യശയ്യ 31:1-9
31 സഹായം തേടി ഈജിപ്തിലേക്കു പോകുന്നവർക്ക്,+കുതിരകളിൽ ആശ്രയംവെക്കുന്നവർക്ക്,+ ഹാ കഷ്ടം!അവരുടെ യുദ്ധരഥങ്ങളുടെ എണ്ണത്തിലും,പടക്കുതിരകളുടെ* കരുത്തിലും അവർ ആശ്രയിക്കുന്നു.
പക്ഷേ അവർ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കുന്നില്ല;അവർ ദൈവമായ യഹോവയെ അന്വേഷിക്കുന്നുമില്ല.
2 എന്നാൽ ദൈവവും ജ്ഞാനിയാണ്; ദൈവം ദുരന്തം വിതയ്ക്കും,ദൈവം തന്റെ വാക്കുകൾ പിൻവലിക്കില്ല.
ദുഷ്പ്രവൃത്തിക്കാരുടെ ഭവനത്തിനു നേരെയും,ദുഷ്ടന്മാരുടെ സഹായികൾക്കെതിരെയും ദൈവം എഴുന്നേൽക്കും.+
3 ഈജിപ്തുകാർ ദൈവങ്ങളല്ല, വെറും മനുഷ്യരാണ്;അവരുടെ കുതിരകളുടേത് ആത്മശരീരമല്ല, വെറും മാംസമാണ്.+
യഹോവ കൈ നീട്ടുമ്പോൾ,സഹായം കൊടുക്കുന്നവൻ ഇടറിവീഴും,സഹായം ലഭിക്കുന്നവൻ നിലംപതിക്കും;അവരെല്ലാം ഒരുമിച്ച് നശിച്ചുപോകും.
4 യഹോവ എന്നോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ഇരയെ പിടിച്ച് മുരളുന്ന ഒരു സിംഹം, കരുത്തുറ്റ ഒരു യുവസിംഹം!*ഒരു കൂട്ടം ഇടയന്മാരെ ഒരുമിച്ചുകൂട്ടി അതിന് എതിരെ ചെന്നാലും,അവരുടെ ശബ്ദം കേട്ട് അതു പേടിക്കുന്നില്ല,അവരുടെ ബഹളം കേട്ട് അതു ഭയപ്പെടുന്നില്ല.അതുപോലെ, സൈന്യങ്ങളുടെ അധിപനായ യഹോവസീയോൻ പർവതത്തിന്മേലും അവളുടെ കുന്നിന്മേലും യുദ്ധം ചെയ്യാൻ ഇറങ്ങിവരും.
5 പക്ഷികളെപ്പോലെ പറന്നിറങ്ങി വന്ന് സൈന്യങ്ങളുടെ അധിപനായ യഹോവ യരുശലേമിനെ സംരക്ഷിക്കും.+ദൈവം അവൾക്കുവേണ്ടി പോരാടി അവളെ രക്ഷിക്കും.അവളെ വിടുവിക്കുകയും സംരക്ഷിക്കുകയും ചെയ്യും.”
6 “ഇസ്രായേൽ ജനമേ, നിങ്ങൾ ദൈവത്തോടു കഠിനമായി മത്സരിച്ചു; ഇപ്പോൾ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിച്ചെല്ലുക.+
7 പാപത്തിൽ നിങ്ങളുടെ കൈകൾ ഉണ്ടാക്കിയ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ, സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള നിങ്ങളുടെ ദൈവങ്ങളെ, അന്നു നിങ്ങൾ ഉപേക്ഷിക്കും.
8 വെട്ടേറ്റ് അസീറിയക്കാരൻ വീഴും; എന്നാൽ മനുഷ്യന്റെ വാളുകൊണ്ടായിരിക്കില്ല;അവൻ ഒരു വാളിന് ഇരയായിത്തീരും; എന്നാൽ അതു മനുഷ്യന്റെ വാളായിരിക്കില്ല.+
വാൾ നിമിത്തം അവൻ പേടിച്ചോടും,അവന്റെ യുവാക്കൾ അടിമപ്പണി ചെയ്യേണ്ടിവരും.
9 കൊടുംഭീതി നിമിത്തം അവന്റെ വൻപാറ ഇല്ലാതാകും,കൊടിമരം നിമിത്തം അവന്റെ പ്രഭുക്കന്മാർ പേടിച്ചുവിറയ്ക്കും,”സീയോനിൽ വെളിച്ചവും* യരുശലേമിൽ ചൂളയും ഉള്ള യഹോവ ഇതു പ്രഖ്യാപിക്കുന്നു.
അടിക്കുറിപ്പുകള്
^ അഥവാ “കുതിരക്കാരുടെ.”
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹം.”
^ അഥവാ “അഗ്നിയും.”