യശയ്യ 34:1-17
34 ജനതകളേ, അടുത്ത് വന്ന് കേൾക്കൂ,ജനങ്ങളേ, ചെവി തരൂ.
ഭൂമിയും അതിൽ നിറഞ്ഞിരിക്കുന്ന സകലവുംനിലവും അതിന്റെ വിളവും ശ്രദ്ധിക്കട്ടെ.
2 സകല രാജ്യങ്ങൾക്കും എതിരെ യഹോവ രോഷംകൊണ്ടിരിക്കുന്നു,+അവരുടെ സർവസൈന്യത്തിനും നേരെ+ ദൈവത്തിന്റെ ക്രോധം ജ്വലിച്ചിരിക്കുന്നു.
ദൈവം അവരെ നിശ്ശേഷം നശിപ്പിക്കും,അവരെ സംഹാരത്തിന് ഏൽപ്പിക്കും.+
3 മരിച്ചുവീണവരെ എറിഞ്ഞുകളയും,അവരുടെ ശവങ്ങളിൽനിന്ന് ദുർഗന്ധം ഉയരും;+അവരുടെ രക്തത്തിൽ പർവതങ്ങൾ അലിഞ്ഞുപോകും.*+
4 ആകാശത്തിലെ സർവസൈന്യവും അഴുകിപ്പോകും,ഒരു ചുരുൾപ്പോലെ ആകാശത്തെ ചുരുട്ടിക്കളയും.
കരിഞ്ഞ ഇല മുന്തിരിവള്ളിയിൽനിന്ന് കൊഴിഞ്ഞുപോകുംപോലെ,ഉണങ്ങിയ അത്തിക്കായ് അത്തിയിൽനിന്ന് പൊഴിഞ്ഞുവീഴുംപോലെ,അവരുടെ സൈന്യങ്ങളെല്ലാം ക്ഷയിച്ചുപോകും.
5 “ആകാശത്തുവെച്ച് എന്റെ വാൾ രക്തത്തിൽ കുതിരും.+
ഞാൻ നാശത്തിനു വിധിച്ച ജനത്തെ ന്യായം വിധിക്കാൻ,ഏദോമിനെ ന്യായം വിധിക്കാൻ,+ അത് ഇറങ്ങിവരും.
6 യഹോവയുടെ കൈയിൽ ഒരു വാളുണ്ട്; അതു രക്തത്തിൽ കുളിക്കും.
അതിൽ നിറയെ കൊഴുപ്പു പുരളും,+ചെമ്മരിയാട്ടിൻകുട്ടികളുടെയും കോലാട്ടിൻകുട്ടികളുടെയും രക്തവുംആൺചെമ്മരിയാടുകളുടെ വൃക്കയിലെ നെയ്യും അതിൽ പുരളും.
കാരണം, യഹോവയ്ക്ക് ബൊസ്രയിൽ ഒരു ബലിയുണ്ട്;ഏദോം ദേശത്ത് ഒരു വലിയ സംഹാരമുണ്ട്.+
7 കാട്ടുപോത്തുകൾ അവയോടൊപ്പം ചെല്ലും,കരുത്തുള്ളവയോടൊപ്പം കാളക്കുട്ടികളും പോകും,
അവരുടെ ദേശം രക്തത്തിൽ കുളിക്കും.നിലത്തെ പൊടി കൊഴുപ്പിൽ കുതിരും.”
8 യഹോവയ്ക്കു പ്രതികാരത്തിന് ഒരു ദിവസമുണ്ട്,+സീയോനോടു ചെയ്ത തെറ്റുകൾക്കു ശിക്ഷ നടപ്പാക്കാൻ+ ഒരു വർഷമുണ്ട്.
9 അവളുടെ* അരുവികളിലൂടെ ടാർ ഒഴുകും,അവളുടെ മണ്ണു ഗന്ധകമായിത്തീരും,*അവളുടെ ദേശം കത്തുന്ന ടാറുപോലെയാകും.
10 രാത്രിയും പകലും അതു കെടാതെ കത്തിക്കൊണ്ടിരിക്കും,എന്നെന്നും അതിന്റെ പുക പൊങ്ങും.
തലമുറകൾ ഏറെ കഴിഞ്ഞാലും അവൾ നശിച്ചുകിടക്കും,ആരും ഒരു കാലത്തും അവളിലൂടെ കടന്നുപോകില്ല.+
11 ഞാറപ്പക്ഷിയും മുള്ളൻപന്നിയും അവളിൽ താമസമുറപ്പിക്കും,നെടുഞ്ചെവിയൻ മൂങ്ങയും മലങ്കാക്കയും അവളിൽ വസിക്കും.
ശൂന്യതയുടെ അളവുനൂലും നാശത്തിന്റെ തൂക്കുകട്ടയും*അവൻ അവളുടെ മേൽ പിടിക്കും.
12 അവളുടെ പ്രധാനികളിൽ ആരെയും രാജാവാക്കില്ല,അവളുടെ പ്രഭുക്കന്മാരെല്ലാം ഇല്ലാതാകും.
13 അവളുടെ കോട്ടഗോപുരങ്ങളിൽ മുൾച്ചെടികൾ പടരും,അവളുടെ കോട്ടകളിൽ മുള്ളുള്ള കളകളും ചൊറിയണവും തഴച്ചുവളരും.
അവൾ കുറുനരികളുടെ താവളവും+ഒട്ടകപ്പക്ഷികളുടെ വിഹാരകേന്ദ്രവും ആകും.
14 മരുമൃഗങ്ങളും ഓരിയിടുന്ന മൃഗങ്ങളും അവിടെ കണ്ടുമുട്ടും,കാട്ടാട്* അതിന്റെ കൂട്ടുകാരെ വിളിക്കും,
രാക്കിളി* അവിടെ ചേക്കേറും; അത് അവിടെ വിശ്രമിക്കും.
15 അസ്ത്രനാഗം അവിടെ കൂടു കൂട്ടി മുട്ടയിടും,അതു മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ തന്റെ തണലിൽ ചേർക്കും.
അവിടെ പരുന്തുകൾ കൂട്ടംകൂടും; ഓരോന്നും അതിന്റെ ഇണയോടൊപ്പം വന്നുചേരും.
16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചുനോക്കുക; അത് ഉറക്കെ വായിക്കുക.
അവയിൽ ഒന്നുപോലും കാണാതിരിക്കില്ല;അവയിൽ ഒന്നിനും ഇണയില്ലാതിരിക്കില്ല,യഹോവയുടെ വായാണ് ഇതു കല്പിച്ചിരിക്കുന്നത്,ദൈവത്തിന്റെ ആത്മാവാണ് അവയെ കൂട്ടിവരുത്തിയത്.
17 ദൈവമാണ് അവയ്ക്കുവേണ്ടി നറുക്കിട്ടത്,ദൈവത്തിന്റെ കൈകളാണ് അവയ്ക്കു സ്ഥലം അളന്ന് നിയമിച്ചുകൊടുത്തത്.*
കാലാകാലം അത് അവയുടെ അവകാശമായിരിക്കും;തലമുറതലമുറകളോളം അവ അതിൽ വസിക്കും.
അടിക്കുറിപ്പുകള്
^ അഥവാ “പർവതങ്ങളിൽ അവരുടെ രക്തം ഒഴുകും.”
^ തെളിവനുസരിച്ച് ഏദോമിന്റെ തലസ്ഥാനമായ ബൊസ്രയെ കുറിക്കുന്നു.
^ അതായത്, സൾഫർ.
^ അക്ഷ. “കല്ലുകളും.”
^ മറ്റൊരു സാധ്യത “കോലാട്ടുരൂപമുള്ള ഭൂതം.”
^ അഥവാ “രാച്ചുക്കു പക്ഷി.”
^ അക്ഷ. “അവയ്ക്കുവേണ്ടി അത് അളവുനൂലുകൊണ്ട് തിരിച്ചത്.”