യശയ്യ 41:1-29
41 “ദ്വീപുകളേ, മിണ്ടാതിരുന്ന് ഞാൻ പറയുന്നതു കേൾക്കൂ;*ജനതകൾ ശക്തി വീണ്ടെടുക്കട്ടെ.
അവർ അടുത്ത് വന്ന് സംസാരിക്കട്ടെ.+
വരൂ, നമുക്കു വിചാരണയ്ക്കായി ഒത്തുചേരാം.
2 സൂര്യോദയത്തിൽനിന്ന്* ഒരുവനെ എഴുന്നേൽപ്പിച്ചത് ആരാണ്?+ജനതകളെ ഏൽപ്പിച്ചുകൊടുക്കാനുംരാജാക്കന്മാരെ കീഴ്പെടുത്തിക്കൊടുക്കാനും ആയിഅവനെ നീതിപൂർവം തന്റെ കാൽക്കൽ വരുത്തിയവൻ* ആരാണ്?+
അവരെ അവന്റെ വാളിനു മുന്നിൽ പൊടിയാക്കിക്കളയുകയും,അവന്റെ വില്ലിനു മുമ്പാകെ അവരെ പാറിപ്പറക്കുന്ന വയ്ക്കോൽപോലെയാക്കുകയും ചെയ്തവൻ ആരാണ്?
3 തന്റെ കാലുകൾ കടന്നുചെന്നിട്ടില്ലാത്ത വഴികളിലൂടെ അവൻ സഞ്ചരിക്കുന്നു,തടസ്സങ്ങളേതുമില്ലാതെ അവൻ അവരെ പിന്തുടരുന്നു.
4 ആരാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്? ആരാണ് ഇങ്ങനെയെല്ലാം പ്രവർത്തിച്ചത്?ആദിമുതലുള്ള തലമുറകളെ വിളിച്ചുകൂട്ടിയത് ആരാണ്?
യഹോവ എന്ന ഞാനാണ് ആദ്യമുള്ളവൻ,+അവസാനത്തവരുടെ കാലത്തും എനിക്കു മാറ്റമുണ്ടാകില്ല.”+
5 ദ്വീപുകൾ അതു കണ്ട് ഭയന്നുപോയി.
ഭൂമിയുടെ അതിരുകൾ വിറയ്ക്കാൻതുടങ്ങി.
അവർ സംഘം ചേർന്ന് മുന്നോട്ട് വരുന്നു.
6 ഓരോരുത്തരും കൂട്ടുകാരനെ സഹായിക്കുന്നു;“ധൈര്യമായിരിക്കുക” എന്നു സഹോദരനോടു പറയുന്നു.
7 അങ്ങനെ, ശില്പി ലോഹപ്പണിക്കാരനു ധൈര്യം പകരുന്നു;+ചുറ്റികകൊണ്ട് ലോഹം അടിച്ചുപരത്തുന്നവൻഅടകല്ലിൽവെച്ച്* അടിക്കുന്നവനെ ബലപ്പെടുത്തുന്നു.
വിളക്കിച്ചേർത്തതു കണ്ടിട്ട്, “നല്ലത്” എന്ന് അയാൾ പറയുന്നു.
പിന്നെ, മറിഞ്ഞുവീഴാതിരിക്കാൻ അത് ആണികൊണ്ട് അടിച്ചുറപ്പിക്കുന്നു.
8 “എന്നാൽ ഇസ്രായേലേ, നീ എന്റെ ദാസൻ.+ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യാക്കോബേ,+എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ,*+
9 ഭൂമിയുടെ അതിരുകളിൽനിന്ന് ഞാൻ നിന്നെ എടുത്തിരിക്കുന്നു,+അതിന്റെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ നിന്നെ വിളിച്ചുവരുത്തി.
ഞാൻ നിന്നോടു പറഞ്ഞു: ‘നീ എന്റെ ദാസൻ;+ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; നിന്നെ ഞാൻ ഉപേക്ഷിച്ചിട്ടില്ല.+
10 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+
ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+
ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.’
11 നിന്നോടു കോപിക്കുന്നവരെല്ലാം അപമാനിതരാകും; അവർ നാണംകെടും.+
നിന്നോടു പട പൊരുതുന്നവർ ഇല്ലാതാകും; അവർ നശിച്ചുപോകും.+
12 നിന്നോടു പോരാടിയവരെ നീ അന്വേഷിക്കും; എന്നാൽ അവരെ നീ കാണില്ല;നിന്നോടു യുദ്ധം ചെയ്യുന്നവർ ഇല്ലാതാകും; അവർ അപ്രത്യക്ഷരാകും.+
13 ‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’+ എന്നു നിന്നോടു പറയുന്നനിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.
14 പുഴുവായ* യാക്കോബേ, ഭയപ്പെടേണ്ടാ,+ഇസ്രായേൽപുരുഷന്മാരേ, ഞാൻ നിങ്ങളെ സഹായിക്കും” എന്നു നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ പ്രഖ്യാപിക്കുന്നു.
15 “ഇതാ, ഞാൻ നിന്നെ ഒരു മെതിവണ്ടിയാക്കിയിരിക്കുന്നു,+പല്ലുകൾക്ക് ഇരുവശത്തും മൂർച്ചയുള്ള ഒരു പുതിയ മെതിയന്ത്രംതന്നെ.
നീ മലകളെ ചവിട്ടിമെതിച്ച് പൊടിയാക്കും,കുന്നുകളെ പതിരുപോലെയാക്കും.
16 നീ അവയെ കാറ്റത്ത് പാറ്റി പതിർ നീക്കും,കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും;കൊടുങ്കാറ്റ് അവയെ ചിതറിച്ചുകളയും.
യഹോവയെ ഓർത്ത് നീ സന്തോഷിക്കും,+ഇസ്രായേലിന്റെ പരിശുദ്ധനിൽ അഭിമാനംകൊള്ളും.”+
17 “ദരിദ്രനും എളിയവനും വെള്ളം തേടി അലയുന്നു, എന്നാൽ ഒരു തുള്ളിപോലും കിട്ടാനില്ല.
അവരുടെ നാവ് ദാഹിച്ചുവരളുന്നു.+
യഹോവ എന്ന ഞാൻ അവർക്ക് ഉത്തരം കൊടുക്കും.+
ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കില്ല.+
18 തരിശായ കുന്നുകളിലൂടെ+ ഞാൻ നദികളുംസമതലങ്ങളിലൂടെ അരുവികളും ഒഴുക്കും;+
മരുഭൂമി* ഈറ്റ നിറഞ്ഞ തടാകമാക്കും,വരണ്ട നിലം നീരുറവകളാക്കും.+
19 മരുഭൂമിയിൽ ഞാൻ ദേവദാരു നടും;കരുവേലവും* മിർട്ടൽ മരവും പൈൻ മരവും നട്ടുപിടിപ്പിക്കും.+
മരുപ്രദേശത്ത് ഞാൻ ജൂനിപ്പർ മരവുംഅതോടൊപ്പം, ആഷ് മരവും സൈപ്രസ് മരവും നട്ടുവളർത്തും.+
20 അങ്ങനെ, യഹോവയുടെ കൈകളാണ് ഇതു ചെയ്തതെന്നുംഇസ്രായേലിന്റെ പരിശുദ്ധനാണ് ഇതിനു പിന്നിലെന്നുംസകല മനുഷ്യരും കണ്ട് മനസ്സിലാക്കും;+അവർ അതു ശ്രദ്ധയോടെ കേട്ട് ഗ്രഹിക്കുകയും ചെയ്യും.”
21 “നിങ്ങളുടെ പ്രശ്നം അവതരിപ്പിക്കുക,” യഹോവ പറയുന്നു.
“വാദമുഖങ്ങൾ നിരത്തുക,” യാക്കോബിന്റെ രാജാവ് പ്രസ്താവിക്കുന്നു.
22 “തെളിവുകൾ ഹാജരാക്കുക; ഭാവിയിൽ എന്തു സംഭവിക്കുമെന്നു ഞങ്ങളോടു പറയുക.
പണ്ടത്തെ* കാര്യങ്ങൾ ഞങ്ങൾക്കു വിവരിച്ചുതരുക,ഞങ്ങൾ അവയെക്കുറിച്ച് ചിന്തിക്കുകയും അവയുടെ അവസാനം എന്തെന്ന് അറിയുകയും ചെയ്യട്ടെ.
അല്ലെങ്കിൽ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങളോടു പറയുക.+
23 നിങ്ങൾ ദൈവങ്ങളാണെന്നു ഞങ്ങൾക്കു ബോധ്യപ്പെടാൻ+ഭാവിയിൽ സംഭവിക്കാനുള്ളതു മുൻകൂട്ടിപ്പറയുക.
നല്ലതോ ചീത്തയോ ആയ എന്തെങ്കിലുമൊന്നു ചെയ്യുക,ഞങ്ങൾ അതു കണ്ട് അമ്പരക്കട്ടെ.+
24 ഹേ! നിങ്ങൾ അസ്തിത്വമില്ലാത്തവരാണ്,നിങ്ങളുടെ നേട്ടങ്ങൾ പൊള്ളയാണ്.+
നിങ്ങളെ തിരഞ്ഞെടുക്കുന്ന സകലരും മ്ലേച്ഛരാണ്.+
25 ഞാൻ വടക്കുനിന്ന് ഒരുവനെ എഴുന്നേൽപ്പിച്ചിരിക്കുന്നു, അവൻ വരും,+സൂര്യോദയത്തിൽനിന്ന്* വരുന്ന+ അവൻ എന്റെ പേര് വിളിച്ചപേക്ഷിക്കും.
അവൻ കളിമണ്ണിനെ എന്നപോലെ ഭരണാധികാരികളെ* ചവിട്ടിയരയ്ക്കും,+കുശവൻ നനഞ്ഞ കളിമണ്ണു കുഴയ്ക്കുന്നതുപോലെ അവരെ ചവിട്ടിക്കുഴയ്ക്കും.
26 ഞങ്ങൾ അറിയേണ്ടതിനു തുടക്കത്തിലേ ഇതു പറഞ്ഞത് ആരാണ്?‘അവൻ പറഞ്ഞതു ശരിയാണ്’+ എന്നു ഞങ്ങൾക്കു പറയാൻ കഴിയേണ്ടതിനു പണ്ടുമുതൽ ഇതു ഞങ്ങളെ അറിയിച്ചത് ആരാണ്?
ഇല്ല, ആരും അതു പറഞ്ഞിട്ടില്ല!
ആരും അതു പ്രഖ്യാപിച്ചിട്ടില്ല!
നിങ്ങൾ എന്തെങ്കിലും പറഞ്ഞതായി ആരും കേട്ടിട്ടില്ല!”+
27 “സംഭവിക്കാനുള്ളത് ഇതാണ്!”+ എന്നു സീയോനോട് ആദ്യം പറഞ്ഞതു ഞാനാണ്.
ശുഭവാർത്തയുമായി ഞാൻ ഒരാളെ യരുശലേമിലേക്ക് അയയ്ക്കും.+
28 ഞാൻ നോക്കിക്കൊണ്ടിരുന്നു; എന്നാൽ ആരെയും കണ്ടില്ല;ഉപദേശം നൽകാൻ കഴിയുന്ന ആരും അക്കൂട്ടത്തിലില്ലായിരുന്നു.
വീണ്ടുംവീണ്ടും ചോദിച്ചെങ്കിലും അവർ എനിക്കു മറുപടി തന്നില്ല.
29 അവരെല്ലാം വെറും സങ്കൽപ്പങ്ങളാണ്.
അവരുടെ പ്രവൃത്തികൾ പൊള്ളയാണ്.
അവരുടെ ലോഹവിഗ്രഹങ്ങൾ* വെറും കാറ്റ് മാത്രം, യഥാർഥമല്ല.+
അടിക്കുറിപ്പുകള്
^ അഥവാ “എന്റെ മുന്നിൽ മിണ്ടാതിരിക്കൂ.”
^ അഥവാ “കിഴക്കുനിന്ന്.”
^ അതായത്, തന്നെ സേവിക്കാനായി വിളിച്ചുവരുത്തിയവൻ.
^ അടകല്ലിനു മുകളിൽ വെച്ചാണു ലോഹം അടിച്ചുപരത്തുന്നത്.
^ അക്ഷ. “വിത്തേ.”
^ അതായത്, നിസ്സഹായനും എളിയവനും ആയ.
^ ഒരുതരം അക്കേഷ്യ മരം.
^ അക്ഷ. “ആദ്യത്തെ.”
^ അഥവാ “കിഴക്കുനിന്ന്.”
^ അഥവാ “ഉപഭരണാധികാരികളെ.”
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”