യശയ്യ 36:1-22
36 ഹിസ്‌കിയ രാജാവിന്റെ വാഴ്ചയുടെ 14-ാം വർഷം അസീറിയൻ രാജാവായ+ സൻഹെരീബ് യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങൾക്കു നേരെ വന്ന് അവയെല്ലാം പിടിച്ചെടുത്തു.+
2 അതിനു ശേഷം അസീറിയൻ രാജാവ് ലാഖീശിൽനിന്ന്+ റബ്‌ശാക്കെയെ*+ വലിയൊരു സൈന്യത്തോടൊപ്പം യരുശലേമിൽ ഹിസ്‌കിയ രാജാവിന്റെ അടുത്തേക്ക് അയച്ചു. അവർ അലക്കുകാരന്റെ നിലത്തേക്കുള്ള പ്രധാനവീഥിക്കടുത്ത്,+ മുകളിലുള്ള കുളത്തിന്റെ+ കനാലിന് അരികെ നിലയുറപ്പിച്ചു.
3 അപ്പോൾ രാജഭവനത്തിന്റെ* ചുമതലയുള്ള, ഹിൽക്കിയയുടെ മകൻ എല്യാക്കീമും+ വിവരങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, ആസാഫിന്റെ മകൻ യോവാഹും സെക്രട്ടറിയായ ശെബ്‌നെയും+ റബ്ശാക്കെയുടെ അടുത്തേക്ക് ഇറങ്ങിവന്നു.
4 അപ്പോൾ റബ്ശാക്കെ അവരോടു പറഞ്ഞു: “ഹിസ്കിയയോട് ഇങ്ങനെ പറയുക: ‘അസീറിയയുടെ മഹാരാജാവ് പറയുന്നു: “എന്തു വിശ്വസിച്ചാണു നീ ഇത്ര ധൈര്യത്തോടിരിക്കുന്നത്?+
5 ‘എനിക്ക് ഒരു യുദ്ധതന്ത്രം അറിയാം, യുദ്ധം ചെയ്യാനുള്ള ശക്തിയുമുണ്ട്’ എന്നു നീ പറയുന്നു. പക്ഷേ ഒട്ടും കഴമ്പില്ലാത്ത വാക്കുകളാണു നീ ഈ പറയുന്നത്. ആരിൽ ആശ്രയിച്ചിട്ടാണ് എന്നെ എതിർക്കാൻ നീ ധൈര്യം കാണിക്കുന്നത്?+
6 ചതഞ്ഞ ഈറ്റയായ ഈജിപ്തിലല്ലേ നീ ആശ്രയിക്കുന്നത്? ആരെങ്കിലും അതിൽ ഊന്നിയാൽ അത് അയാളുടെ കൈയിൽ തുളച്ചുകയറും. ഈജിപ്തുരാജാവായ ഫറവോനെ ആശ്രയിക്കുന്ന എല്ലാവരുടെയും ഗതി അതുതന്നെയായിരിക്കും.+
7 ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിലാണ് ആശ്രയിക്കുന്നത്’ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദയോടും യരുശലേമിനോടും, ‘നിങ്ങൾ ഈ യാഗപീഠത്തിനു മുന്നിലാണു കുമ്പിടേണ്ടത്’ എന്നു പറഞ്ഞ് ഹിസ്‌കിയ നീക്കം ചെയ്‌ത+ ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും ഈ ദൈവത്തിന്റെതന്നെയല്ലേ?”’+
8 വേണമെങ്കിൽ എന്റെ യജമാനനായ അസീറിയൻ രാജാവുമായി പന്തയം വെച്ചുകൊള്ളൂ:+ ഞാൻ നിനക്ക് 2,000 കുതിരകളെ തരാം; അവയ്‌ക്ക് ആവശ്യമായത്ര കുതിരക്കാരെ കണ്ടുപിടിക്കാൻ നിനക്കു കഴിയുമോ?
9 രഥങ്ങൾക്കും കുതിരക്കാർക്കും വേണ്ടി നീ ഈജിപ്തിനെയല്ലേ ആശ്രയിക്കുന്നത്? ആ സ്ഥിതിക്ക് എന്റെ യജമാനന്റെ ഭൃത്യന്മാരിൽ ഏറ്റവും നിസ്സാരനായ ഒരു ഗവർണറെയെങ്കിലും ഇവിടെനിന്ന് തോൽപ്പിച്ചോടിക്കാൻ നിനക്കു പറ്റുമോ?
10 മാത്രമല്ല യഹോവയുടെ സമ്മതംകൂടാതെയാണോ ഞാൻ ഈ ദേശം നശിപ്പിക്കാൻ വന്നിരിക്കുന്നത്? ‘ഈ ദേശത്തിനു നേരെ ചെന്ന് ഇതു നശിപ്പിക്കുക’ എന്ന് യഹോവതന്നെയാണ് എന്നോടു പറഞ്ഞത്.”
11 അപ്പോൾ എല്യാക്കീമും ശെബ്‌നെയും+ യോവാഹും റബ്‌ശാക്കെയോടു+ പറഞ്ഞു: “ദയവായി അങ്ങയുടെ ഈ ദാസന്മാരോട് അരമായ* ഭാഷയിൽ+ സംസാരിച്ചാലും. അതു ഞങ്ങൾക്കു മനസ്സിലാകും. മതിലിന്മേൽ ഇരിക്കുന്ന ഈ ജനം കേൾക്കെ ജൂതന്മാരുടെ ഭാഷയിൽ ഞങ്ങളോടു സംസാരിക്കരുതേ.”+
12 എന്നാൽ റബ്ശാക്കെ പറഞ്ഞു: “ഈ സന്ദേശം നിങ്ങളുടെ യജമാനനെയും നിങ്ങളെയും മാത്രമല്ല, മതിലിൽ ഇരിക്കുന്ന ഈ ആളുകളെയുംകൂടെ അറിയിക്കാനാണ് എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്. നിങ്ങളോടൊപ്പം അവരും സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരുമല്ലോ!”
13 അപ്പോൾ റബ്ശാക്കെ ജൂതന്മാരുടെ ഭാഷയിൽ+ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “അസീറിയൻ മഹാരാജാവിന്റെ വാക്കുകൾ കേൾക്കൂ.+
14 രാജാവ് പറയുന്നു: ‘ഹിസ്‌കിയ നിങ്ങളെ വഞ്ചിക്കുകയാണ്. നിങ്ങളെ രക്ഷിക്കാൻ അയാൾക്കു കഴിയില്ല.+
15 “യഹോവ നമ്മളെ രക്ഷിക്കുകതന്നെ ചെയ്യും, ഈ നഗരത്തെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല” എന്നു പറഞ്ഞ് യഹോവയിൽ ആശ്രയിക്കാനല്ലേ+ ഹിസ്‌കിയ ആവശ്യപ്പെടുന്നത്? എന്നാൽ നിങ്ങൾ അതിനു ചെവി കൊടുക്കരുത്.
16 ഹിസ്‌കിയ പറയുന്നതു നിങ്ങൾ കേൾക്കരുത്. കാരണം അസീറിയൻ രാജാവ് ഇങ്ങനെ പറയുന്നു: “എന്നോടു സമാധാനസന്ധി ഉണ്ടാക്കി കീഴടങ്ങുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ഫലം തിന്നുകയും സ്വന്തം കിണറ്റിലെ* വെള്ളം കുടിക്കുകയും ചെയ്യും.
17 പിന്നെ ഞാൻ വന്ന് നിങ്ങളുടെ ഈ ദേശംപോലുള്ള ഒരു ദേശത്തേക്ക്,+ ധാന്യവും പുതുവീഞ്ഞും ഉള്ള ദേശത്തേക്ക്, അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ദേശത്തേക്ക്, നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.
18 ഹിസ്‌കിയ പറയുന്നതു കേൾക്കരുത്. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ് അയാൾ നിങ്ങളെ പറ്റിക്കുകയാണ്. ഏതെങ്കിലും ജനതകളുടെ ദൈവങ്ങൾക്ക് അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ?+
19 ഹമാത്തിലെയും അർപ്പാദിലെയും ദൈവങ്ങൾ എവിടെ?+ സെഫർവ്വയീമിലെ ദൈവങ്ങൾ എവിടെ?+ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+
20 ആ ദേശങ്ങളിലെ എല്ലാ ദൈവങ്ങളിലുംവെച്ച് ആർക്കാണ് എന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവയ്ക്ക് യരുശലേമിനെ എന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയും?”’”+
21 എന്നാൽ അവർ ഒന്നും മിണ്ടാതെ നിന്നു. കാരണം, “നിങ്ങൾ അയാളോടു മറുപടിയൊന്നും പറയരുത്”+ എന്നു രാജാവ് കല്പിച്ചിട്ടുണ്ടായിരുന്നു.
22 രാജകൊട്ടാരത്തിന്റെ ചുമതലയുള്ള, ഹിൽക്കിയയുടെ മകൻ എല്യാക്കീമും വിവരങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, ആസാഫിന്റെ മകൻ യോവാഹും സെക്രട്ടറിയായ ശെബ്‌നെയും+ വസ്‌ത്രം കീറി, ഹിസ്കിയയുടെ അടുത്ത് ചെന്ന് റബ്ശാക്കെ പറഞ്ഞതെല്ലാം അറിയിച്ചു.
അടിക്കുറിപ്പുകള്‍
^ അഥവാ “പാനപാത്രവാഹകരുടെ പ്രമാണിയെ.”
^ അഥവാ “കൊട്ടാരത്തിന്റെ.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
^ അഥവാ “സിറിയൻ.”
^ അഥവാ “ജലസംഭരണിയിലെ.” പദാവലിയിൽ “ജലസംഭരണി” കാണുക.