങ്ങളിൽ എന്റെ ദേഹി അങ്ങയ്ക്കായി വാഞ്ഛിക്കുന്നു,എന്റെ ആത്മാവ് അങ്ങയെ തേടുന്നു,+അങ്ങ് ഭൂമിയെ ന്യായം വിധിക്കുമ്പോൾ,ദേശവാസികൾ നീതി എന്തെന്ന് അറിയുന്നു.+
10 ദുഷ്ടനോടു കരുണ കാണിച്ചാലുംഅവൻ നീതി പഠിക്കില്ല.+
നേരുള്ള* ദേശത്തും അവൻ ദുഷ്ടത കാണിക്കും,+അവൻ യഹോവയുടെ മഹത്ത്വം കാണില്ല.+
11 യഹോവേ, അങ്ങ് കൈ ഓങ്ങിയിരിക്കുന്നു; പക്ഷേ അവർ കാണുന്നില്ല.+
അങ്ങയ്ക്ക് അങ്ങയുടെ ജനത്തോടുള്ള തീവ്രമായ സ്നേഹം അവർ കാണും; അവർ നാണംകെടും.
അങ്ങയുടെ ശത്രുക്കളുടെ നേർക്കുള്ള തീ അവരെ വിഴുങ്ങിക്കളയും.
12 യഹോവേ, ഞങ്ങളുടെ സകല പ്രവൃത്തികളുംസഫലമാക്കിയത് അങ്ങാണ്.അങ്ങ് ഞങ്ങൾക്കു സമാധാനം തരും.+
13 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെക്കൂടാതെ പല യജമാനന്മാരും ഞങ്ങളെ ഭരിച്ചിട്ടുണ്ട്;+എന്നാൽ അങ്ങയുടെ പേരിനെ മാത്രം ഞങ്ങൾ സ്തുതിക്കുന്നു.+
14 അവർ മരിച്ചുപോയി, ഇനി ജീവിക്കില്ല,
അവർ മരിച്ച് ശക്തിയില്ലാത്തവരായിത്തീർന്നിരിക്കുന്നു, ഇനി എഴുന്നേറ്റുവരില്ല,+
അവരെ പാടേ നശിപ്പിക്കാനായി അങ്ങ് അവർക്കു നേരെ തിരിഞ്ഞിരിക്കുന്നല്ലോ;ഇനി ആരും അവരെ ഓർക്കില്ല.
15 യഹോവേ, അങ്ങ് ജനതയെ വർധിപ്പിച്ചിരിക്കുന്നു,അതെ, അങ്ങ് അവരെ വർധിപ്പിച്ചിരിക്കുന്നു,അങ്ങ് അങ്ങയെത്തന്നെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.+
ദേശത്തിന്റെ അതിർത്തികളെല്ലാം അങ്ങ് വളരെ വിശാലമാക്കിയിരിക്കുന്നു.+
16 യഹോവേ, കഷ്ടതയുടെ നാളിൽ അവർ അങ്ങയിലേക്കു തിരിഞ്ഞു,+അങ്ങ് ശിക്ഷണം നൽകിയപ്പോൾ അവർ മന്ദസ്വരത്തിൽ തിരുമുമ്പാകെ പ്രാർഥനകൾ പകർന്നു.
17 ഗർഭിണിയായ ഒരു സ്ത്രീ,പ്രസവവേദനകൊണ്ട് നിലവിളിക്കുന്നതുപോലെ,ഞങ്ങൾ ഇതാ യഹോവേ, അങ്ങ് നിമിത്തം നിലവിളിക്കുന്നു.
18 ഞങ്ങൾ ഗർഭിണികളായി, ഞങ്ങൾ പ്രസവവേദന അനുഭവിച്ചു,എന്നാൽ ഞങ്ങൾ കാറ്റിനെ പ്രസവിച്ചതുപോലെയായി!
ദേശത്തിനു രക്ഷയേകാൻ ഞങ്ങൾക്കു കഴിഞ്ഞില്ല,ദേശത്ത് വസിക്കാൻ ആരും പിറക്കുന്നില്ല.
19 “നിങ്ങളുടെ മരിച്ചവർ ജീവിക്കും,
എന്റെ ശവങ്ങൾ* എഴുന്നേൽക്കും.+
പൊടിയിൽ വസിക്കുന്നവരേ,+ഉണർന്നെഴുന്നേറ്റ് സന്തോഷിച്ചാർക്കുക!
നിന്റെ മഞ്ഞുകണങ്ങൾ പ്രഭാതത്തിലെ മഞ്ഞുകണങ്ങൾപോലെയല്ലോ;*മരിച്ച് ശക്തിയില്ലാതായവരെ ഭൂമി ജീവിപ്പിക്കും.*
20 എന്റെ ജനമേ, ചെന്ന് നിങ്ങളുടെ ഉൾമുറികളിൽ കയറി,വാതിൽ അടയ്ക്കുക.+
ക്രോധം കടന്നുപോകുന്നതുവരെഅൽപ്പനേരത്തേക്ക് ഒളിച്ചിരിക്കുക!+
21 ഇതാ! ദേശവാസികളോട് അവരുടെ തെറ്റുകൾക്കു കണക്കു ചോദിക്കാൻ,യഹോവ തന്റെ വാസസ്ഥലത്തുനിന്ന് വരുന്നു.താൻ വീഴ്ത്തിയ രക്തം ദേശം വെളിപ്പെടുത്തും;തന്നിൽ വീണ ശവങ്ങൾ അവൾ ഇനി മറച്ചുവെക്കില്ല.”
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “ചഞ്ചലചിത്തരല്ലാത്തവരെ.”
^ യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “നിരപ്പുള്ളതാണ്.”
^ അതായത്, ദൈവത്തെയും ദൈവത്തിന്റെ പേരിനെയും ഓർക്കാനും അതു പ്രസിദ്ധമാക്കാനും ആഗ്രഹിക്കുന്നു.
^ അഥവാ “വക്രതയില്ലാത്ത.”
^ അക്ഷ. “ഒരു ശവം.”
^ അഥവാ “സസ്യങ്ങളിലെ മഞ്ഞുകണങ്ങൾപോലെയല്ലോ.”
^ അഥവാ “പ്രസവിക്കും.”